Showing posts with label മഹാഭാരതമാഹാത്മ്യങ്ങള്‍. Show all posts
Showing posts with label മഹാഭാരതമാഹാത്മ്യങ്ങള്‍. Show all posts

Monday, August 12, 2019

പ്രതിപൻ

മഹാഭാരതത്തിലെ ഭീഷ്മരുടെ പിതാവായ ശന്തനു മഹാരാജാവിന്റെ പിതാവാണ് പ്രതീപ മഹാരാജാവ് . ഇദ്ദേഹത്തിന്റെ ഭാര്യ ശിബിദേശത്തെ രാജകുമാരിയായ സുനന്ദയാണ്‌ .
പ്രതീപന് സുനന്ദയിൽ ദേവാപി , ശന്തനു , ബാൽഹീകൻ എന്നീ മൂന്നു പുത്രന്മാരുണ്ടായി .
ദേവാപി ചര്മ്മരോഗിയായിരുന്നതിനാൽ രാജ്യാവകാശം ലഭിചിച്ചില്ല. പകരം ഇളയവനായ ശന്തനു രാജാവായി . ശന്തനുവിന്റെ മകനാണ് കുരുവംശത്തിന്റെ നെടുംതൂണായ ഭീഷ്മർ .
ബാൽഹീകൻ മാതൃഭവനത്തിൽ വസിച്ചു .
ദേവാപി വനത്തിൽ പോയി തപസ്സു ചെയ്തു .
ഇത്തരത്തിൽ കുരുവംശം വികസിച്ചു .

ഭീഷ്മർ

മഹാഭാരതത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊന്നാണ് ഭീഷ്മർ അഥവാ ദേവവ്രതൻ. കുരുവംശത്തിലെ ശന്തനു മഹരാജാവിന്റേയും ഗംഗാദേവിയുടേയും മകനാണ്. പാണ്ഡവരുടെയും കൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഭീഷ്മർക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്സ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.ഭീഷ്മ ജനനംഒരിക്കൽ വസിഷ്ഠ മഹർഷിയുടെ നന്ദിനിയെന്ന പശുവിനെ അഷ്ടവസുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.ഒരിക്കൽ കുരുവംശരാജാവായ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ആ യുവതി മനുഷ്യ രൂപം പൂണ്ട ഗംഗാദേവിയായിരുന്നു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. വസുക്കൾക്ക് ശാപമോക്ഷം നൽകാനാണ് ദേവി ഇപ്രകാരം പ്രവർത്തിച്ചത്. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിനെ ഉപേക്ഷിച്ച് പുത്രനേയും കൊണ്ട് ഗംഗ പോകുകയും ചെയ്തതു. പോകുമ്പോൾ മകൻ യുവാവാകുമ്പോൾ അവനെ തിരിച്ചേൽപ്പിക്കാമെന്ന് ഗംഗാദേവി രാജാവിന് ഉറപ്പു കൊടുത്തു.ഭീഷ്മ മരണംഭീഷ്മരുടെ തന്നെ ഉപദേശമനുസരിച്ച് യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മരോടേറ്റുമുട്ടാൻ അർജുനനെ ഉപദേശിക്കുന്നു. സ്ത്രീകളോട് യുദ്ധം ചെയ്യില്ലെന്നു ശപഥമെടുത്ത ഭീഷ്മർ ശിഖണ്ഡി വേഷധാരിയായ അംബയോട് ഏറ്റുമുട്ടാൻ തയ്യാറാവുന്നില്ല. ഈ തക്കത്തിന് അർജുനൻ നിരായുധനായ ഭീഷ്മരെ അമ്പെയ്തു വീഴ്ത്തുന്നു. അങ്ങനെ, ഭീഷ്മർ ശരശയ്യയിൽ യുദ്ധഭൂമിയിൽ കിടക്കുന്നു.ശരശയ്യയിലായെങ്കിലും സ്വേച്ഛമൃത്യു വരം കാരണം ഭീഷ്മർ മരിക്കുന്നില്ല. കുരുക്ഷേത്ര യുദ്ധം സമാപിച്ചതിനു ശേഷം രാജാവായി മാറിയ യുധിഷ്ഠിരന് ആവശ്യമായ ഉപദേശം കൊടുത്തതിനു ശേഷം ഭീഷ്മർ സ്വയം മരണം സ്വീകരിക്കുന്നു.

വിചിത്രവീര്യൻ

മഹാഭാരതത്തിൽ, ശന്തനുവിന്റെയും സത്യവതിയുടെയും ഏറ്റവും ഇളയ പുത്രനായിരുന്നു വിചിത്രവീര്യൻ.
ശന്തനുവിന്റെ മരണശേഷം വിചിത്രവിര്യന്റെ ജ്യേഷ്ഠസഹോദരനായിരുന്ന ചിത്രാംഗദൻ ഹസ്തിനപുരിയുടെ ഭരണം ഏറ്റെടുത്തു. കുട്ടികൾ ഇല്ലാതിരുന്ന ചിത്രാംഗദന്റെ മരണശേഷം രാജ്യഭാരം വിചിത്രവീര്യന്റെ ചുമലിലായി.
രാജാവാകുമ്പോൾ ബാലകനായിരുന്നു വിചിത്രവീര്യൻ. അതുകൊണ്ട് ഭീഷ്മർ ആയിരുന്നു അദ്ദേഹത്തിനുവേണ്ടി ഭരണം നടത്തിയിരുന്നത്. വിചിത്രവീര്യൻ വലുതായപ്പോൾ ഭീഷ്മർ അദ്ദേഹത്തിനു അനുയോജ്യയായ വധുവിനെ അന്വേഷിക്കാൻ തുടങ്ങി. കാശിയിലെ രാജാവ് തന്റെ മൂന്ന് പെൺമക്കൾക്കായി സ്വയം‌വരം നടത്തുന്നതായി ഭീഷ്മർ അറിഞ്ഞു. വിചിത്രവീര്യൻ നന്നേ ചെറുപ്പമായിരുന്നതിനാൽ അദ്ദേഹം സ്വയം‌വരം വിജയിച്ചില്ലെങ്കിലോ എന്ന് കരുതി ഭീഷ്മർ തന്നെ സ്വയം‌വരത്തിൽ പങ്കെടുക്കുകയും കാശി മഹാരാജാവിന്റെ പെൺമക്കളായ അംബ, അംബിക, അംബാലിക എന്നിവരെ തന്റെ രാജ്യത്തേയ്ക്ക് തട്ടിക്കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇവരിൽ അംബ താൻ സ്നേഹിച്ചിരുന്ന സാല്വനെ വിവാഹം കഴിക്കാനാണ് താത്പര്യം കാണിച്ചത്. തുടർന്ന് വിചിത്രവീര്യൻ അംബികയേയും അംബാലികയേയും വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞ് അധികകാലം കഴിയുന്നതിനുമുൻപ് ക്ഷയരോഗം ബാധിച്ച് വിചിത്രവീര്യൻ നാടുനീങ്ങി. മരണസമയത്ത് വിചിത്രവീര്യന് മക്കൾ ഉണ്ടായിട്ടില്ലാതിരുന്നതിനാൽ രാജ്യത്തിന് കിരീടാവകാശി ഇല്ലാതെയായി. തുടർന്ന് വിചിത്രവീര്യന്റെ മാതാവ് സത്യവതി ഭീഷ്മരോട് അംബികയേയും അംബാലികയേയും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബ്രഹ്മചാരി ആയ ഭീഷ്മർ അതിനു തയ്യാറായില്ല. സത്യവതിയുടെ പുത്രനായ വേദവ്യാസനെക്കൊണ്ട് ഇവരെ വിവാഹം കഴിക്കാൻ ഭീഷ്മർ ആവശ്യപ്പെട്ടു. തുടർന്ന് വ്യാസൻ ഇവരെ വിവാഹം കഴിക്കുകയും അദ്ദേഹത്തിന് അംബികയിൽ ധൃതരാഷ്ട്രർ എന്നും അംബാലികയിൽ പാണ്ഡു എന്നും പേരുള്ള രണ്ട് മക്കൾ ഉണ്ടാകുകയും ചെയ്തു.

Saturday, April 1, 2017

''മഹാഭാരതം ഇന്നത്തെ സമൂഹത്തിന് നൽകുന്ന ഗുണപാഠങ്ങൾ''

ഭാരത ചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മൂന്ന് മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വേദവ്യാസമഹര്‍ഷിയാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. മഹാഭാരതത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളായ പാണ്ഡു, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവര്‍ മഹര്‍ഷിയുടെ പുത്രന്മാരാണ്. പരാശര പുത്രനായ വ്യാസമുനി മൂന്നു വര്‍ഷം തപസ്സ് ചെയ്ത് ആത്മ സിദ്ധിനേടിയതിനു ശേഷമാണ് മഹാഭാരതം രചിച്ചതെന്ന് പറയപ്പെടുന്നു. മഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭക്താഗ്രസനായ ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. ഇത് ഒരു ധര്‍മ്മഗ്രന്ഥമാണെന്നതിന് യാതൊരു സംശയവുമില്ല. മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടേയും കഥയാണ്. വാസ്തവത്തില്‍ മഹാഭാരതം നാം ഓരോരുത്തരുടേയും കഥയാണ്. മാനവന്‍ ഉള്ളിടത്തോളം കാലം ഇതിന്റെ മാഹാത്മ്യത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല.

മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള മത്സരമാണല്ലോ അനേകായിരം കുടുംബച്ഛിദ്രത്തിന് കാരണമായത്. ഇന്നും നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റും എത്രയോ ശകുനിമാരും ദുര്യോധനന്മാരും ജീവിച്ചിരിപ്പുണ്ട്. മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ ഒന്നോ രണ്ടോ പേരല്ല. എല്ലാപേരും അവരവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡുവിന്റെ മരണശേഷം തന്റെ പുത്രന്മാരായ പാണ്ഡവരുടെ രക്ഷാഭാരം കൂടി ജ്യേഷ്ഠനായ ധൃതരാഷ്ട്രരില്‍ വന്നു ചേരുന്നു. ജന്മനാ അന്ധനായ ധൃതരാഷ്ട്രരുടെ രാജകൊട്ടാരത്തില്‍ പാണ്ഡവരും കൗരവരും ഒരു കുടുംബമായി കഴിഞ്ഞുവരവേയാണ് പാണ്ഡവര്‍ തങ്ങളുടെ യശസ്സിന് വിലങ്ങുതടിയാകുമോ എന്നു സംശയിച്ച് അവരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൗരവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.

ഇനി മഹാഭാരതത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠങ്ങളും എന്തെന്നു നോക്കാം. ആദ്യം ഭീഷ്മരുടെ കാര്യം നോക്കാം. മഹാഭാരതത്തിന്റെ കഥ ഭീഷ്മരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണല്ലോ നീങ്ങുന്നത്. ഭീഷ്മപിതാമഹനെ മഹാഭാരത വൃക്ഷത്തിന്റെ തായ് വേര് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ശന്തനു മഹാരാജാവിന്റെയും ഗംഗാദേവിയുടേയും പുത്രനാണ് ഭീഷ്മര്‍. തന്റെ പിതാവിന് സത്യവതി എന്ന മുക്കുവസ്ത്രീയിലുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം നല്കാന്‍ സ്വമേധയാ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാപുരുഷനാണ് ഭീഷ്മര്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിയും എന്നദ്ദേഹം ശപഥം ചെയ്തു. അതിനുശേഷമാണ് ദേവവ്രതന്‍ എന്നപേര് ഭീഷ്മരായിമാറിയത്. പിതാവിന്റെ ആഗ്രഹനിവൃത്തിക്കു വേണ്ടിയാണല്ലോ അദ്ദേഹത്തിന് ഇത്തരത്തിലൊരു ശപഥം ചെയ്യേണ്ടിവന്നത്. ഫലമോ ജീവിതാവസാനംവരെ പാണ്ഡവരുടെയും, കൗരവരുടേയും നടുവില്‍, നന്മയുടേയും തിന്മയുടെയും നടുവില്‍ കിടന്നു ഞെരുങ്ങുന്നു. അദ്ദേഹത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശിയായി നിന്നത് മാതാവായ ഗംഗാദേവിയാണ്.

പാണ്ഡവരോട് കൂറുകാണിച്ചു എന്ന പേരില്‍ പലപ്പോഴും കൗരവര്‍ മുത്തച്ഛനെ കുറ്റപ്പെടുത്തുന്നുമുണ്ട്.മഹാഭാരതയുദ്ധത്തില്‍ ഭീഷ്മര്‍ കൗരവരുടെ പ്രധാന സേനാപതിയായിരുന്നു. ശിഖണ്ഡിയുടെ സഹായത്താല്‍ അര്‍ജ്ജുനന്‍ ഭീഷ്മരെ പരാജയപ്പെടുത്തി ശരശയ്യയില്‍ വീഴ്ത്തുന്നു. ഹസ്തിനപുരവും ആയി അലിഞ്ഞുചേര്‍ന്ന അദ്ദേഹത്തിന്റെ ജീവന്‍, ആ രാജ്യത്തിന് മോചനം കിട്ടിയതിനുശേഷമാണ് മോക്ഷപ്രാപ്തി നേടുന്നത്. ശരശയ്യയില്‍ കിടക്കുന്ന സമയത്ത് പലപ്പോഴും ഗംഗാദേവി വന്നു വിളിക്കുന്നുണ്ട്. എന്നാല്‍ ഹസ്തിനപുരത്തെ ഈ അവസ്ഥയിലാക്കി വരാന്‍ സാധ്യമല്ല എന്നദ്ദേഹം പറയുന്നു. പിതാവിന്റെ നന്മയ്ക്കുവേണ്ടി മുന്‍പിൻ നോക്കാതെ ചെയ്ത ശപഥമാണല്ലോ ആ പുണ്യാത്മന്റെ ജീവിതം ഇത്രത്തോളം ആക്കിത്തീര്‍ത്തത്. വാസ്തവത്തില്‍ ഭീഷ്മര്‍ തന്റെ ജീവിതം പിതാവിനു വേണ്ടി ഹോമിക്കുകയല്ലേ ചെയ്തത്. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്. നാം ഒരിക്കലും ഒന്നിലും എടുത്തുചാടരുത്. വീണ്ടുവിചാരമില്ലാതെ പ്രവൃത്തിക്കുന്നവര്‍ക്ക് ഫലം ആപത്താണെന്നതില്‍ സംശയമില്ല.

ജന്മനാതന്നെ അന്ധനായ ധൃതരാഷ്ട്രര്‍ ഭക്തനും, ചിന്താശക്തിയുള്ളവനുമാണ്. അദ്ദേഹത്തിന്റെ പത്‌നിയായ ഗാന്ധാരി, തന്റെ ഭര്‍ത്താവ് കാണാത്ത ഒന്നും തനിക്കും കാണേണ്ട എന്ന തീരുമാനത്താല്‍ കണ്ണുമൂടി കെട്ടുകയും ചെയ്തു. ദുരാഗ്രഹികളും, സ്വാര്‍ത്ഥമതികളുമായ നൂറ്റിഒന്നു മക്കളുടെ അമ്മയായി എന്നതായിരിക്കണം അവരുടെ ജീവിതത്തിലെ ഏക ദുഃഖം. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കാനുള്ള ചിന്തയില്‍ നടക്കുന്ന ദുര്യോധനാദികളെ പലപ്പോഴും ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ധൃതരാഷ്ട്രര്‍ ഒരു കണക്കിന് സ്വാര്‍ത്ഥനുമാണ്. പലപ്പോഴും അദ്ദേഹം അനുജന്റെ പുത്രന്മാരെ ഓര്‍ക്കുന്നതുപോലുമില്ല. തന്റെ മക്കള്‍ക്ക് രാജ്യം കിട്ടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മക്കളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ അയാളുടെ ദുരാഗ്രഹം സമ്മതിക്കുന്നുമില്ല. ഗാന്ധാരി സ്വാര്‍ത്ഥനായ ഭര്‍ത്താവിന്റെയും ധനമോഹികളും ദുര്‍മാര്‍ഗ്ഗികളുമായ മക്കളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ ഗാന്ധാരി കണ്ണുമൂടികെട്ടാതിരുന്നെങ്കില്‍, ഒരുപക്ഷെ മക്കള്‍ ഇത്രയ്ക്കും ദുര്‍മാര്‍ഗ്ഗികളാവുകയില്ലായിരുന്നു. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകുമായിരുന്നു. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കാര്യത്തില്‍ നിന്നും ഒരു വീട്ടില്‍ കുടുംബനാഥന്‍ ഏതെങ്കിലും വിധത്തില്‍ ശക്തിഹീനനാണെങ്കില്‍, ഭാര്യ കണ്ണുംമൂടികെട്ടിയിരുന്നാല്‍ മക്കള്‍ താന്തോന്നികളായി നാലുവഴിക്കും പോകുകയേ ഉള്ളൂ എന്നു മനസ്സിലാക്കാം.

മഹാഭാരത യുദ്ധത്തില്‍ ദ്രൗപതിക്കും അവരുടേതായ പങ്കുണ്ട്. ചൂതുകളിച്ച് പരാജിതരായിരുന്ന പാണ്ഡവരുടെ മുന്നില്‍വച്ച് കൗരവര്‍ നടത്തിയ വസ്ത്രാക്ഷേപമാണ് ദ്രൗപതിയുടെ മനസ്സില്‍ കൗരവരോടുള്ള വൈരാഗ്യത്തെ വളര്‍ത്തിയത്. ഇതേ സഭയില്‍ വച്ചാണ് ഭീമന്‍ ദുര്യോധനനെ തുടയ്ക്കടിച്ച് കൊല്ലും എന്ന് ശപഥം ചെയ്യുന്നതും. ബാലന്‍മാരായിരിക്കെ തന്നെ ഭീമനും ദുര്യോധനനും ബദ്ധ ശത്രുക്കളാണ്. ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെട്ട യുധിഷ്ഠിരന് പാഞ്ചാലിയേയും പണയം വയ്‌ക്കേണ്ടിവരുന്നു. ധര്‍മ്മനിഷ്ഠനായാലും യുധിഷ്ഠരന്‍ ചെയ്ത ഈ പ്രവൃത്തി ധര്‍മ്മത്തിന് നിരക്കാത്തത് അല്ലേ? പാഞ്ചാലി ഭീഷ്മരുടെ മുന്നില്‍ വച്ചുതന്നെ ഈ നീചപ്രവൃത്തിയെ ചോദ്യം ചെയ്യുന്നുമുണ്ട്. നമ്മുടെ ആള്‍ക്കാര്‍ക്കിടയില്‍ ഇന്നും നിലനില്ക്കുന്ന ഒന്നാണല്ലോ ചൂതുകളി. ഈ ചൂതുകളി എല്ലായിപ്പോഴും നാശമേവരുത്തുകയുള്ളൂ. ഈ ചുതുകളിയാണല്ലോ മഹാഭാരത യുദ്ധത്തിന്റെ ആദ്യ വിത്ത് വിതച്ചത്.

മഹാഭാരത യുദ്ധത്തിന് ശകുനി വഹിച്ച പങ്ക് നിസ്സാരമല്ല. തന്റെ സഹോദരിയായ ഗാന്ധാരിയെ ഭീഷ്മരെ ഭയന്നാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവാഹം ചെയ്തു കൊടുത്തത്. അന്നുമുതല്‍ ശകുനിയുടെ മനസ്സില്‍ ഭീഷ്മരോടുള്ള പക നാള്‍കുനാള്‍ വളരുകയായിരുന്നു. എങ്ങിനെയും കൗരവകുലത്തെ നശിപ്പിക്കുക എന്നതായിരുന്നു ശകുനിയുടെ ലക്ഷ്യം. ദുര്യോധനന്റെ ഉപദേഷ്ടാവെന്നുകൂടി ശകുനിയെ വിശേഷിപ്പിക്കാം. പാണ്ഡവരെ അരക്കില്ലത്തില്‍ താമസിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. ചൂതുകളിക്ക് പാണ്ഡവരെ വിളിച്ച് കള്ളചൂതില്‍ പരാജയപ്പെടുത്തിയത്. എല്ലാത്തിനും പിന്നില്‍ പ്രവൃത്തിച്ചത് ശകുനിയുടെ കുടിലബുദ്ധിയായിരുന്നു. തങ്ങളുടേയും നാശം ആണ് അമ്മാവന്‍ ആഗ്രഹിക്കുന്നതെന്ന് പാവം ദുര്യോധനന്‍ അറിഞ്ഞിരുന്നില്ല. എത്ര അടുത്ത ബന്ധുക്കളായാലും നമ്മില്‍ നിന്ന് ഒരു നിശ്ചിത അകലം സൂക്ഷിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ളവരുടെ വാക്കിന് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നതും ബുദ്ധിപരമല്ല. തെറ്റായാലും ശരിയായാലും നമുക്ക് നമ്മുടേതായ ഒരു അഭിപ്രായം ഏതൊരു കാര്യത്തിനും വേണം.

‘ശത്രുക്കളല്ല ശത്രുക്കളാകുന്നത്
മിത്രഭാവത്തോടരികെ വസിപ്പിന
ശത്രുക്കള്‍ ശത്രുക്കളാകുന്നിതേവരൂം”

ശകുനിയെ സംബന്ധിച്ച് രാമായണത്തിലെ പ്രസ്തുത വരികള്‍ എത്ര അര്‍ത്ഥവത്താണ്. ശകുനിയുടെ സ്നേഹമാണെന്നേ കൗരവര്‍ കരുതിയുള്ളൂ. കൗരവരെ എങ്ങനെയും നശിപ്പിക്കണം എന്ന ഒരൊറ്റ ചിന്തയെ ശകുനിക്കുണ്ടായിരുന്നുള്ളൂ. വിഷം തേനില്‍ അധികമെന്തിന്, ഒരു തുള്ളിപോരേ?

ജന്മനാതന്നെ തന്റെ കര്‍മ്മങ്ങളെ ഇച്ഛാനുസരണം നടത്തുവാനുളള യാതൊരു അധികാരവും ഇല്ലാതിരുന്ന മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ദാനവീരനായ കര്‍ണ്ണന്‍. വിവാഹത്തിനു മുന്‍പ് കുന്തിക്ക് സൂര്യഭഗവാനിലുണ്ടായ കുഞ്ഞാണ് കര്‍ണ്ണന്‍. അപമാന ഭാരത്താല്‍ കുന്തി കര്‍ണ്ണനെ ഒരു പെട്ടിയിലടച്ച് നദിയില്‍ ഒഴുക്കി. ഒരു തേരാളിയുടെ വളര്‍ത്തു പുത്രനായി കര്‍ണ്ണന്‍ വളര്‍ന്നു വലുതായി. ക്ഷത്രിയരോടൊപ്പം ആയുധാഭ്യാസം പഠിക്കാന്‍പോലും കര്‍ണ്ണന് സാധിക്കുന്നില്ല. ഒരു ദിവസം കൗരവരും, പാണ്ഡവരും തമ്മിലുള്ള മത്സരത്തില്‍ കര്‍ണ്ണനും പങ്കെടുക്കാന്‍ പോകുന്നു. അവിടെ വച്ച് തേരാളിയുടെ പുത്രന് ആയുധാഭ്യാസത്തിനെന്തുകാര്യം എന്ന് ചോദിച്ച് അധിക്ഷേപിക്കുന്നു. ആ സമയത്ത് ദുര്യോധനനാണ് കര്‍ണ്ണന്റെ അഭിമാനം രക്ഷിക്കാനുണ്ടായിരുന്നത്.

ദുര്യോധനന്‍ കര്‍ണ്ണനെ ആ സഭയില്‍ വച്ചുതന്നെ അംഗരാജാവിയി വാഴിച്ചു. അന്ന് ആ സഭയില്‍ വച്ചുണ്ടായ കര്‍ണ്ണന്റെ ദുര്യോധനനോടുള്ള കടപ്പാടാണ് കര്‍ണ്ണനെ മരണം വരെ എത്തിച്ചത്. അന്നുമുതല്‍ കര്‍ണ്ണന്റെ ജീവിതം ദുര്യോധനനു വേണ്ടി മാത്രമായിരുന്നു. എന്തിന് സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യംപോലും കര്‍ണ്ണനുണ്ടായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ആ ജീവിതത്തിന് എന്താണ് വില? പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം നിശ്ചയിച്ച ശേഷം കുന്തി ഒരു ദിവസം കര്‍ണ്ണനോട് സത്യാവസ്ഥ തുറന്നുപറയുന്നു. പാണ്ഡവരുടെ ജ്യോഷ്ഠനാണെന്നും അതിനാല്‍ യുദ്ധത്തില്‍ അവരോടൊപ്പം പങ്കുചേരണം എന്നു പറയുന്നു. എന്നാല്‍ കടപ്പാടിനു നടുവില്‍ നില്ക്കുന്ന കര്‍ണ്ണന്‍ നിസ്സഹായനായിരുന്നു. എന്നിട്ടും എങ്ങനെയായാലും അമ്മയ്ക്ക് അഞ്ചുമക്കള്‍ എന്നും ജീവിച്ചിരിക്കും എന്ന് വാക്കും കൊടുത്തു. ഇതിനെല്ലാം കാരണം സ്വന്തം പുത്രനെന്നു പറയാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ ദുരഭിമാനമല്ലേ.

തന്റെ കുറ്റം അല്ലെങ്കില്‍ പോലും മാതാവും സഹോദരങ്ങളും ജീവിച്ചിരിക്കെ ഏകനായി അന്യന്റെ ആജ്ഞാനുസരണം ജീവിക്കകു, ഒടുവില്‍ സഹോദരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുക, അങ്ങനെ ഒരു ദുഃഖ കഥാപാത്രമാണ് കര്‍ണ്ണന്‍. പാണ്ഡവരുടെ വിജയത്തിനു വേണ്ടി ഇന്ദ്രന്‍ ബ്രഹ്മവേഷധാരിയായി വന്ന് കര്‍ണ്ണനോട് കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്നു. ദാനവീരനായ കര്‍ണ്ണന്‍ യാതൊരു വിസ്സമ്മതവുമില്ലാതെ, പിതാവിന്റെ വാക്കുകളും ധിക്കരിച്ച് അത് ഇന്ദ്രന് ദാനം നല്‍കുന്നു. കര്‍ണ്ണന്റെ മരണത്തിനു കാരണവും ഇതാണല്ലോ, യുദ്ധസമയത്ത് എല്ലാം അറിയാവുന്ന ഭീഷ്മര്‍പോലും തന്റെ കൊടിക്കീഴില്‍ നിന്ന് കര്‍ണ്ണനെ യുദ്ധം ചെയ്യാന്‍ അനുവദിച്ചില്ല. ഭീഷ്മരുടെ പതനത്തിനു ശേഷമാണല്ലോ കര്‍ണ്ണന്‍ പ്രധാന സേനാപതിയായത്. നാം രാജാവിന്റെ മക്കളായി ജനിച്ചാലും ഒരു പാവപ്പെട്ടവന്റെ മക്കളായി ജനിച്ചാലും നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ജീവിതം ഒരിക്കലും ആര്‍ക്കും കടപ്പെട്ടത് ആവരുത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ കര്‍ണ്ണന്റെ പിന്‍ബലം കൂടി ഉണ്ടായിരുന്നതുകൊണ്ടല്ലേ ദുര്യോധനന്‍ ഇത്ര അഹങ്കാരിയും ദുര്‍മ്മോഹിയും ആയിത്തീര്‍ന്നത്. യുദ്ധത്തിന്റെ കാരണങ്ങളില്‍ കര്‍ണ്ണനും തന്റെതായ പങ്കുവഹിക്കുന്നുണ്ട്.

ധര്‍മ്മം, ഈശരഭക്തി, ഗുരുഭക്തി, സത്യം, ദയ, നീതിസ്‌നേഹം, ത്യാഗം എന്നീ ഗുണങ്ങളുടെ മൂര്‍ത്തിഭൂതമാണ് യുധിഷ്ഠരന്‍. എന്നാല്‍ ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടി ഈ യുധിഷ്ഠരന്‍ പോലും യുദ്ധ സമയത്ത് അശ്വത്ഥാമാ മരിച്ചു എന്നു കള്ളം പറഞ്ഞു. വാസ്തവത്തില്‍ അശ്വസ്ഥമായെന്ന ആനയാണല്ലോ മരിച്ചത്. ചൂതുകളിയില്‍ എല്ലാം നഷ്ടമായ യുധിഷ്ഠരന്‍ അവസാനം ഭാര്യയായ പാഞ്ചാലിയെയും പണയം വയ്‌ക്കേണ്ടിവരുന്നു. ഇതും ധര്‍മ്മമാണോ? ധര്‍മ്മം നിലനിര്‍ത്താന്‍വേണ്ടി അധര്‍മ്മം പ്രവര്‍ത്തിക്കുന്നതില്‍ യാതൊരുതെറ്റും ഇല്ലെന്നാണല്ലോ ഭഗവാന്‍ കൃഷ്ണന്റെ പക്ഷം എന്തൊക്കെയായാലും യുദ്ധാവസാനം കൗരവരുടെ നാശത്തോടെ പാണ്ഡവര്‍ ഹസ്തിനപുരം വീണ്ടെടുത്തുവെങ്കിലും യുധിഷ്ഠിരന് തങ്ങള്‍ ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധം തോന്നുന്നു. തങ്ങളുടെ രാജ്യമോഹം ആണല്ലോ ജ്യേഷ്ഠനായ കര്‍ണ്ണന്റെ മരണത്തിന് കാരണമാക്കിയതെന്ന് യുധിഷ്ഠിരന്‍ ചിന്തിക്കുന്നു. പശ്ചാത്താപവിവശനായ യുധിഷ്ഠരനോട് നാരദമുനി കര്‍ണ്ണനെ കുറിച്ച് പറയുന്നു.

പരശുരാമന്റെ അടുക്കല്‍ ബ്രാഹ്ണനാണെന്ന് പറഞ്ഞ് കര്‍ണ്ണന്‍ വിദ്യ അഭ്യസിച്ചു. ഒരു ദിവസം പരശുരാമന്‍ കര്‍ണ്ണന്റെ മടിയില്‍ തലവച്ച് ഉറങ്ങുകയായിരുന്നു. ആ സമയം ഒരു വണ്ട് കര്‍ണ്ണന്റെ തുടയില്‍ കടിച്ചിരുന്നു. ഗുരുവിന്റെ ഉറക്കത്തിന് വിഘ്നം വരുത്താതിരിക്കാന്‍ വേദനയും സഹിച്ചിരുന്നു. പെട്ടെന്നുണര്‍ന്നു പരശുരാമന്‍ കണ്ട കാഴ്ച അദ്ദേഹത്തിനെ കോപാകുലനാക്കി. ബ്രാഹ്മണനാണെന്ന് കള്ളം പറഞ്ഞ കര്‍ണ്ണനെ അദ്ദേഹം ശപിച്ചു. ആ ശാപത്തിന്റ ഫലമാണ് യുദ്ധത്തിനിടയില്‍ കര്‍ണ്ണന്റെ തേര് ചെളിയില്‍ താണുപോയത്. ഭീമന്റെ പുത്രനായ ഘടോല്‍കചന്‍ യുദ്ധത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്നത് കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്. കാരണം കര്‍ണ്ണന്റെ കയ്യില്‍ അതിശക്തിയുള്ള ഒരു വേലുണ്ട്. അത് നഷ്ടമാക്കാന്‍ വേണ്ടിയായിരുന്നു ഘടോത്കചന്‍ പ്രത്യക്ഷപ്പെടുന്നതുതന്നെ.നാരദമുനി ഇത്രയൊക്കെ പറഞ്ഞിട്ടും യുധിഷ്ഠിരന്റെ ദുഃഖത്തിന് ഒരു കുറവും വന്നില്ല. യുധിഷ്ഠിരന്റെ രാജ്യാഭിഷേകശേഷം കൃഷ്ണനോടൊപ്പം പാണ്ഡവര്‍ ഭീഷ്മരെ കാണാന്‍ എത്തുന്നു. യുധിഷ്ഠരനോടുള്ള ഭീഷ്മരുടെ ഉപദേശം മഹാഭാരതത്തിലെ പ്രധാന ഭാഗമാണ്. അതിനുശേഷം ഭീഷ്മര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു. ഭീഷ്മോപദേശത്തോടുകൂടി 15ആംമത്തെ പര്‍വ്വമായ ശാന്തി പര്‍വ്വം ഭംഗിയായി പര്യവസാനിക്കുകയാണ്.

മഹാഭാരതം കഥയില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രധാന കഥാപാത്രം ആണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. യശോദയുടേയും നന്ദഗോപരുടേയും മകനായി പിറന്ന കൃഷ്ണന്റെ ജനനോദ്ദേശ്യം തന്നെ അധര്‍മ്മത്തെ തുടച്ചുനീക്കി ധര്‍മ്മത്തെ സ്ഥാപിക്കുകയും, ദുഷ്ടരെ നിഗ്രഹിച്ച് ശിഷ്ടരെ പരിപാലിക്കുകയും ആണല്ലോ കൗരവരും, പാണ്ഡവരും തമ്മിലുള്ള യുദ്ധത്തില്‍ ധര്‍മ്മവൃക്ഷമാകുന്ന യുധിഷ്ഠരന്‍ ബ്രഹ്മസ്വരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണനാകുന്ന പേരിന്‍ മേലാണ് നിലനില്ക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് പാണ്ഡവരെ എല്ലാ ആപത്തുകളില്‍നിന്നും രക്ഷിച്ചത്. പാണ്ഡവര്‍ ഈശ്വരവിശ്വാസികളും, ഭക്തന്മാരുമാണ്. കൗരവരുടെ കാര്യത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് എത്രയൊക്കെ ധനവും, സമ്പത്തും, ഐശ്വര്യവും, ഉണ്ടായിരുന്നാലും അഹങ്കാരിയും, എളിമയില്ലാത്തവനും, ആയിരുന്നാല്‍ അവരുടെ ജന്മം പാഴായി പോവുകയേഉള്ളൂ. ആ ജന്മം കൊണ്ട് എന്ത് ഫലം. ധൃതരാഷ്ട്രര്‍ക്കും, ഗാന്ധാരിക്കും 101 മക്കളും, രാജ്യവും ധനാദികളും ഉണ്ടായിരുന്നിട്ടും ഒരു ദിവസം എങ്കിലും അവര്‍ മനസന്തോഷത്തോടെ കഴിഞ്ഞിട്ടുണ്ടോ? മക്കളെക്കുറിച്ച് അവര്‍ക്ക് ദുഃഖം അല്ലാതെ എന്തെങ്കിലും നേടിയിട്ടുണ്ടോ? യുദ്ധാവസാനം എല്ലാ മക്കളും, ബന്ധുക്കളും നഷ്ടപ്പെട്ടശേഷം അവര്‍ വനവാസത്തിനു പോകുന്നു. മഹാഭാരതത്തില്‍ നിന്നും പഠിക്കേണ്ട അതിപ്രധാനമായ ഒരു തത്ത്വമാണ്.

‘ദൈവമേവ ബലം മന്യേ
പൗരുഷം ഹി നിരര്‍ത്ഥകം’

ദുര്യോധനാദികള്‍ക്ക് ബന്ധുബലവും സൈന്യബലവും ഉണ്ടായിരുന്നു. പ്രധാനമായുണ്ടായിരിക്കേണ്ട ഒരേയൊരു ഗുണത്തിന്റെ കുറവ് വേണ്ടതിലധികം അനുഭവപ്പെട്ടിരുന്നു. അതാണ് ഈശ്വരാനുകൂല്യം. ധര്‍മ്മമെവിടെയാണോ അവിടെ ജയവും, അധര്‍മ്മമുള്ളിടത്ത് പരാജവും ആണെന്നുളള മഹത് തത്ത്വം ഇന്നത്തെ ജനങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നാണ്.

Monday, September 5, 2016

മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്.

മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്...ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടക്കുന്ന അവസരം..മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ഉത്തരം നല്‍കുന്നുണ്ട്...ഈ കലിയുഗത്തിലും നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളാണ് അവയെല്ലാം...ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു...
എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുകതന്നെ വേണം..ഭീഷ്മര്‍ ഈ അവസരത്തില്‍ ധര്മ്മപുത്രരോട് ഗൌതമിയെന്ന വൃദ്ധയുടെ കഥ പറഞ്ഞു...ഗൌതമിയുടെ കഥ ആലോചനാമൃതമായിമാറുന്നു....

സാത്വികയായ ഒരു വൃദ്ധയാണ് ഗൌതമി...തികച്ചും ഈശ്വരഭക്ത...എല്ലാ സല്‍ഗുണങ്ങളുടെയും വിളനിലം ...വനത്തില്‍ അവര്‍ ഏകയായി കഴിയുന്നു...ആകെയുള്ളത് ഒരു പുത്രനാണ് .. ഗൌതമിക്ക് തന്റെ പുത്രനേക്കാള്‍ പ്രിയപ്പെട്ടതായി ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല്ല....ഗൌതമിയുടെ പുത്രനും ഗുണസമ്പന്നനാരുനു..ആരെയും വേദനിപ്പിക്കാതെ ഒരു യുവാവ്,....അങ്ങനെയിരിക്കെ ഒരു ദിവസം സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു...
ഗൌതമിയുടെ പുത്രന്‍ വനത്തിലൂടെ നടന്നുവരുന്നു...ഒരു സര്‍പ്പം ആ യുവാവിനെ കടിച്ചു...സര്‍പ്പദംശനമെറ്റ യുവാവ് തല്‍ക്ഷണം മൃതിയടഞ്ഞു...
ഗൌതമിക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല എന്നത് സ്വാവാഭികം..കനത്ത ദുഃഖം വരുമ്പോള്‍ അത് ക്ഷോഭാമായി മാറും..കുറ്റവാളി ആരെന്നു അറിയുമ്പോളാണ് ദേഷ്യമുണ്ടാകുക...ഇവിടെ സര്‍പ്പമാണ് കാരണമെന്ന് അറിഞ്ഞതോടെ ഗൌതമിയുടെ നിയന്ത്രണം തെറ്റി...തന്റെ വ്യകതിപരമായ എല്ലാ സിദ്ധികളെയും പുറത്തെടുക്കാന്‍ തന്നെ ഗൌതമി തീരുമാനിച്ചു...അര്‍ജ്ജുനകന്‍ എന്ന വ്യക്തിയെ ഗൌതമി വിളിച്ചു വരുത്തി ..ഗൌതമിയുടെ അഞ്ജാനുവര്‍ത്തിയാരുന്നു അര്‍ജ്ജുനകന്‍ ...കുറ്റവാളിയായ സര്‍പ്പത്തെ എത്രയും വേഗം പിടിച്ച ശേഷം കണ്മുന്നില്‍ ഹാജരാക്കാന്‍ ആരുന്നു കല്‍പ്പന...അര്‍ജ്ജുനകന്‍ ആ ദൌത്യം ഏറ്റെടുത്തു ...കുറ്റവാളിയായ സര്‍പ്പത്തെ പിടിച്ചു ഗൌതമിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ സര്‍പ്പം പറഞ്ഞു "ഞാന്‍ നിരപരാധിയാണ് "..
നീ എങ്ങനെയാണ് നിരപരാധിയാകുക ..?.."....സര്‍പ്പം തുടര്‍ന്നു...
"കാലനാണ് യഥാര്‍ഥ കുറ്റവാളി ഞാന്‍ ഒരു നിമിത്തം മാത്രമാണ് ..
ഗൌതമി നിസ്സാരക്കാരിയല്ല ..കാലനെ ശിക്ഷിക്കാനുള്ള തപശക്തി ഗൌതമിക്കുണ്ട് ...ഗൌതമി തന്റെ സിദ്ധി ഉപയോഗിച്ച് കാലനെ മുമ്പില്‍ വരുത്തി ...ചോദിച്ചു...?.."എന്തിനാണ് എന്റെ പുത്രനെ ശിക്ഷിച്ചത് ...?കാലന്‍ പറഞ്ഞു..
"ഞാന്‍ ആരെയും രക്ഷിക്കുന്നില്ല ശിക്ഷിക്കുന്നുമില്ല ലോകത്തിന്റെ വ്യാകരണമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു...കാലം അവസാനിക്കുന്നു എന്നതിന് കാലനായ ഞാന്‍ പ്രതീകാത്മകമായി നിലകൊള്ളുന്നു..."
ഇതൊന്നും എനിക്ക് കേള്‍ക്കണ്ട..എന്റെ പ്രിയ പുത്രന്‍ എന്ത് തെറ്റാണ് ചെയ്തത്...?
"കര്‍മ്മഫലം ആരും അനുഭവിച്ചേ പറ്റു..കര്മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനമില്ല...ഗൌതമി ചെയ്ത കര്‍മ്മത്തിന്റെ ഫലം കൊണ്ടാണ് പുത്രാ ദുഃഖം അനുഭവിക്കേണ്ടി വന്നത്.....
ഞാന്‍ ഇനി എന്ത് ചെയണം...?

"അനുഭവിക്കുക ഫലം സ്വയം ഏറ്റെടുക്കുക ...കര്‍മ്മഫലം ഏറ്റെടുക്കാന്‍ ഗൌതമി ഗൌതമി തയ്യാറായിരുന്നു...അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല ...ഈ കഥ പറഞ്ഞ ശേഷം ഭീഷ്മര്‍ പറഞ്ഞു ..ഞാന്‍ എന്റെ കര്‍മ്മഫലം ശരശയ്യയില്‍ കിടന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു..വളരെ വലിയ ഒരു ഗുണപാഠം ഇതില്‍നിന്നു പഠിക്കാനുണ്ട്..പ്രതിസന്ധിഘട്ടങ്ങളില്‍ പതറിയതുകൊണ്ട് കാര്യമില്ല...അത് ഏറ്റെടുക്കുക..പുഞ്ചിരിയോടെനേരിടുക..അനര്‍ഹമായ ഒരു പ്രതിസന്ധിയും നമുക്ക് വന്നുചേരുകയില്ല...

Tuesday, August 16, 2016

അർജുനന്റെ രഥത്തിന്‍റെ രഹസ്യം

മഹാഭാരതയുദ്ധത്തിൽ അർജുനന്റെ രഥത്തിന്‍റെ രഹസ്യം ശ്രീകൃഷ്ണന്‍റെ വാക്കുകള്ളിൽ :-
പാണ്ഡവരുംകൌരവരും തമ്മിലുണ്ടായ മഹാഭാരതയുദ്ധത്തിൽ പാണ്ഡവർ വിജയികളായി. ശ്രീകൃഷ്ണനായിരുന്നു പാണ്ഡവരുടെ വിജയശിൽപ്പി. അടർക്കളത്തിൽ നിന്നും യാത്രയാകുംമുമ്പ് ശ്രീകൃഷ്ണൻ അർജുനനെ അടുത്തുവിളിച്ച് പറഞ്ഞു. "പാർത്ഥാ, യുദ്ധത്തിൽ ജയിച്ചവർ ഒരു രാത്രി തോറ്റവരുടെ താവളത്തിൽ കഴിയണമെന്നുണ്ട്. അതുകൊണ്ട് നമുക്ക് കൌരവരുടെ താവളത്തിലേക്ക് പോവാം". അർജുനൻ അത് സമ്മതിച്ചു. താമസിയാതെ ശ്രീകൃഷ്ണന്റെ നേതൃത്വത്തിൽ പാണ്ഡവർ കൌരവരുടെ താവളത്തിലേക്ക് യാത്രയായി. അർജുനന്റെ രധത്തിലായിരുന്നു യാത്ര.കൌരവരുടെ താവളത്തിലെത്താറായപ്പോൾ ശ്രീകൃഷ്ണൻ പാണ്ഡവരെയെല്ലാം അടുത്തുവിളിച്ചു. പിന്നീട് അർജുനനോട് ഗാണ്ഡീവവും മറ്റു ആയുധങ്ങളുമെടുത്ത് താഴെയിറങ്ങാൻ ശ്രീകൃഷ്ണൻ ആവശ്യപ്പെട്ടു. താവളത്തിലെത്താൻ കുറച്ചു ദൂരം കൂടിയുണ്ട്. പിന്നെ എന്തിനാണാവോ ശ്രീകൃഷ്ണൻ തന്നോട് രഥത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുന്നത്? അർജുനന് സംശയമായി. അർജുനൻ മനസ്സില്ലാമനസ്സോടെ രഥത്തിൽ നിന്നിറങ്ങി. മറ്റുള്ളവരും താഴെയിറങ്ങി. തൊട്ടുപിന്നാലെ അതുവരെ രഥം തെളിച്ചിരുന്ന ശ്രീകൃഷ്ണനും, ചമ്മട്ടിയും കടിഞ്ഞാണുമായി രഥത്തിൽ നിന്നും താഴെയിറങ്ങി. പെട്ടന്ന് ഒരത്ഭുതം കണ്ട് പാണ്ഡവർ വിസ്മയിച്ചുപോയി. രഥത്തിന്‍റെ കൊടിയിലുണ്ടായിരുന്ന ഹനുമാൻ അതാ ആകാശത്തേക്കുയരുന്നു. അടുത്ത നിമിഷത്തിൽ രഥം കത്തിക്കരിഞ്ഞ് ഒരുപിടി ചാരമായി മാറി. ആ കാഴ്ചകണ്ട്‌ അർജുനന്റെ കണ്ണുനിറഞ്ഞു. ഖാണ്ഡവദാഹത്തിനും മഹാഭാരതയുദ്ധത്തിനും തന്നെ സഹായിച്ച രഥവും കുതിരകളുമല്ലേ കത്തിക്കരിഞ്ഞു പോയത്........ "കൃഷ്ണാ എന്താണിത്....?. അഗ്നിദേവൻ എനിക്ക് സമ്മാനിച്ച തേരാണിത്. ദിവ്യമായ ആ തേര്......". പാർത്ഥന്റെ കണ്ഠമിടറി.
ശ്രീകൃഷ്ണൻ അർജുനന്റെ അടുത്തുചെന്നിട്ട് ഇപ്രകാരം പറഞ്ഞു. "പാർത്ഥാ, രഥം അതിന്‍റെ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞു. യുദ്ധത്തിനിടയിൽ എത്രയോ ദിവ്യാസ്ത്രങ്ങളെയാണ് നിന്‍റെ രഥം തടഞ്ഞു നിർത്തിയത്. ബ്രഹ്മാസ്ത്രത്തിനുപോലും അതിനെ തകർക്കാൻ കഴിഞ്ഞോ?".
"അതെ അർജുനാ, ഓരോ സൃഷ്ടിക്കും ഓരോ ലക്ഷ്യമുണ്ട്. എന്‍റെയും നിന്റെയുമെല്ലാം കാര്യം അതുപോലെയാണ്. ലക്‌ഷ്യം നിറവേറിക്കഴിഞ്ഞാൽ ലോകത്ത് അവയെ ആവശ്യമില്ല. അതുകൊണ്ട് നഷ്ടപ്പെട്ട രധത്തെയോർത്ത് നീ വിഷമിക്കണ്ട". ശ്രീകൃഷ്ണൻ അർജുനനെ ആശ്വസിപ്പിച്ചു. ശ്രീകൃഷ്ണന്‍റെ വാക്കുകൾ അർജുനന് ആശ്വാസമായി. മാത്രമല്ല, ജീവിതത്തിലെ വലിയൊരു പാഠം പാർത്ഥൻ പഠിക്കുകയും ചെയ്തു.