Showing posts with label ശ്രീ രാമന്‍. Show all posts
Showing posts with label ശ്രീ രാമന്‍. Show all posts

Monday, August 12, 2019

തൃപ്രയാർ ഏകാദശി

ശ്രീരാമമന്ത്രധ്വനികളുടെ ഉറവിടമെന്ന് ഖ്യാതി നേടിയ പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ ഏകാദശി...വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശി .
തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് വൃശ്ചികമാസത്തിൽ കറുത്ത ഏകാദശി ദിവസം നടന്നുവരുന്ന തൃപ്രയാർ ഏകാദശി.
സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ വെളുത്ത ഏകാദശിയാണ് വിശേഷമായി ആചരിച്ചുവരാറുള്ളത്. തൃപ്രയാറിൽ കറുത്ത ഏകാദശി ആചരിച്ചുവരുന്നതിന് കാരണമായി പറയപ്പെടുന്നത് ഭഗവാന്‍റെ ശൈവചൈതന്യമാണ്.
മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ഐശ്വര്യദായിനിയായ ലക്ഷ്മീദേവിയോടും ഭൂമീദേവിയോടുമൊപ്പം വാണരുളുന്ന തൃപ്പയാറപ്പനെ ദർശിച്ചാൽ എല്ലാവിധ ദുരിതങ്ങളും ദാരിദ്ര്യവും അകന്നു ഐശ്വര്യം കൈവരും എന്നാണ് വിശ്വാസം.
തൃപ്രയാര്‍ തേവരെന്ന നാമധേയത്തിലറിയപ്പെടുന്ന ശ്രീരാമ ഭഗവാനെ ഉളളുരുകി വിളിച്ചാല്‍ വിളിപ്പുറത്തെന്നാണ് ഭക്തജന വിശ്വാസം. ഭൂത പ്രേത പിശാചുക്കളില്‍നിന്നും ദാരിദ്ര്യദുഃഖങ്ങളില്‍ നിന്നും അകറ്റി ആധിവ്യാധികളില്‍ നിന്ന് രക്ഷാകവചമാണിവിടത്തെ ശ്രീരാമ പുണ്യ ദര്‍ശനം.
ശരണാഗതര്‍ക്ക് കാമധേനുവായും ദുഃഖത്താല്‍ വേദനിക്കുന്നവര്‍ക്ക് കല്‍പവൃക്ഷമായും മോക്ഷാര്‍ത്ഥികള്‍ക്ക് മോക്ഷമായും ഭക്തര്‍ക്ക് സാന്ത്വനവുമായി ലക്ഷ്മീഭൂമി സമേതനായി ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇവിടെ പരിലസിക്കുന്നു.
ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം പ്രവചനാതീതമാണ്. ലോകൈകനാഥനായ ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകാപുരിയില്‍ കുടിവെച്ച് ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് ഐതിഹ്യം.
ഈ ക്ഷേത്രത്തിലെയും നാലമ്പലങ്ങളിലെ മറ്റ് മൂന്നിടത്തെയും വിഗ്രഹങ്ങൾ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ വിഗ്രഹങ്ങളാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകാപുരിയിൽ നാലിടത്തും ദശരഥപുത്രന്മാർക്കായി ക്ഷേത്രങ്ങൾ പണിതിരുന്നു.
കിഴക്കേ അറ്റത്തെ രൈവതകപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ശ്രീരാമനെയും വടക്കേ അറ്റത്തെ വേണുമന്ദപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ഭരതനെയും പടിഞ്ഞാറേ അറ്റത്തെ സുകക്ഷപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ലക്ഷ്മണനെയും തെക്കേ അറ്റത്തെ ലതാവേഷ്ടപർവ്വത്തിലുള്ള ക്ഷേത്രത്തിൽ ശത്രുഘ്നനെയും പ്രതിഷ്ഠിച്ചു.
കൂടാതെ ദ്വാരകാപുരിയുടെ ഒത്ത നടുക്ക് ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണഭഗവാന്‍റെ പൂർവ്വികർ നാലുജന്മങ്ങളിൽ പൂജിച്ചിരുന്ന അതിദിവ്യമായ മഹാവിഷ്ണുവിഗ്രഹമായിരുന്നു. ദിവസവും രാവിലെ പത്നിമാരായ രുക്മിണീദേവിയ്ക്കും സത്യഭാമാദേവിയ്ക്കുമൊപ്പം ഭഗവാൻ ഇവിടെ ദർശനം നടത്തിവന്നു. ദ്വാപരയുഗാന്ത്യത്തിൽ ശ്രീകൃഷ്ണ ഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുത്തെന്ന ശ്രീമത് ഭാഗവതം സാക്ഷ്യപ്പെടുത്തുന്നു. ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിനെത്തുടർന്ന് ദ്വാരക കടലടിച്ചുപോയ ആ മഹാപ്രളയത്തിൽ അവശേഷിച്ചത് ഭഗവദ്പൂജയേറ്റുവാങ്ങിയ അഞ്ച് ദിവ്യവിഗ്രഹങ്ങൾ മാത്രമാണ് .ഭഗവാന്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങള്‍ വരുണനേറ്റെടുത്തു.
അവയിലെ മഹാവിഷ്ണുവിഗ്രഹം കലിയുഗാരംഭത്തിൽ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ചയിടം പിന്നീട് ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായി.
എന്നാൽ, ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങൾ പിന്നെയും ഒരുപാടുകാലം കടലിനടിയിൽ തന്നെ കിടന്നു. ഒരിയ്ക്കൽ, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലയില്‍ കുടുങ്ങിയത് മത്സ്യങ്ങള്‍ക്കുപകരം നാലു വിഗ്രഹങ്ങളായിരുന്നു. അവർ ഈ വിഗ്രഹങ്ങൾ നാട്ടിലെ പ്രമാണിയായിരുന്ന വാക്കയിൽ കൈമളെ ഏല്പിച്ചു. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന കൈമൾ പ്രശ്നം വച്ചുനോക്കിയപ്പോൾ അവ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങളാണെന്ന് മനസ്സിലായി. തുടർന്ന് അദ്ദേഹം മന്ത്രശക്തിയുപയോഗിച്ച് വിഗ്രഹങ്ങളിൽ നിന്ന് നാല് പ്രാവുകളെ സൃഷ്ടിച്ചു. അവ ചെന്നിരിയ്ക്കുന്ന സ്ഥലങ്ങളിൽ അതാത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാനും ഉത്തരവായി.
ശ്രീരാമവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചെന്നിരുന്നത് കരുവന്നൂർപ്പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (തൃപ്രയാർപ്പുഴ) തീരത്താണ്. ഭരതവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കുലീപനീതീർത്ഥക്കരയിലെ കൂടൽമാണിക്യത്തും ലക്ഷ്മണവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചാലക്കുടിപ്പുഴയുടെ തീരത്തെ മൂഴിക്കുളത്തും ശത്രുഘ്നവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കൂടൽമാണിക്യത്തിനടുത്ത് പായമ്മലിലും ചെന്നിരുന്നു.
ഇവിടങ്ങളിലെല്ലാം തുടർന്ന് നാല് മഹാക്ഷേത്രങ്ങൾ ഉയർന്നുവന്നു. തൃപ്രയാറില്‍ ശ്രീരാമ വിഗ്രഹവും ഇരിങ്ങാലക്കുടയില്‍ ഭരത വിഗ്രഹവും മൂഴിക്കുളത്ത് ലക്ഷ്മണവിഗ്രഹവും പായമ്മേല്‍ ശത്രുഘ്‌നവിഗ്രഹവും സ്ഥാപിച്ചു. വേദ മന്ത്രങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ മംഗളവാദ്യധ്യാനങ്ങളില്‍ മുഴുകിയ അന്തരീക്ഷത്തില്‍ തൃപ്രയാറില്‍ പ്രതിഷ്ഠ നടന്നു. ഈ സമയത്ത് ആകാശത്ത് മയില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ഈ മായാമയൂരം പ്രത്യക്ഷപ്പെട്ടതിന് നേരെ താഴെ വലിയ ബലിക്കല്ല് സ്ഥാപിക്കുവാന്‍ തീരുമാനമായി. അതിനാല്‍ പ്രധാന പ്രതിഷ്ഠയുടെ മഹത്വം ഇപ്പോഴും ബലിക്കല്ലിന് നല്കിവരുന്നു.
രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ തൊഴുതുവരുന്നത് മഹാപുണ്യമായി വിശ്വസിച്ചുപോരുന്നു.
ശ്രീകൃഷ്ണ ഭക്താഗ്രേസരനായ വില്വമംഗലം സ്വാമിയാര്‍ ഭഗവദ് ദര്‍ശനത്തിനായി ഒരുനാള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ഭഗവാന്‍റെ പുണ്യവിഗ്രഹം ധ്യാനിച്ചു നില്‍ക്കുമ്പോള്‍ അദ്ദേഹം ആശ്ചര്യജനകമായ ഒരു കാഴ്ച കണ്ടു. ശ്രീലക്ഷ്മിദേവിയും ഭൂമിദേവിയും ശ്രീകോവിലിന്‍റെ പടിഞ്ഞാറെ കവാടം വഴി ഭഗവാനെ പൂജിക്കാന്‍ വരുന്നതായിരുന്നു ആ കാഴ്ച. അദ്ദേഹം ശ്രീലക്ഷ്മി-ഭൂമിദേവിമാരുടെ സാന്നിദ്ധ്യം നന്നായിരിക്കുമെന്ന് കരുതി ആ ദേവിമാരെ ഭഗവാന്‍റെ വലത്തും ഇടത്തും പ്രതിഷ്ഠിച്ച് പശ്ചിമകവാടം അടപ്പിക്കുകയും ചെയ്തുവത്രേ. ഇപ്പോഴും ആ കവാടം അടഞ്ഞുകിടക്കുന്നതായി കാണാം സ്വാമിയാര്‍ക്ക് ഇവിടെനിന്ന് ശ്രീകൃഷ്ണ ദര്‍ശനവും ലഭിക്കുകയുണ്ടായത്രെ.
ചാതുര്‍ബാഹുവാണ് ഭഗവാന്‍. ദക്ഷിണ ഹസ്തങ്ങളില്‍ കോദണ്ഡവും അക്ഷമാലയും വാമകരങ്ങളില്‍ ചക്രവും ശംഖും ധരിച്ചിരിക്കുന്നു. വലതുഭാഗത്ത് ലക്ഷ്മിദേവിയും ഇടതുഭാഗത്ത് ഭൂമിദേവിയും കുടികൊള്ളുന്നു. ഭൂമിദേവിയുടെ കയ്യില്‍ താമരപ്പൂവുണ്ട്. പഞ്ചലോഹനിര്‍മ്മിതമായ ഗോളകയാല്‍ ഈ പ്രതിഷ്ഠ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുപോയ ശ്രീരാമവിഗ്രഹം മാറ്റുവാനായി ഒരിക്കല്‍ ദേവപ്രശ്‌നം വെച്ചു നോക്കിയപ്പോള്‍ ആ ചിരപുരാതന വിഗ്രഹം മാറ്റുവാന്‍ ദേവന് താല്‍പര്യമില്ലെന്നും തെളിഞ്ഞുകണ്ടു. ആയതിനാല്‍ പഞ്ചലോഹംകൊണ്ട് ഗോളക വാര്‍ത്ത് പഴയ വിഗ്രഹത്തില്‍ ഉറപ്പിക്കുകയാണുണ്ടായത്
ശ്രീകോവിലിനകത്ത് തെക്കോട്ട് ദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. വീരപരാക്രമിയും ശ്രീരാമചന്ദ്രന്‍റെ പരമ ഭക്തനുമായ ശ്രീ ഹനുമാന്‍ സ്വാമിക്ക് ഇവിടെ പ്രതിഷ്ഠ ഇല്ലെങ്കിലും മുഖമണ്ഡപത്തില്‍ അദ്ദേഹം കുടികൊള്ളുന്നുവെന്ന് സങ്കല്‍പ്പമുണ്ട്. ആഞ്ജനേയന്‍ ക്ഷേത്രാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് വിശ്വാസം.
ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും നല്‍കി അത്ഭുതകരമായ പ്രവൃത്തികളാല്‍ ഇവിടെ കുടികൊള്ളുന്ന ശ്രീവിഷ്ണുമായ സ്വാമി (ശ്രീ ചാത്തന്‍സ്വാമി) ക്ഷേത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമിയെ ഭജിക്കുന്നവര്‍ക്ക് ഈ രണ്ടു ശക്തികളായിരിക്കും രക്ഷകരായി എത്തുക.
മതില്‍ക്കെട്ടിനകത്ത് തെക്കുവശത്ത് ശാസ്താവും വടക്കുഭാഗത്ത് ഗോശാലകൃഷ്ണനും കുടികൊള്ളുന്നുണ്ട്.
കൂടാതെ ഗണപതിയുടെ പ്രതിഷ്ഠയും ഇവിടെ ഉണ്ട്. ഗോശാലകൃഷ്ണന്‍ ഉപദേവനല്ലെന്നും പ്രധാന പ്രതിഷ്ഠയുടെ മഹത്വം കൃഷ്ണനുണ്ടെന്നും 1171 മിഥുനത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ തെളിഞ്ഞുവരുകയുണ്ടായി.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടത്തുന്നതിന് മുമ്പേ തന്നെ ഇവിടെ ശാസ്താവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രശ്‌നത്തില്‍ കണ്ടിരുന്നുവത്രേ.
ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണ് ഇവിടത്തെ മുഖ്യപൂജകള്‍. മൂന്ന് ശീവേലി ദിവസവും നടത്തിവരുന്നു.
ഉച്ചശീവേലിക്ക് ആനയെ എഴുന്നള്ളിക്കാറില്ല.
വൃശ്ചികം 1 മുതല്‍ പത്താംമുദയം വരെ ഉച്ചശീവേലിക്ക് പകരം കാഴ്ച ശീവേലി നടത്തിവരുന്നു. അത്താഴശീവേലിക്ക് ദേവഗണങ്ങള്‍ ഭഗവാനെ അകമ്പടിസേവിക്കുന്നതുകൊണ്ട് അത്താഴ ശീവേലി ദര്‍ശനം സര്‍വ്വാഭീഷ്ടദായകമാണെന്ന് വിശ്വസിക്കുന്നു.
വെടിവഴിപാട്‌, അവല്‍നിവേദ്യം, മീനൂട്ട്, പായസം മുതലായവ മുഖ്യവഴിപാടുകളാണ്. അവല്‍ ശ്രീ ഹനുമാന്‍ സ്വാമിക്കുള്ളതാണ്. ശ്രീ ചാത്തന്‍സ്വാമിക്ക് യഥാശക്തിക്ക് ചേര്‍ന്ന തുക ഭണ്ഡാരത്തിലിട്ടാല്‍ സര്‍വ്വാഭിഷ്ടങ്ങളും സാധിക്കുമെന്നാണ് വിശ്വാസം.
വെടിവഴിപാടും ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. കൂത്തും വഴിപാടായി ഭക്തര്‍ ഇവിടെ നടത്താറുണ്ട്. ഭഗവാന്‍റെ ആദ്യവതാരമായ മത്സ്യത്തെ പ്രസാധിപ്പിക്കുന്ന മീനൂട്ട് വഴിപാട് നടത്തിയാല്‍ ഭഗവാനെ ഊട്ടിയതിന് തുല്യമാണെന്നു വിശ്വസിച്ചുവരുന്നു. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് നടത്തിയാല്‍ മതിയെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ. ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ആര്യവത്കരണത്തിനു ശേഷം ശാസ്താവിന്‍റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്‌ സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.
ജ്യോതിഷത്തില്‍ ശ്രീരാമ ചന്ദ്രഭഗവാനെ ബുധനായി കണക്കാക്കുന്നു. രേഖാ സംബന്ധമായ തടസങ്ങള്‍ മാറ്റുവാനും ഉന്നമനത്തിനും പുരോഗതിക്കും ഐശ്വര്യത്തിനും തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഭക്തമനസ്സുകളില്‍ ഇന്നും കെടാവിളക്കായി തെളിഞ്ഞു നില്‍ക്കുന്നു.
തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം.
പുഴക്കടവിലെ മീനൂട്ട്, കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍.
സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം `സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്.
"വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ
മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം
വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാൗാെയ നാൗാെയ സീതായാഃ പതയേ നമഃ."

ശ്രീ രാമ അഷ്ടോത്തര ശതനാമാവലി

ഓം ശ്രീരാമായ നമഃ |
ഓം രാമഭദ്രായ നമഃ |
ഓം രാമചംദ്രായ നമഃ |
ഓം ശാശ്വതായ നമഃ |
ഓം രാജീവലോചനായ നമഃ |
ഓം ശ്രീമതേ നമഃ |
ഓം രാജേംദ്രായ നമഃ |
ഓം രഘുപുംഗവായ നമഃ |
ഓം ജാനകീവല്ലഭായ നമഃ |
ഓം ചൈത്രായ നമഃ || ൧൦ ||
ഓം ജിതമിത്രായ നമഃ |
ഓം ജനാര്ദനായ നമഃ |
ഓം വിശ്വാമിത്ര പ്രിയായ നമഃ |
ഓം ദാംതായ നമഃ |
ഓം ശരണ്യത്രാണതത്പരായ നമഃ |
ഓം വാലിപ്രമഥനായ നമഃ |
ഓം വാഗ്മിനേ നമഃ |
ഓം സത്യവാചേ നമഃ |
ഓം സത്യവിക്രമായ നമഃ |
ഓം സത്യവ്രതായ നമഃ || ൨൦ ||
ഓം വ്രതധരായ നമഃ |
ഓം സദാഹനുമദാശ്രിതായ നമഃ |
ഓം കൗസലേയായ നമഃ |
ഓം ഖരധ്വംസിനേ നമഃ |
ഓം വിരാധവധപംഡിതായ നമഃ |
ഓം വിഭീഷണപരിത്രാണായ നമഃ |
ഓം ഹരകോദംഡഖംഡനായ നമഃ |
ഓം സപ്തതാളപ്രഭേത്ത്രേ നമഃ |
ഓം ദശഗ്രീവശിരോഹരായ നമഃ |
ഓം ജാമദഗ്ന്യമഹാദര്പ ദളനായ നമഃ || ൩൦ ||
ഓം താടകാംതകായ നമഃ |
ഓം വേദാംതസാരായ നമഃ |
ഓം വേദാത്മനേ നമഃ |
ഓം ഭവരോഗൈകസ്യഭേഷജായ നമഃ |
ഓം ദൂഷണത്രിശിരോഹംത്രേ നമഃ |
ഓം ത്രിമൂര്തയേ നമഃ |
ഓം ത്രിഗുണാത്മകായ നമഃ |
ഓം ത്രിവിക്രമായ നമഃ |
ഓം ത്രിലോകാത്മനേ നമഃ |
ഓം പുണ്യചാരിത്രകീര്തനായ നമഃ || ൪൦ ||
ഓം ത്രിലോകരക്ഷകായ നമഃ |
ഓം ധന്വിനേ നമഃ |
ഓം ദംഡകാരണ്യകര്തനായ നമഃ |
ഓം അഹല്യാശാപശമനായ നമഃ |
ഓം പിതൃഭക്തായ നമഃ |
ഓം വരപ്രദായ നമഃ |
ഓം ജിതേംദ്രിയായ നമഃ |
ഓം ജിതക്രോധായ നമഃ |
ഓം ജിതമിത്രായ നമഃ |
ഓം ജഗദ്ഗുരവേ നമഃ || ൫൦ ||
ഓം യക്ഷവാനരസംഘാതിനേ നമഃ |
ഓം ചിത്രകൂടസമാശ്രയായ നമഃ |
ഓം ജയംതത്രാണവരദായ നമഃ |
ഓം സുമിത്രാപുത്രസേവിതായ നമഃ |
ഓം സര്വദേവാധിദേവായ നമഃ |
ഓം മൃതവാനരജീവനായ നമഃ |
ഓം മായാമാരീചഹംത്രേ നമഃ |
ഓം മഹാദേവായ നമഃ |
ഓം മഹാഭുജായ നമഃ |
ഓം സര്വദേവസ്തുതായ നമഃ || ൬൦ ||
ഓം സൗമ്യായ നമഃ |
ഓം ബ്രഹ്മണ്യായ നമഃ |
ഓം മുനിസംസ്തുതായ നമഃ |
ഓം മഹായോഗിനേ നമഃ |
ഓം മഹോദരായ നമഃ |
ഓം സുഗ്രീവേപ്സിതരാജ്യദായ നമഃ |
ഓം സര്വപുണ്യാധികഫലായ നമഃ |
ഓം സ്മൃതസര്വാഘനാശനായ നമഃ |
ഓം ആദിപുരുഷായ നമഃ |
ഓം പരമ പുരുഷായ നമഃ || ൭൦ ||
ഓം മഹാപുരുഷായ നമഃ |
ഓം പുണ്യോദയായ നമഃ |
ഓം ദയാസാരായ നമഃ |
ഓം പുരാണപുരുഷോത്തമായ നമഃ |
ഓം സ്മിതവക്ത്രായ നമഃ |
ഓം മിതഭാഷിണേ നമഃ |
ഓം പൂര്വഭാഷിണേ നമഃ |
ഓം രാഘവായ നമഃ |
ഓം അനംതഗുണഗംഭീരായ നമഃ |
ഓം ധീരോദാത്തഗുണോത്തരായ നമഃ || ൮൦ ||
ഓം മായാമാനുഷചാരിത്രായ നമഃ |
ഓം മഹാദേവാദിപൂജിതായ നമഃ |
ഓം സേതുകൃതേ നമഃ |
ഓം ജിതവാരാശയേ നമഃ |
ഓം സര്വതീര്ഥമയായ നമഃ |
ഓം ഹരയേ നമഃ |
ഓം ശ്യാമാംഗായ നമഃ |
ഓം സുംദരായ നമഃ |
ഓം ശൂരായ നമഃ |
ഓം പീതവാസായ നമഃ || ൯൦ ||
ഓം ധനുര്ധരായ നമഃ |
ഓം സര്വയജ്ഞാധിപായ നമഃ |
ഓം യജ്ഞായ നമഃ |
ഓം ജരാമരണവര്ജിതായ നമഃ |
ഓം വിഭീഷണ പ്രതിഷ്ഠാത്രേ നമഃ |
ഓം സര്വാപഗുണവര്ജിതായ നമഃ |
ഓം പരമാത്മനേ നമഃ |
ഓം പരസ്മൈബ്രഹ്മണേ നമഃ |
ഓം സച്ചിദാനംദവിഗ്രഹായ നമഃ |
ഓം പരസ്മൈജ്യോതിഷേ നമഃ || ൧൦൦ ||
ഓം പരസ്മൈധാമ്നേ നമഃ |
ഓം പരാകാശായ നമഃ |
ഓം പരാത്പരസ്മൈ നമഃ |
ഓം പരേശായ നമഃ |
ഓം പാരഗായ നമഃ |
ഓം പാരായ നമഃ |
ഓം സര്വദേവാത്മകായ നമഃ |
ഓം പരസ്മൈ നമഃ || ൧൦൮ ||
|| ഇതീ ശ്രീ രാമാഷ്ടോത്തര ശതനാമാവലിഃ സംപൂര്ണമ്‌ ||

Sunday, July 14, 2019

​ശ്രീരാമ സന്ധ്യാനാമം

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം (രാമ…..)
നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടല്‍ക്കകം കടന്നു കൂടിടുന്ന ഭക്തിയാല്‍
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ…..)
“രാവണേന്ദ്രജിത്തു കുംഭകര്‍ണ്ണരാദി ദുഷ്ടരെ
കാലന്നൂര്‍ക്കയച്ചു ലോകശാന്തി ഞാന്‍ വരുത്തിടാം”
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയില്‍
ഭൂമിയിലയോദ്ധ്യയില്‍ പിറന്ന രാമാ പാഹിമാം (രാമ…..)
ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ദശരഥന്‍റെ പുത്രഭാവമാര്‍ന്നുടന്‍
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
കൌശികന്‍റെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ…..)
താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലന്‍റെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകര്‍ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ…..)
ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിര്‍ത്ത കാരണം
ദര്‍പ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേര്‍ന്നു രാമ രാമ പാഹിമാം (രാമ…..)
ലക്ഷ്മിതന്‍റെയംശമായ സീതയോത്തു രാഘവന്‍
പുഷ്ടമോദമന്നയോദ്ധ്യ തന്നില്‍ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാന്‍ ദശരഥന്‍
മാനസത്തി ലോര്‍ത്തുറച്ചു രാമാ രാമാ പാഹിമാം (രാമ…..)
എങ്കിലും വിധിബലത്തെയാദരിച്ചു രാഘവന്‍
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ…..)
മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു, നല്ല പര്‍ണ്ണശാലതീര്‍ത്തതില്‍
വാണിരിക്കവേയടുത്തു വന്ന ശൂര്‍പ്പണഖയെ
ലക്ഷ്മണന്‍ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ…..) .
കാര്യഗൌരവങ്ങളൊക്കെയോര്‍ത്തറിഞ്ഞു രാവണന്‍
മാനിനെയയച്ചു രാമനെയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയില്‍ കടന്നുപോയി രാമ രാമ പാഹിമാം (രാമ…..)
കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെര്‍ന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം (രാമ……)
ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ……)
കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോല്‍
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ……)
ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവന്‍
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടന്‍
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നല്‍കി രാമ പാഹിമാം (രാമ…..)
തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയില്‍ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ –
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ…….)
ദൂഷണഖരദശാസ്യ കുംഭകര്‍ണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ-
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ…….)
ലോകര്‍ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗര്‍ഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതന്‍ ചാരിത്ര്യശുദ്ധിയോര്‍ത്തു ദുഃഖപൂര്‍ണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ…….)
രാമദേവ സല്‍ചരിത്രപൂര്‍ണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതന്‍റെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകന്‍ പരന്‍
സീതയെ മനസ്സിലോര്‍ത്തു രാമ രാമ പാഹിമാം (രാമ…..)
പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയില്‍
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയില്‍ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ…….)
ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാന്‍
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താന്‍
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ……)
ആത്മജര്‍ക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേര്‍ന്നു ഭാമ്ഗിയില്‍
സന്മുഹൂര്‍ത്തമെത്തവേ നദീജലത്തില്‍ മുങ്ങിയാ –
സ്വന്തധാമമാര്‍ന്നു ഹന്ത രാമ രാമ പാഹിമാം (രാമ……)
ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
എന്ന തത്വമോര്‍ത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ…..)
രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷന്‍
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് രാമസല്ക്കഥ
തോന്നണമിവര്‍ക്കുനിത്യം രാമ രാമ പാഹിമാം (രാമ……)
രാമഭക്തിവന്നുദിച്ചു മാനുഷര്‍ക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
ജാംബവാന്‍ വിഭീഷണന്‍ സമീരണാത്മജന്‍ മുതല്‍
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ…….)
സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക രാമനാമമെപ്പോഴും
ഭക്തവത്സലന്‍ മുകുന്ദനീശ്വരന്‍ രഘുവരന്‍
മാനസത്തില്‍ വാണിടട്ടെ രാമ രാമ പാഹിമാം (രാമ…..)
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ……..)
രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ…….)

Sunday, June 24, 2018

നാലമ്പലദർശനപുണ്യം


➖➖➖➖➖➖➖➖
രാമായണമാസത്തിനൊപ്പം നാലമ്പലയാത്രയും ആരംഭിക്കുന്നു. രാമലക്ഷ്മണ ഭരതശത്രുഘ്ന ക്ഷേത്രങ്ങളില്‍ ഒറ്റദിവസം ദര്‍ശനം നടത്തുന്ന ഈ പുണ്യയാത്രയ്ക്കൊരുങ്ങാം

*ഐതിഹ്യവും വിശ്വാസവും*
ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തിച്ചേര്‍ന്നു.
ജ്യോതിഷവിധി പ്രകാരം ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന പേരില്‍ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല യാത്ര.
രാവണനെ നിഗ്രഹിച്ച് ത്രൈലോക്യ സംരക്ഷണം ആയിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍ അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. പാഞ്ചജന്യ ശംഖാണ് ഭരതന്‍,  ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നും വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കര്‍ക്കടകത്തിലാണ് നാലമ്പലയാത്ര പുണ്യമാവുന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

*തൃപ്രയാറില്‍ തുടങ്ങണം*
പുലര്‍ച്ചെ മൂന്നുമണിക്ക് തൃപ്രയാര്‍ തേവര്‍ ഉണരും. നിദ്രയിലാണ്ടു കിടന്ന തീര്‍ഥവാഹിനി കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങും. നാലുമണിക്കു തന്നെ നട തുറക്കും. അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നു തുടങ്ങുന്നു.
ഇനി നാലമ്പലദര്‍ശനത്തിനായുള്ള യാത്ര തുടങ്ങാം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തിലെ ഹനുമല്‍ സങ്കല്‍പ്പത്തില്‍ തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം.  തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ അയ്യപ്പ പ്രതിഷ്ഠയും. സര്‍വലോകനാഥനും സര്‍വരോഗ നിവാരണനും സര്‍വ വിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വ ക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് പോവാം.

*കൂടല്‍മാണിക്യത്തില്‍ ഭരതന്‍*
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്രയാറില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്‌കാരിക കേന്ദ്രം.
ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുട ക്ഷേത്രം ഭക്തര്‍ക്ക് പുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗാ യമുനാ സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവന്‍മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹ പ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നും ഭക്തര്‍ കരുതുന്നു. ഭഗവാനും പിതൃക്കള്‍ക്കും വേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെയ്ക്കുന്നതിനു പുറമെ ഈ തീര്‍ഥക്കുളവും വലംവെയ്ക്കണം. കൂത്തമ്പലവും, ക്ഷേത്രത്തിനു ചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.
 വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ്  ക്ഷേത്രത്തില്‍. ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്ന് കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം.
ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങാ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വിശേഷ വഴിപാടുകളാണ്.
ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.

*മൂഴിക്കുളത്താണ് ലക്ഷ്മണന്‍*
ഇനി ലക്ഷ്മണ സന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്താണീ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ട് നിന്നും വലത്തോട്ട് പുത്തന്‍ചിറ വഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ട് തിരിഞ്ഞാല്‍ മൂഴിക്കുളമായി.
മൊത്തം ഇരിങ്ങാലക്കുടയില്‍ നിന്ന് 31 കിലോമീറ്റര്‍.  നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മധ്യഭാഗത്തായി വ്യാളികള്‍ കാവല്‍ നില്‍ക്കുന്ന, വിളക്കുമാടത്തോടു കൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേ നടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാര മണ്ഡപം. തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടു നിലയില്‍ ചെമ്പുമേഞ്ഞ വട്ട ശ്രീകോവില്‍. ഒരേ ശ്രീകോവിലില്‍ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയില്‍ ഗോശാലകൃഷ്ണന്‍. തെക്കു കിഴക്കു ഭാഗത്ത് കൂത്തമ്പലവും. കിഴക്കേ നടയില്‍ വലിയമ്പലത്തില്‍ കൂടി നാലമ്പലത്തില്‍ പ്രവേശിച്ച് മണ്ഡപത്തിന്റെ ഇടതുഭാഗത്തു കൂടി നടയില്‍ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിക്കുക.
തെക്കേ നടയില്‍ശ്രീഗണപതി,ദക്ഷിണാമൂര്‍ത്തി,ശ്രീരാമ,സീത,ഹനുമാന്‍മാരേയും വന്ദിക്കുക. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീര്‍ഥവും പ്രസാദവും വാങ്ങുക. മാതൃക്കല്ലിനു പുറമേക്കൂടി വന്ന് ഗണപതി, ഭഗവതി, ശാസ്താവ് എന്നീ ദേവന്‍മാരെ തൊഴുത് പടിഞ്ഞാറേ നടയിലൂടെ മതില്‍ക്കകത്തേക്കിറങ്ങുക.
പ്രദക്ഷിണമായി വന്ന് ഗോശാലകൃഷ്ണനെ തൊഴുക. ക്ഷേത്രത്തിനു പ്രദക്ഷിണമായി കിഴക്കേനടയില്‍ വന്ന് കൊടിമരത്തിന്റെ പുറമേക്കൂടി വലിയ ബലിക്കല്ലിന്റെ ഇടതുഭാഗം വഴി നടയില്‍ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് വലതുവശത്തു കൂടി ഇറങ്ങുക. കൊടിമരം തൊട്ടുതൊഴരുത്..

*പായമ്മല്‍ ശത്രുഘ്‌ന സന്നിധി*
ഇനി ശത്രുഘ്‌ന സന്നിധിയിലേക്ക്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ വഴിയില്‍ വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്തു നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്.  അന്നമനടയ്ക്ക് 7 കി.മീ, അവിടെ നിന്ന് വലിയപറമ്പിലേക്ക് 5 കി.മീ. മാളയ്ക്ക് 3 കി.മീ, വെള്ളാങ്ങല്ലൂരിലെത്തുമ്പോള്‍ 12 കിലോമീറ്ററു കൂടി. 3 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ അരീപ്പാലമായി. ഒലിപ്പുക്കുഴ പാലത്തിലേക്ക് 2 കിലോമീറ്റര്‍ കൂടി, അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ്  ഒരു 800 മീറ്റര്‍ കൂടി പിന്നിട്ടാല്‍ പായമ്മലപ്പന്റെ സന്നിധിയായി.
 കരിങ്കല്ലില്‍ കൊത്തിയെടുത്ത ശ്രീകോവില്‍ ചതുരാകൃതിയിലാണ്. ശ്രീകോവിലില്‍ ശാന്തസ്വരൂപിയായ ശത്രുഘ്‌നസ്വാമി മാത്രം. ശംഖ ചക്ര ഗദാപത്മങ്ങളില്ലാത്ത ചതുര്‍ബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്കുപടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതി ഭഗവാനും. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സാന്നിധ്യവുമുണ്ട്. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദര്‍ശന പുഷ്പാഞ്ജലി. സുദര്‍ശനചക്ര സമര്‍പ്പണവും പ്രധാനമാണ്.  ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
➖➖➖➖➖➖➖➖➖➖➖➖➖


മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന്‌ +966534065218 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും  അയക്കുക
( നിബന്തനകൾക്കു വിധേയം  )

                 ©
                2018
         My God.com
A  Global Hindu Heritage Foundation

Saturday, March 24, 2018

ശ്രീരാമ നവമി

ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമിയാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ കൌസല്യാദേവിയുടെ പുത്രനായി അയോധ്യയില്‍ അവതാരം ചെയ്തത്. അതിനാല്‍ ഈ ദിവസം ശ്രീരാമനവമി എന്ന് അറിയപ്പെടുന്നു. ഭാരതത്തിലെ എല്ലാ ഭാഗത്തും  ശ്രീരാമ നവമി ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആഘോഷിച്ചു വരുന്നു.


ശ്രീരാമന്റെ ജനന മുഹൂര്‍ത്തത്തെ പറ്റി അധ്യാത്മ രാമായണത്തില്‍ ഇപ്രകാരം പറയുന്നു.

ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്നകാലത്തിങ്ക

ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍

നക്ഷത്രം പുനര്‍വസു നവമിയല്ലോതിഥി

നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി

കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ

അര്‍ക്കനുമത്യുച്ചസ്ഥനുദയംകര്‍ക്കടകം

അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗ്ഗവന്‍ മീനത്തിലും

വക്രനുമുച്ചസ്ഥനായ്മകരംരാശിതന്നില്‍

നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍

ദിക്കുകളൊക്കെപ്രസാദിച്ചിതുദേവകളും

കര്‍ക്കടക ലഗ്നത്തില്‍ പുനര്‍വസു (പുണര്‍തം) നക്ഷത്രത്തില്‍ പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥാനത്തും സൂര്യന്‍ മേടരാശിയിലും നിന്ന ദിനത്തിലാണു ഭഗവാന്‍ ശ്രീരാമന്‍ കൗസല്യാത്മജനായി അയോദ്ധ്യയില്‍ അവതരിച്ചത്.

അങ്ങനെയുള്ളതായ പുണ്യദിനമായ ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുകയും ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തുന്നതും രാമായണത്തിലെ ശ്രീരാമാവതാരഭാഗം ഭക്തി പൂര്‍വ്വം പാരായണം ചെയ്യുന്നതും അങ്ങേയറ്റം പുണ്യദായകവും ഐശ്വര്യാഭിവൃധികരവും ആകുന്നു.

ശ്രീരാമനവമി വ്രതം

തലേന്ന് അഷ്ടമി ദിനത്തില്‍ ഒരിക്കലൂണ്. ഒരിക്കലൂണ്. നവമി ദിനത്തില്‍ ഉച്ച വരെ ഉപവാസം അനുഷ്ടിക്കണം. പുലര്‍ച്ചെ രാമക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ ദര്‍ശനം നടത്തണം.  രാമായണത്തിലെ അവതാര ഭാഗം, ശ്രീരാമ അഷ്ടോത്തരം, രാമചരിതമാനസം മുതലായവ പാരായണം ചെയ്യണം.  പാരായണ ശേഷം  ഭഗവാന്റെ പ്രതിമയിലോ ചിത്രത്തിലോ ആരതി നടത്താം. മദ്ധ്യാഹ്നം വരെ പൂര്‍ണ്ണ ഉപവാസം അനുഷ്ടിച്ച്   ഉച്ചയ്ക്ക് അരി ആഹാരം കഴിക്കാം. ഭഗവാന്റെ ജന്മ ദിനമാകയാല്‍ വിശേഷ വിഭവങ്ങളും മധുരവും ഒക്കെ ആകാം. വൈകുന്നേരം സമൂഹ ആരതി, ഭജന എന്നിവയിലൊക്കെ പങ്കു കൊള്ളുക. കുടുംബ സുഖം, ആഗ്രഹ സാഫല്യം, ധനൈശ്വര്യം എന്നിവ ഫലമാകുന്നു. അവതാര വിഷ്ണു ബുധന്റെ ദേവതയാകയാല്‍ ജാതകത്തില്‍ ബുധന്റെ മൌഡ്യം, നീചസ്ഥിതി, അനിഷ്ട സ്ഥിതി എന്നിവ മൂലം വരുന്ന വിദ്യാ തടസ്സത്തിനും അലസതയ്ക്കും ഭാഗ്യലോപത്തിനും പരിഹാരമായി വിദ്യാര്‍ഥികള്‍  ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുന്നത് ഉത്തമമാകുന്നു.

Saturday, April 1, 2017

എന്ത് കൊണ്ട് രാമൻ ആദര്ശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി?


എന്ത് കൊണ്ട് ഭാരതം ഇപ്പോഴും രാമരാജ്യത്തെ കുറിച്ച് സ്വപ്നം കാണുന്നു?

മകനായിരുന്നപ്പോൾ മകന്റെ കടമയും, ഭർത്താവായിരുന്നപ്പോൾ ഭർത്താവിന്റെ ഉത്തരവാദിത്തവും രാജാവായിരുന്നപ്പോൾ രാജാവിന്റെ ധർമവും യഥോചിതം നിർവഹിച്ചത് കൊണ്ടാണ് ശ്രീരാമൻ, ആദർശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി, ശ്രീരാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടത്. 

മകന്റെ കടമ നിർവഹിച്ച ശ്രീരാമൻ


സിംഹാസനാരോഹനത്തിന്റെ തലേന്ന് അച്ഛൻ കൊടുത്ത വര പ്രകാരം വാക്ക് പാലിക്കുന്നതിനായി, വനവാസത്തിന്‌ പോകുവാൻ തയാറായ ശ്രീരാമനെ തടയുന്ന മാതാവ് കൌസല്യയോടു അദ്ദേഹം പറഞ്ഞു..

"പിതൃ വാക്യം സമതിക്രമിതും ശക്തി: മമ അസ്തിനാ അഹം:
വനം ഗന്തും ഇശ്ചാമി ത്വം ശിരസാ പ്രസാദയേ : "

പിതാവിന്റെ ആജ്ഞയെ ഉല്ലംഘിച്ച് നടക്കാനുള്ള അധികാരം എനിക്കില്ല. ഞാൻ കാട്ടിലേക്ക് പോകാൻ തയ്യാറായി കഴിഞ്ഞു. അമ്മെ, എന്നെ അനുഗ്രഹിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു.

സിംഹാസനാവരോഹണത്തിന്റെ തലേ ദിവസമാണ്, ശ്രീരാമനോട് പറയുന്നത് നിനക്ക് സിംഹാസനമല്ല തരുന്നത് മറിച്ച് വനവാസമാണ്. അത് കൊണ്ട് പോകുക കാട്ടിലേക്കെന്ന്. കയ്യകലത്തിലെത്തിയ കനകസിംഹാസനത്തെ തള്ളിമാറ്റി കൊണ്ട്, അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനായി യാതൊരു വൈമനസ്യവും കൂടാതെ മരവുരി ധരിച്ച് വനത്തിലേക്ക് യാത്രയായി. ഇവിടെ ഒരു മകന്റെ യതാർത്ഥ ധർമ്മമാണ് ശ്രീരാമൻ പാലിച്ചത്.

ഭർത്താവായ ശ്രീരാമൻ

വനവാസത്തിനിടക്ക് രാവണനാൽ കടത്തിക്കൊണ്ടു പോകപ്പെട്ട സീതയെ ഓർത്ത്‌ പൊട്ടിക്കരയുന്ന ശ്രീരാമനെ കാണുവാൻ സാധിക്കും, രാമായണത്തിൽ. ആ സമയം ശ്രീരാമൻ ഭാര്യാ വിരഹത്താൽ ഹൃദയം തകർന്ന ഒരു ഭര്ത്താവ് മാത്രമായിരുന്നു.

"ഹാ പ്രിയേ ഇതി തു ബഹുശ: വിചു ക്രോശ: "

ഹാ പ്രിയേ എന്ന് വിളിച്ച് കൊണ്ട് പലവട്ടം ഉറക്കെ കരഞ്ഞു..

"ഹാ മമ ആര്യേ: സ്വാധീ വര വർണിനീ ക്വ യാതാ അസി: ഹാ:

ഹാ, എന്റെ പ്രേമ പാത്രമായ പതിവ്രതയായ സ്ത്രീ രത്നമേ, നീ എങ്ങാനു പോയിരിക്കുന്നത്? അയ്യോ ഞാൻ പിടയുന്നുവല്ലോ.. എന്നിങ്ങനെ കരഞ്ഞു പറഞ്ഞു കൊണ്ട് പുല്ലിനോടും പൂക്കളോടും നടിയോടും മാനിനോടും തന്റെ ഭാര്യയെ കണ്ടോ എന്ന് ചോദിച്ചു വിലപിച്ചു നടന്നപ്പോൾ, ഈ ഭൂലോകത്തെ തന്നെ തന്റെ ഒരു ഞാണൊലിയാൽ വിറപ്പിക്കുന്ന
ശ്രീരാമാനെയല്ല കാണുവാൻ സാധിക്കുന്നത്, മറിച്ച് വെറും ഒരു സാധാരണ മനുഷ്യനായി, ഭാര്യാ വിരഹാർത്തനായ ഭർത്താവിനെയാണ്.

രാജാവായ ശ്രീരാമൻ

രാവണ നിഗ്രഹവും കഴിഞ്ഞ്, സീതയെ വീണ്ടെടുത്ത്, അയോദ്ധ്യയിൽ തിരികെ ചെന്ന് പട്ടാഭിഷേകവും കഴിഞ്ഞു ശ്രീരാമൻ വളരെക്കാലം രാജ്യം ഭരിച്ചു. അക്കാലത്തെ ഭരണത്തെ കുറിച്ച് രാമായണം ഇങ്ങനെ പറയുന്നു...

"രാമേ രാജ്യം പ്രശാസതി
വിധവാ ന പര്യദേവൻ
വ്യാളകൃതം ഭയം ച ന
വ്യാധിജം ഭയം അപി
വാ ന ആസിത്: "

ശ്രീരാമൻ രാജ്യം ഭരിച്ചിരുന്ന സമയത്ത് സ്ത്രീകള് വൈധവ്യ ദുഃഖം അനുഭവിക്കുക ഉണ്ടായില്ല. ദുഷ്ട ജന്തുക്കളെ കൊണ്ടുള്ള ഭയം തന്നെ ഉണ്ടായില്ല. രോഗങ്ങളും ഉണ്ടായില്ല. കള്ളന്മാർ ഉണ്ടായിരുന്നില്ല. അനർത്ഥം ആരെയും സ്പർശ്ശിച്ചിരുന്നില്ല. വൃദ്ധന്മാർ ബാലന്മാരുടെ പ്രേത കൃത്യങ്ങൾ ചെയ്യേണ്ടിയും വന്നില്ല. എല്ലാവരും സന്തുഷ്ടരായി, എല്ലാവരും ധർമത്തിന് അനുസൃതമായി ജീവിച്ചു. ആരും ആരെയും ഹിംസിച്ചില്ല. എല്ലാവരും സന്തുഷ്ടരായി വസിച്ചു. പ്രായമായവരും പണ്ഡിതരും നാസ്തികരും സമസന്തുഷ്ടരായി കാണപ്പെട്ടു. മഴ യഥാകാലം പെയ്തു, വൃക്ഷങ്ങൾ സമയാസമയം പൂവിട്ടു, കായ്ച്ചു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും അവരവരുടെ തൊഴിലുകൾ ചെയ്തു കൊണ്ട് സംതൃപ്തരായി ഭവിച്ചു. പ്രജകൾ എല്ലാം ധർമ തല്പരരായി, കളവു പറയുന്നവർ ഉണ്ടായിരുന്നില്ല. സകല വിധ സമ്പത്തോടും കൂടി സദാചാര യുക്തരായും ജനങ്ങൾ ജീവിച്ചു. അദ്ദേഹത്തിൻറെ ഭരണ കാലത്ത് ജനങ്ങൾക്കെല്ലാം ശ്രീരാമൻ, ശ്രീരാമൻ എന്നൊരു നാമം മാത്രമേ നാവിൽ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ലോകം ശ്രീരാമമയമായി ഭവിച്ചു. രാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടു.

ഇങ്ങനെ സമസ്ത ജനങ്ങളും ആരോഗ ദൃഡഗാത്രരും സന്തുഷ്ടരും സമഭാവനയുമുള്ളവർ ആയിരുന്നത് കൊണ്ടാണ് ആ രാമരാജ്യവും ശ്രീരാമനും ആ ചന്ദ്രതാരം നില നിൽക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്, ഇപ്പോഴും ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതും. മാത്രമല്ല, ഇങ്ങനെയുള്ള ഒരു രാജ്യമല്ലേ ഏതൊരു ജനങ്ങളുടെയും രാജ്യങ്ങളുടെയും സ്വപ്നം ആകേണ്ടതും?

അത് കൊണ്ട് ഒരിക്കൽ കൂടി ശ്രീരാമനെ അറിയാം, രാമരാജ്യം സ്വപ്നം കാണാം.

രാമായണ മാഹാത്മ്യം

ഭാരതത്തിന്‍റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം. രാമന്‍റെ യാത്ര എന്നാണ് രാമായണത്തിന്‍റെ അര്‍ത്ഥം.വാത്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് രാമായണം ആദ്യമകാവ്യം എന്നും അറിയപ്പെടുന്നു. ധാര്‍മിക മൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനെയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥകളിലൂടെ ധര്‍മ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത്
വാത്മീകി മഹര്‍ഷിയുടെ കഥ: തമസാ നദിക്കരയില്‍ ഒരു കള്ളന്‍ വസിച്ചിരുന്നു. അത് വഴി പോകുന്ന ആളുകളെ കത്തി കാട്ടി കൊള്ളയടിക്കുക എന്നത് ആളുടെ വിനോദമായിരുന്നു. ഒരിക്കല്‍ ഒരു മുനിശ്രേഷ്ഠന്‍ അതുവഴി വരാനിടയായി. കള്ളന്‍ മുനിയുടെ മുന്‍പില്‍ കത്തിയുമായി ചാടി വീണു. കയ്യില്‍ ഉള്ളതെല്ലാം എടുക്കുവാന്‍ ആവശ്യപ്പെട്ടു..അപ്പോള്‍ മഹര്‍ഷി ചോദിച്ചു. ആര്‍ക്കു വേണ്ടിയാണു താങ്കള്‍ കൊള്ളയടിക്കുന്നത്‌. എന്‍റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടിയാണെന്നായിരുന്നു മറുപടി..മഹര്‍ഷി വീണ്ടും ചോദിച്ചു..താങ്കള്‍ കൊള്ളയടിക്കുന്നതിന്‍റെ ഒരു പങ്ക് ഭാര്യക്കും മക്കള്‍ക്കും കൊടുക്കുന്നുണ്ടെങ്കില്‍ താങ്കള്‍ ചെയ്യുന്ന പാപത്തിന്‍റെ പങ്ക് അവര്‍ അനുഭവിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചു വരാന്‍ കള്ളനോട് ആവശ്യപ്പെട്ടു..ചോദിച്ചു വരുന്നത് വരെ ഞാന്‍ ഈ നദിക്കരയില്‍ ഉണ്ടാകും എന്ന് മഹര്‍ഷി ഉറപ്പും നല്‍കി.കള്ളന്‍ ഭാര്യയോടും മക്കളോടും ചോദിക്കാന്‍ വേണ്ടി പോയി.കുറച്ചു സമയത്തിന് ശേഷം കള്ളന്‍ തിരികെയെത്തി.മഹര്‍ഷി ചോദിച്ചു.എന്ത് പറ്റി ?..താങ്കള്‍ ചോദിച്ചുവോ ? . ഞാന്‍ ചോദിച്ചപ്പോള്‍ " താന്‍ ചെയ്യുന്ന പാപത്തിന്‍റെ ഫലം താന്‍ തന്നെ അനുഭവിക്കണം" എന്നായിരുന്നു അവരുടെ മറുപടി എന്ന് പറഞ്ഞു കൊണ്ട് കള്ളന്‍ മഹര്‍ഷിയോട് താന്‍ ചെയ്ത പാപത്തിനു പ്രായശ്ചിത്തം ചെയ്യാന്‍ അനുവദിക്കണന്നപേഷിച്ചു കൊണ്ട് മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണു. ദയ തോന്നിയ മഹര്‍ഷി കള്ളനോട് നദിക്കരയില്‍ ഉള്ള രണ്ടു മരങ്ങള്‍ക്കിടയില്‍ ഇരുന്നു കൊണ്ട് ഞാന്‍ തിരികെ വരുന്നത് വരെ ആ മരം, ആ മരം എന്ന് ചൊല്ലുവാന്‍ ആവശ്യപ്പെട്ടു..മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട കള്ളന്‍ അതനുസരിച്ച് ആ രണ്ടു മരങ്ങള്‍ക്കിടയില്‍ ഇരുന്നു കൊണ്ട് ആ മരം ആ മരം എന്ന് ചൊല്ലുവാന്‍ ആരംഭിച്ചു..വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആ കള്ളനെ ചിതല്‍പ്പുറ്റ് മൂടി.
വര്‍ഷങ്ങള്‍ക്കു ശേഷം സപ്തര്‍ഷികള്‍ അതു വഴി വരികയുണ്ടായി..അപ്പോള്‍ സമീപത്തുള്ള ചിതല്‍ പുറ്റില്‍ നിന്നും രാമ രാമ എന്ന് മന്ത്രിക്കുന്നത് കേട്ട മഹര്‍ഷികള്‍ ചിതല്‍പുറ്റ് പൊളിച്ചു ആദ്യേഹത്തെ മോചിപ്പിച്ചു. കാര്യങ്ങള്‍ ആരാഞ്ഞ മഹര്‍ഷിമാരോട് ആദ്യേഹം നടന്നതെല്ലാം അറിയിച്ചു. എല്ലാം കേട്ട മഹര്‍ഷിമാര്‍ ചിതല്‍ പുറ്റിനാല്‍ മൂടപ്പെട്ടിരുന്നത് കൊണ്ട് ആദ്യേഹത്തിനു വാത്മീകി എന്ന് നാമകരണം ചെയ്തു. നദിക്കരയില്‍ നിന്നും കുറച്ചു മാറി ഒരു ആശ്രമം പണിതു കൊടുത്ത് അവിടെ വസിക്കുവാന്‍ ആവശ്യപ്പെട്ടു.

ഐതീഹ്യം
:
രാമായണം രചിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള ഐതീഹ്യം അനുസരിച്ച് വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിരുന്നു വന്ന നാരദ മുനിയോട് വാത്മീകി മഹര്‍ഷി ചോദിച്ചു. ഈ ലോകത്തില്‍ സത്യനിഷ്ഠ , ക്ഷമ, ധൈര്യം, സൗന്ദര്യം,അജയ്യത,ശീലഗുണം എന്നീ ഗുണങ്ങള്‍ അടങ്ങിയ ഏതെങ്കിലും മനുഷ്യന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി നാരദന്‍ വാത്മീകിക്ക് പറഞ്ഞ് കൊടുത്ത കഥയാണ് രാമകഥ. എല്ലാ ഗുണങ്ങളും ഒരു മനുഷ്യനില്‍ സമ്മേളിക്കുക എന്നത് അസംഭവ്യമാണ്.എന്നാല്‍ ഏറെക്കുറെ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥ മഹാരാജാവിന്‍റെ മൂത്ത മകന്‍ രാമനാനെന്നും, തുടര്‍ന്ന് രാമകഥ വിശദമായി നാരദന്‍ വാത്മീകിക്ക്‌ പറഞ്ഞു കൊടുക്കുകയും ചെയ്തു.
പിന്നീടൊരിക്കല്‍ ശിഷ്യന്മാരുമൊത്ത് വാത്മീകി മഹര്‍ഷി തമസാ നദിയില്‍ സ്നാനത്തിനു പോകുകയായിരുന്നു. വഴിയില്‍ ഒരു വേടന്‍ ആണ്‍ പക്ഷിയെ അമ്പ് എയ്തു വീഴ്ത്തുന്നത് കണ്ടു. ഇതുപോലെ ഉള്ള സംഭവങ്ങള്‍ ദിവസേന കാണാറുണ്ടെങ്കിലും നാരദ മുനി പറഞ്ഞ രാമകഥ വാത്മീകിയെ വളരെയധികം സ്വാധീനിച്ചതിനാല്‍ ആണ്‍ പക്ഷിയുടെ ദാരുണമായ അന്ത്യവും പെണ്‍പക്ഷിയുടെ വിലാപവും ചേര്‍ന്നുള്ള ആ കാഴ്ച മഹര്‍ഷിയുടെ മനസലിയിച്ചു. മനസ്സില്‍ ഉണ്ടായ വികാരം ശ്ലോക രൂപേണ പുറത്തു വന്നു..ശ്ലോകം ചൊല്ലിതീര്‍ന്നതും ബ്രഹ്മാവ് അവിടെ പ്രക്ത്യക്ഷ്നായി വാത്മീകിയോട് രാമകഥ മുഴുവനായി എഴുതുവാന്‍ ആവശ്യപ്പെട്ടു എന്നാണ് ഐതീഹ്യം.

ഇരുപതിനായിരം ശ്ലോകം, അഞ്ഞൂറ് അദ്ധ്യായങ്ങള്‍ രാമായണത്തില്‍ ഉണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ് കാണ്ഡങ്ങളില്‍ ആണ് ഇപ്പോഴത്തെ രാമായണം എഴുതപ്പെട്ടിരിക്കുന്നത്. ഇതില്‍ ബാലകാണ്ഡവും , ഉത്തരകാണ്ഡവും വാത്മീകി എഴുതിയതല്ല പില്‍ക്കാലത്ത് കൂട്ടി ചേര്‍ക്കപ്പെട്ടതാണെന്നും പറയപ്പെടുന്നു..


കര്‍ക്കിടകവും രാമായണവും...
കര്‍ക്കിടക മാസം രാമയണ മാസം എന്നാണ് അറിയപ്പെടുന്നത്. കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം നടത്തപ്പെടുന്നു .ഇതു മാസത്തിന്‍റെ മഹിമയെ അല്ല രാമായണം എന്ന മഹത്തായ ഗ്രന്ഥത്തിന്‍റെ മഹിമയായി കണക്കാക്കപ്പെടുന്നു. രാമായണ മാസാചരണം നടത്തുന്നത് രാമന്‍ ജനിച്ചത്‌ കര്‍ക്കിടക മാസത്തില്‍ ആയതുകൊണ്ടാണെന്നും , മാത്രമല്ല കര്‍ക്കിടക മാസത്തില്‍ സൂര്യന്‍ ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്ക് മാറുമ്പോള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംസ്കാരത്തിന്‍റെ ഭാഗമായി മനുഷ്യ മനസിനും, ശരീരത്തിനും വ്യഥകള്‍, വ്യാധികള്‍ മുതലായവ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാലും, രാമായണ പാരായണം മനസിന്‌ ദൃഡതയും, ശക്തിയും, ഭക്തിയും ,ഉന്മേഷവും ഉണ്ടാക്കുന്നു..ഭക്തിയിലൂടെ മനസിന്‍റെ വ്യഥകള്‍ മാറ്റാന്‍ രാമായണ പാരായണം ഉപകരിക്കുന്നു..അതുപോലെ ശരീരത്തില്‍ ഉണ്ടാകുന്ന വ്യാധികള്‍ മാറ്റുന്നതിനായി ആയുര്‍വേദ ചികിത്സകളും, പ്രകൃതി ചികിത്സകളും കര്‍ക്കിടകമാസത്തില്‍ ആണ് നടത്തപ്പെടുന്നത്..(ശാസ്ത്രം).
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ എഴുതിയ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് മലയാളത്തില്‍ പ്രചുര പ്രചാരം നേടിയ ഗ്രന്ഥം ആണ്. ദിവസേന കുറച്ചു നേരമെങ്കിലും രാമായണം പാരായണം ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന മനുഷ്യര്‍ വര്‍ഷത്തില്‍ ഒരു മാസമെങ്കിലും രാമായണം വായിച്ചു കഥയോടൊപ്പം ധാര്‍മികതയുടെ മൂല്യം മനസിലാക്കി അത് പ്രവര്‍ത്തിയില്‍ വരുത്തി രാമനെപ്പോലെ നല്ലവനായി ജീവിക്കാന്‍ ശ്രമിക്കുക എന്നതാണ് രാമായണം നമ്മളെ പഠിപ്പിക്കുന്നത്‌ ....
(ഇവിടെ കൊടുത്തിരിക്കുന്ന കഥകള്‍ ഞാന്‍ പുസ്തകങ്ങളിലൂടെയും മറ്റു വഴികളിലൂടെയും അറിഞ്ഞതാണ് ..അതിനാല്‍ തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകാന്‍ സാദ്യത ഉണ്ട്..സദയം ക്ഷമിക്കുക.)

Tuesday, November 1, 2016

നരസിംഹ മൂര്‍ത്തിയും മഹാ നരസിംഹ മന്ത്രവും യന്ത്രവും


ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാര്‍ എല്ലാവരും. അവര്‍ക്കെല്ലാം ശത്രുവില്‍ നിന്ന് മോചനം നല്‍കിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നന്മ – തിന്മകളുടെ ഏറ്റുമുട്ടലാണ് പ്രതിപാദിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തതെന്നാണ് ഭാഗവതത്തിൽ പറയുന്നത് .പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത.

സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത് ,ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്,ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് തുടങ്ങിയ വരങ്ങള്‍ സമ്പാദിച്ചു. വരബലത്തിന്റെ അഹന്തയിൽ ലോകങ്ങളെല്ലാം തന്റെ കാൽക്കീഴിലാക്കിയ അസുര ചക്രവർത്തിയായിത്തിര്‍ന്നു ഹിരണ്യകശിപു. അദ്ദേഹത്തിൻറെ മകനായ പ്രഹ്ലാദൻ തികഞ്ഞ വിഷ്ണു ഭക്തനായിരുന്നു. തന്റെ ശത്രുവായ വിഷ്ണുവിനെ ഭജിക്കരുതെന്ന് ഹിരണ്യകശിപു പ്രഹ്ലാദനോട് കൽപ്പിച്ചിരുന്നു. എന്നാൽ പ്രഹ്ലാദൻ തന്റെ ഭക്തിയിൽ നിന്നും തെല്ലും പിന്നോട്ടു പോയില്ല.

പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു പലരീതിയിൽ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ അസുരൻ ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. എന്റെ വിഷ്ണു തൂണിലും തുരുമ്പിലും അങ്ങയിലും എന്നിലും, എല്ലാവരിലും എല്ലായിടത്തുമുണ്ട് എന്ന് പ്രഹ്ലാദന്‍ മറുപടി നല്‍കി. എങ്കിൽ തൂണിലിരിക്കുന്ന വിഷ്ണു നിന്നെ രക്ഷിക്കട്ടെ എന്നാക്രോശിച്ച് കൊണ്ട് ഹിരണ്യകശിപു തന്റെ രാജധാനിക്കുള്ളിലെ തൂണില്‍ ആഞ്ഞ് മര്‍ദ്ധിച്ചു. ഉടന്‍ തന്നെ ആ തൂണ് പിളര്‍ന്ന് ഉള്ളില്‍ നിന്ന് ഉഗ്രരൂപിയായ നരസിംഹ മൂര്‍ത്തി പുറത്തുവരികയായിരുന്നു.

ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം സംഭവിക്കുകയും സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു എന്നാണ് പുരാണങ്ങൾ പറയുന്നത്. ഭക്തരെ ദുരിതക്കടലിൽ നിന്ന് മോചിപ്പിക്കാൻ ഏത് ഉപായത്തിലൂടെയും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്. ഭഗവാന്‍ വിഷ്ണു നരസിംഹാവതാരം എടുത്ത ദിവസം ഭാരതത്തിലെ ഹിന്ദുക്കള്‍ നരസിംഹ ജയന്തിയായി ആചരിച്ചു വരുന്നു. ഇന്നാണ് നരസിംഹ ജയന്തി.

നരസിംഹമൂർത്തി ധ്യാനം

ഛന്ദസ്സ് :ബ്രഹ്മാ ഋഷിഃ, പംക്തിച്ഛന്ദഃ, നരസിംഹോ ദേവതാ

ധ്യാനം : കോപാദാലോല ജിഹ്വം വിവൃതനിജമുഖം
സോമസൂര്യാഗ്നി നേത്രം
പാദാദാനാഭിരക്തപ്രഭമുപരി സിതം
ഭിന്നദൈത്യേന്ദ്രഗാത്രം
ചക്രം ശംഖം സപാശാങ്കുശകുലിശഗദാ-
ദാരുണാന്യുദ്വഹന്തം
ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ-
കൽപ്പമീഡേ നൃസിംഹം.

ഈ ഭാവത്തിൽ ഭഗവാനെ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാർത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിച്ചുപോകുന്നതാണ്. കുളിച്ച് ദേഹശുദ്ധിയോടെ പലകമേലിരുന്ന് ധ്യാനിക്കണം.

മഹാ നരസിംഹ മന്ത്രം അഥവാ നൃസിംഹാനുഷ്ടുപ്പ് മന്ത്രം

ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം

ഇത് ദിവസവും ജപിക്കുന്നത് ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനം നല്‍കും

നരസിംഹ യന്ത്രം

ശത്രുസംഹാരിയും ഭക്തരക്ഷകനുമായ നരസിംഹദേവന്റെ അത്ഭുതചൈതന്യം നിറഞ്ഞ യന്ത്രമാണ് നരസിംഹ യന്ത്രം. ഇത് യഥാവിധി രചിച്ച് നിഷ്ഠയോടെ ധരിച്ചാൽ ഏത് കൊടിയ ശത്രുദോഷവും മാറിക്കിട്ടുന്നതാണ്.യന്ത്രനിർമ്മിതി ശാസ്ത്രങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്.

ഹൃല്ലേഖാന്തസ്ഥ സാധ്യം, തദനുച മനുവർ-
ണ്ണാക്ഷരം കോണഷൾകേ,
യുക്തം വേദാക്ഷരൈസ്തന്നരഹരിമനുന-
സ്യാത് കലാകേസരം ച.
വൃത്തോദ്യദ്വ്യഞ്ജനാവേഷ്ടിത, മവനിപുരാ-
ന്തസ്ഥ ചിന്തോപലം ത-
ദ്യന്ത്രം രക്ഷഃ പിശാചാമയവിഷരിപുവി-
ധ്വംസനം നരസിഹം

യന്ത്രരചന:
വൃത്തം, ഷൾക്കോണ്, അഷ്ടദളം, ഒരു വീഥീവൃത്തം, ഭൂപുരം ഇപ്രകാരം യന്ത്രം വരക്കുക.

മന്ത്രലേഖനം :
വൃത്തമധ്യത്തിൽ ‘ഹ്രീം’ എന്ന ഭുവനേശ്വരിയും അതിന്റെ ഉള്ളിൽ സാധ്യനാമവും ഷൾക്കോണുകളിൽ ഓരോന്നിലും ‘ആം ഹ്രീം ക്ഷ്റഔം ക്രോം ഹും ഫട് ‘ എന്ന നരസിംഹ ഷഡക്ഷര മന്ത്രം ഓരോ അക്ഷരം വീതവും അഷ്ടദളത്തിൽ നൃസിംഹാനുഷ്ടുപ്പ് മന്ത്രം നന്നാലക്ഷരം വീതവും കേസരത്തിൽ ഈ രണ്ട് അച്ചുകളും വീഥീവൃത്തത്തിൽ ഹല്ലുകളും ഭൂപുരകോണുകളിൽ ‘ക്ഷ്റമ്യൂം’ എന്ന ചിന്താമണി മന്ത്രവും എഴുതണം.

യന്ത്രഫലം

ഈ നരസിംഹയന്ത്രം യഥാവിധി പൂജ ചെയ്ത് കഴുത്തിൽ ധരിച്ചെന്നാൽ ഏഴ് നാളുകൾക്കുള്ളിൽ തന്നെ ശത്രുദോഷങ്ങൾ ഇല്ലാതാകുന്നതാണ്. രക്ഷസ്സുകളിൽ നിന്നുള്ള ഉപദ്രവങ്ങൾ, പിശാചുബാധ, ആഭിചാരം മൂലമുള്ള രോഗങ്ങൾ, ശത്രുഭയം മുതലായവ മാറുന്നതാണ്. കുട്ടികൾക്ക് വിളിദോഷംമൂലമുണ്ടാകുന്ന പഠന വൈകല്യങ്ങൾക്കും ബിസിനസ്സുകാർക്ക് കണ്ണുദോഷംമൂലമുണ്ടാകുന്ന കച്ചവട പരാജയത്തിനും ഉത്തമ പ്രതിവിധിയാണ് നരസിംഹയന്ത്രം.

യന്ത്രപരിപാലനം

1. വിഷ്ണുഭക്തനും വിഷ്ണു-നരസിംഹപൂജകൾ അറിയുന്ന ആളുമാകണം ഈ യന്ത്രം തയ്യാറാക്കേണ്ടത്.
2. യന്ത്രവിധികൾ എല്ലാം പാലിക്കണം. സ്വന്തം സൗകര്യത്തിനുവേണ്ടി യന്ത്രനിർമ്മാണ ദിവസങ്ങളുടെ എണ്ണവും മന്ത്രലോപവു വരുത്തരുതെന്ന് സാരം.
3. ഇതുധരിച്ച് ഇരുപത്തിയൊന്നു നാളുകൾ മത്സ്യമാംസാദികൾ അരുത്.
4. ഈ യന്ത്രം ധരിച്ചുകൊണ്ട് അന്യർക്ക് ദ്രോഹകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
5. യന്ത്രം തയ്യാർ ചെയ്തു തരുന്ന കർമ്മിയുടെ നിയമങ്ങളെ ഗുരുവിന്റെ വാക്കുകളായി കരുതി അനുസരിക്കണം.
6. മറ്റു യന്ത്രങ്ങൾക്കൊപ്പം ഈ യന്ത്രം ധരിക്കാൻ പാടില്ല.
7. നരസിംഹയന്ത്രം അരയിൽ ധരിക്കരുത്.