Showing posts with label ഭഗവത്ഗീത. Show all posts
Showing posts with label ഭഗവത്ഗീത. Show all posts

Monday, October 2, 2017

ഓം ഗീതാധ്യാനം

പാ‍ര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം

ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.

നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ ഫുല്ലാരവിന്ദായതപത്രനേത്ര യേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.

പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ

ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം.

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.

വസുദേവസുതം ദേവം കംസചാണൂരമ‍ര്‍ദ്ദനം ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.

ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ര്‍ണ്ണേന വേലാകുലാ അശ്വത്ഥാമവിക‍ര്‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ര്‍ത്തിനീ സോത്തീ‍ര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ര്‍ത്തകഃ കേശവഃ

ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.

പാരാശര്യവചഃ സരോജമമലം ഗീതാ‍ര്‍ഥഗന്ധോത്കടം നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ

പരാശരമഹര്‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേന്‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.

മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം

ആരുടെ കൃപയാലാണോ മൂകന്‍ വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു.

                 ©
                2017
         My God.com
A  Global Hindu Heritage Foundation

ഗീതാമാഹാത്മ്യം

ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത്പ്രയതഃ പുമാ‍ന്‍ വിഷ്ണോഃ പദമവാപ്നോതി ഭയശോകാദിവ‍ര്‍ജിതഃ

പവിത്രമായ ഈ ഗീതാശാസ്ത്രത്തെ പ്രയത്നപൂര്‍വ്വം പഠിക്കുന്നവന്‍ ഭയശോകങ്ങളില്‍ നിന്നു മുക്തനായി വിഷ്ണുവിന്റെ പദം പൂകുന്നു.

ഗീതാധ്യയനശീലസ്യ പ്രാണായാമപരസ്യ ച നൈവ സന്തി ഹി പാപാനി പൂ‍ര്‍വ്വജന്മകൃതാനി ച

നിത്യവും ഗീത വായിക്കുകയും പ്രാണായാമം ശീലിക്കുകയും ചെയ്യുന്നവന്റെ പൂര്‍വ്വജന്മകൃതപാപങ്ങളും നശിക്കുകയും പുതുതായി പാപങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.

മലനി‌ര്‍മോചനം പുംസാം ജലസ്നാനം ദിനേ ദിനേ സകൃദ്ഗീതാംഭസി സ്നാനം സംസാരമലനാശനം

ശരീരത്തിലെ അഴുക്ക് മാറുവാനായി മനുഷ്യര്‍ ദിവസവും കുളിക്കുന്നു. എന്നാല്‍ ഭഗവദ്ഗീതയാകുന്ന പുണ്യജലത്തില്‍ ഒരിക്കല്‍ മാത്രം കുളിച്ചാല്‍ അത് സംസാരമലത്തെ നശിപ്പിക്കുന്നു.

ഗീതാ സുഗീതാ ക‍ര്‍ത്തവ്യാ കിമന്യൈഃ ശാസ്ത്രവിസ്തരൈഃ യാ സ്വയം പദ്മനാഭസ്യ മുഖപദ്മാദ്വിനിഃസൃതാ

ഭഗവദ്ഗീത വളരെ നന്നായി പഠിക്കേണ്ടതാണ്. വിഷ്ണുവിന്റെ മുഖപത്മത്തില്‍ നിന്ന് നിര്‍ഗ്ഗളിച്ച ഭഗവദ്ഗീതയുള്ളപ്പോള്‍ മറ്റ് അനേകം ശാസ്ത്രങ്ങള്‍ എന്തിന്?

ഭാരതാമൃതസ‍ര്‍‍‍വ്വസ്വം വിഷ്ണോ‍ര്‍‌വ്വക്‌ത്രാദ്വിനിഃസൃതം ഗീതാഗംഗോദകം പീത്വാ പുന‍ര്‍‌ജന്മ ന വിദ്യതേ

മഹാഭാരതത്തിന്റെ സാരവും, ഭഗവാന്‍ വിഷ്ണുവിന്റെ തന്നെ ഉപദേശവുമായ ഗീതയുടെ പവിത്രമായ ഗംഗാജലം കുടിച്ചാല്‍ പുനര്‍ജ്ജന്മം ഉണ്ടാകുന്നതല്ല.

ഏകം ശാസ്ത്രം ദേവകീപുത്രഗീത- മേകോ ദേവോ ദേവകീപുത്ര ഏവ ഏകോ മന്ത്രസ്തസ്യ നാമാനി യാനി ക‍ര്‍മ്മാപ്യേകം തസ്യ ദേവസ്യ സേവാ

ഒരേ ഒരു ശാസ്ത്രം കൃഷ്ണനുപദേശിച്ച ഗീതയും, ഒരേ ഒരു ഈശ്വരന്‍ ശ്രീകൃഷ്ണനും, ഒരേ ഒരു മന്ത്രം അവന്റെ നാമവും, ഒരെ ഒരു സേവ അവന്റെ സേവയുമാകുന്നു.

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവ‍ര്‍ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഭി‍ര്‍ ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സ‍ര്‍വ്വലോകൈകനാഥം

ശാന്തസ്വരൂപനും, സര്‍പ്പത്തിന്മേല്‍ ശയിക്കുന്നവനും, നാഭിയില്‍ താമരപ്പൂവുള്ളവനും, ദേവന്മാരുടെ ഈശ്വരനും, ലോകത്തിനാധാരവും, ആകാശസദൃശനും, മേഘവര്‍ണ്ണനും, സുന്ദരങ്ങളായ ശരീരാവയവ ങ്ങളുള്ളവനും, ലക്ഷ്മീപതിയും, പങ്കജനേത്രനും, യോഗികള്‍ ധ്യാനത്തിലൂടെ പ്രാപിക്കുന്നവനും, സകലലോകങ്ങളുടെയും ഒരേ ഒരു രക്ഷകനും, ഭവഭയത്തെ അകറ്റുന്നവുനുമായ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

ബ്രഹ്മാ വരുണേന്ദ്രരുദ്രമരുതഃ സ്തുന്വന്തി ദിവ്യൈഃ സ്തവൈഃ വേദൈഃ സാംഗപദക്രമോപനിഷദൈ‍ര്‍ ഗായന്തി യം സാമഗാഃ ധ്യാനാവസ്ഥിതതദ്ഗതേന മനസാ പശ്യന്തി യം യോഗിനോ യസ്യാന്തം ന വിദുഃ സുരാസുരഗണാ ദേവായ തസ്മൈ നമഃ

യാതൊരു ദേവനെയാണോ ബ്രഹ്മാവ്, വരുണന്‍, രുദ്രന്‍, വായു എന്നിവര്‍ ദിവ്യങ്ങളായ സ്തവങ്ങളാല്‍ സ്തുതിക്കുന്നത്, സാമഗാനം ചെയ്യുന്നവര്‍ ആരെക്കുറിച്ചാണോ വേദോപനിഷത്തുക്കളുടെ പദക്രമപാഠങ്ങളാല്‍ പാടുന്നത്, ധ്യാനത്തില്‍ തദ്ഗതമനസ്കരായ യോഗികള്‍ ആരെയാണോ ദര്‍ശിക്കുന്നത്, ആരുടെ മഹത്വമാണോ ദേവന്മാരും അസുരന്മാരും അറിയാത്തത് ആ ദേവനെ ഞാന്‍ നമസ്കരിക്കുന്നു.  

ശ്രീ പരമാത്മനേ നമഃ

അഥ പ്രഥമോഽധ്യായഃ

                 ©
                2017
         My God.com
A  Global Hindu Heritage Foundation

അദ്ധ്യായം 01- അര്‍ജുനവിഷാദയോഗഃ

ധൃതരാഷ്ട്ര ഉവാച

ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വ്വത സഞ്ജയ (1)

ധൃതരാഷ്ട്രര്‍ ചോദിച്ചു: സഞ്ജയ, ധ‍ര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ഒരുമിച്ചു ചേര്‍ന്നവരും യുദ്ധം ചെയ്യാന്‍ കൊതിക്കുന്നവരുമായ എന്റെ പുത്രന്‍മാരും പാണ്ഡവന്‍മാരും എന്ത് ചെയ്തു?

സഞ്ജയ ഉവാച

ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത് (2)

സഞ്ജയന്‍ പറഞ്ഞു: അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനന്‍ ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു.

പശ്യൈതാം പാണ്ഡുപുത്രാണാമാചാര്യ മഹതീം ചമൂം വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ (3)

ഹേ ആചാര്യാ, അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ദ്രു‌പദപുത്രനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവന്‍മാരുടെ ഈ വലിയ സൈന്യത്തെ ദ‍ര്‍ശിച്ചാലും.

അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ (4) ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാന്‍ പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍ സൌഭദ്രോ ദ്രൌപദേയാശ്ച സര്‍വ്വ ഏവ മഹാരഥാഃ (5)

പാണ്ഡവ സൈന്യത്തില്‍ ഭീമാര്‍ജുനതുല്യരും ശൂരരും വലിയ വില്ലാളികളുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരശ്രേഷ്ടനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസും സുഭദ്രാതനയനായ അഭിമന്യുവും ദ്രൌപദീപുത്രന്മാരും ഉണ്ട്. അവര്‍ എല്ലാവരുംതന്നെ മഹാരഥന്മാരാണല്ലോ.

അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ നായകാ മമ സൈന്യസ്യ സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമി തേ (6)

ബ്രാഹ്മണശ്രേഷ്ട! ഇനി നമുക്കു വിശിഷ്ട്ടന്‍മാരായി ആരോക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്‍ക. എന്റെ സൈന്യത്തില്‍ നായകന്മാരായ അവരുടെ പേരുകള്‍ അങ്ങയെ ഒആര്‍മ്മിപ്പിക്കുവാനായി ഞാന്‍ പറയാം.

ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച (8) അന്യേ ച ബഹവഃ ശൂരാ മദര്‍ഥേ ത്യക്തജീവിതാഃ നാനാശസ്ത്രപ്രഹരണാഃ സര്‍വ്വേ യുദ്ധവിശാരദാഃ (9)

ഭവാനും, ഭീഷ്മരും, ക‍ര്‍ണ്ണനും, ജയശാലിയായ കൃപരും, അശ്വത്ഥാമാവും, വിക‍ര്‍ണ്ണനും, ഭൂരിശ്രവസ്സും, ജയദ്രഥനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിക്കാന്‍ സന്നദ്ധരാണ്. എല്ലാവരും പലവിധം ആയുധങ്ങള്‍ പ്രയോഗിക്കുന്നവരും യുദ്ധംചെയ്യാന്‍ സമര്‍ഥരുമാണ്.

അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം (10)

അതുകൊണ്ട് ഭീഷ്മരക്ഷിതമായ നമ്മുടെ സൈന്യം അപരിമിതമെങ്കിലും അപര്യാപ്തവും ഭീമന്‍ രക്ഷിക്കുന്ന അവരുടെ സൈന്യം പരിമിതമെങ്കിലും പര്യാപ്തവും ആണ്.

അയനേഷു ച സര്‍വ്വേഷു യഥാഭാഗമവസ്ഥിതാഃ ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ്വ ഏവ ഹി (11)

എല്ലാസ്ഥാനത്തും അവരവരുടെ പങ്കനുസരിച്ചു നിലയുറപ്പിച്ച നിങ്ങള്‍ എല്ലാവരും തന്നെ ഭീഷ്മരെതന്നെ കാത്തു രക്ഷിക്കണം.

തസ്യ സഞ്ജനയ‍ന്‍ ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൌ പ്രതാപവാന്‍ (12)

ദുര്യോധനന് സന്തോഷം ഉളവാക്കിക്കൊണ്ട് പ്രതാപിയും കുരുക്കളില്‍വച്ചു വൃദ്ധനുമായ പിതാമഹന്‍ ഭീഷ്മര്‍ ഉച്ചത്തില്‍ സിംഹഗര്‍ജ്ജനം ചെയ്ത് ശംഖു വിളിച്ചു.

തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോഽഭവത് (13)

അനന്തരം ശംഖുകളും പെരുമ്പറകളും പലതരം വാദ്യങ്ങളും പെട്ടന്നുത്തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ദിക്കെങ്ങും നിറഞ്ഞു.

തതഃ ശ്വേതൈര്‍ ഹയൈര്‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ മാധവഃ പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൗ പ്രദധ്മതുഃ (14)

അതിനുശേഷം വെളുത്ത കുതിരയെ പൂട്ടിയ വലിയ തേരില്‍ ഇരുന്നുകൊണ്ട്‌ ശ്രീകൃഷ്ണനും അര്‍ജുനനും ദിവ്യ ശംഖങ്ങള്‍ മുഴക്കി.

പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ പൌണ്ഡ്രം ദധ്മൗ മഹാശങ്ഖം ഭീമകര്‍മാ വൃകോദരഃ (15)

കൃഷ്ണന്‍ പാഞ്ചജന്യവും അര്‍ജുനന്‍ ദേവദത്തമെന്ന ശംഖും മുഴക്കി. ഉഗ്രക‍ര്‍മ്മങ്ങള്‍ ചെയ്യുന്നവനായ ഭീമസേനന്‍ പൌണ്ഡ്രമെന്ന മഹാ ശംഖും മുഴക്കി.

അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൌ (16)

രാജാവും കുന്തീപുത്രനുമായ യുധിഷ്ഠിരന്‍ അനന്തവിജയവും നകുല‍ന്‍ സുഘോഷത്തേയും സഹദേവ‍ന്‍ മണിപുഷ്പകത്തേയും മുഴക്കി.

കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ (17) ദ്രുപദോ ദ്രൌപദേയാശ്ച സര്‍വ്വശഃ പൃഥിവീപതേ സൌഭദ്രശ്ച മഹാബാഹുഃ ശങ്ഖാന്ദധ്മുഃ പൃഥക്പൃഥക് (18)

ഹേ രാജാവേ, വില്ലാളി വീരനായ കാശി രാജാവും, മഹാരഥനായ ശിഖണ്ഡിയും, ധൃഷ്ടദ്യുമ്നനും, വിരാടനും, തോല്‍ക്കാത്ത സാത്യകിയും, പാഞ്ചാലനും, പാഞ്ചാലീപുത്രന്മാരും, കയ്യൂക്കുള്ള അഭിമന്യുവും അവിടവിടെ നിന്നു പ്രത്യേകം പ്രത്യേകം ശംഖും മുഴക്കി.

സ ഘോഷോ ധാര്‍തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത് നഭശ്ച പൃഥിവീം ചൈവ തുമുലോഽവ്യനുനാദയന്‍ (19)

ആ ശബ്ദകോലാഹലം ആകാശത്തെയും ഭൂമിയെയും പ്രതിധ്വനിപ്പിച്ചു കൊണ്ടു ധൃതരാഷ്ട്ര പുത്രന്മാരുടെ ഹൃദയം പിളര്‍ന്നു.

അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാര്‍തരാഷ്ട്രാ‍ന്‍ കപിധ്വജഃ പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ (20)

ഹേ മഹാരാജാവേ, പിന്നീട് ആയുധപ്രയോഗം തുടങ്ങിയപ്പോള്‍ ശരിയ്ക്കുറച്ചു നില്ക്കുന്ന ധൃതരാഷ്ട്രപുത്രന്മാരെ കണ്ട് വില്ലുയര്‍ത്തിപ്പിടിച്ച് അര്‍ജുനന്‍ കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.

അര്‍ജുന ഉവാച

സേനയോരുഭയോര്‍മധ്യേ രഥം സ്ഥാപയ മേഽച്യുത (21) യാവദേതാന്നിരീക്ഷേഽഹം യോദ്ധുകാമാനവസ്ഥിതാന്‍ കൈര്‍മയാ സഹ യോദ്ധവ്യമസ്മി‍ന്‍ രണസമുദ്യമേ (22) യോത്സ്യമാനാനവേക്ഷേഽഹം യ ഏതേഽത്ര സമാഗതാഃ ധാര്‍തരാഷ്ട്രസ്യ ദുര്‍ബുദ്ധേര്‍യുദ്ധേ പ്രിയചികീര്‍ഷവഃ (23)

അര്‍ജുനന്‍ പറഞ്ഞു: അച്യുതാ, രണ്ടു സേനക്കും നടുവില്‍ എന്റെ തേര്‍ നിര്‍ത്തുക. പോരാടാന്‍ കൊതിച്ചു നില്ക്കുന്ന ഇവരെ ഞാന്‍ ഒന്നു കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണോ ഈ യുദ്ധത്തില്‍ പോരാടേണ്ടത്, ദു‍ര്‍ബുദ്ധിയായ ദു‍ര്‍യോധനനു പോരില്‍ പ്രിയം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി ആരൊക്കെയാണോ ഇവിടെ വന്നിരിക്കുന്നവര്‍ യുദ്ധാഭിലാഷികളായ അവരെ ഞാന്‍ കാണട്ടെ.

സഞ്ജയ ഉവാച

ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം (24) ഭീഷ്മദ്രോണപ്രമുഖതഃ സര്‍വ്വേഷാം ച മഹീക്ഷിതാം ഉവാച പാര്‍ഥ പശ്യൈതാ‍ന്‍ സമവേതാന്‍ കുരൂനിതി (25)

സഞ്ജയന്‍ പറഞ്ഞു: ഭരത വംശജനായ രാജാവേ, അര്‍ജുനനാല്‍ ഇങ്ങനെ പറയപ്പെട്ടപ്പോ‍ള്‍ ശ്രീകൃഷ്ണന്‍ ഉത്തമമായ രഥത്തെ രണ്ടു സൈന്യത്തിന്റെയും നടുവില്‍ നിര്‍ത്തി, ഭീഷ്മര്‍ ദ്രോണര്‍ തുടങ്ങിയ എല്ലാ ഭൂപാലകരും നില്‍ക്കെ, "അര്‍ജുനാ, കൂട്ടംചേര്‍ന്നു നില്ക്കുന്ന ഈ കൗരവന്മാരെ കണ്ടുകൊള്‍ക" എന്നു പറഞ്ഞു.

തത്രാപശ്യത്സ്ഥിതാ‍ന്‍ പാ‍ര്‍ഥ പിതൃനഥ പിതാമഹാന്‍ ആചാര്യാന്മാതുലാ‍ന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാ‍ന്‍ സഖീംസ്തഥാ ശ്വശുരാ‍ന്‍ സുഹൃദശ്ചൈവ സേനയോരുഭയോരപി (26)

അവിടെ രണ്ടു സൈന്യങ്ങളിലായി നില്ക്കുന്ന പിതാക്കന്മാരെയും പിന്നെ പിതാമഹന്മാരെയും ഗുരുക്കാന്മാരെയും അമ്മാവന്മാരേയും സഹോദരന്മാരെയും പുത്രന്മാരെയും അതുപോലെ കൂട്ടുകാരെയും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും അര്‍ജുനന്‍ കണ്ടു.

താ‍‍ന്‍ സമീക്ഷ്യ സ കൌന്തേയഃ സര്‍വ്വാ‍ന്‍ ബന്ധൂനവസ്ഥിതാ‍ന്‍ (27) കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത്

ആ കുന്തീപുത്രന്‍ ബന്ധുക്കളെ എല്ലാം നന്നായി നോക്കിക്കണ്ട്‌, അത്യന്തം കൃപയോടെ വിഷാദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

അര്‍ജുന ഉവാച

ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം (28) സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ (29) ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ (30) നിമിത്താനി ച പശ്യാമി വിപരീതാനി കേശവ ന ച ശ്രേയോഽനുപശ്യാമി ഹത്വാ സ്വജനമാഹവേ (31)

അര്‍ജുനന്‍ പറഞ്ഞു: കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്ന ഈ സ്വജനങ്ങളെ കണ്ടിട്ട് എന്റെ ശരീരമാസകലം തളരുന്നു; വായ് വരളുകയും ചെയ്യുന്നു. എന്റെ ശരീരം വിറയ്ക്കുകയും രോമാഞ്ചവും ഉണ്ടാകുന്നു. ഗാണ്ഡീവം കൈയ്യില്‍ നിന്നും വഴുതുന്നു. ദേഹം ചുട്ടുനീറുകയും ചെയ്യുന്നു. നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ മനസ്സു സംഭ്രമിക്കുന്നതു പോലെ തോന്നുന്നു. പല ദു‍ര്‍നിമിത്തങ്ങളും കാണുന്നു. യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല.

ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ (32)

കൃഷ്ണാ, വിജയവും രാജ്യവും സുഖങ്ങളും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗോവിന്ദാ, നമുക്കു രാജ്യം കൊണ്ടു എന്തു കാര്യം? ഭോഗങ്ങളെ കൊണ്ടോ ജീവിതം കൊണ്ടു തന്നെയോ എന്തു ഫലം?

യേഷാമര്‍ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച ത ഇമേഽവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച (33) ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ മാതുലാഃ ശ്വശുരാഃ പൌത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ (34)

ആര്‍ക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും നാം ആഗ്രഹിച്ചത്, ആ ആചാര്യന്മാരും, പിതാക്കളും, പുത്രന്മാരും, അതുപോലെ മുത്തച്ഛന്‍മാരും, അമ്മാവന്മാരും, ശ്വശുരന്മാരും, പൌത്രന്‍മാരും, അളിയന്മാരും, അതുപോലെ ബന്ധുക്കളും പ്രാണനും, ധനവും ഉപേക്ഷിച്ചു യുദ്ധക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്നു.

ഏതാന്ന ഹന്തുമിച്ഛാമി ഘ്നതോഽപി മധുസൂദന അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ (35)

മധുസൂദനാ, എന്നെ കൊന്നാല്‍ പോലും മൂന്നു ലോകത്തിന്റെയും ആധിപത്യത്തിനു വേണ്ടിപ്പോലും ഇവരെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി?

നിഹത്യ ധാര്‍തരാഷ്ട്രാന്നഃ കാ പ്രീതിഃ സ്യാജ്ജനാര്‍ദന പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാനാതതായിനഃ (36)

ഹേ ജനാ‍ര്‍ദ്ദനാ!, ധൃതരാഷ്ട്രപുത്രന്‍മാരെ കൊന്നിട്ട് നമുക്കു എന്തു സന്തോഷമുണ്ടാകാനാണ്? ആതതായികളായ ഇവരെ കൊന്നാല്‍ പാപം മാത്രമാണ് നമുക്കു ഫലം.

തസ്മാന്നാര്‍ഹാ വയം ഹന്തും ധാര്‍തരാഷ്ട്രാ‍ന്‍ സ്വബാന്ധവാന്‍ സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ (37)

അതുകൊണ്ട് നമ്മള്‍ സ്വന്തം ബന്ധുക്കളായ ധൃതരാഷ്ട്രപുത്രന്മാരെ കൊല്ലാന്‍ പാടില്ലാത്തതാണ്. മാധവാ! സ്വജനങ്ങളെ കൊന്നിട്ട് നാം എങ്ങന സുഖികളായിതീരും?

യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം (38) കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവര്‍തിതും കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിര്‍ജനാര്‍ദന (39)

ജനാ‍‍ര്‍ദ്ദന!‍, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവര്‍ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങ്ങളെ ദ്രോഹിക്കുന്നതിലുള്ള പാപവും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുള്ള ദോഷം കാണുന്ന നമ്മ‍ള്‍, ഈ പാപത്തില്‍ നിന്നു പിന്തിരിയണമെന്ന് മനസ്സിലാക്കേണ്ടതല്ലേ?

കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നമധര്‍മ്മോഽഭിഭവത്യുത (40)

കുലം നശിക്കുമ്പോള്‍ സനാതനങ്ങളായ കുലധ‍ര്‍മ്മങ്ങള്‍ നശിക്കുന്നു, ധ‍ര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ മുഴുവ‍ന്‍ അധര്‍മ്മം ബാധിക്കുന്നു.

അധര്‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണസങ്കരഃ (41)

വൃഷ്ണിവംശജനായ കൃഷ്ണാ, അധ‍ര്‍മ്മം ബാധിക്കുമ്പോള്‍ കുല സ്തീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വ‍ര്‍ണ്ണസങ്കരം സംഭവിക്കുന്നു.

സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ (42)

വ‍ര്‍ണ്ണസങ്കരം കുലനാശകന്മാര്‍ക്കും കുലത്തിനും നരകത്തിനായിത്തന്നെ തീരുന്നു. ഇവരുടെ പിതൃക്കള്‍ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു.

ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണസങ്കരകാരകൈഃ ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ കുലധര്‍മ്മാശ്ച ശാശ്വതാഃ (43)

കുലഘാതകന്മാരുടെ വ‍ര്‍ണ്ണസങ്കരം ഉളവാക്കുന്ന ഈ ദോഷങ്ങളാല്‍ ശാശ്വതങ്ങളായ ജാതിധ‍ര്‍മ്മങ്ങളും കുലധ‍ര്‍മ്മങ്ങളും നശിച്ചു പോകുന്നു.

ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ (44)

ജനാ‌ര്‍ദ്ദനാ!, കുലധ‍ര്‍മ്മം ക്ഷയിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നും നരകത്തിലാണ് എന്നു നാം കേട്ടിട്ടുണ്ടല്ലോ.

അഹോ ബത മഹത്പാപം കര്‍തും വ്യവസിതാ വയം (45) യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ

അഹോ കഷ്ട്ടം! വലിയ പാപം ചെയ്യാന്‍ നാം ഒരുങ്ങിയിരിക്കുന്നു. രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാന്‍ നാം ഒരുങ്ങിയല്ലോ.

യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ ധാ‍ര്‍തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത് (46)

എതിര്‍ക്കാതെയും ആയുധമെടുക്കാതെയും ഇരിക്കുന്ന എന്നെ, ആയുധമേന്തിയ ധൃതരാഷ്ട്രപുത്രന്മാര്‍ പോരില്‍ കൊല്ലുമെങ്കില്‍ അതെനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും.

സഞ്ജയ ഉവാച

ഏവമുക്ത്വാര്‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത് വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ (47)

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് അര്‍ജുനന്‍ യുദ്ധക്കള ത്തില്‍ അമ്പും വില്ലും ഉപേക്ഷിച്ച് തേര്‍ത്തട്ടില്‍ ശോകാകുല ചിത്തനായി ഇരുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ അര്‍ജുനവിഷാദയോഗോ നാമ പ്രഥമോഽധ്യായഃ

അഥ ദ്വിതീയോഽധ്യായഃ

                 ©
                2017
         My God.com
A  Global Hindu Heritage Foundation

അദ്ധ്യായം 02 - സാംഖ്യയോഗഃ

സഞ്ജയ ഉവാച

തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണാകുലേക്ഷണം വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ (1)

സഞ്ജയന്‍ പറഞ്ഞു: അങ്ങനെ മനസ്സലിഞ്ഞവനും, കണ്ണീര്‍ നിറഞ്ഞ കണ്ണുകളോടുകൂടിയവനും ദുഃഖിക്കുന്നവനുമായ അര്‍ജുനനോടു ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു.

ശ്രീഭഗവാനുവാച

കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജുന (2)

ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും സ്വര്‍ഗ്ഗം നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?

ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ഥ നൈതത്ത്വയ്യുപപദ്യതേ ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ (3)

പാര്‍ത്ഥാ, പൌരുഷമില്ലായ്മ നിനക്കു വന്നു കൂടാ. ഇതു നിനക്കു ചേരില്ല. ശത്രുനാശകാ, നികൃഷ്ടമായ ഹൃദയ ദൌര്‍ബല്യം കൈവിട്ടു നീ എഴുന്നേ‍ല്‍ക്കു.

അര്‍ജുന ഉവാച

കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാര്‍ഹാവരിസൂദന (4)

അര്‍ജുനന്‍ ചോദിച്ചു: ഹേ ശത്രുഘാതകാ! മധുസൂധനാ, പൂജാര്‍ഹരായ ഭീഷ്മരേയും ദ്രോണരെയും മൂര്‍ച്ചയുള്ള അമ്പുകള്‍ കൊണ്ടു ഞാന്‍ യുദ്ധത്തില്‍ എങ്ങിനെ എതിരിടും?

ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍ ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ ഹത്വാര്‍ഥകാമാംസ്തു ഗുരൂനിഹൈവ ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍ (5)

മഹാത്മാക്കളായ ഗുരുക്കന്മാരെ ഹനിക്കുന്നതിനേക്കാള്‍ ഈ ലോകത്തില്‍ ഭിക്ഷയെടുക്കുന്നത് പോലും ശ്രേയസ്കരമാണ്. ഗുരുക്കന്മാരെ ഹനിച്ചിട്ട്‌ അ‍ര്‍ത്ഥകാമസ്വരൂപങ്ങളും രക്തം പുരണ്ടതുമായ ഭോഗങ്ങളെ ഈ ലോകത്തില്‍വെച്ചുതന്നെ ഭുജിക്കണോ?

ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ യദ്വാ ജയേമ യദി വാ നോ ജയേയുഃ യാനേവ ഹത്വാ ന ജിജീവിഷാമഃ തേഽവസ്ഥിതാഃ പ്രമുഖേ ധാര്‍തരാഷ്ട്രാഃ (6)

രണ്ടിലേതാണ് നമുക്കു കൂടുതല്‍ ശ്രേയസ്കരം എന്ന് അറിഞ്ഞുകൂടാ. ഒന്നുകില്‍ നാം ജയിക്കും. അല്ലെങ്കില്‍ ജയിക്കാതിരിക്കും. ആരെ കൊന്നിട്ട് നാം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലയോ ആ ധൃതരാഷ്ട്രപുത്രന്മാരാണ് മുമ്പില്‍ വന്നു നില്ക്കുന്നത്.

കാര്‍പണ്യദോഷോപഹതസ്വഭാവഃ പൃച്ഛാമി ത്വാം ധര്‍മ്മസമ്മൂഢചേതാഃ യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ ശിഷ്യസ്തേഽഹം ശാധി മാം ത്വാം പ്രപന്നം (7)

ദൈന്യത കൊണ്ടു ബുദ്ധികെട്ടവനും ധ‍ര്‍മ്മ വിഷയത്തില്‍ വിവേകം നശിച്ചവനുമായി അങ്ങയോടു ഞാന്‍ ചോദിക്കുന്നു. യാതൊന്നു തീ‍ര്‍ച്ചയായും ശ്രേയസ്കരമാകുമോ അതെനിക്ക് പറഞ്ഞു തരിക. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും.

ന ഹി പ്രപശ്യാമി മമാപനുദ്യാദ് യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം അവാപ്യ ഭൂമാവസപത്നമൃദ്ധം രാജ്യം സുരാണാമപി ചാധിപത്യം (8)

ഭൂമിയില്‍ ശത്രുക്കളില്ലാത്തതും സമൃദ്ധിയുള്ളതുമായ രാജ്യവും ദേവന്മാരുടെ മേല്‍ പോലും ആധിപത്യവും ലഭിച്ചാലും ഇന്ദ്രിയങ്ങളെ ശോഷിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ ദുഃഖത്തെ അകറ്റുന്ന യതൊന്നും ഞാന്‍ കാണുന്നില്ല.

സഞ്ജയ ഉവാച

ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ (9)

സഞ്ജയന്‍ പറഞ്ഞു: ശത്രുനാശകനായ അര്‍ജുനന്‍ കൃഷ്ണനോട് ഞാന്‍ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു.

തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത സേനയോരുഭയോര്‍മധ്യേ വിഷീദന്തമിദം വചഃ (10)

ഹേ ഭരതവംശജാ, രണ്ട് സേനയ്ക്കിടയിലും വിഷണ്ണനായി നില്ക്കുന്ന അവനോടു മന്ദഹസിച്ചുകൊണ്ടെന്നവണ്ണം ഹൃഷികേശനായ ഭഗവാന്‍ ഇങ്ങനെ അരുളിച്ചെയ്തു.

ശ്രീഭഗവാനുവാച

അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ (11)

ശ്രീ ഭഗവാന്‍ പറഞ്ഞു: ദുഖിക്കേണ്ടാത്തവരെക്കുറിച്ച് നീ ദുഖിച്ചു പണ്ഡിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു. പണ്ഡിതന്മാര്‍ മരിച്ചവരെ കുറിച്ചും മരിക്കാത്തവരെക്കുറിച്ചും അനുശോചിക്കുന്നില്ല.

ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ ന ചൈവ ന ഭവിഷ്യാമഃ സര്‍വ്വേ വയമതഃ പരം (12)

ഞാന്‍ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. നീയും ഇല്ലാതിരുന്നിട്ടില്ല. ഈ രാജാക്കന്മാരും ഇല്ല. ഇനി മേല്‍ നമ്മളെല്ലാവരും ഉണ്ടാകാതിരിക്കുകയുമില്ല.

ദേഹിനോഽസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി (13)

മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ അതില്‍ മോഹിക്കുന്നില്ല.

മാത്രാസ്പര്‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ ആഗമാപായിനോഽനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത (14)

കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പര്‍ശങ്ങള്‍ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും നല്‍കുന്നവയും, വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭരതവംശത്തില്‍ ജനിച്ചവനെ, അവ നിര്‍വികാരനായി സഹിച്ചു കൊള്ളുക.

യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷര്‍ഷഭ സമദുഃഖസുഖം ധീരം സോഽമൃതത്വായ കല്പതേ (15)

പുരുഷശ്രേഷ്ഠാ, സമദുഖസുഖനും ധീരനുമായ ഏതൊരു പുരുഷനെ ഇവ ദുഖിപ്പിക്കയില്ലയോ അവന്‍ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു.

നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ ഉഭയോരപി ദൃഷ്ടോഽന്തസ്ത്വനയോസ്തത്ത്വദര്‍ശിഭിഃ (16)

ഇല്ലാത്തതിന് (അസത്തിന്) ഉണ്മയില്ല. ഉള്ളതിന് (സത്തിന്) അഭാവവും അറിയപ്പെടുന്നില്ല. ഈ രണ്ടിന്റെയും (സത്തിന്റെയും അസത്തിന്റെയും) യാഥാര്‍ത്ഥ്യം തത്വദര്‍ശികള്‍ കണ്ടറിഞ്ഞിട്ടുണ്ട്.

അവിനാശി തു തദ്വിദ്ധി യേന സര്‍വ്വമിദം തതം വിനാശമവ്യയസ്യാസ്യ ന കശ്ചിത് കര്‍തുമര്‍ഹതി (17)

ഏതൊന്നിനാല്‍ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ, അത് നാശരഹിതമാണെന്നറിയുക. അനശ്വരമായ അതിനെ നശിപ്പിക്കുവാന്‍ ആ‍ര്‍ക്കും കഴിയുകയില്ല.

അന്തവന്ത ഇമേ ദേഹാ നിത്യസ്യോക്താഃ ശരീരിണഃ അനാശിനോഽപ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത (18)

നിത്യനും അവിനാശിയും, അവിജ്ഞേയനുമായ ആത്മാവിനുള്ള ഈ ദേഹങ്ങള്‍ നാശമുള്ളവയാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് അര്‍ജുനാ, നീ യുദ്ധം ചെയ്യുക.

യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം ഉഭൌ തൌ ന വിജാനീതോ നായം ഹന്തി ന ഹന്യതേ (19)

യാതൊരാള്‍ ഈ ആത്മാവിനെ കൊല്ലുന്ന‌വ‍നെന്ന് ധരിക്കുന്നുവോ യാതൊരാള്‍ ഇവനെ കൊല്ലപ്പെട്ടവനായി ഗണിക്കുന്നുവോ, ആ രണ്ടു പേരും വാസ്തവം അറിയുന്നില്ല. ആത്മാവു ആരെയും കൊല്ലുന്നില്ല. ആത്മാവിനെ ആരും കൊല്ലുന്നുമില്ല.

ന ജായതേ മ്രിയതേ വാ കദാചിദ് നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ അജോ നിത്യഃ ശാശ്വതോഽയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ (20)

ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല. ജനിച്ചിട്ട്‌ വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജന്മമില്ലാത്തവനും നിത്യനും സ്ഥിരനും പണ്ടേ ഉള്ളവനുമായ ഇവന്‍ ശരീരം ഹതമാകുമ്പോള്‍ ഹനിക്കപ്പെടുന്നുമില്ല.

വേദാവിനാശിനം നിത്യം യ ഏനമജമവ്യയം കഥം സ പുരുഷഃ പാര്‍ഥ കം ഘാതയതി ഹന്തി കം (21)

പാര്‍ത്ഥ, ഈ ആത്മാവിനെ നാശരഹിതനും നിത്യനും ജനനരഹിതനും മാറ്റമില്ലാത്തവനുമായി അറിയുന്നുവോ അങ്ങിനെയുള്ള പുരുഷന്‍ ആരെയെങ്കിലും കൊല്ലിക്കുന്നതെങ്ങനെ? കൊല്ലുന്നതെങ്ങനെ?

വാസാംസി ജീര്‍ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോഽപരാണി തഥാ ശരീരാണി വിഹായ ജീര്‍ണാ- ന്യന്യാനി സംയാതി നവാനി ദേഹീ (22)

മനുഷ്യന്‍ എങ്ങിനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീ‍ര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ ദേഹങ്ങള്‍ കൈകൊള്ളുന്നു.

നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ (23)

ഈ ആത്മാവിനെ ആയുധങ്ങള്‍ മുറിവ് ഏല്‍പ്പിക്കുന്നില്ല. ഇവനെ തീ ദാഹിപ്പിക്കുന്നില്ല. ഇവനെ വെള്ളം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.

അച്ഛേദ്യോഽയമദാഹ്യോഽയമക്ലേദ്യോഽശോഷ്യ ഏവ ച നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോഽയം സനാതനഃ (24)

ഇവന്‍ ഛേദിക്കപ്പെടാത്തവനാണ്. ഇവന്‍ ദഹിപ്പിക്കപ്പെടാന്‍ കഴിയാത്തവനാണ്. നനയാത്തവനാണ്. ഉണങ്ങാത്തവനുമാണ്. ഇവന്‍ നിത്യനും സര്‍വവ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്.

അവ്യക്തോഽയമചിന്ത്യോഽയമവികാര്യോഽയമുച്യതേ തസ്മാദേവം വിദിത്വൈനം നാനുശോചിതുമര്‍ഹസി (25)

ഇവന്‍ (ഈ ആത്മാവ്) ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും അഗോചരനും, മാറ്റമില്ലാതവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇങ്ങിനെയുള്ളവനായി ഇവനെ അറഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക.

അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമര്‍ഹസി (26)

കൈയ്യൂക്കുള്ളവനെ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കി‌ല്‍ തന്നെയും നീ ഇവനെക്കുറിച്ച് ദുഖിക്കേണ്ടതില്ല.

ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേഽര്‍ഥേ ന ത്വം ശോചിതുമര്‍ഹസി (27)

ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദുഃഖിക്കുന്നത് നിനക്ക് ഉചിതമല്ല.

അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ (28)

ജീവികള്‍ ജനനത്തിനു മുന്‍പ് അവ്യക്തമായ അവസ്ഥയോട്‌കൂടിയവയാണ്. മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവും, മരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ ഭാരതാ, അതില്‍ എന്തിന് വിലപിക്കണം?

ആശ്ചര്യവത്പശ്യതി കശ്ചിദേനം ആശ്ചര്യവദ്വദതി തഥൈവ ചാന്യഃ ആശ്ചര്യവച്ചൈനമന്യഃ ശൃണോതി ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത് (29)

ഒരാള്‍ ഇവനെ (ആത്മാവിനെ) ഒരു അത്ഭുതവസ്തു പോലെ കാണുന്നു. മറ്റൊരാള്‍ അതുപോലെ അത്ഭുതവസ്തുപോലെ ഇവനെക്കുറിച്ച് പറയുന്നു. വേറൊരാള്‍ അത്ഭുതവസ്തു പോലെ ഇവനെക്കുറിച്ച് കേള്‍ക്കുകയും ചെയ്യുന്നു. ശ്രവിച്ചിട്ടും ഒരാളും വേണ്ടവണ്ണം ഇവനെ അറിയുന്നില്ല.

ദേഹീ നിത്യമവധ്യോഽയം ദേഹേ സര്‍വ്വസ്യ ഭാരത തസ്മാത്സര്‍വ്വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി (30)

അര്‍ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി ഒരിക്കലും വധിക്കപ്പെടാവുന്നവനല്ല. അതിനാല്‍ യാതൊരു ജീവിയെക്കുറിച്ചും നീ ദുഖിക്കേണ്ടതില്ല.

സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി ധര്‍മ്മാദ്ധി യുദ്ധാച്ഛ്രേയോഽന്യത്ക്ഷത്രിയസ്യ ന വിദ്യതേ (31)

സ്വധ‍ര്‍മ്മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാല്‍ ക്ഷത്രിയന് ധ‍ര്‍മ്മ സംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.

യദൃച്ഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം സുഖിനഃ ക്ഷത്രിയാഃ പാര്‍ഥ ലഭന്തേ യുദ്ധമീദൃശം (32)

ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ സ്വര്‍ഗ്ഗവാതില്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.

അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി (33)

ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കില്‍ അത് കാരണം സ്വധ‍ര്‍മ്മവും കീര്‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടിവരും.

അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേഽവ്യയാം സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ (34)

തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ടമാണ്.

ഭയാദ്രണാദുപരതം മംസ്യന്തേ ത്വാം മഹാരഥാഃ യേഷാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം (35)

ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ലാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.

അവാച്യവാദാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം (36)

നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.

ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ (37)

മരിച്ചാല്‍ സ്വര്‍ഗ്ഗം നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്.

സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൌ ജയാജയൌ തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി (38)

സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയപരാജയങ്ങളും തുല്യമായികരുതി യുദ്ധത്തിന് നീ ഒരുങ്ങുക. ഇങ്ങിനെയായാല്‍ പാപം നിന്നെ ബാധിക്കുകയില്ല.

ഏഷാ തേഽഭിഹിതാ സാംഖ്യേ ബുദ്ധിര്‍യോഗേ ത്വിമാം ശൃണു ബുദ്ധ്യാ യുക്തോ യയാ പാര്‍ഥ കര്‍മബന്ധം പ്രഹാസ്യസി (39)

നിനക്കു പറഞ്ഞുതന്നു കഴിഞ്ഞ ജ്ഞാനനിഷ്ഠ സാംഖ്യത്തി ലുള്ളതാണ്. ക‍ര്‍മ്മയോഗത്തിനുള്ള ഈ ബുദ്ധിയെയും കേട്ടു കൊള്ളുക. പാര്‍ത്ഥ, ഈ ബുദ്ധി നേടിയാല്‍ ക‍ര്‍മ്മബന്ധം ഒഴിച്ചുവയ്ക്കാന്‍ നിനക്കു സാധിക്കും.

നേഹാഭിക്രമനാശോഽസ്തി പ്രത്യവായോ ന വിദ്യതേ സ്വല്പമപ്യസ്യ ധര്‍മ്മസ്യ ത്രായതേ മഹതോ ഭയാത് (40)

ഈ ക‍ര്‍മ്മയോഗനിഷ്ഠയില്‍ തുടങ്ങി വെച്ച കര്‍മ്മത്തിനൊന്നും നാശമില്ല. പാപം സംഭവിക്കുകയുമില്ല. ഈ ധ‍ര്‍മ്മത്തിന്റെ അത്യല്‍പ്പമായ (വളരെ ചെറിയ തോതിലുള്ള) ആചരണം പോലും വലിയ ഭയത്തില്‍ നിന്നും രക്ഷിക്കുന്നു.

വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോഽവ്യവസായിനാം (41)

സമചിത്തനായ യോഗി തന്റെ ലക്ഷ്യത്തില്‍ എകാഗ്രമനസ്കനാണ്. സമചിത്തരല്ലാത്തവരുടെ ബുദ്ധി ഒന്നും നിശ്ചയിക്കാന്‍ കഴിയാതെ പല വിഷയങ്ങളില്‍ അനന്തമായി വ്യാപാരിക്കും.

യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ വേദവാദരതാഃ പാര്‍ഥ നാന്യദസ്തീതി വാദിനഃ (42) കാമാത്മാനഃ സ്വര്‍ഗ്ഗപരാ ജന്മകര്‍മഫലപ്രദാം ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി (43) ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം വ്യവസായാത്മികാ ബുദ്ധിഃ സമാധൌ ന വിധീയതേ (44)

പാര്‍ത്ഥ, വേദത്തില്‍ പറയുന്ന കാര്യത്തില്‍ തല്പരന്മാരും അതില്‍കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും, ഭോഗചിത്തരും, സ്വര്‍ഗ്ഗം കാംക്ഷിക്കുന്നവരുമായവര്‍ക്ക്, പുനര്‍ജന്മവും ക‍ര്‍മ്മഫലവും നല്‍കുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തെയും ലക്ഷ്യമാക്കിയുള്ളതും അനേകം സകാമക‍ര്‍മ്മ ങ്ങളെ പ്രതിപാദിക്കുന്നതുമായ വാക്കുകള്‍ കേട്ട് മനസ്സപഹരിക്ക പ്പെട്ടിരിക്കയാല്‍ സമാധിയില്‍ ഏകാഗ്രത ലഭിക്കുകയില്ല.

ത്രൈഗുണ്യവിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാര്‍ജുന നിര്‍ദ്വന്ദ്വോ നിത്യസത്ത്വസ്ഥോ നിര്‍യോഗക്ഷേമ ആത്മവാന്‍ (45)

അര്‍ജുനാ, വേദങ്ങള്‍ ത്രിഗുണാത്മകങ്ങളാണ്. നീ ത്രിഗുണാതീതനും ദ്വന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങള്‍ ഗണിക്കാത്തവനും ആത്മനിഷ്ഠനും ആയിത്തീരുക.

യാവാനര്‍ഥ ഉദപാനേ സര്വതഃ സംപ്ലുതോദകേ താവാന്‍സര്‍വ്വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ (46)

എല്ലായിടത്തും വെള്ളം കൊണ്ടു നിറഞ്ഞിരിക്കുമ്പോള്‍ കിണറു കൊണ്ട് എത്ര പ്രയോജനം ഉണ്ടോ അത്രയ്ക്കു പ്രയോജനം മാത്രമേ ജ്ഞാനിയായ ബ്രാഹ്മണന് വേദങ്ങളാസകലം കൊണ്ടുണ്ടാകൂ.

കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന മാ കര്‍മഫലഹേതുര്‍ഭൂര്‍മാ തേ സംഗോഽസ്ത്വകര്‍മണി (47)

പ്രവൃത്തിയില്‍മാത്രമേ നിനക്കു അധികാരമുള്ളു. ഒരിക്കലും ഫലങ്ങളി‍ല്‍ (അതു ലഭിച്ചാലും ലഭിച്ചില്ലെങ്കിലും) ഇല്ല. (അതായതു ഫലം നിന്റെ സ്വാതന്ത്ര്യത്തിലുള്ളതല്ല). നീ ഫലമുദ്ദേശിചു പ്രവര്‍ത്തിക്കുന്നവനാകരുത്. അക‍ര്‍മ്മത്തില്‍ നിനക്കു ആസക്തിയു മരുത്.

യോഗസ്ഥഃ കുരു കര്‍മാണി സംഗം ത്യക്ത്വാ ധനഞ്ജയ സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ (48)

ധനഞ്ജയാ! യോഗനിഷ്ഠനായി, ആസക്തിവെടിഞ്ഞു ഫലം ലഭിക്കുന്നതിലും ലഭിക്കാതിരിക്കുന്നതിലും സമചിത്തത പാലിച്ച് ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. സമചിത്തതയാണ് യോഗമെന്ന് പറയപ്പെടുന്നത്‌.

ദൂരേണ ഹ്യവരം കര്‍മ ബുദ്ധിയോഗാദ്ധനഞ്ജയ ബുദ്ധൌ ശരണമന്വിച്ഛ കൃപണാഃ ഫലഹേതവഃ (49)

ധനഞജയാ, കര്‍മയോഗത്തെക്കാള്‍ വളരെ നികൃഷ്ടമാണ് ഫലാപേക്ഷയോടുകൂടി ചെയ്യുന്ന ക‍ര്‍മ്മം. ബുദ്ധിയോഗത്തില്‍ അതായത് സമചിത്തതയോട് കൂടിയ ക‍ര്‍മ്മത്തില്‍ ശരണം തേടുക. ഫലത്തിനുവേണ്ടി ക‍ര്‍മ്മം ചെയ്യുന്നവ‍ര്‍ ദീനന്മാരാണ്.

ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്കൃതേ തസ്മാദ്യോഗായ യുജ്യസ്വ യോഗഃ കര്‍മസു കൌശലം (50)

സമബുദ്ധിയുള്ളവന്‍ ഈ ലോകത്ത് വച്ചുതന്നെ പുണ്യ പാപങ്ങള്‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട് കര്‍മ്മയോഗത്തിനായി ഒരുങ്ങുക. യോഗം പ്രവൃത്തിയിലുള്ള സാമര്‍ത്ഥ്യം തന്നെയാകുന്നു.

കര്‍മജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ ജന്മബന്ധവിനിര്‍മുക്താഃ പദം ഗച്ഛന്ത്യനാമയം (51)

സമബുദ്ധിയുള്ളവരായ വിവേകികള്‍ ക‍ര്‍മ്മം കൊണ്ടുണ്ടാകുന്ന ഫലം ത്യജിച്ചിട്ടു ജന്മബന്ധത്തില്‍നിന്നു മോചനം നേടി ദോഷലേശമില്ലാത്ത സ്ഥാനത്തെ പ്രാപിക്കുന്നു.

യദാ തേ മോഹകലിലം ബുദ്ധിര്‍വ്യതിതരിഷ്യതി തദാ ഗന്താസി നിര്‍വ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച (52)

എപ്പോള്‍ നിന്റെ ബുദ്ധി മോഹരൂപമായ വൈഷമ്യത്തെ കടക്കുമോ അപ്പോള്‍ കേള്‍ക്കേണ്ടതിനെയും കേട്ടതിനെയും കുറിച്ചു നീ ഉദാസീനനായിത്തീരും.

ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ സമാധാവചലാ ബുദ്ധിസ്തദാ യോഗമവാപ്സ്യസി (53)

പലതരം ഉപദേശങ്ങള്‍ കേട്ടതു മൂലം പതറിപ്പോയ നിന്റെ ബുദ്ധി എപ്പോള്‍ ഇളക്കമറ്റ് സമാധിയില്‍ സ്ഥിരമായി നില്‍ക്കുമോ അപ്പോള്‍ യോഗത്തെ നീ പ്രാപിക്കും.

അര്‍ജുന ഉവാച

സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം (54)

അര്‍ജുനന്‍ ചോദിച്ചു: ഹേ കേശവാ, സമാധിസ്ഥനായ സ്ഥിതപ്രജഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞന്‍ എന്ത് സംസാരിക്കും? എങ്ങിനെ സ്ഥിതിചെയ്യും? എങ്ങിനെ സഞ്ചരിക്കും?

ശ്രീഭഗവാനുവാച

പ്രജഹാതി യദാ കാമാന്‍ സര്‍വ്വാ‍ന്‍ പാര്‍ഥ മനോഗതാന്‍ ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ (55)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, മനുഷ്യന്‍ എപ്പോള്‍ ആത്മാവിനാല്‍ ആത്മാവില്‍ത്തന്നെ സന്തുഷ്ടനായി മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളേയും (വാസനകളേയും) ഉപേക്ഷിക്കുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജഞന്‍ എന്ന് പറയപ്പെടുന്നു.

ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ വീതരാഗഭയക്രോധഃ സ്ഥിതധീര്‍മുനിരുച്യതേ (56)

ദുഃഖങ്ങളില്‍ കുലുങ്ങാത്തവനും സുഖങ്ങളില്‍ താല്പര്യമില്ലാത്തവനും രാഗം, ഭയം, കോപം, ഇവയില്ലാത്തവനുമായ പുരുഷന്‍ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു.

യഃ സര്‍വ്വത്രാനഭിസ്നേഹസ്തത്തത്പ്രാപ്യ ശുഭാശുഭം നാഭിനന്ദതി ന ദ്വേഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (57)

ഏതൊരാള്‍ എല്ലാത്തിലും ആസക്തി വിട്ടവനായി അതാതു ശുഭാശുഭങ്ങള്‍ ലഭിച്ചു സന്തോഷിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നില്ലയോ അവന്റെ പ്രജഞ പ്രതിഷ്ഠിതമാണ്.

യദാ സംഹരതേ ചായം കൂര്‍മോംഗാനീവ സര്‍വ്വശഃ ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (58)

ആമ തന്റെ അവയവങ്ങളെ പ്രതികൂലസാഹചര്യങ്ങളി‍ല്‍ എങ്ങിനെ എല്ലാവിധത്തിലും ഉ‍ള്‍വലിക്കുന്നവോ, അതുപോലെ എപ്പോഴാണോ ഒരാള്‍ തന്റെ ഇന്ദ്രിയങ്ങളെ ശബ്ദസ്പ‍ര്‍ശാദികളായ ഇന്ദ്രിയാ‍ര്‍ത്ഥങ്ങളി‍ല്‍നിന്ന് എപ്പോള്‍ പിന്‍വലിക്കുന്നത് അപ്പോള്‍ അവന്റെ പ്രജഞ പ്രതിഷ്ഠിതമായിത്തീരുന്നു.

വിഷയാ വിനിവര്‍തന്തേ നിരാഹാരസ്യ ദേഹിനഃ രസവര്‍ജം രസോഽപ്യസ്യ പരം ദൃഷ്ട്വാ നിവര്‍തതേ (59)

ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങള്‍ അനുഭവിക്കാത്ത മനുഷ്യന് വിഷയങ്ങള്‍ അകന്നു പോകുന്നു. എന്നാല്‍ ആസക്തി അവശേഷിക്കുന്നു. പരമാത്മാവിനെ പ്രാപിക്കുമ്പോള്‍ അവന്റെ ആസക്തിയും വിട്ടുപോകുന്നു.

യതതോ ഹ്യപി കൌന്തേയ പുരുഷസ്യ വിപശ്ചിതഃ ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മനഃ (60)

ഹേ കുന്തീപുത്രാ, ഇന്ദ്രിയനിഗ്രഹത്തിനായി പ്രയത്നിക്കുന്ന വിദ്വാനായ പുരുഷന്റെ മനസ്സിനെപ്പോലും ക്ഷോഭിച്ചിരിക്കുന്ന ഇന്ദ്രിയങ്ങ‌‍ള്‍ ബലാല്‍ക്കാരമായി വശത്താക്കുന്നു.

താനി സര്‍വ്വാണി സംയമ്യ യുക്ത ആസീത മത്പരഃ വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (61)

അവയെല്ലാം സംയമനം ചെയ്തു യോഗയുക്തനായി എന്നില്‍ ഭക്തിയോടുകൂടി ഇരിക്കുക. ആര്‍ക്കു ഇന്ദ്രിയങ്ങള്‍ വശത്താണോ അവന്റെ പ്രജഞ പ്രതിഷ്ഠിതമാണ്.

ധ്യായതോ വിഷയാന്‍ പുംസഃ സംഗസ്തേഷൂപജായതേ സംഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഽഭിജായതേ (62) ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്സ്മൃതിവിഭ്രമഃ സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി (63)

വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന്നു അവയില്‍ ആസക്തി ഉണ്ടാകുന്നു. ആസക്തിയില്‍നിന്നും ആഗ്രഹം ഉണ്ടാകുന്നു. ആഗ്രഹത്തില്‍ നിന്നും കോപം ജനിക്കുന്നു. കോപത്തില്‍നിന്നും അവിവേകം ഉടലെടുക്കുന്നു. അവിവേകത്തില്‍നിന്നും ഓ‍ര്‍മ്മക്കേടും ഓ‍ര്‍മ്മക്കേടില്‍നിന്നും ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം മൂലം മനുഷ്യന്‍ നശിക്കുകയും ചെയ്യുന്നു.

രാഗദ്വേഷവിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചര‍ന്‍ ആത്മവശ്യൈര്‍വ്വിധേയാത്മാ പ്രസാദമധിഗച്ഛതി (64)

എന്നാല്‍ യാതൊരുവന്‍ രാഗദ്വേഷമില്ലാത്ത, ആത്മവശ്യങ്ങളായ ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങളെ അനുഭവിക്കുന്നുവോ ആത്മവിജയിയായ ആ പുരുഷന്‍ മനഃപ്രസാദത്തെ പ്രാപിക്കുന്നു.

പ്രസാദേ സര്‍വ്വദുഃഖാനാം ഹാനിരസ്യോപജായതേ പ്രസന്നചേതസോ ഹ്യാശു ബുദ്ധിഃ പര്യവതിഷ്ഠതേ (65)

മനഃ പ്രസാദം ലഭിച്ചുകഴിയുമ്പോള്‍ അവനു എല്ലാ ദുഃഖങ്ങളുടെയും നാശം സംഭവിക്കുന്നു. പ്രസന്നചിത്തന്റെ ബുദ്ധി ഉടനെ സുപ്രതിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു.

നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ ന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം (66)

ഇന്ദ്രിയങ്ങളെ വശത്താക്കാത്തവന് സമബുദ്ധിയില്ല. ഏകാഗ്രതയുമില്ല. ഏകാഗ്രതയില്ലാത്തവന്നു ശാന്തിയില്ല. ശന്തിയില്ലാത്തവന്നു എവിടെയാണ് സുഖം?

ഇന്ദ്രിയാണാം ഹി ചരതാം യന്മനോഽനുവിധീയതേ തദസ്യ ഹരതി പ്രജ്ഞാം വായുര്‍നാവമിവാംഭസി (67)

വിഷയങ്ങളില്‍ ചരിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കു ഏതൊരാളുടെ മനസ്സു കീഴ്പ്പെടുന്നുവോ ആ മനസ്സു അവന്റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ വലിച്ചുകൊണ്ടുപോകുന്നു.

തസ്മാദ്യസ്യ മഹാബാഹോ നിഗൃഹീതാനി സര്‍വ്വശഃ ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (68)

അതുകൊണ്ട് യാതൊരുവന്റെ ഇന്ദ്രിയങ്ങള്‍ എല്ലാ വിഷയങ്ങളില്‍ നിന്നും നിശ്ശേഷം പിന്‍വലിക്കപ്പെട്ടിരിക്കുന്നുവോ അവന്റെ പ്രജഞ പ്രതിഷ്ഠിതമായിരിക്കുന്നു.

യാ നിശാ സര്‍വ്വഭൂതാനാം തസ്യാം ജാഗര്‍തി സംയമീ യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേഃ (69)

യാതൊന്ന് സര്‍വ്വപ്രാണികള്‍ക്കും രാത്രിയായിരിക്കുന്നുവോ, അവിടെ (ആ ബ്രഹ്മത്തില്‍) ജിതേന്ദ്രിയന്‍ ഉണര്‍ന്നിരിക്കുന്നു. ഏതൊരു വിഷയാനുഭവത്തില്‍ സര്‍വ്വപ്രാണികളും ഉണര്‍ന്നിരി ക്കുന്നുവോ അത് സത്യദ‍ര്‍ശിയായ മുനിക്ക്‌ രാത്രിയാകുന്നു.

ആപൂര്യമാണമചലപ്രതിഷ്ഠം സമുദ്രമാപഃ പ്രവിശന്തി യദ്വത് തദ്വത്കാമാ യം പ്രവിശന്തി സര്‍വ്വേ സ ശാന്തിമാപ്നോതി ന കാമകാമീ (70)

സദാ നിറഞ്ഞുകൊണ്ടിരുന്നാലും സമുദ്രം അക്ഷോഭ്യമായിരി ക്കുന്നുവോ അതുപോലെ കാമങ്ങള്‍ കടന്നുകൂടിമ്പോള്‍ യാതൊരുവന്‍ അക്ഷോഭ്യനായിരിക്കുന്നുവോ അവന്‍ ശാന്തിയെ പ്രാപിക്കും. വിഷയാഭിനിവേശം വിടാത്തവന്‍ ശാന്തി നേടുന്നില്ല.

വിഹായ കാമാന്യഃ സര്‍വ്വാ‍ന്‍ പുമാംശ്ചരതി നിഃസ്പൃഹഃ നിര്‍മമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി (71)

യാതൊരു പുരുഷന്‍ എല്ലാ കാമങ്ങളും വെടിഞ്ഞു ഒന്നിലും ആഗ്രഹമില്ലാത്തവനും മമതാബുദ്ധിയും അഹന്തയും ഇല്ലാത്തവനുമായി ലോകത്തില്‍ വര്‍ത്തിക്കുന്നുവോ അവന്‍ ശാന്തി പ്രാപിക്കുന്നു.

ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാര്‍ഥ നൈനാം പ്രാപ്യ വിമുഹ്യതി സ്ഥിത്വാസ്യാമന്തകാലേഽപി ബ്രഹ്മനിര്‍വാണമൃച്ഛതി (72)

പാര്‍ത്ഥാ, ഇതാണ് ബ്രഹ്മനിഷ്ഠ, ഇതു കൈവരിച്ചാല്‍ സംസാരാസക്തി ഉണ്ടാവുന്നില്ല. അന്ത്യകാലത്തെങ്കിലും ഈ അവസ്ഥയില്‍ എത്തിയാല്‍ ബ്രഹ്മനിര്‍വാണം സിദ്ധിക്കുകയും ചെയ്യും.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ സാംഖ്യയോഗോ നാമ ദ്വിതീയോഽധ്യായഃ

അഥ തൃതീയോഽധ്യായഃ

                 ©
                2017
         My God.com
A  Global Hindu Heritage Foundation

അദ്ധ്യായം 03 - കര്‍മയോഗഃ

അര്‍ജുന ഉവാച

ജ്യായസീ ചേത്കര്‍മണസ്തേ മതാ ബുദ്ധി‍ര്‍ജനാര്‍ദന തത്കിം കര്‍മണി ഘോരേ മാം നിയോജയസി കേശവ (1)

അര്‍ജുനന്‍ പറഞ്ഞു: ഹേ ജനാ‍ര്‍ദ്ദനാ, ക‍‍‍ര്‍മ്മത്തെ അപേക്ഷിച്ച് കര്‍മ്മയോഗമാണ് ശ്രേഷ്ടമെന്നു അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ ഈ ക‍‍‍ര്‍മ്മത്തില്‍ എന്നെ നിയോഗിക്കുന്നത്?

വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ തദേകം വദ നിശ്ചിത്യ യേന ശ്രേയോഽഹമാപ്നുയാം (2)

പരസ്പരവിരുദ്ധമെന്ന് തോന്നുന്ന വാക്കുകള്‍ കൊണ്ട് എന്റെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപൊലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്നുക്കൊണ്ടു ഞാന്‍ ശ്രേയസ്സ് നേടുമോ അതുമാത്രം എനിക്ക് ഉപദേശിച്ചു തരിക.

ശ്രീഭഗവാനുവാച

ലോകേഽസ്മിന്‍ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കര്‍മയോഗേന യോഗിനാം (3)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ അനഘ (പാപങ്ങളില്ലാത്തവന്‍), ഈ ലോകത്തില്‍ സംഖ്യന്മാര്‍ക്ക് വേണ്ടി ജഞാനയോഗം കൊണ്ടും യോഗികള്‍ക്കു വേണ്ടി ക‍‍‍ര്‍മ്മയോഗം കൊണ്ടും രണ്ടുവിധം നിഷ്ഠകള്‍ മുമ്പ് ഞാന്‍ പറഞ്ഞു.

ന കര്‍മണാമനാരംഭാന്നൈഷ്കര്‍മ്യം പുരുഷോഽശ്നുതേ ന ച സംന്യസനാദേവ സിദ്ധിം സമധിഗച്ഛതി (4)

ക‍‍‍ര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതുകൊണ്ടു മനുഷ്യന്‍ ഒരിക്കലും നൈഷ്കര്‍മ്യത്തെ പ്രാപിക്കുന്നില്ല. കര്‍മ്മസന്യാസം കൊണ്ടു മാത്രം സിദ്ധി ലഭിക്കുന്നുമില്ല.

ന ഹി കശ്ചിത്ക്ഷണമപി ജാതു തിഷ്ഠത്യകര്‍മകൃത് കാര്യതേ ഹ്യവശഃ കര്‍മ സര്‍വ്വഃ പ്രകൃതിജൈര്‍ഗുണൈഃ (5)

ഒരാളും ഒരിക്കലും അല്പനേരത്തേക്കുപോലും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നില്ല. എല്ലാവരും പ്രകൃതി ഗുണങ്ങളാല്‍ നിര്‍ബന്ധിതരായി ക‍‍‍ര്‍മ്മം ചെയ്തുപോകുന്നു.

കര്‍മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരന്‍ ഇന്ദ്രിയാര്‍ഥാന്വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ (6)

ക‍‍‍‍ര്‍മ്മേന്ദ്രിയങ്ങ‍ളെ അടക്കിനിര്‍ത്തി യാതൊരുവന്‍ വിഷയങ്ങളെ മനസ്സുകൊണ്ട് സദാ സ്മരിച്ചുകൊണ്ടിരിക്കുന്നുവോ മൂഡാത്മാവായ അവന്‍ മിഥ്യാചാരന്‍ എന്ന് പറയപ്പെടുന്നു

യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേഽര്‍ജുന കര്‍മേന്ദ്രിയൈഃ കര്‍മയോഗമസക്തഃ സ വിശിഷ്യതേ (7)

അര്‍ജുനാ, യാതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ടു ക‍‍‍‍ര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമക‍‍‍ര്‍മ്മ ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ഠനാകുന്നു.

നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്‍മണഃ (8)

നീ മനസ്സിനാല്‍ നിയന്ത്രിതമായ ക‍‍‍ര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മമാണ് അകര്‍മത്തെക്കാള്‍ ശ്രേഷ്ഠം. ക‍‍‍ര്‍മ്മം ചെയ്യാത്ത പക്ഷം നിനക്കു ശരീരനിര്‍വഹണം പോലും സാധ്യമാകയില്ല.

യജ്ഞാര്‍ഥാത്കര്‍മണോഽന്യത്ര ലോകോഽയം കര്‍മബന്ധനഃ തദര്‍ഥം കര്‍മ കൌന്തേയ മുക്തസംഗഃ സമാചര (9)

അര്‍ജുനാ, യജ്ഞത്തിനുള്ള ക‍‍‍ര്‍മ്മം ഒഴിച്ച് മറ്റു ക‍‍‍ര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി നീ ക‍‍‍ര്‍മ്മം ആചരിക്കുക.

സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ അനേന പ്രസവിഷ്യധ്വമേഷ വോഽസ്ത്വിഷ്ടകാമധുക് (10)

യജ്ഞത്തോടുകൂടി പ്രജകളെ സൃഷ്ടിച്ച് പണ്ട് പ്രജാപതി പറഞ്ഞു, ഇതുകൊണ്ടു നിങ്ങള്‍ വ‍ര്‍ദ്ധിക്കുവി‍ന്‍; ഇതു നിങ്ങള്‍ക്ക് ഇഷ്ടം തരുന്ന കാമധേനുവായിരിക്കട്ടെ.

ദേവാന്‍ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ (11)

ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവി‍ന്‍. ആ ദേവന്മാര്‍ നിങ്ങളെ വ‍ര്‍ദ്ധിപ്പിക്കട്ടെ. പരസ്പരം തൃപ്തിപ്പെടുത്തി കൊണ്ടു പരമമായ ശ്രേയസ്സിനെ പ്രാപിക്കുവി‍ന്‍.

ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ തൈര്‍ദത്താനപ്രദായൈഭ്യോ യോ ഭുങ്ക്തേ സ്തേന ഏവ സഃ (12)

എന്തെന്നാല്‍ ഇഷ്ടപ്പെടുന്ന സുഖങ്ങള്‍ നിങ്ങള്‍ക്ക് യജ്ഞംകൊണ്ടു സന്തുഷ്ടരായ ദേവന്മാര്‍ തരും. അവര്‍ തന്ന വസ്തുക്കളെ അവ‌‍ര്‍ക്കു കൊടുക്കാതെ ഭുജിക്കുന്നവനാരോ അവന്‍ കള്ളന്‍തന്നെയാണ്.

യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്ബിഷൈഃ ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത് (13)

യജ്ഞത്തില്‍ ശേഷിക്കുന്നത് മാത്രം യജ്ഞം ചെയ്തു ശേഷിച്ചതായ വസ്തുക്കളെ നുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു. എന്നാ‌ല്‍തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗസഞ്ചയം ചെയ്യുന്നവ‍ര്‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.

അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ യജ്ഞാദ്ഭവതി പര്‍ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ (14)

അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം ക‍‍‍ര്‍മ്മത്തില്‍നിന്നുണ്ടാകുന്നു.

കര്‍മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം തസ്മാത്സര്‍വ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം (15)

ക‍‍‍ര്‍മ്മം ബ്രഹ്മ (വേദം) ത്തില്‍ നിന്നും ഉണ്ടാകുന്നു എന്നറിയുക. ബ്രഹ്മം (വേദം) അക്ഷരത്തില്‍ നിന്നുണ്ടാകുന്നു. അതുകൊണ്ടു സര്‍വ്വപ്രകാശമായ വേദം എപ്പോഴും യജ്ഞത്താല്‍ പ്രതിഷ്ഠിതമായിരിക്കുന്നു.

ഏവം പ്രവര്‍തിതം ചക്രം നാനുവര്‍തയതീഹ യഃ അഘായുരിന്ദ്രിയാരാമോ മോഘം പാര്‍ഥ സ ജീവതി (16)

ഹേ പാര്‍ത്ഥാ, ഇപ്രകാരം പ്രവത്തിക്കുന്ന ക‍‍‍ര്‍മ്മചക്രത്തെ ഈ ലോകത്തില്‍ എവനൊരുവന്‍ അനുവര്‍ത്തിക്കുന്നില്ലയോ പാപിയും വിഷയഭ്രാന്തനുമായ അവന്റെ ജീവിതം നിഷ്ഫലമത്രേ.

യസ്ത്വാത്മരതിരേവ സ്യാദാത്മതൃപ്തശ്ച മാനവഃ ആത്മന്യേവ ച സന്തുഷ്ടസ്തസ്യ കാര്യം ന വിദ്യതേ (17)

എന്നാല്‍ ഏതൊരു മനുഷ്യന്‍ തന്നില്‍ തന്നെ രമിക്കുന്നവനും തന്നില്‍ സംതൃപ്തനും സന്തുഷ്ടനുമായിരിക്കുന്നുവോ അവനു കരണീയമായി ഒന്നുമില്ല.

നൈവ തസ്യ കൃതേനാര്‍ഥോ നാകൃതേനേഹ കശ്ചന ന ചാസ്യ സര്‍വ്വഭൂതേഷു കശ്ചിദര്‍ഥവ്യപാശ്രയഃ (18)

അവനു ഈ ലോകത്തില്‍ ക‍ര്‍മ്മം ചെയ്തതു കൊണ്ടു കാര്യമില്ല തന്നെ. ചെയ്യാത്തതുകൊണ്ടും ഒന്നുമില്ല. ജീവികളില്‍ ഒന്നിനോടും അവന് സ്വപ്രയോജനകരമായ ബന്ധം ഒന്നും തന്നെയില്ല.

തസ്മാദസക്തഃ സതതം കാര്യം കര്‍മ സമാചര അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പൂരുഷഃ (19)

അതുകൊണ്ട് നിസ്സംഗനായി എപ്പോഴും കര്‍ത്തവ്യമായ ക‍‍‍ര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിസ്സംഗനായി ക‍‍‍ര്‍മ്മംചെയ്യുന്നയാള്‍ പരമപദം പ്രാപിക്കുന്നു.

കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി (20)

എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദികള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.

യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവേതരോ ജനഃ സ യത്പ്രമാണം കുരുതേ ലോകസ്തദനുവര്‍തതേ (21)

ശ്രേഷ്ഠന്‍ എന്തെല്ലാം ചെയ്യുന്നുവോ അതു തന്നെയാണ് മറ്റുള്ള ജനങ്ങളും ചെയ്യുന്നത്. അവന്‍ എന്തിനെ പ്രമാണമായി കരുതുന്നുവോ ലോകവും അതിനെതന്നെ അനുകരിക്കുന്നു.

ന മേ പാര്‍ഥാസ്തി കര്‍തവ്യം ത്രിഷു ലോകേഷു കിഞ്ചന നാനവാപ്തമവാപ്തവ്യം വര്‍ത ഏവ ച കര്‍മണി (22)

ഹേ പാര്‍ത്ഥാ എനിക്ക് മൂന്നു ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. എനിക്കു പ്രാപിക്കേണ്ടതായി ഒന്നും തന്നെയില്ല. എന്നിട്ടും ഞാന്‍ ക‍ര്‍മ്മം ചെയ്തുകൊണ്ടു തന്നെയാണിരിക്കുന്നത്.

യദി ഹ്യഹം ന വര്‍തേയം ജാതു കര്‍മണ്യതന്ദ്രിതഃ മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ (23)

പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാല്‍ എല്ലാ മനുഷ്യരും എന്റെ മാര്‍ഗം അവലംബിക്കും.

ഉത്സീദേയുരിമേ ലോകാ ന കുര്യാം കര്‍മ ചേദഹം സങ്കരസ്യ ച കര്‍താ സ്യാമുപഹന്യാമിമാഃ പ്രജാഃ (24)

ഞാന്‍ കര്‍മ്മം ചെയ്തില്ലെങ്കില്‍ ഈ ലോകം മുഴുവന്‍ നശിക്കും. ഞാന്‍ വര്‍ണസങ്കരത്തിന്റെയും കര്‍ത്താവാകും. പ്രജകള്‍ ദുഷിക്കുകയും ചെയ്യും.

സക്താഃ കര്‍മണ്യവിദ്വാംസോ യഥാ കുര്‍വ്വന്തി ഭാരത കുര്യാദ്വിദ്വാംസ്തഥാസക്തശ്ചികീര്‍ഷു‍ര്‍ലോകസംഗ്രഹം (25)

ഹേ ഭാരതാ, അപണ്ഡിതന്മാര്‍ ക‍ര്‍മ്മത്തില്‍ ആസക്തരായി എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നുവോ പണ്ഡിതന്‍ ലോകത്തിന്റെ നിലനില്‍പ്പ്‌ കാംക്ഷിച്ചുകൊണ്ടു നിസ്സംഗനായി അതേവിധം പ്രവ‍ര്‍ത്തിക്കണം.

ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മസംഗിനാം ജോഷയേത്സര്‍വ്വകര്‍മാണി വിദ്വാന്യുക്തഃ സമാചരന്‍ (26)

സകാമക‍ര്‍മ്മത്തി‍ല്‍ ആസക്തരായ മൂഢജനങ്ങളുടെ ബുദ്ധിയെ വിദ്വാ‍ന്‍ ഒരിക്കലും ഇളക്കരുത്. വിദ്വാന്‍ എല്ലാ കര്‍മങ്ങളും യോഗയുക്തനായി വഴിപോലെ ആചരിച്ച് മറ്റുള്ളവരെക്കൊണ്ടും ആചരിപ്പിക്കണം.

പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കര്‍മാണി സര്‍വ്വശഃ അഹങ്കാരവിമൂഢാത്മാ കര്‍താഹമിതി മന്യതേ (27)

പ്രകൃതിജന്യമായ ഗുണങ്ങളാല്‍ ക‍ര്‍മ്മങ്ങള്‍ എങ്ങും ചെയ്യപ്പെടുന്നു. അഹന്തയാല്‍ മോഹിതനായവാന്‍ താനാണ് കര്‍ത്താവെന്നു വിചാരിക്കുന്നു.

തത്ത്വവിത്തു മഹാബാഹോ ഗുണകര്‍മവിഭാഗയോഃ ഗുണാ ഗുണേഷു വര്‍തന്ത ഇതി മത്വാ ന സജ്ജതേ (28)

ഹേ മഹാബാഹോ, ഗുണകര്‍മ്മവിഭാഗങ്ങളുടെ തത്വമറിയുന്ന വനാകട്ടെ ഗുണപരിണാമങ്ങളായ ഇന്ദ്രിയങ്ങള്‍ ഗുണപരിണാമങ്ങ ളായ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ധരിച്ചിട്ട് അവയില്‍ ആസക്തനാകുന്നില്ല.

പ്രകൃതേര്‍ഗുണസമ്മൂഢാഃ സജ്ജന്തേ ഗുണകര്‍മസു താനകൃത്സ്നവിദോ മന്ദാന്‍ കൃത്സ്നവിന്ന വിചാലയേത് (29)

പ്രകൃതിയുടെ ഗുണങ്ങളാല്‍ മൂഡചിത്തരായിത്തീരുന്നവര്‍ ഗുണക‍ര്‍മ്മങ്ങളില്‍ സക്തരാകുന്നു. സര്‍വജ്ഞരല്ലാത്ത ആ മന്ദബുദ്ധികളെ സര്‍വജ്ഞന്‍ വഴി തെറ്റിക്കരുത്.

മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ (30)

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.

യേ മേ മതമിദം നിത്യമനുതിഷ്ഠന്തി മാനവാഃ ശ്രദ്ധാവന്തോഽനസൂയന്തോ മുച്യന്തേ തേഽപി കര്‍മഭിഃ (31)

എന്റെ ഈ അഭിപ്രായം നിത്യവും ശ്രദ്ധയോടും അസൂയ കൂടാതെയും യാതൊരു മനുഷ്യര്‍ അനുഷ്ഠിക്കുന്നുവോ അവരും ക‍ര്‍മ്മബന്ധത്തില്‍നിന്നും വിമുക്തരായിത്തീരുന്നു.

യേ ത്വേതദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം സര്‍വ്വജ്ഞാനവിമൂഢാംസ്താന്വിദ്ധി നഷ്ടാനചേതസഃ (32)

എന്നാല്‍ എന്റെ ഈ അഭിപ്രായത്തെ അസൂയാലുക്കളായി ഏവരാണോ അനുഷ്ഠിക്കാതിരിക്കുന്നത്, കേവലം അജ്ഞരായ അവര്‍ നശിച്ചവരും ബുദ്ധിഹീനരുമെന്നു മനസ്സിലാക്കുക.

സദൃശം ചേഷ്ടതേ സ്വസ്യാഃ പ്രകൃതേര്‍ജ്ഞാനവാനപി പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹഃ കിം കരിഷ്യതി (33)

അറിവുള്ളവന്‍ പോലും തന്റെ സ്വഭാവത്തിന്നു ചേര്‍ന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ജീവികള്‍ സ്വപ്രകൃതിയെ പിന്തുടരുന്നു. അതിനെ അടക്കി വെയ്ക്കുന്നതുകൊണ്ടു പ്രയോജനമൊന്നും ഉണ്ടാവില്ല.

ഇന്ദ്രിയസ്യേന്ദ്രിയസ്യാര്‍ഥേ രാഗദ്വേഷൌ വ്യവസ്ഥിതൌ തയോര്‍ന വശമാഗച്ഛേത്തൌ ഹ്യസ്യ പരിപന്ഥിനൌ (34)

ഓരോ ഇന്ദ്രിയത്തിന്റെയും അതതിന്റെ വിഷയങ്ങളുടെ കാര്യത്തില്‍ രാഗദ്വേഷങ്ങള്‍ നിശ്ചിതങ്ങളാണ്. അവയ്ക്ക് വശപ്പെടരുത്. എന്തുകൊണ്ടെന്നാല്‍ അവ ഇവന്റെ ശത്രുക്കളാകുന്നു.

ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് സ്വധര്‍മേ നിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ (35)

വിധിപ്രകാരം അനുഷ്ഠിച്ച പരധ‍ര്‍മ്മത്തെക്കളും ഗുണഹീനമായ സ്വധ‍ര്‍മ്മമാണ് ശ്രേയസ്ക്കരം. സ്വധ‍ര്‍മ്മാനുഷ്ഠാനത്തില്‍ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധ‍ര്‍മ്മം ഭയാവഹമാകുന്നു.

അര്‍ജുന ഉവാച

അഥ കേന പ്രയുക്തോഽയം പാപം ചരതി പൂരുഷഃ അനിച്ഛന്നപി വാര്‍ഷ്ണേയ ബലാദിവ നിയോജിതഃ (36)

അര്‍ജുനന്‍ ചോദിച്ചു: ഹേ കൃഷ്ണാ, പിന്നെ ആര്‍ പ്രേരിപ്പിചിട്ടാണ് ഈ പുരുഷന്‍ താ‍ന്‍ ഇച്ഛിക്കാതെയിരുന്നിട്ടും ബലമായ ഏതോ ശക്തിയാല്‍ നിയുക്തനെന്നപോലെ പാപകര്‍മ്മങ്ങ‍ള്‍ അനുഷ്ഠിക്കുന്നത്.

ശ്രീഭഗവാനുവാച

കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം (37)

ശ്രീ ഭഗവാന്‍ പാഞ്ഞു: രജോഗുണത്തില്‍ നിന്നു ജനിച്ച ഈ കാമം, ഈ ക്രോധം തൃപ്തിപ്പെടുത്താന്‍ കഴിയാത്തതും മഹാപാപകാരണ വുമാണ് ഇക്കാര്യത്തില്‍ ഇതിനെ ശത്രുവായി അറിയുക.

ധൂമേനാവ്രിയതേ വഹ്നിര്യഥാദര്‍ശോ മലേന ച യഥോല്ബേനാവൃതോ ഗര്‍ഭസ്തഥാ തേനേദമാവൃതം (38)

പുകയാല്‍ അഗ്നിയും, മാലിന്യത്താല്‍ കണ്ണാടിയും, ഗര്‍ഭപാത്രത്താല്‍ ഗര്‍ഭവും എങ്ങിനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താല്‍ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.

ആവൃതം ജ്ഞാനമേതേന ജ്ഞാനിനോ നിത്യവൈരിണാ കാമരൂപേണ കൌന്തേയ ദുഷ്പൂരേണാനലേന ച (39)

ഹേ കൌന്തേയ, ജ്ഞാനിയുടെ നിത്യവൈരിയും കാമരൂപവും അതൃപ്തവും ഒരിക്കലും തൃപ്തിപ്പെടാത്ത അഗ്നിക്ക് തുല്യവും ആയ ഈ കാമത്താല്‍ ജ്ഞാനം ആവൃതമാകുന്നു.

ഇന്ദ്രിയാണി മനോ ബുദ്ധിരസ്യാധിഷ്ഠാനമുച്യതേ ഏതൈര്‍വിമോഹയത്യേഷ ജ്ഞാനമാവൃത്യ ദേഹിനം (40)

ഇന്ദ്രിയങ്ങളും മനസും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമായി പറയപ്പെടുന്നു. കാമം ജ്ഞാനത്തെ മറച്ചിട്ടു ഇവയെക്കൊണ്ടു ദേഹിയെ വ്യാമോഹിപ്പിക്കുന്നു.

തസ്മാത്ത്വമിന്ദ്രിയാണ്യാദൌ നിയമ്യ ഭരതര്‍ഷഭ പാപ്മാനം പ്രജഹി ഹ്യേനം ജ്ഞാനവിജ്ഞാനനാശനം (41)

ഹേ ഭാരതശ്രെഷ്ടാ, അതുകൊണ്ട് നീ ആദ്യം ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചിട്ട് ജ്ഞാനത്തെയും വിജ്ഞാനത്തെയും നശിപ്പിക്കുന്ന ഈ പാപരൂപമായ കാമത്തെ നിഃശേഷം നശിപ്പിക്കുക.

ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃ പരം മനഃ മനസസ്തു പരാ ബുദ്ധിര്‍യോ ബുദ്ധേഃ പരതസ്തു സഃ (42)

വിഷയങ്ങളെ അപേക്ഷിച്ച് ഇന്ദ്രിയങ്ങള്‍ സൂക്ഷ്മങ്ങളാണ് എന്ന് പറയപ്പെടുന്നു. ഇന്ദ്രിയങ്ങളെക്കാള്‍ സൂക്ഷ്മമാണ് മനസ്സ്. മനസ്സിനെക്കാളും സൂക്ഷ്മമാണ്‌ ബുദ്ധി. ബുദ്ധിയെക്കാളും സൂക്ഷ്മമായത് ആത്മാവാണ്.

ഏവം ബുദ്ധേഃ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനമാത്മനാ ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം (43)

മഹാബാഹോ, ഇപ്രകാരം ബുദ്ധിയേക്കാള്‍ സൂക്ഷ്മമായ ആത്മാവിനെ അറിഞ്ഞിട്ട് ബുദ്ധികൊണ്ട് മനസ്സിനെ അടക്കിയിട്ട് കീഴടക്കാന്‍ എളുപ്പമല്ലാത്ത കാമരൂപനും ദുര്‍ജയനുമായ ഈ ശത്രുവിനെ നശിപ്പിക്കുക.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ കര്‍മയോഗോ നാമ തൃതീയോഽധ്യായഃ

അഥ ചതുര്‍ഥോഽധ്യായഃ

                  ©
                2017
         My God.com
A  Global Hindu Heritage Foundation

അദ്ധ്യായം 04 - ജ്ഞാനകര്‍മസംന്യാസയോഗഃ

ശ്രീഭഗവാനുവാച

ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത് (1)

ശ്രീ ഭഗവാന്‍ പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന്‍ ആദിത്യന് ഉപദേശിച്ചു. ആദിത്യന്‍ മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.

ഏവം പരമ്പരാപ്രാപ്തമിമം രാജര്‍ഷയോ വിദുഃ സ കാലേനേഹ മഹതാ യോഗോ നഷ്ടഃ പരന്തപ (2)

ശത്രുനാശകാ, ഇപ്രകാരം പരമ്പാരാഗതമായ ഈ യോഗത്തെ രാജ‍ര്‍ഷികള്‍ അറിഞ്ഞിരുന്നു. ആ മഹത്തായ ശാസ്ത്രം വലുതായ കാലദൈര്‍ഘ്യത്തില്‍ നഷ്ടപ്പെട്ടുപോയി.

സ ഏവായം മയാ തേഽദ്യ യോഗഃ പ്രോക്തഃ പുരാതനഃ ഭക്തോഽസി മേ സഖാ ചേതി രഹസ്യം ഹ്യേതദുത്തമം (3)

അപ്രകാരമുള്ള ആ പുരാതനമായ യോഗം തന്നെയാണ് നീ എന്റെ ഭക്തനും, തോഴനുമായതു കൊണ്ട് നിനക്കു ഞാന്‍ ഇന്നു ഉപദേശിച്ചത്. ഈ യോഗം ഉത്തമമായ രഹസ്യമാണ്.

അര്‍ജുന ഉവാച

അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി (4)

അര്‍ജുനന്‍ ചോദിച്ചു: ആദിത്യന്റെ ജന്മം മുന്‍പും അങ്ങയുടെ ജന്മം പിന്‍പുമാണല്ലോ. അങ്ങിനെയിരിക്കെ, ആദ്യം അങ്ങാണ് ഇതു പറഞ്ഞതെന്ന് എങ്ങിനെ ഞാന്‍ മനസ്സിലാക്കും?

ശ്രീഭഗവാനുവാച

ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജുന താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരന്തപ (5)

ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, എന്റെ വളരെയേറെ ജന്മങ്ങള്‍ കഴിഞ്ഞു പോയി. നിനക്കും അങ്ങനെ തന്നെ. അവയെല്ലാം എനിക്കറിയാം. നീ അറിയുന്നില്ല.

അജോഽപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോഽപി സന്‍ പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ (6)

ഞാന്‍ ജനനമില്ലാത്തവനും നാശമില്ലാത്തവനും സര്‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ് എങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി സ്വന്തം മായയാല്‍ ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം (7)

ഹേ ഭാരതാ, എപ്പോഴെല്ലാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.

പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ (8)

സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.

ജന്മ കര്‍മ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ ത്യക്ത്വാ ദേഹം പുനര്‍ജന്മ നൈതി മാമേതി സോഽര്‍ജുന (9)

ഇങ്ങിനെയുള്ള എന്റെ ദിവ്യമായ ജന്മവും ക‍ര്‍മ്മവും യാതൊരുവന്‍ അറിയുന്നുവോ അവന്‍ ശരീരം വിട്ടാല്‍ പുനര്‍ജന്മം പ്രാപിക്കുന്നില്ല. ഹേ അര്‍ജുനാ, അവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു.

വീതരാഗഭയക്രോധാ മന്മയാ മാമുപാശ്രിതാഃ ബഹവോ ജ്ഞാനതപസാ പൂതാ മദ്ഭാവമാഗതാഃ (10)

രാഗം, ഭയം, കോപം ഇവ കൈവിട്ടവരും എന്റെ ഭക്തന്മാരും എന്നെ ആശ്രയിച്ചവരുമായ വളരെപ്പേര്‍ ജ്ഞാനമാകുന്ന തപസുകൊണ്ടു പരിശുദ്ധരായിത്തീര്‍ന്നു എന്നെ പ്രാപിച്ചിട്ടുണ്ട്.

യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ (11)

എവര്‍ എങ്ങിനെ എന്നെ ഭജിക്കുന്നുവോ അവരെ അതേവിധം തന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. ഹേ പാര്‍ത്ഥ, എങ്ങും മനുഷ്യര്‍ എന്റെ മാര്‍ഗത്തെ പിന്തുടരുന്നു.

കാംക്ഷന്തഃ കര്‍മണാം സിദ്ധിം യജന്ത ഇഹ ദേവതാഃ ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിര്‍ഭവതി കര്‍മജാ (12)

ക‍ര്‍മ്മങ്ങളുടെ സിദ്ധി കാംക്ഷിക്കുന്നവര്‍ ഇവിടെ ദേവന്മാരെ പൂജിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ ക‍ര്‍മ്മഫലം വേഗത്തില്‍ സിദ്ധിക്കുന്നു.

ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മവിഭാഗശഃ തസ്യ കര്‍താരമപി മാം വിദ്ധ്യകര്‍താരമവ്യയം (13)

ഗുണങ്ങളുടെയും ക‍ര്‍മ്മങ്ങളുടെയും വിഭാഗമനുസരിച്ചു ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും സൃഷ്ടാവായി അറിയുക.

ന മാം കര്‍മാണി ലിമ്പന്തി ന മേ കര്‍മഫലേ സ്പൃഹാ ഇതി മാം യോഽഭിജാനാതി കര്‍മഭിര്‍ന സ ബധ്യതേ (14)

എന്നെ ക‍ര്‍മ്മം ബാധിക്കുന്നില്ല. എനിക്ക് ക‍ര്‍മ്മഫലത്തില്‍ ആഗ്രഹമില്ല. ഈ വിധം എന്നെ എവ‍ന്‍ അറിയുന്നുവോ അവന്‍ ക‍ര്‍മ്മങ്ങളാല്‍ ബന്ധനാകുന്നില്ല.

ഏവം ജ്ഞാത്വാ കൃതം കര്‍മ പൂര്‍വൈരപി മുമുക്ഷുഭിഃ കുരു കര്‍മൈവ തസ്മാത്ത്വം പൂര്‍വൈഃ പൂര്‍വ്വതരം കൃതം (15)

ഈ തത്വത്തെ അറിയുന്നവരായ പൂര്‍വ്വികരായ മുമുക്ഷുക്കള്‍ക്കൂടി, നിഷ്കാമ ബുദ്ധിയോടുകൂടി ക‍ര്‍മ്മം അനുഷ്ഠിച്ചു. അതുകൊണ്ട് പൂര്‍വ്വികന്മാര്‍ പണ്ടു ചെയ്തതുപോലെ നീയും ക‍ര്‍മ്മം ചെയ്യുക തന്നെ വേണം.

കിം കര്‍മ കിമകര്‍മേതി കവയോഽപ്യത്ര മോഹിതാഃ തത്തേ കര്‍മ പ്രവക്ഷ്യാമി യജ്ജ്ഞാത്വാ മോക്ഷ്യസേഽശുഭാത് (16)

ക‌ര്‍മ്മമെന്ത് അക‍ര്‍മ്മമെന്ത് എന്ന കാര്യത്തില്‍ ക്രാന്തദര്‍ശികള്‍ പോലും ഭ്രമമുള്ളവരാണ്. യാതോന്നറിഞ്ഞാല്‍ നീ പാപത്തില്‍ നിന്നു മുക്തനാകുമോ ആ ക‍ര്‍മ്മത്തെ നിനക്കു ഞാന്‍ പറഞ്ഞു തരാം.

കര്‍മണോ ഹ്യപി ബോദ്ധവ്യം ബോദ്ധവ്യം ച വികര്‍മണഃ അകര്‍മണശ്ച ബോദ്ധവ്യം ഗഹനാ കര്‍മണോ ഗതിഃ (17)

ക‍ര്‍മ്മത്തിന്റെ സ്വരൂപം അറിയേണ്ടതുണ്ട്. വിക‍ര്‍മ്മത്തിന്റെ സ്വരൂപവും അകര്‍മത്തിന്റെ സ്വരൂപവും അറിയെണ്ടതുണ്ട്. എന്ത് കൊണ്ടെന്നാല്‍ ക‍ര്‍മ്മത്തിന്റെ ഗതി (പോക്ക്) അറിയാന്‍ വളരെ വിഷമമുള്ളതാണ്.

കര്‍മണ്യകര്‍മ യഃ പശ്യേദകര്‍മണി ച കര്‍മ യഃ സ ബുദ്ധിമാന്മനുഷ്യേഷു സ യുക്തഃ കൃത്സ്നകര്‍മകൃത് (18)

ക‍ര്‍മ്മത്തില്‍ അക‍ര്‍മ്മവും അക‍ര്‍മ്മത്തില്‍ ക‍ര്‍മ്മവും യാതൊരുവ‍ന്‍ കാണുന്നുവോ അവനാണ് മനുഷ്യരില്‍ വച്ചു ബുദ്ധിമാ‍ന്‍. അവനാണ് യോഗിയും എല്ലാ ക‌ര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവനും.

യസ്യ സര്‍വ്വേ സമാരംഭാഃ കാമസങ്കല്പവര്‍ജിതാഃ ജ്ഞാനാഗ്നിദഗ്ധകര്‍മാണം തമാഹുഃ പണ്ഡിതം ബുധാഃ (19)

ഏതൊരുവന്റെ സര്‍വകര്‍മ്മങ്ങളും ഫലേച്ഛ വിട്ടതാണോ, ജ്ഞാനാഗ്നിയില്‍ ക‍ര്‍മ്മം ദഹിച്ചുപോയ അവനെ വിദ്വാന്‍മാര്‍ പാണ്ഡിതനെന്ന് വിളിക്കുന്നു.

ത്യക്ത്വാ കര്‍മഫലാസംഗം നിത്യതൃപ്തോ നിരാശ്രയഃ കര്‍മണ്യഭിപ്രവൃത്തോഽപി നൈവ കിഞ്ചിത്കരോതി സഃ (20)

ക‍ര്‍മ്മഫലത്തിലുള്ള ആസക്തിവെടിഞ്ഞ് നിത്യതൃപ്തനായി ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നവന്‍ ക‍ര്‍മ്മത്തില്‍ ഏ‍ര്‍പ്പെട്ടിരുന്നാലും അവന്‍ ഒന്നും ചെയ്യുന്നില്ലതന്നെ.

നിരാശീര്യതചിത്താത്മാ ത്യക്തസര്‍വ്വപരിഗ്രഹഃ ശാരീരം കേവലം കര്‍മ കുര്‍വ്വന്നാപ്നോതി കില്ബിഷം (21)

അഭിലാഷങ്ങളില്ലാതെ മനോനിയന്ത്രണത്തോടെ എല്ലാ ബന്ധങ്ങളും നിശ്ശേഷം കൈവിട്ടു ശരീരം കൊണ്ടു മാത്രമുള്ള പ്രവൃത്തി ചെയ്യുന്നവനെ പാപം ബാധിക്കുന്നില്ല.

യദൃച്ഛാലാഭസന്തുഷ്ടോ ദ്വന്ദ്വാതീതോ വിമത്സരഃ സമഃ സിദ്ധാവസിദ്ധൌ ച കൃത്വാപി ന നിബധ്യതേ (22)

യാദൃച്ഛയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും നി‍‍‍‍ര്‍മ്മത്സരനും ജയപരാജയങ്ങളില്‍ സമചിത്തനും ആയവന്‍ കര്‍മ്മം ചെയ്താലും ബദ്ധനാകുന്നില്ല.

ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃ യജ്ഞായാചരതഃ കര്‍മ സമഗ്രം പ്രവിലീയതേ (23)

സംഗരഹിതനും മുക്തനും ജ്ഞാനനിഷ്ടനും യജ്ഞത്തിനായി ക‍ര്‍മ്മം അനുഷ്ഠിക്കുന്നവനുമായ അവന്റെ എല്ലാ ക‍ര്‍മ്മവും നശിച്ചു പോകുന്നു.

ബ്രഹ്മാര്‍പണം ബ്രഹ്മ ഹവിര്‍ബ്രഹ്മാഗ്നൌ ബ്രഹ്മണാ ഹുതം ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മസമാധിനാ (24)

അര്‍പ്പണം ബ്രഹ്മം, ഹവിസ്സ് (ഹവനദ്രവ്യങ്ങ‍ള്‍) ബ്രഹ്മം, ബ്രഹ്മമാകുന്ന അഗ്നിയില്‍ ബ്രഹ്മത്താല്‍ ഹോമിക്കപ്പെടുന്നു. ഇങ്ങിനെ സകല ക‍ര്‍മ്മങ്ങളിലും ബ്രഹ്മബുദ്ധിയുളവായവനു ബ്രഹ്മം തന്നെ പ്രാപ്യമായിത്തീരുന്നു.

ദൈവമേവാപരേ യജ്ഞം യോഗിനഃ പര്യുപാസതേ ബ്രഹ്മാഗ്നാവപരേ യജ്ഞം യജ്ഞേനൈവോപജുഹ്വതി (25)

വേറെചില യോഗികള്‍ ദേവന്മാരെയുദ്ദേശിച്ചുള്ള യജ്ഞമനുഷ്ടിക്കുന്നു. മറ്റുചിലര്‍ ബ്രഹ്മാഗ്നിയില്‍ ആത്മാവുകൊണ്ടു ആത്മാവിനെ സമര്‍പ്പിക്കുന്നു.

ശ്രോത്രാദീനീന്ദ്രിയാണ്യന്യേ സംയമാഗ്നിഷു ജുഹ്വതി ശബ്ദാദീന്വിഷയാനന്യ ഇന്ദ്രിയാഗ്നിഷു ജുഹ്വതി (26)

വേറെ ചിലര്‍ ശ്രോത്രാദികളായ ഇന്ദ്രിയങ്ങളെ സംയമരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു. മറ്റു ചിലര്‍ ശബ്ദാദി വിഷയങ്ങളെ ഇന്ദ്രിയരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു.

സര്‍വ്വാണീന്ദ്രിയകര്‍മാണി പ്രാണകര്‍മാണി ചാപരേ ആത്മസംയമയോഗാഗ്നൌ ജുഹ്വതി ജ്ഞാനദീപിതേ (27)

വേറെ ചിലര്‍ എല്ലാ ഇന്ദ്രിയകര്‍മങ്ങളെയും പ്രാണക‍ര്‍മ്മങ്ങളെയും ജ്ഞാനദീപിതമായ ആത്മസംയമയോഗാഗ്നിയില്‍ ഹോമിക്കുന്നു.

ദ്രവ്യയജ്ഞാസ്തപോയജ്ഞാ യോഗയജ്ഞാസ്തഥാപരേ സ്വാധ്യായജ്ഞാനയജ്ഞാശ്ച യതയഃ സംശിതവ്രതാഃ (28)

അപ്രകാരം ദ്രവ്യംകൊണ്ടു യജ്ഞം ചെയ്യുന്നവരും തപസ്സിനെ യജ്ഞമായി കരുതുന്നവരും യോഗത്തെ യജ്ഞമാക്കിയവരും വേദാധ്യായനത്തെയും ജ്ഞാനാര്‍ജ്ജനത്തെയും യജ്ഞമായി അനുഷ്ഠിക്കുന്നവരുമായ ദൃഢവൃതരായ മറ്റു യതികളുമുണ്ട്.

അപാനേ ജുഹ്വതി പ്രാണം പ്രാണേഽപാനം തഥാപരേ പ്രാണാപാനഗതീ രുദ്ധ്വാ പ്രാണായാമപരായണാഃ (29)

അങ്ങിനെ മറ്റു ചിലര്‍ പ്രാണായാമ തല്‍പരരായി ദേഹത്തിലുള്ള വായുവിന്റെ ഉര്‍ധ്വമുഖവും അധോമുഖവുമായ ചലനത്തെ തടഞ്ഞിട്ട് അപാനനില്‍ പ്രാണനെയും പ്രാണനില്‍ അപാനനെയും ഹോമിക്കുന്നു.

അപരേ നിയതാഹാരാഃ പ്രാണാന്‍ പ്രാണേഷു ജുഹ്വതി സര്‍വ്വേഽപ്യേതേ യജ്ഞവിദോ യജ്ഞക്ഷപിതകല്മഷാഃ (30)

മറ്റു ചിലര്‍ ആഹാരത്തെ നിയന്ത്രിച്ചു പ്രാണങ്ങളെ പ്രാണങ്ങളില്‍ തന്നെ ഹോമിക്കുന്നു. ഇവരെല്ലാവരും യജ്ഞതത്വമറിഞ്ഞവരും യജ്ഞംകൊണ്ടു പാപമകന്നവരുമാകുന്നു.

യജ്ഞശിഷ്ടാമൃതഭുജോ യാന്തി ബ്രഹ്മ സനാതനം നായം ലോകോഽസ്ത്യയജ്ഞസ്യ കുതോഽന്യഃ കുരുസത്തമ (31)

യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവര്‍ പരബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞം ചെയ്യാത്തവന്ന് ഈ ലോകം തന്നെയില്ല. ഹേ കുരുശ്രേഷ്ടാ, പിന്നെയാണോ പരലോകം?

ഏവം ബഹുവിധാ യജ്ഞാ വിതതാ ബ്രഹ്മണോ മുഖേ കര്‍മജാന്വിദ്ധി താന്‍സര്‍വ്വാനേവം ജ്ഞാത്വാ വിമോക്ഷ്യസേ (32)

ഇങ്ങിനെ പലതരം യജ്ഞങ്ങള്‍ ബ്രഹ്മാവിനാല്‍ വിവരിക്കപ്പെട്ടി ട്ടുണ്ട്. അവയെല്ലാം ക‍ര്‍മ്മത്തില്‍ നിന്നുഉളവാകുന്നവയാണ് എന്ന് അറയുക. അതെല്ലാം ഇങ്ങിനെ മനസ്സിലാക്കുമ്പോള്‍ നീ മുക്തനായിത്തീരും.

ശ്രേയാന്ദ്രവ്യമയാദ്യജ്ഞാജ്ജ്ഞാനയജ്ഞഃ പരന്തപ സര്‍വ്വം കര്‍മാഖിലം പാര്‍ഥ ജ്ഞാനേ പരിസമാപ്യതേ (33)

ഹേ ശത്രുനാശകാ, ദ്രവ്യമയമായ യജ്ഞത്തെക്കാളും ജ്ഞാനയജ്ഞമാണ് ശ്രേഷ്ടം. ഹേ പാര്‍ത്ഥാ, എല്ലാ ക‍ര്‍മ്മങ്ങളും പൂര്‍ണമായി ജ്ഞാനത്തില്‍ പര്യവസാനിക്കുന്നു.

തദ്വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനസ്തത്ത്വദര്‍ശിനഃ (34)

സത്യം കണ്ടറിഞ്ഞ ജ്ഞാനികള്‍ നിനക്കു ജ്ഞാനം ഉപദേശിച്ചു തരും. അത് നീ നമസ്ക്കാരം കൊണ്ടും ചോദ്യം കൊണ്ടും സേവകൊണ്ടും ഗ്രഹിക്കുക.

യജ്ജ്ഞാത്വാ ന പുനര്‍മോഹമേവം യാസ്യസി പാണ്ഡവ യേന ഭൂതാന്യശേഷേണ ദ്രക്ഷ്യസ്യാത്മന്യഥോ മയി (35)

ഹേ പാ‍ണ്ഡവാ, അതറിഞ്ഞാല്‍ പിന്നെയിങ്ങനെ ഭ്രമം നിനക്കുണ്ടാവില്ല. ഇതു മൂലം ഭൂതങ്ങളെയെല്ലാം തന്നിലും പിന്നെ എന്നിലും നീ കാണും.

അപി ചേദസി പാപേഭ്യഃ സര്‍വ്വേഭ്യഃ പാപകൃത്തമഃ സര്‍വ്വം ജ്ഞാനപ്ലവേനൈവ വൃജിനം സന്തരിഷ്യസി (36)

നീ എല്ലാ പാപികളിലും വെച്ച് ഏറ്റവും വലിയ മഹാപാപിയാണെങ്കില്‍പ്പോലും ജ്ഞാനമാകുന്ന തോണികൊണ്ടു എല്ലാ പാപസമുദ്രങ്ങളെയും നീ കടക്കുക തന്നെ ചെയ്യും.

യഥൈധാംസി സമിദ്ധോഽഗ്നിര്‍ഭസ്മസാത്കുരുതേഽര്‍ജുന ജ്ഞാനാഗ്നിഃ സര്‍വ്വകര്‍മാണി ഭസ്മസാത്കുരുതേ തഥാ (37)

അര്‍ജുനാ, കത്തിയെരിയുന്ന അഗ്നി എങ്ങിനെയാണോ എല്ലാ വിറകിനെയും ഭസ്മമാക്കുന്നത് അതുപോലെ ജ്ഞാനാഗ്നി എല്ലാ ക‍ര്‍മ്മങ്ങളെയും നശിപ്പിക്കും.

ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ തത്സ്വയം യോഗസംസിദ്ധഃ കാലേനാത്മനി വിന്ദതി (38)

ഈ ലോകത്തില്‍ ജ്ഞാനം പോലെ പവിത്രമായി ഒന്നും തന്നെയില്ല തന്നെ. യോഗം കൊണ്ടു സിദ്ധനായവാന് ഈ ജ്ഞാനം കാലക്രമത്തില്‍ തനിയെ നേടുന്നു.

ശ്രദ്ധാവാംല്ലഭതേ ജ്ഞാനം തത്പരഃ സംയതേന്ദ്രിയഃ ജ്ഞാനം ലബ്ധ്വാ പരാം ശാന്തിമചിരേണാധിഗച്ഛതി (39)

ജ്ഞാനത്തില്‍ തന്നെ മനസ്സൂന്നിയവനും ജിതേന്ദ്രിയനും ശ്രദ്ധയുള്ളവനുമായ ആള്‍ ജ്ഞാനം നേടുന്നു. ജ്ഞാനം നേടിയാല്‍ പരമമായ ശാന്തിയെ ഉടന്‍ പ്രാപിക്കുന്നു.

അജ്ഞശ്ചാശ്രദ്ദധാനശ്ച സംശയാത്മാ വിനശ്യതി നായം ലോകോഽസ്തി ന പരോ ന സുഖം സംശയാത്മനഃ (40)

ആജ്ഞനും ശ്രദ്ധയില്ലാത്തവനും സംശയം തീരാത്തവനും നശിക്കുന്നു. സംശയിക്കുന്നവന് ഈ ലോകവും, പരലോകവും സുഖവും ഇല്ല.

യോഗസംന്യസ്തകര്‍മാണം ജ്ഞാനസഞ്ഛിന്നസംശയം ആത്മവന്തം ന കര്‍മാണി നിബധ്നന്തി ധനഞ്ജയ (41)

ധനഞജയാ, യോഗത്താല്‍ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചവനും ജ്ഞാനംകൊണ്ടു സംശയങ്ങള്‍ നിഃശേഷം തീര്‍ന്നവനും ആത്മനിഷ്ഠനുമായവനെ കര്‍മ്മങ്ങള്‍ ഒരുവിധത്തിലും ബന്ധിക്കുന്നില്ല.

തസ്മാദജ്ഞാനസംഭൂതം ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ ഛിത്ത്വൈനം സംശയം യോഗമാതിഷ്ഠോത്തിഷ്ഠ ഭാരത (42)

ഹേ ഭാരതാ, അതുകൊണ്ട് അജ്ഞാനം കൊണ്ടു ഉണ്ടായതും മനസിലുള്ളതുമായ നിന്റെ ഈ സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു ഛേദിച്ചിട്ടു യോഗത്തെ അനുഷ്ഠിക്കുക, ഏഴുന്നേല്‍ക്കുക.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ജ്ഞാനകര്‍മസംന്യാസയോഗോ നാമ ചതുര്‍ഥോഽധ്യായഃ

അഥ പഞ്ചമോഽധ്യായഃ

                   ©
                2017
         My God.com
A  Global Hindu Heritage Foundation

അദ്ധ്യായം 05 - സംന്യാസയോഗഃ

അര്‍ജുന ഉവാച

സംന്യാസം കര്‍മണാം കൃഷ്ണ പുനര്‍യോഗം ച ശംസസി യച്ഛ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം (1)

അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണാ, സന്യാസവും പിന്നെ ക‍ര്‍മ്മയോഗവും അങ്ങ് ഉപദേശിക്കുന്നു. ഈ രണ്ടില്‍ ഏതാണ് ശ്രേയസ്കരം എന്നത് നിശ്ചിതമായി എനിക്ക് പറഞ്ഞു തരിക.

ശ്രീഭഗവാനുവാച

സംന്യാസഃ കര്‍മയോഗശ്ച നിഃശ്രേയസകരാവുഭൌ തയോസ്തു കര്‍മസംന്യാസാത്കര്‍മയോഗോ വിശിഷ്യതേ (2)

ശ്രീ ഭഗവാന്‍ പറഞ്ഞു: സന്യാസവും കര്‍മയോഗവും രണ്ടും മുക്തിപ്രദമാണ്. എന്നാല്‍ ആ രണ്ടില്‍ ക‍ര്‍മ്മസന്യാസത്തെ അപേക്ഷിച്ച് ക‍ര്‍മ്മ യോഗമാണ് ശ്രേഷ്ഠം.

ജ്ഞേയഃ സ നിത്യസംന്യാസീ യോ ന ദ്വേഷ്ടി ന കാംക്ഷതി നിര്‍ദ്വന്ദ്വോ ഹി മഹാബാഹോ സുഖം ബന്ധാത്പ്രമുച്യതേ (3)

മഹാബാഹോ, ഏതൊരുവന്‍ ദ്വേഷിക്കുകയും കാംക്ഷിക്കുകയും ചെയ്യുന്നില്ലയോ അവന്‍ നിത്യസന്യാസി എന്നറിയുക. എന്തുകൊണ്ടെന്നാല്‍ ദ്വന്ദ്വാതീതന്‍ ബന്ധത്തില്‍നിന്ന് നിഷ്‌പ്രയാസം മുക്തനാകുന്നു.

സാംഖ്യയോഗൌ പൃഥഗ്ബാലാഃ പ്രവദന്തി ന പണ്ഡിതാഃ ഏകമപ്യാസ്ഥിതഃ സമ്യഗുഭയോര്‍വിന്ദതേ ഫലം (4)

സാംഖ്യവും യോഗവും വെവ്വേറെയായി അജ്ഞന്മാര്‍ പറയുന്നു. പണ്ഡിതന്‍മാര്‍ അങ്ങനെ പറയുന്നില്ല. ഒന്നെങ്കിലും വേണ്ടവിധം അനുഷ്ഠിക്കുന്ന പക്ഷം രണ്ടിന്റെയും ഫലം ലഭിക്കും.

യത്സാങ്ഖ്യൈഃ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി (5)

ഏത് സ്ഥാനം സാംഖ്യന്മാര്‍ നേടുമോ അത് യോഗികളും നേടും. സാംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നവനത്രെ സത്യത്തെ കാണുന്നവ‌ന്‍‍ !

സംന്യാസസ്തു മഹാബാഹോ ദുഃഖമാപ്തുമയോഗതഃ യോഗയുക്തോ മുനിര്‍ബ്രഹ്മ നചിരേണാധിഗച്ഛതി (6)

ഹേ മഹാബാഹോ: എന്നാല്‍ സന്യാസം യോഗം കൂടാതെ പ്രാപിക്കാന്‍ പ്രയാസമാണ്. യോഗനിഷ്ഠനായ മുനി വേഗത്തില്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

യോഗയുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ സര്‍വ്വഭൂതാത്മഭൂതാത്മാ കുര്‍വ്വന്നപി ന ലിപ്യതേ (7)

യോഗയുക്തനും പരിശുദ്ധാത്മാവും മനോജയം നേടിയവനും ജിതേന്ദ്രിയനും സര്‍വഭൂതങ്ങളെയും ആത്മതുല്യനായി കാണുന്നവനും ആയവന്‍ ക‍ര്‍മ്മം ചെയ്യുന്നെങ്കിലും ബദ്ധനായിത്തീരുന്നില്ല.

നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത് പശ്യന്‍ ശൃണ്വന്‍ സ്പൃശഞ്ജിഘ്രന്നശ്നന്‍ ഗച്ഛന്‍സ്വപന്‍ ശ്വസന്‍ (8) പ്രലപന്വിസൃജന്‍ ഗൃഹ്ണന്നുന്മിഷന്നിമിഷന്നപി ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു വര്‍ത്തന്ത ഇതി ധാരയന്‍ (9)

യോഗയുക്തനായ തത്വജ്ഞന്‍ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, മലമൂത്രവിസ‍ര്‍ജനം ചെയ്യുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നു.

ബ്രഹ്മണ്യാധായ കര്‍മാണി സംഗം ത്യക്ത്വാ കരോതി യഃ ലിപ്യതേ ന സ പാപേന പദ്മപത്രമിവാമ്ഭസാ (10)

യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ക‍ര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താല്‍ നനക്കാന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.

കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി യോഗിനഃ കര്‍മ കുര്‍വ്വന്തി സങ്ഗം ത്യക്ത്വാത്മശുദ്ധയേ (11)

ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.

യുക്തഃ കര്‍മഫലം ത്യക്ത്വാ ശാന്തിമാപ്നോതി നൈഷ്ഠികീം അയുക്തഃ കാമകാരേണ ഫലേ സക്തോ നിബധ്യതേ (12)

യോഗയുക്തന്‍ ക‍ര്‍മ്മഫലം ഉപേക്ഷിച്ചു ദൃഡപ്രതിഷ്ഠമായ ശാന്തി കൈവരിക്കുന്നു. യുക്തനല്ലാത്തവന്‍ കാമം മൂലം ഫലത്തില്‍ ആസക്തനായി ബദ്ധനായിത്തീരുനു.

സര്‍വ്വകര്‍മാണി മനസാ സംന്യസ്യാസ്തേ സുഖം വശീ നവദ്വാരേ പുരേ ദേഹീ നൈവ കുര്‍വ്വന്ന കാരയന്‍ (13)

സര്‍വ ക‍ര്‍മ്മങ്ങളും മനസ്സ് കൊണ്ടു ഉപേക്ഷിച്ച് ഇന്ദ്രിയ മനോജയം നേടിയ ദേഹധാരിയായ ജീവാത്മാവ് പ്രവര്‍ത്തിക്കാതെയും പ്രവര്‍ത്തിപ്പിക്കാതെയും ഒന്‍പതു വാതിലുള്ള പുരത്തില്‍ (ശരീരത്തില്‍) സുഖമായി വസിക്കുന്നു.

ന കര്‍ത്തൃത്വം ന കര്‍മാണി ലോകസ്യ സൃജതി പ്രഭുഃ ന കര്‍മഫലസംയോഗം സ്വഭാവസ്തു പ്രവര്‍തതേ (14)

ഈശ്വരന്‍ പ്രാണികള്‍ക്ക് ക‍ര്‍മ്മങ്ങളെയോ, അവയുടെ ക‍ര്‍ത്തൃത്വത്തെയോ സൃഷ്ടിക്കുന്നില്ല. അവരെ ക‍ര്‍മ്മഫലത്തോടു സംയോജിപ്പിക്കുന്നുമില്ല. സ്വഭാവമാണ് പ്രവര്‍ത്തിക്കുന്നത്.

നാദത്തേ കസ്യചിത്പാപം ന ചൈവ സുകൃതം വിഭുഃ അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ (15)

ഈശ്വരന്‍ ആരുടേയും പാപവും സുകൃതവും സ്വീകരിക്കുന്നില്ല. ജ്ഞാനം അജ്ഞാനത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ജീവികള്‍ മോഹത്തിലാണ്ടുപോകുന്നു.

ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ തേഷാമാദിത്യവദ് ജ്ഞാനം പ്രകാശയതി തത്പരം (16)

എന്നാല്‍ ആരുടെ ഈ അജ്ഞാനം ആത്മജ്ഞാനത്താല്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്ക് ആദിത്യന്‍ വസ്തുക്കളെയെന്ന പോലെ ജ്ഞാനം പരമമായ ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നു.

തദ്ബുദ്ധയസ്തദാത്മാനസ്തന്നിഷ്ഠാസ്തത്പരായണാഃ ഗച്ഛന്ത്യപുനരാവൃത്തിം ജ്ഞാനനിര്‍ധൂതകല്മഷാഃ (17)

ബ്രഹ്മത്തില്‍ മനസ്സൂന്നിയവരും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവരും ബ്രഹ്മനിഷ്ഠരും ബ്രഹ്മത്തെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയില്ലാത്തവരു മായവര്‍ ജ്ഞാനത്താല്‍ പാപമകന്നു മോക്ഷപദത്തെ പ്രാപിക്കുന്നു.

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ (18)

വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, നായയിലും, ചണ്ഡാളനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികളാകുന്നു.

ഇഹൈവ തൈര്‍ജിതഃ സര്‍ഗോ യേഷാം സാമ്യേ സ്ഥിതം മനഃ നിര്‍ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ (19)

ആരുടെ മനസ്സാണോ സമഭാവനയില്‍ പ്രതിഷ്ഠിതമായിരിക്കുന്നത് ഇവിടെ വച്ചു തന്നെ അവര്‍ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബ്രഹ്മം നിര്‍ദ്ദോഷവും സമവുമാകുന്നു. അതുകൊണ്ടു അവര്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നവരത്രേ.

ന പ്രഹൃഷ്യേത്പ്രിയം പ്രാപ്യ നോദ്വിജേത്പ്രാപ്യ ചാപ്രിയം സ്ഥിരബുദ്ധിരസമ്മൂഢോ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ (20)

പ്രിയം നേടി സന്തോഷിക്കുകയും, അപ്രിയം വന്നുചേ‍ര്‍ന്നാ‍ല്‍ ദുഖിക്കുകയും ചെയ്യാത്തവനും, സ്ഥിരബുദ്ധിയും, മോഹമില്ലാത്തവനും ആയവന്‍ ബ്രഹ്മജ്ഞനും ബ്രഹ്മത്തില്‍തന്നെ വര്‍ത്തിക്കുന്നവനുമാണ്.

ബാഹ്യസ്പര്‍ശേഷ്വസക്താത്മാ വിന്ദത്യാത്മനി യത്സുഖം സ ബ്രഹ്മയോഗയുക്താത്മാ സുഖമക്ഷയമശ്നുതേ (21)

ബാഹ്യവിഷയങ്ങളില്‍ അനാസക്തനായവ‌‌‍ന്‍ ആത്മാവില്‍ ഏതു സുഖം അനുഭവിക്കുന്നുവോ അത് ബ്രഹ്മത്തില്‍ യോഗയുക്താത്മാവായിട്ടുള്ളവന്‍ എന്നും അനുഭവിക്കുന്നു.

യേ ഹി സംസ്പര്‍ശജാ ഭോഗാ ദുഃഖയോനയ ഏവ തേ ആദ്യന്തവന്തഃ കൌന്തേയ ന തേഷു രമതേ ബുധഃ (22)

ഹേ കൌന്തേയാ, ഏതു വിഷയസുഖങ്ങളാണോ ഇന്ദ്രിയങ്ങളുടെ വിഷയസമ്പര്‍ക്കം കൊണ്ടു ഉണ്ടാകുന്നത് അത് ദുഃഖപ്രദം തന്നെ. അവ ആദിയും അന്തവും ഉള്ളവയുമാണ്‌. വിദ്വാന്‍ അവയില്‍ രമിക്കുന്നില്ല.

ശക്നോതീഹൈവ യഃ സോഢും പ്രാക്ശരീരവിമോക്ഷണാത് കാമക്രോധോദ്ഭവം വേഗം സ യുക്തഃ സ സുഖീ നരഃ (23)

ആരാണോ ഇവിടെ വച്ചു തന്നെ ശരീര നാശത്തിനു മുമ്പ്‌ കാമക്രോധങ്ങള്‍ ഉളവാക്കുന്ന ക്ഷോഭത്തെ നിയന്ത്രിക്കാന്‍ ശക്തനാകുന്നത് അവന്‍ യോഗയുക്തനും സുഖമനുഭവിക്കുന്നവനു മാകുന്നു.

യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തര്‍ജ്യോതിരേവ യഃ സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി (24)

യാതൊരുവന്‍ ഉള്ളില്‍ സുഖംകണ്ടെത്തുകയും, ഉള്ളില്‍തന്നെ രമിക്കയും, അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.

ലഭന്തേ ബ്രഹ്മനിര്‍വ്വാണമൃഷയഃ ക്ഷീണകല്മഷാഃ ഛിന്നദ്വൈധാ യതാത്മാനഃ സര്‍വ്വഭൂതഹിതേ രതാഃ (25)

കല്മഷം ക്ഷയിച്ചവരും സംശയഹീനരും മനോജയം നേടിയവരും സര്‍വഭൂതങ്ങളുടെയും ക്ഷേമത്തില്‍ തല്‍പരരുമായ ഋഷിമാര്‍ ബ്രഹ്മാനന്ദം നേടുന്നു.

കാമക്രോധവിയുക്താനാം യതീനാം യതചേതസാം അഭിതോ ബ്രഹ്മനിര്‍വ്വാണം വര്‍തതേ വിദിതാത്മനാം (26)

ആത്മജ്ഞരും, കാമക്രോധങ്ങളില്ലാത്തവരും മനസിനെ നിയന്ത്രിച്ചവരും ആയ യോഗികള്‍ക്ക് ഇഹത്തിലും പരത്തിലും ബ്രഹ്മനിര്‍വ്വാണം പ്രാപ്തമാകുന്നു.

സ്പര്‍ശാന്‍കൃത്വാ ബഹിര്‍ബാഹ്യാംശ്ചക്ഷുശ്ചൈവാന്തരേ ഭ്രുവോഃ പ്രാണാപാനൌ സമൌ കൃത്വാ നാസാഭ്യന്തരചാരിണൌ (27) യതേന്ദ്രിയമനോബുദ്ധിര്‍മുനിര്‍മോക്ഷപരായണഃ വിഗതേച്ഛാഭയക്രോധോ യഃ സദാ മുക്ത ഏവ സഃ (28)

ബാഹ്യവിഷയങ്ങളെ പുറത്താക്കി നോട്ടം ഭൂമധ്യത്തിലുറപ്പിച്ച് മൂക്കിനുള്ളില്‍ സഞ്ചരിക്കുന്ന പ്രാണന്റെയും അപാനന്റെയും ഗതി സമീകരിച്ച് ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും നിയന്ത്രിച്ച് ഇച്ഛ, ഭയം,ക്രോധം ഇവ വെടിഞ്ഞ് മോക്ഷത്തില്‍ തന്നെ തല്‍പരനായിരിക്കുന്ന മുനി എപ്പോഴും മുക്തനായി ഭവിക്കുന്നു.

ഭോക്താരം യജ്ഞതപസാം സര്‍വ്വലോകമഹേശ്വരം സുഹൃദം സര്‍വ്വഭൂതാനാം ജ്ഞാത്വാ മാം ശാന്തിമൃച്ഛതി (29)

യജ്ഞത്തിന്റെയും തപസ്സിന്റെയും ഭോക്താവും ലോകങ്ങളുടെയെല്ലാം നാഥനും എല്ലാ ജീവികളുടെയും സുഹൃത്തുമായി എന്നെ അറിയുന്നവന്‍ ശാന്തിയെ പ്രാപിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ സംന്യാസയോഗോ നാമ പഞ്ചമോഽധ്യായഃ

അഥ ഷഷ്ഠോഽധ്യായഃ

                  ©
                2017
         My God.com
A Hindu Global Heritage Foundation

അദ്ധ്യായം 06 - ആത്മസംയമയോഗഃ

ശ്രീഭഗവാനുവാച

അനാശ്രിതഃ കര്‍മഫലം കാര്യം കര്‍മ കരോതി യഃ സ സംന്യാസീ ച യോഗീ ച ന നിരഗ്നിര്‍ന ചാക്രിയഃ (1)

ശ്രീ ഭഗവാന്‍ പറഞ്ഞു: ക‍ര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ ക‍ര്‍മ്മം ആരു ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ അഗ്നിഹോത്രാദികളെ ചെയ്യാത്തവനും, ക‍ര്‍മ്മത്തെ ഉപേക്ഷിച്ചു സ്വസ്ഥനായിരിക്കുന്നവനുമല്ല.

യം സംന്യാസമിതി പ്രാഹുര്‍യോഗം തം വിദ്ധി പാണ്ഡവ ന ഹ്യസംന്യസ്തസങ്കല്പോ യോഗീ ഭവതി കശ്ചന (2)

ഹേ പാണ്ഡവാ, സന്യാസമെന്നു പറയുന്നത്‌ ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല.

ആരുരുക്ഷോര്‍മുനേര്യോഗം കര്‍മ കാരണമുച്യതേ യോഗാരൂഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ (3)

ക‍ര്‍മ്മയോഗത്തെ പ്രാപിക്കുവാനിച്ഛിക്കുന്ന മുനിക്ക് ക‍ര്‍മ്മം മാ‍ര്‍ഗ്ഗമെന്നു പറയപ്പെടുന്നു. പിന്നീട് യോഗസിദ്ധി നേടിക്കഴിഞ്ഞ അവന് ശമം കാരണമെന്നും പറയപ്പെടുന്നു.

യദാ ഹി നേന്ദ്രിയാര്‍ഥേഷു ന കര്‍മസ്വനുഷജ്ജതേ സര്‍വ്വസങ്കല്പസംന്യാസീ യോഗാരൂഢസ്തദോച്യതേ (4)

വിഷയങ്ങളിലും ക‍ര്‍മ്മങ്ങളിലും ആസക്തിയില്ലാതെ എല്ലാ മനോവ്യാപാരവും ത്യജിച്ചവനെ യോഗാരൂഢന്‍ (യോഗത്തെ പ്രാപിച്ചവന്‍) എന്നു വിളിക്കുന്നു.

ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ (5)

ഒരുവന്‍ തന്നെ സ്വയം ഉദ്ധരിക്കേണ്ടതാണ്, തന്നെ സ്വയം താഴ്ത്തരുത്, താന്‍ തന്നെയാണ് തന്റെ ബന്ധു. താന്‍ തന്നെയാണ് തന്റെ ശത്രുവും.

ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ അനാത്മനസ്തു ശത്രുത്വേ വര്‍തേതാത്മൈവ ശത്രുവത് (6)

യാതൊരുവന്‍ സ്വയം തന്നെ ജയിച്ചിരിക്കുന്നുവോ അവന് താന്‍ തന്നെ തന്റെ ബന്ധുവാണ്. തന്റെ മേല്‍ നിയന്ത്രണമില്ലാത്തവനു താന്‍ തന്നെ ശത്രുവിനെപ്പോലെ ശത്രുത്വത്തില്‍ വര്‍ത്തിക്കുന്നു.

ജിതാത്മനഃ പ്രശാന്തസ്യ പരമാത്മാ സമാഹിതഃ ശീതോഷ്ണസുഖദുഃഖേഷു തഥാ മാനാപമാനയോഃ (7) ജ്ഞാനവിജ്ഞാനതൃപ്താത്മാ കൂടസ്ഥോ വിജിതേന്ദ്രിയഃ യുക്ത ഇത്യുച്യതേ യോഗീ സമലോഷ്ടാശ്മകാഞ്ചനഃ (8)

മനോജയം സിദ്ധിച്ചവനും പ്രശാന്തമായിരിക്കുന്നവനും ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ മാനാപമാന ങ്ങളിലും ഏറ്റവും സമഭാവനയോടുകൂടിയവനും, അദ്ധ്യത്മജ്ഞാനവും ശാസ്ത്രജ്ഞാനവും കൊണ്ടു സംതൃപ്തനും നിര്‍വികാരനും ഇന്ദ്രിയജയം നേടിയവനും മണ്‍കട്ട, കല്ല്, പൊന്ന് ഇവ തുല്യമായി ഗണിക്കുന്നവനുമായ യോഗി യോഗയുക്തന്‍ എന്ന് പറയപ്പെടുന്നു.

സുഹൃന്മിത്രാര്യുദാസീനമധ്യസ്ഥദ്വേഷ്യബന്ധുഷു സാധുഷ്വപി ച പാപേഷു സമബുദ്ധിര്‍വിശിഷ്യതേ (9)

സുഹൃത്തുക്കള്‍‍, മിത്രങ്ങള്‍, ശത്രുക്കള്‍, ഉദാസീനന്‍മാ‍‍ര്‍, വെറുക്കപ്പെടേണ്ടവര്‍, ബന്ധുക്കള്‍ ഇവരിലും നല്ലവരിലും പാപികളിലും സമബുദ്ധിയായിരിക്കുന്നവന്‍ വിശിഷ്ടനാകുന്നു.

യോഗീ യുഞ്ജീത സതതമാത്മാനം രഹസി സ്ഥിതഃ ഏകാകീ യതചിത്താത്മാ നിരാശീരപരിഗ്രഹഃ (10)

യോഗി വിജനതയില്‍ സ്ഥിതിചെയ്ത് ഏകാകിയും ഇന്ദ്രിയമനസുകളെ നിയന്ത്രിച്ച്‌ നിഷ്കാമനും ആരില്‍നിന്നും ഒന്നും സ്വീകരിക്കാത്തവനുമായി സര്‍വദാ ആത്മാവിനെ യോജിപ്പിക്കണം.

ശുചൌ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മനഃ നാത്യുച്ഛ്രിതം നാതിനീചം ചൈലാജിനകുശോത്തരം (11) തത്രൈകാഗ്രം മനഃ കൃത്വാ യതചിത്തേന്ദ്രിയക്രിയഃ ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ (12)

ശുചിത്വമുള്ളിടത്ത് അധികം ഉയര്‍ച്ചയോ അധികം താഴ്ച്ചയോ ഇല്ലാത്തതും ദര്‍ഭപ്പുല്ല്, കൃഷ്ണമൃഗത്തിന്റെ തോല്‍ ഇവ മേല്‍ക്കുമേല്‍ വിരിച്ചതുമായ തന്റെ ഇരിപ്പിടം സ്ഥിരമാക്കി അതിലിരുന്ന് മനസ്സ് എകാഗ്രമാക്കി മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കുവേണ്ടി യോഗം അഭ്യസിക്കണം.

സമം കായശിരോഗ്രീവം ധാരയന്നചലം സ്ഥിരഃ സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയന്‍ (13) പ്രശാന്താത്മാ വിഗതഭീര്‍ബ്രഹ്മചാരിവ്രതേ സ്ഥിതഃ മനഃ സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പരഃ (14)

ശരീരം, കഴുത്ത്, തല ഇവ ഋജുവാക്കി ഇളകാതെ വച്ച് സ്ഥിരമായി തന്റെ നാസികാഗ്രത്തില്‍ ദൃഷ്ടിയൂന്നി ദിക്കുകളിലേക്ക് നോക്കാതെ മനഃശാന്തിയോടെ നിര്‍ഭയനായി ദൃഢമായ ബ്രഹ്മചര്യത്തോടു കൂടിയവനായി മനസിനെ നിയന്ത്രിച്ച് എന്നില്‍തന്നെ ഉറപ്പിച്ച് എന്നെ മാത്രം ചിന്തിക്കുന്നവനായി യോഗയുക്തനായി സ്ഥിതിചെയ്യണം.

യുഞ്ജന്നേവം സദാത്മാനം യോഗീ നിയതമാനസഃ ശാന്തിം നിര്വാണപരമാം മത്സംസ്ഥാമധിഗച്ഛതി (15)

ഇപ്രകാരം യോഗി സര്‍വദാ മനോനിയന്ത്രണത്തോടെ തന്നെ യുക്തനാക്കിയിട്ട് അതായത് ഈശ്വരനില്‍ താദാത്മ്യഭാവന ചെയ്ത് എന്നില്‍ പ്രതിഷ്ഠിതവും പരമനിര്‍വാണ രൂപവുമായ ശാന്തി പ്രാപിക്കുന്നു.

നാത്യശ്നതസ്തു യോഗോഽസ്തി ന ചൈകാന്തമനശ്നതഃ ന ചാതിസ്വപ്നശീലസ്യ ജാഗ്രതോ നൈവ ചാര്‍ജുന (16)

ഹേ അര്‍ജുനാ, അധികം ആഹാരം കഴിക്കുന്നവനും, ഒട്ടും ആഹാരം കഴിക്കാത്തവനും യോഗമില്ല. അധികം ഉറങ്ങുന്നവനും എപ്പോഴും ഉണര്‍ന്നിരിക്കുന്നവനും യോഗം സംഭവിക്കുകയില്ല.

യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കര്‍മസു യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ (17)

വേണ്ടയളവില്‍ മിതമായി ആഹാരവും വിഹാരവും നിര്‍വഹിക്കുന്നവനും പ്രവൃത്തികളില്‍ സമചിത്തതയോടെ വ്യാപരിക്കുന്നവനും ഉറക്കവും ഉണര്‍ന്നിരിക്കലും ഉചിതമായ അളവില്‍ നിര്‍വഹിക്കുന്നവനുമായ യോഗിയ്ക്ക് യോഗം ദുഃഖനാശകമായിത്തീരുന്നു.

യദാ വിനിയതം ചിത്തമാത്മന്യേവാവതിഷ്ഠതേ നിഃസ്പൃഹഃ സര്‍വ്വകാമേഭ്യോ യുക്ത ഇത്യുച്യതേ തദാ (18)

എപ്പോള്‍ സ്ഥിരമായിത്തീര്‍ന്ന ചിത്തം സര്‍വകാമങ്ങളില്‍ നിന്നും അകന്ന് ആത്മാവില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവോ അപ്പോള്‍ അവന്‍ യുക്തനെന്നു പറയപ്പെടുന്നു.

യഥാ ദീപോ നിവാതസ്ഥോ നേംഗതേ സോപമാ സ്മൃതാ യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മനഃ (19)

കാറ്റില്ലാത്തിടത്ത് സ്ഥിതിചെയ്യുന്ന ദീപത്തിന്റെ നിശ്ചലാവസ്ഥയാണ് ആത്മയോഗം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗിയുടെ ഉപമയായി സ്മരിക്കപ്പെടുന്നത്.

യത്രോപരമതേ ചിത്തം നിരുദ്ധം യോഗസേവയാ യത്ര ചൈവാത്മനാത്മാനം പശ്യന്നാത്മനി തുഷ്യതി (20) സുഖമാത്യന്തികം യത്തദ് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം വേത്തി യത്ര ന ചൈവായം സ്ഥിതശ്ചലതി തത്ത്വതഃ (21) യം ലബ്ധ്വാ ചാപരം ലാഭം മന്യതേ നാധികം തതഃ യസ്മിന്‍സ്ഥിതോ ന ദുഃഖേന ഗുരുണാപി വിചാല്യതേ (22) തം വിദ്യാദ് ദുഃഖസംയോഗവിയോഗം യോഗസംജ്ഞിതം സ നിശ്ചയേന യോക്തവ്യോ യോഗോഽനിര്‍വ്വിണ്ണചേതസാ (23)

ഏതവസ്ഥയില്‍ നിയന്ത്രിതമായ മനസ്സ് യോഗപരിശീലനത്താല്‍ സന്തുഷ്ടമായിരിക്കുന്നുവോ, ഏതവസ്ഥയില്‍ ആത്മാവിനെ ആത്മാവില്‍ ആത്മാവുകൊണ്ടു ദര്‍ശിച്ച് സന്തോഷം കൈകൊള്ളുന്നുവോ, ഏതവസ്ഥയില്‍ ബുദ്ധിഗ്രാഹ്യവും ഇന്ദ്രിയാതീതവുമായ ആത്യന്തിക സുഖത്തെ അറിയുന്നുവോ, ഏതവസ്ഥയില്‍ സ്ഥിതിചെയ്യുമ്പോള്‍ അവന്‍ സത്യദര്‍ശനത്തില്‍ നിന്നും വിചലിക്കുന്നില്ലയോ, ഏതൊന്ന് ലഭിച്ചിട്ട് മറ്റോരുലാഭത്തെ അതില്‍ കവിഞ്ഞതായി ഗണിക്കുന്നില്ലയോ, എതോരവസ്ഥയില്‍ സ്ഥിതനായാല്‍ വലിയ ദുഃഖത്താല്‍ പോലും ക്ഷോഭമേല്‍ക്കുന്നി ല്ലയോ അതാണ് ദുഃഖസ്പര്‍ശമില്ലാത്ത യോഗമെന്ന് അറിയണം. തളരാത്ത മനസ്സോടെ സ്ഥിരനിശ്ചയത്തോടുകൂടി ആ യോഗം അഭ്യസിക്കണം.

സങ്കല്പപ്രഭവാന്‍കാമാംസ്ത്യക്ത്വാ സര്‍വ്വാനശേഷതഃ മനസൈവേന്ദ്രിയഗ്രാമം വിനിയമ്യ സമന്തതഃ (24) ശനൈഃ ശനൈരുപരമേദ് ബുദ്ധ്യാ ധൃതിഗൃഹീതയാ ആത്മസംസ്ഥം മനഃ കൃത്വാ ന കിഞ്ചിദപി ചിന്തയേത് (25)

സങ്കല്പജനിതങ്ങളായ എല്ലാ കാമങ്ങളും പൂര്‍ണമായി ത്യജിച്ച് മനസ്സുകൊണ്ട് തന്നെ ഇന്ദ്രിയങ്ങളെ എല്ലായിടത്തുനിന്നും നിയന്ത്രിച്ച് ഒതുക്കി ക്രമേണ ധൈര്യം തികഞ്ഞ ബുദ്ധിയോടുകൂടി വര്‍ത്തിക്കണം. മനസ്സ് ആത്മാവിലുറപ്പിച്ച് മറ്റൊന്നും ചിന്തിക്കാതെയിരിക്കണം.

യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരം തതസ്തതോ നിയമ്യൈതദാത്മന്യേവ വശം നയേത് (26)

ചഞ്ചലവും അസ്ഥിരവുമായ മനസ്സ് എവിടെയൊക്കെ ചെല്ലുന്നുവോ അവിടെ നിന്നെല്ലാം അതിനെ പിന്‍വലിച്ച് ആത്മാവില്‍ തന്നെ ഉറപ്പിക്കണം.

പ്രശാന്തമനസം ഹ്യേനം യോഗിനം സുഖമുത്തമം ഉപൈതി ശാന്തരജസം ബ്രഹ്മഭൂതമകല്മഷം (27)

ഇളക്കമറ്റ മനസ്സോടുകൂടിയവനും രജോഗുണമടങ്ങിയവനും നിഷ്പാപനും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവനുമായ ഈ യോഗി ഉത്തമമായ സുഖത്തെ പ്രാപിക്കുന്നു.

യുഞ്ജന്നേവം സദാത്മാനം യോഗീ വിഗതകല്മഷഃ സുഖേന ബ്രഹ്മസംസ്പര്‍ശമത്യന്തം സുഖമശ്നുതേ (28)

ഇപ്രകാരം എപ്പോഴും യോഗമഭ്യസിക്കുന്നവനും പാപമറ്റവനുമായ യോഗി നിഷ്പ്രയാസം ആത്യന്തികമായ ബ്രഹ്മാനന്ദം അനുഭവിക്കുന്നു.

സര്‍വ്വഭൂതസ്ഥമാത്മാനം സര്‍വ്വഭൂതാനി ചാത്മനി ഈക്ഷതേ യോഗയുക്താത്മാ സര്‍വ്വത്ര സമദര്‍ശനഃ (29)

യോഗത്തില്‍ ഉറച്ച മനസോടുകൂടിയവനും എല്ലായിടത്തും സമദൃഷ്ടിയുള്ളവനുമായ യോഗി തന്നെ എല്ലാ പ്രാണികളിലും, എല്ലാ പ്രാണികളെയും തന്നില്‍ തന്നെയും ദര്‍ശിക്കുന്നു.

യോ മാം പശ്യതി സര്‍വ്വത്ര സര്‍വ്വം ച മയി പശ്യതി തസ്യാഹം ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി (30)

യാതോരുത്തന്‍ എന്നെ എല്ലായിടത്തും കാണുകയും എല്ലാത്തിനെയും എന്നിലും കാണുകയും ചെയ്യുന്നുവോ അവന്‍ അന്നില്‍ നിന്നും, ഞാന്‍ അവനില്‍ നിന്നും ഒരിക്കലും പിരിയുന്നില്ല.

സര്‍വ്വഭൂതസ്ഥിതം യോ മാം ഭജത്യേകത്വമാസ്ഥിതഃ സര്‍വ്വഥാ വര്‍തമാനോഽപി സ യോഗീ മയി വര്‍തതേ (31)

ഏതൊരുവന്‍ ഏകത്വബോധം നേടി എല്ലാ ജീവജാലങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്നെ ഭജിക്കുന്നുവോ, ആ യോഗി എങ്ങിനെയെല്ലാം ഇരുന്നാലും എന്നില്‍തന്നെ വര്‍ത്തിക്കുന്നു.

ആത്മൌപമ്യേന സര്‍വ്വത്ര സമം പശ്യതി യോഽര്‍ജുന സുഖം വാ യദി വാ ദുഃഖം സ യോഗീ പരമോ മതഃ (32)

ഹേ അര്‍ജുനാ, എല്ലാവരിലുമുള്ള സുഖമായാലും ദുഖമായാലും തന്റെതിനോപ്പമായി കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനാണെ ന്നതാണ് എന്റെ അഭിപ്രായം.

അര്‍ജുന ഉവാച

യോഽയം യോഗസ്ത്വയാ പ്രോക്തഃ സാമ്യേന മധുസൂദന ഏതസ്യാഹം ന പശ്യാമി ചഞ്ചലത്വാത്സ്ഥിതിം സ്ഥിരാം (33)

അര്‍ജുനന്‍ പറഞ്ഞു: ഹേ മധുസൂദനാ, സമചിത്തതാ ലക്ഷണമായി ഏതൊരു യോഗമാണോ അങ്ങ് പറഞ്ഞത്, എന്റെ മനസിന്റെ ചാഞ്ചല്യം നിമിത്തം അതിനു സുസ്ഥിരമായ നിലനില്‍പ്പ്‌ ഞാന്‍ കാണുന്നില്ല.

ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ് ദൃഢം തസ്യാഹം നിഗ്രഹം മന്യേ വായോരിവ സുദുഷ്കരം (34)

എന്തെന്നാല്‍ ഹേ കൃഷ്ണാ, മനസ്സ് ചഞ്ചലവും ക്ഷുബ്ധവും നിയന്ത്രണ ത്തിനു വഴങ്ങാത്തതും അയവില്ലാത്തതുമാണ്. അതിന്റെ നിയന്ത്രണം വായുവിന്റെതെന്നപോലെ ദുഷ്ക്കരമായി ഞാന്‍ കരുതുന്നു.

ശ്രീഭഗവാനുവാച

അസംശയം മഹാബാഹോ മനോ ദുര്‍നിഗ്രഹം ചലം അഭ്യാസേന തു കൌന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ (35)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ മഹാബാഹോ, നിസംശയമായും മനസ്സ് നിയന്ത്രിക്കാന്‍ വിഷമമുള്ളതും ചഞ്ചലവുമാണ്. എന്നാല്‍ കുന്തീപുത്രാ, അഭ്യാസം കൊണ്ടും, വൈരാഗ്യം കൊണ്ടും അത് നിയന്ത്രണവിധേയമാക്കപ്പെടുന്നു.

അസംയതാത്മനാ യോഗോ ദുഷ്പ്രാപ ഇതി മേ മതിഃ വശ്യാത്മനാ തു യതതാ ശക്യോഽവാപ്തുമുപായതഃ (36)

വൈരാഗ്യം കൊണ്ടു മനസ്സിനെ നിയന്ത്രിക്കാനാവാത്തവനു യോഗസിദ്ധി ലഭിക്കാന്‍ വിഷമമാണ് എന്നാണു എന്റെ അഭിപ്രായം. എന്നാല്‍ നിയന്ത്രിതചിത്തനു ശരിയായ ഉപായമനുസരിച്ച് യത്നിച്ചാല്‍ യോഗപ്രാപ്തി സാധ്യവുമാണ്‌.

അര്‍ജുന ഉവാച

അയതിഃ ശ്രദ്ധയോപേതോ യോഗാച്ചലിതമാനസഃ അപ്രാപ്യ യോഗസംസിദ്ധിം കാം ഗതിം കൃഷ്ണ ഗച്ഛതി (37)

അര്‍ജുനന്‍ ചോദിച്ചു: കൃഷ്ണാ, ശ്രദ്ധയോടെ ശ്രമിച്ചിട്ടും യോഗ പരിശീലനത്തില്‍ മനസ്സുറക്കാതെ യോഗിയായി കഴിഞ്ഞിട്ടില്ലാ ത്തവന്‍ യോഗലക്ഷ്യം നേടാതെ ഏത് ഗതിയെ പ്രാപിക്കും.

കച്ചിന്നോഭയവിഭ്രഷ്ടശ്ഛിന്നാഭ്രമിവ നശ്യതി അപ്രതിഷ്ഠോ മഹാബാഹോ വിമൂഢോ ബ്രഹ്മണഃ പഥി (38)

ഹേ മഹാബാഹോ, ബ്രഹ്മമാ‍ര്‍ഗ്ഗത്തില്‍ നിന്ന്‌ തെറ്റി എങ്ങുമുറയ്ക്കാതെ ലൌകികമാര്‍ഗം, യോഗമാര്‍ഗം ഈ രണ്ടിലും സ്ഥാനമില്ലാതെ ഛിന്നഭിന്നമായ മേഘം പോലെ അവന്‍ നശിക്കുകയില്ലേ?

ഏതന്മേ സംശയം കൃഷ്ണ ഛേത്തുമര്‍ഹസ്യശേഷതഃ ത്വദന്യഃ സംശയസ്യാസ്യ ഛേത്താ ന ഹ്യുപപദ്യതേ (39)

ഹേ കൃഷ്ണാ, എന്റെ ഈ സംശയത്തെ നിഃശേഷം അങ്ങു തീര്‍ത്തുതരേണ്ടതാണ്. ഈ സംശയം പരിഹരിക്കാന്‍ അങ്ങല്ലാതെ മറ്റൊരാള്‍ യോഗ്യനായില്ല.

ശ്രീഭഗവാനുവാച

പാര്‍ഥ നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ ന ഹി കല്യാണകൃത്കശ്ചിദ് ദുര്‍ഗതിം താത ഗച്ഛതി (40)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, അവനു ഈ ലോകത്തില്‍ വിനാശം ഇല്ല തന്നെ; പരലോകത്തുമില്ല. കുഞ്ഞേ, നല്ലത് ചെയ്യുന്ന ഒരുവന്‍ ഒരിക്കലും ദുര്‍ഗതി പ്രാപിക്കുന്നില്ല.

പ്രാപ്യ പുണ്യകൃതാം ലോകാനുഷിത്വാ ശാശ്വതീഃ സമാഃ ശുചീനാം ശ്രീമതാം ഗേഹേ യോഗഭ്രഷ്ടോഽഭിജായതേ (41)

യോഗസിദ്ധി നേടാത്തവന്‍ പുണ്യവാന്‍മാരുടെ ലോകത്തില്‍ച്ചെന്നു ദീര്‍ഘകാലം വാണിട്ടു ശുദ്ധമനസ്ക്കരും ഐശ്വര്യയുക്തരുമായവരുടെ കുടുംബത്തില്‍ ജനിക്കുന്നു.

അഥവാ യോഗിനാമേവ കുലേ ഭവതി ധീമതാം ഏതദ്ധി ദുര്‍ലഭതരം ലോകേ ജന്മ യദീദൃശം (42)

അല്ലെങ്കില്‍ ബുദ്ധിമാന്മാരായ യോഗികളുടെ കുലത്തില്‍ തന്നെ ജനിക്കുന്നു. ലോകത്തില്‍ ഇങ്ങിനെയുള്ള ജന്മം ലഭിക്കാന്‍ അത്യന്തം പ്രയാസമാണ്.

തത്ര തം ബുദ്ധിസംയോഗം ലഭതേ പൌര്വദേഹികം യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന (43)

കുരുവംശജനായ അര്‍ജുനാ, ഈ ജന്മത്തില്‍ മുജ്ജന്മത്തിലെ സംസ്കാരം ലഭിക്കുന്നു. അതുകൊണ്ട് വീണ്ടും യോഗസിദ്ധിക്കായി യത്നിക്കുകയും ചെയ്യുന്നു.

പൂര്‍വ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോഽപി സഃ ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവര്‍തതേ (44)

മുജ്ജന്മത്തിലെ ആ അഭ്യാസം കൊണ്ടുമാത്രം താന്‍ അറിയാതെയാണെങ്കിലും അവന്‍ യോഗസാധനയിലേക്ക് നയിക്കപ്പെടുന്നു. യോഗരഹസ്യമറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും ശബ്ദബ്രഹ്മത്തെ (വൈദികകര്‍മ്മാനുഷ്ഠാനങ്ങളെ) അതിക്രമി ക്കുന്നുണ്ട്.

പ്രയത്നാദ്യതമാനസ്തു യോഗീ സംശുദ്ധകില്ബിഷഃ അനേകജന്മസംസിദ്ധസ്തതോ യാതി പരാം ഗതിം (45)

തീവ്രമായി പരിശ്രമിക്കുന്ന യോഗിയാകട്ടെ പാപം നീങ്ങി അതിനുശേഷം അനേകജന്മങ്ങള്‍ കൊണ്ടു സിദ്ധനായി പിന്നീട് പരമമായ ഗതിയെ പ്രാപിക്കുന്നു.

തപസ്വിഭ്യോഽധികോ യോഗീ ജ്ഞാനിഭ്യോഽപി മതോഽധികഃ കര്‍മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാര്‍ജുന (46)

ക‍ര്‍മ്മയോഗി തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ്. അയാള്‍ ജ്ഞാനികളേക്കാളും ശ്രേഷ്ഠനാണെന്നാണ് എന്റെ പക്ഷം. യോഗി കാമ്യക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരേക്കാളും ശ്രേഷ്ഠനാണ്. അതുകൊണ്ട് അര്‍ജുനാ, നീ യോഗിയായിത്തീരുക.

യോഗിനാമപി സര്‍വ്വേഷാം മദ്ഗതേനാന്തരാത്മനാ ശ്രദ്ധാവാന്‍ഭജതേ യോ മാം സ മേ യുക്തതമോ മതഃ (47)

സകല യോഗികളിലും വച്ച് എന്നില്‍ ഉറച്ച മനസോടെ ശ്രദ്ധാപൂര്‍ണനായി ആരെന്നെ ഭജിക്കുന്നുവോ അവനാണ് എന്റെ അഭിപ്രായത്തില്‍ അത്യന്തം ശ്രേഷ്ഠ‍ന്‍‍!

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ആത്മസംയമയോഗോ നാമ ഷഷ്ഠോഽധ്യായഃ



അഥ സപ്തമോഽധ്യായഃ

അദ്ധ്യായം 07 - ജ്ഞാനവിജ്ഞാനയോഗഃ

ശ്രീഭഗവാനുവാച

മയ്യാസക്തമനാഃ പാര്‍ഥ യോഗം യുഞ്ജന്മദാശ്രയഃ അസംശയം സമഗ്രം മാം യഥാ ജ്ഞാസ്യസി തച്ഛൃണു (1)

ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ പാര്‍ത്ഥ, എന്നില്‍ ആസക്തചിത്തനായി എന്നെ ആശ്രയിച്ച് യോഗം അഭ്യസിച്ച് എങ്ങിനെ എന്നെ നിസ്സംശയമായും പൂര്‍ണമായും നീ അറിയുമോ ആ വിധം കേട്ടുകൊള്ളുക.

ജ്ഞാനം തേഽഹം സവിജ്ഞാനമിദം വക്ഷ്യാമ്യശേഷതഃ യജ്ജ്ഞാത്വാ നേഹ ഭൂയോഽന്യജ്ജ്ഞാതവ്യമവശിഷ്യതേ (2)

യാതോന്നറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായി മറ്റൊന്നും ഈ ലോകത്തില്‍ അവശേഷിക്കയില്ലയോ ആ ജ്ഞാനം വിജ്ഞാനത്തോടുകൂടി ഞാന്‍ പൂര്‍ണമായി നിനക്കിതാ ഉപദേശിക്കാന്‍ പോകുന്നു.

മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്ത്വതഃ (3)

അനേകായിരം മനുഷ്യരില്‍ ഒരാള്‍ മാത്രമേ ജ്ഞാനസിദ്ധിക്കായി യത്നിക്കുന്നുള്ളൂ. യത്നിക്കുന്നവരില്‍ത്തന്നെ ആരെങ്കിലും ഒരാള്‍ മാത്രമേ എന്നെ ഉള്ളവണ്ണം അറിയുന്നുള്ളൂ.

ഭൂമിരാപോഽനലോ വായുഃ ഖം മനോ ബുദ്ധിരേവ ച അഹംകാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ (4)

ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എന്റെ പ്രകൃതി എട്ടായി വേര്‍തിരിഞ്ഞിരിക്കുന്നു.

അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം ജീവഭൂതാം മഹാബാഹോ യയേദം ധാര്യതേ ജഗത് (5)

മഹാബാഹോ, ഇപ്പറഞ്ഞത്‌ അപരാപ്രകൃതിയാണ്. എന്നാല്‍ ഇതില്‍നിന്നു ഭിന്നവും ഈ ജഗത്തിനെ ധരിക്കുന്നതും ജീവസ്വരൂപവുമായ എന്റെ പരാപ്രകൃതിയെയും നീ അറിയുക.

ഏതദ്യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയ അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രലയസ്തഥാ (6)

എല്ലാ ഭൂതങ്ങളും ഇവയില്‍നിന്നുണ്ടാകുന്നവയാണ് എന്ന് ധരിക്കുക. അങ്ങിനെ ഞാന്‍ ലോകത്തിന്റെ മുഴുവന്‍ ഉത്ഭവസ്ഥാനവും നാശകാരണവുമാണ്.

മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ മയി സര്‍വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ (7)

ഹേ ധനഞ്ജയാ, എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ രത്നങ്ങളെന്നപോലെ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

രസോഽഹമപ്സു കൌന്തേയ പ്രഭാസ്മി ശശിസൂര്യയോഃ പ്രണവഃ സര്‍വ്വവേദേഷു ശബ്ദഃ ഖേ പൌരുഷം നൃഷു (8)

ഹേ കൌന്തേയ, ഞാന്‍ ജലത്തിലെ രസമാകുന്നു. ചന്ദ്രസൂര്യന്‍മാരിലെ ശോഭയാകുന്നു. വേദമന്ത്രങ്ങളില്‍ പ്രണവമാകുന്നു. ആകാശത്തിലെ ശബ്ദമാകുന്നു. മനുഷ്യരിലെ പൗരുഷവുമാകുന്നു.

പുണ്യോ ഗന്ധഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൌ ജീവനം സര്‍വ്വഭൂതേഷു തപശ്ചാസ്മി തപസ്വിഷു (9)

ഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്നിയിലെ തേജസും ഞാനാണ്. എല്ലാ ജീവികളിലെയും ജീവശക്തിയും തപസ്വികളിലെ തപസ്സും ഞാന്‍ തന്നെ ആകുന്നു.

ബീജം മാം സര്‍വ്വഭൂതാനാം വിദ്ധി പാര്‍ഥ സനാതനം ബുദ്ധിര്‍ബുദ്ധിമതാമസ്മി തേജസ്തേജസ്വിനാമഹം (10)

ഹേ പാര്‍ത്ഥ, എല്ലാ ഭൂതങ്ങളുടെയും ശാശ്വതമായ ബീജമായി എന്നെ അറിയുക. ബുദ്ധിമാന്‍മാരുടെ ബുദ്ധി ഞാനാണ്. തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.

ബലം ബലവതാം ചാഹം കാമരാഗവിവര്‍ജിതം ധര്‍മാവിരുദ്ധോ ഭൂതേഷു കാമോഽസ്മി ഭരതര്‍ഷഭ (11)

ഹേ ഭാരതശ്രേഷ്ഠ, ബലവാന്‍മാരുടെ കാമരാഗരഹിതമായ ബലം ഞാനാണ്. ഭൂതങ്ങളില്‍ ധ‍ര്‍മ്മവിരുദ്ധമല്ലാത്ത കാമവും ഞാന്‍ തന്നെ.

യേ ചൈവ സാത്ത്വികാ ഭാവാ രാജസാസ്താമസാശ്ച യേ മത്ത ഏവേതി താന്വിദ്ധി ന ത്വഹം തേഷു തേ മയി (12)

ഏതൊക്കെയാണോ സാത്വികഭാവങ്ങള്‍ ഏതൊക്കെയാണോ രാജസങ്ങളും താമസങ്ങളുമായ ഭാവങ്ങള്‍ അവയെല്ലാം എന്നില്‍നിന്ന് ഉത്ഭവിച്ചവ തന്നെയെന്നറിയുക. ഞാന്‍ അവയിലല്ല എന്നാല്‍ അവ എന്നിലാണ്.

ത്രിഭിര്‍ഗുണമയൈര്‍ഭവൈരേഭിഃ സര്‍വ്വമിദം ജഗത് മോഹിതം നാഭിജാനാതി മാമേഭ്യഃ പരമവ്യയം (13)

ഈ ലോകം മുഴുവന്‍ ഗുണമയങ്ങളായ ഈ മൂന്നു ഭാവങ്ങളാലും മോഹിതമായിത്തീരുന്നു. ഇവയ്ക്കപ്പുറത്തുള്ള നിത്യനായ എന്നെ ഈ ജഗത്ത് അറിയുന്നില്ല.

ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ മാമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ (14)

എന്തുകൊണ്ടെന്നാല്‍ അമാനുഷികവും, ത്രിഗുണങ്ങള്‍ ചേര്‍ന്നതും ആയ എന്റെ ഈ മായ തരണം ചെയ്യാന്‍ പ്രയാസമുള്ളതാണ്. ആരാണോ എന്നെ തന്നെ ശരണം പ്രാപിക്കുന്നത് അവര്‍ ഈ മായയെ തരണം ചെയ്യുന്നു.

ന മാം ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമാഃ മായയാപഹൃതജ്ഞാനാ ആസുരം ഭാവമാശ്രിതാഃ (15)

പാപികളും മൂഡന്‍മാരുമായ മനുഷ്യാധമന്‍മാര്‍ മായയാല്‍ ജ്ഞാനം നശിച്ചവരും ആസുരഭാവം പൂണ്ടവരുമാകയാല്‍ എന്നെ ഭജിക്കുന്നില്ല.

ചതുര്‍വ്വിധാ ഭജന്തേ മാം ജനാഃ സുകൃതിനോഽര്‍ജുന ആര്‍ത്തോ ജിജ്ഞാസുരര്‍ഥാര്‍ഥീ ജ്ഞാനീ ച ഭരതര്‍ഷഭ (16)

ഹേ ഭരതശ്രേഷ്ഠനായ അര്‍ജുനാ, നാലു തരക്കാരായ പുണ്യവാന്മാര്‍ എന്നെ ഭജിക്കുന്നു. ആര്‍ത്തനും, ജിജ്ഞാസുവും (ജ്ഞാനമാഗ്രഹി ക്കുന്നവനും), അര്‍ഥാര്‍ഥിയും (കാര്യലാഭം ആഗ്രഹിക്കുന്നവനും), ജ്ഞാനിയും.

തേഷാം ജ്ഞാനീ നിത്യയുക്ത ഏകഭക്തിര്‍വിശിഷ്യതേ പ്രിയോ ഹി ജ്ഞാനിനോഽത്യര്‍ഥമഹം സ ച മമ പ്രിയഃ (17)

ആ നാലുതരം ഭക്തന്‍മാരില്‍ എപ്പോഴും യോഗനിഷ്ടനും ഭക്തിക്കൊഴിച്ച് മറ്റൊന്നിനും മനസ്സില്‍ സ്ഥാനമില്ലാത്തവനുമായ ജ്ഞാനിയാണ്‌ വിശിഷ്ഠനായിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ജ്ഞാനികള്‍ക്കു ഞാന്‍ അത്യധികം പ്രിയനാണ്. അവന്‍ എനിക്കും പ്രിയനാണ്.

ഉദാരാഃ സ‍വ്വ ഏവൈതേ ജ്ഞാനീ ത്വാത്മൈവ മേ മതം ആസ്ഥിതഃ സ ഹി യുക്താത്മാ മാമേവാനുത്തമാം ഗതിം (18)

അവരെല്ലാവരും ഉദാരന്‍മാര്‍ തന്നെയാണ്. എന്നാല്‍ ജ്ഞാനി ആത്മസ്വരൂപന്‍ തന്നെ എന്നാണു എന്റെ അഭിപ്രായം. അവന്‍ എന്നില്‍ തന്നെ ഏകാഗ്രചിത്തനായി എന്നെത്തന്നെ പരമലക്ഷ്യമായി കരുതി ആശ്രയിച്ചിരിക്കുന്നു.

ബഹൂനാം ജന്മനാമന്തേ ജ്ഞാനവാന്മാം പ്രപദ്യതേ വാസുദേവഃ സര്‍വ്വമിതി സ മഹാത്മാ സുദുര്‍ലഭഃ (19)

വളരെ ജന്മം കഴിഞ്ഞ് ജ്ഞാനി എന്നെ പ്രാപിക്കുന്നു. എല്ലാം വാസുദേവന്‍ തന്നെ എന്നുറച്ച ആ മഹാത്മാവ് അത്യന്തം ദുര്‍ല്ലഭനാണ്.

കാമൈസ്തൈസ്തൈര്‍ഹൃതജ്ഞാനാഃ പ്രപദ്യന്തേഽന്യദേവതാഃ തം തം നിയമമാസ്ഥായ പ്രകൃത്യാ നിയതാഃ സ്വയാ (20)

തങ്ങളുടെ സ്വഭാവത്താല്‍ സ്വയം നിയന്ത്രിതരായി അതാതു ആഗ്രഹങ്ങള്‍ക്കധീനമായ ബുദ്ധിയോടു കൂടിയവര്‍ അന്യദേവതകളെ അതാതു നിയമങ്ങള്‍ അനുഷ്ഠിച്ചു ഭജിക്കുന്നു.

യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാര്‍ചിതുമിച്ഛതി തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം (21)

ഏതേതു ഭക്തന്‍ ഏതേതു ദേവതാ സ്വരൂപത്തെ ശ്രദ്ധയോടെ അര്‍ച്ചിക്കാനാഗ്രഹിക്കുന്നുവോ അവരുടെയെല്ലാം ആ ശ്രദ്ധയെ തന്നെ ഞാന്‍ ഇളക്കമറ്റതാക്കുന്നു.

സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ ലഭതേ ച തതഃ കാമാന്മയൈവ വിഹിതാന്‍ ഹി താന്‍ (22)

അവന്‍ ആ ശ്രദ്ധയോടെ ആ ദേവന്റെ ആരാധന നടത്തുന്നു. അതില്‍നിന്നു ഞാന്‍ തന്നെ നല്കുന്ന അതാതു കാമങ്ങള്‍ ആര്‍ജിക്കുകയും ചെയ്യുന്നു.

അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം ദേവാന്ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി (23)

എന്നാല്‍ അല്പബുദ്ധികളായ അവര്‍ക്കു സിദ്ധിക്കുന്ന ആ ഫലം നശിച്ചുപോകുന്നതാണ്. ദേവാരാധകര്‍ ദേവന്‍മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്‍മാര്‍ എന്നെയും പ്രാപിക്കുന്നു.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (24)

എന്റെ അവ്യയവും അനുത്തമവും തമോഗുണസ്പര്‍ശമില്ലാത്തതുമായ സര്‍വാതീതഭാവത്തെ അറിയാതെ അവ്യക്തനായ എന്നെ വ്യക്തിത്വം പ്രാപിച്ചവനെന്നു ബുദ്ധിഹീനര്‍ വിചാരിക്കുന്നു.

നാഹം പ്രകാശഃ സര്‍വ്വസ്യ യോഗമായാസമാവൃതഃ മൂഢോഽയം നാഭിജാനാതി ലോകോ മാമജമവ്യയം (25)

യോഗമായയാല്‍ സമാവൃതനായ ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ഈ മൂഢമായ ലോകം എന്നെ ജന്മരഹിതനും നാശമറ്റവനുമായി അറിയുന്നില്ല.

വേദാഹം സമതീതാനി വര്‍തമാനാനി ചാര്‍ജുന ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന (26)

ഹേ അര്‍ജുനാ, കഴിഞ്ഞതും ഇപ്പോഴുള്ളതും ഇനിയുണ്ടാകുന്നതുമായ ജീലജാലങ്ങളെയും ഞാനറിയുന്നു. എന്നാല്‍ എന്നെയാകട്ടെ ഒരുത്തരും അറിയുന്നില്ല.

ഇച്ഛാദ്വേഷസമുത്ഥേന ദ്വന്ദ്വമോഹേന ഭാരത സര്‍വ്വഭൂതാനി സമ്മോഹം സര്‍ഗേ യാന്തി പരന്തപ (27)

ഹേ ശത്രുധ്വംസകനായ ഭരതവംശജാ, ഇച്ഛാ, ദ്വേഷം എന്നിവയില്‍നിന്നുണ്ടാകുന്ന ദ്വന്ദ്വമോഹത്താല്‍ സര്‍വഭൂതങ്ങളും സൃഷ്ടിഗതിയില്‍ മോഹം പ്രാപിക്കുന്നു.

യേഷാം ത്വന്തഗതം പാപം ജനാനാം പുണ്യകര്‍മണാം തേ ദ്വന്ദ്വമോഹനിര്‍മുക്താ ഭജന്തേ മാം ദൃഢവ്രതാഃ (28)

എന്നാല്‍ പുണ്യചരിതന്മാരും പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരുമായ ജനങ്ങള്‍ ദ്വന്ദ്വമോഹമകന്നു ദൃഡവൃതരായി എന്നെ ഭജിക്കുന്നു.

ജരാമരണമോക്ഷായ മാമാശ്രിത്യ യതന്തി യേ തേ ബ്രഹ്മ തദ്വിദുഃ കൃത്സ്നമധ്യാത്മം കര്‍മ ചാഖിലം (29)

യാതൊരുത്തന്‍ ജരാമരണങ്ങളില്‍നിന്നും മുക്തി നേടാന്‍ എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നുവോ അവര്‍ ആ ബ്രഹ്മത്തെയും സമ്പൂര്‍ണമായ അദ്ധ്യാത്മവിദ്യയേയും അഖിലക‍ര്‍മ്മത്തെയും അറിയുന്നു.

സാധിഭൂതാധിദൈവം മാം സാധിയജ്ഞം ച യേ വിദുഃ പ്രയാണകാലേഽപി ച മാം തേ വിദുര്യുക്തചേതസഃ (30)

അധിഭൂതത്തോടും അധിദൈവത്തോടും അധിയജ്ഞത്തോടും കൂടിയവനായി എന്നെ ആരറിയുന്നുവോ അവര്‍ മരണസമയത്തും യോഗയുക്തചിത്തരായി എന്നെ സാക്ഷാത്കരിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ ജ്ഞാനവിജ്ഞാനയോഗോ നാമ സപ്തമോഽധ്യായഃ

അഥ അഷ്ടമോഽധ്യായഃ

അദ്ധ്യായം 08 - അക്ഷരബ്രഹ്മയോഗഃ

അര്‍ജുന ഉവാച

കിം തദ് ബ്രഹ്മ കിമധ്യാത്മം കിം കര്‍മ പുരുഷോത്തമ അധിഭൂതം ച കിം പ്രോക്തമധിദൈവം കിമുച്യതേ (1)

അര്‍ജുനന്‍ ചോദിച്ചു: ഹേ പുരുഷോത്തമാ, ആ ബ്രഹ്മം എന്താണ്? അധ്യാത്മമെന്താണ്? കര്‍മ്മമെന്താണ്? അധിഭൂതമെന്താണ്? അധിദൈവമെന്നു പറയപ്പെടുന്നതുമെന്താണ്?

അധിയജ്ഞഃ കഥം കോഽത്ര ദേഹേഽസ്മിന്മധുസൂദന പ്രയാണകാലേ ച കഥം ജ്ഞേയോഽസി നിയതാത്മഭിഃ (2)

ഹേ മധുസൂദനാ, അധിയജ്ഞന്‍ ആര്? എങ്ങിനെയിരിക്കുന്നു? ഇവിടെ ഈ ദേഹത്തിലുണ്ടോ? മരണകാലത്ത് നിയന്ത്രിതചിത്ത ന്മാരാല്‍ എങ്ങിനെയാണ് അങ്ങ് അറിയപ്പെടുന്നത്?

ശ്രീഭഗവാനുവാച

അക്ഷരം ബ്രഹ്മ പരമം സ്വഭാവോഽധ്യാത്മമുച്യതേ ഭൂതഭാവോദ്ഭവകരോ വിസര്‍ഗഃ കര്‍മസംജ്ഞിതഃ (3)

ശ്രീ ഭഗവാന്‍ പറഞ്ഞു: ബ്രഹ്മം സ‍വ്വോത്കൃഷ്ടവും അക്ഷരവും (അനശ്വരവും) ആകുന്നു. അധ്യാത്മം സ്വഭാവമാണെന്ന് പറയപ്പെടുന്നു. സകലജീവജാലങ്ങളും ഉദ്ഭവത്തിന് കാരണമായ വിശിഷ്ടമായ സൃഷ്ടിവ്യാപാരമാണ് ക‍ര്‍മ്മമെന്നറിയപ്പെടുന്നത്.

അധിഭൂതം ക്ഷരോ ഭാവഃ പുരുഷശ്ചാധിദൈവതം അധിയജ്ഞോഽഹമേവാത്ര ദേഹേ ദേഹഭൃതാം വര (4)

ദേഹധാരികളില്‍വച്ച് ശ്രേഷ്ഠനായ അര്‍ജുനാ! അധിഭൂതം നശ്വരമായ ഭാവമാണ്. അധിദൈവതം പുരുഷനാണ്. ഈ ദേഹത്തിലുള്ള ഞാന്‍ തന്നെയാണ് അധിയജഞ‍ന്‍.

അന്തകാലേ ച മാമേവ സ്മരന്മുക്ത്വാ കലേവരം യഃ പ്രയാതി സ മദ്ഭാവം യാതി നാസ്ത്യത്ര സംശയഃ (5)

മരണസമയത്ത് എന്നെ തന്നെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടു പോകുന്നവന്‍ എന്നെ തന്നെ പ്രാപിക്കുമെന്നതില്‍ സംശയമില്ല.

യം യം വാപി സ്മരന്‍ഭാവം ത്യജത്യന്തേ കലേവരം തം തമേവൈതി കൌന്തേയ സദാ തദ്ഭാവഭാവിതഃ (6)

ഹേ കുന്തി പുത്രാ, ഏതേതു ഭാവം സ്മരിച്ചുകൊണ്ടു ഒടുവില്‍ ശരീരം വിടുന്നുവോ എപ്പോഴും തന്‍മയഭാവമാര്‍ന്നു അതാതുഭാവത്തെത്തന്നെ പ്രാപിക്കുന്നു.

തസ്മാത്സര്‍വ്വേഷു കാലേഷു മാമനുസ്മര യുധ്യ ച മയ്യര്‍പ്പിതമനോബുദ്ധിര്‍മാമേവൈഷ്യസ്യസംശയഃ (7)

അതുകൊണ്ടു ഏത് കാലത്തും എന്നെ സ്മരിക്കയും യുദ്ധം ചെയ്യുകയും ചെയ്യുക. എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച നീ എന്നെ തന്നെ നിസ്സംശയമായും പ്രാപിക്കും.

അഭ്യാസയോഗയുക്തേന ചേതസാ നാന്യഗാമിനാ പരമം പുരുഷം ദിവ്യം യാതി പാര്‍ഥാനുചിന്തയന്‍ (8)

ഹേ പാര്‍ത്ഥ! നിരന്തരമായ അഭ്യാസം കൊണ്ടു യോഗയുക്തവും മറ്റൊന്നിലേക്ക് പോവാത്തതുമായ മനസ്സോടുകൂടി ധ്യാനിക്കുന്നവന്‍ ആ ദിവ്യനായ പരമപുരുഷനെ പ്രാപിക്കുന്നു.

കവിം പുരാണമനുശാസിതാര- മണോരണീയംസമനുസ്മരേദ്യഃ സര്‍വ്വസ്യ ധാതാരമചിന്ത്യരൂപ- മാദിത്യവര്‍ണം തമസഃ പരസ്താത് (9) പ്രയാണകാലേ മനസാഽചലേന ഭക്ത്യാ യുക്തോ യോഗബലേന ചൈവ ഭ്രുവോര്‍മധ്യേ പ്രാണമാവേശ്യ സമ്യക് സ തം പരം പുരുഷമുപൈതി ദിവ്യം (10)

ഏതൊരുവന്‍ അഭിജ്ഞനും, പണ്ടേയുള്ളവനും, ജഗന്നിയന്താവും, അണുവിനേക്കാളും സൂക്ഷ്മരൂപനും, എല്ലാത്തിന്റെയും താങ്ങും, മനസ്സുകൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തോട് കൂടിയവനും, അജ്ഞാനാന്തകാരത്തില്‍നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്ജ്വലിക്കുന്നവനുമായ പുരുഷനെ മരണസമയത്ത് ഇളക്കമറ്റ മനസ്സോടെ ഭക്തിയോടും യോഗബലത്തോടും കൂടി ഭ്രൂമധ്യത്തില്‍ പ്രാണവായുവിനെ വേണ്ടവണ്ണം ആവേശിപ്പിച്ച് അനുസ്മരിക്കുന്നുവോ അവന്‍ ദിവ്യനായ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു.

യദക്ഷരം വേദവിദോ വദന്തി വിശന്തി യദ്യതയോ വീതരാഗാഃ യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ (11)

യാതൊന്നിനെ വേദജ്ഞര്‍ അക്ഷരം എന്ന് പറയുന്നുവോ, യാതൊന്നിനെ രാഗഹീനരായ യതികള്‍ പ്രാപിക്കുന്നുവോ, യാതൊന്നിനെ ആഗ്രഹിക്കുന്നവര്‍ ബ്രഹ്മചര്യമനുഷ്ടിക്കുന്നുവോ ആ പദത്തെ നിനക്കു സംക്ഷിപ്തമായി ഞാന്‍ പറഞ്ഞു തരാം.

സര്‍വ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുധ്യ ച മൂര്‍ധ്ന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം (12) ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരന്മാമനുസ്മരന്‍ യഃ പ്രയാതി ത്യജന്ദേഹം സ യാതി പരമാം ഗതിം (13)

യാതൊരുവന്‍ എല്ലാ ഇന്ദ്രിയദ്വാരങ്ങളെയും നിരോധിച്ച് മനസിനെ ഉള്ളിലൊതുക്കി തന്റെ പ്രാണനെ മൂര്‍ദ്ധാവില്‍ ഉറപ്പിച്ച്, യോഗനിഷ്ഠയെ പ്രാപിച്ച് ഓം എന്ന എകാക്ഷരമന്ത്രത്തെ ഉച്ചരിച്ച് കൊണ്ടും എന്നെ അനുസ്മരിച്ചു കൊണ്ടും ദേഹം ത്യജിച്ച് പോകുന്നുവോ അവന്‍ പരമഗതിയെ പ്രാപിക്കുന്നു.

അനന്യചേതാഃ സതതം യോ മാം സ്മരതി നിത്യശഃ തസ്യാഹം സുലഭഃ പാര്‍ഥ നിത്യയുക്തസ്യ യോഗിനഃ (14)

ഹേ പാര്‍ത്ഥ, എന്നില്‍ തന്നെ മനസ്സു ഉറപ്പിച്ച് മറ്റൊന്നുമോര്‍ക്കാതെ എപ്പോഴും യാതൊരുവന്‍ എന്നെ സ്മരിക്കുന്നുവോ നിത്യമുക്തനായ ആ യോഗിക്ക് ഞാന്‍ സുലഭനാണ്.

മാമുപേത്യ പുനര്‍ജന്മ ദുഃഖാലയമശാശ്വതം നാപ്നുവന്തി മഹാത്മാനഃ സംസിദ്ധിം പരമാം ഗതാഃ (15)

എന്നെ പ്രാപിച്ച് പരമമായ സിദ്ധി ലഭിക്കുന്ന മഹാത്മാക്കള്‍ ദുഃഖത്തിനിരിപ്പിടവും അനിത്യവുമായ ജന്മത്തെ പിന്നെ പ്രാപിക്കുന്നില്ല.

ആബ്രഹ്മഭുവനാല്ലോകാഃ പുനരാവര്‍തിനോഽര്‍ജുന മാമുപേത്യ തു കൌന്തേയ പുനര്‍ജന്മ ന വിദ്യതേ (16)

ഹേ അര്‍ജുനാ, ബ്രഹ്മലോകം വരെയുള്ള ലോകങ്ങള്‍ വീണ്ടും ജനിക്കാനിടനല്‍കുന്നവയാണ്. കുന്തീപുത്രാ, എന്നെ പ്രാപിച്ചുകഴിഞ്ഞാല്‍ പുനര്‍ജന്‍മം സംഭവിക്കുകയില്ല.

സഹസ്രയുഗപര്യന്തമഹര്‍യദ് ബ്രഹ്മണോ വിദുഃ രാത്രിം യുഗസഹസ്രാന്താം തേഽഹോരാത്രവിദോ ജനാഃ (17)

ബ്രഹ്മാവിന്റെ പകല്‍ ആയിരം യുഗത്തോളമുള്ളതാണെന്നും രാത്രി ആയിരം യുഗം കൊണ്ടവസാനിക്കുന്നതാനെന്നും അറിയുന്നവര്‍ അഹോരാത്രങ്ങളെക്കുറിച്ച് അറിയുന്നവരാണ്.

അവ്യക്താദ് വ്യക്തയഃ സര്‍വ്വാഃ പ്രഭവന്ത്യഹരാഗമേ രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ (18)

ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ അവ്യക്തതയില്‍ നിന്നും എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്നു. അവയെല്ലാം ബ്രഹ്മാവിന്റെ രാത്രിയുടെ ആരംഭത്തില്‍ ആ മൂലപ്രകൃതിയില്‍ തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു.

ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയതേ രാത്ര്യാഗമേഽവശഃ പാര്‍ഥ പ്രഭവത്യഹരാഗമേ (19)

ഹേ പാര്‍ത്ഥ! ഈ സര്‍വഭൂതങ്ങളും വീണ്ടും വീണ്ടും ഉണ്ടായി രാത്രിയുടെ ആരംഭത്തില്‍ പ്രകൃതിയില്‍ ലയിക്കയും പരാധീനരായി പ്രഭാതത്തില്‍ വീണ്ടും ഉത്ഭവിക്കയും ചെയ്യുന്നു.

പരസ്തസ്മാത്തു ഭാവോഽന്യോഽവ്യക്തോഽവ്യക്താത്സനാതനഃ യഃ സ സര്‍വ്വേഷു ഭൂതേഷു നശ്യത്സു ന വിനശ്യതി (20)

എന്നാല്‍ ആ അവ്യക്തത്തിനുമപ്പുറത്ത് സനാതനമായ മറ്റൊരവ്യക്തഭാവമുണ്ട്. ഏതൊന്നാണോ എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കാതിരിക്കുന്നത് അത് ആ രണ്ടാമത് പറഞ്ഞ അവ്യക്തമാണ്.

അവ്യക്തോഽക്ഷര ഇത്യുക്തസ്തമാഹുഃ പരമാം ഗതിം യം പ്രാപ്യ ന നിവര്‍തന്തേ തദ്ധാമ പരമം മമ (21)

ആ അവ്യക്തം അക്ഷരമെന്നു പറയപ്പെടുന്നു. അതിനെ പരമമായ ഗതി (ലക്ഷ്യം) എന്ന് പറയുന്നു. ഏതിനെ പ്രാപിച്ചാല്‍ തിരിച്ചു വരുന്നില്ലയോ അതാണ് എന്റെ പരമമായ സ്ഥാനം.

പുരുഷഃ സ പരഃ പാര്‍ഥ ഭക്ത്യാ ലഭ്യസ്ത്വനന്യയാ യസ്യാന്തഃസ്ഥാനി ഭൂതാനി യേന സര്‍വ്വമിദം തതം (22)

ഹേ പാര്‍ത്ഥ, യാതോരുവന്റെ ഉള്ളിലാണോ ഭൂതങ്ങ‍‍ള്‍ സ്ഥിതിചെയ്യുന്നത്‍, യാതോരുവനാല്‍ ഇതെല്ലാം വ്യാപ്തമായിരി ക്കുന്നുവോ ആ പരമപുരുഷനെ ഏകാന്തഭക്തികൊണ്ട് പ്രാപിക്കാവുന്നതാണ്.

യത്ര കാലേ ത്വനാവൃത്തിമാവൃത്തിം ചൈവ യോഗിനഃ പ്രയാതാ യാന്തി തം കാലം വക്ഷ്യാമി ഭരതര്‍ഷഭ (23)

ഭരതശ്രേഷ്ഠ, യോഗികള്‍ ഏത് കാലത്തു പുനര്‍ജന്മവും ഏത് കാലത്ത് പുനര്‍ജന്മമില്ലായ്കയും മരിച്ചിട്ട് പ്രാപിക്കുമോ ആ കാലത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുതരാം.

അഗ്നിര്‍ജ്യോതിരഹഃ ശുക്ലഃ ഷണ്മാസാ ഉത്തരായണം തത്ര പ്രയാതാ ഗച്ഛന്തി ബ്രഹ്മ ബ്രഹ്മവിദോ ജനാഃ (24)

അഗ്നി, ജ്യോതിസ്, വെളുത്ത പക്ഷം, ഉത്തരായണം ഇവയില്‍ ഇവയുടെ അധീശ്വരായ ദേവതകള്‍ വഴിയായി, ഗമിക്കുന്ന ബ്രഹ്മജ്ഞരായ ജനങ്ങള്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

ധൂമോ രാത്രിസ്തഥാ കൃഷ്ണഃ ഷണ്മാസാ ദക്ഷിണായനം തത്ര ചാന്ദ്രമസം ജ്യോതിര്‍യോഗീ പ്രാപ്യ നിവര്‍തതേ (25)

ധൂമം, രാത്രി, അതുപോലെ കൃഷ്ണപക്ഷം, ദക്ഷിണായനം ഇവയില്‍ ഇവയുടെ ദേവതകള്‍ വഴി ഗമിക്കുന്ന യോഗി ചന്ദ്രനിലുള്ള ജ്യോതിസിനെ പ്രാപിച്ച് തിരിച്ച് ഭൂമിയില്‍ വരുന്നു.

ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ ജഗതഃ ശാശ്വതേ മതേ ഏകയാ യാത്യനാവൃത്തിമന്യയാവര്‍തതേ പുനഃ (26)

ജഗത്തില്‍ ഈ അഗ്നിധൂമമാര്‍ഗങ്ങള്‍ നിത്യങ്ങളായി കരുതപ്പെടുന്നു. അവയിലൊരു ഗതിയിലൂടെ പുനര്‍ജന്മമില്ലായ്മയെ പ്രാപിക്കുന്നു. മറ്റേത്തില്‍കൂടി വീണ്ടും തിരിച്ചുവരുന്നു.

നൈതേ സൃതീ പാര്‍ഥ ജാനന്യോഗീ മുഹ്യതി കശ്ചന തസ്മാത്സര്‍വ്വേഷു കാലേഷു യോഗയുക്തോ ഭവാര്‍ജുന (27)

ഹേ അ‌ര്‍ജ്ജുനാ! ഈ രണ്ടു മാര്‍ഗ്ഗങ്ങളെ യഥാ‍‍ര്‍ത്ഥമായറിയുന്ന യാതൊരു ക‍ര്‍മ്മയോഗിയും മോഹത്തെ പ്രാപിക്കുന്നില്ല.. അതുകൊണ്ടു ഹേ അ‌ര്‍ജ്ജുനാ, സമല കാലങ്ങളിലും ക‍ര്‍മ്മയോഗയുക്തനയി ഭവിക്കുക.

വേദേഷു യജ്ഞേഷു തപഃസു ചൈവ ദാനേഷു യത്പുണ്യഫലം പ്രദിഷ്ടം അത്യേതി തത്സര്‍വ്വമിദം വിദിത്വാ യോഗീ പരം സ്ഥാനമുപൈതി ചാദ്യം (28)

മേല്‍ വിവരിച്ചതായ ഈ തത്വത്തെ മുഴുവനും മനസ്സിലാക്കിയാല്‍ ക‍ര്‍മ്മയോഗി, വേദത്തിലും യജ്ഞത്തിലും തപസ്സിലും ദാനത്തിലും പറയപ്പെട്ടതായ പുണ്യങ്ങളെയെല്ലാം അതിക്രമിച്ച് പുരാതനവും ശ്രേഷ്ഠവുമായ പദത്തെ പ്രാപിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ അക്ഷരബ്രഹ്മയോഗോ നാമാഷ്ടമോഽധ്യായഃ

അഥ നവമോഽധ്യായഃ