Showing posts with label നാലമ്പല ദര്‍ശനം. Show all posts
Showing posts with label നാലമ്പല ദര്‍ശനം. Show all posts

Sunday, June 24, 2018

നാലമ്പലദർശനപുണ്യം


➖➖➖➖➖➖➖➖
രാമായണമാസത്തിനൊപ്പം നാലമ്പലയാത്രയും ആരംഭിക്കുന്നു. രാമലക്ഷ്മണ ഭരതശത്രുഘ്ന ക്ഷേത്രങ്ങളില്‍ ഒറ്റദിവസം ദര്‍ശനം നടത്തുന്ന ഈ പുണ്യയാത്രയ്ക്കൊരുങ്ങാം

*ഐതിഹ്യവും വിശ്വാസവും*
ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തിച്ചേര്‍ന്നു.
ജ്യോതിഷവിധി പ്രകാരം ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന പേരില്‍ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല യാത്ര.
രാവണനെ നിഗ്രഹിച്ച് ത്രൈലോക്യ സംരക്ഷണം ആയിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍ അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. പാഞ്ചജന്യ ശംഖാണ് ഭരതന്‍,  ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നും വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കര്‍ക്കടകത്തിലാണ് നാലമ്പലയാത്ര പുണ്യമാവുന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

*തൃപ്രയാറില്‍ തുടങ്ങണം*
പുലര്‍ച്ചെ മൂന്നുമണിക്ക് തൃപ്രയാര്‍ തേവര്‍ ഉണരും. നിദ്രയിലാണ്ടു കിടന്ന തീര്‍ഥവാഹിനി കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങും. നാലുമണിക്കു തന്നെ നട തുറക്കും. അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നു തുടങ്ങുന്നു.
ഇനി നാലമ്പലദര്‍ശനത്തിനായുള്ള യാത്ര തുടങ്ങാം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തിലെ ഹനുമല്‍ സങ്കല്‍പ്പത്തില്‍ തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം.  തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ അയ്യപ്പ പ്രതിഷ്ഠയും. സര്‍വലോകനാഥനും സര്‍വരോഗ നിവാരണനും സര്‍വ വിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വ ക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് പോവാം.

*കൂടല്‍മാണിക്യത്തില്‍ ഭരതന്‍*
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്രയാറില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്‌കാരിക കേന്ദ്രം.
ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുട ക്ഷേത്രം ഭക്തര്‍ക്ക് പുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗാ യമുനാ സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവന്‍മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹ പ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നും ഭക്തര്‍ കരുതുന്നു. ഭഗവാനും പിതൃക്കള്‍ക്കും വേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെയ്ക്കുന്നതിനു പുറമെ ഈ തീര്‍ഥക്കുളവും വലംവെയ്ക്കണം. കൂത്തമ്പലവും, ക്ഷേത്രത്തിനു ചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.
 വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ്  ക്ഷേത്രത്തില്‍. ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്ന് കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം.
ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങാ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വിശേഷ വഴിപാടുകളാണ്.
ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.

*മൂഴിക്കുളത്താണ് ലക്ഷ്മണന്‍*
ഇനി ലക്ഷ്മണ സന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്താണീ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ട് നിന്നും വലത്തോട്ട് പുത്തന്‍ചിറ വഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ട് തിരിഞ്ഞാല്‍ മൂഴിക്കുളമായി.
മൊത്തം ഇരിങ്ങാലക്കുടയില്‍ നിന്ന് 31 കിലോമീറ്റര്‍.  നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മധ്യഭാഗത്തായി വ്യാളികള്‍ കാവല്‍ നില്‍ക്കുന്ന, വിളക്കുമാടത്തോടു കൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേ നടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാര മണ്ഡപം. തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടു നിലയില്‍ ചെമ്പുമേഞ്ഞ വട്ട ശ്രീകോവില്‍. ഒരേ ശ്രീകോവിലില്‍ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയില്‍ ഗോശാലകൃഷ്ണന്‍. തെക്കു കിഴക്കു ഭാഗത്ത് കൂത്തമ്പലവും. കിഴക്കേ നടയില്‍ വലിയമ്പലത്തില്‍ കൂടി നാലമ്പലത്തില്‍ പ്രവേശിച്ച് മണ്ഡപത്തിന്റെ ഇടതുഭാഗത്തു കൂടി നടയില്‍ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിക്കുക.
തെക്കേ നടയില്‍ശ്രീഗണപതി,ദക്ഷിണാമൂര്‍ത്തി,ശ്രീരാമ,സീത,ഹനുമാന്‍മാരേയും വന്ദിക്കുക. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീര്‍ഥവും പ്രസാദവും വാങ്ങുക. മാതൃക്കല്ലിനു പുറമേക്കൂടി വന്ന് ഗണപതി, ഭഗവതി, ശാസ്താവ് എന്നീ ദേവന്‍മാരെ തൊഴുത് പടിഞ്ഞാറേ നടയിലൂടെ മതില്‍ക്കകത്തേക്കിറങ്ങുക.
പ്രദക്ഷിണമായി വന്ന് ഗോശാലകൃഷ്ണനെ തൊഴുക. ക്ഷേത്രത്തിനു പ്രദക്ഷിണമായി കിഴക്കേനടയില്‍ വന്ന് കൊടിമരത്തിന്റെ പുറമേക്കൂടി വലിയ ബലിക്കല്ലിന്റെ ഇടതുഭാഗം വഴി നടയില്‍ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് വലതുവശത്തു കൂടി ഇറങ്ങുക. കൊടിമരം തൊട്ടുതൊഴരുത്..

*പായമ്മല്‍ ശത്രുഘ്‌ന സന്നിധി*
ഇനി ശത്രുഘ്‌ന സന്നിധിയിലേക്ക്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ വഴിയില്‍ വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്തു നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്.  അന്നമനടയ്ക്ക് 7 കി.മീ, അവിടെ നിന്ന് വലിയപറമ്പിലേക്ക് 5 കി.മീ. മാളയ്ക്ക് 3 കി.മീ, വെള്ളാങ്ങല്ലൂരിലെത്തുമ്പോള്‍ 12 കിലോമീറ്ററു കൂടി. 3 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ അരീപ്പാലമായി. ഒലിപ്പുക്കുഴ പാലത്തിലേക്ക് 2 കിലോമീറ്റര്‍ കൂടി, അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ്  ഒരു 800 മീറ്റര്‍ കൂടി പിന്നിട്ടാല്‍ പായമ്മലപ്പന്റെ സന്നിധിയായി.
 കരിങ്കല്ലില്‍ കൊത്തിയെടുത്ത ശ്രീകോവില്‍ ചതുരാകൃതിയിലാണ്. ശ്രീകോവിലില്‍ ശാന്തസ്വരൂപിയായ ശത്രുഘ്‌നസ്വാമി മാത്രം. ശംഖ ചക്ര ഗദാപത്മങ്ങളില്ലാത്ത ചതുര്‍ബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്കുപടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതി ഭഗവാനും. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സാന്നിധ്യവുമുണ്ട്. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദര്‍ശന പുഷ്പാഞ്ജലി. സുദര്‍ശനചക്ര സമര്‍പ്പണവും പ്രധാനമാണ്.  ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
➖➖➖➖➖➖➖➖➖➖➖➖➖


മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന്‌ +966534065218 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും  അയക്കുക
( നിബന്തനകൾക്കു വിധേയം  )

                 ©
                2018
         My God.com
A  Global Hindu Heritage Foundation

Monday, October 17, 2016

നാലമ്പല ദര്‍ശനം.....( തൃശ്ശിവപേരൂര്‍ ജില്ല )

ദ്വാരകാപതിയായ ഭഗവാന്‍ വാസുദേവന്‍ ആരാധിച്ചിരുന്ന നാല് അഞ്ജനവിഗ്രഹങ്ങള്‍ ദ്വാപരയുഗാവസാനം ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ കടലെടുത്തെന്നും പിന്നീട് എന്നോ ഒരു ദിവസം കടലില്‍ മീന്‍ പിടിക്കുവാന്‍പോയ മുക്കുവന്മാര്‍ക്ക് ഈ വിഗ്രഹങ്ങള്‍ കിട്ടിയെന്നും അവര്‍ ആ വിഗ്രഹങ്ങള്‍ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന വാക്കെയില്‍ കയ്മള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ദേവപ്രശ്‌നവിധിപ്രകാരം വിഗ്രഹങ്ങള്‍ ശ്രീരാമലക്ഷ്മണ ഭരതശത്രുഘ്‌നന്മാരുടെതാണെന്നു കണ്ടെത്തി. പിന്നീട് രാമവിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്‌നവിഗ്രഹം പായമ്മലും പ്രതിഷ്ഠിച്ചുവെന്നതാണ് ഐതിഹ്യം.
തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം
മഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മദ്ധ്യേയുള്ള തൃപ്രയാറില്‍, തീവ്രാനദിയുടെ പടിഞ്ഞാറേക്കരയില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രശാന്തസുന്ദരമായ സ്ഥലത്താണ് ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീഭൂമീസമേതനായ ശ്രീരാമവിഗ്രഹപ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
ശംഖ്, ചക്രം, കോദണ്ഡം, അക്ഷമാല എന്നിവ ധരിച്ച് നാലുകൈകളോടുകൂടിയ വിഗ്രഹത്തില്‍ ശ്രീയും ഭൂമിയും ഇരുപാര്‍ശ്വങ്ങളില്‍ നിന്ന് ഭഗവാനെ അര്‍ച്ചിക്കുന്നതായി കാണുന്നു. ശൈവ-വൈഷ്ണവതേജസ്സുകള്‍ ശ്രീരാമചന്ദ്രനില്‍ ഖരാവധാവസരത്തിലാണ് ഒന്നിച്ചു പ്രതിബിംബിച്ചതെന്നും അതുകൊണ്ട് ഖരവധോദ്യുക്തനായ ശ്രീരാമനായിട്ടാണ് തൃപ്രയാറ്റു തേവര്‍ വര്‍ത്തിക്കുന്നതെന്നും വിശ്വസിക്കുന്നു
.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം
തൃശ്ശിവപേരൂരിന് തെക്കുമാറി ചാലക്കുടി, കുറുമാലി പുഴകള്‍ക്കു മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഇരിങ്ങാലക്കുട. ഭരതന്‍ ശ്രീരാമന്റെ പാദുകങ്ങള്‍ ഭക്തിപുരസ്സരം സൂക്ഷിച്ച് പൂജിച്ചിരുന്ന ‘നന്ദിഗ്രാമം’ ഇരിങ്ങാലക്കുടയാണെന്നു പറയുന്നു. പണ്ട് കുലീപിനി മഹര്‍ഷി യാഗം ചെയ്തിരുന്ന സ്ഥലവും ഇവിടെയായിരുന്നുവത്രെ. അതുകൊണ്ടാണ് ഇവിടുത്തെ തീര്‍ത്ഥക്കുളത്തിന് “കുലീപിനി തീര്‍ത്ഥമെന്ന് പേരുവന്നതെന്നു വിശ്വസിക്കപ്പെടുന്നു. അതിലിന്നും ഗംഗാസാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. തീര്‍ത്ഥത്തിലെ ജലത്തിലെ ഔഷധമൂല്യംതന്നെ അതിനു തെളിവാണെന്നു പറയപ്പെടുന്നു. തീര്‍ത്ഥക്കുളത്തിന്റെ മറ്റൊരു പ്രത്യേകത, മത്സ്യമൊഴികെ സാധാരണ ജലാശയങ്ങളില്‍ കാണാറുള്ള പാമ്പ്, തവള തുടങ്ങിയ ജലജന്തുക്കളൊന്നും അതില്‍ കാണപ്പെടുന്നില്ലെന്നുള്ളതാണ്.
ഭാരതത്തിലെ അപൂര്‍വ്വം ഭരതക്ഷേത്രങ്ങളില്‍ ഒന്നായ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി മഹാവിഷ്ണുവിന്റെ അംശാവതാരവും, വനവാസം കഴിഞ്ഞ് ശ്രീരാമന്‍ വരുന്നതും കാത്ത് കഴിയുന്ന ഭരതനാണ്. ശ്രീരാമന്‍ അയോദ്ധ്യയുടെ പരിസരത്തിലെത്തിക്കഴിഞ്ഞതായി ഹനുമാനില്‍നിന്നറിഞ്ഞ പ്രസന്നഭാവത്തിലാണ് ഇരിപ്പ്.
തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം
തൃശ്ശിവപേരൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന മാളയില്‍നിന്നും ആലുവയിലേക്കുള്ള വഴിയില്‍, എറണാകുളം ജില്ലയുടെ വടക്കേയറ്റത്താണ് പ്രസിദ്ധ ലക്ഷ്മണക്ഷേത്രമായ തിരുമൂഴിക്കുളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. “സര്‍പ്പം ജ്ഞാതം സൗമിത്രം” എന്നാണ് പ്രതിഷ്ഠാസങ്കല്പം. മഹാവിഷ്ണുവിന്റെ ശയ്യയായ ആദിശേഷന്റെ അവതാരമായാണ് ലക്ഷ്മണന്‍ കരുതിപ്പോരുന്നത്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട വൈഷ്ണവ ക്ഷേത്രമാണ് തിരുമൂഴിക്കുളമെന്ന് അനുമാനിക്കുന്നു. നാഗരാജാവായ അനന്തലക്ഷ്മണന്റെ ക്ഷേത്രത്താല്‍ അനുഗൃഹീതമായ മൂഴിക്കുളത്തിലോ സമീപപ്രദേശങ്ങളിലോ സര്‍പ്പദംശനമേറ്റ് അകാലമരണമുണ്ടായിട്ടുള്ളതായി കേട്ടുകേള്‍വിപോലുമില്ലെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.
പായമ്മല്‍ ശ്രീ ശത്രുഘ്‌നക്ഷേത്രം
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രം ആക്രമണത്തിന് ഇരയായെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ അധഃപതനത്തില്‍ ദുഃഖാകുലരായ സമീപവാസികളായ ഭക്തജനങ്ങള്‍ കാലക്രമത്തില്‍ സംഘടിച്ച് ക്ഷേത്രേശസമ്മതത്തോടുകൂടി ശത്രുഘ്‌നസേവാസമിതി രൂപീകരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ഷേത്രാധികാരികളുടെയും ഭക്തജനങ്ങളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്ഷേത്രത്തിന് നഷ്ടമായികൊണ്ടിരിക്കുന്ന ദൈവീക ചൈതന്യത്തെ പുനഃസ്ഥാപിക്കുവാന്‍ സാധിച്ചു. ലവണാസുരവധത്തിന് ഉദ്യുക്തനായ ശത്രുഘ്‌നനാണ് ഇവിടത്തെ പ്രതിഷ്ഠ. ദാശരഥികളില്‍ കനിഷ്ഠപുത്രനായ ശത്രുഘ്‌നന്‍ മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രത്തിന്റെ അവതാരമാണെന്നാണ് വിശ്വാസം.
രാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും ഒരേ ചുറ്റുവട്ടത്തില്‍ കുടികൊള്ളുമ്പോള്‍ അവര്‍ക്കേറ്റവും പ്രിയപ്പെട്ട ഹനുമാനെങ്ങനെ അകന്നുനില്‍ക്കാനൊക്കും! അങ്ങനെ ഇരിങ്ങാലക്കുടയുടെ തൊട്ടു തെക്കുഭാഗത്തു തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ രാജപാതയുടെ കിഴക്കരുകിലാണ് പ്രസിദ്ധമായ നടവരമ്പ് ഹനുമാന്‍ കോവില്‍. നാലമ്പലം തീര്‍ത്ഥാടനത്തിന് ശ്രീരാമദാസനായ ഹനുമത്‌സ്വാമിദര്‍ശനത്തോടെയാണ് പരിസമാപ്തി കുറിക്കുന്നത്

കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍

ത്രേതായുഗത്തിലെ വൈഷ്‌ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷ്‌മണ ഭരത ശത്രുഘ്‌നന്മാര്‍ കുടികൊള്ളുന്ന രാമപുരം കൂടപ്പുലം അമനകര, മേതിരി എന്നീ സ്‌ഥലങ്ങളിലുള്ള ക്ഷേത്രങ്ങള്‍ 'നാലമ്പലം' എന്ന അപരനാമത്തില്‍
അറിയപ്പെടുന്നു. കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തില്‍ കേവലം മൂന്ന്‌ കിലോമീറ്റര്‍ മാത്രം ചുറ്റളവില്‍ സ്‌ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങള്‍ ഭക്‌തര്‍ക്ക്‌ സാക്ഷാല്‍ വൈകുണ്‌ഠ സമാനമാണ്‌.
കേരളത്തിലെ മറ്റു ക്ഷേത്രദര്‍ശന സമ്പ്രദായങ്ങളില്‍ നിന്നും എന്തുകൊണ്ടും പ്രാധാന്യം കല്‍പ്പിക്കുന്നതും ഇതര ക്ഷേത്രദര്‍ശന രീതിയില്‍ നിന്നും വ്യത്യസ്‌തവുമാണ്‌ ഈ നാലമ്പലദര്‍ശനം. രാമയണ മാസത്തില്‍ ഭരത-ലക്ഷ്‌മണ-ശത്രുഘ്‌നന്മാരെ വണങ്ങി ശ്രീരാമനെ വന്ദിക്കണമെന്നാണ്‌ വിശ്വാസം. അപ്പോള്‍ മാത്രമേ ശ്രീരാമദര്‍ശനം സാക്ഷാത്‌കരിക്കൂ.
വൈകുണ്‌ഠവാസിയായ ഭഗവാന്റെ വിശ്വരൂപം കാണിക്കുന്ന പ്രതിഷ്‌ഠകളാണ്‌ ഈ നാലമ്പലത്തില്‍ ഉള്ളത്‌. ശ്രീരാമനും ലക്ഷ്‌മണനും ഭരതനും ശത്രുഘ്‌നനും എല്ലാം ഞാന്‍ തന്നെയാണ്‌ എന്നുകാണിക്കുന്നു ഈ മഹത്‌ ദര്‍ശനത്തില്‍. ഇതിനുപുറമേ ക്ഷേത്രാരാധനയിലെ പ്രദിക്ഷിണതത്വത്തിന്റെ പ്രധാന്യവും എടുത്തുപറയേണ്ടതാണ്‌.
ക്ഷേത്രചുറ്റുമതിലിന്‌ പുറത്തുള്ള പ്രദക്ഷിണത്തിന്റെ ആറിരട്ടി ഗുണം ഈ ഗ്രാമപദക്ഷിണം വഴി ഭക്‌തന്മാര്‍ക്ക്‌ ലഭിക്കും എന്നാണ്‌ വിശ്വാസം.
തപശ്‌ചര്യയുള്ള യോഗീശ്വരന്മാരാല്‍ പ്രതിഷ്‌ഠിതമായിട്ടുള്ള ഈ ക്ഷേത്രങ്ങള്‍ക്ക്‌ സഹസ്രാബ്‌ദങ്ങളുടെ പഴക്കം കാണുന്നു. ഈ ക്ഷേത്രങ്ങളെല്ലാം ഓരേ കാലയളവില്‍ തന്നെ പണികഴിപ്പിച്ചിട്ടുള്ളതാണ്‌ എന്നുവേണം അനുമാനിക്കാന്‍ . വലിയ കരിങ്കല്‍ശിലകളാല്‍ കൊത്തിച്ചേര്‍ത്തിട്ടുള്ള കഴുക്കോലുകളോടുകൂടിയ ശ്രീകോവിലുകളും നമസ്‌കാര മണ്ഡപങ്ങളും വാസ്‌തുശില്‍പവേലകളും ക്ഷേത്രങ്ങളുടെ പൗരാണികതയെ എടുത്തുകാണിക്കുന്നു. നാലമ്പലങ്ങളില്‍പ്പെട്ടതായ നാലു ക്ഷേത്രങ്ങളുടെയും സമീപത്തായി ശക്‌തിസ്വരൂപിണിയായുള്ള ഓരോ
ദേവീക്ഷേത്രങ്ങളും ഉണ്ട്‌ എന്നതും പ്രത്യേകതയാണ്‌.
കേരളത്തില്‍ എന്നല്ല ഭാരത്തില്‍ തന്നെ ഇതുപോലുള്ള ക്ഷേത്രസമുച്ചയങ്ങള്‍ ഇന്ന്‌ വളരെ വിരളമാണ്‌. പുരാതനവും പ്രാചീനകാലം മുതല്‍ പ്രസിദ്ധവുമായിരുന്ന ഈ ക്ഷേത്രങ്ങളിലെ നാലമ്പല ദര്‍ശനത്തെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ
1997 ലെ ക്ഷേത്ര സര്‍വ്വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്‌.
ദര്‍ശന മഹാത്മ്യം
കലിയുഗത്തില്‍ ഈശ്വര സാക്ഷാത്‌കാരത്തിനും ഭഗവത്‌ പ്രീതിക്കും രാമനാമപജവും ശ്രീരാമ അംശാവതാരദര്‍ശനവും പുണ്യമായതിനാല്‍ പൂര്‍വ്വികകാലം മുതല്‍തന്നെ നാലമ്പല ദര്‍ശനത്തിന്‌ പ്രാധാന്യമുണ്ടായിരുന്നു. പരിപാവനമായ ഈ നാല്‌ ക്ഷേത്രങ്ങളിലും ഒറ്റദിവസം ദര്‍ശനം നടത്തുന്നത്‌ പുണ്യവും അനുഭവ വിശേഷവുമാണ്‌. ശ്രീരാമന്റെ ഉച്ചപൂജയ്‌ക്ക് മുമ്പായി ശ്രീരാമസ്വാമിയെ ദര്‍ശനം ചെയ്‌ത് സഹോദര ദേവന്മാരേയും തൊഴുതുവണങ്ങി ഇഷ്‌ടവഴിപാടുകള്‍ നടത്തി ശ്രീരാമഭക്‌ത ഹനുമാനേയും വണങ്ങി ശ്രീരാമസ്വാമിയെ വീണ്ടും ദര്‍ശനം നടത്തുകയോ സ്‌മരിക്കുകയോ ചെയ്‌ത് ഭഗവത്‌ ദര്‍ശന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നു.
അപരിമേയമായ ചൈതന്യവിശേഷമുള്ള മഹാവിഷ്‌ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീരാമ-അംശാവതാര ദര്‍ശനത്തിനായി കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും ഭക്‌തജനങ്ങള്‍ എത്താറുണ്ട്‌.
രാമായണമാസം ആകുന്നതോടെ (കര്‍ക്കിടകം) വിശ്വാസികളുടെ പ്രവാഹം തന്നെ ഈ ക്ഷേത്രങ്ങളില്‍ അനുഭവപ്പെടുന്നു. കൂടാതെ വിഷ്‌ണുവിന്‌ പ്രധാനമായ വ്യാഴാഴ്‌ചകളിലും ഞായറാഴ്‌ചകളിലും മാസംതോറും നാലമ്പല ദര്‍ശനം ഭജനമായി നടത്തുവരുടെ എണ്ണവും ഒട്ടും കുറവല്ല. ഈ ക്ഷേത്രങ്ങള്‍ കുറഞ്ഞ ദൂരത്തില്‍ സ്‌ഥിതിചെയ്യുന്നു എന്നതും ചുരുങ്ങിയ സമയം കൊണ്ട്‌ വിധിയാം വണ്ണം ദര്‍ശനം നടത്താവുന്നതും ക്ഷേത്രാരാധകര്‍ക്ക്‌ വലിയ ഒരു അനുഗ്രഹമാണ്‌.
(ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ക്ക്‌ ഈ നാല്‌ ക്ഷേത്രങ്ങളുടെ ഒരു ലഘുലേഖ ഇതോടൊപ്പം ചേര്‍ക്കുന്നു.)
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
ശ്രീരാമപുരേശ വാസിയായിടും
ശ്രീരാമനെന്നില്‍ വിളയാടിടേണം
ശ്രീമാരുതി മാനസവാസിയായി വിളങ്ങും
ശ്രീമൈഥിലിനാഥാ വണങ്ങിടുന്നേന്‍
നാലമ്പലങ്ങളിലെ ശ്രീരാമന്റെ പ്രതിഷ്‌ഠയുള്ള ക്ഷേത്രമാണ്‌ രാമപുരത്ത്‌ സ്‌ഥിതിചെയ്യുത്‌. കിഴക്കോട്ട്‌ ദര്‍ശനമുള്ള ഈ ക്ഷേത്രത്തോട്‌ ചേര്‍ന്ന്‌ ഹനുമാന്റെയും ഉപദേവീ-ദേവന്മാരുടെയും പ്രതിഷ്‌ഠകളുണ്ട്‌. ഈ നാടിന്‌ രാമപുരം എന്ന പേര്‌
സിദ്ധിച്ചത്‌ ശ്രീരാമ പ്രതിഷ്‌ഠയ്‌ക്ക് ശേഷമാണ്‌. ഭൂപരിഷ്‌കരണം ക്ഷേത്ര സമ്പത്ത്‌ നഷ്‌ടപ്പെടുത്തിയെങ്കിലും തികച്ചും രാജകീയമായി പ്രതിഷ്‌ഠിതമായിട്ടുള്ള ദേവചൈതന്യം ഒന്നുകൊണ്ടുമാത്രമാണ്‌ ഇന്നും ക്ഷേത്രം പുര്‍വ്വോപരി തേജസ്സോടെ നിലനില്‍ക്കുന്നത്‌. പൂജാദികര്‍മ്മങ്ങള്‍ ഇന്നും ആചാര അനുഷ്‌ഠാനങ്ങള്‍ക്ക്‌ വിധേയമായി നടത്തുന്നതിന്‌ ക്ഷേത്രഭാരവാഹികള്‍ ശ്രദ്ധാലുക്കളാണ്‌.
ക്ഷേത്രകലകള്‍ക്ക്‌ ഇവിടെ പ്രധാന്യം ഏറെയാണ്‌. കഥകളി, ചാക്യാര്‍കൂത്ത്‌, 
ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ ദേവന്‌ വളരെ പ്രിയപ്പെട്ടവയാണ്‌. എന്നിരുന്നാലും 'ഖരവധം' കഥകളി ഇവിടെ ആടാറില്ല എന്നത്‌ ഒരു പ്രത്യേകതയാണ്‌.
'കുചേലവൃത്തം വഞ്ചിപ്പാട്ടി'ന്റെ രചയിതാവ്‌ മഹാകവി രാമപുരത്ത്‌ വാര്യരുടെ ജന്മദേശം കൂടിയാണ്‌ ഈ നാട്‌ എന്നത്‌ ഏവര്‍ക്കും അഭിമാനിക്കാവുന്നതാണ്‌. അദ്ദേഹം ഈ ക്ഷേത്രത്തിലെ ജീവനക്കാരന്‍ ആയിരുന്നതായാണ്‌ ചരിത്രത്തില്‍
കാണുന്നത്‌.
ഒരിക്കല്‍ ക്ഷേത്രത്തിലെ കഴകജോലി നിര്‍വ്വഹിച്ചിരുന്ന സമയം കൂത്തുകേള്‍ക്കാന്‍ ചെല്ലാതിരുന്ന വാര്യരോട്‌ ചാക്യാര്‍ പരിഭവം പറഞ്ഞുവത്രേ ! തന്റെ മാലകെട്ട്‌ കാണുന്നതിനും അങ്ങ്‌ വരാറില്ലല്ലോ എന്ന മറുപടിയില്‍ ചാക്യാര്‍ ഇങ്ങനെ
ചോദിച്ചു. മാലകെട്ടില്‍ എന്താണ്‌ വിശേഷിച്ച്‌ കാണുവാനുള്ളത്‌? പിറ്റേന്ന്‌ ഭഗവാന്‌ ചാര്‍ത്തിയമാല ഒരു ശ്ലോകരൂപത്തില്‍ താഴെകാണുംവിധം പ്രത്യക്ഷപ്പെട്ടു.
നകൃതം സുകൃതം കിഞ്ചില്‍
ബഹുധാ ദുഷ്‌കൃതം കൃതം
നജാനേ ജാനകീ ജാനേ
യമഹ്വാനെ കിമുത്തരം
ഈ ശ്ലോകത്തിന്റെ പരിഭാഷ ഇപ്രകാരമാണ്‌.
ഒന്നും ചെയ്‌തീല സുകൃതം
ഒട്ടേറെ ചെയ്‌തുദുഷ്‌കൃതം
രാമാ! കാലന്‍ വിളിക്കുമ്പോള്‍
അവനോടെന്തൊരുത്തരം
കലിയുഗത്തില്‍ ഈശ്വരസാക്ഷാത്‌കാരത്തിനും ഭഗവത്‌ പ്രീതിക്കും അവതാര വിഷ്‌ണുഭജനവും ശ്രീരാമ അംശാവതാര ദര്‍ശനത്തിനും വളരെ പ്രാധാന്യമുള്ളതായാണ്‌ കാണുന്നത്‌. മീനമാസത്തില്‍ തിരുവോണനാളില്‍ ആറാട്ട്‌
വരത്തക്കവിധം കൊടികയറി എട്ടുദിവസത്തെ ഉത്സവമാണ്‌ ക്ഷേത്രത്തില്‍. സഹോദരക്ഷേത്രമായ അമനകര ശ്രീഭരതസ്വാമിക്ഷേത്രത്തിലാണ്‌ ആറാട്ട്‌ നടക്കുക.