Showing posts with label ആയുര്‍വേദം. Show all posts
Showing posts with label ആയുര്‍വേദം. Show all posts

Saturday, June 15, 2024

നിർജ്ജല ഏകാദശി 2024

 

ജൂണ്‍ 18, നിർജ്ജല ഏകാദശി; ഒരു വർഷം മുഴുവൻ ഫലം | വ്രതം എടുക്കേണ്ട രീതി, പ്രാധാന്യം, ഐതിഹ്യം


പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം. ഓരോ ഏകാദശിക്കും വ്യത്യസ്ത ഫലങ്ങളാണ് ഉള്ളത്. മിഥുന മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് നിർജ്ജല ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഇത്തവണത്തെ നിർജ്ജല ഏകാദശി ജൂണ്‍ 18 ചൊവ്വാഴ്ചയാണ്.


വര്‍ഷത്തിലെ 24 ഏകാദശികളില്‍ വച്ച് ഏറ്റവും കഠിനമായ ഏകാദശി വ്രതമായാണ് നിര്‍ജ്ജല ഏകാദശി വ്രതത്തെ കണക്കാക്കുന്നത്. ജലപാനം പോലുമില്ലാതെ ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വര്‍ഷം മുഴുവന്‍ ഏകാദശി അനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഈ ഏകാദശിവ്രതമെടുക്കുന്നതുമൂലം ദീര്‍ഘായുസും കൈവല്യപ്രാപ്തിയുമുണ്ടാകുമെന്നാണ് വിശ്വാസം.

തികഞ്ഞ ഭക്തിയോടെ മനസില്‍ ഈശ്വര നാമം ജപിച്ചുകൊണ്ടുവേണം ഈ ദിവസം മുഴുവന്‍ കഴിച്ചുകൂട്ടാന്‍. ഈ വ്രതാനുഷ്ഠാനത്തിനു ശേഷം ദ്വാദശിയിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്നാനം, വിഷ്ണുപൂജ, കഴിവിനനുസരിച്ചുള്ള ദാനം, അന്നദാനം എന്നിവ ചെയ്യണം.


ഐതിഹ്യം

ഭീമന്‍ ഒരിക്കല്‍ വ്യാസ ഭഗവാനോട് ഏകാദശിയനുഷ്ഠാനവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലുണ്ടായ ഒരുകാര്യം പറഞ്ഞു. തന്റെ സഹോദരങ്ങളും ദ്രൗപതിയും അമ്മയുമെല്ലാം ഏകാദശിവ്രതം അനുഷ്ഠിക്കാറുണ്ട്. തന്നോടും ഈ വ്രതമെടുക്കാന്‍ പറഞ്ഞുവെന്നും എന്നാല്‍, തനിക്ക് വിശപ്പു സഹിക്കാന്‍ കഴിയാത്തതിനാല്‍ അതിന് സാധിക്കുന്നില്ലെന്നും ദാനം ചെയ്യുകയും ഭഗവാന് അര്‍ച്ചന നടത്തുകയും ചെയ്യാമെന്നും നിരാഹാരം അനുഷ്ഠിക്കാതെ എങ്ങനെ വ്രതമെടുക്കാമെന്നു പറഞ്ഞുതരണമെന്നും വ്യാസനോട് ഭീമന്‍ ആവശ്യപ്പെട്ടു.


അതിന് മറുപടിയായി വ്യാസന്‍ പറഞ്ഞത്, നരകത്തെ വെറുക്കുകയും സ്വര്‍ഗത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ രണ്ട് ഏകാദശിവ്രതങ്ങളെടുക്കാനാണ്. അതിന് മറുപടിയായി ഭീമന്‍ പറഞ്ഞത്, ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ട് തനിക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ഏതൊരു വ്രതം കൊണ്ടുമാത്രം തനിക്ക് മംഗളം ഭവിക്കുമെന്ന് പറഞ്ഞുതരണമെന്നുമാണ്. അതിന് മറുപടിയായി വ്യാസഭഗവാന്‍ പറഞ്ഞത്: മിഥുന മാസത്തിലെ ഏകാദശി വ്രതം അനുഷ്ഠിക്കാനാണ്. കുളിക്കുന്നതിലൂടെയും ആചമനം ചെയ്യുന്നതിലൂടെയും മാത്രം ജലം സ്വീകരിക്കുക. മറ്റ് ആഹാരങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കണം. ജീവിതകാലം മുഴുവന്‍ ഈ വ്രതം അനുഷ്ഠിച്ചാല്‍ സകല ഏകാദശി ദിവസങ്ങളിലും ആഹാരം കഴിച്ച പാപവും ഇല്ലാതാകുമെന്നും വ്യാസന്‍ പറഞ്ഞു.


വ്യാസന്റെ ഉപദേശം സ്വീകരിച്ച ഭീമന്‍ ജലപാനമില്ലാതെ വ്രതം അനുഷ്ഠിക്കുകയും ദ്വാദശി ദിവസം പുലര്‍ച്ചെ ബോധരഹിതനാവുകയും ചെയ്തു. തുടര്‍ന്ന് പാണ്ഡവര്‍ ഗംഗാജലവും തുളസീതീര്‍ഥവും കൊടുത്ത് അദ്ദേഹത്തിന്റെ ബോധക്കേട് മാറ്റിയെന്നുമാണ് ഐതിഹ്യം. നിർജ്ജല ഏകാദശിപോലുള്ള വ്രതങ്ങളെടുക്കുമ്പോള്‍ ആരോഗ്യസ്ഥിതികൂടി ശ്രദ്ധിക്കേണ്ടതാണ്.


ഏകാദശി വ്രതമെടുക്കുന്നവർ

ഏകാദശി നോൽക്കുന്നവർ തലേദിവസം ഒരിക്കൽ എടുത്ത് വ്രതം ആരംഭിക്കണം. അന്ന് നിലത്ത് കിടന്നുറങ്ങണം. ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഭഗവത് നാമങ്ങൾ ജപിക്കണം. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയവ വായിക്കുന്നത് ഉത്തമമാണ്. അതിനു കഴിയാത്തവർ ‘ഓം നമോ ഭഗവതേ വാസുദേവായ’എന്ന മന്ത്രമോ ‘ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ എന്ന മന്ത്രമോ ജപിക്കാം. മഹാവിഷ്ണുവിന്റെ അഷ്ടോത്തരം കേൾക്കുന്നതും ജപിക്കുന്നതും നല്ലതാണ്. ഈ ദിവസം കഴിയുന്നത്ര ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും വിഷ്ണു ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുക.


ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.


രാവിലെ വ്രതം അവസാനിപ്പിക്കണം. രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്.


ഏകാദശി വ്രതമെടുക്കാൻ കഴിയാത്തവർ

ഏകാദശി വ്രതം നോൽക്കാൻ കഴിയാത്തവർ വിഷ്ണു മന്ത്രങ്ങൾ ജപിക്കുന്നതും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നതും പുണ്ണ്യമായി കണക്കാക്കുന്നു. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാട് നടത്തുന്നത് ഐശ്വര്യപ്രദമാണ്.


എല്ലാ പാപങ്ങളും നശിക്കാൻ മോക്ഷദാതാവായ ഗുരുവായൂരപ്പന്‍റെ അനുഗ്രഹമുണ്ടാകാൻ ദിനം മുഴുവൻ നാമ ജപത്തോടെ കഴിയുക. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, കുടുംബ സ്വസ്ഥത, മന:ശാന്തി, ആയുരാരോഗ്യം, സമ്പത്തും കീര്‍ത്തിയും, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ അനുഭവിക്കുന്നതിന് ഇടയാക്കും. ജീവിതാന്ത്യത്തിൽ മോക്ഷവും ലഭിക്കും.


ഏകാദശിദിവസം ചെയ്യേണ്ട വഴിപാടുകളും ഫലങ്ങളും

പുരുഷ സൂക്താര്‍ച്ചന – ഇഷ്ട സന്താന ലബ്ധി

ഭാഗ്യ സൂക്താര്‍ച്ചന – ഭാഗ്യസിദ്ധി, ധനാഭിവൃദ്ധി

ആയുര്‍ സൂക്താര്‍ച്ചന – ആയുര്‍വർദ്ധന, രോഗമുക്തി

വെണ്ണനിവേദ്യം – ബുദ്ധിവികാസത്തിന്

പാൽപായസ നിവേദ്യം – ധനധാന്യ വർധന

പാലഭിഷേകം – കോപശമനം, കുടുംബസുഖം

സന്താനഗോപാലാർച്ചന – സത്സന്താന ലാഭം

സഹസ്രനാമ അര്‍ച്ചന – ഐശ്വര്യം , മംഗളസിദ്ധി

നെയ് വിളക്ക്നേ – ത്രരോഗശമനം, അഭിഷ്ടസിദ്ധി

സുദർശനഹോമം – രോഗശാന്തി

Saturday, April 1, 2017

ജാതി മരം

ക്ഷിണേന്ത്യന്‍ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതി(Myristica fragrans). ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയിൽ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപുവ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു.ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്. വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ്‌ കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ്‌ ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്. ജാതി പലരീതികളിൽ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണ്‌. വിത്തുപാകി മുളപ്പിച്ചും,ടോപ്പ് വർക്കിംഗ്, ഒട്ടിക്കൽ, ഫീൽഡ് ബഡ്ഡിംഗ് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചും കൃഷി നടത്താം.




നല്ലതുപോലെ മൂപ്പെത്തിയ ജാതിക്ക കൾ ചെടിയിൽ നിന്നും അടർത്തിയെടുത്ത് മണ്ണും മണലും കലർത്തി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ വിത്ത് പാകി പുതിയ മരങ്ങൾ മുളപ്പിച്ച് എടുക്കാം. ഇങ്ങനെ പാകുന്ന സ്ഥലത്ത് തണലും നല്ല ഈർപ്പവും ഉണ്ടായിരിക്കണം. ഏകദേശം രണ്ട് മാസത്തോളം ദിവസവും നനക്കണം. രണ്ട് മാസത്തിനുശേഷം കിളിർപ്പ് ഉണ്ടാകുകയും, രണ്ടില പാകമാകുമ്പോൾ വേരിന്‌ കേട്പാടുകൾ സംഭവിക്കാതെ പോട്ടിംഗ് മിശ്രിതം നറച്ച ചട്ടികളിലോ പോളിത്തീൻ കവറുകളിലോ നടുന്നു. ഇങ്ങനെ നടുന്ന തൈകൾ മഴക്കാലത്തോടു കൂടി പ്രധാന കൃഷിയിടങ്ങളിൽ മാറ്റി നടാവുന്നതുമാണ്‌. ഇങ്ങനെ നടുന്ന തൈകൾക്ക് തണലായും അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്താനുമായി പുതയിടുകയോ തണൽ മരങ്ങൾ നട്ടു പിടിപ്പിക്കുകയോ ചെയ്യാം. ഇങ്ങനെ ഉണ്ടാകുന്ന തൈകളിൽ നിന്നും പത്ത് പെൺ മരത്തിന്‌ ഒരു ആൺ മരം എന്ന രീതിയിൽ നിലനിർത്തി ബാക്കിയുള്ള ആൺ മരങ്ങൾ മുറിച്ച് മാറ്റണം. ജാതി ഇടവിളയായി നടുകയാണേങ്കിൽ തെങ്ങ്, കമുക് തുടങ്ങിയ വൃക്ഷങ്ങളുടെ ഇറ്റയിൽ നടുന്നതാണ്‌ ഉത്തമം. കാരണം തെങ്ങും കമുകും ജാതി തൈകൾക്ക് നല്ലതുപോലെ തണൽ നൽകും. ജാതി ഇടവിളയായിട്ടല്ല നടുന്നതെങ്കിൽ തണൽ നൽകുന്നതിനായ് ശീമക്കൊന്ന, മുരിക്ക്, വാഴ, അക്കേഷ്യ തുടങ്ങിയവ നടാം. ഇതിൽ വാഴനടുന്നതാണ്‌ ഏറ്റവും നല്ലത്, കാരണം ആവശ്യത്തിനു തണൽ നൽകുന്നതിനു പുറമേ അന്തരീക്ഷത്തിൽ നല്ലതുപോലെ ഈർപ്പം നിലനിർത്താൻ വാഴകൾക്ക് കഴിയുന്നു. കൂടാതെ വാഴയുടെ വിളവെടുപ്പിനു ശേഷം അവയുടെ അവശിഷ്ടങ്ങൾ ജാതിക്ക് പുതയിടുന്നതിനും ഉപയോഗിക്കാം.





ടോപ്പ് വർക്കിംഗ്:
തൈ നട്ട് ആൺ മരമാണോ പെൺ മരമാണോ എന്നറിഞ്ഞ (ഏകദേശം ഏഴോ എട്ടോ വർഷങ്ങൾക്ക് )ശേഷം ആൺ മരങ്ങളെ നശിപ്പിക്കാതെ അവയെ ലിംഗഭേദം വരുത്തി പെൺ മരമാക്കുന്ന പ്രക്രിയയെ ആണ്‌ ടോപ്പ് വർക്കിംഗ് എന്ന് പറയുന്നത്. മഴക്കാലത്തിനു മുൻപായി ആൺ മരങ്ങളെ ചുവട്ടിൽ നിന്നും ഏകദേശം 1 മീറ്റർ പൊക്കത്തിൽ രണ്ടോ മൂന്നോ ശാഖകൾ നിർത്തി മുറിച്ചുകളയുന്നു. പിന്നീട് തായ് തടിയിൽ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്ന കിളിർപ്പുകളിൽ പെൺ മരത്തിന്‍റെ ശാഖകളിൽ നിന്നും എടുക്കുന്ന കിളിർപ്പ് വച്ച് കെട്ടി, ആൺ കിളിർപ്പുകളെ വളരാൻ അനുവദിക്കാതെ പെൺ കിളിർപ്പുകൾ മാത്രം വളർത്തി കായ ഉണ്ടാക്കുന്ന രീതിയാണ്‌ ടോപ്പ് വർക്കിംഗ്.
ഒട്ടിക്കൽ:
നാടൻ ജാതി ഇനങ്ങളിലോ കാട്ടു ജാതി ഇനങ്ങളിലോ പെൺ ജാതി മരത്തിന്‍റെ മുകുളങ്ങൾ ഒട്ടിച്ച് ചേർത്തും നല്ല ജാതി തൈകൾ നടീൽ വസ്തുക്കളായി ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയാണ്‌ ഒട്ടിക്കൽ എന്ന് പറയുന്നത്.
ഫീൽഡ് ബഡ്ഡിംഗ്:
കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത തനതു നടീൽ വസ്തു നിർമ്മാണ രീതിയാണ്‌ ഫീൽഡ് ബഡ്ഡിംഗ്. ജാതി മരങ്ങളിൽ ആൺ / പെൺ വ്യത്യാസം അറിയുന്നതിനും മുൻപ് ചെയ്യുന്ന രീതിയാണിത്. കൃഷി സ്ഥലത്തെ എല്ലാ മരങ്ങളിലും ഈ രീതി അനുവർത്തിക്കേണ്ടതാണ്‌. തൈകൾക്ക് ഏകദേശം മൂന്ന് വർഷം പാകമാകുമ്പോൾ ഈ പ്രക്രിയ നടപ്പാക്കുന്നു. ഈ രീതി ചെയ്യുമ്പോൾ തൈകളുടെ മൂട് വണ്ണം നാല്‌ സെന്റീമീറ്ററിൽ കുറയാൻ പാടില്ല. ഇതിന്‍റെ ആദ്യ പടിയായി നല്ല കായ് ഫലം തരുന്ന പെൺ മരങ്ങളിൽ നിന്നും മുകളിലേക്ക് വളരുന്ന ശിഖരങ്ങളിൽ നിന്നും കമ്പുകൾ മുറിച്ചെടുക്കുന്നു. ആ കമ്പുകളിൽ നിന്നുമുള്ള മുകുളങ്ങൾ മൂന്ന് മുതൽ നാല്‌ സെ. മീ . നീളത്തിൽ തൊലിയോട് കൂടി ചെത്തിയെടുക്കുന്നു. അത്തരം മുകുളങ്ങൾ, ഏത് തൈയിലാണോ വയ്ക്കേണ്ടത് ആ തൈകളിൽ, താഴെനിന്നും ആദ്യത്തെ ശാഖയുടെ താഴെയായി ഏകദേശം മൂന്ന് മുതൽ അഞ്ച് സെന്റീ മീറ്റർ നീളത്തിൽ തൊലി ചെത്തി മാറ്റുന്നു. തൊലി ചെത്തി മാറ്റിയ സ്ഥലത്ത് നേരത്തേ ശേഖരിച്ച് വച്ചിരിക്കുന്ന മുകുളം വച്ച് പോളിത്തീൻ നാടകൊണ്ട് കെട്ടി വയ്ക്കുന്നു. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത ചേർത്ത് കെട്ടുമ്പോൾ മുകുളം മൂടിപ്പോകാൻ പാടില്ല എന്നുള്ളതാണ്‌. ഇങ്ങനെ വച്ചുകെട്ടുന്ന മുകുളങ്ങൾ വളരുന്നതിനനുസരിച്ച് മുകളിലെ ബാക്കി ശിഖരങ്ങളും പിന്നീട് ഒട്ടിച്ചിരിക്കുന്നതിന്‌ മുകളിൽ ഉള്ള പഴയ തൈയുടെ ബാക്കി ഭാഗങ്ങളും പൂർണ്ണമായി മുറിച്ച് മാറ്റേണ്ടതാണ്‌.

നന്നായി വളം ആവശ്യമുള്ള സസ്യമാണ്‌ ജാതി. കൃഷി തുടങ്ങി ഒന്നാം വർഷം മുതൽ വളം നൽകേണ്ടിവരുന്ന ഒരു സുഗന്ധവിളയാണ്‌ ജാതി. ഒന്നാം വർഷം ഓരോ ചെടിക്കുമായി പത്തുകിലോ പച്ചിലവളം /കമ്പോസ്റ്റ് /ജൈവവളം എന്നിവയിലേതെങ്കിലും ഒന്നിന്‍റെ കൂടെ 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ് ഫറസ്, 50 ഗ്രാം പൊട്ടാസ്യം എന്നിവ നൽകണം. ക്രമാനുഗതമായി ഈ അളവ് കൂട്ടി 15 വർഷം(പ്രായപൂർത്തി) ആകുമ്പോൾ ഓരോ മരത്തിനും 50 കിലോ പച്ചില/കമ്പോസ്റ്റ്/ജൈവ വളങ്ങളിൽ ഏതെങ്കിലും ഒന്നും 500:250:100 ഗ്രാം കണക്കിൽ രാസവളവും നൽകണം. കൂടാതെ നല്ല വിളവിനായ് ചെടിയൊന്നിന്‌ 1100 ഗ്രാം യൂറിയ, 840 ഗ്രാം സൂപ്പർ ഫോസ് ഫേറ്റ് 2000 ഗ്രാം (2കിലോ) മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് തവണകളായി മെയ് - ജൂൺ , സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി ജൈവ വളത്തിനോടൊപ്പം നൽകണം. വളം ചെടിയുടെ ചുവട്ടിലായി, ചെടിയിൽ നിന്നും ഒന്നരമീറ്റർ അകലത്തിലായി കാൽ മീറ്ററോളം താഴ്ചയിലിട്ട് മണ്ണിട്ട് നല്ലതുപോലെ മൂടണം.

കഫ വാത രോഗങ്ങൾ ശമിപ്പിക്കും. ദഹനശക്തി കൂട്ടും.മലബന്ധം ഉണ്ടാക്കും. വയറിളക്കത്തിനും ഉദരശൂലയ്ക്കും നല്ലതാണു്. ത്രിഫലാദി ചൂർണ്ണം, ആട്ടിൻ സൂപ്പ് , അതിസാരഗ്രഹണിചൂർണ്ണം,കർപ്പൂരാദി ചൂർണ്ണം, ജീരകാദിചൂർണ്ണം, എന്നിവയിൽ ഉപയോഗിക്കുന്നു.

ആടലോടകം

  

ഈ സസ്യത്തിന്‍റെ ഇല, പൂവ്, വേര് എന്നിവ ഔഷധഗുണമുള്ള ഭാഗങ്ങളാണ്. ചുമ, തുമ്മല്‍ , കഫക്കെട്ട് എന്നിവക്കും ശ്വാസംമുട്ടല്‍ , ആസ്തമ എന്നിവക്കും രക്തം തുപ്പല്‍, ശ്വാസംമുട്ടല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന്‍റെ വേര് കഷായം വെച്ചുകുടിച്ചാല്‍ കൈകാലുകള്‍ ചുട്ടുനീറുന്നത് മാറും. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്.ഇലയുടെ നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ശ്വാസതടസ്സം എന്നിവ ശമിക്കും. ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ആസ്തമക്ക് ശമനം കിട്ടും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്‍റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാല്‍ ചുമ ഭേദമാകും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം വിടും.
ചെറിയ ആടലോടകത്തിന്‍റെ ഇലച്ചാറില്‍ സമം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും. ചെറിയ ആടലോടകത്തിന്‍റെ ഇല നീരില്‍ ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്‍ത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാല്‍ ചുമ, ബ്രോങ്കൈറ്റിസ്, കഫക്കെട്ട് എന്നിവ ശമിക്കും.ആടലോടകത്തിന്‍റെ വേര് അരച്ച് നാഭിക്ക് കീഴില്‍ പുരട്ടിയാല്‍ പ്രസവം വേഗം നടക്കും.ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിള്‍ സ്പൂണ്‍ വീതം അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാല്‍ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.
ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തില്‍ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേന്‍ ചേര്‍ത്ത് പതിവായി കുടിച്ചാല്‍ ചുമ,ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും.വരണ്ട ചുമ, ക്ഷീണം എന്നിവ മാറാന്‍ ആടലോടകത്തിന്റെ ഇല 50 ഗ്രാം, പഴുത്ത ഒരു കൈതച്ചക്ക കൊത്തിയരിഞ്ഞ് ഒരു മുറി തേങ്ങാപ്പീര ചേര്‍ത്ത് പ്രഷര്‍ കുക്കറിലിട്ട് ആവി പോവാതെ വേവിക്കുക. അതില്‍ 500 ഗ്രാം കല്ക്കണ്ടമിട്ട് വീണ്ടും ചൂടാക്കി എടുക്കുക. ഇത് 10 മുതല്‍ 15 ഗ്രാം വരെ ദിവസവും നാല് നേരം കഴിക്കുക.ആടലോടകം സമൂലം 900 ഗ്രാം, തിപ്പല്ലി 100 ഗ്രാം എന്നിവ 4 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് അതില്‍ 250 മി.ലി നെയ്യ് ചേര്‍ത്ത് വിധി പ്രകാരം കാച്ചി സേവിച്ചാല്‍ ചുമ, രക്തത്തോടു കൂടിയ കഫം ചുമച്ച് തുപ്പല്‍ എന്നിവ മാറിക്കിട്ടും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആടലോടകത്തില്‍ നിന്ന് തയ്യാറാക്കുന്ന വാസിസെന്‍ എന്ന മരുന്ന് ഉപയോഗിക്കുന്നു.ആടലോടകത്തിന്‍റെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കകയാണെങ്കില്‍‍ കഫം ഇല്ലാതാവുന്നതാണ്. തണലില്‍‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേര്‍ത്ത് ചുമയ്ക്ക് ഉപയോഗിക്കാം.


Friday, March 31, 2017

മുരിങ്ങ




ഇല കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.ഇതിന്‍റെ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.
അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.
മൊറിൻഗേസീയേയ് എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒളൈഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻസംസ്ഥാനങ്ങളിൽവളരുന്നത്‌. വളരെ വേഗം വളരുന്ന, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്‍റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശസ്ഥലം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.11 നും 13 നും ലക്ഷം ടൺ കായയുമായി മുരിങ്ങ കൃഷിചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് ലോകത്തിൽ ഒന്നാമത്. 380 ചതുരശ്രകിലോമീറ്റർ സ്ഥലത്ത് ഇന്ത്യയിൽ മുരിങ്ങക്കൃഷി ചെയ്യുന്നുണ്ട്. വിസ്താരത്തിലും ഉൽപ്പാദനത്തിലും ഇന്ത്യയിൽത്തന്നെ ആന്ധ്രയാണ് മുന്നിൽ. തൊട്ടുപിന്നാലെ കർണ്ണാടകവുംതമിഴ്‌നാടും. ശ്രീലങ്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയടക്കം തമിഴ്‌നാട്ടിൽ പലതരം ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്.ഒഡിഷയിൽ വീട്ടുവളപ്പിലാണു പ്രധാന കൃഷി. കേരളത്തിലും തായ് ലാന്‍ഡിലും വേലിയായും വളർത്തുന്നു.
ഫിലിപ്പൈൻസിൽ ഇലകളാണ് പ്രധാനമായും ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. തായ്‌വാനിൽ പച്ചക്കറിയാവശ്യങ്ങള്‍ക്ക് വളർത്തുമ്പോൾ ഹൈയ്റ്റിയിൽ കാറ്റിനെ തടഞ്ഞ് മണ്ണൊലിപ്പിൽ നിന്നും രക്ഷപ്പെടാനാണ് മുരിങ്ങ വളർത്തുന്നത്.മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക, ആഫിക്ക, തെക്കുകിഴക്കേ ഏഷ്യ, ഓഷ്യാനിയയിലെ പലരാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം മുരിങ്ങ കാട്ടിലും, നട്ടുവളർത്തി നാട്ടിലും ഉണ്ടാവുന്നുണ്ട്.2010 -ലെ അവസ്ഥയിൽ അമേരിക്കയിൽ വിതരണം നടത്താനായി ഹവായിയിൽകൃഷി നടത്തുന്നത് അതിന്‍റെ പ്രാരംഭ ദശയിലേ ആയിട്ടുള്ളൂ.
ഇലകളാണ് മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗം. ഇതിൽ ധാരാളംവൈറ്റമിൻ ബി, വൈറ്റമിൻ സി, ബീറ്റ കരോട്ടിൻ രൂപത്തിൽ വൈറ്റമിൻ എ,വൈറ്റമിൻ കെ, മാംഗനീസ്, മാംസ്യംകൂടാതെ മറ്റു അവശ്യ പോഷകങ്ങൾഎന്നിവ അടങ്ങിയിരിക്കുന്നു.മറ്റു സാധാരണ ഭക്ഷണപദാർത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 100 ഗ്രാം പാകം ചെയ്ത മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ് കൂടുതൽ ആണെന്നു കാണാം. മുരിങ്ങയിലയിൽ കാൽസ്യം അടങ്ങിയിരിക്കുന്നത് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽ രൂപത്തിൽ ആണ്.ഇലകൾ ചീരയെപ്പോലെ കറിവച്ചു കഴിക്കാം, കൂടാതെ ഉണക്കിപ്പൊടിച്ച ഇലകൾ സൂപ്പും സോസും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.മൂപ്പെത്താത്ത മുരിങ്ങക്കായ തെക്കേ എഷ്യയിലെങ്ങും ഉപയോഗിക്കുന്നു. നല്ലവണ്ണം മാർദ്ദവമാവുന്ന വരെ വേവിച്ചാണ് ഇത് ഉപയോഗിക്കുന്നത്.തിളപ്പിച്ച് പാകം ചെയ്താൽപ്പോലും മുരിങ്ങക്കായിലെ വൈറ്റമിൻ സിയുടെ അളവ് താരതമ്യേന കൂടുതൽ തന്നെയായിരിക്കും (വേവിന്‍റെ അളവ് അനുസരിച്ച് വൈറ്റമിന്‍-സി-യുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും) മുരിങ്ങക്കായ ഭഷ്യനാരുകളുടെ അളവിനാലും പൊട്ടാസ്യം,മഗ്നീഷ്യം, മാംഗനീസ് എന്നിവയാലും സമ്പന്നമാണ്.
മൂപ്പെത്തിയവിത്തുകളിൽ നിന്നും 38-40%മുരിങ്ങയെണ്ണ എന്നപേരിൽ അറിയപ്പെടുന്ന ഭക്ഷ്യ എണ്ണ ലഭിക്കും. ഈ എണ്ണയിൽ വലിയ അളവിൽ ബെഹെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശുദ്ധീകരിച്ച എണ്ണ നിറവും മണവും ഇല്ലാത്തതും ആന്‍റിഓക്സിഡന്‍റ് ഗുണമുള്ളതുമാണ്. എണ്ണയുണ്ടാക്കിയശേഷം വരുന്ന അവശിഷ്ടം വളമായും വെള്ളം ശുദ്ധീകരിക്കാനായും ഉപയോഗിക്കുന്നു.മുരിങ്ങ എണ്ണ ജൈവ ഇന്ധനമായുംഉപയോഗിക്കാൻ ശേഷിയുള്ളതാണ്.വേര് ഉരിഞ്ഞെടുത്ത് ഭക്ഷണത്തിന് രുചിയും സ്വാദും കൂട്ടാനുള്ള സുഗന്ധദ്രവ്യംആയി ഉപയോഗിക്കുന്നുണ്ട്. വേരിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ ആണ് ഇതിനു കാരണം.അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണ് കഴുകുന്നത് ചെങ്കണ്ണ്‍ തുടങ്ങിയ നേത്ര രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

മുരിങ്ങയുടെ വേരില്‍നിന്നും തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്.മുരിങ്ങയുടെ ഔഷധപ്രയോഗങ്ങള്‍

മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.രണ്ടു ടീസ്പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ തിമിരരോഗബാധ അകറ്റാം.കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.

ഔഷധ ഗുണങ്ങളുടെ കലവറയാണ് മുരിങ്ങയില. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്, ഗ്രഹണി എന്നിവയ്ക്കെല്ലാം മുരിങ്ങ ഫലപ്രദമായ ഔഷധമായാണ് ആയുർവേദാചര്യന്മാർ മുരിങ്ങയെ കാണുന്നത്. മുരിങ്ങയുടെ വേര്, പൂവ്, തൊലി, ഇല, കായ എന്നിവയെല്ലാം ഔഷധ സമ്പുഷ്ടമാണ്. കാഴ്ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും മുരിങ്ങയില ഫലപ്രദമാണ്. രക്തസമ്മർദ്ധവും പ്രമേഹവും കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു. മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങ വേരിൻത്തൊലി കഷായം വച്ചു സേവിക്കുന്നത് ഉത്തമമാണ്. മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങിയല ഉപ്പുചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.

പനിക്കൂര്‍ക്ക:



ശിശുരോഗ സംഹാരിയാണ് പനിക്കൂർക്ക. ചെറിയ കുട്ടികൾക്ക് പനിവന്നാൽ പനിക്കൂർക്കയുടെ നീര് കൊടുത്താൽ മതി.
1.ചെറിയ കുട്ടികളിലെ കുറുകലിനും പനിക്കും പനികൂർക്കയിലനീര് മുലപ്പാലിൽ ചേർത്ത് കൊടുക്കാം.
2.പനിക്കൂർക്കയില വാട്ടിയ നീര് ഉച്ചിയിൽ തേച്ചുകുളിച്ചാൽ പനിയും ജലദോഷവും മാറും.
3.കുട്ടികൾക്ക് പനി വന്നാൽ പനി കൂർക്കയുടെ ഇലയും തണ്ടും തീയിൽ വാട്ടി കൈവള്ളയിൽ തിരുമ്മി നീര് നെറുകയിൽ ഒഴിക്കണം.വെള്ളം ചേർക്കരുത്.
4.പനിക്കൂര്‍ക്കയുടെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ പനി ശമിക്കുകയും ചെയ്യും.
5.ചുമ മാറാൻ പനികൂർക്കയില അല്പം ചൂടാക്കി നീര് എടുത്തു തേൻ ചേർത്ത് ദിവസം മൂന്നു നേരം വീതം മൂന്ന് ദിവസം നൽകുക.
6.ചെറുചൂടുവെള്ളത്തിൽ പനിക്കൂർക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്.
7.വിട്ടുമാറാത്ത ജലദോഷത്തിനു പനികൂർക്ക(ഇല) വാട്ടി പിഴിഞ്ഞെടുത്ത നീരിൽ രാസ്നാദി ചൂർണ്ണം ചാലിച്ചു നെറുകയിൽ ഇടുക.
8.പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ് കുടിക്കുന്നത് കൃമിശല്യം കുറയ്ക്കുകയും ചെയ്യും.
ജലദോഷം, കഫക്കെട്ട്, പുണ്ണ് എന്നിവക്ക് ഇതിന്‍റെ നീര് നല്ലതാണ്.
9.വലിയവർക്ക് പനിക്കൂർക്കയുടെ പത്ത് ഇല, നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.



ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ്പനിക്കൂർക്ക അഥവാ ഞവര.കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിന് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ, ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ നീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക വലിയ രാസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു.ലോകത്തിൽ പല ഭാഗത്തും ഈ ഔഷധസസ്യത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. പനിക്കൂർക്കയുടെ നീരു നല്ലൊരു ആന്‍റിബയോട്ടിക് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.