Showing posts with label ഐതീഹ്യങ്ങള്‍. Show all posts
Showing posts with label ഐതീഹ്യങ്ങള്‍. Show all posts

Wednesday, August 14, 2019

രക്ഷാബന്ധന്‍


എന്താണ് രക്ഷാബന്ധൻ? ചരിത്രത്തിലും ഐതിഹ്യങ്ങളിലും രക്ഷാബന്ധൻ കഥകൾ ഇങ്ങനെയൊക്കെയാണ്!!
🕉🕉🕉🕉🕉

സഹോദരി- സഹോദര ബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ചടങ്ങുകള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ പ്രത്യേകതയാണ്. എന്താണ് ഇതിനുകാരണം. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ചടങ്ങുകള്‍ ആചരിക്കുന്നത്. രാഖി എന്നപേരിലും ഇതറിയപ്പെടുന്നു. സഹോദരി, സഹോദരന്റെ കൈത്തണ്ടയില്‍ രാഖിച്ചരട് കെട്ടുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. സ്വന്തം സുരക്ഷക്കുളള വാഗ്ദാനമാണ് സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ ബന്ധിക്കുന്നത്.

രക്ഷാബന്ധൻ ചടങ്ങുകൾ
ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ വെയ്ക്കുന്നു. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം നെറ്റിത്തടത്തില്‍ സഹോദരി തിലകം ചാര്‍ത്തുന്നു. തുടര്‍ന്നാണ് കൈത്തണ്ടയില്‍ രാഖികെട്ടുക. സഹോദരി നല്‍കുന്ന മധുരപലഹാരങ്ങള്‍ ഇരുവരുംപങ്കിട്ടു കഴിക്കും. ആങ്ങളയുടെ ദീര്‍ഘായുസിനായി പെങ്ങള്‍ പ്രാര്‍ത്ഥിക്കും. ഈ കരുതലിനും സ്‌നേഹത്തിനും പകരമായി സഹോദരന്‍ സമ്മാനങ്ങള്‍ നല്‍കും.

സഹോദരിക്ക് ഏതുസാഹചര്യത്തിലും തുണയാകുമെന്ന വാഗ്ദാനവും സഹോദരന്‍ നല്‍കുന്നു. സഹോദരനോട് സ്‌നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു. ഉച്ചകഴിഞ്ഞുളള സമയമാണ് ചടങ്ങിന് ഏറ്റവും അനുയോജ്യം. അതല്ലെങ്കില്‍ സന്ധ്യാസമയം തിരഞ്ഞെടുക്കാം. അശുഭസമയം രാഖിചാര്‍ത്താന്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ പൗര്‍ണ്ണമിയുടെ ദിനത്തില്‍ രാവിലെ തന്നെ രക്ഷാബന്ധന്‍ചടങ്ങുകള്‍ നടത്തുക എന്നതാണ് പതിവ്.

രക്ഷാബന്ധൻ ചടങ്ങിന് പിന്നിൽ
രക്ഷാബന്ധന്‍ സമയത്ത് സ്വന്തം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകുക. ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഗൃഹവും ഭര്‍തൃഗൃഹവുമായി ബന്ധിപ്പിക്കുന്ന ആചാരപരമായ സ്ഥാനം കൂടിയാണ് സഹോദരനുണ്ടായിരുന്നത്. ഈ പ്രത്യേകതയാവാം സഹോദരി സഹോദരബന്ധത്തിലെ ആഴവും കരുതലും സ്‌നേഹവും സൂചിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങിനു പിന്നിലെ കാരണവും.

തെക്കെ ഇന്ത്യയില്‍ ബ്രാഹ്മണസമൂഹം പൂണൂല്‍ മാറുന്നത് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ്. ആവണിഅവിട്ടം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പും ബാര്‍ലിയും വിതക്കാനുളള ദിനം കൂടിയാണ് കാര്‍ഷികപ്രാധാന്യമുളള ഈ ദിവസം. പടിഞ്ഞാറേ ഇന്‍ഡ്യയില്‍ ദേവിപൂജക്ക് പ്രാധാന്യമുളള ദിവസമാണിത്. വിഷതരക് (വിഷനാശകം), പുണ്യപ്രദായക്, പാപ്‌നാശ് എന്ന പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

പുരാണങ്ങളിലെ രക്ഷാബന്ധൻ
പുരാണങ്ങളിലും ചരിത്രത്തിലും രക്ഷാബന്ധന്‍ ചടങ്ങുമായി ബന്ധപ്പെട്ട കഥകള്‍ കാണാനാവും. ബലിയും ലക്ഷ്മിയും- ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവ് പോയതോടെ ലക്ഷ്മിയും ബലിയുടെ രാജ്യത്തേക്ക് വേഷം മാറി വന്നു. ബലിയുടെ കൈത്തണ്ടയില്‍ ലക്ഷ്മി രാഖി കെട്ടി. പകരമായി തന്റെ ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞു. സഹോദരിതുല്യയായതിനാല്‍ ബലി ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ചു.
കൃഷ്ണനും ദ്രൗപതിയും- ശിശുപാലനുമായുളള യുദ്ധത്തില്‍ കൈത്തണ്ടമുറിഞ്ഞ കൃഷ്ണനെക്കണ്ട മാത്രയില്‍ തന്റെ ചേലത്തുമ്പുകൊണ്ട് മുറിവുകെട്ടിയ ദ്രൗപതിയുടെ കരുതലില്‍ മനംനിറഞ്ഞ കൃഷ്ണന്‍, സമയമെത്തുമ്പോള്‍ ഈ കടം വീട്ടുമെന്ന് വാക്കുനല്‍കി. കൗരവസഭയില്‍ വസ്ത്രാക്ഷേപസമയത്ത് ചേലനല്‍കി കൃഷ്ണന്‍ വാക്കുപാലിച്ചു.
വിശ്വാസങ്ങൾ ഇങ്ങനെ
യമനും യമുനയും- മരണദേവനായ യമന്റെ സഹോദരിയായ യമുന നദിയുമായും രാഖിചാര്‍ത്തല്‍ ചടങ്ങ് ബന്ധപ്പെട്ടുകിടക്കുന്നു. യമുനയുടെ സ്‌നേഹവും തനിക്കുവേണ്ടിയുളള പ്രാര്‍ത്ഥനയും യമന്റെ പ്രീതിക്കുപാത്രമായി. സഹോദരിയെ കാത്തുരക്ഷിക്കുന്ന സഹോദരന് മരണദേവനായ തന്റെ പീഡകള്‍ ഏല്‍ക്കില്ലെന്ന വാഗ്ദാനവും അദ്ധേഹം നല്‍കി.

ഇന്ദ്രനും ഇന്ദ്രാണിയും- അസുരന്മാരുമായുളള യുദ്ധത്തില്‍ പരാജയം അടുത്തെത്തിയപ്പോള്‍ പരിഹാരമായി ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ഉപദേശിച്ചത് ബൃഹസ്പതിയായരുന്നു. യുദ്ധത്തില്‍ ഇന്ദ്രന്‍ ജയിക്കുകയും ചെയ്തു
ചരിത്രത്തിലെ രക്ഷാബന്ധൻ
ചരിത്രത്തി ലും രാഖിയെ പരാമര്‍ശ്ശിക്കുന്ന കഥകള്‍ കാണാം. പോറസും അലക്‌സാണ്ടറും- പോറസുമായി അലക്‌സാ്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധം നടത്തിയപ്പാള്‍ പോറസിന്റെ ധീരതയില്‍ ഭയം തോന്നിയ അക്‌സാണ്ടറിന്റെ പത്‌നി റെക്‌സാന രാഖി പോറസിന് അയച്ചുകൊടുത്തു. പോറസ് അലക്‌സാണ്ടറെ പരിക്കേല്‍പ്പിക്കരുത് എന്ന ലക്ഷ്യമായിരുന്നു രാഖികൊടുത്തയച്ചതിനു പിന്നില്‍.

സഹോദരി തുല്യയായ സ്ത്രീയുടെ സുരക്ഷയാണ് രാഖിചടങ്ങിലൂടെ ഉറപ്പാക്കുന്നത്. യുദ്ധക്കളത്തില്‍ അലക്‌സാണ്ടറുമായി ഏറ്റുമുട്ടിയപ്പോള്‍ സ്വന്തം കൈത്തണ്ടയിലെ രാഖിച്ചരട് കണ്ടതോടെ അലക്‌സാണ്ടറെ മുറിവേല്‍പ്പിക്കുന്നതില്‍ നിന്നും പോറസ് പിന്‍മാറുകയായിരുന്നു.

Wednesday, October 25, 2017

സ്കന്ദ ഷഷ്ഠി മാഹാത്മ്യം




സുബ്രഹ്മണ്യപ്രീതിക്കായ്ഹൈന്ദവർ ആഘോഷിക്കുന്ന ഒരു പ്രധാന വ്രതമാണ്ഷഷ്ഠി വ്രതം. പുത്രനുണ്ടാകാൻ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു ധാരാളം പെർ കരുതുന്നു.[1]. അതിൽ പ്രാധാന്യമർഹിക്കുന്ന ഒരു ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠി .തുലാമാസത്തിലെ ഷഷ്ഠി ദിനത്തിലാണ് ഇതാഘോഷിക്കുന്നത്. പലയിടത്തും പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷ്ഷ്ഠീ വ്രതം.സുബ്രഹ്മണ്യൻശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം. അതുകൊണ്ടാണ് തുലാമാസത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നതും സ്കന്ദ ഷഷ്ഠിയായി ആചരിക്കുന്നതും. കേരളത്തിലെ ഒട്ടുമിക്യ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ നടക്കാറുണ്ട് . ഷഷ്ഠി വ്രതം നോക്കുകവഴി ദീർഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും ,കുഞ്ഞുങ്ങൾക്ക് ശ്രേയസ്സുണ്ടാകാനും, രോഗങ്ങൾ മാറാനും നല്ലതാണത്രേ.

മറ്റൊരു ഐതിഹ്യം

ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കിയ അപരിഹാര്യമായ അവിവേകത്തിന് പ്രായശ്ചിത്തമായി സ്കന്ദൻ ഭയങ്കര സർപ്പമായി പരിണമിച്ചു. തിരോധാനം ചെയ്തു. പുത്രനെ തിരികെ കിട്ടാനായി ശുക്ല ഷഷ്ഠീ വ്രതം ആചരിക്കാമെന്നും 'താരകബ്രഹമമായ തന്റെ പുത്രനെ ത്തന്നെ ഭജിക്കണമെന്നും ഭഗവാൻ പാർവ്വതീദേവിയെ ഉപദേശിച്ചു. അതനുസരിച്ച് പഞ്ചമി നാൾ ഒരിക്കൽ മാത്രം ഭക്ഷണം. രാത്രി വെറും നിലത്തു കിടന്ന് പിറ്റേന്ന് അതി രാവിലെ സ്നാനം കഴിച്ച് സുബ്രഹ്മണ്യപൂജ എന്നിവ കഴിച്ച് പാറണ. അപ്രകാരം സുബ്രഹ്മണ്യന്റെവൈരൂപ്യം മാറാനായി (സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തിൽ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടിയാണെന്നും പറയപ്പെടുന്നു) മാതാവായ പാർവ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്തെന്നും, അന്ന് ഭയങ്കര സർപ്പാകൃതിയിൽ ക്ണ്ടെന്നും ആ സർപ്പശ്രേഷ്ഠനെ മഹാവിഷ്ണു സ്പർശിച്ചപ്പോൾ സ്വരൂപത്തിൽ സുബ്രഹ്മണ്യൻ പ്രത്യക്ഷപ്പെട്ടു. വൃശ്ചികമാസത്തിൽ സുബ്രഹ്മണ്യംവച്ചാണത്രേ അങ്ങനെ മാറിയതെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് നാഗപ്രതിമവച്ച സുബ്രഹ്മണ്യപൂജ ചെയ്യുന്നത്. ഇതു കൂടാതെ താരകാസുരനെ നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവനായി ദേവന്മാർ വ്രതമെടുത്ത്പ്രത്യക്ഷപ്പെടുത്തിതായും സ്കന്ദപുരാണത്തിൽ പ്രതിപാദിക്കുന്നുണ്ട്. രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കിൽ അർക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുമ്പേ തുടങ്ങുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി എന്നും പറയപ്പെടുന്നു

വ്രതം ആചരിക്കുന്ന രീതി=തിരുത്തുക

ആറുദിവസത്തെ ആചാരമാണ് ഷഷ്ഠീ വ്രതം. പുലരും മുമ്പേ എണീറ്റ് കുളിച്ച് സുബ്രഹ്മണ്യ് പൂജചെയ്ത് ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്നു. ഊൺ പതിവില്ല. പാൽ, ജലം പഴം എന്നിവ ആകാം. തമിഴ് പാരമ്പര്യത്തിൽ ആറുദിവസവും സ്കന്ദഷഷ്ഠികവചം ചൊല്ലണം. ആറുദിവസവും ഒരിക്കലെങ്കിലും സുബ്രഹ്മണ്യദർശനം നടത്തണം


                 ©
                2017
         My God.com
A  Global Hindu Heritage Foundation

Friday, July 31, 2015

ശ്രീ കൃഷ്ണനെ ഏന്തുകൊണ്ട്‌ കള്ളകണ്ണാ ഏന്നു വിളിക്കുന്നു



ഭാഗവതം വായിച്ചിട്ടുള്ളവര്‍ക്ക് ഒരു കാര്യം മനസ്സിലാവും . ഭഗവാന്‍ തന്‍റെ അവതാരത്തില്‍ ഒരേ ഒരു വസ്തു മാത്രമെ മോഷ്ടിച്ചിട്ടുള്ളൂ അതാണ്‌ നവനീതം , അതായത് "വെണ്ണ" . എന്ത് കൊണ്ടു ഭഗവാന് വെണ്ണയോട് ഇത്ര പ്രിയം എന്ന് അധികം ആരും ചിന്തിച്ചിട്ടുണ്ടാവില്ല .

ക്ഷീരപൂരിതം ആണ് മനുഷ്യ ശരീരം. അമ്മയുടെ മുലപ്പാല്‍ ആണ് ഓരോ കുഞ്ഞിന്‍റെയും ശരീര വളര്‍ച്ചയ്ക്ക് അടിസ്ഥാനം .മഹാവിഷ്ണു ക്ഷീര സാഗരത്തില്‍ ശയിക്കുന്നതിനു പിന്നില്‍ ഉള്ള ശാസ്ത്രീയ തത്വവും ഇതു തന്നെ . അങ്ങനെ ഉള്ള ശരീരത്തെ വെറുതേ വച്ചിരുന്നാല്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ ബാഹ്യ മായയാല്‍ അത് കേടുവന്നു പോകും . എന്നാല്‍ അതില്‍ ഒരു തുള്ളി ഭക്തി രസം ആകുന്ന മോര് ചേര്‍ത്താല്‍ അത് ആത്മജ്ഞാന സുഖത്തിനാല്‍ കട്ട പിടിക്കുന്നു . അതിനെ അങ്ങനെ തന്നെ വയ്ക്കാതെ നിരന്തര സാധന (പ്രാര്‍ത്ഥന ) ആകുന്ന കടക്കോല്‍ കൊണ്ട് കടഞ്ഞാല്‍ അതില്‍ നിന്നു ആത്മാവ് ആകുന്ന വെണ്ണ പുറത്തു വരുന്നു.
ഇത്രയും ചെയ്‌താല്‍ ഭഗവാന്‍ വേറെ ആരുടെയും അനുവാദം കാത്തു നില്‍കാതെ അത് വന്നു മോഷ്ടിച്ച് തന്നില്‍ ലയിപ്പിക്കും. അതിനാലാണ് ഭഗവാന്‍ വെണ്ണക്കള്ളന്‍ ആയത്‌ .
ഇനി നമുക്കു ഒരു സംശയം തോന്നാം , ഭഗവാന്‍റെ സ്വന്തം സ്വരൂപം ആണ് ഏവരുടെയും ആത്മാവ് , അത് മോഷ്ടിക്കേണ്ട കാര്യം ഇല്ല എങ്കിലും മോഷണം എന്നതിന്‍റെ തത്വം എന്ത് ?

നമുക്കു ഒരു കല്യാണ വീട്ടിലേയ്ക്ക്‌ കടന്നു ചെല്ലാം. കല്യാണത്തിനു ആഭരണം എടുക്കാന്‍ ചുമതല ഉള്ള ഒരു പറ്റം സ്ത്രീജനങ്ങള്‍ പുതിയ ഫാഷനില്‍ കുറെ സ്വര്‍ണ ആഭരണങ്ങള്‍ വാങ്ങുന്നു. കല്യാണ തലേന്ന് നാട്ടുകാരുടെ മുന്‍പില്‍ പുതിയ ഫാഷന്‍ മാത്രം കാണിക്കുന്നു . വീട്ടിലെ ആരെങ്കിലും പഴയ ആഭരണങ്ങളെ ക്കുറിച്ച് ചോദിച്ചാല്‍ "അതൊക്കെ പഴയത് ആയില്ലേ .. അതൊക്കെ കാണിക്കാന്‍ കൊള്ളുമോ" എന്നൊക്കെ ചോദിക്കുന്നു.

എന്നാല്‍ അന്ന് രാത്രി അവിടെ ഒരു "കള്ളന്‍" കയറി എന്ന് വയ്ക്കുക . അവന് അത് പുതിയത് എന്നോ പഴയത് എന്നോ ? നിറം മങ്ങിയത് എന്നോ ? ഡിസൈന്‍ കൊള്ളില്ല എന്നോ ? വല്ലതും പറഞ്ഞു സ്വര്‍ണ്ണം വേണ്ട എന്ന് വയ്ക്കുമോ ? സ്വര്‍ണം ആണോ എന്ന് മാത്രം നോക്കി അതിന്‍റെ പുറം മോടി നോക്കാതെ അവന്‍ അത് മോഷ്ടിക്കുന്നു

അത് പോലെ തന്നെ .. ഓരോ ഭക്തന്റെയും ആത്മാവ് ആകുന്ന നവനീതം അവന്റെ ശരീരത്തിന്‍റെ പുറംമോടിയോ ,ധനമോ, ജാതിയോ , വര്‍ണ്ണമോ നോക്കാതെ മോഷ്ടിക്കുന്ന ജഗദീശ്വരനും ഭാഗവത സ്വരൂപിയും ആയ ഭഗവാനേ അങ്ങേക്ക് പ്രണാമം 

Tuesday, July 28, 2015

ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം


ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം. പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്നആനന്ദം പ്രതീകാത്മാകമായ ഒന്നാണ്. പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു

കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിമതം. അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. പൊങ്കാല നെവേദ്യം സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി പല അഭിപ്രായങ്ങളും ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്. തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്. 

പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്. സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്. അതുപോലെ സര്‍വ്വാഭിഷ്ടദായിനിയായ ആറ്റുകാലമ്മയുടെതിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ടിച്ച് അഭീഷ്ട സിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത് എന്ന പ്രതീകാത്മകമായ ഭാവം ഇതിനുണ്ട്. 


സര്‍വ്വശക്തയും സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വമംഗള മംഗല്യയുമായ ആറ്റുകാലമ്മയ്കᅤ് ഇത് തിരുവുത്സവവേള. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളി സദാകാരുണ്യാമൃതം പകരുന്ന ആറ്റുകാലമ്മ കലികാല രക്ഷകയാണ്. ഗണപതി, നാഗരാജാവ്, മാടന്‍ തന്പുരാന്‍ എന്നിവരാല്‍ പരിസേവിതയാണ് ആറ്റുകാല്‍ ഭഗവതി. കുംഭമാസത്തിലെ കാര്‍ത്തികയ്ക്ക് ഓലപ്പുര കെട്ടി "പച്ചപ്പന്തല്‍' എന്ന ഉത്സവം ആരംഭിക്കുന്നു. ഇതിന് പത്താം ദിവസം രാത്രി ഉത്രം നക്ഷത്രത്തില്‍ കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കുന്നു. മണക്കാട് ശാസ്താവ് ദേവിയുടെ സഹോദരനാണെന്നും വിശ്വാസമുണ്ട്. കുഴിക്കാട്ട് പോറ്റിയാണ് പ്രധാന താന്ത്രികള്‍. പഴയ കാലത്ത് 10 ഊരാളമാരായിരുന്നു ക്ഷേത്രം കൈയ്യാളിയിരുന്നത്. പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം. തിരുവനന്തപുരത്ത് കിഴക്കെക്കോട്ടയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്കാണ് ആറ്റുകാല്‍ ക്ഷേത്രം. ഇവിടെയുള്ള ദേവീവിഗ്രഹം ഒരു ദാരു ശില്പനിര്‍മ്മിതമാണ്. കുംഭത്തിലെ പൂരം നാളില്‍ ലക്ഷകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം നടക്കുന്നു. 

ആറ്റുകാല്‍ പൊങ്കാല


കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ ആറ്റുകാലില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല. പൂരം നാളിലാണു പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി കുടിയിരുത്തി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഒന്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒന്പതാം ദിവസമാണ്.

അന്നപൂര്‍ണ്ണയ്ക്ക് സമര്‍പ്പിതം പൊങ്കാല


പൊങ്കാല മഹോത്സവം അതിന്‍റെ സവിശേഷത കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. ലക്ഷക്കണക്കിന് സ്ത്രീകള്‍ നിറഞ്ഞ ഭക്തിയോടെയും ശ്രദ്ധയോടെയും പൊങ്കാലയിട്ട്, തോളോട് തോളുരുമി മുന്നില്‍ ദേവിക്ക് പരിദേവനങ്ങള്‍ സമര്‍പ്പിച്ച് അനുഗൃഹങ്ങള്‍ ഏറ്റ് വാങ്ങി, സംതൃപ്തിയോടെ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു. 

ഇതൊരു അപൂര്‍വ്വ കാഴ്ചയാണ്. ക്ഷേത്രത്തിന്‍റെ കിലോമീറ്റര്‍ കണക്കിന് ചുറ്റളവുകളില്‍ വരെ പൊങ്കാലയടുപ്പുണ്ടാകും. അന്ന് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല.ശര്‍ക്കരയും അരിയും പഴവും ചേര്‍ത്ത പൊങ്കാലപ്പായസമാണ് ദേവിക്ക് ഭക്തകള്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്നത്. കൂടാതെ മണ്ടപ്പുറ്റ്, വയണയിലയില്‍ അപ്പം തുടങ്ങിയതും അമ്മയ്ക്ക് പിയങ്കരമാണ്. രാവിലെ കുളിച്ച് ശുദ്ധമായി, ശുഭ്രവസ്ത്രധാരിണികളായി അടുപ്പു കൂട്ടുവാന്‍ വേണ്ട സാമഗ്രികളുമായി സ്ത്രീകള്‍ ക്ഷേത്ര നടയിലെത്തുന്നു. അന്പലത്തിന് വെളിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന് കത്തിക്കുന്ന അഗ്നിയില്‍ നിന്ന് പകര്‍ന്ന് പൊങ്കാലയടുപ്പുകള്‍ കത്തിക്കുന്നു . പൊങ്കാല വെന്തു കഴിയുന്പോള്‍ അത് ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. തീര്‍ത്ഥം തളിച്ച് ദേവി അത് സ്വീകരിക്കുന്നതോടെ, പൂര്‍ണ്ണതൃപ്തമായ മനസ്സോടെ സ്ത്രീകള്‍ വീടുകളിലേക്ക് തിരിക്കുന്നു.

ഉത്സവത്തിന്‍റെ മൂന്നാം ദിവസം 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ നടയില്‍ പള്ളിപ്പലകയില്‍ പണം വച്ച് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. ഒറ്റത്തോര്‍ത്തുടുത്ത്, കുട്ടികള്‍ ഓലക്കീറില്‍ കിടന്നുറങ്ങും. ഉത്സവത്തിന്‍റെ അവസാനദിവസം ഈ കുട്ടികളെ അലങ്കരിച്ച് വേഷമിട്ട് "ചൂരലൂത്തുക' എന്ന ചടങ്ങ് നടക്കുന്നു. എളിയില്‍ കെട്ടുന്ന ചൂരലിന്‍റെ അറ്റത്തുള്ള കൊളുത്ത് കൊണ്ട് ചോര വരുത്തുകയാണ് ചൂരലൂത്തല്‍. അവസാന ദിവസം ഗുരുസി നടക്കുന്നു. ഗുരുസി കഴിഞ്ഞാല്‍ അടുത്ത ദിവസം വൈകിമാത്രമേ നട തുറക്കുകയുള്ളു.

വിഷു എന്ത്? എന്തിനു? എങ്ങനെ ?

പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് .

സക്രാന്തികളില്‍ പ്രധാനം ആണ് മേട സംക്രാന്തി. മേട സംക്രാന്തി അത്യന്തം പുണ്യവും ആണ്.സൂര്യന്‍ ഒരു രാശിയില്‍ നിന്ന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ ആണ് സംക്രാന്തി എന്ന് പറയുന്നത് .സംക്രാന്തി പകല്‍ ആണെന്കില്‍ പിറ്റേ ദിവസം സംക്രമണ ദിനം ആയി ആചരിക്കുന്നു .വസന്ത കാല ഉസ്തവം ആണ് ,വസന്തകാലം ഋതുക്കളില്‍ വെച്ചു ഏറ്റവും ശ്രേഷ്ട്ടവും ആണ് .

കണിക്കൊന്ന ,വെള്ളരിക്ക ,നെല്ല് ,ഉണക്കല്ലരി ,വാല്‍ക്കണ്ണാടി ,വസ്ത്രം ,ചെമ്പക ,വെറ്റില ,അടയ്ക്ക ,പൂകുല ,ചക്ക , മാങ്ങാ ,നാളികേരം ,അരി, നെല്ല്,ദീപം ,നവധാന്യം തുടങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുനതാണ് കണി .വിഷുക്കണി പ്രക്ത്യാരാധാനയുടെ ഭാഗം ആണ് ,ഉരുളിയില്‍ കണി വസ്തുക്കള്‍ വെക്കും,ഇത് കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വര്ഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം .കണ്ണുകള്‍ ‍ അടച്ചു എണീറ്റ്‌ കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും ,ഇത് പ്രകൃതി മാതാവിനെ പൂജികുനതിനു തുല്യം ആണ് .

വീട്ടിലെ മുതിര്‍ന്ന സ്ത്രീ കണി ഒരുക്കി വെച്ചാണ് കിടക്കുക രാവിലെ എഴുനേറ്റു കണി കണ്ട ശേഷം അവര്‍ ഓരോരുത്തരെ വിളിച്ചു കണി കാണിക്കുന്നു .എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ കണി എടുത്തു നാല്‍ക്കാലികളെ പോലും കാണിക്കുന്നു .

കണിഒരുക്കല്‍, കൈനീട്ടം,പടക്കം ,സദ്യ ,ക്ഷേത്ര ദര്‍ശനം,വിഷു വിളക്ക് എന്നിങനെ പല ആചാരങ്ങള്‍ ഉണ്ട് .കാവുകളിലും ക്ഷേത്രങളിലും പണ്ട് മുതല്‍ ഉള്ള ആചാരം ആണ് വിഷു വിളക്ക് ,വിഷു ദിവസം വൈകീട്ട് ആണ് ഇത് ആചരിക്കുന്നത് .

ആശങ്കകള്‍ അകന്നു ശുഭാപ്തി വിശ്വാസത്തോടെ അടുത്ത വിഷു വരെ ജീവിക്കാന്‍ ജനങളെ മാനസികമായി പ്രാപ്തരാക്കുന്നു. വിഷു ഒരു കാര്‍ഷിക ഉത്സവം കൂടി ആണ്, അത് കൊണ്ട് തന്നെ ആവണം വിളവെടുപ്പിന്റെ പ്രതീകം ആയി വിളകളും കണി കാണുന്നത് .

മനുഷ്യ ജന്‍മത്തിലെ ആറ് പ്രധാന പടികള്‍............

ഹൈന്ദവ വിശ്വാസികള്‍ പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്‍മം പല കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍) അങ്ങനെയായിരുന്നല്ലോ. താന്‍ മറ്റുള്ളവരെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത് . അതായത് മനുഷ്യന്‍ അവനവന്റെ കര്‍ത്തവ്യങ്ങള്‍ അപ്പോഴപ്പോള്‍ ചെയ്തു തീര്‍ക്കേണ്ടത് ചെയ്തു തീര്‍ക്കത്തന്നെ വേണം.

മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

(1) മനുഷ്യ ജന്‍മം ആരംഭഘട്ടമാണ്‌ . പരമാത്മാവിന്റെ അംശമാണ്‌ ജീവാത്മാവ് . ജീവാത്മാവ് പഞ്ചഭൂതനിര്‍മ്മിതമായ (ഭൂമി ജലം, അഗ്നി, വായു, ആകാശം) ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു.

(2) രണ്ടാമത്തേത് ശൈശവ കാലമാണ്. അമ്മയുടെ മാറിലെ പാലാഴി നുകര്‍ന്നും, മാത്രുപിതൃ വാത്സല്യം അനുഭവിച്ചും, മാതാപിതാബന്ധുജനങ്ങളുടെ ലാളനചുംബനാദികള്‍ക്ക് പാത്രീഭവിച്ചും, മാതാപിതാ ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടം.

(3) മൂന്നാമത്തേത് യവ്വന കാലമാണ്. മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തില്‍ വളര്‍ന്ന് സജ്ജനങ്ങളുടെ സത്സംഗത്തില്‍ നിന്നും ലഭിക്കുന്ന ആത്മീയ ജ്ഞാനബോധം ഈശ്വരസാക്ഷാത്ക്കാരത്തിനു വഴി തെളിയിക്കുന്നു. മാതാപിതാക്കളോടു
ഗുരുവിനോടുമുള്ള കര്‍ത്തവ്യം ഇവിടെനിന്നും ആരംഭിക്കുന്നു.

(4) യവ്വനം കഴിഞ്ഞാല്‍ അടുത്തത്‌ ഗൃഹസ്ഥാശ്രമ മാര്‍ഗ്ഗമാണ്. കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും
അതോടോപ്പോം ഒരു അച്ഛന്റെ കര്ത്തവ്യവും ഇതില്‍കൂടി നി ര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്.

(5) ഈ നാലു 'പടികളും' കഴിഞ്ഞാല്‍ ഇനിയുള്ളതു ഈശ്വരസാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ്. അതിനുള്ളതാണു ഭക്തിമാര്‍ഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം (a vicious circle).. എന്ന് വച്ചാല്‍ കടലില്‍ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയില്‍ പതിച്ചു നദികളില്‍ കൂദിയൊഴുകി സമുദ്രത്തിലോട്ടു ചെന്ന് ചേരാന്‍ കാട്ടുന്ന പ്രക്രിയയെപ്പോലെയാണ് എന്ന് സാരം.

(6) ആറാമത്തെ പടിയാണ് മുക്തി. മരണത്തോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മചൈതന്യത്തില്‍ അഭയം പ്രാപിക്കുന്നു.അതുകൊണ്ടാണ് ശവശരീരത്തെ ആദ്യം 'ഭൂമി'യില്‍ മലര്‍ത്തിക്കിടത്തുന്നതും, 'ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, 'അഗ്നി'യില്‍ ദഹിപ്പിക്കുന്നതും, 'വായു'വില്‍ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് 'ആകാശ'ത്തോട്ടു പറന്നുയരുന്നതും.

ഈ ആറു പടികളും കടന്നാല്‍ മാത്രമെ മനുഷ്യ ജന്‍മ്മത്തിനു സാഫല്യമുണ്ടാകുകയുള്ളൂ. മുണ്ഢകൊപനിഷത്തില്‍ പറയുന്നു 'ജീവാത്മാവ് പരം ധാമില്‍ ലയിക്കുന്നു' എന്നാണ്. ആ പരം ധാം ആണ് പരമാത്മാവ്‌ എന്ന് വ്യക്തം.

കുണ്ഢലിനിയോഗത്തില്‍ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലില്‍ ആറു പൂരകങ്ങള്‍ ഉണ്ടന്നാണ്. അവയെ ഉണര്‍ത്തുമ്പോള്‍ ആത്മബോധം ഉണ്ടാകുകയും ഉണര്‍വ് സഹസ്രാരപത്മത്തിലെത്തുകയും അതോടെ ജീവന്‍മുക്തി ലഭിക്കുകയും ചെയ്യുന്നു.
ഇതിനെയാണ്
"പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ!"
എന്ന് വിശേഷിപ്പിക്കുന്നതും.

ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. 6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികള്‍ (ഇശ്ചാശക്തി, ക്രിയാശക്തി, ആജ്ഞാശക്തി) കൊണ്ട് വശം വദയാക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് "തത്ത്വമസി"യിലോട്ടാണ്.(ഞാന്‍ നീയും നീ ഞാനുമാണ് ). അതായത് "അയ്യപ്പന്‍ നിന്റകത്തും സ്വാമി (ഭക്തന്‍ ) എന്റകത്തും" എന്നാണു അര്‍ത്ഥം. . . .

Monday, July 20, 2015

നരകം - ഹൈന്ദവ വിശ്വാസങ്ങളില്‍

ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്.ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുൻട്. പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു.തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെറ്റ്ന്നും തർക്കമുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്.

വിഷ്ണുപുരാണത്തിലും നരകവർണ്ണനയുടെ അംശങ്ങൾ കാണാം. മഹാഭാരതത്തിൽ പാണ്ഡവർക്കു പോലും കുറച്ച് സമയത്തേക്ക് നരകപ്രവേശം ലഭിച്ചതായി പറയുന്നുണ്ട്.

ഇരുപത്തെട്ട് നരകങ്ങൾ

താമിസ്രം, അന്ധതാമിസ്രം, രൗരവം, മഹാരൗരവം, കുംഭീപാകം, കാലസൂത്രം, അസിഃപത്രം, സൂകരമുഖം, അന്ധകൂപം, കൃമിഭോജം സന്ദംശനവും, തപ്തമൂർത്തി, ശാല്‌മിനി, വജ്രകണ്ടകശാലി, വൈതരണി, പൂയോദകം, പ്രാണനിരോധകം, വിശസനം, ലാലഭക്ഷം, സാരമേയാശനം, അവീചി, അയഃപാനം, ക്ഷാരകർദ്ദമം, രക്ഷോഭക്ഷം, ശൂലപ്രോതം, ദന്ദശൂകം, വടാരോധം, പര്യാവർത്തനം, സൂചിമുഖം
--------------
താമിസ്രം

പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്
രൗരവം

ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ദനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. ഇവയിലും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

കുംഭീപാകം

പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

കാലസൂത്രം

പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിഒഎ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും

അസിഃപത്രം

സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യർക്കുള്ളതാണ് ഈ നരകം. ഈ നരകത്തിൽ തള്ളുന്ന പാപികളെ യമകിങ്കരന്മാർ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവർ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോൾ ഭടന്മാർ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്പിക്കും. അവർ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാൽ ഇതു തന്നെ ആവർത്തിക്കും

അന്ധകൂപം

കുംഭീപാകനരകത്തിൽ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവർക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാർ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റിൽ (കൂപം - കിണർ) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും.
സന്ദംശം

സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു

ശാല്‌മിനി

കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറുഞ്ഞും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളാൽ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിലിടുന്നു

പൂയോദകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

പ്രാണനിരോധകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാതനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.

ലാലഭക്ഷം

ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം.യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

അവീചി

കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

അയഃപാനം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുലിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.

ക്ഷാരകർദ്ദമം

സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതു പ്രകാരം വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി.

ശൂലപ്രോതം

വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും
ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയിൽനിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത്‌ . ചരാചര പ്രപഞ്ചത്തെ മുഴുവനും ഭരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചുള്ള സങ്കല്പംകൂടി ഈ ചിന്തയിൽ അന്തർഭവിച്ചിരിക്കുന്നു. അതിനാൽ ജീവിതകാലത്തു ജീവി ചെയ്യുന്ന പുണ്യകൃതികൾക്കു സമ്മാനവും പാപകൃത്യങ്ങൾക്കു ശിക്ഷയും മരണാനന്തരം അനുഭവിക്കേണ്ടിവരും എന്ന് മനുഷ്യൻ ചിന്തിച്ചതും സ്വാഭാവികമാണ്. പുണ്യാത്മാക്കൾ സ്വർഗത്തിലും പാപാത്മാക്കൾ നരകത്തിലും എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ആദ്യകാല മതചിന്തകളെല്ലാം വ്യത്യസ്ത രൂപങ്ങളിൽ ഈ സ്വർഗനരകസങ്കല്പങ്ങളെ അംഗീകരിക്കുന്നവയാണ്

പറയിപെറ്റ പന്തിരുകുലം

പിതാവ് : വരരുചി 

മാതാവ് : പഞ്ചമി 

മക്കള്‍

1. മേഴത്തോൾ അഗ്നിഹോത്രി
2. രജകന്‍
3. ഉളിയന്നൂര്‍ തച്ചന്‍
4. വള്ളോന്‍
5. വടുതലനായര്‍
6. കാരയ്ക്കല്‍ മാതാ
7. ഉപ്പുകൊറ്റന്‍
8. തിരുവരങ്കം പാണനാര്‍
9. നാറാണത്തുഭ്രാന്തന്‍
10. അകവൂര്‍ ചാത്തന്‍
11. പാക്കനാര്‍ ,
12. വായില്ലാക്കുന്നിലപ്പന്‍

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ
മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

കഥ

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ
സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.

നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ,
അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്ന് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ കൂട്ടുകാർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ
വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ
പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമഅർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ

“ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ”

എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.

അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.

യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.

ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്‌ പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌.

Friday, July 17, 2015

പത്ത് നാമങ്ങള്‍ ( അർജുനപ്പത്ത് )

പേടിസ്വപ്നം കണ്ടാലോ ,രാത്രികാല സഞ്ചാരത്തിനിടയില്‍ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാര്‍ കുട്ടികളോട് പറയുമായിരുന്നു "അര്‍ജുനന്റെ പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതി"യെന്ന് ..

പഞ്ചപാണ്ഡവരില്‍ മൂന്നാമനും വില്ലാളിവീരനും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടസഖാവുമായ അര്‍ജുനന്റെ പത്തുപേരുകള്‍ യഥാക്രമം..

1 : അര്‍ജ്ജുനന്‍
2 : ഫല്‍ഗുനന്‍
3 : പാര്‍ത്ഥന്‍
4: കിരീടി
5 : വിജയന്‍
6 : ശ്വേതാശ്വന്‍
7: ജിഷ്ണു
8 : ധനഞ്ജയന്‍
9: സവ്യസാചി
10: ബീഭത്സു

വെളുത്ത നിറമായതിനാല്‍ 'അര്‍ജ്ജുനന്‍' എന്നും ഫാല്‍ഗുനമാസത്തില്‍ ഫാല്‍ഗുനനക്ഷത്രത്തില്‍ (ഉത്രം) ജനിച്ചതിനാല്‍ 'ഫല്‍ഗുനന്‍ 'എന്നും പൃഥ (കുന്തി)യുടെ പുത്രനായതിനാല്‍ 'പാര്‍ത്ഥന്‍ ' എന്നും അസുരനാശം വരുത്തിയപ്പോള്‍ പിതാവായ ഇന്ദ്രന്‍ ദേവകിരീടം ശിരസ്സില്‍ അണിയിച്ചതിനാല്‍ 'കിരീടി 'എന്നും എപ്പോഴും വിജയം വരിക്കുന്നതിനാല്‍ 'വിജയന്‍ 'എന്നും വെള്ളകുതിരകളെ കെട്ടിയ രഥമുള്ളവനായതിനാല്‍ 'ശ്വേതാശ്വന്‍ 'എന്നും ഖാണ്ഡവദാഹത്തില്‍ ജിഷ്ണു (ഇന്ദ്രന്‍ )വിനെ ജയിച്ചതിനാല്‍ 'ജിഷ്ണു 'എന്നും അശ്വമേധയാഗത്തിന് ഉത്തരദിക്കില്‍നിന്നും ധാരാളം ധനം കൊണ്ടുവന്നതിനാല്‍ 'ധനഞ്ജയന്‍ 'എന്നും രണ്ടുകൈകള്‍കൊണ്ടും അസ്ത്രങ്ങള്‍ അയക്കുന്നതിനാല്‍ 'സവ്യസാചി ' എന്നും യുദ്ധത്തില്‍ ഭീകരനായതിനാല്‍ 'ബീഭത്സു'എന്നും അര്‍ജ്ജുനനു പേര് ലഭിച്ചു ...

അര്‍ജുനന്‍ ,ഫല്‍ഗുനന്‍, പാര്‍ഥന്‍, വിജയനും വിശ്രുതമായ പേര്‍ പിന്നെ കിരീടിയും ,ശ്വേതശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ബീഭത്സുവും സവ്യസാചിയും ഞാനെടോ. പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ നിത്യ ഭയങ്ങള്‍ അകന്നു പോം നിര്‍ണ്ണയം