Showing posts with label മഹാവിഷ്ണു. Show all posts
Showing posts with label മഹാവിഷ്ണു. Show all posts

Sunday, July 14, 2019

വിഷ്ണ്വഷ്ടകം

വിഷ്ണും വിശാലാരുണപദ്മനേത്രം
വിഭാന്തമീശാംബുജയോനിപൂജിതം
സനാതനം സന്മതിശോധിതം പരം
പുമാംസമാദ്യം സതതം പ്രപദ്യേ.     

കല്യാണദം കാമഫലപ്രദായകം
കാരുണ്യരൂപം കലികല്മഷഘ്നം
കലാനിധിം കാമതനൂജമാദ്യം
നമാമി ലക്ഷ്മീശമഹം മഹാന്തം.    

പീതാംബരം ഭൃംഗനിഭം പിതാമഹ-
പ്രമുഖ്യവന്ദ്യം ജഗദാദിദേവം
കിരീടകേയൂരമുഖൈഃ പ്രശോഭിതം
ശ്രീകേശവം സന്തതമാനതോƒസ്മി.

ഭുജംഗതല്പം ഭുവനൈകനാഥം
പുനഃ പുനഃ സ്വീകൃതകായമാദ്യം
പുരന്ദരാദ്യൈരപി വന്ദിതം സദാ
മുകുന്ദമത്യന്തമനോഹരം ഭജേ.   

ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം
ശയാനമാദ്യന്തവിഹീനമവ്യയം
സത്സേവിതം സാരസനാഭമുച്ചൈർ-
വിഘോഷിതം കേശിനിഷൂദനം ഭജേ.

ഭക്താർത്തിഹന്താരമഹർന്നിശം തം
മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം
ഭവഘ്നമാധാരമഹാശ്രയം പരം
പരാപരം പങ്കജലോചനം ഭജേ.    

നാരായണം ദാനവകാനനാനലം
നതപ്രിയം നാമവിഹീനമവ്യയം
ഹർത്തും ഭുവോ ഭാരമനന്തവിഗ്രഹം
സ്വസ്വീകൃതക്ഷ്മാവരമീഡിതോƒസ്മി.

നമോƒസ്തു തേ നാഥ! വരപ്രദായിൻ,
നമോƒസ്തു തേ കേശവ! കിങ്കരോƒസ്മി
നമോƒസ്തു തേ നാരദപൂജിതാംഘ്രേ
നമോ നമസ്ത്വച്ചരണം പ്രപദ്യേ.    

ഫലശ്രുതിഃ

വിഷ്ണ്വഷ്ടകമിദം പുണ്യം യഃ പഠേദ് ഭക്തിതോ നരഃ
സർവപാപവിനിർമുക്തോ വിഷ്ണുലോകം സ ഗച്ഛതി.

Thursday, May 25, 2017

ഭഗവദ് ഗീത ഒരു ആത്മീയ ശാസ്ത്രം

മാനസികമായി തളർന്ന അർജ്ജുനനുള്ള കൃഷ്ണോപദേശമാണ് ഭഗവത് ഗീത. ഒരു മനഃശാസ്ത്രജ്ഞൻ മനോരോഗിയെ വിദഗ്ദ്ധമായി ചികിത്സിക്കുന്ന രീതിയിലാണ്. കൃഷ്ണൻ ഇവിടെ വിഷയം കൈകാര്യം ചെയ്യുന്നത്. അർജ്ജുനനെ മാനസിക സംഘർഷത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ആദ്യം തന്നെ അർജ്ജുനന്റെ മാനസ്സികാവസ്ഥയെ ഉൾകൊള്ളുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് ആർദ്രതയോടെ സഹതാപംകാണിക്കുന്ന കൃഷ്ണൻ ഒരു രോഗിക്ക് എപ്പോഴും തന്നോട് അനുകമ്പ കാണിക്കുന്നവരിലാണ് വിശ്വാസവും ശ്രദ്ധയും ഉണ്ടാവുക എന്നു വ്യക്തമാക്കുന്നു. ഇന്ന് വൈദ്യശാസ്ത്രം ഏറെ വളർന്നെങ്കിലും രോഗിയെക്കുറിച്ച് ചിന്തിക്കാതെ രോഗത്തെ ചികിത്സിക്കാനാണ് പല ചികിത്സകരും ആവേശം കാണിക്കുന്നത്. രോഗിയോട് അനുകമ്പയും സഹതാപവും കാണിക്കാത്ത ഒരു ഡോക്ടർക്കും ചികിത്സ പൂർണമാകാൻ സാധിക്കുകയില്ല. കാരണം രോഗത്തിന്റെ എല്ലാ വേദനകളും ദുഃഖങ്ങളും ഇരിക്കുന്നത് മനസ്സിലാണ് എന്നതു തന്നെ. ആധുനിക വൈദ്യശാസ്ത്രത്തിനു പോലും ഉൾക്കാഴ്ച്ച പകരാൻ 5000 വർഷങ്ങൾക്കു മുമ്പുള്ള ഭാരതീയ സംസ്കാരത്തിന് സാധിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ നമ്മുടെ സംസ്കാരത്തിന്റെ മഹത്ത്വം എത്രയായിരിക്കും.

പിന്നിട് അർജ്ജുനന്റെ മഹത്ത്വം തനിക്ക് നല്ലതുപോലെ അറിയാം എന്ന രീതിയിൽ കൃഷ്ണൻ സ്നേഹത്തോടെ സസാരിക്കുന്നു. ഏതു വ്യക്തിക്കും നല്ലോരു ഭൂതകാലം ഉണ്ടെന്നും അതു അയാൾക്ക് അഭിമാനിക്കനും സ്വയം ആദരിക്കാനും യോഗ്യത നൽക്കുന്നതാണെന്നും ഓർമ്മിപ്പിച്ചാൽ, ആ വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള വ്യാകുലചിന്തകൾ നിറഞ്ഞ ചിന്തകൾ നിറഞ്ഞ മനസ്സിനെ ഭൂതകാലത്തിലെ നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. അപ്പോൾ ആ വ്യക്തിക്ക് തന്നെ കുറിച്ചുള്ള അപകർഷതാബോധത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കും. മനശാസ്ത്രത്തിന്റെ അത്ഭുതകരമായ ചികിത്സാരീതിയാണ് അർജ്ജുനനിൽ പ്രയോഗിക്കുന്നത്. ഭഗവാൻ കൃഷ്ണൻ പിന്നിട് അർജ്ജുനന് മന്തോപദേശം നൽക്കുന്നു. "ക്ഷുദ്രം ഹൃദയദൗർബല്യം തൃക്ത്വേത്തിഷ്ഠ് പരന്തപ". ഭഗവദ് ഗീതയിലെ മാനസീകോർജ്ജം നൽകുന്ന ശക്തിയുള്ള മന്ത്രമാണിത്. തന്നെ തളർത്തുന്ന മനസ്സിന്റെ ദൗബല്യങ്ങളെ വിട്ടുകൊണ്ട് അതിനെ കുറിച്ച് ചിന്തിക്കാതെ നല്ല കാര്യങ്ങൽ മാത്രം ചിന്തിക്കുവാനും അതിൽ മുഴുകുവാനും മനസ്സിനെ പ്രേരിപ്പിക്കുക." എന്നാണ്. പരസഹായം ഇല്ലാതെ മാനസ്സികമായി സ്വയം ഉയരാൻ സാധിച്ചാൽ പിന്നെ ജീവിത പരാജയം ഉണ്ടാകില്ല. ഭഗവദ്ഗീതയിൽ ഭഗവാൻ കൃഷ്ണൻ ഓരോരുത്തനും എങ്ങിനെയായാലാണ് ഉദാത്തമായ ജീവിത ശൈലിഉണ്ടാവുക എന്നു മനസ്സിലാക്കിത്തരുന്നു. അതിലെ തത്ത്വങ്ങൾ ഉൾക്കൊണ്ട് അത് ജീവിതത്തിന്റെ ഉന്നതിക്കായി ഉപയോഗപെടുത്തിയാൽ ജീവിച്ചിരിക്കുമ്പോൾ സമുന്നതമായമനസ്സിന്റെ ഉടമകളാവാൻ നമുക്ക് സാധിക്കും. അത്തരമൊരു അവസ്ഥയിൽ ദുഃഖത്തിനോ, ഭയത്തിനോ, സംശയത്തിനോ നമ്മേ സ്വാധീനിക്കാൻ കഴിയില്ല.

ഭഗവദ് ഗീതയിലെ സാംഖ്യയോഗത്തിലെ ശ്ലോകങ്ങൾ ശാസ്ത്രീയമായ ആത്മപഠനമാണ്. ഇതിൽ ഭഗവാൻ സ്നേഹത്തെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു. സ്വയം ജീവിതത്തെ അറിയുകയും തന്നെത്തന്നെ മാനസ്സികമായി ഉയർത്തുകയും മറ്റുള്ളവരെ ഉയരാൻ സഹായിക്കുകയും ചെയ്യുന്നതാണ് സ്നേഹം. ഏതു പരിതസ്ഥിതികളിലും അസ്വസ്ഥതകളിൽ നിന്ന് പുറത്തുകടക്കാൻ കഴിവുളോരു മനസ്സിനെ നാം വികസിപ്പിച്ചെടുക്കണം. കാരണം ജീവിത സുഖം മുഴുവനിരിക്കുന്നത് സ്വസ്ഥമായ മനസ്സിലാണ്. ഒരു മനുഷ്യനെ വിജയിപ്പിക്കാൻ വഴികാണിച്ചു അമൂല്യമായ ആത്മീയശാസ്ത്രം തന്നെയാണ് ഭഗവദ് ഗീതാ.

ശ്രീ വരാഹം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധത്തില്‍ 13 മുതല്‍18 & 19 അധ്യായങ്ങള്‍ കൂടി വരാഹാവതാരം വിശദമായി പ്രതിപാദിക്കുന്നു…..
ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരു നാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു.
(കശ്യപന് രണ്ടു പത്നിമാരായിരുന്നു –അദിതി എന്ന ഭാര്യയില്‍നിന്നും ദേവന്മാരും, ദിതി എന്ന ഭാര്യയില്‍നിന്നും അസുരന്മാരും ജനിക്കുന്നു എന്നാണ് പറയുന്നത്).
ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു.
(ഇവര്‍ വിഷ്ണുവിന്റെ ദ്വാരപാലകന്‍മാരായി ജയവിജയന്‍മാരുടെ ആദ്യത്തെ ജന്മമാണ്).
അപ്പോള്‍ അതും ചുരുക്കി പറയണമല്ലോ…
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു.
സനകാദികള്‍ അവരെ ശപിച്ചു.
ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു.
അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും…..
ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി.
ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും ചെയ്തു….
അങ്ങനെ ഭഗവാന്‍ ഹിരണ്യാക്ഷനെ അന്വേഷിച്ചു സമുദ്രതലത്തില്‍
എത്തി.
മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം
ശ്രീമന്നാരയണീയത്തില്‍ ദശകം 12 വരാഹാവതാരത്തെ വര്‍ണ്ണിക്കുന്നു..
വരാഹമൂര്‍ത്തിയായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാനെ സ്മരിച്ചുകൊള്ളുന്നു….
സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

Monday, August 22, 2016

മഹാവിഷ്ണു

ദേശകാല പരിധികളില്ലാതെ എല്ലാറ്റിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് വിഷ്ണു എന്ന് പറയുന്നത്. സത്താമാത്രവും സർവ്വത്രവ്യാപ്തവും ഇന്നപ്രകാരത്തിലുള്ളതെന്ന് നിർവചിക്കാൻ കഴിയാത്തതും അപരിച്ഛിന്നവുമായ ബ്രഹ്മം തന്നെയാകുന്നു വിഷ്ണു സ്വരൂപം. വിഷ്ണു ഭഗവാന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. സത്താ മാത്രനായ വിഷ്ണുഭഗവാനിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ് ഈ ജഗത്തെന്ന് തോന്നാമെങ്കിലും ജഗത്തിന്റെ എല്ലാ വശങ്ങളും വിഷ്ണുചൈതന്യത്താൽ മാത്രം നിരയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആർ എല്ലാറ്റിന്റെയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ് വാസുദേവശബ്ദം പറയപ്പെട്ടിരിക്കുന്നത്.
മഹാഭാരതം ശാന്തി പർവ്വത്തിൽ ഭഗവാൻ അർജ്ജുനനോട് പറഞ്ഞത് “ഹേ…പാർത്ഥാ! ഭൂമിയും ആകാശവും എന്നാൽ വ്യാപ്തമാണ്. എന്റെ അനന്തമായ വ്യാപ്തിയാൽ ഞാൻ വിഷ്ണു എന്ന് പറയപ്പെടുന്നു”.
ഈ പ്രപഞ്ചത്തിൽ കാണാവുന്നതും കേൾക്കാവുന്നതുമായി എന്തെല്ലാം ഉണ്ടോ അതിന്റെ ഉള്ളിലും പുറത്തും ഭഗവാൻ മഹാവിഷ്ണു വ്യാപിച്ചിരിക്കുന്നു എന്നാണ് ബൃഹത്തരായണോപനിഷിത്ത് പറഞ്ഞിരിക്കുന്നത്.
ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ വിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് വിഷ്ണു ഭഗവാൻ! ദേശകാലാവസ്ഥകളിൽ  വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി!
സ്വർണ്ണത്തിന് അഗ്നിയും രശ്മികൾക്ക് ആദിത്യനും എപ്രകാരം പതിയായിരിക്കുന്നുവോ അതുപോലെ സർവ്വലോകങ്ങൾക്കും പതിയായിരിക്കുന്നവനാണ് ശ്രീ ആദിനാരായാണനായ വിഷ്ണുഭഗവാൻ! ചരാചരാത്മകമായ ജഗത്തൊട്ടാകെ തന്നെ വിഷ്ണുമയമാക്കി തീർത്തവനും സർവ്വചരാചരങ്ങളിലും വിദ്യാവിദ്യാ സ്വരൂപേണയും കാര്യകാരണസ്വരൂപേണയും വർത്തിക്കുന്ന പരമപുരുഷനാണ് വിഷ്ണുഭഗവാൻ!
കാലദേശങ്ങളിൽ നിന്നും നാമരൂപങ്ങളിൽ നിന്നും ഗുണധർമ്മങ്ങളിൽ നിന്നും അതീതനും കേവലസ്വരൂപിയുമായ ശ്രീവാസുദേവനാകുന്നു പരമബ്രഹ്മം. അവ്യക്തമായ കാരണപ്രപഞ്ചത്തിനും വ്യക്തമായ കാര്യപ്രപഞ്ചത്തിനും മൂലസ്വരൂപം അല്ലെങ്കിൽ ആദികാരണമായിട്ടിരിക്കുന്നത് ഭഗവാൻ മാഹാവിഷ്ണു എന്ന പരബ്രഹ്മമാകുന്നു. നിർഗുണബ്രഹ്മമാണ് ഭഗവാന്റെ പരമമായ സ്വരൂപം. പുരുഷൻ, പ്രകൃതി അല്ലെങ്കിൽ പ്രധാനം, കാലം തുടങ്ങിയ അവ്യക്തങ്ങളായ ജഗത്കാരണ ശക്തികളെല്ലാം പരബ്രഹ്മസ്വരൂപിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ മാത്രമാണ്. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം.
സത്വമൂർത്തിയും ഹിരണ്യഗർഭനുമായ ശ്രീമഹാവിഷ്ണു ദശാവതാരങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സർവ്വാധാരനും സർവ്വസ്വരൂപിയുമാണ് വിഷ്ണു ഭഗവാൻ! സർവ്വത്ര വ്യാപ്തനും സർവ്വന്തര്യാമിയുമായ വിഷ്ണുഭഗവാൻ ചിലനേരങ്ങളിൽ കേവലം ലീലാമാത്രമായി ഓരോ സ്വരൂപത്തിലവതരിക്കും.
ആയിരം കോടി സൂര്യന്മാർ ഒന്നിച്ച് ഉദിച്ചാലെന്ന പോലെ ഉജ്ജ്വലമായ തേജോ പ്രസരം കൊണ്ട് ആകാശമണ്ഡലത്തെ മുഴുവൻ പ്രകാശമാനമാക്കിയും ശംഖ് ചക്രാദി ആയുധങ്ങൾ ധരിച്ചും പീതാംബരം, ഹാരം, വനമാല തുടങ്ങിയ എല്ലാ വൈഷ്ണവ ചിഹ്നങ്ങളേയും പ്രകാശിപ്പിച്ചുകൊണ്ടും സർവ്വാലങ്കാര ഭൂഷിതനായി, സർവ്വാംഗ സുന്ദരനായി ദിവ്യമായൊരു പ്രഭാമണ്ഡപത്തിന്റെ മദ്ധ്യത്തിൽ നിന്നു കൊണ്ട് മംഗളമൂർത്തിയായ ശ്രീനാരായണൻ ഭക്തകോടികളുടെ മനതാരിൽ കുടികൊള്ളുന്നു. കരുണാനിധിയും അന്തരാമിയും വൈകുണ്ഠനാഥനും പരമപുരുഷനും യജ്ഞസ്വരൂപനും ജഗന്നിയന്താവും മംഗളമൂർത്തിയായും ആദിമധ്യാവസാനങ്ങളോ, ഉൽപ്പത്തി സ്ഥിതിലയങ്ങളോ, ക്ഷയവൃദ്ധികളോ ഇല്ലാത്തവനും ഈ ജഗത്തിന് കാരണവും നിയന്താവുമാണ് ഭഗവാൻ മഹാവിഷ്ണു.
ഈ ജഗത്തിന്റെ മുഴുവൻ ശക്തിയും ചൈതന്യവും സത്തയുമാണ് ഭഗവാൻ മഹാവിഷ്ണു! കൗസ്തുഭ രത്നവും ശ്രീവത്സവും മാറിലാണിഞ്ഞ് കൈകളിൽ ഗദയും പാഞ്ചജന്യവും, ശാർങ്ഗചാപവും സുദർശനചക്രവും ഏന്തികാഴ്ച നൽകുന്നു ഭഗവാൻ!
ദൈവികതയുടെ രൂപം സർവ്വവ്യാപിയായ ഭഗവാൻ മഹാവിഷ്ണുവാകുന്നു. ശംഖ് ചക്രഗദാധാരിയായ മഹാപ്രഭുവിന്റെ ശംഖ് ആദിശബ്ദത്തിന്റെ അഥവാ വാക്കിന്റെയും ഗദശക്തിയുടേയും പ്രതാപത്തിന്റെയും പ്രതീകമാകുന്നു. സാളഗ്രാമം ഭഗവാൻ മഹാവിഷ്ണുവിന്റെ പ്രതീകമാണ്. പരമകല്യാണ മൂർത്തിയായ ഭഗവാൻ മഹാവിഷ്ണുവിൽ പ്രേമ ഭക്തി വളർന്നവൻ അമൃതസാഗരത്തിൽ നീന്തിക്കുളിക്കുന്നവനാണ്. അവന് ചളിക്കുണ്ടിലെ ദുർഗന്ധജലമാകുന്ന വിഷയഭോഗങ്ങളിൽ എങ്ങിനെ ഇച്ഛയുണ്ടാകുംഎന്നാണ് ശുകമഹർഷി ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നത്. ഈശ്വരാനുഗ്രഹം സ്വീകരിക്കേണ്ടവർ മാത്രമല്ല നമ്മൾ. അതിന് അവകാശമുള്ളവരുമാണ്. ഭക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഭഗവാനിലേക്ക് അടുക്കുവാനുള്ളശ്രേഷ്ഠമായ, ശരിയായ പാത ഭക്തി ഒന്നുമാത്രം.
ശ്രീവിഷ്ണു ഭഗവാനിൽ നിന്ന്
അന്യനായിട്ടൊരു ഈശ്വരനില്ല. ആശ്രിതവത്സലനായ ഭഗവാൻ ശ്രീനാരായണൻ തന്റെ പാദദാസരായ ഭക്തരെ സദാ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറ്റി വിടും. ഭഗവാൻ മഹാവിഷ്ണുധർമ്മ സംസ്ഥാപനത്തിനും ഭക്തരക്ഷക്കും വേണ്ടി കാലാകാലങ്ങളിൽ അവതാര രൂപം പുൽകാറുണ്ട്. കാര്യകാരണസ്വരൂപവും സാധന സാധ്യസ്വരൂപവുമായ ഈ ജഗത്ത് മുഴുവൻ വിഷ്ണുമയമാണ്. ഈ ജഗത്തിന്റെ ഊടും പാവും വിഷ്ണു ചൈതന്യം ഒന്നുമാത്രം.
ഞൊറിവച്ച പട്ടുടയാടയണിഞ്ഞ് ചുണ്ടിൽ തത്തികളിക്കുന്ന മന്ദഹാസവും പേറി, മൌലിയിൽ പീലി ചാർത്തി, രത്നങ്ങൾ പതിച്ച കനക കിരീടമണിഞ്ഞ്, കൈകാലുകളിൽ സ്വർണ്ണ വളകളും തളകളുമണിഞ്ഞ്, നെറ്റിത്തടത്തിൽ ഗോരോചനകുറിയിട്ട്, അഞ്ജന കണ്ണെഴുതി, വനമാല, രത്നമാല, കൗസ്തുഭമാല, തുളസിമാല തുടങ്ങിയ ഹാരങ്ങളുമണിഞ്ഞ്, ശംഖ് ചക്രഗദാപങ്കജ പ്രശോഭിതമായകരപങ്കേരുഹങ്ങളും, കൊണ്ടൽ കാർവർണ്ണനുമായി ഭഗവാൻ മഹാവിഷ്ണുവിന്റെ ദിവ്യചൈതന്യഭാസിതമായ രൂപസൗഭാഗ്യം മനസ്സിൽ പതിയുമ്പോൾ ഏതു വിഷ്ണുഭക്തനാണ് രോമാഞ്ചകുഞ്ചുകിതനാകാത്തത്.