Showing posts with label വിശേഷദിവസങ്ങള്‍. Show all posts
Showing posts with label വിശേഷദിവസങ്ങള്‍. Show all posts

Saturday, June 15, 2024

നിർജ്ജല ഏകാദശി 2024

 

ജൂണ്‍ 18, നിർജ്ജല ഏകാദശി; ഒരു വർഷം മുഴുവൻ ഫലം | വ്രതം എടുക്കേണ്ട രീതി, പ്രാധാന്യം, ഐതിഹ്യം


പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം. ഓരോ ഏകാദശിക്കും വ്യത്യസ്ത ഫലങ്ങളാണ് ഉള്ളത്. മിഥുന മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് നിർജ്ജല ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഇത്തവണത്തെ നിർജ്ജല ഏകാദശി ജൂണ്‍ 18 ചൊവ്വാഴ്ചയാണ്.


വര്‍ഷത്തിലെ 24 ഏകാദശികളില്‍ വച്ച് ഏറ്റവും കഠിനമായ ഏകാദശി വ്രതമായാണ് നിര്‍ജ്ജല ഏകാദശി വ്രതത്തെ കണക്കാക്കുന്നത്. ജലപാനം പോലുമില്ലാതെ ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വര്‍ഷം മുഴുവന്‍ ഏകാദശി അനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഈ ഏകാദശിവ്രതമെടുക്കുന്നതുമൂലം ദീര്‍ഘായുസും കൈവല്യപ്രാപ്തിയുമുണ്ടാകുമെന്നാണ് വിശ്വാസം.

തികഞ്ഞ ഭക്തിയോടെ മനസില്‍ ഈശ്വര നാമം ജപിച്ചുകൊണ്ടുവേണം ഈ ദിവസം മുഴുവന്‍ കഴിച്ചുകൂട്ടാന്‍. ഈ വ്രതാനുഷ്ഠാനത്തിനു ശേഷം ദ്വാദശിയിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്നാനം, വിഷ്ണുപൂജ, കഴിവിനനുസരിച്ചുള്ള ദാനം, അന്നദാനം എന്നിവ ചെയ്യണം.


ഐതിഹ്യം

ഭീമന്‍ ഒരിക്കല്‍ വ്യാസ ഭഗവാനോട് ഏകാദശിയനുഷ്ഠാനവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലുണ്ടായ ഒരുകാര്യം പറഞ്ഞു. തന്റെ സഹോദരങ്ങളും ദ്രൗപതിയും അമ്മയുമെല്ലാം ഏകാദശിവ്രതം അനുഷ്ഠിക്കാറുണ്ട്. തന്നോടും ഈ വ്രതമെടുക്കാന്‍ പറഞ്ഞുവെന്നും എന്നാല്‍, തനിക്ക് വിശപ്പു സഹിക്കാന്‍ കഴിയാത്തതിനാല്‍ അതിന് സാധിക്കുന്നില്ലെന്നും ദാനം ചെയ്യുകയും ഭഗവാന് അര്‍ച്ചന നടത്തുകയും ചെയ്യാമെന്നും നിരാഹാരം അനുഷ്ഠിക്കാതെ എങ്ങനെ വ്രതമെടുക്കാമെന്നു പറഞ്ഞുതരണമെന്നും വ്യാസനോട് ഭീമന്‍ ആവശ്യപ്പെട്ടു.


അതിന് മറുപടിയായി വ്യാസന്‍ പറഞ്ഞത്, നരകത്തെ വെറുക്കുകയും സ്വര്‍ഗത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ രണ്ട് ഏകാദശിവ്രതങ്ങളെടുക്കാനാണ്. അതിന് മറുപടിയായി ഭീമന്‍ പറഞ്ഞത്, ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ട് തനിക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ഏതൊരു വ്രതം കൊണ്ടുമാത്രം തനിക്ക് മംഗളം ഭവിക്കുമെന്ന് പറഞ്ഞുതരണമെന്നുമാണ്. അതിന് മറുപടിയായി വ്യാസഭഗവാന്‍ പറഞ്ഞത്: മിഥുന മാസത്തിലെ ഏകാദശി വ്രതം അനുഷ്ഠിക്കാനാണ്. കുളിക്കുന്നതിലൂടെയും ആചമനം ചെയ്യുന്നതിലൂടെയും മാത്രം ജലം സ്വീകരിക്കുക. മറ്റ് ആഹാരങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കണം. ജീവിതകാലം മുഴുവന്‍ ഈ വ്രതം അനുഷ്ഠിച്ചാല്‍ സകല ഏകാദശി ദിവസങ്ങളിലും ആഹാരം കഴിച്ച പാപവും ഇല്ലാതാകുമെന്നും വ്യാസന്‍ പറഞ്ഞു.


വ്യാസന്റെ ഉപദേശം സ്വീകരിച്ച ഭീമന്‍ ജലപാനമില്ലാതെ വ്രതം അനുഷ്ഠിക്കുകയും ദ്വാദശി ദിവസം പുലര്‍ച്ചെ ബോധരഹിതനാവുകയും ചെയ്തു. തുടര്‍ന്ന് പാണ്ഡവര്‍ ഗംഗാജലവും തുളസീതീര്‍ഥവും കൊടുത്ത് അദ്ദേഹത്തിന്റെ ബോധക്കേട് മാറ്റിയെന്നുമാണ് ഐതിഹ്യം. നിർജ്ജല ഏകാദശിപോലുള്ള വ്രതങ്ങളെടുക്കുമ്പോള്‍ ആരോഗ്യസ്ഥിതികൂടി ശ്രദ്ധിക്കേണ്ടതാണ്.


ഏകാദശി വ്രതമെടുക്കുന്നവർ

ഏകാദശി നോൽക്കുന്നവർ തലേദിവസം ഒരിക്കൽ എടുത്ത് വ്രതം ആരംഭിക്കണം. അന്ന് നിലത്ത് കിടന്നുറങ്ങണം. ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഭഗവത് നാമങ്ങൾ ജപിക്കണം. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയവ വായിക്കുന്നത് ഉത്തമമാണ്. അതിനു കഴിയാത്തവർ ‘ഓം നമോ ഭഗവതേ വാസുദേവായ’എന്ന മന്ത്രമോ ‘ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ എന്ന മന്ത്രമോ ജപിക്കാം. മഹാവിഷ്ണുവിന്റെ അഷ്ടോത്തരം കേൾക്കുന്നതും ജപിക്കുന്നതും നല്ലതാണ്. ഈ ദിവസം കഴിയുന്നത്ര ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും വിഷ്ണു ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുക.


ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.


രാവിലെ വ്രതം അവസാനിപ്പിക്കണം. രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്.


ഏകാദശി വ്രതമെടുക്കാൻ കഴിയാത്തവർ

ഏകാദശി വ്രതം നോൽക്കാൻ കഴിയാത്തവർ വിഷ്ണു മന്ത്രങ്ങൾ ജപിക്കുന്നതും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നതും പുണ്ണ്യമായി കണക്കാക്കുന്നു. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാട് നടത്തുന്നത് ഐശ്വര്യപ്രദമാണ്.


എല്ലാ പാപങ്ങളും നശിക്കാൻ മോക്ഷദാതാവായ ഗുരുവായൂരപ്പന്‍റെ അനുഗ്രഹമുണ്ടാകാൻ ദിനം മുഴുവൻ നാമ ജപത്തോടെ കഴിയുക. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, കുടുംബ സ്വസ്ഥത, മന:ശാന്തി, ആയുരാരോഗ്യം, സമ്പത്തും കീര്‍ത്തിയും, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ അനുഭവിക്കുന്നതിന് ഇടയാക്കും. ജീവിതാന്ത്യത്തിൽ മോക്ഷവും ലഭിക്കും.


ഏകാദശിദിവസം ചെയ്യേണ്ട വഴിപാടുകളും ഫലങ്ങളും

പുരുഷ സൂക്താര്‍ച്ചന – ഇഷ്ട സന്താന ലബ്ധി

ഭാഗ്യ സൂക്താര്‍ച്ചന – ഭാഗ്യസിദ്ധി, ധനാഭിവൃദ്ധി

ആയുര്‍ സൂക്താര്‍ച്ചന – ആയുര്‍വർദ്ധന, രോഗമുക്തി

വെണ്ണനിവേദ്യം – ബുദ്ധിവികാസത്തിന്

പാൽപായസ നിവേദ്യം – ധനധാന്യ വർധന

പാലഭിഷേകം – കോപശമനം, കുടുംബസുഖം

സന്താനഗോപാലാർച്ചന – സത്സന്താന ലാഭം

സഹസ്രനാമ അര്‍ച്ചന – ഐശ്വര്യം , മംഗളസിദ്ധി

നെയ് വിളക്ക്നേ – ത്രരോഗശമനം, അഭിഷ്ടസിദ്ധി

സുദർശനഹോമം – രോഗശാന്തി

Thursday, August 22, 2019

അഷ്ടമിരോഹിണി വ്രതം, അനുഷ്ഠിക്കേണ്ടതെങ്ങനെ


ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി . ഈ ദിനത്തിൽ  വ്രതം അനുഷ്ഠിക്കുന്നവരുടെ ആഗ്രഹങ്ങൾ  ഭഗവാന്‍ സാധിച്ചു തരും എന്നാണ് വിശ്വാസം .


വ്രതാനുഷ്ഠാനം ഇങ്ങനെ

അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കാം . അത്താഴത്തിനു ധാന്യ ഭക്ഷണങ്ങൾ ഒഴിവാക്കി പഴമോ പാലോ കഴിക്കാം . പിറ്റേന്ന് ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഒരിക്കലോടെയോ  ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ടോ വ്രതം അനുഷ്ഠിക്കാം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. ('ഓം നമോ നാരായണായ' എന്ന അഷ്‌ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷര മന്ത്രവുമാണ്   മൂലമന്ത്രങ്ങള്‍).

ദിനം മുഴുവൻ ഭഗവൽ സ്മരണയിൽ കഴിച്ചു കൂട്ടുക. സാധിക്കുമെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുക. പാൽപ്പായസം വഴിപാടാണ് ഇതിൽ ശ്രേഷ്ഠം. ഉണ്ണിയപ്പം , വെണ്ണ നിവേദ്യം എന്നിവയും പ്രധാനമാണ്.
ഭഗവാന്റെ അവതാര സമയം അർധരാത്രിയായതിനാൽ ആ സമയം വരെ ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ് . 

അഷ്ടമിരോഹിണി ദിനത്തിൽ ഭാഗവതം പാരായണം ചെയ്യുന്നതും ഭക്തിയോടെ ശ്രവിക്കുന്നതും ജന്മാന്തര പാപങ്ങൾ അകറ്റുമെന്നാണ് വിശ്വാസം. വിഷ്ണു സഹസ്രനാമം , ഹരിനാമകീർത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ  പാരായണം ചെയ്യുന്നതും നന്ന്. അഷ്ടഗോപാല മന്ത്രങ്ങൾ ഓരോന്നും നാല്പത്തൊന്നു തവണ ജപിക്കുന്നത് സദ്‌ഫലം നൽകും. പിറ്റേന്ന് കുളിച്ചു തുളസി വെള്ളമോ ക്ഷേത്ര ദർശനം നടത്തി തീർഥമോ സേവിച്ച് വ്രതം അവസാനിപ്പിക്കാം.

*ലോക സമസ്ത സുഖിനോ ഭവന്തു*
ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയാ മ്ര്യത്യോർമാഅമ്രതംഗമയ ഓം ശാന്തി: ശാന്തി:

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ പേജില്‍ വരൂ ഞങ്ങളുടെ കൂടെ... പകര്‍ന്ന് തരാം അറിവുകൾ

 subscribe our
Youtube channel

https://m.youtube.com/c/SreeNandhanam

https://www.youtube.com/channel/UC5pw-2dijUxZ9VVssqSKSew

മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന്‌ +918281081924 (whatsapp only) എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും  അയക്കുക
( നിബന്തനകൾക്കു വിധേയം  )

Wednesday, August 14, 2019

രക്ഷാബന്ധന്‍


എന്താണ് രക്ഷാബന്ധൻ? ചരിത്രത്തിലും ഐതിഹ്യങ്ങളിലും രക്ഷാബന്ധൻ കഥകൾ ഇങ്ങനെയൊക്കെയാണ്!!
🕉🕉🕉🕉🕉

സഹോദരി- സഹോദര ബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ചടങ്ങുകള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ പ്രത്യേകതയാണ്. എന്താണ് ഇതിനുകാരണം. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ചടങ്ങുകള്‍ ആചരിക്കുന്നത്. രാഖി എന്നപേരിലും ഇതറിയപ്പെടുന്നു. സഹോദരി, സഹോദരന്റെ കൈത്തണ്ടയില്‍ രാഖിച്ചരട് കെട്ടുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. സ്വന്തം സുരക്ഷക്കുളള വാഗ്ദാനമാണ് സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ ബന്ധിക്കുന്നത്.

രക്ഷാബന്ധൻ ചടങ്ങുകൾ
ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ വെയ്ക്കുന്നു. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം നെറ്റിത്തടത്തില്‍ സഹോദരി തിലകം ചാര്‍ത്തുന്നു. തുടര്‍ന്നാണ് കൈത്തണ്ടയില്‍ രാഖികെട്ടുക. സഹോദരി നല്‍കുന്ന മധുരപലഹാരങ്ങള്‍ ഇരുവരുംപങ്കിട്ടു കഴിക്കും. ആങ്ങളയുടെ ദീര്‍ഘായുസിനായി പെങ്ങള്‍ പ്രാര്‍ത്ഥിക്കും. ഈ കരുതലിനും സ്‌നേഹത്തിനും പകരമായി സഹോദരന്‍ സമ്മാനങ്ങള്‍ നല്‍കും.

സഹോദരിക്ക് ഏതുസാഹചര്യത്തിലും തുണയാകുമെന്ന വാഗ്ദാനവും സഹോദരന്‍ നല്‍കുന്നു. സഹോദരനോട് സ്‌നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു. ഉച്ചകഴിഞ്ഞുളള സമയമാണ് ചടങ്ങിന് ഏറ്റവും അനുയോജ്യം. അതല്ലെങ്കില്‍ സന്ധ്യാസമയം തിരഞ്ഞെടുക്കാം. അശുഭസമയം രാഖിചാര്‍ത്താന്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ പൗര്‍ണ്ണമിയുടെ ദിനത്തില്‍ രാവിലെ തന്നെ രക്ഷാബന്ധന്‍ചടങ്ങുകള്‍ നടത്തുക എന്നതാണ് പതിവ്.

രക്ഷാബന്ധൻ ചടങ്ങിന് പിന്നിൽ
രക്ഷാബന്ധന്‍ സമയത്ത് സ്വന്തം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകുക. ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഗൃഹവും ഭര്‍തൃഗൃഹവുമായി ബന്ധിപ്പിക്കുന്ന ആചാരപരമായ സ്ഥാനം കൂടിയാണ് സഹോദരനുണ്ടായിരുന്നത്. ഈ പ്രത്യേകതയാവാം സഹോദരി സഹോദരബന്ധത്തിലെ ആഴവും കരുതലും സ്‌നേഹവും സൂചിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങിനു പിന്നിലെ കാരണവും.

തെക്കെ ഇന്ത്യയില്‍ ബ്രാഹ്മണസമൂഹം പൂണൂല്‍ മാറുന്നത് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ്. ആവണിഅവിട്ടം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പും ബാര്‍ലിയും വിതക്കാനുളള ദിനം കൂടിയാണ് കാര്‍ഷികപ്രാധാന്യമുളള ഈ ദിവസം. പടിഞ്ഞാറേ ഇന്‍ഡ്യയില്‍ ദേവിപൂജക്ക് പ്രാധാന്യമുളള ദിവസമാണിത്. വിഷതരക് (വിഷനാശകം), പുണ്യപ്രദായക്, പാപ്‌നാശ് എന്ന പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

പുരാണങ്ങളിലെ രക്ഷാബന്ധൻ
പുരാണങ്ങളിലും ചരിത്രത്തിലും രക്ഷാബന്ധന്‍ ചടങ്ങുമായി ബന്ധപ്പെട്ട കഥകള്‍ കാണാനാവും. ബലിയും ലക്ഷ്മിയും- ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവ് പോയതോടെ ലക്ഷ്മിയും ബലിയുടെ രാജ്യത്തേക്ക് വേഷം മാറി വന്നു. ബലിയുടെ കൈത്തണ്ടയില്‍ ലക്ഷ്മി രാഖി കെട്ടി. പകരമായി തന്റെ ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞു. സഹോദരിതുല്യയായതിനാല്‍ ബലി ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ചു.
കൃഷ്ണനും ദ്രൗപതിയും- ശിശുപാലനുമായുളള യുദ്ധത്തില്‍ കൈത്തണ്ടമുറിഞ്ഞ കൃഷ്ണനെക്കണ്ട മാത്രയില്‍ തന്റെ ചേലത്തുമ്പുകൊണ്ട് മുറിവുകെട്ടിയ ദ്രൗപതിയുടെ കരുതലില്‍ മനംനിറഞ്ഞ കൃഷ്ണന്‍, സമയമെത്തുമ്പോള്‍ ഈ കടം വീട്ടുമെന്ന് വാക്കുനല്‍കി. കൗരവസഭയില്‍ വസ്ത്രാക്ഷേപസമയത്ത് ചേലനല്‍കി കൃഷ്ണന്‍ വാക്കുപാലിച്ചു.
വിശ്വാസങ്ങൾ ഇങ്ങനെ
യമനും യമുനയും- മരണദേവനായ യമന്റെ സഹോദരിയായ യമുന നദിയുമായും രാഖിചാര്‍ത്തല്‍ ചടങ്ങ് ബന്ധപ്പെട്ടുകിടക്കുന്നു. യമുനയുടെ സ്‌നേഹവും തനിക്കുവേണ്ടിയുളള പ്രാര്‍ത്ഥനയും യമന്റെ പ്രീതിക്കുപാത്രമായി. സഹോദരിയെ കാത്തുരക്ഷിക്കുന്ന സഹോദരന് മരണദേവനായ തന്റെ പീഡകള്‍ ഏല്‍ക്കില്ലെന്ന വാഗ്ദാനവും അദ്ധേഹം നല്‍കി.

ഇന്ദ്രനും ഇന്ദ്രാണിയും- അസുരന്മാരുമായുളള യുദ്ധത്തില്‍ പരാജയം അടുത്തെത്തിയപ്പോള്‍ പരിഹാരമായി ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ഉപദേശിച്ചത് ബൃഹസ്പതിയായരുന്നു. യുദ്ധത്തില്‍ ഇന്ദ്രന്‍ ജയിക്കുകയും ചെയ്തു
ചരിത്രത്തിലെ രക്ഷാബന്ധൻ
ചരിത്രത്തി ലും രാഖിയെ പരാമര്‍ശ്ശിക്കുന്ന കഥകള്‍ കാണാം. പോറസും അലക്‌സാണ്ടറും- പോറസുമായി അലക്‌സാ്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധം നടത്തിയപ്പാള്‍ പോറസിന്റെ ധീരതയില്‍ ഭയം തോന്നിയ അക്‌സാണ്ടറിന്റെ പത്‌നി റെക്‌സാന രാഖി പോറസിന് അയച്ചുകൊടുത്തു. പോറസ് അലക്‌സാണ്ടറെ പരിക്കേല്‍പ്പിക്കരുത് എന്ന ലക്ഷ്യമായിരുന്നു രാഖികൊടുത്തയച്ചതിനു പിന്നില്‍.

സഹോദരി തുല്യയായ സ്ത്രീയുടെ സുരക്ഷയാണ് രാഖിചടങ്ങിലൂടെ ഉറപ്പാക്കുന്നത്. യുദ്ധക്കളത്തില്‍ അലക്‌സാണ്ടറുമായി ഏറ്റുമുട്ടിയപ്പോള്‍ സ്വന്തം കൈത്തണ്ടയിലെ രാഖിച്ചരട് കണ്ടതോടെ അലക്‌സാണ്ടറെ മുറിവേല്‍പ്പിക്കുന്നതില്‍ നിന്നും പോറസ് പിന്‍മാറുകയായിരുന്നു.

പൗർണമിവ്രതം



ഓരോ മാസത്തിലേയും പൗർണമി (വെളുത്തവാവ് ) ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം .
ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് പൗർണ്ണമി വ്രതം. പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്ന വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കും. നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം ,ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം, ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം .മാതൃരൂപിണിയാണ് ദേവി .മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. മാതൃ സ്നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു പൗർണമി ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്. ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്.

പൗർണ്ണമീവ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക്‌ നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണമി ദിവസം ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമം.

ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ചിങ്ങം മാസത്തിലെ പൗർണമിവ്രതം കുടുംബഐക്യത്തിനും കന്നിയിലെ സമ്പത്ത് വർദ്ധനയ്ക്കും തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികത്തിലെ വ്രതം സത്കീർത്തിയും ധനുമാസത്തിലെ വ്രതം  ആരോഗ്യവർദ്ധനയ്ക്കും കുംഭമാസത്തിലെ വ്രതം ദുരിതനാശത്തിനും മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടമാസത്തിലെ വ്രതം ധാന്യവർദ്ധനയും ഇടമാസത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനമാസത്തിലെ വ്രതം പുത്രഭാഗ്യത്തിനും കർക്കിടകമാസത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും കാരണമാവുന്നു.

ദീർഘ മംഗല്യത്തിനുള്ള മന്ത്രം

ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേഹി സൗഭാഗ്യം

മഹ്യം തുഭ്യം നമോനമ:

ദേവിയെ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം

യാ ദേവി സര്‍വ ഭൂതേഷു

മാതൃരൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

ഓം ആയുര്‍ദേഹി ധനംദേഹി

വിദ്യാംദേഹി മഹേശ്വരി

സമസ്തമഖിലം ദേഹി

ദേഹിമേപരമേശ്വരി.

ഭദ്രകാളീ സ്തുതി

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ

കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

ലളിതാസഹസ്രനാമ ധ്യാനം

ഓംസിന്ദൂരാരുണവിഗ്രഹാം ത്രിനയനാംമാണിക്യമൗലി സ്ഫുരത്-

താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.



ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം

സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

ദേവി സ്തുതി

ഓം സർവ്വ ചൈതന്യരൂപാംതാം  ആദ്യാം ദേവീ ച ധീമഹി

ബുദ്ധിം യാനഹ: പ്രചോദയാത്



കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ

സംസാര സാഗരേ മഗ്നം  മാമുദ്ധര  കൃപാമയി



ബ്രഹ്മ വിഷ്ണു ശിവാരാധ്യേ  പ്രസീത ജഗദംബികേ

മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ



സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ

ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "



സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ

ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ



ജ്വാലാകരാളമത്യുഗ്രം  അശേഷാസുരസൂധനം

ത്രിശൂലം പാദുനോ ദേവീ  ഭദ്രകാളീ നമോസ്തുതേ

Monday, August 12, 2019

വാരദേവതകള്‍, തിഥിദേവതകള്‍, നക്ഷത്രദേവതകള്‍

വാരദേവതകള്‍:-
ഞായറാഴ്‌ചയുടെ അധിപന്‍ ശിവനാണ്‌.
തിങ്കളാഴ്‌ചയുടെ ദേവത ദുര്‍ഗ്ഗയും.
ചൊവ്വാഴ്‌ചയ്‌ക്ക് സുബ്രഹ്‌മണ്യനും,
ബുധനാഴ്‌ചയ്‌ക്ക് വിഷ്‌ണുവും,
വ്യാഴാഴ്‌ചയ്‌ക്ക് ബ്രഹ്‌മവും,
വെള്ളിയാഴ്‌ചയ്‌ക്ക് ലക്ഷ്‌മിയും,
ശനിയാഴ്‌ചയ്‌ക്ക് വൈശ്രവണനും ദേവതമാരാണ്‌.
തിഥിദേവതകള്‍:-
ശുക്ലപക്ഷത്തിലും (വെളുത്തപക്ഷം) കൃഷ്‌ണപക്ഷത്തിലും (കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശി വരെയുള്ള പതിന്നാലു തിഥികള്‍ക്കും ഉളള ദേവതമാരെ പറയുന്നു:
പ്രതിപദം- അഗ്നി
ദ്വിതീയ- ബ്രഹ്‌മാവ്‌
തൃതീയ-പാര്‍വ്വതി
ചതുര്‍ത്ഥി- ഗണപതി
പഞ്ചമി-സര്‍പ്പം
ഷഷ്‌ഠി- സുബ്രഹമണ്യന്‍
സപ്‌തമി- സൂര്യന്‍
അഷ്‌ടമി-ശിവന്‍
നവമി-ദുര്‍ഗ്ഗ
ദശമി- യമന്‍
ഏകാദശി-വിശ്വദേവകള്‍
ദ്വാദശി- വിഷ്‌ണു
ത്രയോദശി- ഇന്ദ്രാണി
ചതുര്‍ദ്ദശി- ഭദ്രകാളി
പൗര്‍ണ്ണമിക്ക്‌-ചന്ദ്രനും, അമാവാസിക്ക്‌ പിതൃക്കളും ദേവതമാരാണ്‌.
നക്ഷത്രദേവതകള്‍:-
അശ്വതി- അശ്വനിദേവത
ഭരണി- യമന്‍
കാര്‍ത്തിക- അഗ്നി
രോഹിണി- ബ്രഹ്‌മാവ്‌
മകയിരം- ചന്ദ്രന്‍
തിരുവാതിര- ശിവന്‍
പുണര്‍തം- അദിതി
പൂയം- ബൃഹസ്‌പതി
ആയില്യം- സര്‍പ്പം
മകം- പിതൃക്കള്‍
പൂരം- ആര്യമാ
ഉത്രം- ഭഗന്‍
ചിത്തിര- ത്വഷ്‌ടാവ്‌
ചോതി- വായു
വിശാഖം- ഇന്ദ്രാഗ്നി
അനിഴം- മിത്രന്‍
തൃക്കേട്ട- ഇന്ദ്രന്‍
മൂലം- നിര്യതി
പൂരാടം- ജലം
ഉത്രാടം- വിശ്വദേവകള്‍
തിരുവോണം- വിഷ്‌ണു
അവിട്ടം- വസുക്കള്‍
ചതയം- വരുണന്‍
പൂരൂരുട്ടാതി- അജൈകപാത്‌
അത്തം- ആദിത്യന്‍
ഉത്രട്ടാതി- അഹിര്‍ബുദ്ധ്‌നി
രേവതി- പൂഷാവ്‌
ഇങ്ങനെ 27 നക്ഷത്രങ്ങള്‍ക്കും ദേവതമാരെ കല്‌പിച്ചിരിക്കുന്നു. ഓരോ നാളുകാരും അവരവരുടെ ലഗ്ന-വാര-തിഥി-നക്ഷത്രദേവതകളെ ഭക്‌തിപൂര്‍വം ആരാധിക്കുന്നത്‌ കാര്യസാധ്യത്തിനും ആയുരാരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്‌.
ഇഷ്‌ടകാര്യസാധ്യത്തിന്‌
ഓരോരുത്തരും അവര്‍ ജനിച്ച നക്ഷത്രത്തിലും അതിന്റെ അനുജന്മ നക്ഷത്രങ്ങളിലും അവയുടെ 2, 4, 6, 8, 9 നക്ഷത്രങ്ങളിലും പുലര്‍ച്ചെ സൂര്യോദയത്തിനു മുമ്പായി (വെളുപ്പിന്‌ കിളികള്‍ ഉണര്‍ന്നു ചിലയ്‌ക്കുന്ന സമയം) തങ്ങളുടെ ഇഷ്‌ടദേവതയെ വിളിച്ചു പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന തുടങ്ങും മുമ്പ്‌ കുളിച്ചു ശുദ്ധമായിട്ടോ, കാലും മുഖവും കഴുകി ശുദ്ധജലം മൂന്നുപ്രാവശ്യം ദേഹത്തു തളിച്ചിട്ടോ, മൂന്നുരൂപ നാണയം കൈയിലെടുത്ത്‌ ഇഷ്‌ടകാര്യം പറഞ്ഞു പ്രാര്‍ത്ഥിച്ചിട്ട്‌ ശരീരമാകെ (ശിരസ്‌ മുതല്‍ കാലിന്റെ തള്ളവിരല്‍ വരെ) മൂന്നുപ്രാവശ്യം ഉഴിഞ്ഞ്‌ നാണയം സൂക്ഷിച്ചുവയ്‌ക്കുക.
പിറ്റേദിവസം നിശ്‌ചിതസമയം പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതെങ്കിലും ഒരു നാണയം (50 പൈസ, 1 രൂപ. അതില്‍ കൂടുതലുമാകാം) എടുത്തു പ്രാര്‍ത്ഥിച്ച്‌ ആദ്യദിവസത്തെ മൂന്നു രൂപയോടു ചേര്‍ത്തുവയ്‌ക്കുക. ഇങ്ങനെ 108 ദിവസം മുടങ്ങാതെ ചെയ്യുക. ഏതെങ്കിലും കാരണവശാല്‍ മുടങ്ങാനിടയായാല്‍ വീണ്ടും ഒന്നു മുതല്‍ തുടങ്ങിക്കൊള്ളുക. ഫലപ്രാപ്‌തി നിശ്‌ചയം.

Monday, July 15, 2019

ഗുരുപൂർണിമ

ഇന്ന് ഗുരുപൂർണിമ : (ജൂലായ് 15) 

''അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമ''

ഇന്ന് ഗുരുപൂര്‍ണിമ. അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു . ഗുരു സങ്കല്‍പ്പം ഒട്ടെല്ലാ രാജ്യങ്ങളിലും പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ സങ്കല്‍പ്പങ്ങളും രീതികളും മാറി മറിഞ്ഞിട്ടും കാലാതിവര്‍ത്തിയായി ഭാരത സംസ്കാരം നിലനില്‍ക്കുന്നതിനു പിന്നില്‍ ഗുരു സങ്കല്‍പ്പത്തിന്റെ ഉത്കൃഷ്ഠത ഒന്നുകൊണ്ടുമാത്രമാണ്. ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ഇന്ന് നിലവില്‍ ലോകത്തില്ല. ഉണ്ടെങ്കില്‍ അതെല്ലാം മതപരമായ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നിക്കുന്ന മത മാര്‍ഗ ദര്‍ശികള്‍ മാത്രമാണ്.

ഭാരതസംസ്ക്കാരത്തിന്റെ ആധാര ശിലകളായ വേദങ്ങളും ഉപനിഷത്തുക്കളും, പുരാണങ്ങളും, സ്മൃതികളും ഗുരുസങ്കല്‍പ്പത്തിന്റെ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു. ഈ ഗുരുസങ്കല്‍പ്പത്തിനു മുന്നില്‍ സമസ്തവും സമര്‍പ്പിക്കപ്പെടുന്ന പുണ്യ ദിനമാണ് ഗുരുപൂര്‍ണിമ. ഗുരുവെന്ന മഹത്തായ സങ്കല്പത്തിന് സ്ഥായീഭാവം നൽകുന്ന  ഗുരുപൂർണിമ ആഷാഢ മാസത്തിലെ പൗർണമി ദിനത്തിലാണ് ആഘോഷിക്കപ്പെടുന്നത് . അജ്ഞാനാന്ധകാരത്തിൽ പെട്ട് സത്യവും മിഥ്യയും തിരിച്ചറിയാതെ പോകുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കുന്നയാളാണ് ഭാരതത്തിന്റെ ഗുരുസങ്കല്പം.


മനുഷ്യന് യഥാർത്ഥ ജ്ഞാനം പ്രദാനം  ചെയ്ത്  അവന് ജീവിതത്തിൽ മുന്നോട്ടു പോകാനും മരണതത്വത്തെ മനസ്സിലാക്കി നിർഭയനായി ഭൗതിക ശരീരത്തെ ത്യജിക്കാൻ  പ്രാപ്തനാക്കുകയും ചെയ്യുന്ന പ്രേരണാസ്രോതസാണ് ഗുരു. അതുകൊണ്ട് കൂടിയാണ് ത്രിമൂർത്തികളുടെ സമാഹൃത രൂപമായി ഗുരുവിനെ ഭാരതീയർ കരുതുന്നതും .അതിനാല്‍ ഭാരതീയര്‍ ഇങ്ങനെ വാഴ്ത്തിപ്പാടി

ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ

ഗുരുപൂർണിമ  വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തിദിനമായും വ്യാസൻ വേദങ്ങളെ നാലായി വ്യസിച്ച ദിനമായും കരുതപ്പെടുന്നുണ്ട് . ലോകത്തുള്ളതെല്ലാം വ്യാസനാൽ വിരചിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഭാരതീയ വിശ്വാസം.  പരാശര മഹർഷിയുടേയും സത്യവതിയുടേയും പുത്രനായ കൃഷ്ണദ്വൈപായനൻ വേദങ്ങളെ വ്യസിച്ച് വേദവ്യാസനായി വിശ്വഗുരുസ്ഥാനത്തേക്കുയർന്നു. വ്യാസമഹർഷിയുമായി ബന്ധപ്പെട്ടുള്ള ആഘോഷമായതു കൊണ്ട് ഗുരുപൂർണിമ വ്യാസപൂർണിമ എന്നും അറിയപ്പെടുന്നുണ്ട്.

Monday, June 24, 2019

ഓരോ ദിവസവും ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്‍പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും ഉപാസനയും ഈ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് അനുഷ്ഠിച്ചുവരുന്നത്
ഞായര്‍
സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായര്‍. സംസ്‌കൃതത്തിലും ഹിന്ദിയിലും ഞായര്‍ ‘രവിവാര’മാണ്. ‘രവി’ എന്നാല്‍ ‘സൂര്യന്‍’ എന്നര്‍ഥം. കാലത്തിന്റെ കര്‍മസാക്ഷിയായ സൂര്യഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക്സംബന്ധമായ രോഗങ്ങളില്‍നിന്നു മുക്തി നേടാനാകുമെന്നാണ് വിശ്വാസം.
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും സൂര്യനെ പ്രാര്‍ഥിക്കുന്നതു നല്ലതാണ്. ആഗ്രഹസാഫല്യമാണ് സൂര്യഭഗവാന്‍ നല്‍കുന്ന അനുഗ്രഹം. ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടത്. നെറ്റിയില്‍ രക്തചന്ദനക്കുറി അണിയുന്നതും നല്ലതാണ്.
തിങ്കള്‍
ശിവഭജനത്തിനു തിങ്കളാഴ്ച ഉത്തമം. ഉഗ്രകോപിയാണെന്നാണ് പൊതുവേ കഥകള്‍ പറയുന്നതെങ്കിലും ക്ഷിപ്രപ്രസാദി കൂടിയാണ് ഭഗവാന്‍ ശിവന്‍. മംഗല്യവതികളല്ലാത്ത പെണ്‍കുട്ടികള്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കാന്‍ ശിവനെ പ്രാര്‍ഥിക്കാറുണ്ട്. വിവാഹിതര്‍ ദീര്‍ഘമാംഗല്യത്തിനു വേണ്ടിയും മഹാദേവനെ പ്രാര്‍ഥിക്കുകയും തിങ്കളാഴ്ച വ്രതം നോല്‍ക്കുകയും ചെയ്യുന്നു. ബുദ്ധിവളര്‍ച്ചയ്ക്കും ആഗ്രഹസാഫല്യത്തിനും തിങ്കളാഴ്ച ഭജനം ഉത്തമം.
ചൊവ്വ
ഗണപതി, ദുര്‍ഗ്ഗ, ഭദ്രകാളി, ഹനുമാന്‍ എന്നീ ദേവതകളെ ഉപാസിക്കാന്‍ ഉത്തമമായ ദിവസമാണ് ചൊവ്വ. വിശേഷിച്ചും, ഹനുമാനെ. പ്രശ്നകാരകനായ ചൊവ്വയെ ഭജിക്കുന്നതുവഴി ദോഷഫലങ്ങള്‍ കുറയ്ക്കാനാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ചുവപ്പാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്ന നിറം.
ചൊവ്വാഴ്ച ഹനുമാനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും ചില പ്രദേശങ്ങളില്‍ മുരുകനെയും ഭജിക്കുന്നു. ദമ്പതികള്‍ സല്‍സന്താനലബ്ധിക്കുവേണ്ടിയും കുടുംബൈശ്വര്യത്തിനു വേണ്ടിയുമാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ജാതകപ്രകാരം ചൊവ്വാദോഷമുള്ളവര്‍ക്ക് ആപത്തുകള്‍ കുറയ്ക്കാനും ചൊവ്വാവ്രതം സഹായിക്കുന്നു.
ബുധന്‍
ശ്രീകൃഷ്ണനാണ് ബുധനാഴ്ചയിലെ ഉപാസനാമൂര്‍ത്തി. ഉത്തരേന്ത്യയില്‍ ബുധനാഴ്ച ശ്രീകൃഷ്ണാംശമുള്ള വിത്തലമൂര്‍ത്തിയെ ആരാധിക്കുന്നു. ചിലയിടങ്ങളില്‍ മഹാവിഷ്ണുവിനെയും ആരാധിക്കുന്നുണ്ട്. സമാധാനപൂര്‍ണമായ കുടുംബജീവിതമാണ് ബുധനാഴ്ചയിലെ ശ്രീകൃഷ്ണോപാസനയുടെ ഫലം. പച്ചനിറമാണ് ഈ ദിവസത്തെ കുറിക്കുന്നത്.
വ്യാഴം
മഹാവിഷ്ണുവിനും ദേവഗുരു ബൃഹസ്പതിക്കും വേണ്ടിയാണ് വ്യാഴാഴ്ചകളിലെ ഉപാസന. മഞ്ഞപുഷ്പങ്ങളും ഫലങ്ങളുമാണ് അന്ന് അര്‍പ്പിക്കേണ്ടത്. ധനാഗമവും സന്തോഷകരമായ ജീവിതവുമാണ് വ്യാഴാഴ്ച വ്രതത്തിന്റെ ഫലം. വ്യാഴാഴ്ച മഹാവിഷ്ണു വേഷപ്രച്ഛന്നനായി ഭക്തരുടെ സമക്ഷം എത്താറുണ്ടെന്നാണ് വിശ്വാസം. ചിലയിടങ്ങളില്‍, ദേവഗുരു ബൃഹസ്പതി ഭക്തരെ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനെത്തുന്നെന്നാണ് വിശ്വാസം. ദേവഗുരുവിനെ ഭജിക്കേണ്ട ദിവസം എന്ന നിലയിലാവാം വ്യാഴാഴ്ചയ്ക്കു ഗുരുവാരം എന്നു പേരുവന്നത്.
വെള്ളി
അമ്മദേവതകള്‍ക്കു പ്രാധാന്യം നല്‍കുന്ന ദിവസമാണ് വെള്ളി. വെള്ളിയാഴ്ചകളില്‍ ദേവീക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെളുത്ത പുഷ്പങ്ങളാണ് വെള്ളിയാഴ്ച ദേവിക്കു സമര്‍പ്പിക്കാന്‍ ഉത്തമം. അന്ന് ഭദ്രകാളിയെയും ദുര്‍ഗ്ഗയെയും ഭജിക്കുന്നത് നല്ലതാണ്. തടസങ്ങള്‍ നീക്കാനും സന്താനലബ്ധിക്കും സന്തോഷകരമായ കുടുംബജീവിതത്തിനും വെള്ളിയാഴ്ചകളില്‍ ദേവിയെ ഭജിക്കുന്നത് ഉത്തമം. ഐശ്വര്യവും സമ്പത്തും നല്‍കുന്ന ശുക്രനും വെള്ളിയാഴ്ച പ്രധാനമാണ്. ജ്യോതിഷപ്രകാരം ശുക്രന്‍ സമ്പത്ത് പ്രദാനം ചെയ്യുന്ന ഘടകമാണ്. ‘തലയില്‍ ശുക്രനുദിക്കുക’ എന്നൊരു ചൊല്ലു തന്നെയുണ്ട്.
ശനി
വിശ്വാസികള്‍ ഏറെ ഭയത്തോടെ വീക്ഷിക്കുന്ന ഗ്രഹമാണ് ശനി. നമ്മെ കുഴപ്പങ്ങളില്‍ചാടിക്കുകയും ധാരാളം ചീത്ത അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നയാളായാണ് ശനി കരുതപ്പെടുന്നത്. ശനിദോഷങ്ങള്‍ അകലാന്‍ ശനിയെയും ശനിയുടെ അധിപനായ ശാസ്താവിനെയും ഭജിക്കുന്നത് ഉത്തമം. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ടും ശനിദോഷങ്ങളില്‍നിന്നു മോചനം നേടാന്‍ സാധിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. രാവണന്റെ പിടിയില്‍നിന്ന് ഒരിക്കല്‍ ശനിയെ ഹനുമാന്‍ മോചിപ്പിച്ചിട്ടുണ്ട്. ഹനുമാന്‍ സ്വാമിയുടെ ഭക്തരെ ദ്രോഹിക്കില്ലെന്ന് അന്ന് ശനി ഹനുമാനു വാക്കു നല്‍കിയിരുന്നതായി രാമായണം പറയുന്നു. അതുകൊണ്ട് ശനിയാഴ്ച ഹനുമാനെ ഭജിക്കുന്നതും ഉത്തമമാണ്. കറുപ്പുനിറമാണ് ശനിയാഴ്ചയെ കുറിക്കുന്നത്.

Sunday, May 5, 2019

എന്താണ് അക്ഷയ തൃത്രീയ? എങ്ങനെ ആചരിക്കും

എന്താണ് അക്ഷയ തൃത്രീയ? എങ്ങനെ ആചരിക്കും
🕉🕉🕉🕉🕉


ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ ത്രിതീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ത്രിതീയയാണ് അക്ഷയത്രിതീയ

ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതിവരുന്നു. ഈ വർഷം മേയ് ഏഴിനാണ് അക്ഷയ ത്രിതിയ ആചരിക്കുന്നത്.

അക്ഷയ തൃതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നാണ് കരുതുന്നത്. ഈ ദിനത്തിൽ മുഹൂര്‍ത്തം നോക്കാതെ ഏതു പ്രവര്‍ത്തികള്‍ക്കും തുടക്കം കുറിക്കാം. ഹൈന്ദവ വിശ്വാസ പ്രകാരം ഭഗീരഥമുനിയുടെ തപസ്സിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നു ഭൂമിയിൽ എത്തിയ ദിനമാണ് അക്ഷയതൃതീയ.

അക്ഷയ തൃതീയ ദിവസം എങ്ങനെയാണ് ആചരിക്കേണ്ടത് ?
അക്ഷയതൃതീയ എന്ന പുണ്യ ദിനത്തിൽ പുണ്യ കര്‍മ്മങ്ങള്‍ നടത്തുക. ദാന ധർമ്മങ്ങൾ നടത്തുക പിതൃതർപ്പണം ചെയ്യുക,പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക, പൂജ, ജപം എന്നിവയ നടത്തുക. അന്ന് ചെയ്യുന്ന കർമ്മങ്ങൾ നശിക്കാത്തവയാണെന്നാണ് വിഷ്ണു പുരാണവും നാരദ ധർമ്മസൂത്രവും വ്യക്തമാക്കുന്നത്.

വിശന്നുവലഞ്ഞുവരുന്നവര്‍ക്ക്‌ ആഹാരം കൊടുക്കുക, ദാഹജലവും ആതപത്രവും നല്‍കുക, വസ്ത്രദാനം ചെയ്യുക, അതിഥികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അക്ഷയ തൃതീയയില്‍ അനുഷ്ഠിക്കുവാന്‍ വ്യാസഭഗവാന്‍ ഉപദേശിക്കുന്നുണ്ട്.

ഈ ദിവസം ദേവതകള്‍ക്കും പിതൃക്കള്‍ക്കും എള്ള് തര്‍പ്പണം (കറുത്ത എള്ളും ജലവും) ചെയ്യുക. ഇതോടൊപ്പം ധാര്‍മികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത് ശരീരം കൊണ്ടുള്ള ദാനമാണ്. കുലദേവതയുടെ നാമം ജപിക്കുക, കുലദേവതയോട് പ്രാര്‍ത്ഥിക്കുക എന്നീ രീതിയില്‍ കുലദേവതയ്ക്ക് മനസ് അര്‍പ്പിക്കുക.

*ലോക സമസ്ത സുഖിനോ ഭവന്തു*
ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയാ മ്ര്യത്യോർമാഅമ്രതംഗമയ ഓം ശാന്തി: ശാന്തി:

മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന്‌ +966534065218 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും  അയക്കുക
( നിബന്തനകൾക്കു വിധേയം  )

                 ©
                2019
         My God.com
A  Global Hindu Heritage foundation

വൈശാഖമാസം

വൈശാഖമാസം

May 5 മുതൽ June 3 വരെയാണ് വൈശാഖ പുണ്യകാലം .
ഈ മാസം ലക്ഷ്മീസമേതനായി ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കും.

ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട  മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ  വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഈ വർഷം May 5  മുതൽ  June 3 വരെയാണ് വൈശാഖ പുണ്യകാലം. 

ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം.എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും  ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു.  അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും   നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് .

വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും  യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി വിഷ്ണുനാമം ജപിക്കുക.   വിഷ്ണു സഹസ്രനാമം  , അഷ്ടാക്ഷരീ മന്ത്രം ( ഓം നമോ നാരായണായ ) ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) ,ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി  നൽകും  .  വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു ഉത്തമമാണ്.  വൈശാഖത്തിലെ വെളുത്ത ദ്വാദശി,  പൗർണമി  എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വൈശാഖമാസക്കാലത്ത് ഗുരുവായൂരമ്പലത്തിൽ അഭൂതപൂർവമായ തിരക്കാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖമാസം പുണ്യകാലമായി ആചരിക്കാറുണ്ട്.

വൈശാഖമാസത്തിലുടനീളം "കലിദോഷനിവാരണ മന്ത്രം"  ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്.

കലിദോഷനിവാരണ മന്ത്രം ...

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

Friday, October 12, 2018

നവരാത്രി ആഘോഷത്തിന്‍റെ കാതല്‍

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ'
തമസ്സകറ്റി വിദ്യയുടെ വെളിച്ചം വരികയാണ്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീസങ്കല്‍പങ്ങളെ കേന്ദ്രീകരിച്ച് ഭാരതമാകെ നവരാത്രിപൂജയുടെ നാളുകള്‍. മലയാളനാട്ടില്‍ മുഖ്യമായും സരസ്വതീ ദേവിയെ കേന്ദ്രീകരിച്ചാണ് നവരാത്രി.എന്നാല്‍ ദേശീയ തലത്തില്‍ നവരാത്രിയാഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളാണ്. കേരളത്തില്‍ വിദ്യാരംഭം, തമിഴ്നാട്ടില്‍ കൊലു വയ്പ്, കര്‍ണാടകയില്‍ ദസറ, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗാപൂജ, അസമില്‍ കുമാരീപൂജ...
ഭാരതീയ സംസ്കാരത്തിന്റെ ശോഭനമുഖമാണു ദേശീയ ഐക്യത്തിന്റെ പ്രതീകം കൂടിയായ നവരാത്രി. പ്രാദേശികത്തനിമകളോടെ നവരാത്രിയാഘോഷം മുഴുവന്‍ ഭാരതത്തിന്റേതുമാകുന്നു. ദേവീ ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍. ഉത്തരഭാരതത്തില്‍ ഇതു രാവണ നിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണെങ്കിലും രാവണനെ നിഗ്രഹിക്കാനുള്ള ശക്തി സംഭരിക്കാന്‍ ശ്രീരാമന്‍ ഒന്‍പതു ദിവസം ദേവിയെ ഉപാസിച്ചു വരം വാങ്ങി എന്ന സങ്കല്‍പമാണ് അടിസ്ഥാനം. ഒന്‍പതു ദിവസം ദേവീ ഉപാസനയും പിറ്റേന്നു വിജയദശമിയും എന്നതാണ് മിക്കയിടത്തും ആഘോഷ രീതി. ശരത്കാലത്തിലും വസന്തകാലത്തിലുമാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. മേടം, തുലാം എന്നീ മാസങ്ങളില്‍ ഇൌ വ്രതം അനുഷ്ഠിക്കണമെന്നാണ് വിധി.
ആദിശക്തിയുടെ മൂന്നു സങ്കല്‍പങ്ങളായ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ഉപാസിച്ചാണ് നവരാത്രി ആരാധന. ആഘോഷത്തിന്റെ ആദ്യ മൂന്നു ദിനങ്ങള്‍ ദുര്‍ഗാദേവി, രണ്ടാമത്തെ മൂന്നു ദിനങ്ങള്‍ ലക്ഷ്മീദേവി, അവസാന മൂന്നു ദിനങ്ങള്‍ സരസ്വതീദേവി എന്നിങ്ങനെയാണു മിക്കയിടത്തും പൂജാ ക്രമം.
മൂന്നു ലോകവും അടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരന്‍. സ്വര്‍ഗത്തില്‍ നിന്ന് ഇന്ദ്രാദി ദേവകളെ ആ അസുരന്‍ ആട്ടിപ്പായിച്ചു. ത്രിമൂര്‍ത്തികളുടെ നിര്‍ദേശപ്രകാരം മഹിഷനിഗ്രഹത്തിനായി ദേവകളുടെ എല്ലാം തേജസ് ഒന്നായി ചേര്‍ന്നു രൂപമെടുത്തതാണ് ദുര്‍ഗാദേവി. ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവില്‍ മഹിഷാസുരന്‍ തന്നെ നേരിട്ടെത്തി. യുദ്ധത്തില്‍ ദേവി വിഷ്ണുചക്രത്താല്‍ മഹിഷാസുരനെ വധിച്ചു. ദേവി വിജയം വരിച്ച കാലമാണു വിജയദശമി. വിദ്യയുടെ ആവിര്‍ഭാവത്തോടെ അജ്ഞാനത്തിന്റെ ഇരുളകന്നു എന്നതിന്റെ സൂചന കൂടിയാണിത്.
അതിനാല്‍ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമായി ഇതിനെ പരിഗണിക്കുന്നു. ദുര്‍ഗയുടെ തന്നെ രൂപാന്തരസങ്കല്‍പമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന്‍ തന്റെ ഗ്രന്ഥങ്ങളെയും തൂലികയെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു.
നവരാത്രി, വിജയദശമി ആഘോഷത്തില്‍ അവസാനത്തെ മൂന്നു ദിവസങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം. അഷ്ടമിദിവസം ദുര്‍ഗാഭഗവതിയും നവമിദിവസം ലക്ഷ്മീദേവിയും ദശമിദിവസം സരസ്വതീ ദേവിയും വിശേഷാല്‍ ആരാധിക്കപ്പെടുന്നു. കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിവസത്തെ പൂജവയ്പോടെയാണ് ആഘോഷങ്ങളുടെ തുടക്കം. പണിയായുധങ്ങളും പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും എല്ലാം സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കായി സമര്‍പ്പിക്കുന്നു. മഹാനവമി അനധ്യായ ദിവസമാണ്. വിജയദശമി വിശേഷാല്‍ പൂജയ്ക്കുശേഷം വിദ്യാരംഭത്തോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.

Wednesday, June 20, 2018

സ്ത്രീകൾ തിങ്കൾ, വെളളി ദിവസങ്ങളിൽ വ്രതം അനുഷാഠിക്കണം. എന്തുകൊണ്ട്?

മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിൻറെയും സന്താനത്തിൻറെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരശവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതി പൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കല്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായ കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ച വ്രതത്തിൻറെ പ്രത്യേകത.

         മഹാലക്ഷ്മി,  അന്നപൂർണ്ണ,  സന്തോഷി മാതാ എന്നിവർക്ക് അർപ്പിക്കുന്നതാണ് വെളളിയാഴ്ച വ്രതത്തിൻറെ പ്രത്യേകത.  സ്ത്രീകളേറെ പ്രാധാന്യം കല്പിക്കുന്ന ഈ ദിവസത്തിൽ അത്താഴം ഉപേക്ഷിക്കരുതെന്ന് വിധിയുണ്ട്.

തിങ്കളാഴ്ചവ്രതം

സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.

ഐതിഹ്യം

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദ്ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.

അനുഷ്ടിക്കേണ്ട വിധം

തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും സോമനായ (ഉമാസമേതന്) പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

ശിവഭജനം

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.

‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു. സോമവാരവ്രതം ശിവകുടുംബപ്രീതിക്ക് (ശിവൻ, ഉമ,ഗണപതി,സ്കന്ദൻ, അയ്യപ്പൻ)കാരണമാണ്. അത് പ്രദോഷവ്രതം പോലെ ആകയാൽ പകൽ നിരാഹാരമിരിക്കണം. കറുത്തവാവും തിങ്കളാഴ്ചയുമായി വന്നാൽ ആ ദിവസത്തിന്ന് “അമോസോമവാരം” എന്ന് പറയുന്നു. അത് വിശേഷിച്ചും ഉപവാസ്യമാണ്.

Saturday, March 24, 2018

ശ്രീരാമ നവമി

ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമിയാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ കൌസല്യാദേവിയുടെ പുത്രനായി അയോധ്യയില്‍ അവതാരം ചെയ്തത്. അതിനാല്‍ ഈ ദിവസം ശ്രീരാമനവമി എന്ന് അറിയപ്പെടുന്നു. ഭാരതത്തിലെ എല്ലാ ഭാഗത്തും  ശ്രീരാമ നവമി ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആഘോഷിച്ചു വരുന്നു.


ശ്രീരാമന്റെ ജനന മുഹൂര്‍ത്തത്തെ പറ്റി അധ്യാത്മ രാമായണത്തില്‍ ഇപ്രകാരം പറയുന്നു.

ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്നകാലത്തിങ്ക

ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍

നക്ഷത്രം പുനര്‍വസു നവമിയല്ലോതിഥി

നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി

കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ

അര്‍ക്കനുമത്യുച്ചസ്ഥനുദയംകര്‍ക്കടകം

അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗ്ഗവന്‍ മീനത്തിലും

വക്രനുമുച്ചസ്ഥനായ്മകരംരാശിതന്നില്‍

നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍

ദിക്കുകളൊക്കെപ്രസാദിച്ചിതുദേവകളും

കര്‍ക്കടക ലഗ്നത്തില്‍ പുനര്‍വസു (പുണര്‍തം) നക്ഷത്രത്തില്‍ പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥാനത്തും സൂര്യന്‍ മേടരാശിയിലും നിന്ന ദിനത്തിലാണു ഭഗവാന്‍ ശ്രീരാമന്‍ കൗസല്യാത്മജനായി അയോദ്ധ്യയില്‍ അവതരിച്ചത്.

അങ്ങനെയുള്ളതായ പുണ്യദിനമായ ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുകയും ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തുന്നതും രാമായണത്തിലെ ശ്രീരാമാവതാരഭാഗം ഭക്തി പൂര്‍വ്വം പാരായണം ചെയ്യുന്നതും അങ്ങേയറ്റം പുണ്യദായകവും ഐശ്വര്യാഭിവൃധികരവും ആകുന്നു.

ശ്രീരാമനവമി വ്രതം

തലേന്ന് അഷ്ടമി ദിനത്തില്‍ ഒരിക്കലൂണ്. ഒരിക്കലൂണ്. നവമി ദിനത്തില്‍ ഉച്ച വരെ ഉപവാസം അനുഷ്ടിക്കണം. പുലര്‍ച്ചെ രാമക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ ദര്‍ശനം നടത്തണം.  രാമായണത്തിലെ അവതാര ഭാഗം, ശ്രീരാമ അഷ്ടോത്തരം, രാമചരിതമാനസം മുതലായവ പാരായണം ചെയ്യണം.  പാരായണ ശേഷം  ഭഗവാന്റെ പ്രതിമയിലോ ചിത്രത്തിലോ ആരതി നടത്താം. മദ്ധ്യാഹ്നം വരെ പൂര്‍ണ്ണ ഉപവാസം അനുഷ്ടിച്ച്   ഉച്ചയ്ക്ക് അരി ആഹാരം കഴിക്കാം. ഭഗവാന്റെ ജന്മ ദിനമാകയാല്‍ വിശേഷ വിഭവങ്ങളും മധുരവും ഒക്കെ ആകാം. വൈകുന്നേരം സമൂഹ ആരതി, ഭജന എന്നിവയിലൊക്കെ പങ്കു കൊള്ളുക. കുടുംബ സുഖം, ആഗ്രഹ സാഫല്യം, ധനൈശ്വര്യം എന്നിവ ഫലമാകുന്നു. അവതാര വിഷ്ണു ബുധന്റെ ദേവതയാകയാല്‍ ജാതകത്തില്‍ ബുധന്റെ മൌഡ്യം, നീചസ്ഥിതി, അനിഷ്ട സ്ഥിതി എന്നിവ മൂലം വരുന്ന വിദ്യാ തടസ്സത്തിനും അലസതയ്ക്കും ഭാഗ്യലോപത്തിനും പരിഹാരമായി വിദ്യാര്‍ഥികള്‍  ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുന്നത് ഉത്തമമാകുന്നു.

Saturday, February 24, 2018

ഇഷ്ടകാര്യസിദ്ധിയ്ക്ക് ആറ്റുകാൽ പൊങ്കാല; വ്രതം എങ്ങനെ?, അറിയേണ്ടതെല്ലാം!

മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് വായനക്കാർക്ക് നിരവധി സംശയങ്ങളുണ്ട്, അവയ്ക്കുള്ള മറുപടി പറയുകയാണ്. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ അരുവിക്കര ശ്രീകണ്ഠൻ നായർ.

ആറ്റുകാലമ്മയുടെ സങ്കൽപമെന്താണ്?

ആറ്റുകാൽ ഭഗവതിയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കൽപിച്ചിരിക്കുന്നത്. എന്നാല്‍, ഭക്തജനങ്ങൾ മാതൃസങ്കൽപത്തിലാണ് ആരാധിക്കുന്നത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്ര ദിവസം മുമ്പ് വ്രതം തുടങ്ങണം?

പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു.

വ്രതം എങ്ങനെ വേണം?

വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ എന്ന് ഭക്തിയോടെ പ്രാർഥിക്കണം.

ആഹാരത്തിനെന്തൊക്കെ നിയന്ത്രണം വേണം?

ഭക്തിയോടെ എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ ആഹാരം കഴിക്കണമെന്നുതന്നെ തോന്നില്ല. ക്ഷീണവും വരില്ല, ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാൽ ഫലവർഗ്ഗങ്ങള്‍ കഴിച്ചു വ്രതമെടുക്കണം. മത്സ്യമാംസവും ലഹരി പദാർഥങ്ങളും പൂർണ്ണമായും ത്യജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദേവി സ്തോത്രനാമാദികൾ ചൊല്ലുകയും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.

പൊങ്കാലസമയത്ത് കോടിവസ്ത്രം തന്നെ ധരിക്കണോ?

പൊങ്കാലയിടാൻ കോട്ടൺ കോടി വസ്ത്രമാണ് ഏറ്റവും ഉത്തമം. ഇതിനു കഴിയാത്തവർ അലക്കി വൃത്തിയാക്കിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാൻ. മാസമുറയായ സ്ത്രീകൾ പൊങ്കാലയിടാൻ പാടില്ല. 7 ദിവസം കഴിഞ്ഞ് ശുദ്ധമായെന്ന് സ്വയം ബോധ്യമുള്ളവർക്ക് പൊങ്കാല സമർപ്പിക്കാം. പുല, വാലായ്മയുള്ളവർ പൊങ്കാലയിടരുത്, പ്രസവിച്ചവർ 90 കഴിഞ്ഞേ പാടുള്ളു. അല്ലെങ്കിൽ ചോറൂണു കഴിഞ്ഞ് പൊങ്കാലയിടാം.

അടുപ്പ് കൂട്ടേണ്ടതെങ്ങനെ?

ആദിത്യഭഗവാന്റെ കത്തിക്കാളുന്ന കുംഭച്ചൂടേറ്റ് തിളച്ചു മറിയുന്ന നിലത്ത് അടുപ്പുകൂട്ടി അതിൽ പുത്തൻ കലം വച്ചാണ് തീ കത്തിക്കേണ്ടത്.

പൊങ്കാലയിടാൻ എന്തൊക്കെ വേണം?

ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയർ, കശുവണ്ടിപ്പരിപ്പ്, എള്ള്.

പൊങ്കാലയ്ക്കു തീ പകരും മുമ്പേ, അടുപ്പിനു മുമ്പിൽ വിളക്കും നിറനാഴിയും വയ്ക്കണോ, അതെന്തിനുവേണ്ടിയാണ്?

വയ്ക്കണം. ദേവതാ സാന്നിദ്ധ്യസങ്കൽപമുള്ളതുകൊണ്ടാണ്. അതിൽ കുടുംബ പരദേവതയേയും പരേതാത്മാക്കളെയും സങ്കൽപിക്കുകയും ദുരിതമോചനവും ഐശ്വര്യവർദ്ധനയും വാസ്തുദുരിതങ്ങളും തീർത്തുതരണെയെന്നു പ്രാർഥിച്ചാണ് നിറനാഴിയും പറയും നിലവിളക്കും വയ്ക്കുന്നത്. അടുപ്പ് തീർഥം തളിച്ച് ശുദ്ധി വരുത്തണം.

പൊങ്കാല തിളച്ചു തൂകുന്ന ദിശകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്?

പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയൽ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യങ്ങൾ ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം കാലതാമസം വരും, പടിഞ്ഞാറും തെക്കുമായാൽ ദുരിതം മാറിയിട്ടില്ല, നവഗ്രഹഭജനം നന്നായി വേണമെന്ന് സാരം.

മണ്ടപ്പുറ്റിന്റെ ഫലമെന്താണ്?

തലയ്ക്കുള്ള രോഗങ്ങള്‍ മാറുന്നതിനാണ് മണ്ടപ്പുറ്റ് നടത്തേണ്ടത്. ദേവിയുടെ ഇഷ്ട നിവേദ്യമാണിത്.

തിരളിയുടെ പ്രത്യേകത?‌

ദേവിദേവന്മാർക്കെല്ലാം ഇഷ്ടവഴിപാടാണിത്. കാര്യസിദ്ധിയുണ്ടാകും.

പൊങ്കാല തിളയ്ക്കുംവരെ ആഹാരം കഴിക്കാമോ?

പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാൻ പാടില്ല. പണ്ടുകാലങ്ങളിൽ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നിട്ട് മറ്റു പദാർഥങ്ങളായ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്.

പൊങ്കാലക്കുശേഷം ആ ദിവസം കുളിക്കാമോ?

പൊങ്കാലയും ക്ഷേത്രദർശനവും കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. ദേവിചൈതന്യം കൂടിയിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം മതി.

അന്യമതസ്ഥർക്ക് പൊങ്കാലയിടാമോ?

ദേവിയ്ക്ക് ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. ആർക്കുമിവിടെ പൊങ്കാലയിടാം.

പുത്തൻ കലത്തിന്റെ പ്രാധാന്യമെന്താണ്?

മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്. ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം. അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ. ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം പൊങ്കാലയ്ക്ക് അരിയിടേണ്ടത്.

പൊങ്കാലയിട്ട പാത്രങ്ങൾ പിന്നീട് പാചകത്തിനുപയോഗിക്കാമോ?

ഭവനത്തിൽ കൊണ്ടുപോയി ശുദ്ധിയാക്കി അരിയിട്ടു വയ്ക്കാം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതിൽനിന്നും ഒരുപിടി അരികൂടി അതിലിടണം, അന്നത്തിന് ബുദ്ധിമുട്ട് വരരുതേയെന്നും പ്രാർഥിക്കണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ആ പാത്രത്തിൽ ചോറുവയ്ക്കുന്നതിൽ തെറ്റില്ല. അടുത്ത പൊങ്കാല ദിവസം വരെയിത് ആവർത്തിക്കണം. പുതിയ പാത്രം വരുമ്പോൾ അവയിലുമിത് ആവർത്തിക്കുക.

പൊങ്കാലച്ചോറ് ബാക്കി വന്നാൽ എന്തുചെയ്യണം?

പൊങ്കാല പ്രസാദം മറ്റുള്ളവർക്ക് പ്രസാദമായി നൽകണം. അഴുക്കു ചാലിലോ, കുഴിയിൽ ഇടുകയോ, വെട്ടി മൂടുകയോ ചെയ്യരുത്. ശുദ്ധിയുള്ള ഒഴുക്കുവെള്ളത്തിലിട്ടാലത് മീനിന് ആഹാരമാകും. പക്ഷിമൃഗാദികൾക്കും കൊടുക്കേണ്ടതാണ്.

വീട്ടിൽ പൊങ്കാലയിട്ടാൽ ഫലമുണ്ടോ?

തീർച്ചയായുമുണ്ട്. സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കൽപിച്ചു പൊങ്കാലയിടാം. ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ കഴിയാത്തവർക്ക് ഗൃഹഐശ്വര്യത്തിനും വാസ്തുദുരിതത്തിനും പരിഹാരമായി ചെയ്യാം.

പൊങ്കാലയും പൂരം നക്ഷത്രവും തമ്മിലുള്ള ബന്ധം എന്താണ്?

മധുരയിൽ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയെ മുല്ലവീട്ടിൽ പരമേശ്വരൻപിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമർപ്പിച്ചത്. പൂരം നക്ഷത്ര (കുംഭമാസ) ത്തിലായിരുന്നു. കാപ്പുകെട്ടിന് കാർത്തികയുമാണ് നോക്കുന്നത്. എല്ലാ കാർത്തികയ്ക്കും ലക്ഷാർച്ചന നടത്തുന്നു.

പൊങ്കാലയിടുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ?

ലളിതാസഹസ്രനാമത്തിലെ നാല് നാമങ്ങൾ പൊങ്കാല സമയത്ത് ജപിച്ചു കൊണ്ടേയിരിക്കണം. 428–ാമത്തെ നാമമായ (പഞ്ചകോശാന്തരസ്ഥി തായെ നമഃ) ശരീരത്തിൽ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ 5 കോശങ്ങൾക്കുള്ളിലാണ് ദേവിയായ പരമാത്മാവ് കുടികൊള്ളുന്നത്. ശരീരമായ ശ്രീചക്രത്തിലും  5 കോശങ്ങളുണ്ട്. ഭൂമണ്ഡലത്തെ കുറിയ്ക്കുന്ന അന്നമയ കോശം, സ്തൂലാവസ്ഥയിലും, ആകാശതത്വത്തെ കുറിയ്ക്കുന്ന ആനന്ദമയ കോശം, സൂക്ഷ്മാവസ്ഥയിലും പ്രവർത്തിക്കുന്നു. അത്യന്തം ശാസ്ത്രീയമായ സിദ്ധാന്തത്തെ പൊങ്കാല സമർപ്പണമായി ദേവിക്ക് നൽകുമ്പോൾ പഞ്ചകോശങ്ങൾ പുണ്യാത്മാക്കളുടെ ശരീരത്തിൽ നിലനിർത്തുന്നു. 480–ാം നാമം, പായസാന്നപ്രിയായെ നമഃ, ദേവി ദേവന്മാർക്ക് വളരെ ഇഷ്ടമായ പായസം ദേവിക്ക് നമസ്ക്കാരമെന്നർത്ഥം. 501–ാം നാമം ഇവ കൂടാതെ സര്‍വ്വമംഗളമംഗല്ല്യേ എന്നതും, ദേവി പ്രസീദേ ദേവി പ്രസീദേ എന്നു ചൊല്ലിയും സമർപ്പിക്കുക.

2018 മാർച്ച് 2 നാണ് ആറ്റുകാൽ പൊങ്കാല

Sunday, October 8, 2017

ദീപാവലി



ദീപാവലി- ദീപങ്ങളുടെ ഉത്സവം
ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ് തുലാമാസത്തില്‍ അരങ്ങേറാറുള്ള ദീപാവലി. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകള്‍ പ്രചാരത്തിലുണ്ട് . അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നിസമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിര്‍വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരകചതുര്‍ദ്ധശി എന്നും പേരായി.
ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന ഒരസുരനായിരുന്നു നരകാസുര൯. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല്‍ അഹങ്കരിച്ചു ഭൂലോകവാസികളേയും ദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മു൯പില്‍ ചെന്ന് തന്റെ സങ്കടമുണര്‍ത്തിച്ചു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേററയാല്‍ ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത് . ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി ഉടനെ പ്രസവിക്കുകയും ചെയ്തു. പിറവിയെടുത്തത് അതി ശക്തനായ ഒരസുര ശിശുവായിരുന്നു. ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു.

എന്നാല്‍ ഭഗവാനില്‍ നിന്നുള്ള വരലബ്ധിയില്‍ നരക൯ മഹാഅഹങ്കാരിയായി മാറി. ദേവന്മാരോട് അവന് കൊടുംപകയായിരുന്നു. ദേവസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാനും കാണുന്ന മാത്രയില്‍ ദേവന്മാരെ ഉപദ്രവിക്കാനും അവന് യാതൊരു മടിയുമുണ്ടായിരുന്നില്ല. പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു അവന്റെ രാജ്യതലസ്ഥാനം. അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദവും നരക൯ കൊടുത്തിരുന്നില്ല.
ഒരു ദിവസം സ്വശക്തിയില്‍ മദോന്മത്തനായ് അവ൯ ദേവേന്ദ്രന്റെ വാസസ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. പ്രാണഭീതിയോടെ ഇന്ദ്ര൯ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഭഗവാ൯ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന്‍ തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത് പിന്നെ ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധി വരുത്തി . വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളും തന്റെ ആശ്രിതനായ ദേവേന്ദ്രനെ തിരിച്ചേല്പിക്കുകയും ചെയ്തു .
അസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്‌.
മറ്റൊരൈതിഹ്യം ഭഗവാ൯ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക്‌ മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു. രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെ. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കി എന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള്‍ ആഘോഷിക്കുന്നു.
ഇവ കുടാതെ മഹാബലിയുമായി ബന്ധപ്പെട്ടു കൊണ്ടും ഒരു ദീപാവലിയാഘോഷം ചിലയിടങ്ങളില്‍ നടത്താറുണ്ട്. അതുകുടുതലും ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളിലെ ചടങ്ങ് ആണ്. "വലിയ ചന്ദ്രനെ വരുത്തല്‍" എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അവര്‍ അദ്ദേഹത്തെ കളത്തില്‍ വരുത്തും എന്നാണ് സങ്കല്പം. പൂജകള്‍ക്ക്‌ ശേഷം ബലി ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക്‌ തിരിച്ചയയ്ക്കല്‍ ചടങ്ങുമുണ്ടാകും . ഒന്നാം ദിവസം കിണറ്റില്‍ നിന്നെടുക്കുന്ന ജലം എല്ലാ പൂജകള്‍ക്കും ശേഷം മൂന്നാം ദിവസം അതേ കിണറ്റിലേയ്ക്കു തന്നെ തിരിച്ചോഴിക്കും. തിന്മയെ ശുദ്ധീകരിച്ചു നന്മയാക്കി മാറ്റുകയും അതു നമ്മള്‍ സ്വീകരിക്കുകയും ചെയ്യുന്നു എന്നുള്ള തത്വമായിരിക്കും ഒരു പക്ഷെ ഇതിലെല്ലാം അടങ്ങിയിരിക്കുന്ന മൂലാധാരം. പ്രകാശം നല്‍കുക എന്നുള്ളതാണല്ലോ ദീപങ്ങളുടെ ധര്‍മ്മം. അതിലുടെ നമ്മള്‍ പലതും കാണുന്നു, അറിയുന്നു, അനുഭവിക്കുന്നു. ദീപാവലിക്കു തൊട്ടു മു൯പുള്ള അമാവാസി ദിനം പിതൃബലിക്കും പുണ്യതീര്‍ത്ഥസ്നാനത്തിനും ഉത്തമമായിട്ടാണ് കണക്കാക്കുന്നത്.
വ്രതാനുഷ്ടാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തൈല സേചനം അപൂര്‍വ്വമാണെന്നാണ് ആചാരം എന്നാല്‍ ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്നാനമാണ് എന്തെന്നാല്‍ ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടും. മാത്രമല്ല ചതുര്‍ദ്ദശിയിലെ പ്രഭാത സ്നാനം സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും കീഴടക്കാം. നരകലോകം അന്യമാക്കാം. ദീപാവലിയുടെ അനുഷ്ഠാനങ്ങളെക്കുറിച്ച് ശ്രീ പരമേശ്വര൯ പുത്ര൯ ഷണ്മുഖനെ ഉപദേശിക്കുന്നത് പത്മ പുരാണത്തില്‍ വിവരിക്കുന്നുണ്ട് .
തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ
ദീപാവല്യാം ചതുര്‍ദ്ദശീം
പ്രാത സ്നാനാം ഹിയ കുത്യാത്
യമലോകം നപശുതി .

മേല്‍പ്പറഞ്ഞ അനുഷ്ഠാനങ്ങള്‍ മാത്രമല്ല ദീപാവലിയുടെ പ്രത്യേകതകള്‍. എണ്ണ തേച്ചുകുളി വിഭവ സമൃദ്ധമായ സദ്യ പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനേയും ഇല്ലാതാക്കുന്നു. അധര്‍മ്മത്തിനെ ഇല്ലാതാക്കാനുള്ള നിയോഗം ധര്‍മ്മത്തിന്റെതാണല്ലോ. മനുഷ്യരാശികളില്‍ സ്വയമേവ അന്തര്‍ലീനമായിരിക്കുന്നു. ആസുരിക ശക്തികളെ അന്യമാക്കാനും സമഭാവനതകളും കാരുണ്യത്തിന്റെ ത്രിമാനങ്ങളും അവിടെ നിറയ്ക്കാനും ദീപാവലിയുടെ അനുഷ്ഠാനങ്ങള്‍ ഉപയുക്തമാകുന്നുണ്ട് . നരകാസുരനും രാവണനും തിന്മയുടെ പ്രതിബിംബങ്ങളാണല്ലോ. അവരെ ഇല്ലാതാക്കി നിത്യമായ സ്വച്ഛതയും സമാധാനവും ഭൂമിയില്‍ വിതറാ൯ ഭഗവാ൯ നിയുക്തനായതും ധര്‍മ്മ സംരക്ഷണം മു൯നിര്‍ത്തിക്കൊണ്ടാണ്.
ഇവയൊന്നും കുടാതെ ജൈനമതക്കാരുടെ ഇടയില്‍ മറ്റൊരു കഥ കുടി ദീപാവലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം നഷ്ട ശരീരനായിതീര്‍ന്നെങ്കിലും ജൈനമതക്കാര്‍ ഇപ്പോഴും ആ വെളിച്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തും ഇല്ലാതാക്കും എന്നാ തത്വത്തില്‍ അവര്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്.
ദീപാവലി ദിനത്തില്‍ ദേഹശുദ്ധിയോടെ മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധി പ്രദവുമാണ്. ഒ൯പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു അതിനു മുന്നിലിരുന്നു വേണം അത് ജപിക്കാ൯.
ഏതു നിഷ്ഠയിലൂടെയാണെങ്കിലും ദീപാവലി മനുഷ്യരാശിയിലെ തിന്മകളെ തൊട്ടു വെളുപ്പിക്കുന്നൊരു പ്രകാശ ബിന്ദുവാണ്. നമുക്കത് നിത്യ പ്രഭയുടെ ജാജ്ജ്വലുതയോടെ ആസ്വദിക്കാം - അനുഭവിക്കാം .

Friday, October 6, 2017

ദീപാവലി


ദീപാവലി -ഭാരതത്തിന്റെ ഏറ്റവും മുഖ്യമായ ദേശീയോത്സവം അടുത്തെത്തിക്കൊണ്ടിരിക്കുന്നു .....

വിളക്കും വെളിച്ചവും ഭാരതീയമായൊരു ആത്മീയപ്രഭയാണ്. ഇരുട്ടിനെപ്പോക്കുന്ന വെളിച്ചത്തിനുമുണ്ട് ഭാരതീയ ദര്‍ശനത്തിലൊരു വന്‍ പ്രസക്തി. അതിന്റെ പ്രത്യക്ഷ സാക്ഷാത്ക്കാരഭാവമാണ് ദീപാവലി. അന്നു ഭാരതം മുഴുവന്‍ ദീപപ്രഭകളാൽ  വെളിച്ചം വിതറുമ്പോള്‍ ഇരുട്ടെന്ന മനസ്സിനുള്ളിലെ  അജ്ഞാനം ഒരു സങ്കല്‍പം പോലുമായിത്തീരുന്നു, മനത്തിനു വെളിച്ചമേകുന്നു .

 തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലാണ് ദീപാവലി. ഉത്തരഭാരതത്തിൽ  ഒക്ടോബർ 15 മുതൽ 21  വരെയുള്ള ഒരാഴ്ച  ഈവർഷത്തെ ദീപാവലി ആഘോഷങ്ങളാണ്  .ഒക്ടോബർ 15 നു ഏകാദശി ദിനത്തിൽ ഗോവത്സ്യ പൂജ, 16നു ദ്വാദശി ദിനത്തിൽ ധൻതേരസ് 17 നു ത്രയോദശി ദിനത്തിൽ കാളി ചൗദസ് -ഹനുമത് പൂജ ,18നു നരക ചതുർദ്ദശി,ലക്ഷ്മി പൂജ ,ദിവാളി  പൂജ ,19 നു അമാവാസി , ദീവാളി  സ്നാനം,ദീവാളി ദേവപൂജ,20 നു പ്രതിപദം , ഗോവർദ്ധൻ പൂജ,21നു ദ്വതീയ ഭയ്യാ ധൂജ്. .

ഭാരതീയ ഗൃഹങ്ങളിലും പൊതുസ്ഥലങ്ങളിലും ഒരുപോലെ ഭംഗിയായും നിരനിരയായും ദീപങ്ങളും  കത്തിച്ച്‌ സര്‍വ്വത്ര പ്രകാശം പരത്തുന്ന ഒരുത്സവമാണ്‌ ദീപാവലി. ദീപങ്ങളുടെ ആവലി  അഥവാ ദീപാവലി എന്ന പേരു  വരാന്‍ തന്നെ കാരണവും  ഇതാണ്‌. മൺ ചിരാതുകളും നിലവിളക്കുകളും ഇന്നു കുറഞ്ഞു ,അതിന്റെ സ്ഥാനം വിവിധ ആകൃതിയിലുള്ളതും  വർണാഭവുമായ എൽ ഇ ഡി ലൈറ്റുകൾ നേടിയിരിക്കുന്നു ,പൂമുഖങ്ങളും മട്ടുപ്പാവുകളും ഗൃഹസമുച്ചയങ്ങളും വ്യാപാരസ്ഥാപനങ്ങളും . എന്നിരുന്നാലും പരമ്പാഗരഗതമായ എണ്ണ  വിളക്കുകൾ ദീപാവലിയുടെ അവശ്യ ഘടകമാണിപ്പോഴും .ഭാരതീയരുടെ  ദേശീയ പര്‍വ്വമാണ്‌ ദീപാവലി അഥവാ ദീവാളി. സിഖ്‌-ബൗദ്ധ-ജൈന ധര്‍മ്മാനുയായികളും ദീപാവലിയെ ആദരിക്കുന്നു, അവരവരുടെ വിശ്വാസങ്ങൾ ഉൾക്കൊണ്ടുതന്നെ .


 അയോദ്ധ്യാധിപതിയായ ശ്രീരാമചന്ദ്രന്‍ 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ്‌ രാവണനിഗ്രഹം പൂർത്തിയാക്കി  മടങ്ങിവന്നദിനമാണിതെന്നും പറയപ്പെടുന്നു. അയോദ്ധ്യാവാസികളുടെ ഹൃദയങ്ങള്‍ തങ്ങളുടെ പരമപ്രിയനായ രാജാവിന്റെ പ്രത്യാഗമനത്താല്‍ പ്രഫുല്ലമായിരുന്നു. ശ്രീരാമനെ സ്വാഗതം ചെയ്യുവാന്‍ അയോദ്ധ്യാവാസികള്‍ നെയ്‌വിളക്കുകള്‍ കത്തിച്ചുവച്ചു, കാര്‍ത്തികമാസത്തിലെ സാന്ദ്രമായ അമാവാസിയില്‍ വിളക്കുകളുടെ പ്രകാശം വെട്ടിത്തിളങ്ങിത്തുടങ്ങി. അന്നുതുടങ്ങി ഇന്നും ഭാരതീയര്‍ ഈ പ്രകാശപര്‍വ്വം ഉല്ലാസപൂര്‍വ്വം ആഘോഷിച്ചുവരുന്നു. ഈ പര്‍വ്വം ഗ്രിഗേറിയന്‍ കലണ്ടറനുസരിച്ച്‌ ഒക്ടോബറിലോ നവംബറിലോ ആഗതമാകുന്നു. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇരുട്ടില്‍ നിന്ന്‌ പ്രകാശത്തിലേക്ക്‌ പ്രവേശിക്കുന്നതിന്റെ പ്രതീകമാണ്‌. ‘സത്യമേവ ജയതേ നാതൃതം’ – സത്യം തന്നെ ജയിക്കും അസത്യമല്ല – എന്നാണല്ലോ ഭാരതീയരുടെ ദൃഢവിശ്വാസം. ദീപാവലിയും ഇതുതന്നെയാണ്‌ അര്‍ത്ഥമാക്കുന്നത്‌. ‘അസതോമാ സദ്ഗമയ തമസോമാ ജ്യോതിര്‍ ഗമയ" . സ്വച്ഛതയുടെയും പ്രകാശത്തിന്റെയും പര്‍വ്വമായ ഇതിനെ ചിലര്‍ സപ്താഹ പൂര്‍വ്വം തന്നെ ആഘോഷിച്ചുവരുന്നു.

ദീപം കത്തിക്കുന്നതിന്റെ പിന്നില്‍ മറ്റു  കാരണങ്ങളും കഥകളും ഇല്ലാതില്ല.ശ്രീലങ്കയിൽ ശ്രീരാമന്‍ രാക്ഷസരാജാവായ രാവണനെ കൊന്ന്‌ പരിവാര സമേതം കാൽനടയായി  അയോദ്ധ്യയിലേക്ക്‌ തിരിച്ചെത്തിയത്‌  ദസറയുടെ 19  ദിവസമായ    ദീപാവലി ദിനത്തിലാണ്‌. അതിന്റെ ആഹ്ലാദസൂചകമായി ലോകം ഇന്നും ഈ പര്‍വ്വം ഘോഷിച്ചുവരുന്നു.
 എന്നൊന്ന് .

മറ്റൊരു ഐതീഹ്യം ശ്രീകൃഷ്ണന്‍ നൃശംസനായ നരകാസുരനെ നിഗ്രഹിച്ചതിന്റെ പ്രഹര്‍ഷത്താലും പ്രസന്നതയാലും ലോകം നെയ്‌വിളക്കുകള്‍ കത്തിക്കുന്നു എന്നതാണ് .

ഒരു പൗരാണിക കഥാനുസാരം വിഷ്ണുനരസിംഹരൂപം ധരിച്ച്‌ ഹിരണ്യകശിപുവിനെ വധിച്ചതും സമുദ്രമഥനത്തില്‍ നിന്ന്‌ ലക്ഷ്മിയും ധന്വന്തരിയും പൊന്തിവന്നതും ഈ ദിനമാണത്രേ, അങ്ങനെ പലതുമുണ്ട്.
 ജൈനമതാവലംബികളുടെ മതാനുസാരം 24-ാ‍മത്തെ തീര്‍ത്ഥകരനായ മഹാവീരസ്വാമിയുടെ നിര്‍വ്വാണം ദീപാവലി ദിനത്തിലാണ്‌ സംഭവിച്ചത്‌.അമൃത്സറില്‍ സ്വര്‍ണമന്ദിരത്തിന്റെ ശിലാന്യാസം നടന്ന ദീപാവലിദിനം സിഖുകാരെ സംബന്ധിച്ചിടത്തോളം മഹത്വമാര്‍ന്നതാണ്‌. സിഖുകാരുടെ ആറാമത്തെ ഗുരുവായ ഗോവിന്ദ്സിംഗം ജയിലില്‍ നിന്ന്‌ വിമുക്തനായത്‌ ദീപാവലി ദിനത്തിലാണ്‌. നേപ്പാളികളുടെ പുതുവര്‍ഷമാരംഭിക്കുന്ന ദിനവും  ദീപാവലിയായതുകൊണ്ട്‌ അവരും ഈ ദിനത്തെ സുപ്രധാനമായചി കരുതുന്നു. പഞ്ചാബില്‍ ജനിച്ച സ്വാമി രാമതീര്‍ത്ഥന്റെ ജനനവും മഹാപരയാണവും ഈ ദിനത്തിലായതുകൊണ്ടുള്ള പ്രത്യേകതയും ഈ പര്‍വ്വത്തിനുണ്ട്‌. ഗംഗാതടത്തില്‍ സ്നാം ചെയ്ത്‌ ഓംകാരം ഉരുവിട്ടുകൊണ്ടാണ്‌ സ്വാമി സമാധിയായത്‌.ഭാരതീയ സംസ്കൃതിയുടെ ജനനായകനായ മഹര്‍ഷി ദയാനന്ദന്‍ ദീപാ വലിദിനത്തില്‍ അജ്മീരിനടുത്തുവച്ചാണ്‌ അന്ത്യം പ്രാപിച്ചത്‌.

 അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ താമസസ്ഥലത്തിന്‌ മുമ്പില്‍ ആനപ്പുറത്ത്‌ ഒരു മുളങ്കമ്പില്‍ വലിയൊരു ആകാശദീപം ദീപാവലി ദിനത്തില്‍ കത്തിച്ചുവച്ചിരുന്നു. ബഹാദൂര്‍ഷാ ജഫരും ദീവാളി കൊണ്ടാടിയിരുന്നുവെന്നും അതിന്റെ കാര്യക്രമങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും അറിയുന്നു. ഷാ ആലം ദ്വിതീയനും തന്റെ കൊട്ടാരം ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു വെന്നുംപറയപ്പെടുന്നു . ഇപ്രകാരം ഹിന്ദുക്കൽ മാത്രമല്ല മുസല്‍മാന്‍മാരും ഒരുപോലെ ലാല്‍കിലയിലെ ദീപാവലി കാര്യക്രമങ്ങളില്‍ ഒരുപോലെ ലാല്‍കിലയിലെ ദീപാവലി കാര്യക്രമങ്ങളില്‍ പങ്കെടുത്തിരുന്നു.

 പര്‍വ്വങ്ങളുടെ സമൂഹമാണ്‌ ദീപാവലി. ദീപാവലി ഏകദിന പര്‍വ്വമല്ല, പര്‍വ്വങ്ങളുടെ സമൂഹമാണ്‌. ദസറയ്ക്ക്‌ ശേഷമാണ്‌ ദീപോത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്‌. വടക്കേ ഇന്ത്യയിൽ ജനങ്ങള്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നു. ദീപാവലിക്ക്‌ മുന്‍പായി ‘ധനതേരസ്‌’ എന്ന ആഘോഷമുണ്ട്‌. അന്നേദിവസം കടകമ്പോളങ്ങളില്‍ വിശേഷാല്‍ തിക്കും തിരക്കും കാണാം. പുതിയ  ലോഹങ്ങളുടെ പാത്രങ്ങള്‍ വാങ്ങുന്നത്‌ ശുഭകരമാണെന്നുള്ള  വിശ്വാസമാണ്‌ കാരണം.

 ദീപാവലി മൂന്ന് ദിവസം കൊണ്ടാടുന്നു .ആദ്യ ദിനം  ഗൃഹകവാടത്തിലും തുളസിത്തറയിലും ഓരോ വിളക്കുകത്തിച്ചുവയ്ക്കുന്നു. പിറ്റേന്ന്‌ നരകചതുര്‍ദശിയാണ്‌. ഇത്‌ ചെറിയ ദീപാവലിയാണെത്രേ. യമപൂജയ്ക്കായി ഈ ദിനം ദീപം തെളിയിക്കുന്നു. അതിനടുത്തദിവസം ദീപാവലിയാണ്‌. വീടായ വീടുകളെല്ലാം പല-പല മധുരപലഹാരങ്ങളുടെ സ്വാദൂറുന്ന മണം കൊണ്ട്‌ നിറഞ്ഞുനില്‍ക്കുന്നു. കടകമ്പോളങ്ങളിലാകട്ടെ മധുരപലഹാരങ്ങളെ കൂടാതെ ഈശ്വരന്മാരുടെ പ്രത്യേകിച്ചും ലക്ഷ്മീ – ഗണേശന്മാരുടെ ചെറുമൂര്‍ത്തികളും വിലയ്ക്ക്‌ ലഭ്യമാണ്‌. കുട്ടികള്‍ക്കുള്ള പൂത്തിരി, മത്താപ്പൂ എന്നിവയും ഇഷ്ടംപോലെ ലഭ്യമാണ്‌. ദീപാവലി സന്ധ്യയില്‍ ലക്ഷ്മീ – ഗണേശന്മാര്‍ക്ക്‌ പൂജയുണ്ട്‌. വീടുകള്‍ക്ക്‌ പുറത്തു ചെറു ചെറുദീപങ്ങള്‍ നിരനിരയായി കത്തിച്ചുവയ്ക്കുന്നു. എവിടെ നോക്കിയാലും പ്രകാശം നിറഞ്ഞുനില്‍ക്കുന്നതായി തോന്നും. എങ്ങും ഓരോരോ കാഴ്ചകളുടെ പൂരം തന്നെ. രാത്രിയേറുന്നതോടുകൂടി കാര്‍ത്തികയും കറുത്തരാത്രിയും  പൂര്‍ണിമയേക്കാള്‍ ശോഭായമാനമായിത്തീരുന്നു.തിൻമയ്ക്ക് മേൽ നൻമ നേടിയ വിജയത്തിന്‍റെ ഉത്സവമാണ് ഭാരതീയർക്ക് ദീപാവലി. പടക്കം പൊട്ടിച്ചും, ദീപങ്ങൾ തെളിയിച്ചും, മധുരപലഹാരങ്ങൾ  വിതരണം ചെയ്തുമാണ് ദീപാവലി ആഘോഷം.

 ദീപാലി പിറ്റേന്നാകട്ടെ ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധനപര്‍വതത്തെ തന്റെ വിരലില്‍ പിടിച്ചുനിര്‍ത്തി ഇന്ദ്രന്റെ കോപത്തില്‍ മുങ്ങിയ വ്യാജവാസികളെ രക്ഷിച്ച ദിനമാണ്‌. കൃഷിക്കാരായ  ജനങ്ങൾ  തങ്ങളുടെ പശുക്കളെയും കാളകളെയും അലങ്കരിക്കുന്നു. ചാണംകൊണ്ട്‌ പര്‍വ്വതമുണ്ടാക്കി പൂജിക്കുന്നു. സഹോദരീ-സഹോദരദിനമാണ്‌ (ഭയ്യാ-ധുജ് ) പീന്നീട്‌ വരുന്നത്‌. വ്യാപാരികള്‍ പഴയ കണക്കുബുക്കുകള്‍ മാറ്റുന്നു. ലക്ഷീ പൂജനം ചെയ്യുന്നു.

 കൃഷിക്കാര്‍ക്കും ദീപാവലി മഹത്വമാര്‍ന്നതാണ്‌. വിളവുതയ്യാറാക്കി കൂട്ടുവയ്ക്കുന്നു. സമൃദ്ധിയുടെ ഈ പര്‍വ്വം ഉല്ലാസപൂര്‍വം കൊണ്ടാടുന്നു. പരമ്പര – അന്ധകാരത്തിന്റെ മേല്‍ പ്രകാശത്തിന്റെ വിജയം നിറഞ്ഞ ദീപോത്സവം സമാജത്തില്‍ ഉല്ലാസത്തിന്റെയും സഹോദരീ-സഹോദരപ്രേമത്തിന്റെയും സന്ദേശം പ്രസരിപ്പിക്കുന്നു. സാമൂഹികവും വ്യക്തിഗതവുമായി ഘോഷിക്കുന്ന ഈ പര്‍വ്വത്തിന്‌ ധാര്‍മ്മികവും, സാംസ്കൃതവും സാമാജികവുമായ വിശിഷ്ട ത കൂടിയുണ്ട്‌.

 ദീപാവലി ഘോഷിക്കുന്നതില്‍ പല പല വ്യത്യാസങ്ങള്‍ കാണാമെങ്കിലും ഈ ഉത്സവം തലമുറ-തലമുറയായി ലോകത്തെമ്പാടുമുള്ള  ഭാരതീയർ  ആഘോഷിച്ചുവരുന്നു.കൂടാതെ നേപ്പാൾ ,ശ്രീലങ്ക ,മ്യാന്മാർ ,മൗറീഷ്യസ് ,ഗയാന ,ട്രിനിഡാഡ് ,ടൊബാഗോ ,സുരിനാം ,മലേഷ്യ ,സിംഗപ്പൂർ ,ഫിജി എന്നിവിടങ്ങളിലും തദ്ദേശിയർക്കു  ദീപാവലിക്കു സമാനമായ  ആഘോഷമുണ്ട് .

അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് സ്വാഗതം ,  മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുര ഭാവത്തെ - തിന്മയെ - നിഗ്രഹിക്കുക,  തിന്മയെ മറികടന്ന് നന്മയിലേക്ക് വരൂ അതല്ലേ  ദീപാവലി നല്‍കുന്ന ശുഭ സന്ദേശം.

Thursday, May 25, 2017

ശിവാലയ ഓട്ടം

മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്.മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമൻ പിന്തിരിഞ്ഞ് ഗോവിന്ദാ… ഗോപാലാ……. എന്നു വിളിച്ച് ഓടൻ തുടങ്ങുകയും ചെയ്തു. മുനി ഭീമന്റെ സമീപമെത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോൾ അവിടെ ഒരു ശിവലിംഗം ഉയർന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങൾ ഉയർന്നു വരികയും ചെയ്തു. ഒടുവിൽ 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകുകയും ചെയ്തു. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യകതമായി. അദ്ദേഹം പിന്നീട് ധർമ്മപുത്രന്റെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ.100 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്.
ഒരാഴ്ച വൃതം നോറ്റശേഷമാണ് വഴിപാട് സമർപ്പിക്കുന്നത്.ശിവരാത്രി ദിവസത്തിന്റെ തലേ ദിവസം വൈകുന്നേരം തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേരത്തോടു കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കുന്നു. കാവി വസ്ത്രം, തുളസിമാല എന്നിവ അണിഞ്ഞ് കൈകളിൽ വിശറിയും ഭസ്മ സഞ്ചിയും കൊണ്ടാണ് ഭക്തർ ഈ ദർശനം നടത്തുന്നത്. ശിവക്ഷേത്രങ്ങളിലേക്കാണ് യാത്രയെങ്കിലും ഗോവിന്ദാ…. ഗോപാലാ…. എന്നീ വൈഷ്ണവമന്ത്രങ്ങളാണ് ഇവർ ഉരുവിടുന്നത്. അതിനാൽ ഇവർ ഗോവിന്ദന്മാർ എന്ന പേരിലും അറിയപ്പെടുന്നു.

ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവർ വ്രതശുദ്ധിയോടെ വേണം പന്ത്രണ്ടു ക്ഷേത്രങ്ങളിലും ദർശനം നടത്തുവാൻ. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച്ച മുൻപെങ്കിലും മാലയിടണം, കരിക്കും പഴങ്ങളുമാണ് ഇവർ ഭക്ഷണമായി സ്വീകരിക്കേണ്ടത്.
ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവരുടെ കൈയിൽ ഒരു വീശറി ഉണ്ട്, ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോഴും അവിടുത്തെ ദേവനെ വീശാൻ ആണ് ഇത്. വീശരി യുടെ രണ്ടറ്റത്തും തുണി സഞ്ചികൾ ഉണ്ടാകും ഒന്ന് ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും ഒന്ന് പണം സൂക്ഷിക്കാനും. പന്ത്രണ്ടു ക്ഷേത്രങ്ങളിലും കുളിച്ചിട്ടു വേണം ദർശനം നടത്താൻ, യാത്രക്കിടയിൽ പാനകം, ചുക്ക് വെള്ളം, ആഹാരം എന്നിവയും കൊടുക്കുന്നുണ്ട്. പ്രത്യേക പൂജകളും അഭിഷേകങ്ങളും അന്നവിടെ നടക്കുന്നുണ്ട്.

Saturday, April 1, 2017

ഹോളി

വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം

ഹോളി ആഘോഷം
ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം.

ഫെബ്രുവരിയുടെ അവസാനമോ മാർച്ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം

ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ്‌ ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹോളി പണ്ട്‌ കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാൽ പിന്നീട്‌ അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി.

ഐതിഹ്യങ്ങൾ

ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ്‌ ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട്‌ കഥകൾ. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ. ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ടുതാനും.

എങ്കിലും കൂടുതൽ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്നു വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശ്യപുവിന്റെ സഹോദരിയാണു ഹോളിഗയിൽ നിന്നാണ്‌ ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ.

ഹോളിഗയുടെ കഥ

പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട്‌ വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത്‌ ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്

കാമദേവന്റെ ത്യാഗം

കാമദേവൻ
പരമശിവനുമായി ബന്ധപ്പെട്ടാണ്‌ ഹോളിയുടെ മറ്റൊരു കഥയുള്ളത്‌. ബ്രഹ്മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കൽ, ദക്ഷൻ തന്റെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി. എന്നാൽ മകളെയും ഭർത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തന്റെ അച്ഛന്റെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ്‌ സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി. എന്നാൽ അവിടെ തന്റെ ഭർത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി. ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി അപമാനിതയായതിൽ മനം നൊന്ത്‌ സതി യാഗാഗ്നിയിൽ ചാടി മരിച്ചു. ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച്‌ തന്റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവൻ നശിപ്പിച്ചു.

എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ്‌ ആരംഭിച്ചു. തപസിന്റെ ശക്‌തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവന്റെ തപസ്‌ മുടക്കാൻ അപേക്ഷിച്ചു. സതിയുടെ പുനർജന്മമായ പാർവതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ്‌ നടക്കുന്ന സ്ഥലത്ത്‌ എത്തി മറഞ്ഞിരുന്ന്‌ കാമദേവൻ കാമാസ്‌ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ്‌ തുറന്ന്‌ കാമദേവനെ ഭസ്മമാക്കി. പിന്നീട്‌ തെറ്റുമനസ്സിലാക്കിയ ശിവൻ കാമദേവനു അനശ്വരത്വം നൽകുകയും ചെയ്‌തു. ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി തന്റെ തന്നെ ജീവിതം സമർപ്പിച്ച കാമദേവന്റെ സ്മരണയിൽ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്‌.

രാധാ-കൃഷ്ണ പ്രണയകാലം

കൃഷ്ണനും അമ്പാടി ഗോപസ്‌ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ്‌ ഹോളിയുടെ മറ്റൊരു കഥ. ബാലനായ കൃഷ്ണൻ തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളർത്തമ്മയായ യശോദയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്‌ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു കൃഷ്ണന്‌ അറിയേണ്ടത്‌. യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത്‌ കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്‌. കൃഷ്ണൻ അങ്ങനെ ചെയ്‌തു. ഹോളിയിൽ നിറങ്ങൾ വാരിവിതറുന്നത്‌ കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ വിശ്വാസം.

മദനോത്സവം

കാലാന്തരത്തിൽ ഈ ആഘോഷം മദനോത്സവരൂപത്തിൽ കൊണ്ടാടാൻ തുടങ്ങി.ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ആളുകൾ ഒരുസ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു.പൂജയ്ക്ക് ശേഷം എല്ലാവരും സംഗീതം,നൃത്തം,കളിതമാശകൾ എന്നിവയിലൂടെ പരസ്പരം രസിക്കുന്നു.സ്ത്രീകൾ പുരുഷന്മാരുടെ പുറത്ത് പീച്ചാംകുഴലിലൂടെ നിറം കലക്കിയ വെള്ളം തെറിപ്പിക്കുകയും പുരുഷന്മമർ സ്ത്രീകളുടെ കവിളിൽ പലനിറത്തിൽ ഉള്ള വർണ്ണപൊടികൾ വാരിപ്പൂശുന്നു.നര്ത്തകർ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷഭൂഷാദികൾ അൺഞ്ഞ് നൃത്തം ചെയ്യുന്നു.

ഹോളി വിഭവങ്ങൾ

ഹോളി ആഘോഷക്കാലത്ത് പൊതുവെ ഉണ്ടാക്കാറുള്ള ഒരു പരമ്പരാഗത പലഹാരമാണ് ഗുജിയ.പാനിയമാണ് താൻണ്ടൈ.എല്ലാ വീടുകളിലും വീട്ടമ്മമാർ ഗുജിയയും താൻണ്ടൈയും അത് പോലുള്ള മറ്റ് വിഭവങ്ങളും ഒരുക്കുന്നു.

Tuesday, November 1, 2016

എന്തിനായിരുന്നു ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചത്?

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
 
മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.
 
ദേവീമാഹാത്മ്യം
 
ദുർഗാദേവി മഹിഷാസുരനെതിരെ നേടിയ വിജയം വർണ്ണിക്കുന്ന സംസ്കൃത രചനയാണ്‌ ദേവീ മാഹാത്മ്യം. മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമാണിത്. അഞ്ചാം നൂറ്റാണ്ടിലാണ് ദേവീമാഹാത്മ്യം രചിച്ചത് എന്നാണ് വിശ്വസിച്ച് വരുന്നത്. ദുർഗ്ഗ സപ്തശക്തി എന്നാണ് ഈ രചനയുടെ മറ്റൊരു പേര്. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ആൺദൈവത്തിന്റെ പ്രഭാവം കുറഞ്ഞ ഇണയെന്ന നിലയ്ക്കുള്ള പുരുഷ മേധാവിത്വപരമായ സ്ഥിതിയിൽ നിന്ന്, ശക്തിയുടെ തന്നെ പ്രതീകം എന്ന അവസ്ഥയിലേയ്ക്കുള്ള അമ്മ ദൈവത്തിന്റെ പരിവർത്തനമാണ് രചനയിൽ പ്രതിപാദിച്ചിരിക്കുന്നത്.
 
മഹിഷാസുര മർദ്ദനം
 
ഐതീഹ്യമായതുകൊണ്ടാകാം ഇന്നും പലർക്കുമറിയില്ല എന്തിനാണ് ദുർഗാദേവി മഹിഷാസുരനെ വധിച്ചതെന്ന്. അതൊരു കഥ തന്നെയാണ്. പണ്ടൊക്കെ മുത്തശ്ശിമാർ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. 
 
അസുരന്മാരുടെ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ!. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്. അസുരന്മാരുടെ എല്ലാ ലക്ഷണവും നിറഞ്ഞ് നിന്നിരുന്നു. 
 
മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു.' ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം'. 
 
ഭഗവാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു, 'മകനേ... മരണമില്ലാത്തവൻ ആരുമില്ല. ഒരിക്കൽ എല്ലാത്തിനും അവസാനമുണ്ടാകും. എനിക്ക് അങ്ങനെ വരം നൽകാൻ കഴിയില്ല. മറ്റെന്തെങ്കിലും ചോദിച്ചാൽ സാധിച്ച് തരാം.'
 
ആലോചിച്ച ശേഷം മഹിഷാസുരൻ വീണ്ടും പറഞ്ഞു,' അങ്ങനെയെങ്കിൽ, ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അപലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല.' ബ്രഹ്മാവ് ആ വരം നൽകി അവനെ അനുഗ്രഹിച്ചു.
 
അങ്ങനെ അവന് മരണത്തോട് ഭയമില്ലാതായി. വലിയൊരു പട തന്നെ അവൻ സൃഷ്ടിച്ചു. വരബലത്തില്‍ അഹങ്കരിച്ച ഈ അസുരന്‍ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവന്‍മാര്‍ക്ക് ഇരിക്കപൊറുതി ഇല്ലാതെയായി. അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി.
 
അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച മഹാലക്ഷ്മി. മൂന്ന് നിറങ്ങളോടും ഭാവങ്ങളോടും കൂടിയായിരുന്നു അവളുടെ ജനനം. എല്ലാ ദേവതകളുടെയും സംരക്ഷണമായിരുന്നു അവൾ. പല രൂപങ്ങൾ ഉണ്ടായിരുന്നു ദേവിക്ക്. അതിലൊന്നായിരുന്നു ചണ്ഡികാദേവി. സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി. തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു. 
 
ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്. വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

Monday, October 24, 2016

തൃക്കാർത്തിക

ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്‍. യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്കന്ദത്തില്‍ പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്നിപുരാണത്തില്‍ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് വീടുകളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു.
സുബ്രഹ്മണ്യന്റെ ജന്മനാളാണെന്ന സങ്കല്പവും ചിലയിടങ്ങളില്‍ കാര്‍ത്തിക വിളക്ക് ആഘോഷത്തിന് പിന്നിലുണ്ട്. ദേവിയുടെ ഭര്‍ത്താവായിത്തീര്‍ന്ന പാലകന്‍ പിറന്ന ദിവസമായി വൃശ്ചികത്തിലെ കാര്‍ത്തികയെപ്പറ്റി ഭദ്രാകളിപ്പാട്ടിന്റെ വടക്കന്‍ ചചീരിലെ അഞ്ചാം കാതത്തില്‍ പറയുന്നു.
തെങ്ങും പ്ളാവും അടുത്തടുത്ത് നില്‍ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെള്ളയ്ക്ക (കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്‍, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുള്ള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും.
കാര്‍ത്തികയ്ക്ക് കാച്ചിലും ചെറുകിഴങ്ങും കരിയ്ക്കും കഴിക്കണം. താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.
വൃശ്ചികം ഒന്നു മുതല്‍ കാര്‍ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങഉം ഉണ്ട്. തെക്കതുകള്‍ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. (ഹൈന്ദവാചാര സംഹിത-ഡോ.എന്‍.അജിത് കുമാര്‍)
ഉപ്പനെച്ചത്തിന്റെ പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍ തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ സങ്കല്പിച്ച് പൂവ കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുള്ള മറ്റ് പൂവുകളും ഇടുന്നത്.
കാര്‍ത്തിക പൂക്കളം ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്‍) വൃശ്ചികം അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ് മാത്രമെ കളത്തില്‍ പാടുള്ളു. തലേനാള്‍ കാര്‍ത്തികപ്പൂവിന്റെ മൊട്ട് പറിച്ച് വെള്ളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്.
ഒരു പന്തം വയലിന്റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ തുണി പൊതിഞ്ഞുകെട്ടി മൂട്ടില്‍ പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്‍ക്കരയില്‍ തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട് ചിലയിടങ്ങളില്‍.
ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു കാണാം. കന്നിയിലെ കൃഷിയില്‍ കാര്‍ത്തികയോടെ മൂത്ത ഞാറുകളില്‍ കതിരുവരും. അത് കള്ളക്കതിരെന്നാണം പറയുക. അതിലെ പാലു കുടിക്കാന്‍ വരുന്ന ചാഴികള്‍ വയലിലെ പന്തത്തില്‍ വീണു ചാവും. അതാണ് വയലില്‍ കൊളുത്തി വയ്ക്കുന്നതിന് പിന്നിലെ കൃഷിതന്ത്രം.
തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികള്‍ ചാണകത്തിലാണം മുട്ടയിടുന്നത്. അതിനെ നശിപ്പിക്കാനാണ് ചാണകക്കുഴിയില്‍ പന്തം കൊഴുത്തി നിറുത്തുന്നത്. പ്രാണികളുടെ പ്രജനന കാലത്ത് തന്നെ നശിപ്പിക്കണമെന്ന കീടനിയന്ത്രണ തന്ത്രവും കാര്‍ത്തികച്ചടങ്ങില്‍ വിവക്ഷിക്കുന്നുവെന്നര്‍ത്ഥം.