Showing posts with label രാമായണം. Show all posts
Showing posts with label രാമായണം. Show all posts

Monday, July 16, 2018

രാമായണ പാരായണം - ഒന്നാം ദിവസം

കര്‍ക്കടകം- 1

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്‌നമസ്തു

ബാലകാണ്ഡം

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍.

ഇഷ്ടദേവതാവന്ദനം

കാരണനായ ഗണനായകന്‍ ബ്രഹ്മാത്മകന്‍
കാരുണ്യമൂര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍
വാരണമുഖന്‍ മമ പ്രാരബ്ധവിഘ്‌നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.
വാണീടുകനാരതമെന്നുടെ നാവുതന്മേല്‍
വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേല്‍ നടനംചെ-
യ്കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരന്‍
വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!
വാരിധിതന്നില്‍ തിരമാലകളെന്നപോലെ
ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേല്‍ മംഗലശീലേ!
വൃഷ്ണിവംശത്തില്‍ വന്നു കൃഷ്ണനായ്പിറന്നോരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രന്‍ വ്യാസന്‍
വിഷ്ണു താന്‍തന്നെ വന്നു പിറന്ന തപോധനന്‍
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍.
നാന്മറനേരായ രാമായണം ചമയ്ക്കയാല്‍
നാന്മുഖനുളളില്‍ ബഹുമാനത്തെ വളര്‍ത്തൊരു
വാല്മീകികവിശ്രേഷ്ഠനാകിയ മഹാമുനി-
താന്‍ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേന്‍,
രാമനാമത്തെസ്സദാകാലവും ജപിച്ചീടും
കാമനാശനനുമാവല്ലഭന്‍ മഹേശ്വരന്‍
ശ്രീമഹാദേവന്‍ പരമേശ്വരന്‍ സര്‍വ്വേശ്വരന്‍
മാമകേ മനസി വാണീടുവാന്‍ വന്ദിക്കുന്നേന്‍.
വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും മമ
വാരിജമകളായ ദേവിയും തുണയ്ക്കേണം.
കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.
ആധാരം നാനാജഗന്മയനാം ഭഗവാനും
വേദമെന്നല്ലോ ഗുരുനാഥന്‍താനരുള്‍ചെയ്തു;
വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു
ഭൂദേവപ്രവരന്മാര്‍ തദ്വരശാപാദികള്‍
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാര്‍ക്കും മതം,
വേദജ്ഞോത്തമന്മാര്‍മാഹാത്മ്യങ്ങളാര്‍ക്കു ചൊല്ലാം?
പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ-
പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാന്‍
വേദസമ്മിതമായ് മുമ്പുളള ശ്രീരാമായണം
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍.
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം
ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്ക്കേണം.
സുരസംഹതിപതി തദനു സ്വാഹാപതി
വരദന്‍ പിതൃപതി നിരൃതി ജലപതി
തരസാ സദാഗതി സദയം നിധിപതി
കരുണാനിധി പശുപതി നക്ഷത്രപതി
സുരവാഹിനീപതിതനയന്‍ ഗണപതി
സുരവാഹിനീപതി പ്രമഥഭൂതപതി
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി
ജഗതി ചരാചരജാതികളായുളേളാരും
അഗതിയായോരടിയന്നനുഗ്രഹിക്കേണ-
മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേന്‍.
അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍
മല്‍ഗുരുനാഥനനേകാന്തേവാസികളോടും
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമരാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുളേളാരും.
രാമായണമാഹാത്മ്യംശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടിഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍
രാമനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുളള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുള്‍ചെയ്തു. 80
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍.
വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍
നാണമാകുന്നുതാനുമതിനെന്താവതിപ്പോള്‍?
വേദശാസൃതങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു
ചേതസി സര്‍വം ക്ഷമിച്ചീടുവിന്‍ കൃപയാലെ.
അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യായനംചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്ലാം
മുക്തിസാധിക്കുമസന്ദിഗ്ദ്ധമിജ്ജന്മംകൊണ്ടേ. 90
ഭക്തികൈക്കൊണ്ടു കേട്ടുകൊളളുവിന്‍ ചൊല്ലീടുവ-
നെത്രയും ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍
ബദ്ധരാകിലുമുടന്‍ മുക്തരായ് വന്നുകൂടും.
ധാത്രീഭാരത്തെത്തീര്‍പ്പാന്‍ ബ്രഹ്മാദിദേവഗണം
പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്‌തോത്രംചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേല്‍ യോഗനിദ്രചെയ്തീടും നാരായണന്‍
ധാത്രീമണ്ഡലംതന്നില്‍ മാര്‍ത്താണ്ഡകുലത്തിങ്കല്‍
ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ് 100
രാത്രിചാരികളായ രാവണാദികള്‍തമ്മെ
മാര്‍ത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം
ആദ്യമാം ബ്രഹ്മത്വംപ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേന്‍.
ഉമാമഹേശ്വരസംവാദം
കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
ലാലയേ രത്‌നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
നീലലോഹിതം നിജ ഭര്‍ത്താരം വിശ്വേശ്വരം
വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ 110
”സര്‍വാത്മാവായ നാഥ! പരമേശ്വര! പോറ്റീ !
സര്‍വ്വലോകാവാസ ! സര്‍വ്വേശ്വര! മഹേശ്വരാ!
ശര്‍വ! ശങ്കര! ശരണാഗതജനപ്രിയ!
സര്‍വ്വദേവേശ ! ജഗന്നായക! കാരുണ്യാബ്ധേ!
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുളള ജനം
ഭക്തിവിശ്വാസശുശ്രൂഷാദികള്‍ കാണുന്തോറും
ഭക്തന്മാര്‍ക്കുപദേശംചെയ്തീടുമെന്നു കേള്‍പ്പു.
ആകയാല്‍ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. 120
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.
തത്ത്വഭേദങ്ങള്‍ വിജ്ഞാനജ്ഞാനവൈരാഗ്യാദി
ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
ക്ഷേത്രോപവാസഫലം യാഗാദികര്‍മ്മഫലം
തീര്‍ത്ഥസ്‌നാനാദിഫലം ദാനധര്‍മ്മാദിഫലം
വര്‍ണ്ണധര്‍മ്മങ്ങള്‍ പുനരാശ്രമധര്‍മ്മങ്ങളു-
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
നിന്തിരുവടിയരുള്‍ചെയ്തു കേട്ടതുമൂലം
സന്തോഷമകതാരിലേറ്റവുമുണ്ടായ്വന്നു. 130
ബന്ധമോക്ഷങ്ങളുടെ കാരണം കേള്‍ക്കമൂല-
മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ!
ശ്രീരാമദേവന്‍തന്റെ മാഹാത്മ്യം കേള്‍പ്പാനുള്ളില്‍
പാരമാഗ്രഹമുണ്ടു, ഞാനതിന്‍ പാത്രമെങ്കില്‍
കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ-
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊല്‍വാന്‍.”

ഈശ്വരി കാര്‍ത്ത്യായനി പാര്‍വ്വതി ഭഗവതി
ശാശ്വതനായ പരമേശ്വരനോടീവണ്ണം
ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവന്‍ ജഗ-
ദാദ്യനീശ്വരന്‍ മന്ദഹാസംപൂണ്ടരുള്‍ചെയ്തുഃ 140
”ധന്യേ! വല്ലഭേ! ഗിരികന്യേ! പാര്‍വ്വതീ! ഭദ്രേ!
നിന്നോളമാര്‍ക്കുമില്ല ഭഗവത്ഭക്തി നാഥേ!
ശ്രീരാമദേവതത്വം കേള്‍ക്കേണമെന്നു മന-
താരിലാകാംക്ഷയുണ്ടായ്വന്നതു മഹാഭാഗ്യം.
മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും
നിന്നാണെ കേള്‍പ്പിച്ചതില്ലാരെയും ജീവനാഥേ!
അത്യന്തം രഹസ്യമായുളെളാരു പരമാത്മ-
തത്വാര്‍ത്ഥമറികയിലാഗ്രഹമുണ്ടായതും
ഭക്ത്യതിശയം പുരുഷോത്തമന്‍തങ്കലേറ്റം
നിത്യവും ചിത്തകാമ്പില്‍ വര്‍ദ്ധിക്കതന്നെ മൂലം. 150
ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു
സാരമായുളള തത്വം ചൊല്ലുവന്‍ കേട്ടാലും നീ.
ശ്രീരാമന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
പുരുഷന്‍ പ്രകൃതിതന്‍കാരണനേകന്‍ പരന്‍
പുരുഷോത്തമന്‍ ദേവനനന്തനാദിനാഥന്‍
ഗുരുകാരുണ്യമൂര്‍ത്തി പരമന്‍ പരബ്രഹ്മം
ജഗദുത്ഭവസ്ഥിതിപ്രളയകര്‍ത്താവായ
ഭഗവാന്‍ വിരിഞ്ചനാരായണശിവാത്മകന്‍
അദ്വയനാദ്യനജനവ്യയനാത്മാരാമന്‍
തത്ത്വാത്മാ സച്ചിന്മയന്‍ സകളാത്മകനീശന്‍ 160
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍
മാനസം മായാതമസ്സംവൃതമാകമൂലം.
സീതാരാഘവമരുല്‍സുനു സംവാദം മോക്ഷ-
സാധനം ചൊല്‍വന്‍ നാഥേ! കേട്ടാലും തെളിഞ്ഞു നീ.
എങ്കിലോ മുന്നം ജഗന്നായകന്‍ രാമദേവന്‍
പങ്കജവിലോചനന്‍ പരമാനന്ദമൂര്‍ത്തി
ദേവകണ്ടകനായ പങ്ക്തികണ്ഠനെക്കൊന്നു
ദേവിയുമനുജനും വാനരപ്പടയുമായ്
സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു
സത്താമാത്രാത്മാ സകലേശനവ്യയന്‍ നാഥന്‍ 170
മിത്രപുത്രാദികളാം മിത്രവര്‍ഗ്ഗത്താലുമ-
ത്യുത്തമന്മാരാം സഹോദരവീരന്മാരാലും
കീകസാത്മജാസുതനാം വിഭീഷണനാലും
ലോകേശാത്മജനായ വസിഷ്ഠാദികളാലും
സേവ്യനായ് സൂര്യകോടിതുല്യതേജസാ ജഗ-
ച്ഛ്റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു
നിര്‍മ്മലമണിലസല്‍കാഞ്ചനസിംഹാസനേ
തന്മായാദേവിയായ ജാനകിയോടുംകൂടി
സാനന്ദമിരുന്നരുളീടുന്നനേരം പര-
മാനന്ദമൂര്‍ത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ 180
വന്ദിച്ചുനില്‍ക്കുന്നൊരു ഭക്തനാം ജഗല്‍പ്രാണ-
നന്ദനന്‍തന്നെത്തൃക്കണ്‍പാര്‍ത്തു കാരുണ്യമൂര്‍ത്തി
മന്ദഹാസവുംപൂണ്ടു സീതയോടരുള്‍ചെയ്തുഃ
”സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ?
നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവന്‍-
തന്നുളളിലഭേദയായുളേളാരു ഭക്തി നാഥേ!
ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി-
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ.
നിര്‍മ്മലനാത്മജ്ഞാനത്തിന്നിവന്‍ പാത്രമത്രേ
നിര്‍മ്മമന്‍ നിത്യബ്രഹ്മചാരികള്‍മുമ്പനല്ലോ. 190
കല്‍മഷമിവനേതുമില്ലെന്നു ധരിച്ചാലും
തന്മനോരഥത്തെ നീ നല്‍കണം മടിയാതെ.
നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോള്‍
ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ!
ബ്രഹ്മോപദേശത്തിനു ദുര്‍ല്ലഭം പാത്രമിവന്‍
ബ്രഹ്മജ്ഞാനാര്‍ത്ഥികളിലുത്തമോത്തമനെടോ!”

ഹനുമാനു തത്ത്വോപദേശം

ശ്രീരാമദേവനേവമരുളിച്ചെയ്തനേരം
മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ
”വീരന്മാര്‍ ചൂടും മകുടത്തിന്‍ നായകക്കല്ലേ!
ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. 200
സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
നിശ്ചലം സര്‍വ്വോപാധിനിര്‍മ്മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുളളില്‍ ശ്രീരാമദേവനെ നീ.
നിര്‍മ്മലം നിരഞ്ജനം നിര്‍ഗ്ഗുണം നിര്‍വികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികളില്ലാതൊരു വസ്തു പര-
ബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
സര്‍വ്വകാരണം സര്‍വവ്യാപിനം സര്‍വാത്മാനം
സര്‍വജ്ഞം സര്‍വേശ്വരം സര്‍വസാക്ഷിണം നിത്യം 210
സര്‍വദം സര്‍വാധാരം സര്‍വദേവതാമയം
നിര്‍വികാരാത്മാ രാമദേവനെന്നറിഞ്ഞാലും.
എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുളളവണ്ണം
നിന്നോടു,ഞാന്‍താന്‍ മൂലപ്രകൃതിയായതെടോ.
എന്നുടെ പതിയായ പരമാത്മാവുതന്റെ
സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു.
തത്സാന്നിദ്ധ്യംകൊണ്ടെന്നാല്‍ സൃഷ്ടമാമവയെല്ലാം
തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം.
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ. 220
ഭൂമിയില്‍ ദിനകരവംശത്തിലയോദ്ധ്യയില്‍
രാമനായ് സര്‍വ്വേശ്വരന്‍താന്‍ വന്നു പിറന്നതും
ആമിഷഭോജികളെ വധിപ്പാനായ്‌ക്കൊണ്ടു വി-
ശ്വാമിത്രനോടുംകൂടെയെഴുന്നളളിയകാലം
ക്രൂദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ-
പ്പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം
ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു
സിദ്ധസങ്കല്‍പനായ കൗശികമുനിയോടും
മൈഥിലരാജ്യത്തിനായ്‌ക്കൊണ്ടു പോകുന്നനേരം
ഗൗതമപത്‌നിയായോരഹല്യാശാപം തീര്‍ത്തു 230
പാദപങ്കജം തൊഴുതവളെയനുഗ്രഹി-
ച്ചാദരപൂര്‍വ്വം മിഥിലാപുരമകംപുക്കു
മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടന്‍
മല്‍പാണിഗ്രഹണവുംചെയ്തു പോരുന്നനേരം
മുല്‍പ്പുക്കുതടുത്തോരു ഭാര്‍ഗ്ഗവരാമന്‍തന്റെ
ദര്‍പ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു
ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ
താതനുമഭിഷേകത്തിന്നാരംഭിച്ചാനതു
മാതാവു കൈകേയിയും മുടക്കിയതുമൂലം
ഭ്രാതാവാകിയ സുമിത്രാത്മജനോടുംകൂടെ 240
ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതന്‍
വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം
ചിത്തശോകത്തോടുദകക്രിയാദികള്‍ ചെയ്തു
ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്
ദണ്ഡകാരണ്യംപുക്കകാലത്തു വിരാധനെ
ഖണ്ഡിച്ചു കുഭോത്ഭവനാമഗസ്ത്യനെക്കണ്ടു
പണ്ഡിതന്മാരാം മുനിമാരോടു സത്യംചെയ്തു
ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാന്‍
പുക്കിതു പഞ്ചവടി തത്ര വാണീടുംകാലം
പുഷ്‌കരശരപരവശയായ് വന്നാളല്ലോ 250
രക്ഷോനായകനുടെ സോദരി ശൂര്‍പ്പണഖാ;
ലക്ഷ്മണനവളുടെ നാസികാച്ഛേദംചെയ്തു.
ഉന്നതനായ ഖരന്‍ കോപിച്ചു യുദ്ധത്തിന്നായ്-
വന്നിതു പതിന്നാലുസഹസ്രം പടയോടും,
കോന്നിതു മൂന്നേമുക്കാല്‍നാഴികകൊണ്ടുതന്നെ;
പിന്നെശ്ശൂര്‍പ്പണഖ പോയ് രാവണനോടു ചൊന്നാള്‍.
മായയാ പൊന്മാനായ് വന്നോരു മാരീചന്‍തന്നെ-
സ്സായകംപ്രയോഗിച്ചു സല്‍ഗതികൊടുത്തപ്പോള്‍
മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം
മായാമാനുഷന്‍ ജടായുസ്സിനു മോക്ഷം നല്‍കി. 260
രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു
മോക്ഷവും കൊടുത്തു പോയ് ശബരിതന്നെക്കണ്ടു.
മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം.
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി
മിത്രനന്ദനനായ സുഗ്രീവന്‍തന്നെക്കണ്ടു
മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു
വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു
സീതാന്വേഷണംചെയ്തു ദക്ഷിണജലധിയില്‍
സേതുബന്ധനം ലങ്കാമര്‍ദ്ദനം പിന്നെശ്ശേഷം 270
പുത്രമിത്രാമാത്യഭൃത്യാദികളൊടുംകൂടി
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
ശസൃതേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം
ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു
പാവകന്തങ്കല്‍ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
പാവകനോടു വാങ്ങി പുഷ്പകം കരയേറി
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാല്‍
പൂജ്യനായിരുന്നരുളീടിനാന്‍ ജഗന്നാഥന്‍. 280
യാജ്യനാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സാ-
യൂജ്യമാം മോക്ഷത്തെ നല്‍കീടിനാന്‍ നിരഞ്ജനന്‍.
ഏവമാദികളായ കര്‍മ്മങ്ങള്‍ തന്റെ മായാ-
ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം.
രാമനാം ജഗല്‍ഗുരു നിര്‍ഗുണന്‍ ജഗദഭി-
രാമനവ്യയനേകനാനന്ദാത്മകനാത്മാ-
രാമനദ്വയന്‍ പരന്‍ നിഷ്‌കളന്‍ വിദ്വദ്ഭൃംഗാ-
രാമനച്യുതന്‍ വിഷ്ണുഭഗവാന്‍ നാരായണന്‍
ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചില്‍
ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല. 290
നിര്‍വികാരാത്മാ തേജോമയനായ് നിറഞ്ഞൊരു
നിര്‍വൃതനൊരുവസ്തു ചെയ്കയില്ലൊരുനാളും.
നിര്‍മ്മലന്‍ പരിണാമഹീനനാനന്ദമൂര്‍ത്തി
ചിന്മയന്‍ മായാമയന്‍തന്നുടെ മായാദേവി
കര്‍മ്മങ്ങള്‍ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു
തന്മായാഗുണങ്ങളെത്താനനുസരിക്കയാല്‍.”

അഞ്ജനാതനയനോടിങ്ങനെ സീതാദേവി
കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം
അഞ്ജസാ രാമദേവന്‍ മന്ദഹാസവുംചെയ്തു
മഞ്ജുളവാചാ പുനരവനോടുരചെയ്തുഃ 300
”പരമാത്മാവാകുന്ന ബിംബത്തില്‍ പ്രതിബിംബം
പരിചില്‍ കാണുന്നതു ജീവാത്മാവറികെടോ!
തേജോരൂപിണിയാകുമെന്നുടെ മായതങ്കല്‍
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!
ഓരോരോ ജലാശയേ കേവലം മഹാകാശം
നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ
സാക്ഷാലുളെളാരു പരബ്രഹ്മമാം പരമാത്മാ
സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!
തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥംകൊണ്ടു മമ
തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍. 310
മത്ഭക്തനായുളളവനിപ്പദമറിയുമ്പോള്‍
മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും.
മത്ഭക്തിവിമുഖന്മാര്‍ ശാസ്ത്രഗര്‍ത്തങ്ങള്‍തോറും
സത്ഭാവംകൊണ്ടു ചാടിവീണു മോഹിച്ചീടുന്നു.
ഭക്തിഹീനന്മാര്‍ക്കു നൂറായിരം ജന്മംകൊണ്ടും
സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും.
പരമാത്മാവാം മമ ഹൃദയം രഹസ്യമി-
തൊരുനാളും മത്ഭക്തിഹീനന്മാരായ് മേവീടും
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ!
പരമമുപദേശമില്ലിതിന്മീതെയൊന്നും.” 320
ശ്രീമഹാദേവന്‍ മഹാദേവിയോടരുള്‍ചെയ്ത
രാമമാഹാത്മ്യമിദം പവിത്രം ഗുഹ്യതമം
സാക്ഷാല്‍ ശ്രീരാമപ്രോക്തം വായുപുത്രനായ്‌ക്കൊണ്ടു
മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം
സര്‍വ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം
ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം
ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാന്‍
മുക്തനായ്വരുമൊരു സംശയമില്ല നാഥേ!
ബ്രഹ്മഹത്യാദിദുരിതങ്ങളും ബഹുവിധം
ജന്മങ്ങള്‍തോറുമാര്‍ജ്ജിച്ചുളളവയെന്നാകിലും 330
ഒക്കവേ നശിച്ചുപോമെന്നരുള്‍ചെയ്തു രാമന്‍
മര്‍ക്കടപ്രവരനോടെന്നതു സത്യമല്ലോ.
ജാതിനിന്ദിതന്‍ പരസ്ത്രീധനഹാരി പാപി
മാതൃഘാതകന്‍ പിതൃഘാതകന്‍ ബ്രഹ്മഹന്താ
യോഗിവൃന്ദാപകാരി സുവര്‍ണ്ണസ്‌തേയി ദുഷ്ടന്‍
ലോകനിന്ദിതനേറ്റമെങ്കിലുമവന്‍ ഭക്ത്യാ
രാമനാമത്തെജ്ജപിച്ചീടുകില്‍ ദേവകളാ-
ലാമോദപൂര്‍വം പൂജ്യനായ്വരുമത്രയല്ല
യോഗീന്ദ്രന്മാരാല്‍പ്പോലുമലഭ്യമായ വിഷ്ണു-
ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും. 340
ഇങ്ങനെ മഹാദേവനരുള്‍ചെയ്തതു കേട്ടു
തിങ്ങീടും ഭക്തിപൂര്‍വമരുള്‍ചെയ്തിതു ദേവിഃ
”മംഗലാത്മാവേ! മമ ഭര്‍ത്താവേ! ജഗല്‍പതേ!
ഗംഗാകാമുക! പരമേശ്വര! ദയാനിധേ!
പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്
ധന്യയായ് കൃതാര്‍ത്ഥയായ് സ്വസ്ഥയായ്വന്നേനല്ലോ.
ഛിന്നമായ്വന്നു മമ സന്ദേഹമെല്ലാമിപ്പോള്‍
സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാല്‍.
നിര്‍മ്മലം രമാതത്ത്വാമൃതമാം രസായനം
ത്വന്മുഖോദ്ഗളിതമാവോളം പാനംചെയ്താലും 350
എന്നുളളില്‍ തൃപ്തിവരികെന്നുളളതില്ലയല്ലോ
നിര്‍ണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാന്‍.
സംക്ഷേപിച്ചരുള്‍ചെയ്തതേതുമേ മതിയല്ല
സാക്ഷാല്‍ ശ്രീനാരായണന്‍തന്മാഹാത്മ്യങ്ങളെല്ലാം.
കിംക്ഷണന്മാര്‍ക്ക് വിദ്യയുണ്ടാകയില്ലയല്ലോ
കിങ്കണന്മാരായുളേളാര്‍ക്കര്‍ത്ഥമുണ്ടായ്വരാ
കിമൃണന്മാര്‍ക്കു നിത്യസൗഖ്യവുമുണ്ടായ്വരാ,
കിംദേവന്മാര്‍ക്കു ഗതിയും പുനരതുപോലെ.
ഉത്തമമായ രാമചരിതം മനോഹരം
വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ.” 360
ഈശ്വരന്‍ ദേവന്‍ പരമേശ്വരന്‍ മഹേശ്വര-
നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം
മന്ദഹാസവുംചെയ്തു ചന്ദ്രശേഖരന്‍ പരന്‍
സുന്ദരഗാത്രി! കേട്ടുകൊളളുകെന്നരുള്‍ചെയ്തു.
വേധാവുശതകോടി ഗ്രന്ഥവിസ്തരം പുരാ
വേദസമ്മിതമരുള്‍ചെയ്തിതു രാമായണം.
വാല്മീകി പുനരിരുപത്തുനാലായിരമായ്
നാന്മുഖന്‍നിയോഗത്താല്‍ മാനുഷമുക്ത്യര്‍ത്ഥമായ്
ചമച്ചാനതിലിതു ചുരുക്കി രാമദേവന്‍
നമുക്കുമുപദേശിച്ചീടിനാനേവം പുരാ. 370
അദ്ധ്യാത്മരാമായണമെന്ന പേരിതി, ന്നിദ-
മദ്ധ്യയനംചെയ്യുന്നോര്‍ക്കദ്ധ്യാത്മജ്ഞാനമുണ്ടാം.
പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും
മിത്രസമ്പത്തി കീര്‍ത്തി രോഗശാന്തിയുമുണ്ടാം.
ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു-
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.
പംക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി
ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 380
വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍;
വേധാവും മൂഹൂര്‍ത്തമാത്രം വിചാരിച്ചശേഷം
‘വേദനായകനായ നാഥനോടിവ ചെന്നു
വേദനംചെയ്കയെന്യേ മറ്റൊരു കഴിവില്ല.’
സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
ക്ഷീരസാഗരതീരംപ്രാപിച്ചു ദേവമുനി-
മാരോടുകൂടി സ്തുതിച്ചീടിനാന്‍ ഭക്തിയോടെ.
ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
ദേവനെസ്സേവിച്ചിരുന്നീടിനാന്‍ വഴിപോലെ. 390
അന്നേരമൊരു പതിനായിരമാദിത്യന്മാ-
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവന്‍തനിക്കന്‍പൊടു കാണായ്വന്നു
പത്മലോചനനായ പത്മനാഭനെ മോദാല്‍.
മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും
ദുര്‍ദ്ദര്‍ശമായ ഭഗവദ്രൂപം മനോഹരം
ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂര്‍ണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം 400
വത്സലാഞ്ഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടിസൂത്ര
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം, കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവന്‍ മധുരസ്ഫുടാക്ഷരം
സരസപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍ഃ
”പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ. 410
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കും
സാക്ഷാല്‍ കാണ്മതിന്നരുതാതൊരു പാദാംബുജം
നിത്യവും നമോസ്തു തേ സകലജഗല്‍പതേ!
നിത്യനിര്‍മ്മലമൂര്‍ത്തേ ! നിത്യവും നമോസ്തു തേ.
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
നിത്യവും നമോസ്തു തേ കരുണാജലനിധേ!
വിശ്വത്തെസ്സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
സ്വാദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും. 420
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവല്‍പാദ-
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ-
മന്തികേ കാണായ്വന്നിതെനിക്കു ഭാഗ്യവശാല്‍.
സത്വചിത്തന്മാരായ താപസശ്രേഷ്ഠന്മാരാല്‍
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിന്‍-
പാദപങ്കജങ്ങളില്‍ ഭക്തി സംഭവിക്കണം
ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
സംസാരാമയപരിതപ്തമാനസന്മാരാം
പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും 430
മരണമോര്‍ത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു.
മരണകാലേ തവ തരുണാരുണസമ-
ചരണസരസിജസ്മരണമുണ്ടാവാനായ്
തരിക വരം നാഥ! കരുണാകര! പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!
പരമാനന്ദമൂര്‍ത്തേ! ഭഗവന്‍ ജയ ജയ!
പരമ! പരമാത്മന്‍! പരബ്രഹ്മാഖ്യ! ജയ.
പരചിന്മയ!പരാപര! പത്മാക്ഷ! ജയ
വരദ! നാരായണ! വൈകുണ്ഠ! ജയ ജയ.” 440

ചതുരാനനനിതി സ്തുതിചെയ്‌തൊരുനേരം
മധുരതരമതിവിശദസ്മിതപൂര്‍വം
അരുളിച്ചെയ്തു നാഥ ”നെന്തിപ്പോളെല്ലാവരു-
മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ
വരുവാന്‍ മൂലമതു ചൊല്ലുകെ”ന്നതു കേട്ടു
സരസീരുഹഭവനീവണ്ണമുണര്‍ത്തിച്ചുഃ
”നിന്തിരുവടിതിരുവുളളത്തിലേറാതെക-
ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുളളതു പോറ്റീ!
എങ്കിലുമുണര്‍ത്തിക്കാം മൂന്നു ലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ! 450
പൗലസ്ത്യതനയനാം രാവണന്‍തന്നാലിപ്പോള്‍
ത്രൈലോക്യം നശിച്ചിതു മിക്കതും ജഗല്‍പതേ!
മദ്ദത്തവരബലദര്‍പ്പിതനായിട്ടതി-
നിര്‍ദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍.
യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 460
ധര്‍മ്മപത്‌നികളേയും പിടിച്ചുകൊണ്ടുപോയാന്‍
ധര്‍മ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതും മുന്നേ കല്‍പിതം ജഗല്‍പതേ!
നിന്തിരുവടിതന്നെ മര്‍ത്ത്യനായ്പിറന്നിനി
പങ്ക്തികന്ധരന്‍തന്നെക്കൊല്ലണം ദയാനിധേ!
സന്തതം നമസ്‌കാരമതിനു മധുരിപോ!
ചെന്തളിരടിയിണ ചിന്തിക്കായ്വരേണമേ!”
പത്മസംഭവനിത്ഥമുണര്‍ത്തിച്ചതുനേരം
പത്മലോചനന്‍ ചിരിച്ചരുളിച്ചെയ്താനേവംഃ 470
”ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
പുത്രലാഭാര്‍ത്ഥം പുരാ കശ്യപപ്രജാപതി.
ദത്തമായിതു വരം സുപ്രസന്നേന മയാ
തദ്വചസ്സത്യം കര്‍ത്തുമുദ്യോഗമദൈ്യവ മേ.
കശ്യപന്‍ ദശരഥനാംനാ രാജന്യേന്ദ്രനായ്
കാശ്യപീതലേ തിഷ്ഠത്യധുനാ വിധാതാവേ!
തസ്യ വല്ലഭയാകുമദിതി കൗസല്യയും
തസ്യാമാത്മജനായി വന്നു ഞാന്‍ ജനിച്ചീടും.
മത്സഹോദരന്മാരായ് മൂന്നുപേരുണ്ടായ്വരും
ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരി 480
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുലനാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ്വരു-
മാദിതേയന്മാര്‍ കപിവീരരായ്പിറക്കേണം.
മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു
വേദന തീര്‍പ്പനെന്നാ”ലെന്നരുള്‍ചെയ്തു നാഥന്‍
വേദനായകനെയുമയച്ചു മറഞ്ഞപ്പോള്‍
വേധാവും നമസ്‌കരിച്ചീടിനാന്‍ ഭക്തിയോടെ.
ആദിതേയന്മാരെല്ലാമാധിതീര്‍ന്നതുനേര-
മാദിനായകന്‍ മറഞ്ഞീടിനോരാശനോക്കി 490
ഖേദവുമകന്നുളളില്‍ പ്രീതിപൂണ്ടുടനുടന്‍
മേദിനിതന്നില്‍ വീണു നമസ്‌കാരവുംചെയ്താര്‍.
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
വേധാവും ദേവകളോടരുളിച്ചെയ്താനേവം.
”ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ്വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയില്‍;
വാസവാദികളായ നിങ്ങളുമൊന്നുവേണം.
വാസുദേവനെപ്പരിചരിച്ചുകൊള്‍വാനായി-
ദ്ദാസഭാവേന ഭൂമീമണ്ഡലേ പിറക്കേണം, 500
മാനിയാം ദശാനനഭൃത്യന്മാരാകും യാതു-
ധാനവീരന്മാരോടു യുദ്ധം ചെയ്വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും
വാനരപ്രവരന്മാരായേതും വൈകിടാതെ.”
സുത്രാമാദികളോടു പത്മസംഭവന്‍ നിജ
ഭര്‍ത്തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ്
സത്യലോകവും പുക്കു സത്വരം ധരിത്രിയു-
മസ്തസന്താപമതിസ്വസ്ഥയായ് മരുവിനാള്‍.
തല്‍ക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ-
രൊക്കവേ ഹരിരൂപധാരികളായാരല്ലോ. 510
മാനുഷഹരിസഹായാര്‍ത്ഥമായ് തതസ്തതോ
മാനുഷഹരിസമവേഗവിക്രമത്തോടെ
പര്‍വതവൃക്ഷോപലയോധികളായുന്നത-
പര്‍വതതുല്യശരീരന്മാരായനാരതം
ഈശ്വരം പ്രതീക്ഷമാണന്മാരായ് പ്ലവഗവൃ-
ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ.

രാമായണ പാരായണം - രണ്ടാം ദിവസം

പുത്രലാഭാലോചന
അമിതഗുണവാനാം നൃപതി ദശരഥ-
നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍
അമരകുലവരതുല്യനാം സത്യപരാ-
ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ 520
കൗസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്ക്കേറ്റം
കൗശല്യമേറീടും കൈകേയിയും സുമിത്രയും
ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്‌
കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂതലമെല്ലാം
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
പരിതാപേന ഗുരുചരണാംബുജദ്വയം
വന്ദനംചെയ്തു ചോദിച്ചീടിനാ’നെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുള്‍ചെയ്തീടണം.
പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദിസ-
മ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും.’ 530
വരിഷ്ഠതപോധനന്‍ വസിഷ്ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുള്‍ചെയ്തുഃ
“നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു-
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോള്‍
ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ടികര്‍മ്മം.”
പുത്രകാമേഷ്ടി
തന്നുടെ ഗുരുവായ വസിഷ്ഠനിയോഗത്താല്‍
മന്നവന്‍ വൈഭണ്ഡകന്‍തന്നെയും വരുത്തിനാന്‍.
ശാലയും പണിചെയ്തു സരയൂതീരത്തിങ്കല്‍
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 540
അശ്വമേധാനന്തരം താപസന്മാരുമായി
വിശ്വനായക സമനാകിയ ദശരഥന്‍
വിശ്വനായകനവതാരംചെയ്‌വതിനായി
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികര്‍മ്മം
ഋശ്യശൃംഗനാല്‍ ചെയ്യപ്പെട്ടൊരാഹൂതിയാലേ
വിശ്വദേവതാഗണം തൃപ്തമായതുനേരം
ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി
ഹോമകുണ്ഡത്തില്‍നിന്നു പൊങ്ങിനാന്‍ വഹ്നിദേവന്‍.
‘താവകം പുത്രീയമിപ്പായസം കൈക്കൊള്‍ക നീ
ദേവനിര്‍മ്മിത’മെന്നു പറഞ്ഞു പാവകനും 550
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
ദക്ഷിണചെയ്തു സമസ്കരിച്ചു ഭക്തിപൂര്‍വം
ദക്ഷനാം ദശരഥന്‍ തല്‍ക്ഷണം പ്രീതിയോടെ
കൗസല്യാദേവിക്കര്‍ദ്ധം കൊടുത്തു നൃപവരന്‍
ശൈഥില്യാത്മനാപാതി നല്‍കിനാന്‍ കൈകേയിക്കും.
അന്നേരം സുമിത്രയ്ക്കു കൗസല്യാദേവിതാനും
തന്നുടെ പാതി കൊടുത്തീടിനാള്‍ മടിയാതെ.
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 560
തല്‍പ്രജകള്‍ക്കു പരമാനന്ദംവരുമാറു
ഗര്‍ഭവും ധരിച്ചിതു മൂവരുമതുകാലം
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥന്‍
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാന്‍
ഗര്‍ഭരക്ഷാര്‍ത്ഥം ജപഹോമാദി കര്‍മ്മങ്ങളു-
മുല്‍പലാക്ഷികള്‍ക്കനുവാസരം ക്രമത്താലെ
ഗര്‍ഭചിഹ്നങ്ങളെല്ലാം വര്‍ദ്ധിച്ചുവരുംതോറു-
മുള്‍പ്രേമം കൂടെക്കൂടെ വര്‍ദ്ധിച്ചു നൃപേന്ദ്രനും
തല്‍പ്രണയിനിമാര്‍ക്കുളളാഭരണങ്ങള്‍പോലെ
വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും 570
അല്‍പമായ്‌ ചമഞ്ഞിതു സന്താപം ദിനംതോറു-
മല്‍പഭാഷിണിമാര്‍ക്കും വര്‍ദ്ധിച്ചു തേജസ്സേറ്റം.
സീമന്തപുംസവനാദിക്രിയകളുംചെയ്തു
കാമാന്തം ദാനങ്ങളും ചെയ്തിതു നരവരന്‍.
ഗര്‍ഭവും പരിപൂര്‍ണ്ണമായ്‌ ചമഞ്ഞതുകാല-
മര്‍ഭകന്മാരും നാല്‍വര്‍ പിറന്നാരുടനുടന്‍
ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍.
നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 580
കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ;
അര്‍ക്കനുമത്യുച്ചസ്ഥാനുദയം കര്‍ക്കടകം;
അര്‍ക്കജന്‍ തുലാത്തിലും, ഭാര്‍ഗ്ഗവന്‍ മീനത്തിലും,
വക്രനുമുച്ചസ്ഥനായ്‌ മകരംരാശിതന്നില്‍
നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍
ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും.
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ
പിറ്റേന്നാള്‍ സുമിത്രയും പെറ്റിതു പുത്രദ്വയം.
ഭഗവാന്‍ പരമാത്മാ മുകുന്ദന്‍ നാരായണന്‍
ജഗദീശ്വരന്‍ ജന്മരഹിതന്‍ പത്മേക്ഷണന്‍ 590
ഭുവനേശ്വരന്‍ വിഷ്ണുതന്നുടെ ചിഹ്നത്തോടു-
മവതാരംചെയ്തപ്പോള്‍ കാണായീ കൗസല്യയ്ക്കും
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
വന്ദ്യമായിരിപ്പൊരു നിര്‍മ്മലമകുടവും
സുന്ദരചികരവുമളകസുഷമയും
കാരുണ്യാമൃതരസസംപൂര്‍ണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും 600
ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജിതകൗസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ്‌
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും
കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്ജവും
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും
മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ
സാക്ഷാല്‍ ശ്രീനാരാണന്‍താനിതെന്നറിഞ്ഞപ്പോള്‍ 610
സുന്ദരഗാത്രിയായ കൗസല്യാദേവിതാനും
വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാള്‍.
കൗസല്യാസ്തുതി
“നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര!
നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
നമസ്തേ നാരായണ! നമസ്തേ നരകാരേ!
സമസ്തേശ്വര! ശൗരേ! നമസ്തേ ജഗല്‍പതേ!
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.
സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
ന്നുത്തമന്മാര്‍ക്കുപോലുമറിവാന്‍ വേലയത്രേ. 620
പരമന്‍ പരാപരന്‍ പരബ്രഹ്‌മാഖ്യന്‍ പരന്‍
പരമാത്മാവു പരന്‍പുരുഷന്‍ പരിപൂര്‍ണ്ണന്‍
അച്യുതനന്തനവ്യക്തനവ്യയനേകന്‍
നിശ്ചലന്‍ നിരുപമന്‍ നിര്‍വാണപ്രദന്‍ നിത്യന്‍
നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വികാരാത്മാ ദേവന്‍
നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി
നിഷ്കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്കല്‍മഷന്‍
നിര്‍ഗ്ഗുണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍
നിഷ്ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍
നിഷ്കാമന്‍ നിയമിനാം ഹൃദയനിലയനന്‍ 630
അദ്വയനജനമൃതാനന്ദന്‍ നാരായണന്‍
വിദ്വന്മാനസപത്മമധുപന്‍ മധുവൈരി
സത്യജ്ഞാനാത്നാ സമസ്തേശ്വരന്‍ സനാതനന്‍
സത്വസഞ്ചയജീവന്‍ സനകാദിഭിസ്സേവ്യന്‍
തത്വാര്‍ത്ഥബോധരൂപന്‍ സകലജഗന്മയന്‍
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.
നിന്തിരുവടിയുടെ ജഠരത്തിങ്കല്‍ നിത്യ-
മന്തമില്ലാതോളം ബ്രഹ്‌മാണ്ഡങ്ങള്‍ കിടക്കുന്നു.
അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി-
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ! 640
ഭക്തന്മാര്‍വിഷയമായുളെളാരു പാരവശ്യം
വ്യക്തമായ്ക്കാണായ്‌വന്നു മുഗ്ദ്ധയാമെനിക്കിപ്പോള്‍.
ഭര്‍ത്തൃപുത്രാര്‍ത്ഥാകുലസംസാരദുഃഖാംബുധൗ
നിത്യവും നിമഗ്നയായത്യര്‍ത്ഥം ഭ്രമിക്കുന്നേന്‍.
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ-
ലിന്നു നിന്‍ പാദാംഭോജം കാണ്മാനും യോഗം വന്നു.
ത്വല്‍ക്കാരുണ്യത്താല്‍ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണ-
മിക്കാണാകിയ രൂപം ദുഷ്കൃതമൊടുങ്ങുവാന്‍.
വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ! 650
കേവലമലൗകികം വൈഷ്ണവമായ രൂപം
ദേവേശ! മറയ്ക്കേണം മറ്റുളേളാര്‍ കാണുംമുമ്പേ.
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
പുത്രവാത്സല്യവ്യാജമായൊരു പരിചര-
ണത്താലേ കടക്കേണം ദുഃഖസംസാരാര്‍ണ്ണവം.”
ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോള്‍
ഭക്തവത്സലന്‍ പുരുഷോത്തമനരുള്‍ചെയ്തുഃ“മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ-
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും. 660
ദുര്‍മ്മദം വളര്‍ന്നോരു രാവണന്‍തന്നെക്കൊന്നു
സമ്മോദം ലോകങ്ങള്‍ക്കു വരുത്തിക്കൊള്‍വാന്‍ മുന്നം
ബ്രഹ്‌മശങ്കരപ്രമുഖാമരപ്രവരന്മാര്‍
നിര്‍മ്മലപദങ്ങളാല്‍ സ്തുതിച്ചു സേവിക്കയാല്‍
മാനവവംശത്തിങ്കല്‍ നിങ്ങള്‍ക്കു തനയനായ്‌
മാനുഷവേഷം പൂണ്ടു ഭൂമിയില്‍ പിറന്നു ഞാന്‍.
പുത്രനായ്‌ പിറക്കണം ഞാന്‍തന്നെ നിങ്ങള്‍ക്കെന്നു
ചിത്തത്തില്‍ നിരൂപിച്ചു സേവിച്ചു ചിരകാലം
പൂര്‍വജന്മനി പുനരതുകാരണമിപ്പോ-
ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു. 670
ദുര്‍ല്ലഭം മദ്ദര്‍ശനം മോക്ഷത്തിനായിട്ടുളേളാ,-
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊള്‍-
കെന്നാല്‍ വന്നീടും മോക്ഷ,മില്ല സംശയമേതും.
യാതൊരു മര്‍ത്ത്യനിഹ നമ്മിലേ സംവാദമി-
താദരാല്‍ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്യുന്നതും
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും;
ചേതസി മരിക്കുമ്പോള്‍ മല്‍സ്മരണയുമുണ്ടാം.”
ഇത്തരമരുള്‍ചെയ്തു ബാലഭാവത്തെപ്പൂണ്ടു
സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോന്‍ 680
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-
വിന്ദലോചനന്‍ മുകുന്ദന്‍ പരമാനന്ദാത്മാ
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-
വൃന്ദവന്ദിതന്‍ ഭൂവി വന്നവതാരംചെയ്താന്‍.
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്ക്തി-
സ്യന്ദനനഥ പരമാനന്ദാകുലനായാന്‍
പുത്രജന്മത്തെച്ചൊന്ന ഭൃത്യവര്‍ഗ്ഗത്തിനെല്ലാം
വസ്‌ത്രഭൂഷണാദ്യഖിലാര്‍ത്ഥദാനങ്ങള്‍ചെയ്താന്‍.
പുത്രവക്ത്രാബ്ജം കണ്ടു തുഷ്ടനായ്‌ പുറപ്പെട്ടു
ശുദ്ധനായ്‌ സ്നാനംചെയ്തു ഗുരുവിന്‍ നിയോഗത്താല്‍ 690
ജാതകകര്‍മ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെ-
ജ്ജാതനായിതു കൈകേയീസുതന്‍ പിറ്റേന്നാളും.
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു-
മമിത്രാന്തകന്‍ ദശരഥനും യഥാവിധി
ചെയ്തിതു ജാതകര്‍മ്മം ബാലന്മാര്‍ക്കെല്ലാവര്‍ക്കും
പെയ്തിതു സന്തോഷംകൊണ്ടശ്രുക്കള്‍ ജനങ്ങള്‍ക്കും.
സ്വര്‍ണ്ണരത്നൗഘവസ്‌ത്രഗ്രാമാദിപദാര്‍ത്ഥങ്ങ-
ളെണ്ണമില്ലാതോളം ദാനംചെയ്തു ഭൂദേവാനാം
വിണ്ണവര്‍നാട്ടിലുമുണ്ടായിതു മഹോത്സവം
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും. 700
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ
രമിച്ചീടുന്നു നിത്യമെന്നോര്‍ത്തു വസിഷ്ഠനും
ശ്യാമളനിറംപൂണ്ട കോമളകുമാരനു
രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ;
ഭരണനിപുണനാം കൈകേയീതനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി;
ലക്ഷണാന്വിതനായ സുമിത്രാതനയനു
ലക്ഷ്മണനെന്നുതന്നെ നാമവുമരുള്‍ചെയ്തു;
ശത്രുവൃന്ദത്തെ ഹനിച്ചീടുകനിമിത്തമായ്‌
ശത്രുഘ്നനെന്നു സുമിത്രാത്മജാവരജനും 710
നാമധേയവും നാലുപുത്രര്‍ക്കും വിധിച്ചേവം
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാന്‍.
സാമോദം ബാലക്രീഡാതല്‍പരന്മാരാംകാലം
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും
മരുവീടുന്നു പായസാംശാനുസാരവശാല്‍
കോമളന്മാരായൊരു സോദരന്മാരുമായി
ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവന്‍
കാരുണ്യാമൃതപൂര്‍ണ്ണാപാംഗവീക്ഷണം കൊണ്ടും
സാരസ്യാവ്യക്തവര്‍ണ്ണാലാപപീയൂഷം കൊണ്ടും 720
വിശ്വമോഹനമായ രൂപസൗന്ദര്യംകൊണ്ടും
നിശ്ശേഷാനന്ദപ്രദദേഹമാര്‍ദ്ദവംകൊണ്ടും
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും
ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും
ഭൂതലസ്ഥിതപാദാബ്ജദ്വയയാനംകൊണ്ടും
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും
താതനുമമ്മമാര്‍ക്കും നഗരവാസികള്‍ക്കും
പ്രീതി നല്‍കിനാന്‍ സമസ്തേന്ദ്രിയങ്ങള്‍ക്കുമെല്ലാം.
ഫാലദേശാന്തേ സ്വര്‍ണ്ണാശ്വത്ഥപര്‍ണ്ണാകാരമായ്‌
മാലേയമണിഞ്ഞതില്‍ പേറ്റെടും കരളവും 730
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും
കര്‍ണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന
സ്വര്‍ണ്ണദര്‍പ്പണസമഗണ്ഡമണ്ഡങ്ങളും
ശാര്‍ദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേര്‍ത്തുടന്‍ കാര്‍ത്തസ്വരമണികള്‍ മദ്ധേമദ്ധ്യേ
കോര്‍ത്തു ചാര്‍ത്തീടുന്നൊരു കാണ്ഠകണ്ഡോദ്യോതവും
മുത്തുമാലകള്‍ വനമാലകളോടുംപൂണ്ട
വിസ്‌തൃതോരസി ചാര്‍ത്തും തുളസീമാല്യങ്ങളും
നിസ്തൂലപ്രഭവത്സലാഞ്ഞ്ഛനവിലാസവും 740
അംഗദങ്ങളും വലയങ്ങള്‍ കങ്കണങ്ങളും
അംഗുലീയങ്ങള്‍കൊണ്ടു ശോഭിച്ച കരങ്ങളും
കാഞ്ചനസദൃശപീതാംബരോപരി ചാര്‍ത്തും
കാഞ്ചികള്‍ നൂപുരങ്ങളെന്നിവ പലതരം
അലങ്കാരങ്ങള്‍പൂണ്ടു സോദരന്മാരോടുമൊ-
രലങ്കാരത്തെച്ചേര്‍ത്താന്‍ ഭൂമിദേവിക്കു നാഥന്‍.
ഭര്‍ത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയില്‍
പൊല്‍ത്താര്‍മാനിനിതാനും കളിച്ചുവിളങ്ങിനാള്‍.
ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം
ഭൂതിയും വര്‍ദ്ധിച്ചിതു ലോകവുമാനന്ദിച്ചു. 750
ബാല്യവും കൗമാരവും
ദമ്പതിമാരെബ്ബാല്യംകൊണ്ടേവം രഞ്ജിപ്പിച്ചു
സമ്പ്രതി കൗമാരവും സമ്പ്രാപിച്ചിതു മെല്ലെ.
വിധിനന്ദനനായ വസിഷ്ഠമഹാമുനി
വിധിപൂര്‍വകമുപനിച്ചിതു ബാലനമാരെ.
ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങള്‍
സ്‌മൃതികളുപസ്‌മൃതികളുമശ്രമമെല്ലാം
പാഠമായതു പാര്‍ത്താലെന്തൊരത്ഭുത,മവ
പാടവമേറും നിജശ്വാസങ്ങള്‍തന്നെയല്ലോ.
സകലചരാചരഗുരുവായ്മരുവീടും
ഭഗവാന്‍ തനിക്കൊരു ഗുരുവായ്‌ ചമഞ്ഞീടും 760
സഹസ്രപത്രോത്ഭവപുത്രനാം വസിഷ്ഠന്റെ
മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോര്‍ത്താല്‍!
ധനുവേദാംഭോനിധിപാരഗന്മാരായ്‌വന്നു
തനയന്മാരെന്നതു കണ്ടോരു ദശരഥന്‍
മനസി വളര്‍ന്നൊരു പരമാനന്ദംപൂണ്ടു
മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്‌.
ആമോദം വളര്‍ന്നുളളില്‍ സേവ്യസേവകഭാവം
രാമലക്ഷ്മണന്മാരും കൈക്കൊണ്ടാ,രതുപോലെ
കോമളന്മാരായ്മേവും ഭരതശത്രുഘ്നന്മാര്‍
സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം. 770
രാഘവനതുകാലമേകദാ കൗതൂഹലാല്‍
വേഗമേറീടുന്നൊരു തുരഗരത്നമേറി
പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേര്‍ന്നു
ബാണതൂണീരഖഡ്ഗാദ്യായുധങ്ങളുംപൂണ്ട്‌
കാനനദേശേ നടന്നീടിനാന്‍ നായാട്ടിനാ-
യ്ക്കാണായ ദുഷ്‌ടമൃഗസഞ്ചയം കൊലചെയ്താന്‍.
ഹരിണഹരികരികരടിഗിരികിരി
ഹരിശാര്‍ദ്ദൂലാദികളമിതവന്യമൃഗം
വധിച്ചു കൊണ്ടുവന്നു ജനകന്‍കാല്‍ക്കല്‍വച്ചു
വിധിച്ചവണ്ണം സമസ്കരിച്ചു വണങ്ങിനാന്‍. 780
നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
ജനകജനനിമാര്‍ചരണാംബുജം വന്ദി-
ച്ചനുജനോടു ചേര്‍ന്നു പൗരകാര്യങ്ങളെല്ലാം
ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കല്‍
സന്തതം രഞ്ജിപ്പിച്ചു ധര്‍മ്മപാലനംചെയ്തു
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേര്‍ന്നു
സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
ധര്‍മ്മശാസ്‌ത്രാദിപുരാണേതിഹാസങ്ങള്‍ കേട്ടു
നിര്‍മ്മലബ്രഹ്‌മാനന്ദലീനചേതസാ നിത്യം 790
പരമന്‍ പരാപരന്‍ പരബ്രഹ്‌മാഖ്യന്‍ പരന്‍
പുരുഷന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
ഭൂമിയില്‍ മനുഷ്യനായവതാരംചെയ്തേവം
ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാന്‍.
ചെതസാ വിചാരിച്ചുകാണ്‍കിലോ പരമാര്‍ത്ഥ-
മേതുമേ ചെയ്യുന്നോന,ല്ലില്ലല്ലോ വികാരവും
ചിന്തിക്കില്‍ പരിണാമമില്ലാതൊരാത്മാനന്ദ-
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!

രാമായണ പാരായണം - മൂന്നാം ദിവസം

വിശ്വാമിത്രന്‍റെ യാഗരക്ഷ

അക്കാലം വിശ്വാമിത്രനാകിയ മുനികുല-മുഖ്യനയോദ്ധ്യയ്ക്കാമ്മാറെഴുന്നള്ളീടിനാന്‍, 800രാമനായവനിയില്‍ മായയാ ജനിച്ചൊരുകോമളമായ രൂപം പൂണ്ടൊരു പരാത്മാനംസത്യജ്ഞാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെകൌശികന്‍ തന്നെക്കണ്ടു ഭൂപതി ദശരഥ-നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവും ചെയ്തു,വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാസസ്മിതം മുനിവരന്‍ തന്നോടു ചൊല്ലീടിനാന്‍.‘’അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്നിന്തിരുവടിയെഴുന്നള്ളിയതുമൂലം കൃതാര്‍-ത്ഥാന്തരാത്മാനായിതു ഞാനിഹ തപോനിധേഇങ്ങനെയുള്ള നിങ്ങളെഴുന്നള്ളീടും ദേശംമംഗലമായ്‌വന്നാശു സമ്പത്തും താനെ വരുംഎന്തെന്നു ചിന്തിച്ചെഴുന്നള്ളിയതെന്നുമിപ്പോള്‍നിന്തിരുവടിയരുള്‍ചെയ്യേണം ദയാനിധേ!എന്നാലാകുന്നതെല്ലാം ചെയ്‌വേന്‍ ഞാന്‍ മടിയാതെചൊന്നാലും പരമാര്‍ത്ഥം താപസകുലപതേ!”വിശ്വാമിത്രനും പ്രീതനായരുള്‍ചെയ്തീടിനാന്‍വിശ്വാസത്തോടു ദശരഥനോടതുനേരം“ഞാനമാവാസ്യതോറും പിതൃദേവാദികളെധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-ന്മാരിരുവരുമനുചരന്മാരായുളേളാരും.അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-യവനീപതേ! രാമദേവനെയയയ്ക്കേണം.പുഷ്കരോത്ഭവപുത്രന്‍തന്നോടു നിരൂപിച്ചുലക്ഷ്മണനേയുംകൂടെ നല്‍കേണം മടിയാതെ.നല്ലതു വന്നീടുക നിനക്കു മഹീപതേ!കല്യാണമതേ! കരുണാനിധേ! നരപതേ!”ചിന്താചഞ്ചലനായ പങ്ക്തിസ്യന്ദനനൃപന്‍മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാന്‍“എന്തു ചൊല്‍വതു ഗുരോ! നന്ദനന്‍തന്നെ മമസന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടുംഎത്രയും കൊതിച്ച കാലത്തിങ്കല്‍ ദൈവവശാല്‍സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോള്‍നിര്‍ണ്ണയം മരിക്കും ഞാന്‍ രാമനെ നല്‍കീടാഞ്ഞാ-ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രന്‍.എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടിചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം.”“എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യംസങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!മാനുഷനല്ല രാമന്‍ മാനവശിഖാമണേ!മാനമില്ലാത പരമാത്മാവു സദാനന്ദന്‍പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിക്കമൂലമായിപത്മലോചനന്‍ ഭൂമീഭാരത്തെക്കളവാനായ്‌നിന്നുടെ തനയനായ്ക്കൗസല്യാദേവിതന്നില്‍വന്നവതരിച്ചിതു വൈകുണ്ഠന്‍ നാരായണന്‍.നിന്നുടെ പൂര്‍വജന്മം ചൊല്ലുവന്‍ ദശരഥ!മുന്നം നീ ബ്രഹ്‌മാത്മജന്‍ കശ്യപപ്രജാപതി 850നിന്നുടെ പത്നിയാകുമദിതി കൗസല്യ കേ-ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്‌ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങള്‍മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.ഭക്തവത്സലന്‍ ദേവന്‍ വരദന്‍ ഭഗവാനുംപ്രത്യക്ഷീകരിച്ചു ‘നീ വാങ്ങിക്കൊള്‍ വര’മെന്നാന്‍.‘പുത്രനായ്പിറക്കേണമെനിക്കു ഭവാ’നെന്നുസത്വരമപേക്ഷിച്ചകാരണമിന്നു നാഥന്‍പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;പൃത്ഥ്വീന്ദ്ര! ശേഷന്‍തന്നെ ലക്ഷ്മണനാകുന്നതും. 860ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാര്‍ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.യോഗമായാദേവിയും സീതയായ്‌ മിഥിലയില്‍യാഗവേലായാമയോനിജയായുണ്ടായ്‌വന്നു.ആഗതനായാന്‍ വിശ്വാമിത്രനുമവര്‍തമ്മില്‍യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനുംപുത്രനെക്കൂടെയയച്ചീടുക മടിയാതെ.”സന്തുഷ്ടനായ ദശരഥനും കൗശികനെവന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂര്‍വം 870‘രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്ക്കൊണ്ടാലു’മെ-ന്നാമോദം പൂണ്ടു നല്‍കി ഭൂപതിപുത്രന്മാരെ.‘വരിക രാമ! രാമ! ലക്ഷ്മണാ! വരിക’യെ-ന്നരികേ ചേര്‍ത്തു മാറിലണച്ചു ഗാഢം ഗാഢംപുണര്‍ന്നുപുണര്‍ന്നുടന്‍ നുകര്‍ന്നു ശിരസ്സിങ്കല്‍‘ഗുണങ്ങള്‍ വരുവാനായ്പോവിനെന്നുരചെയ്താന്‍.ജനകജനനിമാര്‍ചരണാംബുജം കൂപ്പിമുനിനായകന്‍ ഗുരുപാദവും വന്ദിച്ചുടന്‍വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാര്‍,വിശ്വരക്ഷാര്‍ത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും. 880ചാപതൂണീരബാണഖഡ്ഗപാണികളായഭൂപതികുമാരന്മാരോടും കൗശികമുനിയാത്രയുമയപ്പിച്ചാശീര്‍വാദങ്ങളും ചൊല്ലിതീര്‍ത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രന്‍.മന്ദം പോയ്‌ ചില ദേശം കടന്നോരനന്തരംമന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ“രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേള്‍കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങള്‍.ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാതദേഹങ്ങളല്ലോ മുന്നം നിങ്ങള്‍ക്കെന്നതുമൂലം 890ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്‌മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടുംബാലകന്മാരേ! നിങ്ങള്‍ പഠിച്ചു ജപിച്ചാലുംബലയും പുനരതിബലയും മടിയാതെ.ദേവനിര്‍മ്മിതകളീ വിദ്യക”ളെന്നു രാമ-ദേവനുമനുജനുമുപദേശിച്ചു മുനി.ക്ഷുല്‍പിപാസാദികളും തീര്‍ന്ന ബാലന്മാരുമാ-യപ്പോഴേ ഗംഗ കടന്നീടിനാന്‍ വിശ്വാമിത്രന്‍.
താടകാവനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ 900
“രാഘവ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം.
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടക ഭയങ്കരി വാണിടും ദേശമല്ലൊ.
അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല
ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ”മെന്നു മാമുനി പറഞ്ഞപ്പോള്‍
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. 910
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്‌.
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകാമാറില്‍ കൊണ്ടിതു രാമബാണം.
പാരതില്‍ മല ചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
സ്വര്‍ണ്ണരത്നാഭരണഭൂഷിതഗാത്രിയായി
സുന്ദരിയായ യക്ഷിതന്നെയും കാണായ്‌വന്നു.
ശാപത്താല്‍ നക്തഞ്ചരിയായോരു യക്ഷിതാനും
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 920
കൗശികമുനീന്ദ്രനും ദിവ്യാസ്‌ത്രങ്ങളെയെല്ലാ-
മാശു രാഘവനുമുപദേശിച്ചു സലക്ഷ്മണം.
നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
രാത്രിയും പിന്നിട്ടവര്‍ സന്ധ്യാവന്ദനംചെയ്തു
യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ.
പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്‍ക്കാരംചെയ്താര്‍. 930
വിശ്രമിച്ചനന്തരം രാഘവന്‍തിരുവടി
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുള്‍ചെയ്തുഃ
“താപസോത്തമ, ഭവാന്‍ ദീക്ഷിക്ക യാഗമിനി
താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാല്‍
നഷ്ടമാക്കുവന്‍ ബാണംകൊണ്ടു ഞാന്‍ തപോനിധേ!”
യാഗവും ദീക്ഷിച്ചിതു കൗശികനതുകാല-
മാഗമിച്ചിതു നക്തഞ്ചരന്മാര്‍ പടയോടും.
മദ്ധ്യാഹ്നകാലേ മേല്‍ഭാഗത്തിങ്കല്‍നിന്നുമത്ര
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 940
പാരാതെ രണ്ടു ശരം തൊടുത്തു രാമദേവന്‍
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാന്‍.
കോന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാന്‍.
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവന്‍.
അര്‍ണ്ണവംതന്നില്‍ ചെന്നു വീണിതു, രാമബാണ-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്‌.
പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാന്‍. 950
ഭക്തവത്സലനഭയംകൊടുത്തതുമൂലം
ഭക്തനായ്‌വന്നാനന്നുതുടങ്ങി മാരീചനും.
പറ്റലര്‍കുലകാലനാകിയ സൗമിത്രിയും
മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാല്‍.
ദേവകള്‍ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താല്‍
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
യക്ഷകിന്നരസിദ്ധചാരണഗന്ധര്‍വന്‍മാര്‍
തല്‍ക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാര്‍.
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണര്‍-
ന്നശ്രുപൂര്‍ണ്ണാര്‍ദ്രാകുലനേത്രപത്മങ്ങളോടും 960
ഉത്സംഗേ ചേര്‍ത്തു പരമാശീര്‍വാദവുംചെയ്തു
വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താല്‍.
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‍
പറഞ്ഞു രസിപ്പിച്ചു കൗശികനവരുമായ്‌.
അരുള്‍ചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
“അരുതു വൃഥാ കാലം കളകെന്നുളളതേതും.
ജനകമഹീപതിതന്നുടെ മഹായജ്ഞ-
മിനി വൈകാതെ കാണ്മാന്‍ പോക നാം വത്സന്മാരേ!
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു. 970
ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം
ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാന്‍
കാണണം മഹാസത്വമാകിയ ധനൂരത്നം.”
താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു
ഭൂപതിബാലന്മാരും കൂടെപ്പോയ്‌ വിശ്വാമിത്രന്‍
പ്രാപിച്ചു ഗംഗാതീരം ഗൗതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
ദിവ്യപാദപലതാകുസുമഫലങ്ങളാല്‍
സര്‍വമോഹനകരം ജന്തുസഞ്ചയഹീനം
കണ്ടു കൗതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി- 980
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ
“ആശ്രമപദമിദമാര്‍ക്കുളള മനോഹര-
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുള്‍ചെയ്യേണം താപോനിധേ!”
എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥംഃ
“കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
വാട്ടമില്ലാത തപസ്സുളള ഗൗതമമുനി 990
ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര
മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം
ലോകേശന്‍ നിജസുതയായുളേളാരഹല്യയാം
ലോകസുന്ദരിയായി ദിവ്യകന്യകാരത്നം
ഗൗതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
കൗതുകംപൂണ്ടു ഭാര്യാഭര്‍ത്താക്കന്മാരായവര്‍.
ഭര്‍ത്തൃശുശ്രൂഷാബ്രഹ്‌മചര്യാദിഗുണങ്ങള്‍ ക-
ണ്ടെത്രയും പ്രസാദിച്ചു ഗൗതമമുനീന്ദ്രനും
തന്നുടെ പത്നിയായോരഹല്യയോടും ചേര്‍ന്നു
പര്‍ണ്ണശാലയിലത്ര വസിച്ചു ചിരകാലം. 1000
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാന്‍.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖന്‍
ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍
സന്തതം മനക്കാമ്പില്‍ സുന്ദരഗാത്രീരൂപം
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ്‌ വന്നാനല്ലോ.
അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-
ളന്തരം വരാതെയൊരന്തരമെന്തെന്നോര്‍ത്തു 1010
ലോകേശാത്മജസുതനന്ദനനുടെ രൂപം
നാകനായകന്‍ കൈക്കൊണ്ടന്ത്യയാമാദിയിങ്കല്‍
സന്ധ്യാവന്ദനത്തിനു ഗൗതമന്‍ പോയനേര-
മന്തരാ പുക്കാനുടജാന്തരേ പരവശാല്‍.
സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം
സത്വരം പുറപ്പെട്ടനേരത്തു ഗൗതമനും
മിത്രന്‍തന്നുദയമൊട്ടടുത്തീലെന്നു കണ്ടു
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു
വൃത്രാരാതിക്കു മുനിശ്രേഷ്‌ഠനെ ബലാലപ്പോള്‍
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാന്‍. 1020
തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍-
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
‘നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാര്‍ത്ഥം.
വല്ലാതെ മമ രൂപം കൈക്കൊള്‍വാനെന്തു മൂലം?
നിര്‍ല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ
വൃത്താന്തം പറയായ്‌കില്‍ ഭസ്മമാക്കുവേനിപ്പോള്‍.”
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി
‘സ്വര്‍ല്ലോകാധിപനായ കാമകിങ്കരനഹം 1030
വല്ലായ്‌മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-
ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ!’
‘സഹസ്രഭഗനായി ബ്‌ഭവിക്ക ഭവാനിനി-
സ്സഹിച്ചീടുക ചെയ്ത ദുഷ്‌കര്‍മ്മഫലമെല്ലാം.’
തപസ്വീശ്വരനായ ഗൗതമന്‍ ദേവേന്ദ്രനെ-
ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും
വേപഥുപൂണ്ടു നില്‌ക്കുന്നതുകണ്ടരുള്‍ചെയ്തു
താപസോത്തമനായ ഗൗതമന്‍ കോപത്തോടെഃ
‘കഷ്ടമെത്രയും തവ ദുര്‍വൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമര്‍ത്ഥ്യം നന്നു പാരം. 1040
ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവന്‍
നിഷ്‌കൃതിയായുളെളാരു ദുര്‍ദ്ധരമഹാവ്രതം.
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്‌ജം ധ്യാനിച്ചിവിടെ വസിക്കേണം.
നീഹാരാതപവായുവര്‍ഷാദികളും സഹി-
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ്‌ വരാ
കാനനദേശേ മദീയാശ്രമേ മനോഹരേ.
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
ളിങ്ങെഴുന്നളളും രാമദേവനുമനുജനും. 1050
ശ്രീരാമപാദാംഭോജസ്പര്‍ശമുണ്ടായീടുന്നാള്‍
തീരും നിന്‍ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
നാഥനെ സ്തുതിക്കുമ്പോള്‍ ശാപമോക്ഷവും വന്നു
പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.’
എന്നരുള്‍ചെയ്തു മുനി ഹിമവല്‍പാര്‍ശ്വം പുക്കാ-
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.
നിന്തിരുമലരടിച്ചെന്തളിര്‍പ്പൊടിയേല്‍പാ-
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളില്‍. 1060
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
സന്തോഷസന്താനസന്താനമേ ചിന്താമണേ!
ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്‌
ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന
ബ്രഹ്‌മനന്ദനയായ ഗൗതമപത്നിയുടെ
കല്‍മഷമശേഷവും നിന്നുടെ പാദങ്ങളാല്‍
ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ
നിര്‍മ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാല്‍.”
ഗാഥിനന്ദനന്‍ ദാശരഥിയോടേവം പറ-
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാന്‍. 1070
ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ-
മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്തു മുനിവരന്‍.
ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവന്‍
ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി.
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥന്‍
കോമളരൂപന്‍ മുനിപത്നിയെ വണങ്ങിനാന്‍.
അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്‌ക്കും
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.
താപസശ്രേഷ്‌ഠനായ കൗശികമുനിയോടും
താപസഞ്ചയം നീങ്ങുമാറു സോദരനോടും. 1080
ശാപനാശനകരനായൊരു ദേവന്‍തന്നെ-
ച്ചാപബാണങ്ങളോടും പീതമാം വസ്‌ത്രത്തോടും
ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും
ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും
വാസവനീലമണിസങ്കാശഗാത്രത്തോടും
വാസവാദ്യമരൗഘവന്ദിതപാദത്തോടും
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
ഭക്തവത്സലന്‍തന്നെക്കാണായിതഹല്യയ്‌ക്കും.
തന്നുടെ ഭര്‍ത്താവായ ഗൗതമതപോധനന്‍
തന്നോടു മുന്നമുരചെയ്തതുമോര്‍ത്താളപ്പോള്‍. 1090
നിര്‍ണ്ണയം നാരായണന്‍താനിതു ജഗന്നാഥ-
നര്‍ണ്ണോജവിലോചനന്‍ പത്മജാമനോഹരന്‍
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ
സത്വരമര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചീടിനാള്‍.
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
സന്താപം തീര്‍ന്നു ദണ്ഡനമസ്‌കാരവും ചെയ്താള്‍.
ചിത്തകാമ്പിങ്കലേറ്റം വര്‍ദ്ധിച്ച ഭക്തിയോടു-
മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവര്‍ണ്ണത്തോടും. 1100
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
സദ്യോജാതാനന്ദാബ്ധിമഗ്നയായ്‌ സ്തുതിചെയ്താള്‍
“ഞാനഹോ കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! നിന്നെ-
ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി-
ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും?
ചിത്രമെത്രയും തവ ചേഷ്ടിതം ജഗല്‍പതേ!
മര്‍ത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം. 1110
ആനന്ദമയനായോരതിമായികന്‍ പൂര്‍ണ്ണന്‍
ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാന്‍.
ത്വല്‍പാദാംബുജപാംസുപവിത്രാഭാഗീരഥി
സര്‍പ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും
ശുദ്ധമാക്കീടുന്നതും ത്വല്‍പ്രഭാവത്താലല്ലോ;
സിദ്ധിച്ചേനല്ലോ ഞാനും സ്വല്‍പാദസ്പര്‍ശമിപ്പോള്‍.
പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണ്ണിപ്പതു വൈ-
കുണ്‌ഠ! തല്‍കുണ്‌ഠാത്മനാം ദുര്‍ല്ലഭമുര്‍ത്തേ! വിഷ്ണോ!
മര്‍ത്ത്യനായവതരിച്ചോരു പൂരുഷം ദേവം
ചിത്തമോഹനം രമണീയദേഹിനം രാമം 1120
ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുര്‍ദ്ധരം
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
യാതൊരു പാദാംബുജമാരായുന്നിതു വേദം,
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
യാതൊരു നാമം ജപിക്കുന്നിതു മഹാദേവന്‍,
ചേതസാ തത്സ്വാമിയെ ഞാന്‍ നിത്യം വണങ്ങുന്നേന്‍.
നാരദമുനീന്ദ്രനും ചന്ദ്രശേഖരന്‍താനും
ഭാരതീരമണനും ഭാരതീദേവിതാനും 1130
ബ്രഹ്‌മലോകത്തിങ്കല്‍നിന്നന്വഹം കീര്‍ത്തിക്കുന്നു
കല്‍മഷഹരം രാമചരിതം രസായനം
കാമരാഗാദികള്‍ തീര്‍ന്നാനന്ദം വരുവാനായ്‌
രാമദേവനെ ഞാനും ശരണംപ്രാപിക്കുന്നേന്‍.
ആദ്യനദ്വയനേകനവ്യക്തനനാകുലന്‍
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യന്‍
പരമന്‍ പരാപരന്‍ പരമാത്മാവു പരന്‍
പരബ്രഹ്‌മാഖ്യന്‍ പരമാനന്ദമൂര്‍ത്തി നാഥന്‍
പൂരുഷന്‍ പുരാതനന്‍ കേവലസ്വയംജ്യോതി-
സ്സകലചരാചരഗുരു കാരുണ്യമൂര്‍ത്തി 1140
ഭൂവനമനോഹരമായൊരു രൂപം പൂണ്ടു
ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാന്‍.
അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേന്‍ മനസി ഞാന്‍.
സ്വതന്ത്രന്‍ പരിപൂര്‍ണ്ണനാനന്ദനാത്മാരാമ-
തനന്ദ്രന്‍ നിജമായാഗുണബിംബിതനായി
ജഗദുത്ഭവസ്ഥിതിസംഹാരാദികള്‍ ചെയ്‌വാ-
നഖണ്ഡന്‍ ബ്രഹ്‌മവിഷ്ണുരുദ്രനാമങ്ങള്‍ പൂണ്ടു
ഭേദരൂപങ്ങള്‍ കൈക്കൊണ്ടൊരു നിര്‍ഗ്ഗുണമൂര്‍ത്തി
വേദാന്തവേദ്യന്‍ മമ ചേതസി വസിക്കേണം. 1150
രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്‌മാര്‍ച്ചിതം.
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാര്‍ത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
ബ്രഹ്‌മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം പത്മോപമം
നിര്‍മ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
മന്മനോനികേതനം കല്‍മഷവിനാശനം
നിര്‍മ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
ജഗദാശ്രയം ഭവാന്‍ ജഗത്തായതും ഭവാന്‍
ജഗതാമാദിഭൂതനായതും ഭവാനല്ലോ. 1160
സര്‍വഭൂതങ്ങളിലുമസക്തനല്ലോ ഭവാന്‍
നിര്‍വികാരാത്മാ സാക്ഷിഭൂതനായതും ഭവാന്‍.
അജനവ്യയന്‍ ഭവാനജിതന്‍ നിരഞ്ജനന്‍
വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
വാച്യവാചകോഭയഭേദേന ജഗന്മയന്‍
വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
കാര്യകാരണകര്‍ത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാര്‍ക്കുപോലുമറിയാനരുതല്ലോ. 1170
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
ത്വന്മാഹാത്മ്യങ്ങള്‍ നേരേയറിഞ്ഞുകൂടായല്ലോ.
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍.
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
ശുദ്ധനദ്വയന്‍ സമന്‍ നിത്യന്‍ നിര്‍മ്മലനേകന്‍
ബുദ്ധനവ്യക്തന്‍ ശാന്തനസംഗന്‍ നിരാകാരന്‍
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തന്‍
സത്വങ്ങളുളളില്‍ വാഴും ജീവാത്മാവായ നാഥന്‍ 1180
ഭക്താനാം മുക്തിപ്രദന്‍ യുക്താനാം യോഗപ്രദന്‍
സക്താനാം ഭുക്തിപ്രദന്‍ സിദ്ധാനാം സിദ്ധിപ്രദന്‍
തത്ത്വാധാരാത്മാ ദേവന്‍ സകലജഗന്മയന്‍
തത്ത്വജ്ഞന്‍ നിരുപമന്‍ നിഷ്‌കളന്‍ നിരഞ്ജനന്‍
നിര്‍ഗ്ഗുണന്‍ നിശ്ചഞ്ചലന്‍ നിര്‍മ്മലന്‍ നിരാധാരന്‍
നിഷ്‌ക്രിയന്‍ നിഷ്‌കാരണന്‍ നിരഹങ്കാരന്‍ നിത്യന്‍
സത്യജ്ഞാനാനന്താനന്ദാമൃതാത്മകന്‍ പരന്‍
സത്താമാത്രാത്മാ പരമാത്മാ സര്‍വ്വാത്മാ വിഭൂ
സച്ചിദ്‌ബ്രഹ്‌മാത്മാ സമസ്തേശ്വരന്‍ മഹേശ്വര-
നച്യുതനാദിനാഥന്‍ സര്‍വദേവതാമയന്‍ 1190
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
പൊന്‍ത്തളിരടികളിലിളക്കം വരാതൊരു
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
നര്‍ത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
നമസ്തേ രാമരാമ! ഭക്തവത്സല! രാമ! 1200
നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
സമസ്തകര്‍മ്മാര്‍പ്പണം ഭവതി കരോമി ഞാന്‍
സമസ്തമപരാധം ക്ഷമസ്വ ജഗല്‍പതേ!
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടിസദൃശപ്രഭം രാമം
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദഭാസം രാമം
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം 1210
കമലദലലോലവിമലവിലോചനം
കമലോത്ഭവനതം മനസാ രാമമീഡേ.”
പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
പുരുഷോത്തമം കൂപ്പി സ്തുതിച്ചാല്‍ ഭക്തിയോടേ
ലോകേശാത്മജയാകുമഹല്യതാനും പിന്നെ
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്‌.
ഗൗതമനായ തന്റെ പതിയെ പ്രാപിച്ചുട-
നാധിയും തീര്‍ത്തു വസിച്ചീടിനാളഹല്യയും.
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാന്‍
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടന്‍ 1220
പരമം ബ്രഹ്‌മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൗഖ്യം പുരുഷന്മാര്‍ക്കു നൂനം.
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
ണ്ടീ സ്തുതി ജപിച്ചീടില്‍ സാധിക്കും സകലവും.
പുത്രാര്‍ത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
മര്‍ത്ഥാര്‍ത്ഥി ജപിച്ചീടിലര്‍ത്ഥവുമേറ്റമുണ്ടാം.
ഗുരുതല്‍പഗന്‍ കനകസ്തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റമെങ്കിലുമവന്‍ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം 1230
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാല്‍ വണങ്ങുകില്‍ സാധിക്കുമല്ലോ മോക്ഷം.
സദ്വഹൃത്തനെന്നായീടില്‍ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.

താടകാവധം

അഹല്യാമോക്ഷം

രാമായണ പാരായണം - നാലാം ദിവസം



സീതാസ്വയംവരം

വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോള്‍
വിശ്വനായകന്‍ തന്നോടീവണ്ണമരുള്‍ ചെയ്‌താന്‍:
“ബാലകന്മാരെ!പോക മിഥിലാപുരിക്കു ന‍ാം
കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ.
യാഗവും മഹദേവചാപവും കണ്ടുപിന്നെ
വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണ‍ാം.”
ഇത്തരമരുള്‍ചെയ്‌തു ഗംഗയും കടന്നവര്‍
സത്വരം ചെന്നു മിഥിലാപുരമകം പുക്കു.
മുനിനായകനായ കൗശികന്‍ വിശ്വാമിത്രന്‍
മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം
മനസി നിറഞ്ഞൊരു പരമാനന്ദത്തോടും
ജനകമഹീപതി സംഭ്രമസന്വിതം
പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു-
മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം
ആമോദപൂര്‍വ്വം പൂജിച്ചാചാരംപൂണ്ടുനിന്ന
രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും
സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര-
നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും:
‘കന്ദര്‍പ്പന്‍ കണ്ടു വന്ദിച്ചീടിന ജഗദേക-
സുന്ദരന്മാരാമിവരാരെന്നു കേള്‍പ്പിക്കേണം.
നരനാരയണന്മാരാകിയ മൂര്‍ത്തികളോ
നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോള്‍?’
വിശ്വാമിതനുമതു കേട്ടരുള്‍ചെയ്‌തീടിനാന്‍:
‘വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!
വീരന‍ാം ദശരഥന്‍‍തന്നുടെ പുത്രന്മാരില്‍
ശ്രീരാമന്‍ ജ്യേഷ്‌ഠനിവന്‍ ലക്ഷ്‌മണന്‍ മൂന്നാമവന്‍.
എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാന്‍
ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനാനിതുകാലം.
കാടകംപുക്കനേരം വന്നൊരു നിശാചരി
താടകതന്‍നെയൊരു ബാണംകൊണ്ടെയ്‌തു കൊന്നാന്‍.
പേടിയും തീര്‍ന്നു സിദ്ധാശ്രമം പുക്കു യാഗ-
മാടല്‍കൂടാതെ രക്ഷിച്ചീടിനാന്‍ വഴിപോലെ
ശ്രീപാദ‍ാംബുജരജഃസ്‌പൃഷ്ടികൊണ്ടഹല്യതന്‍
പാപവും നശിപ്പിച്ചു പാവനയാക്കീടിനാന്‍
പരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളില്‍
പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.’
ഇത്തരം വിശ്വാമിത്രന്‍തന്നുടെ വാക്യം കേട്ടു
സത്വരം ജനകനും പൂജിച്ചുവഴിപോലെ
സല്‍ക്കാരായോഗ്യന്മാര‍ാം രജപുത്രന്മാരെക്ക-
ണ്ടുള്‍ക്കുരുന്നിങ്കല്‍ പ്രീതി വര്‍ദ്ധിച്ച ജനകനും
തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു
“ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം”
എന്നതുകേട്ടു മന്ത്രിപ്രവരന്‍ നടകൊണ്ടാ-
നന്നേരം ജനകനും കൗശികനോടു ചൊന്നാന്‍:
“രാജനന്ദനനായ ബാലകന്‍ രഘുവരന്‍
രാജീവലോചനന്‍ സുന്ദരന്‍ ദാശരഥി
വില്ലിതുകുലച്ചുടന്‍ വലിച്ചു മൂറിച്ചീടില്‍
വല്ലഭനിവന്‍ മമ നന്ദനയ്‌ക്കെന്നു നൂനം.”
“എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോള്‍
വില്ലിഹ വരുത്തീടു”കെന്നരുള്‍ചെയ്തു മുനി.
കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും
ഹുങ്കാരത്തോടു വന്നു ചാപവാഹകന്‍മാരും
സത്വരമയ്യായിരം കിങ്കരന്മാരും കൂടി
മൃത്യുശാസനചഅപമെടുത്തു കൊണ്ടുവന്നാര്‍.
ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം
കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും.
ചന്ദ്രശേഖരനുടെ പള്ളിവില്‍ കണ്ടു രാമ-
ചന്ദ്രനുമാനന്ദമുള്‍ക്കൊണ്ടു വന്ദിച്ചീടിനാന്‍.
“വില്ലെടുക്കാടാമോ? വലിക്കാമോ?
ചൊല്ലുകെ”ന്നതു കേട്ടുചൊല്ലിനാന്‍ വിശ്വാമിത്രന്‍:
‘എല്ലാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ’.
മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു
മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം.
ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടന്‍ മുറിച്ചു ജിതശ്രമം
നിന്നരുലുന്നനേരമീരേഴുലോകങ്ങളു-
മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപ്പെട്ടു ജനം
പാട്ടുമാട്ടവും കൂത്തും പുഷ്‌പവൃഷ്‌ടിയുമോരോ
കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളൂം
ദേവകലൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
ദേവനെസേവിക്കയുമപ്‌സരസ്ത്രീകളെല്ല‍ാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
ഹോത്സവാരംഭഘോഷം കണ്ടു കൗതുകം പൂണ്ടാര്‍.
ജനകന്‍ ജഗത്‌സ്വാമിയാകിയ ഭഗവാനെ-
ജ്ജനസംസദി ഗാഢാശ്ലേഷവും ചെയ്താനല്ലോ.
ഇടിവെട്ടീടും വണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്‍പ്പേട പോലെ സന്തോഷംപൂണ്ടാള്‍
കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും.
മൈഥിലിതന്നെപ്പരിചാരികമാരും നിജ-
മാതാക്കന്മാരും കൂടി നന്നായിചമയിച്ചാര്‍.
സ്വര്‍ണ്ണവര്‍ണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വര്‍ണ്ണമാലയും ധരിച്ചാദരഅല്‍ മന്ദം മന്ദ-
മര്‍ണ്ണോജനേത്രന്‍ മുന്‍പില്‍ സത്രപം വിനീതയായ്‌
വന്നുടന്‍ നേത്രോത്പലമാലയുമിട്ടാള്‍ മുന്നേ,
പിന്നാലേ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍
മാലയും ധരിച്ചു നീലോല്പലകാന്തി തേടും
ബാലകന്‍ ശ്രീരാമനുമേറ്റവും വിളങ്ങീടിനാന്‍.
ഭൂമിനന്ദനയ്‌ക്കനുരൂപനായ് ശോഭിച്ചീടും
ഭൂമിപാലകബാലന്‍തന്നെക്കണ്ടവര്‍കളും
ആനന്ദംബുധിതന്നില്‍ വീണുടന്‍ മുഴുകിനാര്‍
മാനവവീരന്‍ വാഴ്‌കെന്നാശിയും ചൊല്ലീടിനാര്‍
അന്നേരം വിശ്വാമിത്രന്‍ തന്നോടു ജനകനും
വന്ദിച്ചുചൊന്നാ “നിനിക്കാലത്തെക്കളയാതെ
പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ-
സ്സത്വരം ദശരഥഭൂപനെ വരുത്തുവാന്‍.”
വിശ്വാമിത്രനും മിഥിലാധിപന്‍താനും കൂടി
വിശ്വാസം ദശരഥന്‍ തനിക്കു വരുംവണ്ണം
നിശ്ശേഷ വൃത്താന്തങ്ങളെഴുതിയയച്ചിതു
വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും.
സാകേതപുരി പുക്കു ഭൂപാലന്‍തന്നെക്കണ്ടു
ലോകൈകാധിപന്‍കൈയില്‍ കൊടുത്തു പത്രമതും
സന്ദേശം കണ്‍റ്റു പംക്തിസ്യന്ദനന്‍ താനുമിനി –
സ്സന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു.
അഗ്നിമാനുപാദ്ധ്യായനാകിയ വസിഷ്‌ഠനും
പത്നിയാമരുന്ധതിതാനുമായ് പുറപ്പെട്ടു.
കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും
കൗസല്യാദികളായ ഭാര്യമാരോടും കൂടി
ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും
പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും
മിഥിലാപുരമകം പുക്കിതു ദശരഥന്‍
മിഥിലാധിപന്‍താനും ചെന്നെതിരേറ്റുകൊണ്ടാന്‍.
വന്ദിച്ചു ശതാനന്ദന്‍ തന്നോടും കൂടെച്ചെന്നു
വന്ദ്യന‍ാം വസിഷ്‌ഠനെത്തദനു പത്നിയേയും
അര്‍ഘ്യാപാദ്യാദികളാലര്‍പ്പിച്ചു യഥാവിധി
സത്ക്കരിച്ചിതു യഥായോഗ്യമുര്‍വ്വീന്ദ്രന്‍താനും.
രാമലക്ഷ്‌മണന്മാരും വന്ദിച്ചു പിതാവിനെ-
സ്സാമോദം വസിഷ്‌ഠനാമാചാര്യപാദ‍ാംബ്ജവും
തൊഴുതു മാതൃജനങ്ങളേയും യഥാക്രമം
തൊഴുതു ശ്രീരാമപാദ‍ാംഭോജമനുജന്മാര്‍.
തൊഴുതു ഭരതനെ ലക്ഷ്‌മണകുമാരനും
തൊഴുതു ശത്രുഘ്‌നനും ലക്ഷ്‌മണപാദ‍ാംഭോജം.
വക്ഷസി ചേര്‍ത്തു താതന്‍ രാമനെപ്പുണര്‍ന്നിട്ടു
ലക്ഷ്‌മണനെയും ഗാഢാശ്ലേഷവും ചെയ്തീടിനാന്‍
ജനകന്‍ ദശരഥന്‍ തന്നുടെ കൈയുംപിടി-
ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്‌:
“നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്‌
നാലുപുത്രന്മാര്‍ ഭവാന്‍തനിക്കുണ്ടല്ലോതാനും
ആകയാല്‍ നാലു കുമാരന്മാര്‍ക്കും വിവാഹം ചെ-
യ്‌താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട.”
വസിഷ്‌ഠന്‍താനും ശതാനന്ദനും കൗശികനും
വിധിച്ചു മുഹൂര്‍ത്തവും നാല്വര്‍ക്കും യഥാക്രമം
ചിത്രമായിരിപ്പൊരു മണ്ഡപമതും തീര്‍ത്തു
മുത്തുമാലകള്‍ പുഷ്പഫലങ്ങള്‍ തൂക്കി നാനാ-
രത്നമണ്ഡിത സ്തംഭതോരണങ്ങളും നാട്ടി
രത്നമണ്ഡിതസ്വര്‍ണ്ണപീഠവും വച്ചു ഭക്ത്യാ
ശ്രീരാമപാദ‍ാംഭോജം കഴുകിച്ചനന്തരം
ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും
ഹോമവും കഴിച്ചു തന്‍പുത്രിയ‍ാം വൈദേഹിയെ
രാമനു നല്‍കീടിനാന്‍ ജനകമഹീന്ദ്രനും.
തല്പാദതീര്‍ത്ഥം നിജ ശിരസി ധരിച്ചുട-
നാള്‍പുളക‍ാംഗത്തോടെ നിന്നിതു ജനകനും.
യാതൊരു പാദതീര്‍ത്ഥം ശിരസി ധരിക്കുന്നു
ഭൂതേശവിധിമുനീന്ദ്രാദികള്‍ ഭക്തിയോടെ.
ഊര്‍മ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും
കാമ്യ‍ാംഗിമാര‍ാം ശ്രുതകീര്‍ത്തിയും മാണ്ഡവിയും
ഭരത ശത്രുഘ്നന്‍മാര്‍ തന്നുടെ പത്നിമാരായ്;
പരമാനന്ദംപൂണ്ടു വസിച്ചാരെല്ലാവരും.
കൗശികാത്മജനോടും വസിഷ്‌ഠനോടും കൂടി
വിശദസ്മിതപൂര്‍വ്വം പറഞ്ഞു ജനകനും:
“മുന്നം നാരദനരുള്‍ചെയ്തു കേട്ടിരിപ്പു ഞാ-
നെന്നുടെ മകളായ സീതാവൃത്താന്തമെല്ല‍ാം
യാഗഭൂദേശം വിശുദ്ധ്യാര്‍ത്ഥമായുഴുതപ്പോ-
ളേകദാ സിതാമദ്ധ്യേ കാണായി കന്യാരത്നം
ജാതയായൊരു ദിവ്യകന്യകതനിക്കു ഞാന്‍
സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം
പുത്രിയായ് വളര്‍ത്തു ഞാനിരിക്കും കാലത്തിങ്ക-
ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം
എന്നോടു മഹാമുനിതാനരുള്‍ചയ്‌താനപ്പോള്‍:
‘നിന്നുടെ മകളായ സീതാവൃത്താന്തം കേള്‍ നീ
പരമാനന്ദമൂര്‍ത്തി ഭഗവാന്‍ നാരായണന്‍
പരമാത്മാവാമജന്‍ ഭക്തവത്സലന്‍ നാഥന്‍
ദേവകാര്യാര്‍ത്ഥം പംക്തികണ്ഠനിഗ്രഹത്തിനായ്
ദേവേന്ദ്രവിരിഞ്ചരുദ്രാദികളര്‍ത്ഥിക്കയാല്‍
ഭൂമിയില്‍ സൂര്യാന്വയേ വന്നവതരിച്ചിതു
രാമനായ് മായാമര്‍ത്ത്യവേഷം പൂണ്ടറിഞ്ഞാലും.
യോഗേശ്വരന്‍ മനുഷ്യനായിടുമ്പോളതുകാലം
യോഗമായാദേവിയും മാനുഷവേഷത്തോടെ
ജാതയായിതു തവ വേശ്മനി തല്‍ക്കാരണാല്‍
സാദരം ശ്രീരാമനു കൊടുക്ക മടിയാതെ’
ഇത്ഥം നാരദനരുളിച്ചെയ്‌തു മറഞ്ഞിതു
പുത്രിയായ് വളര്‍ത്തിതു ഭക്തികൈക്കൊണ്ടു ഞാനും
സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ!
ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു?
എന്നതോര്‍ത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി
പന്നഗവിഭൂഷണന്‍തന്നനുഗ്രഹശക്ത്യാ.
മൃത്യുശാസനാചഅപം മുറിച്ചീടുന്ന പുമാന്‍
ഭര്‍ത്താവാകുന്നതു മല്പുത്രിക്കെന്നൊരു പണം
ചിത്തത്തില്‍ നിരൂപിച്കുവരുത്തി നൃപന്മാരെ
ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും
ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടന്‍
ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ
അത്ഭുതപുരുഷനാമുല്പലനേത്രന്‍തന്നെ
ത്വല്പ്രസാദത്തിലിന്നു സിദ്ധിച്ചേന്‍ ഭാഗ്യവശാല്‍.”
ദര്‍പ്പകസമനായ ചില്പുരുഷനെ നോക്കി
പില്പാടു തെളിഞ്ഞുരചെയ്‌തിതു ജനകനും:
“അദ്യ മേ സഫലമായ് വന്നു മാനുഷജന്മം
ഖദ്യോതായുതസഹസ്രോദ്യോതരൂപത്തൊടും
ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി
വിദ്യുത്സംയുതമായ ജീമൂതമെന്നപോലെ
ശക്തിയ‍ാം ദേവിയോടും യുക്തനായ് കാണ്‍കമൂലം
ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം.
രക്തപങ്കജചരണാഗ്രേ സന്തതം മമ
ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം
ത്വല്‍ പാദ‍ാംബുജഗളീത‍ാംബു ധാരണം കൊണ്ടു
സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെസ്സംഹരിക്കുന്നു;
ത്വല്‍ പാദ‍ാംബുജഗളീത‍ാംബുധാരണം കൊണ്ടു
സല്പുമാന്‍ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം
ത്വല്‍ പാദ‍ാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും
കില്‌ബിഷത്തോടു വേര്‍പെട്ടു നിര്‍മ്മലയാള്‍.
നിന്തിരുവടിയുടെ നാമകീര്‍ത്തനം കൊണ്ടു
ബന്ധവുമകന്നു മോക്ഷത്തെയും പ്രാപിക്കുന്നു
സന്തതം യോഗസ്ഥന്‍മാരാകിയ മുനീന്ദ്രന്മാര്‍;
ചിന്തിക്കായ് വരേണമേ പാദപങ്കജദ്വയം”
ഇത്ഥമോരോന്നേ ചൊല്ലി സ്തുതിച്ചു ജനകനും
ഭക്തികൈക്കൊണ്ടു കൊടുത്തീടിനാന്‍ മഹാധനം;
കരികളറുനൂറും പതിനായിരം തേരും
തുരഗങ്ങളെയും നല്‍കീടിനാന്‍ നൂറായിരം;
പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും
വസ്ത്രങ്ങള്‍ ദിവ്യങ്ങളായുള്ളതും ബഹുവിധം.
മുത്തുമാലകള്‍ ദിവ്യരത്നങ്ങള്‍ പലതരം
പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും
സീതാദേവിക്കു കൊടുത്തീടിനാന്‍ ജനകനും;
പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും.
വിധിനന്ദനപ്രമുഖന്മാര‍ാം മുനികളെ
വിധിപൂര്‍വ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാന്‍.
സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും
സമ്മോദം പൂണ്ടു ദശരഥനും പുറപ്പെട്ടു
കല്‌മഷമകന്നൊരു ജനകനൃപേന്ദ്രനും
തന്മകളായ സീതതന്നെയുമാശ്ലേഷിച്ചു
നിര്‍മ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ-
ധര്‍മ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ.
ചിന്മയന്‍ മായാമയനായ രാഘവന്‍ നിജ-
ധര്‍മ്മാദാരങ്ങളൊടും കൂടവേ പുറപ്പെട്ടു.
മൃദംഗാനകഭേരീതൂര്യാഘോഷങ്ങളോടും
മൃദുഗാനങ്ങള്‍ തേടും വീനയും കുഴലുകള്‍
ശൃംഗകാഹളങ്ങളും മദ്ദളമിടക്കകള്‍
ശൃംഗാരരസപരിപൂര്‍ണ്ണവേഷങ്ങളോടും
ആന തേര്‍ കുതിര കാലാളായ പടയോടു-
മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും
കൗശികവസിഷ്‌ഠാദിതാപസേന്ദ്രന്മാരായ
ദേശികന്മാരോടും ഭൃത്യാമാത്യാദികളോടും
വേഗമോടെഅയോദ്ധ്യയ്‌ക്കാമ്മാറങ്ങു തിരിച്ചപ്പോ-
ളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ.
സന്നാഹത്തോടു നടന്നീടുമ്പോള്‍ ജനകനും
പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം
വെണ്‍കൊറ്റക്കുട തഴ വെണ്‍ചാമരങ്ങളോടും
തിങ്കള്‍മണ്ഡലം തൊഴുമാലവട്ടങ്ങളോടും
ചെങ്കൊടിക്കൂറകള്‍കൊണ്ടങ്കിതധ്വജങ്ങളും
കുങ്കുമമലയജകസ്തൂരിഗന്ധത്തോടും
നടന്നു വിരവോടു മൂന്നു യോജന വഴി
കടന്നനേരം കണ്ടു ദുര്‍ന്നിമിത്തങ്ങളെല്ല‍ാം.
ഭാര്‍ഗ്ഗവഗര്‍വശമനം
“ദുര്‍നിമിത്തങ്ങളുടെ കാരണം ചൊല്ലുകെ”ന്നാന്‍.
“മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോള്‍
പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും.”
ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം
പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാര്‍ഗ്ഗവനെയും.
നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും
നീലലോഹിതശിഷ്യന്‍ ബഡവാനലസമന്‍
ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോള്‍ ദശരഥന്‍
ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താന്‍;
ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.
ആര്‍ത്തനായ് പംക്തിരഥന്‍ ഭാര്‍ഗ്ഗവരാമന്‍ തന്നെ-
പ്പേര്‍ത്തു വന്ദിച്ചു ഭക്ത്യാ കീര്‍ത്തിച്ചാന്‍ പലതരം:
“കാര്‍ത്തവീര്യാരേ! പരിത്രാഹി മ‍ാം തപോനിധേ!
മാര്‍ത്താണ്ഡകുലം പരിത്രാഹി കാരുണ്യ‍ാംബുധേ!
ക്ഷത്രിയാന്തക! പരിത്രാഹി മ‍ാം ജമദഗ്നി-
പുത്ര!മ‍ാം പരിത്രാഹി രേണുകാത്മജ! വിഭോ!
പരശുപാണേ! പരിപാലയ കുലം മമ
പരമേശ്വരപ്രിയ! പരിപാലയ നിത്യം.
പാര്‍ത്ഥിവസമുദായരക്തതീര്‍ത്ഥത്തില്‍ കുളി-
ച്ചാസ്ഥയാ പിതൃഗണതര്‍പ്പണംചെയ്ത നാഥ!
കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!
കാല്‍ത്തളിരിണ തവ ശരണം മമ വിഭോ!”
ഇത്തരം ദശരഥന്‍ ചൊന്നതാദരിയാതെ
ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം
വക്ത്രവും മദ്ധ്യാഹ്നാര്‍ക്കമണ്ഡലമ്പോലെ ദീപ്ത്യാ
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാന്‍:
“ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കല്‍?
മാനവനായ ഭവാന്‍ ക്ഷത്രിയനെന്നാകിലോ
നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാന്‍;
വില്ലിങ്കല്‍ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേള്‍.
നീയല്ലോ ബലാല്‍ ‍ശൈവചാപം ഖണ്ഡിച്ചതെന്റെ
കയ്യിലുണ്ടൊരു ചാപം വൈഷ്ണവം മഹാസാരം
ക്ഷത്രിയകുലജാതന്‍ നീയിതുകൊണ്ടു
സത്വരം പ്രയോഗിക്കിന്‍ നിന്നോടു യുദ്ധം ചെയ്‌വന്‍.
അല്ലായ്‌കില്‍ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-
ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും
ക്ഷത്രിയകുലാന്തകന്‍ ഞാനെന്നതറിഞ്ഞീലേ?
ശത്രുത്വം നമ്മില്‍ പണ്ടുപണ്ടേയുണ്ടെന്നോര്‍ക്ക നീ”.
രേണുകാത്മജനേവം പറഞ്ഞോരന്തരം
ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.
എന്തോന്നുവരുന്നിതെന്നോര്‍ത്തു ദേവാദികളും
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും
പംക്തിസ്യന്ദനന്‍ ഭീതികൊണ്ടു വേപഥപൂണ്ടു,
സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.
മുഗ്ദഭാവവുംപൂണ്ടു രാമന‍ാം കുമാരനും
ക്രുദ്ധന‍ാം പരശുരാമന്‍തന്നോടരുള്‍ ചെയ്‌തു:
“ചൊല്ലെഴും മഹാനുഭാവന്മാര‍ാം പ്രൗഢാത്മാക്കള്‍
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍
ആശ്രയമവര്‍ക്കെന്തോന്നുള്ളതു തപോനിധേ!
സ്വാശ്രമകുലധര്‍മ്മമെങ്ങനെ പാലിക്കുന്നു?
നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-
ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാല്‍?
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേന്‍
ശസ്ത്രാസ്ത്രപ്രയോഗസാമര്‍ത്ഥ്യമില്ലല്ലോതാനും.
ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല
ശത്രുസംഹാരംചെയ്‌വാന്‍ ശക്തിയുമില്ലല്ലോ.
അന്തകാന്തകന്‍പോലും ലംഘിച്ചീടുന്നതല്ല
നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-
മല്ലെങ്കില്‍ തിരുവുള്ളക്കേടുമുണ്ടാകവേണ്ട.”rama-parasurama1
സുന്ദരന്‍ സുകുമാരനിന്ദിരാപതി രാമന്‍
കന്ദര്‍പ്പകളേബരന്‍ കഞ്ജലോചനന്‍ പരന്‍
ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി
വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതന്‍ ദേവന്‍
മന്ദഹാസവും പൂണ്ടു വന്ദിച്ചു മന്ദേതരം
നന്ദിച്ചു ദശരഥ നന്ദനന്‍ വില്ലും വാങ്ങി
നിന്നരുളുന്നനേരമീരേഴു ലോകങ്ങളുമൊ
ന്നിച്ചു നിറഞ്ഞൊരു തേജസ്സു കാണായ്‌വന്നു.
കുലച്ചു ബാണമേകമെടുത്തു തൊടുത്താശു
വലിച്ചു നിറച്ചുടന്‍ നിന്നിതു ജിതശ്രമം
ചോദിച്ചു ഭൃഗുപതിതന്നോടു രഘുപതി:
‘മോദത്തോടരുളിച്ചെയ്തീടണം ദയാനിധേ!
മാര്‍ഗ്ഗണം നിഷ്ഫലമായ്‌വരികയില്ല മമ
ഭാര്‍ഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം!’
ശ്രീരാമവചനംകേട്ടന്നേരം ഭാര്‍ഗ്ഗവനു-
മാരൂഡാനന്ദമതിനുത്തരമരുള്‍ചെയ്തു:
ശ്രീരാമ! രാമ! മഹാബാഹോ! ജാനകീപതേ!
ശ്രീരമണാത്മാരാമ! ലോകാഭിരാമ! രാമ!
ശ്രീരാമ! സീതാഭിരാമാനന്ദാത്മക! വിഷേ്ണാ!
ശ്രീരാമ രാമ! രമാരമണ! രഘുപതേ!
ശ്രീരാമ രാമ! പുരുഷോത്തമ! ദയാനിധേ!
ശ്രീരാമ! സൃഷ്ടിസ്ഥിതിപ്രളയഹേതുമൂര്‍ത്തേ!
ശ്രീരാമ! ദശരൗനെന്ദന! ഹൃഷീകേശ!
ശ്രീരാമരാമരാമ! കൌസല്യാത്മജ! ഹരേ!
എങ്കിലോ പുരാവൃത്തം കേട്ടുകൊണ്ടാലും മമ
പങ്കജവിലോചന! കാരുണ്യവാരാന്നിധേ!
ചക്രതീര്‍ത്ഥത്തിങ്കല്‍ചെന്നെത്രയും ബാല്യകാലേ
ചക്രപാണിയെത്തന്നെ തപസ്സു ചെയ്‌തേന്‍ ചിരം
ഉഗ്രമാം തപസ്സുകൊണ്ടിന്ദ്രിയങ്ങളെയെല്ലാം
നിഗ്രഹിച്ചനുദിനം സേവിച്ചേന്‍ ഭഗവാനെ.
വിഷ്ണു കൈവല്യമൂര്‍ത്തി ഭഗവാന്‍ നാരായണന്‍
ജിഷ്ണുസേവിതന്‍ ഭജനീയനീശ്വരന്‍ നാരായണന്‍
മാധവന്‍ പ്രസാദിച്ചു മല്‍ പുരോഭാഗേ വന്നു
സാദരം പ്രത്യക്ഷനായരുളിച്ചെയ്തീടിനാന്‍!
‘ഉത്തിഷേ്ഠാത്തിഷ്ഠ ബ്രഹ്മന്‍! തുഷ്ടോഹം തപസാ തേ
സിദ്ധിച്ചു സേവാഫലം നിനക്കെന്നറിഞ്ഞാലും
മത്തേജോയുക്തന്‍ ഭവാനെന്നതുമറിഞ്ഞാലും.
കര്‍ത്തവ്യം പലതുണ്ടു ഭവതാ ഭൃഗുപതേ!
കൊല്ലണം പിതൃഹന്താവാകിയ ഹേഹയനെ
ചൊല്ലെഴും കാര്‍ത്തവീര്യാര്‍ജ്ജുനനാം നൃപേന്ദ്രനെ
വല്ലജാതിയു,മവന്‍ മല്ക്കലാംശജനല്ലോ
വല്ലഭം ധനുര്‍വേദത്തിന്നവനേറുമല്ലോ.
ക്ഷത്രിയവംശമിരുപത്തൊന്നു പരിവൃത്തി
യുദ്ധേ നിഗ്രഹിച്ചു കശ്യപനു ദാനം ചെയ്ക
പൃഥ്വീമണ്ഡലമൊക്കെ, പ്പിന്നെശ്ശാന്തിയെപ്രാപി-
ച്ചുത്തമമായ തപോനിഷ്ഠയാ വസിച്ചാലും.
പിന്നെ ഞാന്‍ ത്രേതായുഗേ ഭൂമിയില്‍ ദശരഥൻ
തന്നുടെ തനയനായ്‌വന്നവതരിച്ചീടും.
അന്നു കണ്ടീടാം തമ്മിലെന്നാലെന്നുടെ തേജ-
സ്സന്യൂനം ദാശരഥി തന്നിലാക്കീടുക നീ.
പിന്നെയും തപസ്സുചെയ്താബ്രഹ്മപ്രളയാന്ത-
മെന്നെസ്സേവിച്ചു വസിച്ചീടുക മഹാമുനേ!’
എന്നരുള്‍ചെയ്തു മറഞ്ഞീടിനാന്‍ നാരായണന്‍
തന്നിയോഗങ്ങളെല്ലാം ചെയ്തിതു ഞാനും നാഥാ!
നിന്തിരുവടിതന്നെ വന്നവതരിച്ചോരു
പംക്തിസ്യന്ദനസുതനല്ലോ നീ ജഗല്പതേ!
എങ്കലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം
നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം
ബ്രഹ്മാദിദേവകളാല്‍ പ്രാര്‍ത്ഥിയ്ക്കപ്പെട്ടുള്ളോരു
കര്‍മ്മങ്ങള്‍ മായാബലംകൊണ്ടു സാധിപ്പിയ്ക്ക നീ.
സാക്ഷാല്‍ ശ്രീനാരായണന്‍താനല്ലോ ഭവാന്‍ ജഗല്‍സാ
ക്ഷിയായിടും വിഷ്ണു ഭഗവാന്‍ ജഗന്മയന്‍.
ഇന്നിപ്പോള്‍ സഫലമായ് വന്നിതു മമ ജന്മം
മുന്നം ചെയ്‌തൊരു തപസ്സാഫല്യമെല്ലാം വന്നു.
ബ്രഹ്മമുഖ്യന്മാരാലും കണ്ടു കിട്ടീടാതൊരു
നിര്‍മ്മലമായ രൂപം കാണായ് വന്നതുമൂലം
ധന്യനായ് കൃതാര്‍ത്ഥനായ് സ്വസ്ഥനായ് വന്നേനല്ലോ;
നിന്നുടെ രൂപമുള്ളില്‍ സന്തതം വസിയേ്ക്കണം.
അജ്ഞാനോല്‍ഭവങ്ങളാം ജന്മാദിഷഡ്ഭാവങ്ങള്‍
സുജ്ഞാനസ്വരൂപനാം നിങ്കലില്ലല്ലോ പോറ്റീ!
നിര്‍വ്വികാരത്മാ പരിപൂര്‍ണ്ണനായിരിപ്പൊരു
നിര്‍വ്വാണപ്രദനല്ലോ നിന്തിരുവടി പാര്‍ത്താല്‍.
വഹ്നിയില്‍ ധൂമം പോലെ വാരിയില്‍ നുര പോലെ
നിന്നുടെ മഹാമായാവൈഭവം ചിത്രം! ചിത്രം!
യാവത്തര്യന്തം മായാസംവൃതം ലോകമോര്‍ത്താല്‍
താവത്തര്യന്തമറിയാവതല്ല ഭവത്തത്ത്വം.
സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും
ത്വല്‍സേവാരതന്മാരാം മാനുഷര്‍ മെല്ലെ മെല്ലെ
ത്വന്മായാരചിതമാം സംസാരപാരാവാരം
തന്മറുകരയേറീടുന്നിതു കാലംകൊണ്ടേ.
ത്വല്‍ജ്ഞാനപരന്മാരാം മാനുഷജനങ്ങള്‍ക്കുള്ളജ്ഞാ
നം നീക്കുവോരു സല്‍ഗുരു ലഭിച്ചീടും.
സല്‍ഗുരുവരങ്കല്‍നിന്നമ്പോടു വാക്യജ്ഞാനമുള്‍ക്കാ
മ്പിലുദിച്ചീടും ത്വല്‍പ്രസാദത്താലപ്പോള്‍.
കര്‍മ്മബന്ധത്തിങ്കല്‍നിന്നാശു വേര്‍പെട്ടു ഭവല്‍
ചിന്മയപദത്തിങ്കലാഹന്ത! ലയിച്ചീടും.
ത്വല്‍ഭക്തിവിഹീനന്മാരായുള്ള ജനങ്ങള്‍ക്കു
കല്പകോടികള്‍കൊണ്ടും സിദ്ധിയ്ക്കയില്ലയല്ലോ.
വിജ്ഞാനജ്ഞാനസുഖം മോക്ഷമെന്നറിഞ്ഞാലും
അജ്ഞാനം നീക്കി ത്വല്‍ബോധം മമ സിദ്ധിയേ്ക്കണം.,
ആകയാല്‍ ത്വത്താദപത്മങ്ങളില്‍ സദാകാല
മാകുലംകൂടാതൊരു ഭക്തി സംഭവിയേ്ക്കണം.
നമസ്തേ ജഗത്പതേ! നമസ്തേ രമാപതേ!
നമസ്തേ ദാശരധെ നമസ്തേ സതാം പതേ!
നമസ്തേ വേദപതേ! നമസ്തേ ദേവപതേ!
നമസ്തേ മഖപതേ! നമസ്തേ ധരാപതേ!
നമസ്തേ ധര്‍മ്മപതേ! നമസ്തേ സീതാപതേ!
നമസ്തേ കാരുണ്യാബ്ധേ! നമസ്തേ ചാരുമൂര്‍ത്തേ!
നമസ്തേ രാമ രാമ! നമസ്തേ രാമചന്ദ്ര!
നമസ്തേ രാമ രാമ! നമസ്തേ രാമഭദ്ര!
സന്തതം നമോസ്തു തേ ഭഗവന്‍! നമോസ്തു തേ
ചിന്തയേ ഭവച്ചരണാംബുജം നമോസ്തു തേ
സ്വര്‍ഗ്ഗതിയ്ക്കായിട്ടെന്നാല്‍ സഞ്ചിതമായ പുണ്യ-
മൊക്കെ നിന്‍ ബാണത്തിനു ലക്ഷ്യമായ് ഭവിയേ്ക്കണം.’
എന്നതു കേട്ടു തെളിഞ്ഞന്നേരം ജഗന്നാൗന്‍െ
മന്ദഹാസവും ചെയ്തു ഭാര്‍ഗ്ഗവനോടു ചൊന്നാന്‍:
‘സന്തോഷം പ്രാപിച്ചേന്‍ ഞാന്‍ നിന്തിരുവടിയുള്ളിലെ
ന്തോന്നു ചിന്തിച്ചതെന്നാലവയെല്ലാം തന്നേന്‍’
പ്രീതികൈക്കൊണ്ടു ജമദഗ്നിപുത്രനുമപ്പോള്‍
സാദരം ദശരഥ പുത്രനോടരുള്‍ ചെയ്തു:
‘ഏതാനുമനുഗ്രഹമുണ്ടെന്നെക്കുറിച്ചെങ്കില്‍
പാദഭക്തന്മാരിലും പാദപത്മങ്ങളിലും
ചേതസി സദാകാലം ഭക്തി സംഭവിയേ്ക്കണം
മാധവ! രഘുപതേ! രാമ! കാരുണ്യാംബുധേ!
ഇസ്തോത്രം മയാ കൃതം ജപിച്ചീടുന്ന പുമാന്‍
ഭക്തനായ് തത്വജ്ഞനായീടേണം, വിശേഷിച്ചും
മൃത്യു വന്നടുക്കുമ്പോള്‍ ത്വത്താദാംബുജസ്മൃതി
ചിത്തേ സംഭവിപ്പതിന്നായനുഗ്രഹിയേ്ക്കണം.’
‘അങ്ങനെ തന്നെ’യെന്നു രാഘവന്‍ നിയോഗത്താല്‍
തിങ്ങിന ഭക്തിപൂണ്ടു രേണുകാതനയനും
സാദരം പ്രദക്ഷിണം ചെയ്തു കുമ്പിട്ടു കൂപ്പി
പ്രീതനായ്‌ചെന്നു മഹേന്ദ്രാചലം പുക്കീടിനാന്‍.
ഭൂപതി ദശരഥൻതാനതിസന്തുഷ്ടനായ്
താപവുമകന്നു തന്‍പുത്രനാം രാമന്‍തന്നെ
ഗാഡമായാശ്ലേഷം ചെയ്താനന്ദാശ്രുക്കളോടും
പ്രൌഡാത്മാവായ വിധിനന്ദനനോടും കൂടി
പുത്രന്മാരോടും പടയോടും ചെന്നയോദ്ധ്യയില്‍
സ്വസ്ഥമാനസനായ് വാണീടിനാന്‍ കീര്‍ത്തിയോടെ.
ശ്രീരാമാദികള്‍ നിജഭാര്യമാരോടും കൂടി
സ്വൈരമാനസന്മാരായ് രമിച്ചുവാണീടിനാരെല്ലാവരും.
വൈകുണ്ഠപുരിതന്നില്‍ ശ്രീഭഗവതിയോടും
വൈകുണ്ഠന്‍ വാഴും പോലെ രാഘവന്‍ സീതയോടും
ആനന്ദമൂര്‍ത്തി മായാമാനുഷവേഷം കൈക്കൊ
ണ്ടാനന്ദം പൂണ്ടു വസിച്ചീടിനാനനുദിനം.
കേകയനരാധിപനാകിയ യുധാജിത്തും
കൈകേയീതനയനെ കൂട്ടിക്കൊണ്ടങ്ങു ചെല്‍വാന്‍
ദൂതനെയയച്ചതു കണ്ടൊരു ദശരൗന്‍െ
സോദരനായ് മേവീടും ശത്രുഘ്‌നനോടും കൂടി
സാദരം ഭരതനെപ്പോവാനായ് നിയോഗിച്ചാ
നാദരവോടും നടന്നീടിനാരവര്‍കളും.
മാതുലന്‍തന്നെക്കണ്ടു ഭരതശത്രുഘ്‌നന്മാര്‍
മോദമുള്‍ക്കൊണ്ടു വസിച്ചീടിനാരതുകാലം.
മൈൗിെലിയോടും നിജനന്ദനനോടും ചേര്‍ന്നു
കൌസല്യാദേവിതാനും പരമാനന്ദം പൂണ്ടാള്‍.
രാമലക്ഷ്മണന്മാരാം പുത്രന്മാരോടും നിജ
ഭാമിനിമാരോടുമാനന്ദിച്ചു ദശരഥന്‍
സാകേതപുരിതന്നില്‍ സുഖിച്ചു വാണീടിനാന്‍
പാകശാസനനമരാലയേ വാഴുംപോലെ.
നിര്‍വ്വികാരാത്മാവായ പരമാനന്ദമൂര്‍ത്തി
സര്‍വ്വലോകാനന്ദാര്‍ത്ഥം മനുഷ്യാകൃതിപൂണ്ടു
തന്നുടെ മായാദേവിയാകിയ സീതയോടുമൊ
ന്നിച്ചുവാണാനയോദ്ധ്യാപുരിതന്നിലന്നേ.
ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ
ബാലകാണ്ഡം സമാപ്തം