Showing posts with label മഹോത്സവങ്ങള്‍. Show all posts
Showing posts with label മഹോത്സവങ്ങള്‍. Show all posts

Sunday, October 8, 2017

ദീപാവലി



ദീപാവലി- ദീപങ്ങളുടെ ഉത്സവം
ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ് തുലാമാസത്തില്‍ അരങ്ങേറാറുള്ള ദീപാവലി. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകള്‍ പ്രചാരത്തിലുണ്ട് . അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നിസമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിര്‍വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരകചതുര്‍ദ്ധശി എന്നും പേരായി.
ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന ഒരസുരനായിരുന്നു നരകാസുര൯. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല്‍ അഹങ്കരിച്ചു ഭൂലോകവാസികളേയും ദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മു൯പില്‍ ചെന്ന് തന്റെ സങ്കടമുണര്‍ത്തിച്ചു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേററയാല്‍ ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത് . ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി ഉടനെ പ്രസവിക്കുകയും ചെയ്തു. പിറവിയെടുത്തത് അതി ശക്തനായ ഒരസുര ശിശുവായിരുന്നു. ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു.

എന്നാല്‍ ഭഗവാനില്‍ നിന്നുള്ള വരലബ്ധിയില്‍ നരക൯ മഹാഅഹങ്കാരിയായി മാറി. ദേവന്മാരോട് അവന് കൊടുംപകയായിരുന്നു. ദേവസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാനും കാണുന്ന മാത്രയില്‍ ദേവന്മാരെ ഉപദ്രവിക്കാനും അവന് യാതൊരു മടിയുമുണ്ടായിരുന്നില്ല. പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു അവന്റെ രാജ്യതലസ്ഥാനം. അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദവും നരക൯ കൊടുത്തിരുന്നില്ല.
ഒരു ദിവസം സ്വശക്തിയില്‍ മദോന്മത്തനായ് അവ൯ ദേവേന്ദ്രന്റെ വാസസ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. പ്രാണഭീതിയോടെ ഇന്ദ്ര൯ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഭഗവാ൯ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന്‍ തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത് പിന്നെ ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധി വരുത്തി . വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളും തന്റെ ആശ്രിതനായ ദേവേന്ദ്രനെ തിരിച്ചേല്പിക്കുകയും ചെയ്തു .
അസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്‌.
മറ്റൊരൈതിഹ്യം ഭഗവാ൯ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക്‌ മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു. രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെ. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കി എന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള്‍ ആഘോഷിക്കുന്നു.
ഇവ കുടാതെ മഹാബലിയുമായി ബന്ധപ്പെട്ടു കൊണ്ടും ഒരു ദീപാവലിയാഘോഷം ചിലയിടങ്ങളില്‍ നടത്താറുണ്ട്. അതുകുടുതലും ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളിലെ ചടങ്ങ് ആണ്. "വലിയ ചന്ദ്രനെ വരുത്തല്‍" എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അവര്‍ അദ്ദേഹത്തെ കളത്തില്‍ വരുത്തും എന്നാണ് സങ്കല്പം. പൂജകള്‍ക്ക്‌ ശേഷം ബലി ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക്‌ തിരിച്ചയയ്ക്കല്‍ ചടങ്ങുമുണ്ടാകും . ഒന്നാം ദിവസം കിണറ്റില്‍ നിന്നെടുക്കുന്ന ജലം എല്ലാ പൂജകള്‍ക്കും ശേഷം മൂന്നാം ദിവസം അതേ കിണറ്റിലേയ്ക്കു തന്നെ തിരിച്ചോഴിക്കും. തിന്മയെ ശുദ്ധീകരിച്ചു നന്മയാക്കി മാറ്റുകയും അതു നമ്മള്‍ സ്വീകരിക്കുകയും ചെയ്യുന്നു എന്നുള്ള തത്വമായിരിക്കും ഒരു പക്ഷെ ഇതിലെല്ലാം അടങ്ങിയിരിക്കുന്ന മൂലാധാരം. പ്രകാശം നല്‍കുക എന്നുള്ളതാണല്ലോ ദീപങ്ങളുടെ ധര്‍മ്മം. അതിലുടെ നമ്മള്‍ പലതും കാണുന്നു, അറിയുന്നു, അനുഭവിക്കുന്നു. ദീപാവലിക്കു തൊട്ടു മു൯പുള്ള അമാവാസി ദിനം പിതൃബലിക്കും പുണ്യതീര്‍ത്ഥസ്നാനത്തിനും ഉത്തമമായിട്ടാണ് കണക്കാക്കുന്നത്.
വ്രതാനുഷ്ടാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തൈല സേചനം അപൂര്‍വ്വമാണെന്നാണ് ആചാരം എന്നാല്‍ ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്നാനമാണ് എന്തെന്നാല്‍ ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടും. മാത്രമല്ല ചതുര്‍ദ്ദശിയിലെ പ്രഭാത സ്നാനം സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും കീഴടക്കാം. നരകലോകം അന്യമാക്കാം. ദീപാവലിയുടെ അനുഷ്ഠാനങ്ങളെക്കുറിച്ച് ശ്രീ പരമേശ്വര൯ പുത്ര൯ ഷണ്മുഖനെ ഉപദേശിക്കുന്നത് പത്മ പുരാണത്തില്‍ വിവരിക്കുന്നുണ്ട് .
തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ
ദീപാവല്യാം ചതുര്‍ദ്ദശീം
പ്രാത സ്നാനാം ഹിയ കുത്യാത്
യമലോകം നപശുതി .

മേല്‍പ്പറഞ്ഞ അനുഷ്ഠാനങ്ങള്‍ മാത്രമല്ല ദീപാവലിയുടെ പ്രത്യേകതകള്‍. എണ്ണ തേച്ചുകുളി വിഭവ സമൃദ്ധമായ സദ്യ പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനേയും ഇല്ലാതാക്കുന്നു. അധര്‍മ്മത്തിനെ ഇല്ലാതാക്കാനുള്ള നിയോഗം ധര്‍മ്മത്തിന്റെതാണല്ലോ. മനുഷ്യരാശികളില്‍ സ്വയമേവ അന്തര്‍ലീനമായിരിക്കുന്നു. ആസുരിക ശക്തികളെ അന്യമാക്കാനും സമഭാവനതകളും കാരുണ്യത്തിന്റെ ത്രിമാനങ്ങളും അവിടെ നിറയ്ക്കാനും ദീപാവലിയുടെ അനുഷ്ഠാനങ്ങള്‍ ഉപയുക്തമാകുന്നുണ്ട് . നരകാസുരനും രാവണനും തിന്മയുടെ പ്രതിബിംബങ്ങളാണല്ലോ. അവരെ ഇല്ലാതാക്കി നിത്യമായ സ്വച്ഛതയും സമാധാനവും ഭൂമിയില്‍ വിതറാ൯ ഭഗവാ൯ നിയുക്തനായതും ധര്‍മ്മ സംരക്ഷണം മു൯നിര്‍ത്തിക്കൊണ്ടാണ്.
ഇവയൊന്നും കുടാതെ ജൈനമതക്കാരുടെ ഇടയില്‍ മറ്റൊരു കഥ കുടി ദീപാവലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം നഷ്ട ശരീരനായിതീര്‍ന്നെങ്കിലും ജൈനമതക്കാര്‍ ഇപ്പോഴും ആ വെളിച്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തും ഇല്ലാതാക്കും എന്നാ തത്വത്തില്‍ അവര്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്.
ദീപാവലി ദിനത്തില്‍ ദേഹശുദ്ധിയോടെ മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധി പ്രദവുമാണ്. ഒ൯പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു അതിനു മുന്നിലിരുന്നു വേണം അത് ജപിക്കാ൯.
ഏതു നിഷ്ഠയിലൂടെയാണെങ്കിലും ദീപാവലി മനുഷ്യരാശിയിലെ തിന്മകളെ തൊട്ടു വെളുപ്പിക്കുന്നൊരു പ്രകാശ ബിന്ദുവാണ്. നമുക്കത് നിത്യ പ്രഭയുടെ ജാജ്ജ്വലുതയോടെ ആസ്വദിക്കാം - അനുഭവിക്കാം .

Friday, October 6, 2017

ദീപാവലി


ദീപാവലി -ഭാരതത്തിന്റെ ഏറ്റവും മുഖ്യമായ ദേശീയോത്സവം അടുത്തെത്തിക്കൊണ്ടിരിക്കുന്നു .....

വിളക്കും വെളിച്ചവും ഭാരതീയമായൊരു ആത്മീയപ്രഭയാണ്. ഇരുട്ടിനെപ്പോക്കുന്ന വെളിച്ചത്തിനുമുണ്ട് ഭാരതീയ ദര്‍ശനത്തിലൊരു വന്‍ പ്രസക്തി. അതിന്റെ പ്രത്യക്ഷ സാക്ഷാത്ക്കാരഭാവമാണ് ദീപാവലി. അന്നു ഭാരതം മുഴുവന്‍ ദീപപ്രഭകളാൽ  വെളിച്ചം വിതറുമ്പോള്‍ ഇരുട്ടെന്ന മനസ്സിനുള്ളിലെ  അജ്ഞാനം ഒരു സങ്കല്‍പം പോലുമായിത്തീരുന്നു, മനത്തിനു വെളിച്ചമേകുന്നു .

 തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലാണ് ദീപാവലി. ഉത്തരഭാരതത്തിൽ  ഒക്ടോബർ 15 മുതൽ 21  വരെയുള്ള ഒരാഴ്ച  ഈവർഷത്തെ ദീപാവലി ആഘോഷങ്ങളാണ്  .ഒക്ടോബർ 15 നു ഏകാദശി ദിനത്തിൽ ഗോവത്സ്യ പൂജ, 16നു ദ്വാദശി ദിനത്തിൽ ധൻതേരസ് 17 നു ത്രയോദശി ദിനത്തിൽ കാളി ചൗദസ് -ഹനുമത് പൂജ ,18നു നരക ചതുർദ്ദശി,ലക്ഷ്മി പൂജ ,ദിവാളി  പൂജ ,19 നു അമാവാസി , ദീവാളി  സ്നാനം,ദീവാളി ദേവപൂജ,20 നു പ്രതിപദം , ഗോവർദ്ധൻ പൂജ,21നു ദ്വതീയ ഭയ്യാ ധൂജ്. .

ഭാരതീയ ഗൃഹങ്ങളിലും പൊതുസ്ഥലങ്ങളിലും ഒരുപോലെ ഭംഗിയായും നിരനിരയായും ദീപങ്ങളും  കത്തിച്ച്‌ സര്‍വ്വത്ര പ്രകാശം പരത്തുന്ന ഒരുത്സവമാണ്‌ ദീപാവലി. ദീപങ്ങളുടെ ആവലി  അഥവാ ദീപാവലി എന്ന പേരു  വരാന്‍ തന്നെ കാരണവും  ഇതാണ്‌. മൺ ചിരാതുകളും നിലവിളക്കുകളും ഇന്നു കുറഞ്ഞു ,അതിന്റെ സ്ഥാനം വിവിധ ആകൃതിയിലുള്ളതും  വർണാഭവുമായ എൽ ഇ ഡി ലൈറ്റുകൾ നേടിയിരിക്കുന്നു ,പൂമുഖങ്ങളും മട്ടുപ്പാവുകളും ഗൃഹസമുച്ചയങ്ങളും വ്യാപാരസ്ഥാപനങ്ങളും . എന്നിരുന്നാലും പരമ്പാഗരഗതമായ എണ്ണ  വിളക്കുകൾ ദീപാവലിയുടെ അവശ്യ ഘടകമാണിപ്പോഴും .ഭാരതീയരുടെ  ദേശീയ പര്‍വ്വമാണ്‌ ദീപാവലി അഥവാ ദീവാളി. സിഖ്‌-ബൗദ്ധ-ജൈന ധര്‍മ്മാനുയായികളും ദീപാവലിയെ ആദരിക്കുന്നു, അവരവരുടെ വിശ്വാസങ്ങൾ ഉൾക്കൊണ്ടുതന്നെ .


 അയോദ്ധ്യാധിപതിയായ ശ്രീരാമചന്ദ്രന്‍ 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ്‌ രാവണനിഗ്രഹം പൂർത്തിയാക്കി  മടങ്ങിവന്നദിനമാണിതെന്നും പറയപ്പെടുന്നു. അയോദ്ധ്യാവാസികളുടെ ഹൃദയങ്ങള്‍ തങ്ങളുടെ പരമപ്രിയനായ രാജാവിന്റെ പ്രത്യാഗമനത്താല്‍ പ്രഫുല്ലമായിരുന്നു. ശ്രീരാമനെ സ്വാഗതം ചെയ്യുവാന്‍ അയോദ്ധ്യാവാസികള്‍ നെയ്‌വിളക്കുകള്‍ കത്തിച്ചുവച്ചു, കാര്‍ത്തികമാസത്തിലെ സാന്ദ്രമായ അമാവാസിയില്‍ വിളക്കുകളുടെ പ്രകാശം വെട്ടിത്തിളങ്ങിത്തുടങ്ങി. അന്നുതുടങ്ങി ഇന്നും ഭാരതീയര്‍ ഈ പ്രകാശപര്‍വ്വം ഉല്ലാസപൂര്‍വ്വം ആഘോഷിച്ചുവരുന്നു. ഈ പര്‍വ്വം ഗ്രിഗേറിയന്‍ കലണ്ടറനുസരിച്ച്‌ ഒക്ടോബറിലോ നവംബറിലോ ആഗതമാകുന്നു. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇരുട്ടില്‍ നിന്ന്‌ പ്രകാശത്തിലേക്ക്‌ പ്രവേശിക്കുന്നതിന്റെ പ്രതീകമാണ്‌. ‘സത്യമേവ ജയതേ നാതൃതം’ – സത്യം തന്നെ ജയിക്കും അസത്യമല്ല – എന്നാണല്ലോ ഭാരതീയരുടെ ദൃഢവിശ്വാസം. ദീപാവലിയും ഇതുതന്നെയാണ്‌ അര്‍ത്ഥമാക്കുന്നത്‌. ‘അസതോമാ സദ്ഗമയ തമസോമാ ജ്യോതിര്‍ ഗമയ" . സ്വച്ഛതയുടെയും പ്രകാശത്തിന്റെയും പര്‍വ്വമായ ഇതിനെ ചിലര്‍ സപ്താഹ പൂര്‍വ്വം തന്നെ ആഘോഷിച്ചുവരുന്നു.

ദീപം കത്തിക്കുന്നതിന്റെ പിന്നില്‍ മറ്റു  കാരണങ്ങളും കഥകളും ഇല്ലാതില്ല.ശ്രീലങ്കയിൽ ശ്രീരാമന്‍ രാക്ഷസരാജാവായ രാവണനെ കൊന്ന്‌ പരിവാര സമേതം കാൽനടയായി  അയോദ്ധ്യയിലേക്ക്‌ തിരിച്ചെത്തിയത്‌  ദസറയുടെ 19  ദിവസമായ    ദീപാവലി ദിനത്തിലാണ്‌. അതിന്റെ ആഹ്ലാദസൂചകമായി ലോകം ഇന്നും ഈ പര്‍വ്വം ഘോഷിച്ചുവരുന്നു.
 എന്നൊന്ന് .

മറ്റൊരു ഐതീഹ്യം ശ്രീകൃഷ്ണന്‍ നൃശംസനായ നരകാസുരനെ നിഗ്രഹിച്ചതിന്റെ പ്രഹര്‍ഷത്താലും പ്രസന്നതയാലും ലോകം നെയ്‌വിളക്കുകള്‍ കത്തിക്കുന്നു എന്നതാണ് .

ഒരു പൗരാണിക കഥാനുസാരം വിഷ്ണുനരസിംഹരൂപം ധരിച്ച്‌ ഹിരണ്യകശിപുവിനെ വധിച്ചതും സമുദ്രമഥനത്തില്‍ നിന്ന്‌ ലക്ഷ്മിയും ധന്വന്തരിയും പൊന്തിവന്നതും ഈ ദിനമാണത്രേ, അങ്ങനെ പലതുമുണ്ട്.
 ജൈനമതാവലംബികളുടെ മതാനുസാരം 24-ാ‍മത്തെ തീര്‍ത്ഥകരനായ മഹാവീരസ്വാമിയുടെ നിര്‍വ്വാണം ദീപാവലി ദിനത്തിലാണ്‌ സംഭവിച്ചത്‌.അമൃത്സറില്‍ സ്വര്‍ണമന്ദിരത്തിന്റെ ശിലാന്യാസം നടന്ന ദീപാവലിദിനം സിഖുകാരെ സംബന്ധിച്ചിടത്തോളം മഹത്വമാര്‍ന്നതാണ്‌. സിഖുകാരുടെ ആറാമത്തെ ഗുരുവായ ഗോവിന്ദ്സിംഗം ജയിലില്‍ നിന്ന്‌ വിമുക്തനായത്‌ ദീപാവലി ദിനത്തിലാണ്‌. നേപ്പാളികളുടെ പുതുവര്‍ഷമാരംഭിക്കുന്ന ദിനവും  ദീപാവലിയായതുകൊണ്ട്‌ അവരും ഈ ദിനത്തെ സുപ്രധാനമായചി കരുതുന്നു. പഞ്ചാബില്‍ ജനിച്ച സ്വാമി രാമതീര്‍ത്ഥന്റെ ജനനവും മഹാപരയാണവും ഈ ദിനത്തിലായതുകൊണ്ടുള്ള പ്രത്യേകതയും ഈ പര്‍വ്വത്തിനുണ്ട്‌. ഗംഗാതടത്തില്‍ സ്നാം ചെയ്ത്‌ ഓംകാരം ഉരുവിട്ടുകൊണ്ടാണ്‌ സ്വാമി സമാധിയായത്‌.ഭാരതീയ സംസ്കൃതിയുടെ ജനനായകനായ മഹര്‍ഷി ദയാനന്ദന്‍ ദീപാ വലിദിനത്തില്‍ അജ്മീരിനടുത്തുവച്ചാണ്‌ അന്ത്യം പ്രാപിച്ചത്‌.

 അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ താമസസ്ഥലത്തിന്‌ മുമ്പില്‍ ആനപ്പുറത്ത്‌ ഒരു മുളങ്കമ്പില്‍ വലിയൊരു ആകാശദീപം ദീപാവലി ദിനത്തില്‍ കത്തിച്ചുവച്ചിരുന്നു. ബഹാദൂര്‍ഷാ ജഫരും ദീവാളി കൊണ്ടാടിയിരുന്നുവെന്നും അതിന്റെ കാര്യക്രമങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും അറിയുന്നു. ഷാ ആലം ദ്വിതീയനും തന്റെ കൊട്ടാരം ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു വെന്നുംപറയപ്പെടുന്നു . ഇപ്രകാരം ഹിന്ദുക്കൽ മാത്രമല്ല മുസല്‍മാന്‍മാരും ഒരുപോലെ ലാല്‍കിലയിലെ ദീപാവലി കാര്യക്രമങ്ങളില്‍ ഒരുപോലെ ലാല്‍കിലയിലെ ദീപാവലി കാര്യക്രമങ്ങളില്‍ പങ്കെടുത്തിരുന്നു.

 പര്‍വ്വങ്ങളുടെ സമൂഹമാണ്‌ ദീപാവലി. ദീപാവലി ഏകദിന പര്‍വ്വമല്ല, പര്‍വ്വങ്ങളുടെ സമൂഹമാണ്‌. ദസറയ്ക്ക്‌ ശേഷമാണ്‌ ദീപോത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്‌. വടക്കേ ഇന്ത്യയിൽ ജനങ്ങള്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നു. ദീപാവലിക്ക്‌ മുന്‍പായി ‘ധനതേരസ്‌’ എന്ന ആഘോഷമുണ്ട്‌. അന്നേദിവസം കടകമ്പോളങ്ങളില്‍ വിശേഷാല്‍ തിക്കും തിരക്കും കാണാം. പുതിയ  ലോഹങ്ങളുടെ പാത്രങ്ങള്‍ വാങ്ങുന്നത്‌ ശുഭകരമാണെന്നുള്ള  വിശ്വാസമാണ്‌ കാരണം.

 ദീപാവലി മൂന്ന് ദിവസം കൊണ്ടാടുന്നു .ആദ്യ ദിനം  ഗൃഹകവാടത്തിലും തുളസിത്തറയിലും ഓരോ വിളക്കുകത്തിച്ചുവയ്ക്കുന്നു. പിറ്റേന്ന്‌ നരകചതുര്‍ദശിയാണ്‌. ഇത്‌ ചെറിയ ദീപാവലിയാണെത്രേ. യമപൂജയ്ക്കായി ഈ ദിനം ദീപം തെളിയിക്കുന്നു. അതിനടുത്തദിവസം ദീപാവലിയാണ്‌. വീടായ വീടുകളെല്ലാം പല-പല മധുരപലഹാരങ്ങളുടെ സ്വാദൂറുന്ന മണം കൊണ്ട്‌ നിറഞ്ഞുനില്‍ക്കുന്നു. കടകമ്പോളങ്ങളിലാകട്ടെ മധുരപലഹാരങ്ങളെ കൂടാതെ ഈശ്വരന്മാരുടെ പ്രത്യേകിച്ചും ലക്ഷ്മീ – ഗണേശന്മാരുടെ ചെറുമൂര്‍ത്തികളും വിലയ്ക്ക്‌ ലഭ്യമാണ്‌. കുട്ടികള്‍ക്കുള്ള പൂത്തിരി, മത്താപ്പൂ എന്നിവയും ഇഷ്ടംപോലെ ലഭ്യമാണ്‌. ദീപാവലി സന്ധ്യയില്‍ ലക്ഷ്മീ – ഗണേശന്മാര്‍ക്ക്‌ പൂജയുണ്ട്‌. വീടുകള്‍ക്ക്‌ പുറത്തു ചെറു ചെറുദീപങ്ങള്‍ നിരനിരയായി കത്തിച്ചുവയ്ക്കുന്നു. എവിടെ നോക്കിയാലും പ്രകാശം നിറഞ്ഞുനില്‍ക്കുന്നതായി തോന്നും. എങ്ങും ഓരോരോ കാഴ്ചകളുടെ പൂരം തന്നെ. രാത്രിയേറുന്നതോടുകൂടി കാര്‍ത്തികയും കറുത്തരാത്രിയും  പൂര്‍ണിമയേക്കാള്‍ ശോഭായമാനമായിത്തീരുന്നു.തിൻമയ്ക്ക് മേൽ നൻമ നേടിയ വിജയത്തിന്‍റെ ഉത്സവമാണ് ഭാരതീയർക്ക് ദീപാവലി. പടക്കം പൊട്ടിച്ചും, ദീപങ്ങൾ തെളിയിച്ചും, മധുരപലഹാരങ്ങൾ  വിതരണം ചെയ്തുമാണ് ദീപാവലി ആഘോഷം.

 ദീപാലി പിറ്റേന്നാകട്ടെ ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധനപര്‍വതത്തെ തന്റെ വിരലില്‍ പിടിച്ചുനിര്‍ത്തി ഇന്ദ്രന്റെ കോപത്തില്‍ മുങ്ങിയ വ്യാജവാസികളെ രക്ഷിച്ച ദിനമാണ്‌. കൃഷിക്കാരായ  ജനങ്ങൾ  തങ്ങളുടെ പശുക്കളെയും കാളകളെയും അലങ്കരിക്കുന്നു. ചാണംകൊണ്ട്‌ പര്‍വ്വതമുണ്ടാക്കി പൂജിക്കുന്നു. സഹോദരീ-സഹോദരദിനമാണ്‌ (ഭയ്യാ-ധുജ് ) പീന്നീട്‌ വരുന്നത്‌. വ്യാപാരികള്‍ പഴയ കണക്കുബുക്കുകള്‍ മാറ്റുന്നു. ലക്ഷീ പൂജനം ചെയ്യുന്നു.

 കൃഷിക്കാര്‍ക്കും ദീപാവലി മഹത്വമാര്‍ന്നതാണ്‌. വിളവുതയ്യാറാക്കി കൂട്ടുവയ്ക്കുന്നു. സമൃദ്ധിയുടെ ഈ പര്‍വ്വം ഉല്ലാസപൂര്‍വം കൊണ്ടാടുന്നു. പരമ്പര – അന്ധകാരത്തിന്റെ മേല്‍ പ്രകാശത്തിന്റെ വിജയം നിറഞ്ഞ ദീപോത്സവം സമാജത്തില്‍ ഉല്ലാസത്തിന്റെയും സഹോദരീ-സഹോദരപ്രേമത്തിന്റെയും സന്ദേശം പ്രസരിപ്പിക്കുന്നു. സാമൂഹികവും വ്യക്തിഗതവുമായി ഘോഷിക്കുന്ന ഈ പര്‍വ്വത്തിന്‌ ധാര്‍മ്മികവും, സാംസ്കൃതവും സാമാജികവുമായ വിശിഷ്ട ത കൂടിയുണ്ട്‌.

 ദീപാവലി ഘോഷിക്കുന്നതില്‍ പല പല വ്യത്യാസങ്ങള്‍ കാണാമെങ്കിലും ഈ ഉത്സവം തലമുറ-തലമുറയായി ലോകത്തെമ്പാടുമുള്ള  ഭാരതീയർ  ആഘോഷിച്ചുവരുന്നു.കൂടാതെ നേപ്പാൾ ,ശ്രീലങ്ക ,മ്യാന്മാർ ,മൗറീഷ്യസ് ,ഗയാന ,ട്രിനിഡാഡ് ,ടൊബാഗോ ,സുരിനാം ,മലേഷ്യ ,സിംഗപ്പൂർ ,ഫിജി എന്നിവിടങ്ങളിലും തദ്ദേശിയർക്കു  ദീപാവലിക്കു സമാനമായ  ആഘോഷമുണ്ട് .

അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് സ്വാഗതം ,  മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുര ഭാവത്തെ - തിന്മയെ - നിഗ്രഹിക്കുക,  തിന്മയെ മറികടന്ന് നന്മയിലേക്ക് വരൂ അതല്ലേ  ദീപാവലി നല്‍കുന്ന ശുഭ സന്ദേശം.

Tuesday, November 1, 2016

എന്തിനായിരുന്നു ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചത്?

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
 
മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.
 
ദേവീമാഹാത്മ്യം
 
ദുർഗാദേവി മഹിഷാസുരനെതിരെ നേടിയ വിജയം വർണ്ണിക്കുന്ന സംസ്കൃത രചനയാണ്‌ ദേവീ മാഹാത്മ്യം. മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമാണിത്. അഞ്ചാം നൂറ്റാണ്ടിലാണ് ദേവീമാഹാത്മ്യം രചിച്ചത് എന്നാണ് വിശ്വസിച്ച് വരുന്നത്. ദുർഗ്ഗ സപ്തശക്തി എന്നാണ് ഈ രചനയുടെ മറ്റൊരു പേര്. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ആൺദൈവത്തിന്റെ പ്രഭാവം കുറഞ്ഞ ഇണയെന്ന നിലയ്ക്കുള്ള പുരുഷ മേധാവിത്വപരമായ സ്ഥിതിയിൽ നിന്ന്, ശക്തിയുടെ തന്നെ പ്രതീകം എന്ന അവസ്ഥയിലേയ്ക്കുള്ള അമ്മ ദൈവത്തിന്റെ പരിവർത്തനമാണ് രചനയിൽ പ്രതിപാദിച്ചിരിക്കുന്നത്.
 
മഹിഷാസുര മർദ്ദനം
 
ഐതീഹ്യമായതുകൊണ്ടാകാം ഇന്നും പലർക്കുമറിയില്ല എന്തിനാണ് ദുർഗാദേവി മഹിഷാസുരനെ വധിച്ചതെന്ന്. അതൊരു കഥ തന്നെയാണ്. പണ്ടൊക്കെ മുത്തശ്ശിമാർ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. 
 
അസുരന്മാരുടെ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ!. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്. അസുരന്മാരുടെ എല്ലാ ലക്ഷണവും നിറഞ്ഞ് നിന്നിരുന്നു. 
 
മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു.' ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം'. 
 
ഭഗവാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു, 'മകനേ... മരണമില്ലാത്തവൻ ആരുമില്ല. ഒരിക്കൽ എല്ലാത്തിനും അവസാനമുണ്ടാകും. എനിക്ക് അങ്ങനെ വരം നൽകാൻ കഴിയില്ല. മറ്റെന്തെങ്കിലും ചോദിച്ചാൽ സാധിച്ച് തരാം.'
 
ആലോചിച്ച ശേഷം മഹിഷാസുരൻ വീണ്ടും പറഞ്ഞു,' അങ്ങനെയെങ്കിൽ, ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അപലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല.' ബ്രഹ്മാവ് ആ വരം നൽകി അവനെ അനുഗ്രഹിച്ചു.
 
അങ്ങനെ അവന് മരണത്തോട് ഭയമില്ലാതായി. വലിയൊരു പട തന്നെ അവൻ സൃഷ്ടിച്ചു. വരബലത്തില്‍ അഹങ്കരിച്ച ഈ അസുരന്‍ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവന്‍മാര്‍ക്ക് ഇരിക്കപൊറുതി ഇല്ലാതെയായി. അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി.
 
അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച മഹാലക്ഷ്മി. മൂന്ന് നിറങ്ങളോടും ഭാവങ്ങളോടും കൂടിയായിരുന്നു അവളുടെ ജനനം. എല്ലാ ദേവതകളുടെയും സംരക്ഷണമായിരുന്നു അവൾ. പല രൂപങ്ങൾ ഉണ്ടായിരുന്നു ദേവിക്ക്. അതിലൊന്നായിരുന്നു ചണ്ഡികാദേവി. സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി. തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു. 
 
ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്. വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

Saturday, August 15, 2015

പൂരം ഐതീഹ്യം

തൃശൂര്‍ പൂരത്തിനു് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവമായി തുടരുന്നു. ശക്തന്‍ തമ്പുരാന്റെ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളില്‍ നിന്നും ദേവകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ 1797 മേയില്‍( 977 മേടം) സാംസ്കാരികകേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശൂര്‍ പൂരം ആരംഭിച്ചു.

Wednesday, August 5, 2015

തൈപ്പൂയം


! ശിവ പുത്രനായ സുബ്രഹ്മണ്യന്‍റെ ജന്മദിനമായിട്ടാണ് തൈപ്പൂയം അറിയപ്പെടുന്നത് ..!ഭാരതത്തിലെ ഈശ്വര ആരാധനാ സമ്പ്രദായം മൂന്ന് വിഭാഗമായാണ് കിടക്കുന്നത് ..! ശൈവ-വൈഷ്ണവ -ശാക്തേയം എന്നിങ്ങനെ അത് അറിയപ്പെടുന്നു .! അതില്‍ ശൈവ സമ്പ്രദായത്തിലെ മൂന്നാം സ്ഥാനത്തുള്ള ദേവനാണ് സുബ്രഹ്മണ്യന്‍ ..!ശിവനും ഗണപതിക്കും ഭാരതം ഒട്ടാകെ ക്ഷേത്രങ്ങള്‍ ഉള്ളപ്പോള്‍ സുബ്രഹ്മണ്യന് തെക്കേ ഇന്ത്യയില്‍ മാത്രമാണ് കൂടുതല്‍ പ്രാധാന്യം കാണുന്നത് ..! വ്യാസ വിരചിതമായ സ്കന്ധപുരാണത്തിലും കാളിദാസ വിരചിതമായ കുമാരസംഭവത്തിലും ഉള്‍പ്പടെ അനേകം ഗ്രന്ഥങ്ങളില്‍ സുബ്രഹ്മണ്യ നെ പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട് ..! താരകന്‍ എന്ന അസുരനെ നിഗ്രഹിക്കാനായിട്ടാണ് ശിവ പുത്രനായി സുബ്രഹ്മണ്യന്‍ അവതരിച്ചത് എന്ന് സ്കന്ധ പുരാണം പറയുന്നു ..! ബ്രഹ്മാവി ന്‍റെ മാനസ പുത്രനായിരുന്ന കശ്യപ പ്രജാപതിക്ക്‌ ദനു എന്ന ഭാര്യയില്‍ ഉണ്ടായ പുത്രനാണ് വജ്രാംഗന്‍ ..! ഇദ്ദേഹം വരാംഗി എന്ന സ്ത്രീയെ വിവാഹം കഴിച്ചു ജീവിക്കവേ ദേവരാജാവായ ദേവേന്ദ്രന്‍ വാനര രൂപത്തിലും സര്‍പ്പ രൂപത്തിലും വന്ന് വാരാംഗിയെ ഉപദ്രവിച്ചു ..! അതില്‍ കുപിതനായ വജ്രാംഗന്‍ ഇന്ദ്രന്‍ ഉള്‍പ്പടെ സകല ദേവന്മാരെയും തോല്പ്പിക്കാനായി ഒരു പുത്രന്‍ ഉണ്ടാകണം എന്ന് നിശ്ചയിച്ച് ബ്രഹ്മാവിനെ തപസ്സ് ചെയ്തു ..!അങ്ങനെ ഒരു പുത്രനുണ്ടാകാന്‍ ബ്രഹ്മാവ്‌ വരം കൊടുത്തു..! അങ്ങനെ വജ്രാംഗനു ജനിച്ച പുത്രനാണ് താരകന്‍ ..! ഏഴു ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ കൈകൊണ്ടായിരിക്കണം തന്‍റെ മരണം എന്ന് വരം നേടിയ താരകന്‍ ദേവലോകം കീഴടക്കി ..! രക്ഷയില്ലാതായ ദേവന്മാരുടെ അപേക്ഷ പ്രകാരമാണ് താരക നിഗ്രഹത്തിനായി സുബ്രഹ്മണ്യന്‍ ശിവ പുത്രനായി ജനിച്ചത്‌ ..! ശിവ പാര്‍വതീ സംഗമ ഫലമായി പ്രവഹിച്ച ശിവ തേജസ്‌ ഭൂമി അഗ്നിക്കും ,അഗ്നി ഗംഗയ്ക്കും നല്‍കി ..! ഗംഗ അത് ശരവണ പൊയ്കയില്‍ ,നിക്ഷേപിച്ചു ..! അങ്ങനെ ശരവണ പൊയ്കയില്‍ ജനിച്ച കുട്ടിയെ ആറ് കൃത്തികമാര്‍ മുലയൂട്ടി ..! ആറ് പേരെയും മാറിമാറി നോക്കിയപ്പോള്‍ ആറ് മുഖങ്ങള്‍ ഉണ്ടായി എന്നും അതിനാല്‍ അറുമുഖന്‍ എന്ന പേരും ലഭിച്ചു എന്ന് പുരാണം പറയുന്നു ..!താരകനെ വധിക്കാന്‍ പുറപ്പെടും മുന്‍പ് ദേവന്മാര്‍ സേനാപതിയാക്കിയ സുബ്രഹ്മണ്യന് വാഹനമായി മയിലിനെ നല്‍കിയത് ഗരുഡന്‍ ആയിരുന്നു ..! അഗ്നി ഭഗവാന്‍ വേല്‍ നല്‍കി ....! തുടര്‍ന്ന് താരകനോട് ഏറ്റുമുട്ടി ..! താരകനെ വധിച്ചു ..!ഗണപതിയോട് മാമ്പഴ പ്രശ്നത്തില്‍ പിണങ്ങി കൈലാസം വിട്ടു തുടര്‍ന്നിങ്ങോട്ട്‌ പളനി മലയില്‍ കുടികൊള്ളുന്നു എന്ന് ഐതിഹ്യം പറയുന്നു ..! ജ്യോതിഷന്‍ മാരുടെ ഇഷ്ട്ട ദേവനാണ് മുരുകന്‍ ..! ഈശ്വരന് പ്രണവോ പദേശം നല്‍കുന്ന സദ്ഗുരുവായും,ഔവ്വയാര്‌ക്കു പഴം കൊടുത്ത കാലി ചെറുക്കനായും
അനീതിയില്‍ പ്രതിഷേധിച്ച് എല്ലാം പരിത്യജിച്ച ആണ്ടിയായും ,ശൂരാദി അസുരന്മാരെ നിഗ്രഹിച്ച വെറ്റിവേലനായും കുറവ പെണ്ണിനെ സ്വീകരിച്ച കാട്ടുകുറവനായും ദേവപുത്രിയെ സ്വീകരിച്ച താണികേശ്വരന്‍ ആയും അങ്ങനെ അനേകം പേരുകളില്‍ മുരുകന്‍ ജന മനസ്സില്‍ ആരാധിക്കപ്പെടുന്നു ..! ഒളിച്ചു വയ്ക്കപ്പെട്ടവനാകയാല്‍ ഗുഹനെന്നും ,ബാലസ്വഭാവം ഉള്ളതിനാല്‍ കുമാരന്‍ എന്നും ,വേല്‍ ആയുധം ആയതിനാല്‍ വേലായുധന്‍ എന്നും ,കൃത്തികമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും നിര്‍മ്മല ജ്യോതിസ്സായി പ്രകാശിക്കുന്നതിനാല്‍ സുബ്രഹ്മണ്യന്‍ എന്നും .ഇങ്ങനെ അനേകം നാമങ്ങളാല്‍ വാഴ്ത്തപ്പെടുന്ന മുരുകന്‍ ജനിച്ച ദിനമായി തൈപ്പൂയത്തെ ഭക്തര്‍ കൊണ്ടാടുന്നു ..! കാവടിയാട്ടമാണ് തൈപ്പൂയത്തില്‍ പ്രധാനം ..! അഗസ്ത്യ മഹര്‍ഷി കൈലാസം ദര്‍ശിച്ചു മടങ്ങവേ കൂടെ ഉണ്ടായിരുന്ന ഹിഡിമ്പന്‍ കാവടി പോലെ രണ്ടു മലകള്‍ കൊണ്ടുവന്നു എന്നുംക്ഷീണിതനായ ഹിഡിമ്പന്‍ പഴനിക്കടുത്തു വച്ച് അത് താഴെ വച്ചു എന്നും ക്ഷീണം മാറിയപ്പോള്‍ മല അവിടെ നിന്നും ഇളക്കാന്‍ പറ്റാതെ വരികയും അതിലൊന്നില്‍ ഒരു ബാലന്‍ നില്‍ക്കുന്നത് കാണ്കയാല്‍ ദേഷ്യം കൊണ്ട് അവനോടു യുദ്ധം ചെയ്തു എന്നും ബാല സ്വരൂപത്തില്‍ നിന്നിരുന്ന മുരുകന്‍ അവനെ വധിച്ചു എന്നും ഐതിഹ്യം പറയുന്നു ..! അഗസ്ത്യരുടെ അപേക്ഷപ്രകാരം ഹിഡി മ്പനെ പുനര്ജീവിപ്പിക്കുകയും അവനെ കാവല്‍ക്കാരന്‍ ആക്കുകയും ചെയ്തു ..! അവന്‍റെ അപേക്ഷ പ്രകാരം കാവടി എടുത്തു വരുന്ന ഭക്തരെ അനുഗ്രഹിക്കാം എന്ന് മുരുകന്‍ വാക്ക് കൊടുത്തു ..! അങ്ങനെ കാവടി എടുക്കുന്നത് മുരുക പ്രീതിക്ക് ഏറ്റവും വിശേഷം എന്ന് വിശ്വസിക്കപ്പെടുന്നു ..!

ദീപാവലി കഥകള്‍

ഭഗവാന്‍ മഹാവിഷ്ണു ഈ ദിവസമാണു് മഹാബലിയെ സുതലത്തിലെ ഇന്ദ്രനാക്കിയതെന്നു പറയപ്പെടുന്നു.അപ്പോള്‍ തന്‍റെ സ്വര്‍ഗ്ഗത്തിലെ സിംഹാസനം രക്ഷപ്പെടുമെന്നു കരുതി സന്തുഷ്ടനായ ഇന്ദ്രന്‍ ദീപാവലി ആഘോഷിച്ചു.

പാലാഴിമഥനത്തില്‍ ക്ഷീരസമുദ്രത്തില്‍ നിന്നു ലക്ഷ്മീദേവി
പ്രത്യക്ഷപ്പെട്ടതു ഈ ദിവസമാണെന്നു വിശ്വസിക്കപ്പെടുന്നു. ആ ദേവി വഷ്ണുഭഗവാനെ വരനായി സ്വീകരിച്ചു. നരകാസുരന്‍ ബന്ധനത്തിലാക്കി പീഡിപ്പിച്ചിരുന്ന സ്ത്രീകളെ ശ്രീകൃഷ്ണഭഗവാന്‍നരകാസരനെ വധിച്ച ശേഷം മോചിപ്പിച്ചതു ഈ ദിവസമായിരുന്നു.യുദ്ധത്തില്‍ മുറിവേറ്റ ഭഗവാന്‍ തേച്ചു കുളിച്ചു ക്ഷീണമകറ്റിയതിന്‍റെ ഓര്‍മ്മയ്ക്കായി ദീപാവലി
ദിവസം എണ്ണ തേച്ചുകുളി നടത്തുന്നു.ഇതു കഴിഞ്ഞു വാവാണു്.
ലഘു ആഹാരം മതി.അങ്ങനെ കാപ്പിപലഹാരത്തിനു സ്ഥാനം
ലഭിച്ചു. സ്ത്രീവിമോചനദിനം കൂടിയായി.അവരുടെ അപേക്ഷ
പ്രകാരം ഭഗവാന്‍ അവരെ പത്നിമാരായി സ്വീകരിച്ചതിലും
സന്തോഷിച്ചു് ദീപാവലിയും പടക്കം പൊട്ടിക്കലും ആഹ്ളാദ-
പ്രകടനവും പാരിതോഷികങ്ങള്‍ നല്കലും നടന്നു വരുന്നു.