Monday, July 28, 2014

രാമായണത്തിലെ പ്രശക്തി ഭാഗം

രാമായണത്തിലെ പ്രശക്തി ഭാഗം

സീതയും രാമനോടൊത്ത് കാട്ടിലേക്ക് പോകുന്നു. ഇതുകൂടി കേട്ട ലക്ഷ്മണന്‍ ഓടിവന്ന് ജ്യേഷ്ഠന്റെ പാദങ്ങളില്‍ വീണ് കരഞ്ഞു. ”ജ്യേഷ്ഠാ, ഞാനും വരുന്നു വനത്തിലേക്ക്. വില്ലുമേന്തി ഞാന്‍ മുന്നേ നടക്കും. മുന്നേ നടന്നു ഞാന്‍ വഴിയൊരുക്കും. രാമനോടൊപ്പമല്ലാതെ എനിക്ക് ജീവിക്കാന്‍ സാധ്യമല്ല, തടയരുതെന്നെ.”
ലക്ഷ്മണന്റെ വിലാപം കേട്ട് രാമന്‍ പറഞ്ഞു. ”നോക്കൂ ലക്ഷ്മണാ നീ എന്താണു പറയുന്നത്? നീ കൂടി കാട്ടിലേക്ക് വന്നാല്‍ കൗസല്യ അമ്മയെ ആര് നോക്കി സംരക്ഷിക്കും? ഇപ്പോഴേ ദുഃഖംകൊണ്ട് തളര്‍ന്നുകഴിഞ്ഞ അച്ഛനെ ആര് പരിരക്ഷിക്കും? സുമിത്ര അമ്മയ്ക്ക് എന്തിനാണ് നീ ദുഃഖം നല്കുന്നത്? വേണ്ട ലക്ഷ്മണാ നീ എനിക്ക് പ്രിയപ്പെട്ടവനാണ്, നീ എന്റെ പ്രാണപ്രിയനാണ് വിധേയനും സുഹൃത്തുമാണ്. എന്നിരുന്നാലും കഴിയില്ല ലക്ഷ്മണാ, നീ നിന്റെ ധര്‍മ്മം ചെയ്യുക എന്നോടൊപ്പം കാട്ടിലേക്ക് വരേണ്ടവനല്ല നീ….”
പക്ഷേ, രാമനെ പിന്തുടരുവാന്‍ നിശ്ചയിച്ച ലക്ഷ്മണന്റെ തീരുമാനം കടുത്തതു തന്നെ ആയിരുന്നു. ഒരിഞ്ചുപോലും ആ തീരുമാനത്തില്‍ നിന്നും പിന്‍തിരിയാന്‍ ലക്ഷ്മണന്‍ കൂട്ടാക്കിയില്ല. രാമന്‍ നടത്തിയ വാദങ്ങള്‍ ഖണ്ഡിച്ച് രാമപാദത്തില്‍ പ്രണമിച്ച് ലക്ഷ്മണന്‍ നിന്നപ്പോള്‍ പിന്നെ രാമനും മറുത്തൊന്നും പറയാനായില്ല. അങ്ങനെ യാത്രപുറപ്പെടും മുമ്പ് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഓരോന്നോരാന്നായി ലക്ഷ്മണനോട് രാമന്‍ പറഞ്ഞേല്പിച്ചു.
യാത്രാ ദാനത്തിനായ് ലക്ഷ്മണനോട് ഗുരി വസിഷ്ഠന്റെ പുത്രന്‍ സുയജ്ഞനെ കൂട്ടിവരുവാന്‍ രാമന്‍ ആവശ്യപ്പെട്ടു. സുയജ്ഞന്‍ എത്തിക്കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണത്തോള്‍വളകള്‍, കുണ്ഡലങ്ങള്‍, പൊന്‍നൂലില്‍ കോര്‍ത്ത രത്‌നങ്ങള്‍ തുടങ്ങിയവ നല്കി. പിന്നെ സീതയുടെ നിര്‍ദ്ദേശം അനുസരിച്ച് രാമന്‍ സുയജ്ഞനോട് ഹാരവും, ഹോമസൂത്രവും അദ്ദേഹത്തിന്റെ ഭാര്യക്ക് നല്കുവാനായി കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. അതുംകഴിഞ്ഞ് ഓരോ ബ്രാഹ്മണന്റേയും, ഓരോ ഭൃത്യന്റേയും മനംനിറയുന്ന വിധത്തില്‍ അളവറ്റ ധനം ദാനമായി നല്കി. മുഴുവന്‍ ബ്രാഹ്മണര്‍ക്കും ദാനം ചെയ്തു കഴിഞ്ഞ അവസരത്തില്‍ അവിടെ എത്തിയ വൃദ്ധനായ ബ്രാഹ്മണന്‍ ത്രിജടനും സരയൂതീരം വരെ വ്യാപിച്ചു കിടക്കുന്ന അത്രയും ഗോക്കളെ രാമന്‍ ദാനം ചെയ്തു.
പിന്നെ സീതാസമേതം അച്ഛനെ കാണുവാനായ് രാമലക്ഷ്മണന്മാര്‍ പുറപ്പെട്ടു. പിതൃഗൃഹത്തിലെത്തിയ രാമന്‍ സുമന്ത്രരോട് പറഞ്ഞു ‘ഞാന്‍ വന്ന വിവരം രാജാവിനെ ഉണര്‍ത്തിക്കുക.’
രാമനും ലക്ഷ്മണനും സീതയും എത്തിയവിവരം അറിഞ്ഞ രാജാവ് സുമന്ത്രരോട് പറഞ്ഞു, എന്റെ എല്ലാ ഭാര്യമാരോടും ഒപ്പം വേണം എനിക്ക് രാമന് കാണേണ്ടത്. ആയതിനാല്‍ എല്ലാവരോടും ഇവിടെ വരാന്‍ പറയുക. അങ്ങനെ സുമന്ത്രന്‍ അറിയിച്ചതനുസരിച്ച് കൗസല്യയും സുമിത്രയും പിന്നെ ദശരഥന്റെ മുന്നൂറ്റി അമ്പത് ഭാര്യമാരും അവിടെ എത്തി. ഏവരും ഒരുപോലെ ആര്‍ത്തരായിരുന്നു, ഒരാള്‍ ഒഴികെ, അത് കൈകേയിയായിരുന്നു. ഏവരും എത്തിക്കഴിഞ്ഞപ്പോള്‍ രാമന്‍ അച്ഛന്റെ സമീപമെത്തി. രാമന്‍ പറഞ്ഞു. ‘മഹാരാജന്‍ ഞാന്‍ വിട ചോദിക്കുന്നു. ദണ്ഡകാര്യണ്യത്തിലേക്ക് പോകുന്ന എന്നെ അങ്ങ് ആശീര്‍വദിച്ചാലും, എനിക്കൊപ്പം വരികയാണ് ലക്ഷ്മണനും സീതയും. ഞങ്ങളെ പോകാന്‍ അനുവദിക്കുക. അതുകേട്ട് രാജാവ് രാമനോട് പറഞ്ഞു ”രാമാ…..കൈകേയിക്ക് വരം കൊടുത്തതുകൊണ്ട് എനിക്ക് തെറ്റ് പറ്റി. എന്നെ ബന്ധിച്ച് നീ അയോധ്യയുടെ രാജാവായി വാഴുക.”
ഇതുകേട്ട് രാമന്‍ കൈകൂപ്പിക്കൊണ്ട് പറഞ്ഞു. ”അച്ഛാ പതിനാലുവര്‍ഷം പതിനാല് നിമിഷംപോലെ കഴിയും. അച്ഛന്‍ തന്നെ ഒരായിരമാണ്ട് രാജാവായി വാഴും. പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും അങ്ങയുടെ പാദാഭിവന്ദനം ചെയ്യുന്നതാണ്.”
വീണ്ടും വീണ്ടുമുള്ള ദശരഥന്റെ തടസ്സവാദങ്ങള്‍ വിനയത്തോടെ ഖണ്ഡിച്ച് രാമന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നെ പറഞ്ഞു, ”രാജ്യമോ ഭോഗങ്ങളോ, സീതയെയോ അങ്ങയെ അസത്യവാനാക്കിക്കൊണ്ട് ഞാന്‍ വരിക്കുകയില്ല. അങ്ങയുടെ വ്രതം സത്യമായിത്തീരട്ടെ. കാട്ടില്‍ പൊയ്കകളും പര്‍വ്വതങ്ങളും കണ്ട് ഫലമൂലാദികള്‍ കഴിച്ച് ഞങ്ങള്‍ സുഖമായി ജീവിക്കാം. അങ്ങ് സ്വസ്ഥനായാലും.”
ഇതുകേട്ട് രാജാവ് രാമനെ പുല്‍കി വീണ്ടും ബോധംകെട്ട് നിലത്തുവീണു. എല്ലാവരും അലമുറയിട്ട് കരഞ്ഞു, ഒരാള്‍ ഒഴികെ. ഇതൊക്കെ കണ്ട് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന സുമന്ത്രര്‍ക്ക് ദുഃഖം സഹിക്കാവുന്നതിനപ്പുറമായി. പിന്നെ ദേഷ്യവും സങ്കടവും സഹിക്കാതെ ഈ കര്‍ശനമായ നിര്‍ബന്ധത്തില്‍നിന്നും പിന്‍മാറാന്‍ അയാള്‍ കൈകേയിയോട് അപേക്ഷിച്ചുനോക്കി. പക്ഷേ, അതൊന്നും യാതൊരു മാറ്റവും കൈകേയിയില്‍ ഉണ്ടാക്കിയില്ല.
കൈകേയിയുടെ തീരുമാനം ഉറച്ചതാണെന്ന് കണ്ട് ദശരഥന്‍ ഒടുവില്‍ പറഞ്ഞു: ”നിറയെ രത്‌നങ്ങള്‍ വഹിച്ച ചതുരംഗസേനയും ധനാഢ്യരായ വണിക്കുകളും ഗണികളുമൊക്കെയും പിന്നെ കുമാരന്റെ സ്‌നേഹിതരും മുഖ്യ ആയുധങ്ങളുമൊക്കെ രാമനു പിന്നാലെ കാട്ടിലേക്ക് അനുഗമിക്കട്ടെ.” ഇതുകേട്ട് കൈകേയി പരിഭ്രമിച്ചു. അവര്‍ എഴുന്നേറ്റ് പറഞ്ഞു: ”അത് നടക്കില്ല രാജാവേ, നിര്‍ധനമായ അയോധ്യയെ ഭരതനു വേണ്ട.”
ഇതുകേട്ട് രാമന്‍ പറഞ്ഞു: ”ഭോഗമുപേക്ഷിച്ച് കാട്ടില്‍ പോകുന്നവന് സേന എന്തിനാണ്. ഞങ്ങള്‍ ധരിക്കേണ്ടത് മരവുരിയല്ലേ? കാട്ടില്‍ പാര്‍ക്കാന്‍ പോകുന്ന എനിക്ക് കുട്ടുയും കൂന്താലിയുമാണ് ആയുധങ്ങള്‍.” ഇതുകേട്ട് വേഗം കൈകേയി മരവുരിയുമായി വന്ന് അത് രാമനു നല്കി. രാമലക്ഷ്മണന്മാര്‍ അത് വേഗം ധരിച്ചു. പിന്നെ സീതയുടെ ഊഴമായി. സീത മരവുരി എങ്ങനെ ധരിക്കേണ്ടൂ എന്നറിയാതെ സങ്കടത്തോടെ രാമനെ നോക്കി. രാമന്‍ സീതയെ വല്‍ക്കലമുടുപ്പിക്കുന്നതുകണ്ട് അവിടെക്കൂടിയ എല്ലാവരും വലിയവായില്‍ കരഞ്ഞു. ഇത് കണ്ട് വസിഷ്ഠന്‍ പറഞ്ഞു. കൈകേയിയുടെ വരത്തില്‍ സീത വല്‍ക്കലം ധരിക്കാന്‍ പറഞ്ഞിട്ടില്ല. ആയതിനാല്‍ സീത വല്‍ക്കലം ധരിക്കാന്‍ പാടില്ല. ഇതൊക്കെ കണ്ട് രാജാവ് വീണ്ടും ബോധരഹിതനായി.
പിന്നെ മൂവര്‍ക്കും വനത്തില്‍ ഉപയോഗിക്കുവാന്‍ ആവശ്യമായ ആയുധങ്ങളും, ചര്‍മ്മവും, കവചങ്ങളും മണ്‍കലവും തേര്‍ത്തട്ടില്‍ ഒരുക്കിക്കഴിഞ്ഞപ്പോള്‍ രാജ്യാതിര്‍ത്തിവരെ അവരെ തേരില്‍കൊണ്ടുപോകാനായി സുമന്ത്രര്‍ എത്തി. എല്ലാവരോടും വിടചൊല്ലി മൂവരും തേരില്‍ കയറി. തേര് പാഞ്ഞുതുടങ്ങിയപ്പോള്‍ ജനങ്ങള്‍ കരഞ്ഞുകൊണ്ട് തേര്‍ പിന്തുടര്‍ന്നു. ദശരഥനും പത്‌നിമാരും രാമനെ പിന്തുടര്‍ന്നു. പിന്നെ തേര് വേഗമാര്‍ജ്ജിച്ച് കാഴ്ചയില്‍ നിന്നുമറഞ്ഞു.
രാജാവ് കൗസല്യയുടെ കൈപിടിച്ച് കൗസല്യാഗൃഹത്തില്‍ തിരികെയെത്തി തന്റെ വിലാപം തുടര്‍ന്നു. ഇതുകണ്ട് നെഞ്ച് പൊട്ടി കൗസല്യയും കരച്ചിലായി. ഈ സമയം സുഭദ്ര കൗസല്യയോട് വീരനായ രാമനെ ഓര്‍ത്ത് ഇപ്രകാരം കരയേണ്ടതില്ല എന്നും വനവാസം കഴിഞ്ഞ് വരുന്ന രാമനെ ദേവി സ്വീകരിച്ച് ആനയിക്കാനിടവരും എന്നും രാമനെപ്പോലൊരു മകനെ കിട്ടിയ ദേവി ഭാഗ്യവതിയാണെന്നുമൊക്കെപ്പറഞ്ഞ് കൗസല്യയുടെ സങ്കടം ശമിപ്പിച്ചുകൊണ്ടിരുന്നു.
ഏറെദൂരം യാത്രചെയ്ത് സന്ധ്യയോടെ തമസാ നദിക്കരയില്‍ അവര്‍ എത്തി. ഒപ്പം അവരെ അനുഗമിച്ച് എത്തിയ ബ്രാഹ്മണരും. രാത്രി ബ്രാഹ്മണര്‍ ഉറങ്ങിയ തക്കത്തിന് രാമന്‍, തങ്ങളെ തമസാ നദികടന്ന് ബ്രാഹ്മണര്‍ക്ക് എത്തിച്ചേരാനാകാത്ത ദൂരത്ത് എത്തിക്കുവാന്‍ സുമന്ത്രരോട് ആവശ്യപ്പെട്ടു.
രാവിലെ ഉറക്കമുണര്‍ന്ന ബ്രാഹ്മണര്‍ രാമനെക്കാണാതെ നിരാശരായി തിരികെ മടങ്ങാന്‍ നിര്‍ബന്ധിതരായി.
അതേസമയം രാമന്‍, വിശാലമായ കോസലരാജ്യത്തിന്റെ അതിര്‍ത്തി കണ്ടിരുന്നു. പിന്നെ കോസലരാജ്യത്തിനോട് വിടചൊല്ലി. അതിനുശേഷം വീണ്ടും വളരെ ദൂരം യാത്രചെയ്ത് ഗംഗാതീരത്തെത്തി. അവിടെ വിശ്രമിക്കണം എന്ന് തീരുമാനിച്ച് മൂവരും തേരില്‍ നിന്നിറങ്ങി. സുമന്ത്രര്‍ കുതിരകളെ അഴിച്ചുവിട്ട് അവയ്ക്ക് തീറ്റയും വെള്ളവും നല്കി. ലക്ഷ്മണന്‍ നല്കിയ വെള്ളം കുടിച്ച് രാമന്‍ വിശ്രമിക്കാനൊരുങ്ങുമ്പോള്‍ ആ പ്രദേശത്തെ രാജാവായ ഗുഹന്‍ എന്ന നിഷാദന്‍ പരിവാരങ്ങളോടൊപ്പം വന്ന് മൂവരേയും സ്വാഗതം ചെയ്തു. പക്ഷേ, കുതിരകള്‍ക്ക് ഉള്ള ഭക്ഷണം ഒഴികെ മറ്റൊന്നും ആ സുഹൃത്തില്‍ നിന്ന് രാമന്‍ സ്വീകരിച്ചില്ല. പിന്നെ സീതയോടൊത്ത് രാമന്‍ പൊടിമണ്ണില്‍ വിശ്രമിക്കാനായി കിടന്നു. ലക്ഷ്മണന്‍ ധനുര്‍ധാരിയായി അവര്‍ക്ക് കാവലായ് നിലകൊണ്ടു.
ഇതുകണ്ട് ഗുഹന്‍ ലക്ഷ്മണനോട് വിശ്രമിക്കുവാനും രാമനേയും സീതയേയും ഒരു അപകടവും കൂടാതെ അവര്‍ കാത്തുകൊള്ളാമെന്നും പറഞ്ഞു. പക്ഷേ, ലക്ഷ്മണന്‍ അത് നിരസിച്ചു. പിന്നെ, കൊട്ടാരത്തിലെ സുഖമൊക്കെ ത്യജിച്ച് ഭാര്യയുമായി കാട്ടിലെ പൊടിമണ്ണില്‍ ശയിക്കേണ്ട അവസ്ഥ രാമന് വന്നതിനെ ഓര്‍ത്ത് ലക്ഷ്മണന്‍ ഗുഹനോട് സങ്കടപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ സങ്കടങ്ങളില്‍ മുങ്ങി ആ രാത്രി കടന്നുപോയി…… ( തുടരും )

കടപ്പാട് : ദുര്‍ഗാ മനോജ്

മൈ ഗോഡ് .കോമിന്‍റെ ഭക്തി ഗ്രൂപ്പ്‌കള്‍ ആയ
ശ്രീ നന്ദനം , ഓം നമശിവായ , തത്ത്വമസി ഗ്രൂപ്പില്‍ അംഗം ആകാന്‍ തല്പരിയമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ പോകുക

https://www.facebook.com/groups/kannankannan/ (ശ്രീ നന്ദനം )

https://www.facebook.com/groups/MyGod.comGlobal2/ ( ഓം നമശിവായ )

https://www.facebook.com/groups/MyGodThathwamasi/ (തത്ത്വമസി )

ഏവര്‍ക്കും മൈ ഗോഡ്.കോമിന്‍റെ സ്വാന്ത്വനം സഹായ കൂട്ടായ്മയിലേക്ക് സഹൃദയം സ്വാഗതം .

https://www.facebook.com/groups/SantwanamCharitableFoundation/

Share & Like: ░ ૐ ▒▓█► MY GOD.com ®
( A Hindu Global Regional Website )
https://www.facebook.com/MyGod.com1
║▌│█│║▌║││█║▌║▌║║ ║▌│█│║▌║

✔ Verified Official page \
✔ Facebook Certified \
© copy right 2014

No comments:

Post a Comment