Tuesday, July 14, 2015

മഹാഭാരതം - 8

ദ്രോണപര്‍വ്വം

മഹാഭാരത കഥയുടെ ഭാഗമായ കുരുക്ഷേത്ര യുദ്ധ വിവരണത്തിൽ ഭീഷ്മരുടെ പതനത്തെത്തുടർന്ന്ദുര്യോധനൻ ആചാര്യനായ ദ്രോണരെ സർവ്വസേനാധിപതിയായി വാഴിക്കുന്ന ഭാഗമുൾപ്പെടുന്നു. പതിനൊന്നു മുതൽ പതിനെഞ്ചു വരെയുള്ള അഞ്ചു ദിവസങ്ങൾ ദ്രോണാചാര്യർ കൗരവസേനയ്ക്കു നേതൃത്വം നൽകി. മഹാഭാരതത്തിൽ ഈ അഞ്ചു യുദ്ധദിവസങ്ങൾ (11 മുതൽ 15 വരെ) വർണ്ണിക്കുന്നത് ദ്രോണപർവ്വത്തിലാണ്. സർവ്വസേനാധിപനായി ദ്രോണരായതിനാൽ ഗ്രന്ഥകർത്താവ് ആ പേരു കൊടുത്തു.ദ്രോണപർവ്വത്തിൽ 170 അദ്ധ്യായങ്ങളും 10950 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. പല പ്രമുഖരും മരിച്ചു വീഴുന്ന കഥാസന്ദർഭങ്ങൾ വളരെ വിശദമായിതന്നെ ഗ്രന്ഥകർത്താവ് ഈ ദിവസങ്ങൾ മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്നു


നന്മയുടെ ഉറവിടമായ ഗംഗേയന്റെ പതനം കണ്ട സൂര്യന്‍ അടുത്ത ദിവസം ഉദിയ്‌ക്കുമോ എന്നുപോലും ഏവരും ശങ്കിച്ചു. മഹത്തുക്കളില്‍ മഹാനായ ഭീഷ്‌മര്‍ വീഴ്‌ത്തപ്പെട്ടിരിക്കുന്നു. പ്രകൃതി നിയമത്താല്‍ ബന്ധിതനായ സൂര്യന്‍ അടുത്ത പ്രഭാതത്തില്‍ കിഴക്കെ ചക്രവാളത്തില്‍ മെല്ലെ ഉദിച്ചുയര്‍ന്നു. കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനൊന്നാം ദിവസവും സമാഗതമായി. കൗരവസഖ്യത്തിന്‌ പുതിയ ഒരു സാരഥിയെ തിരഞ്ഞെടുക്കേണ്ട ആവശ്യമായി. കഴിഞ്ഞ ദിവസത്തെ അനിഷ്ടം വരുത്തിവെച്ച ദുഃഖത്തില്‍ നിന്ന്‌ പൂര്‍ണ്ണ വിമുക്തി നേടാത്ത ദുര്യോധനന്‍ രാധേയന്റെ കൂടാരത്തിലെത്തി. സുഹൃത്തിനെ കാണുമ്പോഴെല്ലാം ദുര്യോധനന്റെ മനസ്സില്‍ കുളിര്‍മഴ പെയ്യാറുണ്ട്‌. ദുഃഖത്തിനിടയിലും അതിനു മാറ്റമുണ്ടായില്ല. അദ്ദേഹം രാധേയനെ തന്റെ നെഞ്ചോടു അണച്ചു പുണര്‍ന്നു. അവര്‍ തമ്മില്‍ അടുത്ത നടപടികളെപ്പറ്റി ചര്‍ച്ച തുടര്‍ന്നു. രാധേയന്‍ പറഞ്ഞു. `അങ്ങയുടെ പിതാമഹന്റെ വീഴ്‌ച എന്തുകൊണ്ടും നമുക്ക്‌ ക്ഷീണമാണ്‌. എന്നാല്‍, കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല, ഒരു ദുഃഖവും കാലത്തിനതീതമല്ല. നമുക്ക്‌ യുദ്ധം തുടര്‍ന്നേ പറ്റൂ. ഒന്നുകില്‍ ജയം അല്ലെങ്കില്‍ ധീരമായ മരണം"

ദുര്യോധനന്‍ പറഞ്ഞു: "ശരിയാണ്‌ രാധേയാ, ദുര്യോധന്‍ ഭീരുവല്ല. ഒരു പിന്മാറ്റം എനിയ്‌ക്കു ഭൂഷണമല്ല, അത്‌ വരുത്തുന്ന ദുര്യശസ്സ്‌ ഞാന്‍ വെറുക്കുന്നു."

രാധേയന്‍ സുഹൃത്തിന്‌ ധൈര്യം നല്‍കി. "അങ്ങ്‌ ഒരിയ്‌ക്കലും വികാരത്തിന്‌ അടിമയാകരുത്‌. ഞാന്‍ എന്നും അങ്ങയോടൊപ്പം ഉണ്ടാകും. "

യുദ്ധരംഗത്തേയ്‌ക്കുള്ള പുറപ്പാടിന്‌ മുന്നോടിയായി രാധേയന്‍ ദുര്യോധനനെ സ്‌നേഹത്തോടെ യാത്രയാക്കി. രാധേയന്‍ പടച്ചട്ടയണിഞ്ഞു. തന്റെ ശൗര്യമെല്ലാം ചോര്‍ന്നുപോകുന്നപോലെ അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. രാധേയന്‍ ഭീഷ്‌മര്‍ വീണു കിടക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. കാല്‍പ്പെരുമാറ്റം കേട്ടു ഭീഷ്‌മര്‍ കണ്ണുകള്‍ തുറന്ന് രാധേയനെ നോക്കി. "ഞാനിന്ന്‌ യുദ്ധനിരയിലേയ്‌ക്ക്‌ പോകുകയാണ്‌. പിതാമഹന്‍ എന്നെ അനുഗ്രഹിക്കണം."

ഞാന്‍ നിന്നെപ്പറ്റിത്തന്നെ ചിന്തിച്ചു കിടക്കുയായിരുന്നു. പുത്രാ! നീ വീണ്ടും എന്നെ കാണാന്‍ വരുമെന്ന്‌ ഞാന്‍ ഊഹിച്ചു. നിന്റെ തീരുമാനത്തിന്‌ ഇളക്കമില്ലെങ്കില്‍ ഞാനിതാ നിന്നെ അനുഗ്രഹിക്കുന്നു. "യശസ്വീ ഭവ!" എന്തോ തന്നോടപേക്ഷിയ്‌ക്കാനുണ്ടുന്ന ഭാവത്തില്‍ നിന്ന കര്‍ണ്ണനെ ഭീഷ്‌മര്‍ സംശയദൃഷ്ട്യാ നോക്കി. "പിതാമഹാ! ഇന്നലെ നമ്മള്‍ തമ്മിലുണ്ടായ സംഭാഷണം ഒരിക്കലും ദുര്യോധനന്‍ അറിയാനിടവരരുത്‌."

"ഇല്ല കുഞ്ഞേ!, നിന്റെ മരണത്തിനുശേഷം ഞാനെല്ലാം അയാളെ അറിയിക്കും. അയാള്‍ അറിഞ്ഞിരിക്കണം നീ ആരായിരുന്നെന്ന്‌. നിന്റെ മഹത്വം എത്രമാത്രം വലുതായിരുന്നെന്നും"

രാധേയന്‍ ഭീഷ്‌മപാദം തൊട്ടു വന്ദിച്ച്‌, കൈകള്‍ ശിരസ്സില്‍ ചേര്‍ത്തു. വികാര വിക്ഷുബ്ദമായ മുഖം ഭീഷ്‌മദൃഷ്ടിയില്‍ നിന്ന്‌ മറച്ചുകൊണ്ട്‌ അദ്ദേഹം ദുര്യോധനസവിധത്തിലെത്തി.

"രാധേയാ!, അങ്ങ്‌ എത്തിയോ? നമ്മുടെ സേനയ്‌ക്ക്‌ ഒരു നായകന്‍ വേണം ഏവര്‍ക്കും സമ്മതനായ ഒരാള്‍. അയാള്‍ എതിര്‍പക്ഷക്കാരെ നിഷ്‌പ്രഭമാക്കാന്‍പോന്ന കരുത്തുള്ളവനാകണം. നല്ലതന്ത്രജ്ഞനും, കുശാഗ്രബുദ്ധിയുള്ളവനുമാകണം. തികഞ്ഞ ഗുണമുള്ള ഏറെപേരുണ്ടെങ്കിലും എല്ലാം തികഞ്ഞ ആ വ്യക്തിയെ കണ്ടെത്തുന്നതില്‍ എനിയ്‌ക്ക താങ്കളുടെ സഹായം കൂടിയേ തീരു."

രാധേയന്‍ ചിരിച്ചു. "ഇതില്‍ ചഞ്ചലപ്പെടേണ്ടതായി ഒന്നുമില്ല. നമ്മുടെ ആചാര്യന്‍ തന്നെ ആ എല്ലാം തികഞ്ഞ, കുശാഗ്രബുദ്ധിയായ സേനാധിപന്‍. അങ്ങ്‌ അദ്ദേഹത്തെ സൈന്യാധിപനായി അവരോധിച്ചാലും." അവര്‍ ഒന്നു ചേര്‍ന്ന്‌ ദ്രോണരുടെ സമീപമെത്തി. ദുര്യോധനന്‍ ആചാര്യ പാദത്തില്‍ കുമ്പിട്ട്‌ വിനയപൂര്‍വ്വം അറിയിച്ചു. " ആചാര്യാ!, അങ്ങ്‌ എന്റെ സൈന്യത്തിന്റെ നായകസ്ഥാനമേറ്റ്‌ ഞങ്ങളെ വിജയത്തിലേയ്‌ക്ക്‌ നയിക്കണം." തനിയ്‌ക്കു കല്‍പ്പിച്ചു കിട്ടയ ഈ സ്ഥാനം ദ്രോണരെ ഏറെ തൃപ്‌തനാക്കി.

"ദുര്യോധനാ! ഞാന്‍ താങ്കള്‍ക്കുവേണ്ടി എന്റെ കഴിവിന്റെ പരമാവധി യുദ്ധം ചെയ്യും. എനിയ്‌ക്കറിയാവുന്ന എല്ലാ യുദ്ധതന്ത്രങ്ങളും, കൈവശമുള്ള ദിവ്യാസ്‌ത്രങ്ങളും താങ്കളുടെ ജയത്തിനുവേണ്ടി വിനിയോഗിക്കുമെന്ന്‌ വാക്കു നല്‍കുന്നു. ബാക്കി വിധിയ്‌ക്കുവിടാം. "ദ്രോണര്‍ ഏറെ ആദരവോടെ രാജാവിനെ നോക്കി പുഞ്ചിരിച്ചു.

അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ ദ്രോണരുടെ സ്ഥാനാരോഹണം അവര്‍ അത്യധികം ആവേശത്തോടെ നടത്തി. വയോവൃദ്ധനായ ആ ബ്രാഹ്മണന്‍ ഏറെ തൃപ്‌തനായി കാണപ്പെട്ടു.

"ദുര്യോധനാ! ഈ ധന്യമുഹൂര്‍ത്തത്തില്‍ ഞാനങ്ങേയ്‌ക്ക്‌ ഏറ്റവും ഹിതകരമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു. ഞാനെന്താണ്‌ ചെയ്യേണ്ടത്‌? അങ്ങു നിര്‍ദ്ദേശിച്ചാലും!"

"സാധിയ്‌ക്കുമെങ്കില്‍ അങ്ങ്‌ യുധിഷ്‌ഠിരനെ ജീവനോടെ പിടിച്ചു കെട്ടി എന്റെ മുന്നിലെത്തിക്കുക!" ദുര്യോധനന്‍ ഏറെ പ്രൗഢിയോടെ ഒന്നുലഞ്ഞു നിന്നു. ദ്രോണര്‍ അറിയാതെ ഒന്നു ഞെട്ടി, എങ്കിലും പറഞ്ഞു.

"ദുര്യോധനാ! യുധിഷ്‌ഠിരനെ വധിയ്‌ക്കില്ലെന്ന്‌ അങ്ങ്‌ എനിയ്‌ക്ക്‌ ഉറപ്പ്‌ തരണം. എങ്കില്‍ മാത്രമേ ഞാനീ ഹീനപ്രവൃത്തി ചെയ്യൂ. മാത്രവുമല്ല, അങ്ങ്‌ അര്‍ജ്ജുനനെ, ഏതെങ്കിലും പ്രകാരത്തില്‍ യുധിഷ്‌ഠിരനില്‍ നിന്നകറ്റണം"

ദുര്യോധനന്‍ :- " അങ്ങുപേടിയ്‌ക്കേണ്ട ആചാര്യാ!, പാണ്ഡവരുടേയും കൃഷ്‌ണന്റേയും ബലം എനിയ്‌ക്കറിയാം അവരോടപ്പമുള്ള യുധിഷ്‌ഠിരനെ ഞാന്‍ കൊല്ലുന്ന നിമിഷം അര്‍ജ്ജുനന്‍ എന്നെ വധിയ്‌ക്കും സ്വയം മരണത്തിനുള്ള വഴി ഞാന്‍ തിരഞ്ഞെടുക്കില്ല. എനിയ്‌ക്ക്‌ യുധിഷ്‌ഠിരനെക്കൊണ്ട്‌ ഒരു വട്ടം കൂടി ചൂത്‌ കളിപ്പിക്കാന്‍ മോഹം. അത്രമാത്രം"

ദ്രോണര്‍ രാജാവിനുറപ്പ്‌ നല്‍കി. എല്ലാവരും യുദ്ധഭൂമിയ്‌ലേയ്‌ക്ക്‌ നീങ്ങി. മദ്ധ്യാഹ്നസൂര്യനെ വെല്ലുന്ന രാധേയന്റെ മുഖകാന്തിയും ഔദ്ധിത്വമാര്‍ന്ന നടപ്പും, എടുപ്പും സേനയ്‌ക്ക്‌ നവോന്മേഷം പകര്‍ന്നു.

ഏവരും ഒരേ ശബ്ദത്തില്‍ സഹര്‍ഷം വിളിച്ചറിയിച്ചു. ഇതാ രാധേയന്‍! നമ്മുടെ പ്രിയ്യപ്പെട്ട രാധേയന്‍!!, ഇതാ യുദ്ധ സന്നദ്ധനായി നേതൃനിരയിലേയ്‌ക്ക്‌ വന്നിരിക്കുന്നു. ഭീഷ്‌മരുടെ പതനത്തിന്റെ തളര്‍ച്ചയില്‍ നിന്ന്‌ സേനയെ പ്രബുദ്ധരാക്കാന്‍ രാധേയന്റെ നേതൃത്വത്തിന്‌ കഴിഞ്ഞു.

ദ്രോണരുടെ ഗൂഢതന്ത്രം അധികം താമസിയാതെ ചാരന്മാര്‍ മുഖേന പാണ്ഡവരറിഞ്ഞു. ക്രൂരവും, പൈശാചികവുമായ ഈ നീക്കം നടത്താനൊരുമ്പെടുന്ന ആചാര്യനെ അര്‍ജ്ജുനനും വെറുക്കാന്‍ തുടങ്ങി. എങ്കിലും ഒന്നും പ്രകടമാക്കാതെ അവരേവരും യുധിഷ്ഠിരന്റെ രക്ഷയ്‌ക്കുള്ള മുന്‍കരുതലുകള്‍ എടുത്തു. ദ്രോണരാല്‍ സജ്ജമാക്കപ്പെട്ട ശകടവ്യൂഹവും, പണ്ഡവരുടെ ക്രൗഞ്ചവ്യൂഹവും നേര്‍ക്കുനേര്‍ അണിനിരന്നു. യുദ്ധത്തിന്റെ പതിനൊന്നാം ദിവസം ആരംഭമായി. രാധേയന്റെ പ്രൗഢവും, തേജോജ്വലവുമായ വ്യക്തിപ്രഭയില്‍ ആകൃഷ്ടരായ കൗരവസേന, ഭീഷ്‌മരുടെ അഭാവം വിസ്‌മരിച്ചു. അവര്‍ തികഞ്ഞ ഉത്സാഹതിമിര്‍പ്പിലായിരുന്നു. സഹദേവന്‍ ഒരു ദ്വന്ദ്വയുദ്ധത്തില്‍ ശകുനിയെ പരാജയപ്പെടുത്തി. ധൃഷ്ടദ്യുമ്‌നന്‍ ദ്രോണരെ ആക്രമിച്ചു. ധാര്‍ത്തരാഷ്ടനായ വിംശതിയ്‌ക്ക്‌ ഭീമനോടേറ്റു മുട്ടാനാകാതെ പിന്‍തിരിയേണ്ടിവന്നു. ശിഖണ്ഡിയോടു ഏറ്റുമുട്ടിയ ഭുരിശ്രവസ്സും പരാജയത്തിന്റെ കയ്‌പ്പു നീരണിഞ്ഞു. ഘടോല്‍ക്കചനും ആലംബുഷനുമായുണ്ടായ മായായുദ്ധം കാണികളില്‍ ഹരം പകര്‍ന്നു. അവന്തീസഹോദരന്മാരായ വന്ദാനുവിന്ദന്‍മാര്‍, പാണ്ഡവപക്ഷത്തുള്ള ചേകിതനാനനുമായി ഏറ്റുമുട്ടി. രാധേയനോടേറ്റുമുട്ടിയ വിരാടന്‍ രാധേയന്റെ മെയ്‌ വഴക്കം താങ്ങാനാവാതെ പിന്‍തിരിഞ്ഞു. രാധേയന്റെ അസ്‌ത്രപ്രയോഗം അത്രമാത്രം നിശിതവും പാടവമേറിയതുമായിരുന്നു. അര്‍ജ്ജുന പുത്രനായ അഭിമന്യൂ ശല്യരുമായി യുദ്ധം ചെയ്‌തു. യുവാവായ അഭിമന്യുവിനോടു കിടപിടിയ്‌ക്കാന്‍ ശല്യര്‍ക്കായില്ല. പിന്‍തിരിയാതെ അദ്ദേഹം രഥത്തില്‍ നിന്ന്‌ ചാടിയിറങ്ങി ഗദാപാണിയായി അഭിമന്യുവിനെ നേരിട്ടു. ഗദായുദ്ധത്തില്‍ ഇരുവരുടേയും മികവ്‌ ഒന്നിനൊന്ന്‌ മികച്ചതായിരുന്നു. ഭീമന്‍ അഭിമന്യുവിന്‌ സഹായവുമായെത്തി. അദ്ദേഹം ഊക്കോടെ ശല്യരുടെ ഗദ തട്ടിത്തെറിപ്പിച്ചു. ശല്യരുടെ ഗദ തെറിപ്പിക്കാനുള്ള ശക്തി ഭീമനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശല്യര്‍ തോല്‍വി സമ്മതിക്കാതെ ദ്വന്ദ്വയുദ്ധം തുടര്‍ന്ന്‌ ഒടുവില്‍ ഭീമന്റെ താഢനമേറ്റ്‌ വീണ ശല്യരെ കൃതവര്‍മ്മാവ്‌ യുദ്ധഭൂമിയില്‍ നിന്ന്‌ അകറ്റിക്കൊണ്ട്‌ പോയി. രാധേയ പുത്രനായ 'വൃഷസേനന്‍' മുന്‍നിരയിലെത്തപ്പെട്ടു. അച്ഛന്റെ തേജസ്സ് പൂര്‍ണ്ണാകാരം പൂണ്ട രാധേയപുത്രന്‍ തികഞ്ഞ പോരാളിയായിരുന്നു. അദ്ദേഹം നകുലപുത്രനായ 'ശതാനീകനോട്‌ എതിരിട്ടു. ദ്രൗപതി പുത്രന്മാര്‍ ശതാനീകന്റെ സഹായത്തിനെത്തിയപ്പോള്‍ അശ്വത്ഥാമാവ്‌ വൃഷസേനന്‌ തുണയായി. ആ പോരാട്ടം ഏറെ നേരം നീണ്ടു നിന്നു. ഭീമന്‍, ധൃഷ്‌ടദ്യൂമ്‌നന്‍, സാത്യകി, അഭിമന്യൂ എന്നിവര്‍ ചേര്‍ന്ന്‌ കൗരവസൈന്യത്തിന്‌ ഭീമമായ നഷ്ടം വരുത്തിക്കൊണ്ടിരുന്നു. അര്‍ജ്ജുനന്‍ വരുത്തിവെച്ച നാശവും കൗരവര്‍ക്ക്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു.

ദ്രോണരുടെ കുശാഗ്രബുദ്ധി താന്‍ രാജാവിനു നല്‍കിയ വാക്കുപാലിക്കാനുള്ള തന്ത്രം മെനഞ്ഞുകൊണ്ടിരുന്നു. അര്‍ജ്ജുനന്‍, യൂധിഷ്ഠിരനില്‍ നിന്ന്‌ ഏറെ അകലെയാണെന്നറിഞ്ഞ്‌ ആ സൈന്യാധിപന്‍ പാണഡവസൈന്യത്തിന്‌ നേരെ പാഞ്ഞടുത്തു. ദ്രോണര്‍ തന്റെ സാരഥിയോട്‌ പറഞ്ഞു. "നോക്കൂ! അങ്ങു ദൂരെയായി യുധിഷ്ഠിരന്‍ നില്‍ക്കുന്നത്‌ എനിയ്‌ക്ക്‌ കാണാം. താങ്കള്‍ യുധിഷ്ഠിരനെ ലക്ഷ്യമാക്കി തേര്‍തെളിച്ചാലും. പാണ്ഡവര്‍ നമ്മുടെ സൈന്യത്തിനു വരുത്തിക്കൊണ്ടിരിക്കുന്ന നാശത്തെപ്പറ്റി ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല." ദ്രോണര്‍ ശരവര്‍ഷം പെയ്‌തുകൊണ്ട്‌ പാണ്ഡവസൈന്യത്തെ മറികടന്ന്‌ യുധിഷ്ഠിരന്റെ അരികിലെത്തി. അവര്‍ തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ദ്രോണര്‍ യുധിഷ്ഠിരന്റെ വില്ല്‌ രണ്ടായി മുറിച്ചു. ധൃഷ്ടദ്യുമ്‌നന്‍ യുധിഷ്ഠിരന്‌ സഹായവുമായെത്തി. അദ്ദേഹം ദ്രോണാസ്‌ത്രങ്ങളെ ചെറുത്ത്‌ തുടങ്ങി. എന്നാല്‍ ഉഗ്രരൂപിയായ ദ്രോണര്‍ യുധിഷ്ഠിരന്റെ സഹായത്തിനെത്തിയ സാത്യകിയേയും വിരാടനേയും പോലും നിഷ്‌പ്രഭനാക്കി. സൈന്യാധിപനായ ധൃഷ്ടദ്യുമ്‌നന്‍ സൃഷ്ടിച്ച പ്രതിരോധം ശക്തമായിരുന്നു. എന്നാല്‍ തന്റെ ലക്ഷ്യത്തെപ്പറ്റി ഏറെ ബോധവാനായിരുന്ന ആ വൃദ്ധബ്രാഹ്മണന്‍ തന്റെ ശൗര്യവും, കരുത്തും കൊണ്ട്‌ ഏവരേയും അമ്പരപ്പിച്ചു. ഏറെത്താമസിയാതെ, തന്റെ വാക്കുപാലിക്കാന്‍ വേണ്ടി അദ്ദേഹം യുധിഷ്ഠിരനെ പിടികൂടുമെന്ന്‌ ഏവരും ഉറച്ചു. അവര്‍ക്ക്‌ ആശയറ്റ മട്ടായി. മുമ്പൊരിക്കലും ഇല്ലാത്ത വേഗത്തില്‍ കൃഷ്‌ണരഥം പാഞ്ഞെത്തി. ദ്രോണരാല്‍ കൊല്ലപ്പെട്ട സൈനികരുടെ രക്തപ്പുഴ നീന്തി അര്‍ജ്ജുനന്‍ യുധിഷ്ഠിരനു സമീപം എത്തി. അദ്ദേഹം ദ്രോണരെ ശക്തമായി ആക്രമിച്ചു. തങ്ങള്‍ക്ക്‌ ഏല്‍ക്കേണ്ടി വന്ന അപമാനവും ക്ഷീണവും നേരിട്ടറിയാവുന്ന ആചാര്യന്റെ ഈ ദുര്യോധനപ്രീതിയ്‌ക്കുവേണ്ടിയുള്ള സാഹസം നിന്ദ്യവും പൈശാചികവുമായി അര്‍ജ്ജുനനു തോന്നി. ഗുരുവിനോടുള്ള അര്‍ജ്ജുനന്റെ ബഹുമാനത്തിന്‌ മങ്ങലേറ്റു. കോപാന്ധനായി അര്‍ജ്ജുന ശരങ്ങളാല്‍ ദ്രോണരെ ക്രൂരമായി പീഢിപ്പിച്ചു. അര്‍ജ്ജുനശരവേഗത്തോട്‌ പിടിച്ചു നില്‍ക്കാനാവാതെ ദ്രോണര്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനായി.

സൂര്യന്‍ അസ്‌തമിച്ചു. ദ്രോണര്‍ അസ്‌ത്രങ്ങള്‍കൊണ്ട്‌ അത്ഭുതം സൃഷ്ടിച്ചെങ്കിലും തന്റെ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ തീര്‍ത്തും നിരാശനായിരുന്നു. പതിനൊന്നാം ദിവസം പാണ്ഡവരുടെ നേട്ടത്തിന്റെതായിരുന്നു. ദുര്യോധനന്‍ ആചാര്യനോട്‌ തീര്‍ത്തും അതൃപ്‌തനായിരുന്നു. അത്‌ പ്രകടിപ്പിയ്‌ക്കുന്നതില്‍ അദ്ദേഹം പിശുക്ക്‌ കാട്ടിയില്ല. "ആചാര്യ! താങ്കള്‍ എനിയ്‌ക്ക്‌ വിലപ്പെട്ട സമ്മാനം നേടിത്തരുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. സന്ദര്‍ഭം കിട്ടിയിട്ടും അങ്ങ്‌ വാഗ്‌ദാനത്തില്‍ നിന്ന്‌ പിന്‍വലിഞ്ഞു." ദ്രോണര്‍ അമ്പരന്നു. ഇന്ന്‌ പകല്‍ മുഴുവനും രാജാവിനുവേണ്ടി താന്‍ ചെയ്‌ത പോരാട്ടം അദ്ദേഹം വിസ്‌മരിച്ചിരിക്കുന്നു. നന്ദിയുടെ ഒരു തരിമ്പുപോലും ഈ മനുഷ്യനില്ല. ദ്രോണര്‍ സ്‌തോഭമടക്കി പറഞ്ഞു " ഞാന്‍ വാഗ്‌ദാനം ചെയ്‌ത പോലെ പ്രവര്‍ത്തിച്ചു. അര്‍ജ്ജുനന്‍ തത്സമയം പാഞ്ഞു വന്ന്‌ എന്റെ ശ്രമം പൊളിച്ചെഴുതി. നാളെ താങ്കള്‍ അര്‍ജ്ജുനനെ ഏതെങ്കിലും വിധത്തില്‍ യുധിഷ്ഠിരനില്‍ നിന്നകറ്റുക. ഞാന്‍ എന്റെ വാഗ്‌ദാനം പാലിയ്‌ക്കുമെന്ന്‌ ഉറപ്പ്‌ തരുന്നു.

അടുത്ത ദിവസം പോരാട്ട ഭൂമിയില്‍ തങ്ങള്‍ അര്‍ജ്ജുനനെ വെല്ലുവിളിയ്‌ക്കാമെന്ന്‌ ത്രിഗര്‍ത്തന്മാര്‍ രാജാവിന്‌ വാക്കു നല്‍കി. ഇതവരുടെ ദീര്‍ഘനാളത്തെ ദൃഢനിശ്ചയമാണ്‌. ഒന്നുകില്‍ അര്‍ജ്ജുനനെ കൊല്ലുക. അല്ലെങ്കില്‍ അര്‍ജ്ജുനനാല്‍ വധിക്കപ്പെടുക. സംശപ്‌തകന്മാരുടെ വെല്ലുവിളി അര്‍ജ്ജുനനെ കുഴയ്‌ക്കുമെന്ന്‌ തന്നെ അവര്‍ നിശ്ചയിച്ചു. സന്ദര്‍ഭം അനുകൂലമാകുമ്പോള്‍ യുധിഷ്ഠിരന്‍ തടങ്കലിലാകുമെന്നും. 

യുദ്ധത്തിന്റെ പന്ത്രണ്ടാം ദിവസം കൗരവസൈന്യത്തെ ദ്രോണര്‍ ഗരുഡവ്യഹത്തില്‍ ക്രമീകരിച്ചു. പാണ്ഡവസൈന്യം ചന്ദ്രക്കലാകൃതിയില്‍ അണിനിരന്നു. കരാറനുസരിച്ച്‌ സംശപ്‌തകന്‍മാര്‍ രാവിലെ തന്നെ അര്‍ജ്ജുനനെ പോരിനു വിളിച്ചു. അര്‍ജ്ജുനന്‍ ആകെ വിഷമസ്ഥിതിയിലായി. ഒരു വശത്ത ജ്യേഷ്‌ഠന്റെ രക്ഷ മറുവശത്ത്‌ പോര്‍വിളി. സംശപ്‌തകന്മാരുടെ പോര്‍വിളികേട്ട്‌ യുധിഷ്ടിരന്‍ ഭയന്നു. "കുഞ്ഞെ! ഇപ്പോള്‍ എന്താ ഒരു പ്രതിവിധി. പോര്‍വിളി സ്വീകരിക്കേണ്ടത്‌ ക്ഷത്രിയധര്‍മ്മമാണ്‌. നീ എന്റെ രക്ഷയ്‌ക്ക്‌ വേണ്ടത്‌ ചെയ്‌തിട്ട്‌ പൊയ്‌ക്കൊള്ളൂ."

അര്‍ജ്ജുനന്‍ പറഞ്ഞു. "ജ്യേഷ്‌ഠാ! ദ്രുപദസഹോദരനനായ 'സത്യജിത്ത്‌' ഇവിടെയുണ്ട്‌. അദ്ദേഹം സ്വന്തം ജീവന്‍ പണയപ്പെടുത്തിയും അങ്ങയെ രക്ഷിയ്‌ക്കും. ഒരു പക്ഷെ, അദ്ദേഹം ദ്രോണരാല്‍ വധിയ്‌ക്കപ്പെട്ടാല്‍, അങ്ങ്‌ യുദ്ധഭൂമിയില്‍ നിന്ന്‌ പലായനം ചെയ്യണം. ഞാന്‍ നിര്‍ദ്ദേശിച്ചപോലെ ചെയ്യുമെന്ന്‌ അങ്ങെനിയ്‌ക്ക്‌ വാക്കുതരണം."

"ശരി കുഞ്ഞെ! നീ പറഞ്ഞ പോലെ ഞാന്‍ സ്വരക്ഷയെക്കരുതി പാലായനം ചെയ്യാം. പിടിയ്‌ക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിയ്‌ക്കുന്നില്ല." യുധിഷ്ഠിരന്‍ ഉറപ്പ്‌ നല്‍കി.

ശ്വേതാശ്വങ്ങളെ പൂട്ടിയ അര്‍ജ്ജുനരഥം ത്രിഗര്‍ത്തന്മാരുടെ വെല്ലുവിളി നേരിടുന്നതിന്‌ യുദ്ധഭൂമിയുടെ തെക്കുഭാഗത്തേയ്‌ക്ക്‌ നീങ്ങുന്നത്‌ ദുര്യോധനന്‍ കണ്ടു. ആചാര്യന്‍ ഇന്ന്‌ തനിയ്‌ക്കുവേണ്ടി ആ "കണിവെള്ളരി" കൊണ്ടുവരുമെന്നു തന്നെ ദുര്യോധന്‍ വ്യാമോഹിച്ചു. ഭീകരമായ ത്രിഗര്‍ത്ത സൈന്യത്തെ തന്റേതായ ശക്തമായ രീതിയില്‍ നേരിടുമ്പോള്‍ അര്‍ജ്ജുനന്‍ കൃഷ്‌ണനോടു പറഞ്ഞു. "കൃഷ്‌ണാ! എന്റെ കയ്യാല്‍ ഈ ത്രിഗര്‍ത്ത സൈന്യം മുഴുവന്‍ സ്വര്‍ഗ്ഗത്തിലെത്തും അവരുടെ മുഖത്തെ ചിരി എന്നില്‍ കൗതുകമുണര്‍ത്തുന്നു." ത്രിഗര്‍ത്തന്മാരും മോശക്കാരായിരുന്നില്ല. അവര്‍ ശക്തമായി അര്‍ജ്ജുനനെ നാലുഭാഗത്തു നിന്നും നേരിട്ടു. ത്രഗര്‍ത്തസൈന്യത്തിന്റെ ഒരു ഭാഗം കൃഷ്‌ണന്‍ ദുര്യോധനനു നല്‍കിയ നാരായാണസേന ആയിരുന്നു. ഗാണ്ഡീവം വിശ്രമമില്ലാതെ ശരവര്‍ഷങ്ങള്‍ പൊഴിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ത്രിഗര്‍ത്തസൈന്യം ഛിന്നഭിന്നമാക്കപ്പെട്ടു. ഒന്നു മടിച്ചു നിന്നശേഷം ത്രിഗര്‍ത്തസൈന്യം വീണ്ടും അര്‍ജ്ജുനനു നേരെ പോര്‍വിളിയുമായി പാഞ്ഞടുത്തു. പൊരുതുന്നതിടയില്‍ അര്‍ജ്ജുനന്‍ ഒരു ശരവര്‍ഷത്തില്‍പ്പെട്ടു. അദ്ദേഹത്തിന്‌ ഒന്നും കാണാന്‍ വയ്യാതായി. കോപിഷ്‌ഠനായ അര്‍ജ്ജുനന്‍ 'ദേവദത്തം' ഉറക്കെ ഊതി. ത്വഷ്‌ഠാവിനെ അഭിമന്ത്രിച്ച്‌ ഒരസ്‌ത്രം ത്രിഗര്‍ത്തന്മാര്‍ക്കെതിരെ പ്രയോഗിച്ചു. ആ മന്ത്രത്തിന്റൈ അമാനുഷികശക്തിയാല്‍ ശത്രുക്കള്‍ ആയിരക്കണക്കിന്‌ അര്‍ജ്ജുനന്മാരെയും കൃഷ്‌ണനെയും ഒരേ സമയം കണ്ടു. "ആരാണ്‌ യഥാര്‍ത്ഥ അര്‍ജ്ജുനന്‍! ആരാണ്‌ യഥാര്‍ത്ഥ കൃഷ്‌ണന്‍!". എതിരാളികള്‍ ആകെ വിഭ്രാന്തിയിലായി. അവര്‍ തമ്മില്‍ തമ്മില്‍ അസ്‌ത്രങ്ങളയക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ത്രഗര്‍ത്തസൈന്യം വീണ്ടും വെട്ടിമുറിയ്‌ക്കപ്പെട്ടു. ശേഷിച്ച ത്രിഗര്‍ത്ത സൈന്യം അര്‍ജ്ജുനനെ ശരം കൊണ്ടു മൂടി. ആ ഇരുട്ടില്‍ കൃഷ്‌ണശരീരം വിയര്‍ത്തു. അദ്ദേഹം കൃച്ഛ ശ്വാസം വിട്ടു. "അര്‍ജ്ജുനാ! എനിയ്‌ക്ക്‌ അങ്ങയെപ്പോലും കാണാന്‍ കഴിയുന്നില്ല. അങ്ങെവിടെയാണ്‌." കൃഷ്‌ണന്‍ ഉത്‌കണ്‌ഠപ്പെട്ടു. അര്‍ജ്ജുനന്‍ വ്യായവ്യാസ്‌ത്രം അഭിമന്തിച്ചു. ആ കൊടുങ്കാറ്റില്‍ ശരകൂടം അപ്രത്യക്ഷമായി. കൊടുങ്കാറ്റ്‌ ശത്രുസൈന്യത്തെ രണഭൂമിയില്‍ നിന്ന ഏറെ അഖലേയ്‌ക്ക്‌ വിലച്ചു മാറ്റപ്പെട്ടു. അര്‍ജ്ജുനന്‍ യുധിഷ്‌ഠിരനരുകിലേയ്‌ക്ക്‌ മടങ്ങിപ്പോകാന്‍ തിരക്കു കൂട്ടി. ജ്യോഷ്‌ഠന്റെ കാര്യത്തില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. 

പ്രധാന യുദ്ധരംഗത്ത്‌ ദ്രോണര്‍ ഏറെ ദൂരം മുമ്പോട്ടു തള്ളിക്കയറി. "താന്‍ രാജാവിനു നല്‍കിയ വാക്കുപാലിയ്‌ക്കണം " ദ്രോണരുടെ മനസ്സില്‍ ആ ഒരു ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂ. യുധിഷ്ഠിര സമീപം ധൃഷ്ടദ്യൂമ്‌നനുണ്ടായിരുന്നു. യുധിഷ്‌ഠിരന്റെ വെപ്രാളം കണ്ട ധൃഷ്ടദ്യുമ്‌നന്‍ പറഞ്ഞു. "അങ്ങ്‌ പേടിയ്‌ക്കാതിരിക്കൂ. ഈ നീചശ്രമത്തിന്‌ ദ്രോണര്‍ക്ക്‌ പറ്റിയ ശിക്ഷതന്നെ ഞങ്ങള്‍ നല്‍കുന്നതാണ്‌." തന്റെ നേരെ വരുന്ന ധൃഷ്ടദ്യുമ്‌നനെക്കണ്ട ദ്രോണര്‍ ഒന്നു പകച്ചു. "തന്റെ കൊലയാളിയാണ്‌ ധൃഷ്ടദ്യുമ്‌നനന്‍. തന്റെ വധം ലക്ഷ്യമാക്കി ജനിച്ച ദ്രുപദപുത്രന്‍! ഇയാളാല്‍ ഞാന്‍ വധിയ്‌ക്കപ്പെടും. നിയതി അതു നടപ്പാക്കുക തന്നെ ചെയ്യും" ഈ വിശ്വാസം ദ്രോണരില്‍ ദൃഢമായിരുന്നതിനാല്‍ ധൃഷ്ടദ്യുമ്‌നനുമായി നേരിട്ടൊരു പോരാട്ടത്തിനു മുതിരാതെ അദ്ദേഹം മറ്റൊരു വഴിയെ നീങ്ങി. ധൃഷ്ടദ്യുമ്‌നന്റെ ശ്രദ്ധ ദ്രോണരില്‍ നിന്ന തിരിയ്‌ക്കാനായി, ദുര്യോധനന്‍ തന്റെ സഹോദരന്‍ ദുര്‍മ്മുഖനെ ധൃഷ്ടദ്യുമ്‌നനുമായി നേരിടാന്‍ അയച്ചു. അവര്‍ തമ്മില്‍ ശ്രദ്ധേയമായ ഒരു ദ്വന്ദ്വയുദ്ധം ഉണ്ടായി. ഈ സമയം ദ്രോണര്‍ തന്ത്രപൂര്‍വ്വം യുധിഷ്‌ഠിരനരികിലേയ്‌ക്കു നീങ്ങി. അദ്ദേഹത്തിന്റെ രക്ഷയ്‌ക്ക്‌ സത്യജിത്ത്‌ ഉണ്ടായിരുന്നു. ദ്രുപദന്റെ മറ്റൊരു സഹോദരനായ വൃകനും യുധിഷ്‌ഠിരനെ സംരക്ഷിയ്‌ക്കാനെത്തി. ഏറെ കരുത്തനായ ദ്രോണര്‍, അവരിരുവരേയും കവച്ചു വച്ചു. വൃകനേയും, സത്യജിത്തിനേയും ദ്രോണര്‍ കൊന്നു.

സത്യജിത്ത്‌ മരിച്ചു വീണപ്പോള്‍, പാണ്ഡവപക്ഷത്തുനിന്ന്‌ മുറവിളി ഉയര്‍ന്നു. ഏത്‌ സമയവും യുധിഷ്‌ഠിരന്‍ തടവിലാവുമെന്ന്‌ അവര്‍ ഭയപ്പെട്ടു. കേകയ സഹോദരന്മാരും, ദ്രുപദന്റെ മറ്റു സഹോദരന്മാരും യുധിഷ്‌ഠിരരക്ഷയ്‌ക്ക്‌ പാഞ്ഞെത്തി. വിരാട സഹോദരനായ ശതാനീകന്‍ ദ്രോണരോട് എറെ പൊരുതിയെങ്കിലും അവസാനം മൃത്യുവിന്‌ കീഴ്‌പ്പെടേണ്ടി വന്നു. ദ്രോണര്‍ ഏത്‌ നിമിഷവും തന്നെ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ സ്വരക്ഷയെ കരുതി യുധിഷ്‌ഠിരന്‍ ഏറ്റവും വേഗതയേറിയ കുതിരപ്പുറത്തു കയറി യുദ്ധരംഗത്ത്‌ നിന്ന പലായനം ചെയ്‌തു. ആ സമയം യുധിഷ്‌ഠിരന്‌ അര്‍ജ്ജുനോപദേശം കരുത്ത്‌ നല്‍കിയിരുന്നു.

അമര്‍ഷവും നിരാശയും ദ്രോണരെ മറ്റൊരാളാക്കി മാറ്റി. അദ്ദേഹം കൊടുംകോപത്താല്‍ ഭീഷ്‌മരേക്കാള്‍ ശക്തനായി. യാതൊരു ദാക്ഷീണ്യവുമില്ലാതെ അദ്ദേഹം സൈനികരെ കൊന്നൊടുക്കാന്‍ തുടങ്ങി. എതിരിടുന്നവരെല്ലാം മൃത്യലോകം പൂകാന്‍ അധിക സമയമെടുത്തില്ല. "ദ്രോണരെ കൊല്ലൂ! അദ്ദേഹം കേവലം നിര്‍ദയനായ ഒരു കൊലയാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. പാണ്ഡവപക്ഷത്ത്‌ നിന്ന്‌ ദാരുണമായ മുറവിളി ഉയര്‍ന്നു. പാണ്ഡവസൈന്യത്തിന്റെ മുറവിളി കേട്ട ദുര്യോധനന്‍ രാധേയനോട്‌ പറഞ്ഞു. " നമ്മുടെ ആചാര്യന്റെ അസ്‌ത്രങ്ങളേറ്റ്‌ പാണ്ഡവസൈന്യം പിടയുകയാണ്‌. അദ്ദേഹത്തെ തടുക്കാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നില്ല. ഇക്കണക്കിന്‌ ജയം നമുക്ക്‌ തന്നെയെന്ന്‌ ഉറപ്പിയ്‌ക്കാം.." ദുര്യോധന്റെ വിജയാഹ്ലാദത്തിനോട്‌ യോജിയ്‌ക്കാന്‍ രാധേയനായില്ല. "എന്റെ ചങ്ങാതി! പാണ്ഡവര്‍ നിസ്സാരരാണെന്ന കരുതുന്നത്‌ മൂഢത്വമാണ്‌. നിങ്ങള്‍ അവരോട്‌ ചെയ്‌തതെല്ലാം അവര്‍ മറക്കുമെന്ന്‌ കരുതുന്നുണ്ടോ? ഗുരുവിന്റെ താല്‍ക്കാലികജയം കണ്ട്‌ അങ്ങ്‌ സന്തോഷിയ്‌ക്കുന്നത്‌ വിഡ്‌ഢിത്തമാണെന്നാണ്‌ എന്റെ അഭിപ്രായം. രാധേയന്റെ വാക്കുകള്‍ നിരാശാജനകമായിരുന്നെങ്കിലും ആദീര്‍ഘദര്‍ശിയായ സുഹൃത്തിനെ മുഷിപ്പിയ്‌ക്കാന്‍ ദുര്യോധനന്‍ തയ്യാറായില്ല. ദുര്യോധനനന്‍ തന്റെ സഹോദരന്മാരുമായി ദ്രോണരെ സഹായിക്കാന്‍ തയ്യാറെടുത്തു. നകുലനും, സഹദേവനും കൗരവപക്ഷത്തിന്‌ തക്കതായ തിരിച്ചടി നല്‍കി. അഭിമന്യു ദ്രോണരെ ശക്തമായി നേരിട്ടു. ഭഗദത്തന്‍ തന്റെ സുപ്രതീകം എന്ന പ്രസിദ്ധമായ ആനപ്പുറത്ത്‌ കയറി പാണ്ഡവസൈന്യത്തെ ലക്ഷ്യമാക്കി നീങ്ങി. ഭീമന്‍ അദ്ദേഹത്തോട് ഏതിരിടാന്‍ തയ്യാറായി. ചില സമയങ്ങളില്‍ ഭീമന്‍ സുപ്രതീകത്തിന്റെ പിടിയിലൊതുങ്ങുമെന്ന ഭയം സൈന്യത്തിലുണ്ടായി. ഈ സമയം പണ്ഡവപക്ഷത്തുള്ള ദശാര്‍ണ്ണരാജാവ്‌ തന്റെ ആനയുമായി സുപ്രതീകത്തെ നേരിടാന്‍ തുടങ്ങി. എന്നാല്‍ ഭഗദത്തനോടും ആനയോടും എതിരിടാനാവാതെ അദ്ദേഹം ഏറെ താമസിയാതെ പിന്‍തിരിഞ്ഞു. ഭഗദത്തന്റെ പ്രേരണയാല്‍ സുപ്രതീകം സാത്യകിയുടെ രഥത്തിനു നേരെ പാഞ്ഞു. ബുദ്ധിമാനായ സാത്യകി ഉടന്‍ തന്നെ മറ്റൊരു രഥത്തിലേയ്‌ക്കെടുത്തു ചാടി രക്ഷപ്പെട്ടു. ആനയുെട തുമ്പിക്കയ്യില്‍പ്പെട്ട ഭീമന്‍ അത്യത്ഭുതമാം വിധം രക്ഷപ്പെട്ടു. ഭീമന്‍ ആനയുടെ അകിട്ടില്‍ കടന്ന്‌ അതിനെ പീഢിപ്പിയ്‌ക്കാന്‍ തുടങ്ങി. ആനയെ നിയന്ത്രിക്കാനുള്ള പാണ്ഡവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു. ദൂരെ നിന്ന്‌ തങ്ങളുടെ സൈന്യത്തിന്റെ മുറവിളി കേട്ട അര്‍ജ്ജുനന്‍ വ്യായവ്യാസ്‌ത്രം അയച്ചു. ത്രിഗര്‍ത്തസൈന്യത്തെ വിരട്ടിയോടിച്ചു. അദ്ദേഹം പറഞ്ഞു. " കൃഷ്‌ണാ! പ്രാഗ്‌ജ്യോതിഷത്തിലെ ഭഗദത്തന്‍ തന്റെ ആനയുമായി എത്തിയീട്ടുണ്ട്‌. അദ്ദേഹം നമ്മുടെ സൈന്യത്തെ കഠിനമായി പീഢിപ്പിയ്‌ക്കുന്നുണ്ട്‌. ഈ ആനയെ വകവരുത്താന്‍ അങ്ങേയ്‌ക്കും എനിയ്‌ക്കും മാത്രമേ കഴിയൂ. എന്റെ അച്ഛന്റെ ചങ്ങാതിയാണ്‌ പ്രാഗ്‌ജ്യോതിഷരാജാവ്‌. എന്തു മമതയുണ്ടെങ്കിലും ഞാന്‍ നമ്മുടെ ജയത്തിനുവേണ്ടി അവരെ നശിപ്പിയ്‌ക്കും."

പിന്‍തിരിഞ്ഞോടിയ ത്രിഗര്‍ത്തന്‍മാര്‍ വീണ്ടും അര്‍ജ്ജുനനെ പോരിനു വിളിച്ചു. കൃഷ്‌നിര്‍ദ്ദേശത്താല്‍ അര്‍ജ്ജുനന്‍ പ്രയോഗിച്ച 'വജ്രായുധം' ത്രിഗര്‍ത്തന്മാരെ നിലം പരിശാക്കി. അര്‍ജ്ജുന ലക്ഷ്യം മനസ്സിലാക്കിയ സുശര്‍മ്മാവ്‌ വീണ്ടും അദ്ദേഹത്തെ പോരിനു വിളിച്ചു. അര്‍ജ്ജുനന്‍ മുമ്പെങ്ങും ചെയ്യാത്ത രീതിയില്‍ ശക്തമായി യുദ്ധം ചെയ്‌തു. ത്രഗര്‍ത്തസഹോദരമ്മാരില്‍ ഒരാളെ കൊന്നു. സുശര്‍മ്മാവ് രഥത്തില്‍ ബോധമറ്റു വീണു. അര്‍ജ്ജു നന്‍ യുദ്ധവീര്യത്തില്‍ കൃഷ്‌ണന്‍ അദ്ദേഹത്തെ വാനോളം പ്രശംസിച്ചു. പുതുവീര്യത്താല്‍ അവര്‍ പ്രധാന സൈനിക നിര ലക്ഷ്യമാക്കി രഥം നീക്കി.

ശ്വേതാശ്വങ്ങളുടെ വരവില്‍ പാണ്ഡവര്‍ അത്യുത്സാഹത്താല്‍ മതിമറന്നു. കൗരവസൈന്യത്തില്‍ അകാരണമായ ഒരു മന്ദീഭാവം കണ്ടുതുടങ്ങി. ഭഗദത്തനെ ലക്ഷ്യമാക്കി അര്‍ജ്ജുനരഥം നീങ്ങി. ഭഗദത്തന്‍ തന്റെ ആനയെക്കൊണ്ട അര്‍ജ്ജുനനെ പീഢിപ്പിക്കാന്‍ തുടങ്ങി. പ്രായത്തില്‍ വയോവൃദ്ധനായിരുന്നെങ്കിലും ഭഗദത്തന്റെ ശരവര്‍ഷം പാടവവും കൗശലമേറിയതുമായിരുന്നു. ആ ശരങ്ങളെ അര്‍ജ്ജുനശരങ്ങള്‍ ലക്ഷ്യത്തില്‍ത്തന്നെ നിര്‍വ്വീര്യമാക്കിക്കൊണ്ടിരുന്നു. യുദ്ധം നീണ്ടുപോകുന്നതില്‍ അക്ഷോഭ്യനായ ഭഗദത്തന്‍ തന്റെ ആനയെ അര്‍ജ്ജുനരഥം ലക്ഷ്യമാക്കി തെളിച്ചു. എന്നാല്‍ കൃഷ്‌ണന്റെ കൗശലത്തിനുമുന്നില്‍ ഭഗദത്തന്റെ ശ്രമം വിഫലമായി ആ കാഴ്‌ച കണ്ടു നിന്ന പലരും കൃഷ്‌ണനും അര്‍ജ്ജുനനും ആനയുടെ ചവിട്ടേറ്റു ചതഞ്ഞരഞ്ഞതായി ഊഹിച്ചു. ലക്ഷ്യം പിഴച്ചതില്‍ ക്രുദ്ധനായ ഭഗദത്തന്‍ വീണ്ടും അര്‍ജ്ജുനനു നേരെ ശരങ്ങള്‍ പൊഴിച്ചു. ചില അവസരങ്ങളില്‍ കൃഷ്‌ണനെ ലക്ഷ്യം വച്ചും ഭഗദത്തനയച്ച അസ്‌ത്രങ്ങളും മാര്‍ഗ്ഗമദ്ധ്യേ അര്‍ജ്ജുനന്‍ വിഫലമാക്കി. അര്‍ജ്ജുനന്‍ ഭഗദത്തന്റെ വില്ല്‌ രണ്ടായി മുറിച്ചു. ഭഗദത്തന്‍ തന്റെ അധീനതയിലുള്ള നിരവധി കുന്തങ്ങള്‍ ഓരോന്നായി പ്രയോഗിക്കാന്‍ തുടങ്ങി. പതിന്നാലു കുന്തങ്ങള്‍ ഭഗദത്തന്‍ ഒന്നിനു പുറകെ ഒന്നായി പ്രയോഗിച്ചെങ്കിലും ഒന്നും പോലും ഉദ്ദേശിച്ച ലക്ഷ്യം കണ്ടെത്തിയില്ല. എല്ലാം തന്നെ അര്‍ജ്ജുനശരങ്ങള്‍ നിര്‍വ്വീര്യമാക്കി. അര്‍ജ്ജുനന്‍ ഇതിനിടെ സൂപ്രതീകത്തിന്റെ പടച്ചട്ട മുറിയ്‌ക്കാനുള്ള ശ്രമം തുടര്‍ന്നു. ഭഗദത്തന്‍ തന്റെ അധീനതയിലുണ്ടായിരുന്ന ശക്തി ചുഴറ്റി കൃഷ്‌ണനു നേരെ എറിഞ്ഞു. അര്‍ജ്ജുനന്‍ അത്‌ മുറിച്ചു. ഭഗദത്തന്‍ എറിഞ്ഞ മറ്റൊരു ശക്തി അര്‍ജ്ജുനന്റെ കിരീടത്തില്‍ തട്ടിയ നിമിഷം തന്നെ സവ്യസാചി അതിനെ നിര്‍വ്വീര്യമാക്കി. ഭഗദത്തന്റെ ശ്രദ്ധമുഴുവന്‍ കൃഷ്‌ണനു നേരെ തിരിഞ്ഞു. അദ്ദേഹം അസ്‌ത്രങ്ങളയച്ച്‌ കൃഷ്‌ണനെ പീഢിപ്പിയ്‌ക്കാന്‍ തുടങ്ങി. തന്റെ അസ്‌ത്രങ്ങളൊന്നും ലക്ഷ്യം കാണാതെ വന്നപ്പോള്‍ ഭഗദത്തന്‍ അത്യന്തം കോപാകുലനായി. അദ്ദേഹം തന്റെ അങ്കുശമെടുത്ത്‌ അര്‍ജ്ജുനനുനേരെ ചുഴറ്റി എറിഞ്ഞു. തന്റെ ആനയെ നയിക്കാന്‍ ഉപയോഗിച്ചിരുന്ന ആ ആങ്കുശത്തില്‍ മഹാവിഷ്‌ണുവിനെ അഭിമന്ത്രം ചെയ്‌തിരുന്നു. തന്മൂലം അത്‌ മറ്റെന്തിനേക്കാളും ഘോരമായിരുന്നു. ആങ്കുശം അര്‍ജ്ജുനനു നേരെ പാഞ്ഞ്‌ ചെല്ലുന്നത്‌ കണ്ട്‌ ഏവരും പരിഭ്രാന്തരായി. അര്‍ജ്ജുനന്‍ അടുത്ത നിമിഷം വധിയ്‌ക്കപ്പെടുമെന്നു തന്നെ ഏവരും കണക്കുകൂട്ടി. പൊടുന്നനെ കൃഷ്‌ണന്‍ രഥത്തില്‍ എഴുന്നേറ്റു നിന്നു ആ ആങ്കുശം ഭഗവാന്റെ കൗസ്‌തുഭമണിഞ്ഞ മാര്‍വ്വിടം ഏറ്റുവാങ്ങി. വീര്‍പ്പടക്കി നിന്ന ആ നിമിഷത്തിന്റെ ആനന്ദത്തില്‍ ഭീമന്‍ യുധിഷ്ടിരനെ, ആലിംഗനം ചെയ്‌തു. വൈഷ്‌ണാവാസ്‌ത്രമായ ആ ആങ്കുശം ഭഗവാന്റെ മാര്‍വ്വിടം ഏറ്റുവാങ്ങിയപ്പോള്‍ അത്‌ പുഷ്‌പമാലയായി അദ്ദേഹത്തിന്റെ വക്ഷസ്സില്‍ തിളങ്ങി. ഏവരും അത്ഭുതകരമായ ആ കാഴ്‌ചകണ്ട്‌ അശ്രുക്കള്‍ പൊഴിച്ചു. അര്‍ജ്ജുനന്‍ ഒരു നിമിഷം അമ്പരന്നു. അദ്ദേഹം ചോദിച്ചു. "കൃഷ്‌ണാ അങ്ങെന്തിനിതു ചെയ്‌തു. എന്റെയും ആങ്കുശത്തിന്റേയും നടുവില്‍ അങ്ങെന്തിന്‌ തടസ്സം സൃഷ്ടിച്ചു? യുദ്ധത്തില്‍ പങ്കെടുക്കില്ല എന്ന അങ്ങയുടെ വാക്കിന്‌ ഇതൊരപവാദമാകില്ലേ?ഈ പാര്‍ത്ഥനുവേണ്ടി അങ്ങെന്തിനീ സാഹസം ചെയ്‌തു. പറയൂ കൃഷ്‌ണാ......!" കൃഷ്‌ണന്‍ മന്ദഹസിച്ചു. " അര്‍ജ്ജുനാ! ആ ആങ്കുശത്തില്‍ അഭിമന്ത്രിച്ചിരുന്ന വൈഷ്‌ണവമന്ത്രം എനിയ്‌ക്കവകാശപ്പെട്ടതും എന്റേതുമായിരുന്നു. അത്‌ ഞാന്‍ മടക്കി എടുത്തു. അത്രമാത്രം! ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ഞാനിത്‌ നരകന്റെ അമ്മയായ പൃഥ്വിയ്‌ക്ക്‌ കൊടുത്തു. തന്റെ പുത്രന്‌ എല്ലാ യുദ്ധങ്ങളില്‍ നിന്നും രക്ഷനേടാനായി അവര്‍ എന്നില്‍ നിന്നും വരപ്രസാദമായി ഇത്‌ സ്വീകരിച്ചിരുന്നു. ലോകനന്മയെക്കരുതി ഞാന്‍ നരകനെക്കൊന്നപ്പോള്‍ ഇത്‌ ഭഗദത്തന്റെ കൈവശം എത്തിച്ചേര്‍ന്നു. ഈ മന്ത്രം അഭിമന്ത്രം ചെയ്‌ത ആയുധം ആരുടെ നേര്‍ക്ക്‌ പ്രയോഗിച്ചാലും അയാള്‍ വധിയ്‌ക്കപ്പെടും. എന്റെ പാര്‍ത്ഥാ! എനിയ്‌ക്കങ്ങയെ നഷ്ടപ്പെടാനാവില്ല. അതിനാല്‍ ഞാന്‍ തന്നെ അതേറ്റുവാങ്ങി. അതൊരിക്കലും ധര്‍മ്മലംഘനമാവില്ല. ഒരു കാര്യം കൂടി നീ മനസ്സിലാക്കുക. ഇതോടെ ഭഗദത്തന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഇനി ഏത്‌ നിമിഷവും അയാള്‍ വധിയ്‌ക്കപ്പെടാം. അയാളുടെ ആനയും ഈ നിമിഷം മുതല്‍ സാധാരാണ ഒരു ഗജമായി തീര്‍ന്നിരിക്കുന്നു. " ഭഗവല്‍ ചൈതന്യത്തിന്റെ അനന്തസിദ്ധികളോര്‍ത്ത അര്‍ജ്ജുനന്റെ കണ്ണുകള്‍ നിറഞ്ഞു.

അടുത്ത നിമിഷം അര്‍ജ്ജുനന്‍ മൂര്‍ച്ചയേറിയ ആയുധം സുപ്രതീകത്തിന്റെ നേരെ പ്രയോഗിച്ചു. പ്രൗഢതയാർന്ന ആ ആന തല്‍ക്ഷണം യുദ്ധഭൂമിയില്‍ ചരിഞ്ഞു വീണു. 'ചന്ദ്രക്കലാകൃതിയിലുള്ള മൂര്‍ച്ചയേറിയ ഒരസ്‌ത്രം അര്‍ജ്ജുനന്‍ ഭഗദത്തന്‌ നേരെ പ്രയോഗിച്ചു. ആ വയോവൃദ്ധനായ രാജാവ്‌ തന്റെ ആനപ്പുറത്ത്‌ നിന്നും തെറിച്ചു വീണു. അദ്ദേഹം മരണത്തിനു കീഴടങ്ങി. യുദ്ധത്തിന്റെ പന്ത്രണ്ടാമത്തെ ദിവസം ശ്രേഷ്‌ഠനായ ഭഗദത്തന്റെ മരണത്തിനു സാക്ഷിയായി.

ഭഗദത്തന്‍ വീണയുടന്‍ അര്‍ജ്ജുനന്‍ രഥത്തില്‍ നിന്നിറങ്ങി, വീണുകിടന്ന ഭഗദത്തനെ പ്രദക്ഷിണം ചെയ്‌ത്‌ തൊഴുതു നിന്നു. ഭഗദത്തന്‍ ഇന്ദ്രന്റെ ചങ്ങാതിയും ശ്രേഷ്‌ഠ പൗരാണികരില്‍ ഒരാളുമായിരുന്നു. അര്‍ജ്ജുനന്റെ ഈ പ്രവൃത്തി എതിരാളികള്‍ പോലും പ്രശംസിച്ചു.

അര്‍ജ്ജുനന്‍ വീണ്ടും യുദ്ധഭൂമിയിലേയ്‌ക്ക്‌ മടങ്ങി. അദ്ദേഹം ഗാന്ധാരപുത്രന്മാരായ രണ്ടു പേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മാതുലന്മാരുടെ വിയോഗം ദുര്യോധനനില്‍ ദുഃഖമുളവാക്കി. ശകുനി വര്‍ദ്ധിച്ച കോപത്തോടെ അര്‍ജ്ജുനനെ വെല്ലു വിളിച്ചു. അര്‍ജ്ജുനനും പോര്‍വിളി നടത്തി. "നീചനായ ശകുനീ! ഇത്‌ പകിടകളിയല്ല. ഈ പോരാട്ടത്തില്‍ നിനക്ക്‌ എന്നെ തോല്‍പ്പിക്കാനാവില്ല. വരു! നമുക്ക്‌ ശക്തി പരീക്ഷിയ്‌ക്കാം. " ഗാണ്ഡീവത്തിന്റെ മാസ്‌മരികപ്രഭാവത്തില്‍ ശകുനി സ്വയം തോല്‍വി സമ്മതിച്ച്‌ യൂദ്ധഭൂമിയില്‍ നിന്നും പിന്‍വാങ്ങി.

അര്‍ജ്ജുനനെ കണ്ടതോടെ യുധിഷ്‌ഠിരന്‍ മുന്‍നിരയിലേയ്‌ക്ക്‌ കടന്നുവന്ന്‌ ധൃഷ്ടദ്യുമ്‌നനുമായി ദ്രോണരെ എതിരിടാന്‍ തുടങ്ങി. അശ്വത്ഥാമാവ്‌ പിതാവിന്റെ സഹായത്തിനെത്തി. ധീരനും, യുദ്ധകോവിദനുമായ പാണ്ഡവസഹായി 'മാഹിഷ്‌മതി' യിലെ നീലനെന്ന രാജകുമാരന്‍ അശ്വത്ഥാമാവിനെ പോരിന്‌ വിളിച്ചു. എന്നാല്‍ അശ്വത്ഥാമാവിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ പതറിയ നീലന്‍ അധികം താമസിയാതെ വധിയ്‌ക്കപ്പെട്ടു. മറ്റൊരു ഭാഗത്ത്‌ അര്‍ജ്ജുനനും രാധേയനുമായി ഏറ്റുമുട്ടി. ഒരാള്‍ അയച്ച ആഗ്നേയാസ്‌ത്രം മറ്റൊരാള്‍ വരുണാസ്‌ത്രം കൊണ്ട്‌ തടുത്തു. സമന്മാര്‍ തമ്മിലുള്ള ആ പോരാട്ടം കാണികളില്‍ കൗതുകമുണര്‍ത്തി. യുദ്ധഭൂമിയെന്നുമുള്ള സ്‌മരണയില്ലാതെ അവര്‍ വിദഗ്‌ദ്ധമായ ആ പോരാട്ടം മത്സരക്കളരിയെപ്പോലെ കയ്യടിച്ചഭിനന്ദിച്ചു. കൗരവപ്‌കഷത്തെ 'ശത്രുജയന്‍' എന്ന ധീരനായ യോദ്ധാവ്‌ അര്‍ജ്ജുനശരങ്ങളേറ്റ്‌ മരിച്ചു വീണു. പന്ത്രണ്ടാം ദിവസത്തെ യുദ്ധം തികച്ചും പാണ്ഡവപക്ഷത്തിന്റെ നേട്ടമായി കുറിക്കപ്പെട്ടു.

നിരാശനായ ദുര്യോധനന്‍ വാക്കാല്‍ പുരട്ടിയ അമ്പുകള്‍ സൈന്യാധിപനുനേരെ പ്രയോഗിച്ചു. "ആചാര്യാ! പറഞ്ഞതുപോലെ സംശപ്‌തകന്‍മാര്‍ അര്‍ജ്ജുനനെ പോരിനു വിളിച്ച്‌ യുദ്ധഭൂമിയില്‍ നിന്നകറ്റി. എന്നിട്ടും കയ്യെത്താ ദൂരത്തുവെച്ച്‌ അങ്ങ്‌ യുധിഷ്‌ഠിരനെ രക്ഷപ്പെടാനനുവദിച്ചു. അങ്ങയ്‌ക്ക്‌ പണ്ടേ അവരോടൊരു ചായ്‌വുണ്ട്‌. എന്റെ കൂടെ നില്‍ക്കുന്നുന്ടെങ്കിലും അങ്ങയുടെ പൂര്‍ണ്ണമായ മനസ്സു അവരോടൊപ്പമാണ്‌. എന്റെ സൈന്യത്തിന്‌ അര്‍ജ്ജുനന്‍ വരുത്തി വെച്ച നാശം എത്രയെന്ന്‌ അങ്ങേയ്‌ക്കറിയുമോ? അങ്ങയുടെ വാക്ക്‌ വിശ്വസിച്ച ഞാന്‍ വിഡ്‌ഢിയായി." ദ്രോണര്‍ ആകെ വിവശതയിലായി. താന്‍ നടത്തിയ കടുത്ത പോരാട്ടങ്ങളും, ശ്രമവും ദുര്യോധനനില്‍ ഒരു മതിപ്പും ഉളവാക്കിയീട്ടില്ല. ലക്ഷ്യം നേടാന്‍ കഴിഞ്ഞതില്‍ തന്നെ മാത്രം പഴി ചാരുന്നു. ശ്രമം പാഴായതില്‍ താനനുഭവിയ്‌ക്കുന്ന കടുത്ത വേദന ലഘൂകരിയ്‌ക്കാന്‍ ഈ നന്ദിയില്ലാത്ത രാജാവില്‍ നിന്ന്‌ ഒരു വാക്കുപോലും പ്രതീക്ഷിയ്‌ക്കേണ്ട. ഏറെ വേദനയോടെ ദ്രോണര്‍ പ്രതികരിച്ചു."ഞാന്‍ എന്നാലാവും വിധം ശ്രമിച്ചു. യുധിഷ്‌ഠിരന്‍ യുദ്ധരംഗത്തു നിന്നും പലായനം ചെയ്യുമെന്ന്‌ ഞാന്‍ സ്വപ്‌നേപി കരുതിയില്ല. മനുഷ്യശ്രമത്തിന്‌ വിപരീതമായ എന്തോ ഒന്ന്‌ നടക്കുന്നുണ്ട്‌. വീണ്ടും ഞാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്‌ക്കും അര്‍ജ്ജുനന്‍ മുന്‍നിരയിലെത്തപ്പെട്ടു. പാണ്ഡവപക്ഷത്തെ ഒരു മഹായോദ്ധാവിനെ നാളെ ഞാന്‍ ക്രൂരമായി കൊലപ്പെടുത്തി, അങ്ങയോടുള്ള പ്രതിജ്ഞ പാലിക്കുന്നുണ്ട്‌. ഞാന്‍ സൈന്യത്തെ പത്മവ്യഹത്തില്‍ അണിനിരത്തും. ആ ത്രിമാന വ്യൂഹം അര്‍ജ്ജുനല്ലാതെ ആര്‍ക്കും ഭേദിക്കാനാവില്ല. അങ്ങ്‌ അര്‍ജ്ജുനനെ പ്രധാന യുദ്ധരംഗത്തു നിന്നും അകറ്റാനുള്ള ശ്രമം നടത്തുക." ആചാര്യന്റെ പുതിയ പ്രസ്‌താവന കൗരവശിബിരത്തില്‍ ആവേശം പകര്‍ന്നു. അവര്‍ പതിമൂന്നാം ദിവസ്‌തതെ സൂര്യോദയത്തിന്‌ വേണ്ടി അക്ഷമരായി കാത്തിരുന്നു.

പതിമൂന്നാം ദിവസം യുദ്ധരംഭമായി. നിശ്ചയിച്ചുറപ്പിച്ചിരുന്ന തീരുമാനപ്രകാരം ത്രിഗര്‍ത്തന്മാര്‍ അര്‍ജ്ജുനനെ പോരിനു വിളിച്ചു. അദ്ദേഹത്തിന്‌ യുദ്ധരംഗത്തിന്റെ തെക്കേ അറ്റത്തേയ്‌ക്കു പോകേണ്ടി വന്നു. അര്‍ജ്ജുനന്‍ പോയശേഷം ദ്രോണര്‍ ശേഷിച്ച കൗരവസൈന്യത്തെ പത്മവ്യൂഹത്തില്‍ ക്രമീകരിച്ചു. ദളമദ്ധ്യത്തില്‍ രാജാവായ ദുര്യോധനന്‍ നിന്നു. അദ്ദഹേത്തെ ചുറ്റി പത്മത്തിന്റെ ആദ്യദളത്തില്‍ രാധേയന്‍, ദുശ്ശാസനന്‍, കൃപര്‍ തുടങ്ങിയവര്‍ നിലയുറപ്പിച്ചു. അടുത്ത ദളത്തില്‍ ജയദ്രഥനും അദ്ദേഹത്തിന്റെ സൈന്യവും അണിനിരന്നു. ആചാര്യ,പുത്രനായ അശ്വത്ഥാമാവും ഈ ദളത്താല്‍ ചുറ്റപ്പെട്ടിരുന്നു. അടത്ത ദളം ശേഷിച്ച ധാര്‍ത്തരാഷ്ട്രന്മാരും സൈന്യവും അതിനും പിന്നിലായി ശകുനി, കൃതവര്‍മ്മാവ്‌, ദുരിശ്രവസ്സ്‌, ശല്യര്‍, ശലര്‍ തുടങ്ങിയവര്‍ സ്ഥാനം പിടിച്ചു. അവരെല്ലാവുരും ചുവന്ന പട്ടുടുത്തിരുന്നു. ചുവന്ന പുഷ്‌പമാല്യങ്ങളും ചാര്‍ത്തിയിരുന്നു. പ്രഭാതസൂര്യകിരണങ്ങളേറ്റ്‌ ഘോരമായ ആ ചുവന്ന താമരപ്പൂവ്‌ വെട്ടിത്തിളങ്ങി. കാണികളില്‍ ആസ്വാദനത്തിനപ്പുറം ഭയമാണ്‌ ആ ചുവന്ന പുഷ്‌പം ജനിപ്പിച്ചത്‌. ഇന്നും ചുവപ്പിന്റെ നിറം കൗതുതകം കലര്‍ന്ന ഭയമാണ്‌ ജനങ്ങളില്‍ സൃഷ്ടിയ്‌ക്കുന്നത്‌. ഏതോ വിനാശകരമായ സംഭവത്തിനു വേണ്ടിയുള്ള മുറവിളി - വിദൂരമായ സത്യത്തെ ക്രൂരമായി വശപ്പെടുത്താനുള്ള തന്ത്രപ്പാട്‌. രക്തം ശരീരനിയന്ത്രണത്തിന്‌ ആവശ്യമെന്ന വസ്‌തുത നിഷേധിയ്‌ക്കാനാവില്ല. എന്നാല്‍, പുറത്തേയ്‌ക്കൊഴുകുന്ന രക്തം സൃഷ്ടിയ്‌ക്കുന്നത്‌ ബീഭത്സമായ കാഴ്‌ചയാണ്‌.

ആക്രമണം തുടങ്ങി. ഭീമന്‍ നയിച്ചിരുന്ന പാണ്ഡവസൈന്യം ആക്രമണസജ്ജമായി മുന്നോട്ടു നീങ്ങി. പ്‌തമവ്യൂഹത്തിനു കാവലായി തവിട്ടു നിറമാര്‍ന്ന കുതികളെ പൂട്ടിയ രഥത്തിലിരുന്ന ദ്രോണര്‍ ഭീകരരൂപം പൂണ്ടു. സമുദ്രത്തിലെ തിരമാലകളെ തുടത്തു നിര്‍ത്തുന്ന പര്‍വ്വതം പോലെ ദ്രോണര്‍ എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ നശിപ്പിച്ചുകൊണ്ടിരുന്നു. ആ പക്വമാര്‍ന്ന സൈന്യാധിപനെ വെട്ടിച്ച വ്യൂഹത്തിനുള്ളില്‍ കടക്കാന്‍ പാണ്ഡവര്‍ ഏറെ പണിപ്പെട്ടെങ്കിലും അവര്‍ക്കതു കഴിഞ്ഞില്ല.

ഏറെ നേരം കഴിഞ്ഞിട്ടും കൗരവപക്ഷത്തെ ഒരാളെപ്പോലും എതിര്‍ത്തു തോല്‍പ്പിക്കാന്‍ പാണ്ഡവര്‍ക്കായില്ല, മറിച്ച്‌ അവരുടെ എണ്ണമറ്റ സൈനികര്‍ മണ്ണിനോട്‌ വിടവാങ്ങി. യുധിഷ്‌ഠിരന്റെ ഉള്ളു പിടഞ്ഞു. എന്തെങ്കിലും നീക്കം നടത്തിയില്ലെങ്കില്‍ ഒരു വശത്ത്‌ അര്‍ജ്ജുനന്റെ കുറ്റപ്പെടുത്തല്‍, മറുവശത്ത്‌ സൈന്യനാശം അദ്ദേഹം ചിന്താധിഷ്‌ഠിതനായി. പാണ്ഡവസൈന്യത്തില്‍ നിലവിലുള്ള ആര്‍ക്കും തന്നെ ദ്രോണരുടെ പത്മവ്യൂഹം ഭേദിയ്‌ക്കാനറിയില്ല. ആകെ അറിവുള്ളവര്‍ നാലുപേര്‍ മാത്രം - അര്‍ജ്ജുനന്‍, കൃഷ്‌ണന്‍, പ്രദു്യമ്‌നന്‍, അഭിമന്യു. മടിച്ചു നില്‍ക്കാതെ അദ്ദേഹം അര്‍ജ്ജുനപുത്രനായ അഭിമന്യുവിനെ സമീപിച്ചു. "പുത്രാ! ദ്രോണരുടെ ഈ വ്യൂഹം തകര്‍ക്കാന്‍ നിനക്കു മാത്രമേ ആകൂ! നിന്നെ യുദ്ധരംഗത്തേയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ പറഞ്ഞയക്കുന്നതില്‍ വല്യച്ചന്‌ ആശങ്കയുണ്ട്‌. എന്നാലും, എന്തെങ്കിലും ഉടനെ ചെയ്യേണ്ടതുണ്ട്‌. ഇല്ലെങ്കില്‍ ഏറെ സൈനികര്‍ ഇനിയും വധിക്കപ്പെടും. അഭിമന്യു ഉത്സാഹവാനായി. വല്യച്ഛന്‍ മഹത്തായ ഒരു ദൗത്യം തന്നെ ഏല്‍പ്പിച്ചിരിക്കുന്നു. എന്റെ സൈന്യരക്ഷയ്‌ക്കുവേണ്ടി എനിയ്‌ക്കതു ചെയ്‌തേ തീരു. അഭിമന്യൂ പറഞ്ഞു. "വല്യച്ഛാ! ഞാന്‍ വ്യൂഹം ഭേദിച്ചു അകത്തു കടക്കാം. അതില്‍ എന്തെങ്കിലും ആപത്ത്‌ പതിയിരുന്നാല്‍ എനിയ്‌ക്ക്‌ പുറത്ത കടക്കാനുള്ള വിദ്യ അറിയില്ല. എന്റെ അച്ഛന്‍ വ്യൂഹം ഭേദിയ്‌ക്കുന്ന വിദ്യ മാത്രമേ എന്നെ അഭ്യസിപ്പിച്ചിട്ടൂള്ളൂ"

യുധിഷ്‌ഠിരന്‍ പറഞ്ഞു. "പുത്രാ! നീ പേടിയ്ക്കേണ്ട! ഞങ്ങള്‍ എല്ലാവരും നിന്റെ തൊട്ടു പിന്നാലെ വരാം. നീ വ്യൂഹത്തില്‍ കടന്ന്‌ ഒരു പ്രവേശനദ്വാരം ഉണ്ടാക്കുന്ന നിമിഷം ഞങ്ങളെല്ലാവരും നിനക്കുപിന്നാലെ പാഞ്ഞെത്തും. മറ്റു നിവര്‍ത്തിയൊന്നുമില്ലാത്തതുകൊണ്ടാണ്‌ വല്യച്ഛന്‍ ഈ ദൗത്യം നിന്നെ ഏല്‍പ്പിക്കുന്നത്‌.:"

ചിരിച്ചു കൊണ്ട്‌ അര്‍ജജുനപുത്രന്‍ പറഞ്ഞു. "അച്ഛനേക്കാള്‍ വല്യച്ഛന്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ എനിയ്‌ക്കറിയാം. അറിഞ്ഞുകൊണ്ട അങ്ങ്‌ എന്നെ ഒരിക്കലും അപകടത്തിലേയ്‌ക്ക്‌ തള്ളിവിടില്ല. ശരി ഞാന്‍ മുന്നോട്ട്‌ നീങ്ങുന്നു. നിങ്ങളും പിന്നാലെ എത്തിക്കോളൂ." എല്ലാവരേയും നോക്കി ചിരിച്ചുകൊണ്ട്‌ ആ യുവകോമളന്‍ വ്യൂഹത്തിലേയ്‌ക്ക് നീങ്ങി. അഭിമന്യുവിന്റെ സാരഥി പറഞ്ഞു" കുഞ്ഞെ! ഏറെ പരിചയസമ്പത്തുള്ള ദ്രോണവ്യൂഹത്തിനു പിന്നില്‍ ചതിയുണ്ട്‌. അറിഞ്ഞു കൊണ്ട്‌ അങ്ങ്‌ ആപത്തില്‍ ചാടുന്നത്‌ എനിയ്‌ക്കു സഹിക്കില്ല. അഭിമന്യൂ ചിരിച്ചു. "സാരഥീ! ഞാന്‍ അര്‍ജ്ജുനപുത്രനും കൃഷ്‌ണഭാഗിനേയനുമാണ്‌. ഒരു പക്ഷെ മരിക്കേണ്ടി വന്നാല്‍പ്പോലും എന്റെ കീര്‍ത്തി ലോകം എന്നെന്നും പ്രകീര്‍ത്തിക്കും. ധീരനായ അഭിമന്യൂ! ചരിത്രത്തിന്റെ താളുകളില്‍ എന്നും എന്റെ നാമം ധീരന്മാര്‍ക്ക്‌ പ്രചോദനമായി നിലനില്‍ക്കും" സംസാരിക്കുന്നതിനിടയില്‍ അഭിമന്യൂ ശരവേഗത്തില്‍ പത്മവ്യൂഹത്തില്‍ പ്രവേശിച്ചു. പ്രവേശിച്ച നിമിഷം തന്നെ ദളങ്ങള്‍ കൂമ്പിയടഞ്ഞു. ഒരു പ്രവേശന കവാടമുണ്ടാക്കാനുള്ള സാവകാശം ആ യുവാവിനു കിട്ടിയില്ല. വൃദ്ധനായ ദ്രോണരെ തന്റെ തന്ത്രത്താല്‍ അഭിമന്യൂ പരാജയപ്പെടുത്തി. പലയോദ്ധാക്കളോടും കൂസലന്യേ ഏറ്റുമുട്ടി ആ അര്‍ജ്ജുനപുത്രന്‍ വ്യൂഹത്തിന്റെ ഹൃദയഭാഗത്തെത്തി. അദ്ദേഹം ദുര്യോധനനോടേറ്റുമുട്ടി. ദ്രോണര്‍ രാജാവിനു സഹായവുമായി പാഞ്ഞെത്തി. എല്ലാ കൗരവയോദ്ധാക്കളും ഒന്നു ചേര്‍ന്ന്‌ കേവലം യുവാവായ അഭിമന്യൂവിനോടേറ്റുമുട്ടി. എന്നാല്‍ അര്‍ജ്ജുനപുത്രന്റെ ശരവേഗം കവച്ചു വെയ്‌ക്കുക അവര്‍ക്ക്‌ അസഹ്യവും ദുഷ്‌ക്കരവും ആയിരുന്നു. അഭിമന്യുവിന്റെ അസ്‌ത്രങ്ങള്‍ രാധേയനെ ക്രൂരമായി മുറിവേല്‍പ്പിച്ചു. ശല്യരുടെ കരുത്തും അഭിമന്യുവിന്റെ മുമ്പില്‍ നിഷ്‌ഫലമായി. അസംഖ്യം കൗരവയോദ്ധാക്കളെ അദ്ദേഹം ക്ഷണനേരം കൊണ്ടു കൊന്നൊടുക്കി. എണ്ണമറ്റ ദിവ്യാസ്‌ത്രങ്ങളും വശമായിരുന്ന അഭിമന്യു അവയെല്ലാം മാറി മാറി ശത്രുക്കള്‍ക്കു നേരെ പ്രയോഗിച്ചു. ശത്രു ആണെങ്കില്‍പ്പോലും ദ്രോണര്‍ക്ക്‌ അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം കൃപരോട്‌ പറഞ്ഞു. " ഈ അര്‍ജ്ജുനപുത്രന്‍ മഹായോദ്ധാവാണ്‌. ആസന്നഘട്ടത്തില്‍ സ്വരക്ഷപോലും ഉപേക്ഷിച്ച ഈ യുവാവ്‌ പാണ്ഡവരുടെ കരുത്തും വരും തലമുറയുടെ ഊര്‍ജ്ജവുമാകും! തീര്‍ച്ച!!" ദ്രോണർ ശത്രുവിന്റെ കരുത്തിൽ ഊറ്റം കൊള്ളുന്നത്‌ ധുര്യോതനനു സഹിച്ചില്ല. നോക്കൂ! രാധേയാ! നമ്മുടെ ആചാര്യന്റെ പാണ്ഡവബാന്ധവം. അര്‍ജ്ജുനപുത്രന്റെ കഴിവില്‍ ഊറ്റം കൊള്ളുന്ന ദ്രോണരെപ്പോലൊരു സാരഥി, കൗരവപക്ഷത്തെ തന്നെ അവഹേളിയ്‌ക്കുകയാണ്‌. സ്വന്തം കടമ അദ്ദേഹം മറക്കുന്നു". ദുര്യോധനന്റെ വാക്കുകള്‍ സത്യമെന്ന്‌ ദുശ്ശാസനനും തോന്നി "ജ്യേഷ്‌ഠാ! ആചാര്യന്‍ വേണ്ട ഒത്താശ ചെയ്‌തതുകൊണ്ടാണ്‌ ഈ അര്‍ജ്ജുനപുത്രന്‍ വ്യൂഹത്തില്‍ കടന്നത്‌. എന്നിട്ടും ആചാര്യന്‍ അയാളുടെ അസ്‌ത്രപ്രയോഗത്തില്‍ അഭിമാനിയ്‌ക്കുന്നു. നമുക്ക്‌ ആചാര്യനെക്കൂടാതെ ഈ ശത്രുവിനെ നേരിടാന്‍ ശ്രമീക്കാം. ഞാനിപ്പോള്‍ത്തന്നെ അഭിമന്യുവിനെ വധിയ്‌ക്കുന്നുണ്ട്‌. കേട്ടറിഞ്ഞ അര്‍ജ്ജുനനും കൃഷ്‌ണനും ദുഃഖക്കടലില്‍ മുങ്ങുന്ന നിമിഷം വിദൂരമല്ല." ജ്യേഷ്‌ഠനെ സംരക്ഷിയ്‌ക്കുന്നതിലും തൃപ്‌തിപ്പെടുത്തുന്നതിലും ദുശ്ശാസനന്‍ എപ്പോഴും സഹജമായ ഒരു രീതി പുലര്‍ത്തിയിരുന്നു.

അഭിമന്യുവിന്‌ പിന്നാലെ പാണ്ഡവപക്ഷത്തെ പ്രമുഖരായ യോദ്ധക്കളെല്ലാം അദ്ദേഹത്തെ പിന്‍തുടര്‍ന്നു. തിരിഞ്ഞു നിന്ന്‌ തങ്ങളെ നോക്കി യാത്ര പറഞ്ഞ കുമാരനെ രക്ഷിക്കേണ്ട ചുമതല അവരും നിറവേറ്റാന്‍ ശ്രമിച്ചു. പക്ഷെ വ്യൂഹകവാടത്തില്‍ വച്ചു തന്നെ അവരെ ജയദ്രഥനും സേനയും തടഞ്ഞു. ശങ്കരവരപ്രസാദത്താല്‍ അവധ്യനായി പിറവിയെടുത്ത അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ അവര്‍ക്കായില്ല. വളരെ ശ്രമപ്പെട്ട്‌ അഭിമന്യൂ ഉണ്ടാക്കിയ വിടവ്‌ ജയദ്രഥന്‍ തന്ത്രപൂര്‍വ്വം അടച്ചു. ജയദ്രധന്റെ അസ്‌ത്രങ്ങള്‍ ഒന്നൊന്നായി പാണ്ഡവയോദ്ധാക്കള്‍ നിര്‍വ്വീര്യമാക്കിയെങ്കിലും അദ്ദഹേത്തിന്റെ യുദ്ധപ്രഭാവത്തെ മറികടക്കാന്‍ അവര്‍ നിസ്സഹായരായി തീര്‍ന്നു.

വ്യൂഹത്തില്‍ കടന്ന അഭിമന്യൂ കൗരവസൈന്യത്തെ അക്ഷരാര്‍ത്ഥത്തില്‍ കൊന്നൊടുക്കുകയായിരുന്നു. ആര്‍ക്കും ആ യുവാവിന്റെ മുന്നേറ്റം തടുക്കാനായില്ല. ശല്യപുത്രനായ രുഗമരഥന്‍ അഭിമന്യുവിനെ വെല്ലുവിളിച്ചെങ്കിലും ഏറെത്താമസിയാതെ അഭിമന്യൂവാല്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന ശല്യരുടെ ഒന്നിലധികം പുത്രന്മാര്‍ അഭിമന്യൂവിനോടേറ്റുമുട്ടിയെങ്കിലും അഭിമന്യുവിന്റെ ശരാസ്‌ത്രങ്ങളാല്‍ പീഢിതരായി പോര്‍ക്കളം വിട്ടു. ഏവരും നോക്കി നില്‍ക്കെ ദുര്യോധനപുത്രനായി ലക്ഷ്‌മണന്‍ അദ്ദേഹത്തെ പോരിനു വിളിച്ചു. കാഴ്‌ചയില്‍ രണ്ടു പേരും ഏറെ സുന്ദരന്മാരും സമന്മാരുമായിരുന്നു.നല്ലൊരു ദ്വന്ദ്വയുദ്ധം അവര്‍ തമ്മില്‍ നടന്നു. ഏറെ താമസിയാതെ ദുര്യോധനന്‍ നോക്കി നില്‍ക്കെ അദ്ദേഹത്തിന്റെ പ്രിയപുത്രന്‍, അഭിമന്യാസ്‌ത്രത്താല്‍ ഹതരനായി. ദുഃഖിതനായ ആ പിതാവ്‌ ക്രോധത്തോടെ അലറി, " ഈ പാപിയെ ഏതുവിധേനയും കൊല്ലുക" ദുര്യോധനന്റെ മുറവിളി ഒന്നു മാത്രമാണ്‌ ക്രൂരമായ വിധത്തില്‍ അഭിമന്യൂ മരിയ്‌ക്കാന്‍ വഴി ഒരുക്കിയത്‌. അശ്വത്ഥാമാവ്‌, ദ്രോണര്‍, കൃപര്‍, എന്നിവരോട്‌ അഭിമന്യൂ നിര്‍ത്താതെ പൊരുതി. ഇടയ്‌ക്കെത്തിയ ജയദ്രഥനും കടുത്ത രീതിയില്‍ പ്രഹരമേറ്റു. തന്റെ കൂട്ടാളികളെ ക്രൂരമായി വഴിയില്‍ തടഞ്ഞത്‌ ഇയാളാണെന്ന ധാരണ അഭിമന്യൂവില്‍ ദൃഢമായിരുന്നു. ആറു മഹാരഥന്മാരോടും ആ യുവാവ്‌ ഒറ്റയ്‌ക്കു പോരാടി. ഒരു ഭയാനകമായ അസ്‌ത്രം കൊണ്ട്‌ അഭിമന്യൂ രാധേയനെ ശക്തമായി മുറിപ്പെടുത്തി. അഭിമന്യാസ്‌ത്രത്താല്‍ നെഞ്ചു പിളര്‍ന്ന്‌ 'ബൃഹദ്‌ബലന്‍' യുദ്ധഭൂമിയില്‍ മരിച്ചു വീണു. ദുശ്ശാസനപുത്രന്‍ അഭിമന്യൂവിനെ പോര്‍വിളിച്ചു. അഭിമന്യൂ ഏറെ ഊര്‍ജ്ജസ്വലനായി അദ്ദേഹം പറഞ്ഞു. " അങ്ങില്‍ എനിയ്‌ക്ക്‌ ഏറെ അഭിമാനമുണ്ട്‌. പിന്‍തിരിഞ്ഞോടിയ അച്ഛനേക്കാള്‍ എന്തുകൊണ്ടും സമര്‍ത്ഥനാണ്‌ താങ്കളെന്ന്‌ തെളിയിച്ചിരിക്കുന്നു."

ദുശ്ശാസനപുത്രന്‌ സഹായവുമായി അശ്വത്ഥമാവ്‌ ശകുനി ദുര്യോധനനെ ഉപദേശച്ചു ഈ അര്‍ജ്ജുനനപുത്രന്‍ അര്‍ജ്ജുനെക്കാല്‍ സമര്‍ത്ഥനായ വില്ലാളിയാണ്‌. ഇയാളുടെ മുന്നേറ്റം തടയുവാന്‍ നമുക്ക്‌ അസാദ്ധമായിത്തീര്‍ന്നിരിക്കുന്നു. നോക്കൂ! അയാള്‍ നമ്മുടെ സേനയെ ആകെ അരിഞ്ഞു വീഴ്‌ത്തിയിരിക്കുന്നു.ഏതെങ്കിലും വിധത്തില്‍ ഈ യുവാവിനെ കൊല്ലാനുള്ള വഴി കണ്ടെത്തുക. രാധേയന്‍ ദ്രോരുടെ അടുത്തു ചെന്നു. "ആചാര്യാ! ഈ യുവാവിന്റെ കരുത്തിനുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞങ്ങള്‍പോലും ശക്തരല്ലാതിയിരിക്കുന്നു. ഇയാളെ കൊല്ലാന്‍ എന്തെങ്കിലും ഒരുപായം അങ്ങു കണ്ടെത്തിയേ തീരു!" ദ്രോണര്‍ പറഞ്ഞു. അര്‍ജ്ജുന പുത്രനായ ഈ യുവാവ്‌ മഹരഥന്മാരില്‍ വെച്ച്‌ മഹാരഥനാണ്‌. ഇയാളെ കൊല്ലമെങ്കില്‍ ഇയാളണിഞ്ഞിരിക്കുന്ന പടച്ചട്ട മുറിയ്‌ക്കണം. സ്വന്തം പിതാവണിയിച്ച ഈ പടച്ചട്ട അയാള്‍ക്ക്‌ അമരത്വം പ്രദാനം ചെയ്യുന്നു. പിന്നെ, മറ്റൊരു കാര്യം, വില്ലും ശരവും കയ്യിലുള്ള കാലത്തോടളം ഇയാളെ തോല്‍പ്പിയ്‌ക്കാന്‍ ആരാലുമാവില്ല. അദ്ദേഹം നോക്കി നില്‍ക്കെ നിങ്ങള്‍ക്കും അദ്ദേഹത്തിന്റെ വില്ലു മുറിയ്‌ക്കാന്‍ സാധ്യമല്ല. നിങ്ങളിലാരെങ്കിലുമൊരാള്‍ ചതിപ്രയോഗത്തിലൂടെ അദ്ദേഹത്തിന്റെ വില്ലു മുറിച്ചാല്‍ രഥം നശിപ്പിയ്‌ക്കുന്ന കാര്യം ഞാനേറ്റു. രഥവും വില്ലും ഇല്ലാതായാല്‍ മാത്രമേ ഈ അര്‍ജ്ജുന പുത്രനെ വധിയ്‌ക്കാനാവൂ. ഏറെ ദിവ്യനാണീ കുമാരന്‍!"

ആലോചനയ്‌ക്കിടം നല്‍കാതെ രാധേയന്‍ തന്റെ ജീവിതത്തിലെ ഏറ്റവും നിന്ദ്യമായ കര്‍മ്മം ചെയ്‌തു. പിന്നിലൂടെ ചെന്ന്‌ യുദ്ധം ചെയ്‌ത്‌ കൊണ്ടിരുന്ന അഭിമന്യുവിന്റെ വില്ലു മുറിച്ചു പെട്ടന്ന സംഭ്രമിച്ച അഭിമന്യൂ ഈ ചതി ചെയ്‌തതാരെന്ന്‌ തിരിഞ്ഞു നോക്കുന്നതിനിടയില്‍ ദ്രോണര്‍ അദ്ദേഹത്തിന്റെ രഥം നശിപ്പിച്ചു. അശ്വങ്ങളെ കൊന്നു. കൃപര്‍ അഭിമന്യുവിന്റെ സാരഥിയേയും കൊന്നു. അവര്‍ ആറു മഹാരഥന്‍മാര്‍ ആ യുവാവിനു നേരെ വ്യാഘ്രസമാനം പാഞ്ഞടുത്തു. രോഷവും വെറുപ്പും കൊണ്ട്‌ അഭിമന്യുവിന്റെ കണ്ണൂകള്‍ ചുവന്നു. അദ്ദേഹം ദ്രോണരോട്‌ ഇപ്രകാരം പറഞ്ഞു. കൗരവസൈന്യാധിപനും എന്റെ അച്ഛന്‍ എന്നും ഭക്തി പൂര്‍വ്വം സ്‌മരിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയ ആചാര്യന്‍ ഇന്നീ ശിഷ്യപുത്രനോട്‌ കടുത്ത അനീതി പ്രവര്‍ത്തിച്ചിരിക്കുന്നു. ധര്‍മ്മിഷ്‌ഠനെന്ന്‌ അഭിമാനിയ്‌ക്കുന്ന അങ്ങയുടെ ഈ ക്രൂര പ്രവര്‍ത്തി ലജ്ജാകരം തന്നെ,! അഭിമന്യു രാധേയനെ നോക്കി പറഞ്ഞു. അങ്ങ്‌ ഭാര്‍ഗ്ഗവശിഷ്യനും യുദ്ധവിദഗ്‌ദനുമാണെന്ന്‌ അവകാശപ്പെടുന്നു. കേവലം ബാലനായ എന്നോട്‌ ഇത്തരം ഒരു ചതി പ്രവര്‍ത്തിയ്‌ക്കുന്നതാണോ അങ്ങയുടെ ധര്‍മ്മനീതി. ഇതാണോ ഏവരും പുകഴ്‌ത്തിപ്പറയുന്ന അങ്ങയുടെ മഹത്വം. നിങ്ങളെപ്പോലുള്ള ദുഷ്ടന്മാരെ ഭൂമിദേവി ഗ്രസിക്കാത്തതെന്തന്ന്‌ ഞാന്‍ അത്ഭുതപ്പെടുന്നു.

ചിന്തയ്‌ക്കിടം നല്‍കാതെ, വാളും പരിചയുമെടുത്ത്‌ അദ്ദേഹം ശത്രുക്കളുടെ നേരെ പാഞ്ഞു. ദ്രോണര്‍ അഭിമന്യുവിന്റെ വാള്‍ അസ്‌ത്രത്താല്‍ മുറിച്ചു. രാധേയന്റെ അസ്‌ത്രങ്ങള്‍ അഭിമന്യുവിന്റെ ചരിചയും മുറിച്ചു. നിരായുധനായ ആ യുവാവ്‌, ആ ആറു യോദ്ധക്കാളുടെ ദയാദാക്ഷീണ്യത്തിന്‌ പാത്രമായി. ജീവിച്ചു തീര്‍ത്ത വളരെ ചെറിയ കാലഘട്ടത്തിലെ മധുരമായ ഓര്‍മ്മകള്‍ ആ ബാലന്റെ മനസ്സില്‍ ഓടി എത്തി. തന്റെ വിയോഗത്തില്‍ ദുഃഖിയ്‌ക്കുന്ന തന്റെ പ്രിയപ്പെട്ട അമ്മ. എന്നും പ്രേരണയായിരുന്ന തന്റെ പ്രിയപ്പെട്ട മാതുലന്‍, ഗര്‍ഭിണിയായ തന്റെ പ്രിയ്യപ്പെട്ട ഉത്തര - ഒരു നിമിഷം ആ ധീരനായ യുവാവിന്റെ കണ്ണു നിറഞ്ഞു. തന്റെ പൊന്നോമനയെ ഒന്നു കാണാന്‍ വിധി എനിയ്‌ക്കു സാവകാശം തരുമോ? വേണ്ട ഒന്നും വേണ്ട!! യുദ്ധരംഗത്തെ യോദ്ധാവിന്‌ ബന്ധമില്ല കര്‍മ്മം മാത്രമേ ഉള്ളൂ" അഥവാ ഞാന്‍ വധിയ്‌ക്കപ്പെട്ടാല്‍ എന്റെ അച്ഛനതെങ്ങനെ സഹിക്കും. എന്റെ അച്ഛന്‍ എന്നെക്കുറിച്ച്‌ അഭിനമാനിയ്‌ക്കും. കണ്ണുകള്‍ നിറയുന്നതിനിടയില്‍ പോലും ആ യോദ്ധാവ്‌ തന്റെ പ്രിയ്യപ്പെട്ട വല്യച്ചന്മാരെ സ്‌നേഹത്തോടെ സ്‌മരിച്ചു. വല്യച്ഛന്മാരേയും തന്നെ സഹായിക്കാന്‍ പിന്നാലെ എത്തിയ യോദ്ധാക്കളേയും ക്രൂരമായി തടുത്തു നിര്‍ത്തിയ ജയദ്രഥനെ വെറുത്തു. ധീരനായ അഭിമന്യൂ രഥചക്രം കയ്യിലൂരി എടുത്തുകൊണ്ട്‌ പറഞ്ഞു. നിങ്ങള്‍ ഓരോരുത്തരായി വരൂ! ഞാന്‍ നിങ്ങളെ നേരിടാം" തന്റെ തലയ്‌ക്കു മീതെ രഥം ചക്രം ചുഴറ്റിക്കൊണ്ട്‌ കൃഷ്‌ണസമാനനായ ആ അര്‍ജ്ജുനകുമാരന്‍ ക്രുദ്ധനായി അശ്വത്ഥാമാവിനു നേരെ പാഞ്ഞു. ഭയചകിതനായ അശ്വത്ഥാമാവ്‌ പിന്‍തിരിഞ്ഞോടി. ആ കോമളകുമാരന്റെ മുടിയഴകള്‍ കാറ്റില്‍ പാറിക്കളിച്ചു. മുഖത്ത്‌ പ്രകാടമായ വൈഷ്‌ണവതേജസ്സ്‌ ഏവരെയും അത്ഭുതപ്പെടുത്തി. കാണികള്‍ അവര്‍പോലുമറിയാതെ ആ ധീരതയ്‌ക്കു മുമ്പില്‍ പ്രണമിച്ചു.

"നിങ്ങളുടെ മാനം വീണ്ടെടുക്കാന്‍ ഇതാ ഒരവസരം കൂടി ഞാന്‍ നിങ്ങള്‍ക്ക്‌ തരുന്നു. നിങ്ങള്‍ ഓരോരത്തരായി വന്ന്‌ എന്നെ നേരിടുക. അതാണ്‌ ക്ഷത്രിയോജിതമായ യുദ്ധം." സംസാരിക്കുന്നതിനിടയില്‍ അഭിമന്യൂ ചക്രം ചുഴറ്റിക്കൊണ്ട ദ്രോണരുടെ നേരെ പാഞ്ഞു. ആ മിമിഷം, ആ ചക്രത്താല്‍ ദ്രോണര്‍ വധിക്കപ്പെടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു. മറ്റുള്ള കൗരവയോദ്ധാക്കള്‍ ഒന്നിച്ചു അഭിമന്യുവിന്‌ മേല്ല ശരവര്‍ഷം പെയ്‌ത്‌ രഥചക്രം നിര്‍വ്വീര്യമാക്കി. ഗദ കയ്യിലെടുത്ത്‌ അഭിമന്യൂ വീണ്ടും അവരെ ഓരോരത്തരെയായി പോര്‍ വിളിച്ചു. ആര്‍ക്കും ആ യുവാവിന്റെ തീഷ്‌ണതയെ ഒറ്റയ്‌ക്ക്‌ നേരിടാനായില്ല. അശ്വര്‍ത്ഥാമാവിന്റെ കുതിരകളെ അഭിമന്യൂ കൊന്നും പാഞ്ഞു ചെന്ന ദുശ്ശാസനപുത്രന്റെ രഥം തകര്‍ത്തു. ദുശ്ശാസനപുത്രന്‍ ഗദയുമായി തേര്‍ത്തട്ടില്‍ നിന്നുംം ചാടിയിറങ്ങി.

ആ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ അഭിമന്യുവിന്റെ ശരീരം ക്ഷീണിച്ചു തുടങ്ങി. ചിടിച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലാതെ ആ യുവാവ്‌ തളര്‍ന്നു വീണു. വീണ്ടും ഉയര്‍ന്നു പൊങ്ങുന്നതിനിടയില്‍ ദുശ്ശാസനപുത്രന്‍ പാഞ്ഞു ചെന്ന്‌ ആ കുമാരന്റെ തലയില്‍ ഗദകൊണ്ട ആഞ്ഞടിച്ചു. അടികൊണ്ട്‌ അഭിമന്യുവിന്റെ തലപൊട്ടി., രക്തം വാര്‍ന്ന്‌ അദ്ദേഹം യുദ്ധഭൂമിയില്‍ മരിച്ചു വീണു. പോര്‍ക്കളത്തിലെ ഏറ്റവും ചൈതന്യവത്തായ ആ യുവകേസരി അര്‍ജ്ജുനന്റെ ഓമനപുത്രന്‍ ലോകത്തോട്‌ വിട വാങ്ങി.

മരിച്ചു വീണ ആ കുമാരനു ചുറ്റും, കൗരവമഹരഥന്മാര്‍ ഒന്നു കൂടി വട്ടമിട്ട്‌ ആനന്ദനൃത്തം ചവിട്ടി. തങ്ങള്‍ ചെയ്‌തത്‌ ഒരു മഹാ സംഭവമായി അവര്‍ സ്വയം വിലയിരുത്തി. കുരുക്ഷേത്രത്തിലെ ഏറ്റവും ക്രൂരമായ ചതിയ്‌ക്ക്‌ പതിമൂന്നാം ദിവസം സാക്ഷിയായി. ആറു മഹാരഥന്മാര്‍ മത്സരബുദ്ധയോടെ ഒരു കുരുന്നു ബാലനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തി. ധര്‍മ്മയുദ്ധത്തില്‍ ആ ദ്യത്തെ ചതിപ്രയോഗം അന്നു മുതല്‍ കുറിയ്‌ക്കപ്പെട്ടു. താന്‍ ചെയ്‌തു പോയ ദ്രോഹപ്രവര്‍ത്തിയില്‍ ദ്രോണര്‍ ആദ്യമായി പരിതപിച്ചു. ശരീരമാസകലം അസ്‌ത്രങ്ങള്‍ തറച്ചിട്ടും കൂസാതെ തങ്ങളുടെ നേരെ പാഞ്ഞു വന്ന അഭിമന്യൂ ഏവരുടേയും കണ്ണു നനയിച്ചു. കൗരവ പക്ഷത്തു നിന്ന്‌ ജയഘോഷം മുഴങ്ങി. തങ്ങള്‍ നേടിയെടുത്ത്‌ ഒരസാമാന്യ നേട്ടമായി അവര്‍ വിലയിരുത്തി. 

വിവരമറിഞ്ഞ യുധിഷ്‌ഠിരന്‍ ബോധരഹിതനായി നിലം പതിച്ചു. പാണ്ഡവപക്ഷക്കാര്‍ വാവിട്ടു മുറവിളി കൂട്ടി. പതിമൂന്നാം ദിവസം ഏറെ നഷ്ടങ്ങളിലൂടെ നേടി എടുത്ത അഭിമാനാര്‍ഹമായ നേട്ടമായി കൗരവാദികള്‍ വിലയിരുത്തി. മോഹാലസ്യത്തില്‍ നിന്നുണര്‍ന്ന യുധിഷ്‌ഠിരന്‍ വിലപിച്ചു. " എന്റെ കുഞ്ഞ്‌ ക്രൂരമായി വധിയ്‌ക്കപ്പെട്ടു. ഞങ്ങള്‍ അവനെ മരണത്തിലേയ്‌ക്ക്‌ തള്ളിവിട്ടു. . അര്‍ജ്ജുനന്‍ തിരിച്ചു വരുമ്പോള്‍ ഞാനെങ്ങനെ ഈ വാര്‍ത്ത അയാളെ അറിയിക്കും. അയാളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ തളര്‍ന്നുപോകും. വേണ്ട, എനിയ്‌ക്കിനി ജീവിക്കണ്ട! ഞാനിതാ മരിയ്‌ക്കാന്‍ തയ്യാറായിക്കഴിഞ്ഞു." യുധിഷ്‌ഠിരന്‍ വീണ്ടും ബോധരഹിതനായി. ആര്‍ക്കും തന്നെ ആ കുമാരന്റെ മരണവാര്‍ത്ത താങ്ങാനായില്ല. ഏറെ സുന്ദരനും യുദ്ധകോവിദനുമായ അഭിമന്യൂവിന്റെ മരണം പാണ്ഡവപക്ഷത്തെ ഒന്നാകെ ദുഃഖക്കടലിലാഴ്‌ത്തി. പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തിയ ആ പാണ്ഡവ സോദരർ പരസ്‌പരം നോക്കാതെ ദൃഷ്ടി കുമ്പിട്ടിരുന്നു.

തൃഗര്‍ത്തന്മാരെ തോല്‍പ്പിച്ച്‌ കൃഷ്‌ണനോടൊപ്പം മടങ്ങുന്നതിനിടയില്‍ അര്‍ജ്ജുനന്‍ പല ദുര്‍നിമിത്തങ്ങള്‍ക്കും അടിപ്പെട്ടു. അദ്ദേഹം കൃഷ്‌ണനോട്‌ പറഞ്ഞു. "കൃഷ്‌ണാ! ആര്‍ക്കും ഭേദിയ്‌ക്കാനാവാത്ത പത്മവ്യൂഹമാണ് ദ്രോണര്‍ ചമച്ചിരുന്നതെന്ന്‌ ഞാനറിഞ്ഞു. വ്യൂഹത്തില്‍ പെട്ടുപോയാല്‍ മടങ്ങി വരവ്‌ അസാദ്ധ്യം. എന്റെ മനസ്സ്‌ അകാരണമായി പിടയ്‌ക്കുന്നു കൃഷ്‌ണാ! എന്റെ ജ്യേഷ്‌ഠനെന്തെങ്കിലും ആപത്ത്‌ സംഭവിച്ചു കാണുമോ എന്തോ? കൃഷ്‌ണന്‍ പറഞ്ഞു. അത്‌ അസംഭവ്യമാണ്‌. അങ്ങനെ ഒരു ചിന്ത വേണ്ടേ. മനസ്സിനെ നിയന്ത്രിക്കൂ അര്‍ജ്ജുനാ!" എന്നും തന്റെ വരവിനുവേണ്ടി കാത്തു നില്‍ക്കാറുള്ള അഭിമന്യുവിനെ കാണാത്തതില്‍ അര്‍ജ്ജുനന്‍ അസ്വസ്‌തനായി പാണ്ഡവശിബിരത്തിലാകെ കനത്തമൂകത. വിളക്കുപോലം കൊളുത്താതെ ഏവരും ദൃഷ്ടി കുമ്പിട്ടിരിയ്‌ക്കുന്നു. ജ്യേഷ്‌ഠനെ തിരക്കി അര്‍ജ്ജുനന്‍ അടുത്ത ശിബിരത്തിലേയ്‌ക്കു നീങ്ങി. അര്‍ജ്ജുനന്‍ കടന്നു ചെന്നപ്പോള്‍ ആരും അദ്ദേഹത്തെ അഭിവാദ്യം ചെയ്‌തില്ല. പാണ്ഡവസോദരരെല്ലാം കനത്ത മൂകതയില്‍ ദൃഷ്ടി കുമ്പിട്ടിരിയ്‌ക്കുന്നു. "എന്താണ്‌? എന്ത്‌ സംഭവിച്ചു ജ്യേഷ്‌ഠാ! പറയൂ!!" അര്‍ജ്ജുനന്‍ ഉത്‌കണ്‌ഠാകുലനായി. യുധിഷ്‌ഠിരന്‍ പൊട്ടിക്കരഞ്ഞു. "അര്‍ജ്ജുനാ! നീ എന്നെ അങ്ങു കൊന്നു കളയൂ! നിന്റെ ഓമന പുത്രനെ വ്യൂഹത്തിലേയ്‌ക്കയച്ചത്‌ ഞാനാണ്‌. ഞാന്‍ പറഞ്ഞിട്ടാണ്‌ അവന്‍ പോയത്‌. എന്റെ പുത്രാ! ഈ വല്യച്ഛനെങ്ങനെ സഹിയ്‌ക്കും? യുധിഷ്‌ഠിരന്‍ ബോധരഹിതനായി. തന്റെ പ്രിയപ്പെട്ട പുത്രന്‌ എന്തോ ചതി പറ്റിയെന്ന്‌ അര്‍ജ്ജുനന്‍ മനസ്സിലാക്കി. അദ്ദേഹം ഭീമനെ സമീപിച്ചു. "ഇതെങ്ങനെ സംഭവിച്ചു. എനിയ്‌ക്കതറിയണം.." ഭിമന്‍ പറഞ്ഞു" ആറു യോദ്ധാക്കള്‍ ഒരുമിച്ച്‌ ചതിയില്‍പ്പെടുത്തി നമ്മുടെ പൊന്നോമന പുത്രനെ മൃഗീയമായി കൊലപ്പെടുത്തി അനിയാ.." ഭീമന്‍ തളര്‍ന്നിരുന്നു. അര്‍ജ്ജുനന്‍ ബോധരഹിതനായി. കൃഷ്‌ണനും സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഭീമനു സമീപം നിലത്തിരുന്നുകൊണ്ട്‌ മെല്ലെ മെല്ലെ ഭീമന്റെ വിരലുകളമര്‍ത്തി.

ബോധം വിണ്ടെടുത്ത അര്‍ജ്ജുനന്‍ ജ്യേഷ്‌ഠനെ സമീപിച്ചു" എന്താ ഉണ്ടായതെന്ന്‌ തെളിച്ചു പറയൂ ജ്യോഷ്‌ഠാ..........." യുധിഷ്‌ഠിരന്‍ വീണ്ടെടുത്ത ധൈര്യത്തില്‍ ആ സംഭവം വിവരിച്ചു. "നിങ്ങള്‍ പോര്‍ക്കളത്തില്‍ നിന്ന്‌ അകന്ന ശേഷം, ദ്രോണര്‍ ഘോരമായ പത്മവ്യൂഹത്തില്‍ കൗരവ സൈന്യത്തെ അണി നിരത്തി. അതിന്റെ ചതി മനസ്സിലാക്കിയ നമ്മുടെ സൈന്യവും സുസജ്ജമായിരുന്നു. വ്യൂഹ കവാടത്തില്‍ നിന്നിരുന്ന ദ്രോണര്‍, നിരപരാധികളായ എണ്ണമറ്റ നമ്മുടെ സൈന്യത്തെ നിര്‍ദ്ദാക്ഷീണ്യം കൊന്നൊടുക്കാന്‍ തുടങ്ങി. എതര്‍ക്കാനുള്ള ഞങ്ങളുടെ തന്ത്രങ്ങളൊന്നും വിലപ്പോയില്ല. വ്യൂഹം ഭേദിയ്‌ക്കാതെ രക്ഷയില്ലെന്ന ഘട്ടമെത്തി. ഞാന്‍ കുരമാനോട്‌ ചോദിച്ചു. ഞാന്‍, ഞാനാണ്‌ അവനെ കൊന്നത്‌.." തുടരാനാവാതെ യുധിഷ്‌ഠിരന്‍ വിങ്ങി വിങ്ങിക്കരഞ്ഞു. ഭീമന്‍ തുടര്‍ന്നു. ' കുമാരന്‍ ഞങ്ങളോടു പറഞ്ഞു. " എന്റെ അച്ഛന്‍ എന്നെ പകുതി വിദ്യയെ പഠിപ്പിച്ചിട്ടുള്ളൂ. വ്യൂഹം ഭേദിച്ച്‌ അകത്ത്‌ കടന്നാല്‍ അവിടെ ചതി പതിയിരുന്നാല്‍ എനിയ്‌ക്ക്‌ രക്ഷപ്പെടാനുള്ള വിദ്യ അറിയില്ല." ഞങ്ങള്‍ കുമാരന്‌ ബലം കൊടുത്തു." നീ വ്യൂഹം കടന്നാല്‍ ഭേദിച്ച്‌ പ്രവേശനദ്വാരം മുണ്ടാക്കിയാല്‍ ആ നിമിഷം ഞങ്ങള്‍ നിന്റെ പിന്നാലെ എത്തിക്കോളാം. ഞങ്ങളെല്ലാം തന്നെ അവന്റെ തൊട്ടു പിന്നാലെ നീങ്ങി. അഭിമന്യൂ ഉണ്ടാക്കിയ പ്രവേശന കവാടത്തിലേയ്‌ക്ക്‌ ഞങ്ങള്‍ നീങ്ങുന്ത്‌ കണ്ട ജയദ്രഥന്‍ കവാടം അടച്ചു. ഞങ്ങളുടെ പോരാട്ടത്തെ അയാള്‍ തന്ത്രപൂര്‍വ്വം കവച്ചു വെച്ചു. ഞങ്ങള്‍ക്കാര്‍ക്കും അയാളെ എതിര്‍ത്തു തോല്‍പ്പിയ്‌ക്കാനായില്ല.."

ദുഃഖം അടക്കി എഴുന്നേറ്റു വന്ന നകുലന്‍ പറഞ്ഞു." ജ്യേഷ്‌ഠാ, ദുഷ്ടന്മാരായ ആറുപേര്‍ - ദ്രോണര്‍, കൃപര്‍, രാധേയന്‍, അശ്വര്‍ത്ഥാമാവ്‌, ദുശ്ശാസനപുത്രന്‍, ശല്യര്‍ - ഒരുമിച്ച്‌ നമ്മുടെ കുഞ്ഞിനോട്‌ പൊരുതി. എല്ലാ യുദ്ധനിമയങ്ങളും അവര്‍ കാറ്റില്‍ പറത്തി. ആയുധം നഷ്ടപ്പെട്ടിട്ടും ധീരമായി പൊരുതുന്നിതിനിടയില്‍ നമ്മുടെ കുമാരന്‍ പറഞ്ഞു. " നിങ്ങള്‍ ഓരോരുത്തരായി വരൂ! ഞാന്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാം.." സഹദേവന്‍ അര്‍ജ്ജുനനെ അണച്ചു കൊണ്ട്‌ പുലമ്പി. "പോര്‍ക്കളത്തില്‍ നിഷ്‌ഠൂരമായി അവര്‍ നമ്മുടെ കുഞ്ഞിനെ വധിച്ചു കളഞ്ഞു. ഞങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അങ്ങു തരുന്ന ഏത്‌ ശിക്ഷയു ഞങ്ങള്‍ ഏറ്റു വാങ്ങാം...."

സ്വയം നിയന്ത്രിക്കാന്‍ പണിപ്പെടുന്ന അര്‍ജ്ജുനനെ കൃഷ്‌ണന്‍ കണ്ടു. അദ്ദേഹം സാവധാനം അര്‍ജ്ജുനന്റെ കൈത്തലം കവര്‍ന്നു. തന്റെ വിരല്‍ സ്‌പര്‍ശത്താല്‍ അദ്ദേഹം അര്‍ജ്ജുനനിലേയ്‌ക്ക്‌ ഒരു പുതുജീവന്‍ നല്‍കാന്‍ ശ്രമിച്ചു. " അര്‍ജ്ജുനാ! അങ്ങയെപ്പോലെ അഭിമന്യൂ ഞങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ്‌. പിതാവായ അങ്ങയുടെ ദുഃഖത്തിന്റെ ആഴം ഏറിയിരിക്കുമെന്നും എനിയ്‌ക്കറിയാം. ഒന്നു ചിന്തിക്കൂ! അങ്ങയുടെ പുത്രന്‍ വീരസ്വര്‍ഗ്ഗം പൂകി. വീരോചിതമായ മരണമാണ്‌ നമ്മുടെ പുത്രന്‍ ഏറ്റു വാങ്ങിയത്‌. ആറു യോദ്ധാക്കളോട്‌ ഒറ്റയ്‌ക്ക്‌ പൊരുതി നിന്ന അങ്ങയുടെ പുത്രന്റെ യശസ്സ്‌ ലോകമുള്ള കാലം ജനം അഭിമാനത്തോടെ സ്‌മരിയ്‌ക്കും. അങ്ങ്‌ ദുഃഖം വെടിഞ്ഞ്‌ പുത്രനെക്കുറിച്ച്‌ അഭിമാനത്തോടെ സ്‌മരിയ്‌ക്കുക. താങ്കളുടെ സഹോദരങ്ങള്‍ - അവരും താങ്കളപ്പോലെ ഇക്കാര്യത്തില്‍ നിരപരാധികളും ഏറെ വേദനിക്കുന്നവരുമാണ്‌. അവര്‍ നിഷ്‌ക്രിയരായിരുന്നില്ല. നിസ്സാഹയരായിപ്പോയി. അങ്ങ്‌ അവര്‍ക്ക്‌ മാപ്പു നല്‍കു! " അര്‍ജ്ജുനന്‌ കുറ്റബോധം തോന്നി. അദ്ദേഹം സഹോദരങ്ങളെ അശ്ലേഷിച്ചു. യുധിഷ്‌ഠിരന്റെ പാദങ്ങള്‍ വണങ്ങി. പൊട്ടിക്കരഞ്ഞു കൊണ്‌്‌ട അദ്ദേഹം പുലമ്പി. " എന്റെ കുഞ്ഞേ! ഞാന്‍ നിസ്സഹായനായിപ്പോയി. നിന്റെ പുത്രന്റെ രക്‌,യ്‌ക്ക്‌ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. ക്ഷമിക്കുക!"

അര്‍ജ്ജുനന്റെ ദുഃഖം കടുത്ത കോപത്തിന്‌ വഴിമാറി. ഇതിനെല്ലാം കാരണക്കാരനായ ജനയദ്‌ഥരന്റെ നേര്‍ക്കായി അദ്ദേഹത്തിന്റെ കോപം. അദ്ദേഹം എഴുന്നേറ്റ്‌ നിന്ന്‌ പ്രതിജ്ഞ ചെയ്‌തു. " എന്റെ പുത്രന്റെ മരണഹേതുവായ ജയദ്രഥനെ നാളെ സൂര്യസ്‌തമനത്തിനു മുമ്പ്‌ ഞാന്‍ വധിച്ചിരിക്കും. ഞാനിതാ അഗ്നി സാക്ഷിയായി സത്യം ചെയ്യുന്നു.അഥവാ എനിയ്‌ക്കതിനു കഴിയാതെ വന്നാല്‍ ഞാന്‍ അഗ്നിയില്‍ച്ചാടി സ്വയം ദേഹം ദഹിപ്പിയ്‌ക്കുമെന്ന്‌ പ്രതിജ്ഞ ചെയ്യുന്നു. സ്വരക്ഷയ്‌ക്കു വേണ്ടി ജയദ്രഥന്‍ ഭഗവാന്‍ ശങ്കരനെ സമീപിച്ചാല്‍പ്പോലും അര്‍ജ്ജുനന്‍ പ്രതിജ്ഞയില്‍ നിന്നും പിന്‍മാറില്ല. അഗ്നിയുടെ പേരിലും എന്റെ ഗാണ്ഡീവത്തിന്റെ പേരിലും എന്റെ വാക്കുകള്‍ സത്യമായി ഭവിക്കട്ടെ....!!! "

അര്‍ജ്ജുനന്‍ ഗാണ്ഡീവം കുലച്ചു. അതിന്റെ ശബ്ദം ദിഗന്തം കുലുങ്ങി. പിന്നാലെ കൃഷ്‌ണന്‍ പാഞ്ചജന്യം മുഴക്കി. പ്രതികാര ചിന്ത പാണ്ഡവ മനസ്സിന്‌ പുതിയ ഉണര്‍വ്വ്‌ നല്‍കി.

പ്രതീക്ഷിച്ചത്ര ദുഃഖം പാണ്ഡവരെ തളര്‍ത്തിയില്ലെന്നു മനസ്സിലാക്കിയ കൗരവപക്ഷം അമ്പരന്നു. പിന്നാലെ ചാരന്മാര്‍ നല്‍കിയ അര്‍ജ്ജുന പ്രതിജ്ഞയുടെ ഉത്‌ഘോഷവും. കൗരവര്‍ ആകെ അസ്വസ്ഥരായി. സ്വന്തം ജീവന്‍ ഏത്‌ വിധേനയും രക്ഷിക്കണമെന്ന ചിന്ത മാത്രമായി ജയദ്രഥന്‌. അദ്ദേഹം സ്വദേശത്തേയ്‌ക്ക്‌ മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചു. ദുര്യോധന്‍ ജയദ്രഥനെ സമാധാനിപ്പിച്ചു. " അങ്ങ്‌ അര്‍ജ്ജുനന്റെ പ്രതിജ്ഞ വേണ്ട വിധം ശ്രദ്ധിച്ചിട്ടില്ലെന്ന്‌ വ്യക്തം. ഭഗവാന്‍ ശങ്കരന്റെ സമീപത്താണെങ്കില്‍പ്പോലും നാളെ അര്‍ജ്ജുനന്‍ താങ്കളെ വധിയ്‌ക്കുമെന്നാണ്‌ ശപഥം ചെയ്‌തിരിക്കുന്നത്‌. സ്വദേശത്തേയ്‌ക്ക്‌ മടങ്ങിപ്പോകുന്നത്‌ ആപത്താണ്‌. ഞങ്ങള്‍ താങ്കള്‍ക്ക്‌ വേണ്ട എല്ലാ സുരക്ഷയും ഉറപ്പ്‌ തരാം. നമുക്കുടന്‍ ആചാര്യനുമായി കൂടി ആലോചിയ്‌ക്കാം..."

അവര്‍ ദ്രോണസമീപം ചെന്ന്‌ പ്രശ്‌നം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു. " ജയദ്രഥാ! താങ്കളും അര്‍ജ്ജുനനും എന്റെ ശിഷ്യന്മാരാണെങ്കിലും അര്‍ജ്ജുനന്‍ ഒരു പടി മേലെയായി തന്റെ കഴിവു സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. പോരെങ്കില്‍ അനേകം ദിവ്യായുധങ്ങളും വശമുണ്ട്‌. എന്നാല്‍ ഞാന്‍ താങ്കളെ രക്ഷിയ്‌ക്കുമെന്ന വാക്കു തരുന്നു. അങ്ങു നാളെ എങ്ങനെയാണ്‌ ജയദ്രഥനെ രക്ഷിയ്‌ക്കുക. " ദുര്യോധനന്‌ ജിജ്ഞാസ വര്‍ദ്ധിച്ചു ദ്രോണര്‍ പറഞ്ഞു. ഞാന്‍ നാളെ നമ്മുടെ സേനയെ ത്രിമാന വ്യൂഹത്തില്‍ ക്രമീകരിയ്‌ക്കും. ആദ്യമായി ശകടവ്യൂഹം അതിനപ്പുറം പത്മവ്യൂഹം മൂന്നാമത്‌ സൂചിവ്യൂഹം. സൂചിയുടെ അഗ്രത്തില്‍ ഞാന്‍ ജയദ്രഥനെ നിറുത്തും. ചുറ്റും വ്യൂഹം കാത്തുകൊണ്ടും മഹാരഥന്മാരുണ്ടാകും. ഞാന്‍ പ്രവേശന കാവാടത്തില്‍ ശക്തമായി നിലകൊള്ളും എന്നെ കടന്ന്‌ വ്യൂഹത്തില്‍ കയറാന്‍ ഞാന്‍ പാണ്ഡവരെ അനുവദിയ്‌ക്കില്ല. അഥവാ അര്‍ജ്ജുനന്‍ വ്യൂഹം ഭേദിച്ചാല്‍ തന്നെ അയാള്‍ രണ്ട്‌ വ്യൂഹവും കടന്ന്‌ താങ്കളുടെ സമീപമെത്തുമ്പോള്‍ പകലവസാനിച്ചിരിയ്‌ക്കും. പ്രതിജ്ഞ അനുസരിച്ച്‌ വാക്ക്‌ പാലിയ്‌ക്കാന്‍ കഴിയാതെ വരുന്ന അര്‍ജ്ജുനന്‍ സ്വയം ജീവനൊടുക്കും. ധൈര്യമായിരിക്കൂ!". ദ്രോണരുടെ വാക്കുകള്‍ മിഥ്യ ആവില്ലെന്ന്‌ ജയദ്രഥന്‍ ഉറച്ചു വിശ്വസിച്ചു. ഏറെ ആശ്വസിച്ചു.

കൃഷ്‌ണന്‍ എല്ലാം അറിഞ്ഞു. അദ്ദേഹം അര്‍ജ്ജുനനരികിലെത്തി. "കൗന്തേയാ! താങ്കളുടെ ശപഥത്തെപ്പറ്റി കൗരവര്‍ അറിഞ്ഞിരിക്കുന്നു. ആചാര്യന്‍ ജയദ്രഥനെ രക്ഷിയ്‌ക്കുമെന്ന്‌ ഉറപ്പ്‌ കൊടുത്തിരിക്കുന്നു. ശപഥം ചെയ്യുന്നതിന്‌ മുമ്പ്‌ താങ്കള്‍ എന്നോടെങ്കിലും ഒന്നാലോചിയ്‌ക്കാമായിരുന്നു. ഭയപ്പെടേണ്ട, ഏതൊരു പിതാവിനും തോന്നും വികാരം മാത്രമേ താങ്കളിലും ഞാന്‍ കാണുന്നുള്ളൂ. താങ്കളുടെ ശപഥം ഞാന്‍ നിറവേറ്റിത്തരുന്നുണ്ട്‌. അങ്ങു നഷ്ടപ്പെടുന്നത്‌ ഈ കൃഷ്‌ണന്‍ ഇല്ലാതാകുന്നതിന്‌ തുല്യമാണ്‌. മനസ്സ്‌ ചഞ്ചലപ്പെടുത്തരുതെന്ന്‌ ഞാനങ്ങേയ്‌ക്ക്‌ മുന്നറിയീപ്പു നല്‍കുന്നു. ആട്ടെ, താങ്കള്‍ സുഭദ്രയെ കാണാന്‍ പോകുന്നില്ലേ? " ഇല്ല, കൃഷ്‌ണാ! എനിയ്‌ക്കുവേണ്ടി അങ്ങ്‌ പോയി അവളെ സമാധാനിപ്പിയ്‌ക്കുക. എന്റെ ശരീരം പോലും എന്റെ നിയന്ത്രണത്തിനപ്പുറമാണ്‌. "പാര്‍ത്ഥന്റെ തോളില്‍ സ്‌നേഹപൂര്‍വ്വം തട്ടിക്കൊണ്ട്‌ കൃഷ്‌ണന്‍ എഴുന്നേറ്റു.

കൃഷ്‌ണന്‍ സുഭദ്രയുടെ മുന്നിലെത്തി. "ജ്യേഷ്‌ഠാ! അങ്ങും വില്ലാളി വീരനായ പിതാവും ഉണ്ടായിട്ടും എന്റെ കുഞ്ഞ്‌ ക്രൂരമായി കൊല്ലപ്പെട്ടില്ലേ? നിങ്ങള്‍ വിചാരിച്ചിിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ മരണത്തില്‍ നിന്നു രക്ഷപ്പെടുത്താമായിരുന്നില്ലേ? എന്ത്‌ കൊണ്ടതു ചെയ്‌തില്ല? ശ്രേഷ്‌ഠരെന്ന്‌ അഭിമാനിയ്‌ക്കുന്ന പാണ്ഡവര്‍ എന്തിനീ ക്രൂരത കാട്ടി. ചോദ്യശരങ്ങള്‍ക്കൊടുവില്‍ സുഭദ്ര പൊട്ടിക്കരഞ്ഞു.

കൃഷ്‌ണന്‍ മെല്ലെ അവളുടെ ശിരസ്സെടുത്ത്‌ മടിയില്‍ വച്ച്‌ മുഖം മന്ദമായി തലോടി. ആ തലോടലില്‍ ആശ്വാസത്തോടൊപ്പം ആത്മസംയമനവും കൃഷ്‌ണന്‍ സഹോദരിയ്‌ക്കു നല്‍കി. സ്വരം താഴ്‌ത്തി, കൃഷ്‌ണന്‍ ചോദിച്ചു. " സുഭദ്രേ! പാണ്ഡവര്‍ നിന്റെ കുഞ്ഞിനുവേണ്ടി ഒന്നും ചെയ്‌തില്ലെന്ന്‌ നീ വൃഥാ ചിന്തിയ്‌ക്കുന്നു. ജീവച്ഛവമായ യുധിഷ്‌ഠിരനെ ആശ്വസിപ്പിച്ചിട്ടാണ്‌ ഞാന്‍ വരുന്നത്‌. നിന്റെ പുത്രന്‌ ശ്രേഷ്‌ഠമായ മരണമാണ്‌ ലഭിച്ചിരിക്കുന്നത്‌. അത്തരമൊരു മരണത്തിനു വേണ്ടി യോദ്ധാക്കള്‍ പോലും മത്സരിയ്‌ക്കും. നിന്റെ പുത്രന്‍ ഭാഗ്യവാനാണ്‌. ആറു മഹാദഥന്മാരോട്‌ മരണം വരെ പോരാടിയ അഭിമന്യൂ വീരസ്വര്‍ഗ്ഗം പ്രാപിച്ചിരിക്കുന്നു. കീര്‍ത്തിയോടെ ഒരു മരണം പുണ്യം ചെയ്‌തവര്‍ക്കേ ലഭിയ്‌ക്കൂ! നിന്റെ പുത്രന്‍ ഒരു പുണ്യാത്മാവായിരുന്നു. അയാളുടെ കീര്‍ത്തിയും നാമവും എന്നും ലോകത്തിന്‌ പ്രചോദനമാകും. നീ അവനെക്കുറിച്ചോര്‍ത്ത അഭിമാനിയ്‌ക്കൂ! പോര്‍ക്കളത്തില്‍ മരണപ്പെട്ട മറ്റു യോദ്ധാക്കളെക്കുറിച്ച്‌ നീ ഒരു നിമിഷം ചിന്തിയ്‌ക്കുക. അവരുടെ കുടുംബത്തിന്റെ ദുഃഖം നി ഒന്നാലോചിക്കുക. കൃഷ്‌ണന്‍ സുഭദ്രയുടെ കണ്ണീര്‍ തുടച്ചു.

"സുഭദ്രേ! നീ ഗര്‍ഭവതിയായ പുത്രവധുവിനെക്കുറിച്ചാലോചിയ്‌ക്കൂ! ഉത്തരയുടെ മനസ്സിന്‌ നീ ധൈര്യം നല്‍കുക" അവരൊരുമി്‌ചച്‌ ഉത്തരയുടെ മുറിയിലേയ്‌ക്ക്‌ ചെന്നു. ഏറെനേരം ആശ്വസ വാക്കുകള്‍ പറഞ്ഞു. കൃഷ്‌ണന്‍ അവരോടൊപ്പം ചെലവഴിച്ചു. കൃഷ്‌ണസാന്ത്വനം അവരുടെ ദുഃഖത്തെ ഏറെ ലഘൂകരിച്ചു.

മടങ്ങിയെത്തിയ കൃഷ്‌ണനെ പൂജിയ്‌ക്കാനുള്ള പൂജാസംഭാരങ്ങളുമായി അര്‍ജ്ജുനന്‍ കാത്തു നിന്നിരുന്നു. നിത്യേന കൃഷ്‌ണനെ പൂജിയ്‌ക്കുന്നത്‌ അര്‍ജ്ജുനന്റെ നിഷ്‌ഠയാണ്‌. അദ്ദേഹം ഭഗവാന്റെ കാല്‍കഴുകി അര്‍ഘ്യപാദ്യങ്ങള്‍ അര്‍പ്പിച്ചു പൂജിച്ചു. അര്‍ജ്ജുനന്റെ പ്രശ്‌നങ്ങള്‍ ആ നിമിഷം ഭഗവാനേറ്റെടുത്തു. കൃഷ്‌ണന്‍ പറഞ്ഞു. "അങ്ങു സുഖമായി ഉറങ്ങിക്കോളൂ. നാളത്തെ അങ്ങയുടെ ജയം എനിയ്‌ക്കും അവകാശപ്പെട്ടതാണ്‌."

അര്‍ജ്ജുനനെ യാത്രയാക്കിയശേഷം കൃഷ്‌ണന്‍ ഉറങ്ങാന്‍ കിടന്നെങ്കിലും അദ്ദേഹത്തിനുറങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസത്തെ അര്‍ജ്ജുനശപഥമായിരുന്നു അദ്ദേഹത്തിന്റെ മനസ്സു നിറയെ. കുരുക്ഷേത്രയുദ്ധത്തിലെ ധാര്‍മ്മികത നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന്‌ ക്രൂരമായ അധര്‍മ്മം നടമാടിയിരിക്കുന്നു. ഏറ്റവും മൃഗീയമായ രീതിയിലാണ്‌. അഭിമന്യൂ വധിയ്‌ക്കപ്പെട്ടത്‌. കൃഷ്‌ണന്‍ തന്റെ സാരഥിയായ ദാരുകനെ സ്‌മരിച്ചു. സ്‌മരണ മാത്രയില്‍ ദാരുകനെത്തി. കൃഷ്‌ണന്‍ പറഞ്ഞു. "താങ്കള്‍ എന്റെ രഥം സജ്ജമാക്കി നിറുത്തണം കുതിരകളെ രഥത്തില്‍ കെട്ടണം. എന്റെ ഗരുഡധ്വജം രഥത്തില്‍ ഉറപ്പിയ്‌ക്കണം" ദാരുകന്‍ ഭയന്നു. "പ്രഭോ! അങ്ങ്‌..." കൃഷ്‌ണന്‍: "ശരിയാണ്‌! ഞാന്‍ ആയുധം എടുക്കില്ലെന്ന്‌ പ്രതിജ്ഞ ചെയ്‌തിരുന്നു. എന്നാല്‍ കുരുക്ഷേത്രത്തില്‍ ഇന്ന്‌ ആദ്യമായി അധര്‍മ്മം നടമാടി. അതിനു ചുക്കാന്‍ പിടിച്ചത്‌ കുലധര്‍മ്മം മറന്ന്‌ ക്ഷത്രിയ ധര്‍മ്മം നിയോഗം പോലെ ഏറ്റെടുത്ത ദ്രോണരെന്ന സേനാനായകന്‍. നാളെ അര്‍ജ്ജുനശപഥം നിറവേറ്റുന്നതിന്‌ ഏതെങ്കിലും വിധത്തില്‍ തടസ്സം നേരിട്ടാല്‍ ഞാന്‍ 'ഋഷഭ' സ്വരത്തിലുള്ള എന്റെ ശംഖനാദം പുറപ്പെടുവിയ്‌ക്കും. ശംഖനാദം കേട്ടാലുടന്‍ അങ്ങ്‌ യുദ്ധരംഗത്തെത്തണം. ദക്ഷിണായനകാലമായതുകൊണ്ട്‌ സൂര്യാസ്‌തമയം നേരത്തെയാണ്‌. അതാണെന്റെ ഭയപ്പാട്‌. അസ്‌തമയത്തിനു മുമ്പ്‌ അര്‍ജ്ജുനശപഥം പാലയിക്കപ്പെടുമോ എന്ന്‌ ഞാന്‍ സംശയിക്കുന്നു. അങ്ങനെ എന്തെങ്കിലും സംഭവിയ്‌ക്കാനിട വന്നാല്‍ അദ്ദേഹത്തിനു വേണ്ടി ഞാനാദൗത്യം ഏറ്റെടുത്ത്‌ നടപ്പില്‍ വരുത്തും. അര്‍ജ്ജുനനെ നഷ്ടപ്പെടാന്‍ എനിയ്‌ക്കാവില്ല. അത്രമാത്രം അയാള്‍ എന്റെ അംശമാണ്‌."

ദാരുകന്‍ പറഞ്ഞു." ഭഗവാനെ! അങ്ങു നിര്‍ദ്ദേശിച്ചപോലെ എല്ലാം ഞാന്‍ വേണ്ടവിധം ചെയ്യുന്നുണ്ട്‌. തൊഴുത്‌ ദാരുകന്‍ വിടവാങ്ങി.

മയക്കത്തില്‍ അര്‍ജ്ജുനന്‍ അത്ഭുതകരമായ ഒരു സ്വപ്‌നം കണ്ടു. താനും കൃഷ്‌ണനും കൂടി ഒരു യാത്ര പുറപ്പെട്ടിരിക്കുന്നു. കൃഷ്‌ണന്‍ തന്റെ കയ്യില്‍ ബലമായി അമര്‍ത്തി പിടിച്ചിരിക്കുന്നു. തങ്ങളുടെ ശരീരത്തിന്‌ അല്‌പം പോലും ഭാരം അനുഭവപ്പെടുന്നില്ല. ആകാശത്തിലൂടെ ഒരു പഞ്ഞിക്കെട്ടുപോലെ സഞ്ചിരിച്ചു കൊണ്ടിരുന്നു. മേരു പര്‍വ്വം കടന്ന്‌ ആ യാത്ര മഞ്ഞു മലകളാല്‍ ചുറ്റപ്പെട്ട കൈലാസത്തിലെത്തിച്ചേര്‍ന്നു. ആ വിചിത്രമായ കാഴ്‌ച അര്‍ജ്ജുനനെ അത്ഭുതസ്‌തബ്ദനാക്കി. താന്‍ അന്നു സായാഹ്നത്തില്‍ കൃഷ്‌ണപാദത്തിലര്‍പ്പിച്ച പുഷ്‌പങ്ങളും അര്‍ഘ്യപാദ്യങ്ങളും അതാ ശിവപാദത്തില്‍..! പരമശിവന്‍ ഇരുവരേയും നോക്കി മന്ദഹസിച്ചു. കൃഷ്‌ണന്‍ പറഞ്ഞു. " ഞാന്‍ പാര്‍ത്ഥനെ അങ്ങയുടെ സവിധത്തില്‍ എത്തിച്ചിരിക്കുന്നു. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇയാളെ അനുഗ്രഹിക്കണം. അങ്ങേയ്‌ക്കേ അതിനു കഴിയൂ." ശിവന്‍ കൃഷ്‌ണനെ നോക്കി പുഞ്ചിരിച്ചു. "താങ്കള്‍ ഈ പാര്‍ത്ഥനേയും കൂട്ടി വന്നതില്‍ ഞാന്‍ ഏറെ അനുഗ്രഹീതനായിരിക്കുന്നു. ഈ സവ്യസാചിയ്‌ക്ക്‌ ഞാനെന്താണ്‌ നല്‍കേണ്ടത്‌?" അര്‍ജ്ജുനന്‍ പറഞ്ഞു" നാളത്തെ എന്റെ ശപഥം പൂര്‍ണ്ണതയിലെത്താനുള്ള ഉപായം കല്‍പ്പിച്ചരുളണം അങ്ങയുടെ പൂര്‍ണ്ണ അനുഗ്രഹത്തോടെ മാത്രമേ എനിയ്‌ക്കെന്റെ പ്രതിജ്ഞ പാലിയ്‌ക്കാനാവൂ..."

"പാര്‍ത്ഥാ! ഞാന്‍ നിന്നെ എന്റെ മഹത്തായ പാശുപതാസ്‌ത്രം നല്‍കി അനുഗ്രഹിക്കുന്നുണ്ട്‌. അതില്‍ അഭിമന്ത്രിക്കേണ്ട മന്ത്രവും അങ്ങേയ്‌ക്ക്‌ ഹൃദിസ്ഥമാക്കിത്തരുന്നുണ്ട്‌. എന്റെ പാര്‍ശ്വദന്മാരോടൊപ്പം ചെന്നാലും..."

ശിവപാര്‍ശ്വദന്മാര്‍ അര്‍ജ്ജുനനെക്കൂട്ടി. അവര്‍ ആയുധപ്പുരയിലെത്തി. കത്തിജ്വലിച്ചിരുന്ന സര്‍പ്പരൂപത്തിലുള്ള ഒരു തീഗോളത്തെ അവര്‍ രുദ്രസൂക്തം ചൊല്ലിയുണര്‍ത്തി. അത്‌ ഭഗവാന്റെ പാശുപതാസ്‌ത്രമായിരുന്നു. അവര്‍ ആ വില്ലും അമ്പുമെടുത്ത്‌ വീണ്ടും ശിവസന്നിധിയിലെത്തി. ശിവന്‍ അഭിമന്ത്രണം ചെയ്‌ത്‌ വില്ലു കുലച്ചു.

കൃഷ്‌ണന്‍ പറഞ്ഞു. " അര്‍ജ്ജുനന്‍ എന്റെ അംശമാണ്‌. അങ്ങ്‌ പൂര്‍ണ്ണമനസ്സോടെ ഈ ഇന്ദ്രപുത്രനെ അനുഗ്രഹിച്ചാലും!"

ജടാധരനായ ശിവന്‍ പറഞ്ഞു. " അല്ലയോ ശ്രീഹരീ, ആര്‍ക്കും ഒരു നേരിയ അമര്‍ഷത്തിനു പോലും ഇടനല്‍കാതെ അര്‍ഹിയ്‌ക്കുന്ന രീതിയില്‍ കാര്യം നടത്താനുള്ള അങ്ങയുടെ അസാമാന്യ കഴിവ്‌ ശ്ലാഘനീയം തന്നെ ലോകൈകനാഥനനായ അവിടുന്ന്‌ ഈ ശിവപ്രണാമം സ്വീകരിച്ചാലും. "തിരിഞ്ഞു സവ്യസാചിയോടായി ശിവന്‍ പറഞ്ഞു. "വിജയീഭവ!" വര്‍ദ്ധിച്ച സന്തോഷത്തോടെ അര്‍ജ്ജുനന്‍ ഞെട്ടിയുണര്‍ന്നു. ഒരു പുതിയ ഉണര്‍വ്വ്‌ തന്റെ സിരകളിലൂടെ ഒഴുകുന്നതായി പാര്‍ത്ഥനനുഭവപ്പെട്ടു.

ഈശ്വരദത്തമായതെന്തും കാലത്തെ അതിജീവിച്ച്‌ ജനമനസ്സുകളില്‍ ദൃഢവും, പ്രേരകശക്തിയുമാകുമെന്നുള്ളത്‌ മഹാഭാരതത്തിലൂടെ ഭഗവാന്‍ വ്യക്തമാക്കിത്തന്നിരിയ്‌ക്കുന്നു. കര്‍ണ്ണനോട്‌ ഒരിയ്‌ക്ക്‌ല്‍ കൃഷ്‌ണന്‍ പറഞ്ഞു. "രാധേയാ! അങ്ങു പറയും പോലെ കൃതജ്ഞതയുടെ കടം ഒരിക്കലും വീട്ടാനാവില്ല. അങ്ങയ്‌ക്ക്‌ യശസ്സും കീര്‍ത്തിയും ഉണ്ടാകാന്‍ ഞാന്‍ ആശംസിയ്‌ക്കുന്നു. !

No comments:

Post a Comment