Sunday, July 26, 2015

മഹാഭാരതം- 9

( ജയദ്രഥവധം - ദ്രോണവധം )  


പതിന്നാലാം ദിവസത്തെ യുദ്ധത്തിന് സാക്ഷിയാകാന്‍ വീണ്ടും കുരുക്ഷേത്രം ഭൂമി ഉണരുന്നു, അതിരാവിലെ പ്രഭാത പൂജകള്‍ക്കുശേഷം തയ്യാറെടുപ്പോടെയിരുന്ന യുധിഷ്ഠിരന്റെ സവിധത്തിലേയ്ക്ക്, കൃഷ്ണന്‍ മറ്റു പാണ്ഡവരോടൊപ്പം എത്തി, യുധിഷ്ഠിരന്‍ കൃഷ്ണനോട് കുശലാന്വേഷണം നടത്തി, " അങ്ങക്ക്‌ രാത്രി സുഖമായിരുന്നില്ലേ ? " പുഞ്ചിരി ച്ചുകൊണ്ടു കൃഷ്ണന്‍ പറഞ്ഞു " താങ്കളുടെ പ്രസന്നമായ മുഖം കാണുന്നത് എനിയ്ക്കെപ്പോഴും സന്തോഷം തന്നെ ", കൃഷ്ണ വാക്കിലെ പൊരുള്‍ സത്യമായി ഭവിക്കട്ടെ എന്നു യുധിഷ്ഠിരന്‍ ആശിച്ചു. ഭീമന്‍ നകലസഹദേവന്മാര്‍, സാത്യകി, വിരാടന്‍, ദ്രുപദന്‍ തുടങ്ങിയ മഹാരഥന്‍മാരെല്ലാം എത്തി കൃഷ്ണനെയും യുധിഷ്ഠിരനെയും വന്ദിച്ചു. 

യുധിഷ്ഠിരന്‍ തൊഴുതുകൊണ്ട് കൃഷ്ണനോടായി പറഞ്ഞു." അര്‍ജ്ജുന ശപഥം നിറവേറാന്‍ അങ്ങു വേണ്ടുന്നതു ചെയ്യണം. ഈ നദി നീന്തിക്കേറാന്‍ അങ്ങയുടെ നൗക അല്ലാതെ ആരെയാണ് ഞാനാശ്രയിക്കുക !'' കൃഷ്ണന്‍ ചിരിച്ചു. '' യുധിഷ്ഠിരാ ! അങ്ങക്ക്‌ അങ്ങയുടെ സഹോദരനില്‍ വിശ്വാസമില്ലേ ? അയാള്‍ ശ്രേഷ്ഠനായ വില്ലാളിയാണ് . എല്ലാ ദിവ്യാസ്ത്രങ്ങളും അയാള്‍ക്ക് വശമുണ്ട്. ഒരു വേള ആവശ്യമെങ്കില്‍ ഞാന്‍ അയാളെ സഹായിക്കും. അങ്ങു ധൈര്യമായിരിക്കൂ‌ !

" അര്‍ജ്ജുനന്‍ അങ്ങോട്ടു കടന്നുവന്നു. അദ്ദേഹം ജേഷ്ഠനെ വണങ്ങി. ജേഷ്ഠന്‍ സഹോദരന് ഭാവുകങ്ങള്‍ നേര്‍ന്നു. '' അര്‍ജ്ജുനാ ! നിന്റെ മുഖം വളരെ പ്രസന്നമയിരിക്കുന്നു. നീ ശപഥം നിറവേറ്റുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.'' നിമിത്തങ്ങള്‍ അനുകൂലമായി കണ്ടതില്‍ അര്‍ജ്ജുനന്‍ ഏറെ ഉത്സാഹവനായി . ഉറക്കത്തില്‍ താന്‍ കണ്ട ശുഭകരമായ സ്വപ്നത്തെ പറ്റി അദ്ദേഹം യുധിഷ്ഠിരനോടും കൃഷ്ണനോടും ആയി പങ്കുവെച്ചു.

പാണ്ഡവ ശിബിരത്തില്‍ നിന്നും യുദ്ധ കാഹളങ്ങള്‍ മുഴങ്ങി. യുധിഷ്ഠിര ശിബിരം വിട്ട ശ്രീ കൃഷ്ണന്‍ തന്റ്റെ അശ്വങ്ങളെ സ്നേഹ പൂര്‍വ്വം തൊട്ടു തലോടി . ആ ശ്വേതാശ്വങ്ങള്‍ക്ക് ഭഗവാന്‍ പടച്ചട്ട അണിയിച്ചു. ആവശ്യമായ ആയുധങ്ങളെല്ലാം അദ്ദേഹം രഥത്തില്‍ സജ്ജമാക്കി. കപിധ്വജം രഥത്തില്‍ ഉറപ്പിച്ച ശേഷം കൃഷ്ണന്‍ തേര്‍ തെളിച്ചു അര്‍ജ്ജുന പാര്‍ശ്വത്തില്‍ എത്തി. അദ്ദേഹം അര്‍ജ്ജുനനെ പോര്‍ക്കളത്തിലേയ്ക്കു ക്ഷണിച്ചു. അര്‍ജ്ജുനന്‍ ഇന്ദ്ര ദത്തമായ തന്റ് സ്വര്‍ണ്ണാഭമായ പടച്ചട്ട അണിഞ്ഞു. ആയിരം അസ്ത്രങ്ങള്‍ ഒന്നിച്ചു വന്നാല്‍പ്പോലും തടുക്കാനുള്ള അപ്രാപ്യമായ ഒരു കഴിവ് ആ പടച്ചട്ടയ്ക്ക് ഉണ്ടായിരുന്നു. വില കൂടിയ രത്നക്കല്ലുകള്‍ പതിച്ച തന്റെ കിരീടം ശിരസ്സില്‍ ധരിച്ചു. അതും പിതൃ ദത്തമായിരുന്നു. അവര്‍ പോര്‍ക്കളത്തിലേക്ക് നീങ്ങി. പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റു കപിധ്വജം വെട്ടി തിളങ്ങി. സാത്യകിയോട് അര്‍ജ്ജുനന്‍ പ്രത്യേകം നിഷ്കര്‍ഷിച്ചു. " ഞാന്‍ യുദ്ധ രംഗത്തേക്ക്‌ കടക്കുമ്പോള്‍ താങ്കള്‍ വേണം ദ്രോണരുടെ ആക്രമണത്തില്‍ നിന്നും യുധിഷ്ഠിരനുവേണ്ട സംരക്ഷണം നല്കാന്‍. അദ്ദേഹം യാതൊരു കാരണവശാലും തടവിലാകരുത്. ആചാര്യന്‍ കുശാഗ്ര ബുദ്ധിയാണ്. കിട്ടുന്ന അവസരം മുതെലെടുക്കാന്‍ സമര്‍ത്ഥനാണ്. പ്രവര്‍ത്തിയുടെ ന്യയാന്യായങ്ങളെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തില്‍ നിന്നും ഈയിടെ അകന്നുപോയിരിക്കുന്നു. " സാത്യകി പറഞ്ഞു. " അങ്ങേല്‍പിച്ചപോലെ ജ്യേഷ്ഠനെ ഞാന്‍ വേണ്ട വിധം കാത്തു കൊള്ളാം . ധൈര്യമായി പോകു ! '' സാത്യകിയുടെ ഉറപ്പില്‍ അര്‍ജ്ജുനന്‍ സന്തുഷ്ടനായി."

ത്രിമാനവ്യുഹം കാത്തുകൊണ്ട് തന്റെ തവിട്ടു നിറത്തിലുള്ള കുതിരകളെ പൂട്ടിയ രഥത്തില്‍ ദ്രോണര്‍ പല സ്ഥലത്തേയ്ക്കും ഒരേ സമയം ചുറ്റി തിരിഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം ജയദ്രഥന്റെ അടുത്തു ചെന്നു. ''ഭയപ്പെടേണ്ട. സൂചിമുഖവ്യുഹത്തില്‍ അങ്ങയെ സംരക്ഷിച്ചുകൊണ്ട് അശ്വര്‍ത്ഥമാവ്, കര്‍ണ്ണന്‍, വൃഷസേനന്‍, കൃപര്‍, ശല്യര്‍ എന്നീ മഹാരഥന്മാരുണ്ടാകും. അവരെ മറികടന്ന് ഒരിക്കലും അര്‍ജ്ജുനന്‍ അസ്തമയ ത്തിനു മുന്പ് താങ്കളുടെ അടുത്തെത്തില്ല. വ്യുഹത്തിനു പുറത്തു ഞാന്‍ കാവലുണ്ടാകും. നാളത്തെ പ്രഭാതം താങ്കള്‍ കാണുമെന്നു ഞാന്‍ ഉറപ്പു തരുന്നു. '' ദ്രോണര്‍ നീങ്ങി. 

പത്മവ്യുഹത്തെ കാത്തുകൊണ്ട് ദ്രോണരും ശകട വ്യുഹത്തിന്റെ പ്രവേശന ദ്വാരത്തില്‍ ദുര്യോധന സഹോദരനായ ദുര്‍മ്മര്‍ഷണനും നിന്നിരുന്നു. ദുര്‍മ്മര്‍ഷണന്‍ അര്‍ജ്ജുനനെ നേരിടാന്‍ കഴിയുമെന്നു തന്നെ ഉറപ്പിച്ചു. "കൗരവ വ്യുഹത്തിനു നേരെ എത്തിയ അര്‍ജ്ജുനന്‍ 'ദേവദത്തം' എന്ന തന്റെ വിശിഷ്ടമായ ശംഖ് ഊതി. തുടര്‍ന്നു കൃഷ്ണന്റെ 'പാഞ്ചജന്യ' ധ്വനിയും. കൗരവസൈന്യം ഒട്ടാകെ ഒന്നു വിറച്ചു. അവരുടെ ധൈര്യം ഒരുനിമിഷം ചോര്‍ന്നു പോയി. " കൃഷ്ണാ ! ദുര്‍മ്മര്‍ഷണന്റെ ശകട വ്യൂഹത്തിനു നേരേ എന്റെ തേര്‍ തെളിയ്ക്കൂ! ഞാന്‍ അയാളെ തോല്പ്പിച്ചു വ്യൂഹത്തില്‍ പ്രവേശിക്കാം. " അര്‍ജ്ജുനന്‍ പറഞ്ഞു. കൃഷ്ണന്‍ തേര്‍ തെളിച്ചു.

ദുര്‍മ്മര്‍ഷണനും അര്‍ജ്ജുനമായി ഭീകരമായ യുദ്ധം തന്നെ നടന്നു. ദുര്‍മ്മര്‍ഷണന്റെ സൈന്യത്തിലെ അനേകായിരം യോദ്ധാക്കളെ അര്‍ജ്ജുനന്‍ തന്റെ ശരവേഗത്താല്‍ മൃതരാക്കി. ആ ശസ്ത്രപ്രയോഗ വൈദഗ്ദ്ധ്യം കവച്ചു വയ്ക്കാന്‍ ആരാലും അസാദ്ധ്യമായിരുന്നു. അര്‍ജ്ജുനന്‍ അസ്ത്രം എടുക്കുന്നതും തൊടുക്കുന്നതും മിന്നല്‍ വേഗതയിലായിരുന്നതിനാല്‍ എതിരാളികള്‍ക്ക് അതിന്റെ ഗതി നിശ്ചയിക്കാന്‍ പോലും അസാദ്ധ്യമായി ഭവിച്ചു. പലരും ജീവനും കൊണ്ടു പലായനം ചെയ്തു. ഏറെ പിടിച്ചു നിന്ന ദുര്‍മ്മര്‍ഷണനും പിന്നാക്കം തിരിഞ്ഞോടി. കണ്ടുനിന്ന ദുശ്ശാസനന്‍ തന്റെ ഗജസൈന്യവുമായ് പോരിനെത്തി. അര്‍ജ്ജുനന്‍ വെല്ലു വിളിച്ചു, " ദുശ്ശാസനാ! നീ മൂലം ഞങ്ങള്‍ എറെ സഹിച്ചു. ഇനി അതിനു നിന്നെ അനുവദിക്കില്ല. വരൂ ! എന്റെ ഗാണ്ടീവവുമായി ഒന്നേറ്റു മുട്ടി നോക്കൂ! ഇതു നിസ്സഹയായ ദ്രൗപതിയോടു കാണിച്ച പരാക്രമം പോലെ ആകില്ല..! " ദുശ്ശാസനന് അര്‍ജ്ജുനനെ നേരിട്ടു. ഗാണ്ടീവാസ്ത്രങ്ങള്‍ ശരമാരി പെയ്തു. ദുശ്ശാസനന്റെ ഗജങ്ങള്‍ അസ്ത്ര പ്രയോഗമേറ്റ് പോര്‍ക്കളത്തില്‍ വീണു. ഏറെ പയറ്റിയ ശേഷം ദുശ്ശാസനനും പിന്‍തിരിഞ്ഞു. അര്‍ജ്ജുന രഥം 'ശകടവ്യുഹം' കടന്ന് പത്മ വ്യൂഹ കവാടത്തിലെത്തി. അദ്ദേഹം രഥം കാത്തു നിന്ന ദ്രോണരെ കണ്ടു. തന്റെ പുത്രഘാതകനാണന്നറിവുണ്ടായിട്ടും അര്‍ജ്ജുനന്‍ ദ്രോണരെ തൊഴുതു. ഗുരുവിന്റെ തെറ്റുകള്‍ പൊറുക്കാന്‍ ആ പ്രിയ ശിഷ്യന്‍ ഒരു ക്ഷണം മനസ്സു പാകപ്പെടുത്തി. അദ്ദേഹം പറഞ്ഞു '' ഗുരുനാഥാ! അങ്ങു കൂടി കൂട്ടു നിന്ന് ഇന്നലെ എന്റെ പുത്രനെ ദാരുണമായി വധിച്ചു. ജയദ്രഥനെ കൊല്ലുമെന്ന് പുത്ര ദു:ഖാര്‍ത്തനായ ഞാന്‍ പ്രതിന്ജ ചെയ്തിട്ടുണ്ട് ! അങ്ങെന്റെ പ്രതിന്ജ നിറവേറ്റാന്‍ അനുവദിക്കണം." അര്‍ജ്ജുനന്റെ മനോഗതം വായിച്ചറിഞ്ഞ ദ്രോണര്‍ പ്രതികരിച്ചു. " എന്റെ അശ്വര്‍ത്ഥമാവിനേക്കാള്‍ താങ്കള്‍ ഇപ്പോഴും എനിയ്ക്ക് പ്രിയങ്കരനാണ്. വിധി നമ്മളെ രണ്ടു ചേരിയില്‍ എത്തിച്ചു. ഞാന്‍ ഇന്നു കൗരവ പക്ഷത്തിന്റെ സേനാധിപനാണ്. എന്നെ തോല്പ്പിക്കാതെ അങ്ങയ്ക്ക് വ്യൂഹത്തിലേക്ക് പ്രവേശിക്കുക അസാദ്ധ്യമാണ്."

തുടര്‍ന്ന് ദ്രോണരും അര്‍ജ്ജുനനും തമ്മില്‍ ശക്തമായ യുദ്ധ പ്രകടനം തന്നെ ഉണ്ടായി. അര്‍ജ്ജുനന്‍ ഗുരുനാഥന്റെ വില്ലൊടിച്ചു, സാരധിയെ കൊന്നു. ദ്രോണര്‍ കുസാകാതെ മറ്റൊരു തേരിലേറിവന്നു. യുദ്ധം വീണ്ടും തുടര്‍ന്നു. സമയം അതിക്രമിക്കുന്നതറിഞ്ഞ കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. "പാര്‍ത്ഥാ! എന്തെങ്കിലും ഉപായം കണ്ടെത്തിയേ പറ്റു ! സമയം ഇപ്പോള്‍ തന്നെ വൈകി. '' അങ്ങയുടെ യുക്തി പോലെ രഥം നീക്കുക.. " കൃഷ്ണന്‍ ഞൊടിയിടയില്‍ രഥം തിരിച്ചു . രഥം ദ്രോണരെ പ്രദിക്ഷണം വെച്ച് പത്മ വ്യുഹത്തിനുള്ളിലേക്ക് കടന്നു. ദ്രോണരുടെ പ്രതിരോധം ദുര്‍ബലമായി. "അര്‍ജ്ജുനാ! താങ്കള്‍ എന്നെ തോല്പ്പിച്ചു എന്ന് അഭിമാനിക്കുന്നതിനേക്കാള്‍ തന്ത്രപരമായി എന്നെ പറ്റിച്ചു എന്നു കരുതുന്നതാകും ഭൂഷണം. ഇത് അങ്ങയെ പ്പോലെ ഒരു യോദ്ധാവിന് ചേര്‍ന്ന രീതിയല്ല." ദ്രോണരുടെ പരിഹാസ ധ്വനി അര്‍ജ്ജുനന്‍ ചിരിച്ചു തള്ളി. അര്‍ജ്ജുന രഥം യുദ്ധാരംഭം മുതല്‍ പരിരക്ഷിച്ചിരുന്നത് ഉത്തമൗജസ്സും, യുധാമന്യുവുംമായിരുന്നു. രഥത്തിന്റെ മുന്‍ നിരയിലെക്കുള്ള പ്രയാണം തടുത്തുകൊണ്ടു കൃതവര്‍മ്മാവും, കാംബോജ രാജാവായ സുദക്ഷിണനും ശ്രുതായുസ്സും അര്‍ജ്ജുനനെ വെല്ലു വിളിച്ചു. ദ്രോണര്‍ അര്‍ജ്ജുന രഥ ത്തിനെ പിന്തുടര്‍ന്നിരുന്നു. അര്‍ജ്ജുനന്‍ ബ്രഹ്മാസ്ത്രം അയച്ചു ആചാര്യന്റെ തേരും കൊടിമരവും മുറിച്ചു. ഏറെക്കുറെ അസ്ത്രങ്ങളെ തടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൃതവര്‍മ്മാവിന്റെ സൈന്യത്തെ അര്‍ജ്ജുനന്‍ നശിപ്പിച്ചു. തന്റെ പുത്ര ഹന്താക്കളില്‍ ഒരാള്‍ കൃതവര്‍മ്മാവാണെന്ന വ്യക്തമായ ധാരണ അര്‍ജ്ജുനനുണ്ടായിരുന്നു. തന്‍മൂലം, അദ്ദേഹത്തിന്റെ നേരേയുള്ള അര്‍ജ്ജുന കോപം ശക്തവും തീക്ഷണവുമായിരുന്നു. കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. '' കൃതവര്‍മ്മാവിനോട് യാതൊരു മൃദു സമീപനവും വേണ്ട. അയാള്‍ എന്‍റെ ബന്ധു ആണന്നത് തല്ക്കാലം മറക്കുക. താങ്കള്‍ ഉചിതമായ രീതിയില്‍ യുദ്ധം ചെയ്യുക." നിമിഷ ങ്ങള്‍ക്കകം അര്‍ജ്ജുനാസ്ത്രം കൃതവര്‍മ്മാവിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചു. ബോധരഹിതനായി തേര്‍ തട്ടില്‍ വീണ അയാളെ ആരോ യുദ്ധ രംഗത്ത് നിന്ന് പിന്‍വലിച്ചു. കാംഭോജ രാജാവിനെയും സൈന്യത്തേയും നശിപ്പിക്കാന്‍ അര്‍ജ്ജുനന് കുറച്ചു നേരത്തെ ശ്രമമേ വേണ്ടി വന്നുള്ളൂ. തുടര്‍ന്ന് എത്തിയ ശ്രുതായുധന്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചു. വരുണ ദത്തമായ, ശ്രേഷ്ടമായ ഗദയാല്‍ ശ്രുതായുധന്‍ അജയ്യനായിരുന്നു. അര്‍ജ്ജുനന്റെ പ്രതിരോധം ദുര്‍ബലമായിരുന്നു. യുദ്ധം മുറുകി വന്നപ്പോള്‍ ശ്രുതായുധന്‍ ഓര്‍മ്മയില്ലാതെ 'ഗദ' നിരായുധനായ കൃഷ്ണന്റെ നേരേ പ്രയോഗിച്ചു. കൃഷ്ണന്റെ മാറിടത്തില്‍ തട്ടിയ ഗദ അതെ വേഗത്തില്‍ തിരിച്ചു വന്ന് ശ്രുതായുധന്റെ മസ്തകം തകര്‍ത്തു.

കാംബോജ രാജാവിന്റെയും ശ്രുതായുധന്റെയും സുഹൃത്തുക്കളായ ശ്രുതയുസ്സും അച്യുതായുസ്സും അര്‍ജ്ജുനനെ വെല്ലു വിളിച്ചു. പോര്‍വിളി പോലെ ആക്രമണവും തുടക്കത്തില്‍ ശക്തമായിരുന്നു. ശ്രുതായുസ്സു കൃഷ്ണനെ ബോധരഹിതനക്കി. അച്യുതായുസ്സ് അര്‍ജ്ജുനനു നേരേ കുന്തം പ്രയോഗിച്ചു. അല്പനേരം തളര്‍ന്നെങ്കിലും അര്‍ജ്ജുനന്‍ രഥത്തില്‍ പിടിച്ചെഴുന്നേറ്റ് ശത്രു ക്കളുടെ മേല്‍ ''ഐന്ദ്രാസ്ത്രം'' പ്രയോഗിച്ചു . സഹോദരന്മാര്‍ ഇരുവരും കൊല്ലപ്പെട്ടു. ഈ നാലുപേരുടെ മരണത്തോടെ സൈനികര്‍ ഭയാക്രാന്തരായി ഓടാന്‍ തുടങ്ങി. ഇത് അര്‍ജ്ജുനമുന്നേറ്റം എളുപ്പമാക്കി.

അര്‍ജ്ജുന മുന്നേറ്റം കണ്ടു പരിഭ്രന്തനായ ദുര്യോധനന്‍ ദ്രോണരെ സമീപിച്ചു. " ആചാര്യാ! അങ്ങയുടെ ശക്തമായ വ്യൂഹം അര്‍ജ്ജുനന്‍ ഭേദിച്ചിരിക്കുന്നു. അയാളുടെ മുന്നേറ്റം തടയുവാന്‍ അങ്ങ് വേണ്ടുന്നത് ചെയ്തെ പറ്റു! ഇല്ലെങ്കില്‍ തീര്‍ച്ചയായും ജയദ്രഥന്‍ വധിക്കയപ്പെടും. ആയുസ്സ് രക്ഷിക്കുമെന്ന് ഉറപ്പു നല്കിയിട്ടു അതിനു കഴിയതെവന്നാല്‍..! ഓര്‍ക്കാന്‍പോലും ഞാന്‍ അശക്തനകുന്നു! '' ദുര്യോധനന്റെ ഏറെ കോപവും വികാരപരവുമയ സംസാരം ദ്രോണര്‍ക്കു സഹിച്ചില്ല. നന്ദി എന്ന വാക്ക് ദുര്യോധനന് അജ്ഞാതമാണ്. എത്ര കഷ്ടപ്പെട്ടാലും ഒരു ചെറിയ പിഴവു പറ്റിയാല്‍ കുറ്റ പെടുത്തല്‍ മാത്രം! മടുത്തു !! ഏറ്റെടുത്ത ഭാരം ചുമക്കാതെ രക്ഷയില്ല.'മനോഗതതിനൊടുവില്‍ ദ്രോണര്‍ പറഞ്ഞു. 'അര്‍ജ്ജുനനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചു. പുത്ര ദുഃഖത്താല്‍ പ്രതികാര തീവ്രനായ അര്‍ജ്ജുനന്‍ ഇന്ന് ഏറെ വീര്യത്തിലായിരുന്നു. അയാളുടെ അസ്ത്രവേഗം എനിയ്ക്കില്ല . മറ്റൊരു വാഗ്ദാനം കൂടി എനിക്കു പാലിയ്ക്കേണ്ടടതുണ്ട്. യുധിഷ്ഠിരനെ തടവുകാരനായി പിടിക്കുക. എനിക്കിവിടെ നിന്നു മാറാന്‍ തല്ക്കാലം രക്ഷയില്ല. അങ്ങ് ഒരു യോദ്ധാവല്ലേ? മറ്റുള്ളവരുടെ കാരുണ്യത്തിനു വേണ്ടി കാക്കാതെ സ്വയം അങ്ങയാല്‍ ഉചിതമെന്നു തോന്നുന്നത് ചെയ്യുക. ജയദ്രഥനെ രക്ഷിക്കേണ്ടതു അങ്ങയുടെയും ഉത്തരവാദിതത്വ മാണ്. '' ദ്രോണരുടെ പ്രതികരണം തന്നോടുള്ള പരിഹാസമായാണ് ദുര്യോധനനു തോന്നിയത്. അതു പ്രകടമാക്കാതെ ഏറെ അനുകമ്പ പിടിച്ചു പറ്റാനുള്ള തന്റെ സ്വത സിദ്ധമായ കഴിവോടെ ദുര്യോധനന്‍ വിനയാന്വിതനായി പറഞ്ഞു. "ആചാര്യാ! അങ്ങയെപ്പോലെ യുദ്ധ വിശാരദനായ ഒരാളെ ജയിക്കാമെങ്കില്‍ തിര്‍ച്ചയായും അര്‍ജ്ജുനന്‍ എന്നെ വകവരുത്തും. ഇന്നു തന്നെ എത്രയോ വീരന്മാര്‍ അര്‍ജ്ജുനനാല്‍ വധിക്കപ്പെട്ടു. മഹാരഥനായ കൃതവര്‍മ്മാവിനെ അര്‍ജ്ജുനാസ്ത്രം ഘോരമായി പരുക്കേല്‍പ്പിച്ചു . അതി ശക്തനായ അര്‍ജ്ജുനനെ ഞാനെങ്ങനെ നേരിടും? അങ്ങു ഞങ്ങളെ രക്ഷിക്കണം. "

ദ്രോണര്‍ക്കു ദുര്യോധനനോട് ഏറെ അനുകമ്പ തോന്നി. അദ്ദേഹം പറഞ്ഞു. " അങ്ങു പേടിക്കേണ്ട. ദേവന്മാരുടെ അസ്ത്രത്തെപ്പോലും തടഞ്ഞു നിറുത്താന്‍ കെല്‍പ്പുള്ള ഒരു പടച്ചട്ട ഞാന്‍ അങ്ങയ്ക്കു നല്കാം. ഈ പടച്ചട്ട ബ്രഹ്മദത്തമാണ്. ഈ പടച്ചട്ട ധരിച്ച് അങ്ങു പോര്‍ക്കളത്തിലേക്ക് പോകുക. അര്‍ജ്ജുനനെ നേരിടാനുള്ള കരുത്തു അങ്ങയ്ക്കു ഉണ്ടാകും."

ദുര്യോധനന്‍ പടച്ചട്ട അണിഞ്ഞു. വര്‍ധിച്ച വീര്യത്തോടെ വ്യുഹത്തിലെക്ക് കടന്നു അര്‍ജ്ജുനനെ പോര്‍വിളിച്ചു. രാജാവിനെ കണ്ടു പടയാളികളും ഒത്തുകൂടി.

ഇതിനിടയില്‍ ധൃഷ്ടദ്യുമ്നന്റെ നേതൃത്വത്തില്‍ പാണ്ഡവ സൈന്യം ദ്രോണരുമയി ഏറ്റുമുട്ടി. പക്ഷെ ദ്രോണാസ്ത്രങ്ങളുടെ വീര്യം തടുക്കാന്‍ പാണ്ഡവ സൈന്യത്തിനായില്ല. മറ്റൊരിടത്ത് ദുശ്ശാസനനും സാത്യകിയും തമ്മില്‍ ഉഗ്രമായി പൊരുതി. യുധിഷ്ഠിരന്‍ ശല്യരെ നേരിട്ടു. ബാഹ്ലികന്‍ ശിഖണ്ടിയുമായി ഏറ്റുമുട്ടി. ഘടോല്‍ക്കചനും അലംബുഷനുമയി ശക്തമായ ഏറ്റുമുട്ടലുണ്ടായി. ദുശ്ശാസനന്‍ അസ്ത്രങ്ങളാല്‍ സാത്യകിയെ ബോധരഹിതനാക്കിയെങ്കിലും അദ്ദേഹം താമസിയാതെ മോഹലസ്യത്തില്‍ നിന്നുണര്‍ന്നു ദുശ്ശാസനനെ ശക്തമായി മുറിപ്പെടുത്തി. യുദ്ധ രംഗത്തു നിന്നു പിന്‍വാങ്ങി. ധൃഷ്ടദൃമ്നനും ദ്രോണരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ദ്രോണര്‍ ധൃഷ്ടദൃമ്നന്റെ കുതിരകളെയും സാരഥിയേയും കൊന്നു. വില്ലു മുറിച്ചു. ധൃഷ്ടദൃമ്നനന്‍ വധിക്കപെടുമെന്ന ഘട്ടമെത്തിയപ്പോള്‍ സാത്യകി തന്ത്ര പൂര്‍വം രംഗത്തെത്തി, ദ്രോണരെ നേരിട്ടു.

ദ്രോണാസ്ത്രങ്ങള്‍ തീവ്രവും തീഷ്ണവുമായിരുന്നു. പലപ്പോഴും സാത്യകിക്കുപോലും പിടിച്ചു നില്ക്കനായില്ല. സാത്യകി ഇങ്ങനെ ചിന്തിച്ചു. ജന്മം കൊണ്ടു ദ്രോണര്‍ ബ്രാഹ്മണനാണ്. കര്‍മ്മം കൊണ്ട് ക്ഷാത്ര വൃത്തിയും. ക്ഷത്രിയന്റെ ധര്‍മ്മ ബോധം ഒരിക്കലും കോപിഷ്ടനായ ബ്രാഹ്മണനുണ്ടാകില്ല. നീതിയ്ക്കപ്പുറം ലക്‌ഷ്യം മാത്രമായിരിക്കും അദ്ധേഹത്തിനു പ്രധാനം. യുധിഷ്ഠിരനെ ഏതു വിധേനയും രക്ഷിച്ചേ പറ്റു." സാത്യകി അര്‍ജ്ജുനനു നല്കിയ വാക്കു പാലിക്കാന്‍ യുധിഷ്ഠിര സമീപം പാഞ്ഞെത്തി. സാത്യകിയുടെ ശക്തമായ പ്രത്യാക്രമണം കണ്ടു ദ്രോണര്‍ അത്യധികം അദ്ഭുതപെട്ടു. " അസ്ത്രാഭ്യാസിയായ ഈ യുവാവ് അര്‍ജ്ജുനനെപ്പോലെ ശ്രേഷ്ഠന്‍ തന്നെ. ഇത്രയും വീര്യം ഞാന്‍ ഭീഷ്മരിലും, എന്റെ ഗുരുവായ ഭാര്‍ഗ്ഗവ രാമനിലും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു." തിര്‍ച്ചയായും ഈ യുവാവ് അവര്‍ക്ക് സമന്‍ തന്നെ." യുദ്ധ രംഗമായിട്ടുപ്പോലും ദ്രോണര്‍ സാത്യകിയുടെ കഴിവിലെ മഹത്വം തിരിച്ചറിഞ്ഞ് ബഹുമാനിച്ചു.

ദ്രോണര്‍ ആഗ്നേയാ അസ്ത്രം അയക്കുമ്പോള്‍ സാത്യകി വാരുണാസ്ത്രം കൊണ്ടു പ്രതിരോധിക്കും.

ഏറെ കൗതുകകരമായ ഈ ഏറ്റുമുട്ടല്‍ സ്വര്‍ഗ്ഗ വാസികളില്‍ പോലും പ്രിയം ജനിപ്പിച്ചു. 

സൂര്യന്‍ പശ്ചിമാംബരത്തിലേയ്ക്ക് നീങ്ങി കൊണ്ടിരുന്നിട്ടുപോലും, അര്‍ജ്ജുനന്‍ പ്രഭാത്തേക്കാള്‍ ഉശിരോടെ യുദ്ധം ചെയ്തു കൊണ്ടിരുന്നു. ക്ഷിണം അദ്ദേഹത്തിന്റെ കര്‍മ്മത്തെ ഒട്ടും തന്നെ തളര്‍ത്തിയില്ല. കടന്നു പോന്ന വഴികളിലെല്ലാം അര്‍ജ്ജുനന്‍ കൗരവ നാശം വാരിവിതറി. സൈന്യനിരകളിലൂടെ കുതിച്ചു പാഞ്ഞ കൃഷ്ണ സാരഥ്യം അര്‍ജ്ജുനന് ഏറെ ഗുണം നല്കി. എന്നാല്‍ തന്റെ കുതിരകള്‍ ക്ഷീണിക്കുന്നതായ് കൃഷ്ണന്‍ തിരിച്ചറിഞ്ഞു. അതിരാവിലെ രഥത്തില്‍ കെട്ടിയിട്ട ഈ കുതിരകള്‍ രഥം വലിക്കുന്നതില്‍ അശക്തരായി തുടങ്ങിയിരുന്നു. വിശപ്പും ദാഹവും കൊണ്ടു അവ വലയുന്നതായ് കൃഷ്ണന്‍ മനസ്സില്ലാക്കി. പോരങ്കില്‍ അനേകം അസ്ത്രങ്ങള്‍ ആ അശ്വങ്ങളെ മുറിപ്പെടുത്തിയിരുന്നു. കുതിരകളുടെ വേഗത കുറഞ്ഞതു താങ്കള്‍ക്കു ഗുണകരമായ ലക്ഷണമായി കൗരവ സൈന്യം വിലയിരുത്തി. സൂര്യാസ്തമയത്തിനു ഇനി ശേഷിയിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം! അവരേവരും ആചാര്യന്റെ അപാരമായ കഴിവില്‍ ഊറ്റം കൊണ്ടു. ജയദ്രഥന്‍ മരണത്തില്‍ നിന്നു രക്ഷപ്പെടുമെന്നു തന്നെ അവരുറപ്പിച്ചു. അവന്തിയിലെ വിന്ദാനുവിന്ദന്മാര്‍ അര്‍ജ്ജുനനെ പോര്‍ വിളിച്ചു. അസ്ത്ര അഭ്യസികളായ അവര്‍ കൃഷ്ണനെയും കുതിരകളെയും ഏറെ പീഡിപ്പിച്ചു. യുദ്ധം മുറുകുന്നതിനിടയില്‍ സമയ ബോധം ഉണ്ടായ അര്‍ജ്ജുനന്‍ ശക്തിയേറിയ അസ്ത്രം കൊണ്ടു വിന്ദന്റെ ശിരസ്സു ഖണ്ഡിച്ചു. വര്‍ധിച്ച കോപത്തോടെ പഞ്ഞെത്തിയ അനുവിന്ദനും അര്‍ജ്ജുന ശരമേറ്റ് പോര്‍ക്കളത്തില്‍ വീണു. കൗരവ സൈന്യം കോപിഷ്ഠരായി അര്‍ജ്ജുനനു നേരെ എത്തി.

യുദ്ധം ചെയ്യുന്നതിനിടയില്‍ പോലും അര്‍ജ്ജുനനു ഒരേ സമയം ലകഷ്യബോധവും തനിക്കു വേണ്ടി രഥം വലിക്കുന്ന സാധു മൃഗങ്ങളോട് അനുകമ്പയും തോന്നി. അദ്ദേഹം കൃഷ്ണനോടു പറഞ്ഞു. '' കൃഷ്ണാ! ജയദ്രഥന്റെ സമീപമേത്താനുള്ള ദൂരം താണ്ടാന്‍ ഈ സാധു മൃഗങ്ങള്‍ക്ക് കഴിയും എന്ന് തോന്നുന്നില്ല, ഇവയുടെ കരുത്തു എപ്പോള്‍ തന്നെ ഏറെ നഷ്ടപ്പെട്ടിരിക്കുന്നു. അങ്ങയുടെ ഉചിതം അനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കാം. '' കൃഷ്ണന്‍ പറഞ്ഞു " പാര്‍ത്ഥാ! ഞാന്‍ കുതിരകളെ രഥത്തില്‍ നിന്നു അഴിച്ചു വിടാം. അവയ്ക്ക് കുറച്ചു വിശ്രമം കൂടിയേ തീരു! ഈ സമയം താങ്കള്‍ നിലത്തു നിന്നു യുദ്ധംചെയ്യുക.'' അര്‍ജ്ജുനന്‍ നിലത്തു നിന്ന് യുദ്ധം തുടര്‍ന്നു. ഗാണ്ടീവം കയ്യിലേന്തി അസ്ത്രം കുലയ്ക്കുന്ന അര്‍ജ്ജുനന്റെ സ്വത സിദ്ധമായ കാന്തി ഏവരിലും കൗതുകം ജനിപ്പിച്ചു. അഭിമന്യുവിനോടെന്നപ്പോലെ അര്‍ജ്ജുനനെ നേരിടാന്‍ ശ്രമിച്ച കൗരവ സൈന്യം ആ ഭികരതയ്ക്കുമുന്നില്‍ നിഷ്പ്രഭരായി. കൃഷ്ണന്‍ അര്‍ജ്ജുനനു സമീപം വന്നു. '' അര്‍ജ്ജുനാ! കുതിരകള്‍ക്കു വെള്ളം നല്‍കാന്‍ നിവര്‍ത്തിയില്ല. ഇവിടെ നിന്നു അവയെ അകലെ കൊണ്ടുപോകുന്നതും ഭൂഷണമല്ല! '' അര്‍ജ്ജുനന്‍ നിമിഷാര്‍ദ്ധത്തില്‍ വരുണനെ അഭിമന്ത്രിച്ച് ഒരു അസ്ത്രം ഭൂമിയിലേക്കു അയച്ചു. സച്ഛ ജലം നിറഞ്ഞ സരസ്സ് യുദ്ധഭൂമിയില്‍ ഉണ്ടായി. അര്‍ജ്ജുനാസ്ത്രങ്ങളായിരുന്നു ആ സരസ്സിന്റെ അതിരുകള്‍. കൃഷ്ണന്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ കുതിരകളെ കൊണ്ടുവന്നു. അവയുടെ ദേഹത്തു തറച്ചിരുന്ന അസ്ത്രങ്ങള്‍ അനുകമ്പയോടെ അടര്‍ത്തിയെടുത്ത് മുറുവുകളില്‍ തലോടി. കുതിരകള്‍ക്കു ജലം നല്കി. അവയെ കരുണയോടെ തഴുകി താലോലിച്ചു. കൗരവര്‍ക്ക് ഇതെല്ലാം അത്യത്ഭുതമായാണ് തോന്നിയത്. കുതിരകളെ പരിചരിച്ചിരുന്ന കൃഷ്ണനെ തന്നെ അവര്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. ഏവര്‍ക്കും യുദ്ധം ചെയ്യണമെന്ന തോന്നല്‍ പോലും നഷ്ടമായി. കൃഷ്ണ പ്രഭയുടെ മായയില്‍ സകലരും സകലതും മറന്നു. മറ്റൊരു വൃന്ദാവനം പോലെ കുരുക്ഷേത്രം കാണപ്പെട്ടു. കൃഷ്ണന്‍ കുതിരകളെ ആവശ്യത്തിന് വെള്ളം കുടിപ്പിച്ച്, ക്ഷീണം തീര്‍ത്ത്‌ രഥത്തില്‍ പൂട്ടി. കൃഷ്ണന്റെ ഈ പ്രവര്‍ത്തി, സമയത്തെ കുറിച്ച് തങ്ങള്‍ ഒട്ടും ആശങ്ക പെടുന്നില്ലന്നബോധം ശത്രുക്കളില്‍ ജനിപ്പിച്ചു.

പുതു ജീവന്‍ വെച്ച കുതിരകള്‍ ജയദ്രഥനെ ലക്ഷ്യമാക്കി നീങ്ങി. അവര്‍ സൂചിവ്യുഹത്തിന്റെ പ്രവേശന കവാടത്തില്‍ എത്തി. വ്യുഹത്തിലേക്കുള്ള അവരുടെ പ്രവേശനം തടുത്തു കൊണ്ടു ധൃതരാഷ്ട്രപുത്രരെത്തി. അര്‍ജ്ജുന വീര്യത്തോട് കിടനില്‍ക്കനാവാതെ അവര്‍ക്ക് പിന്തിരിഞ്ഞോടെണ്ടി വന്നു. കൃഷ്ണാര്‍ജ്ജുനന്മാര്‍ ജയദ്രഥനെ കണ്ടു. ഏതു നിമിഷവും ജയദ്രഥന്‍ വധിക്കപ്പെടുമെന്ന ഘട്ടമെത്തി. ദ്രോണരും ക്രുതവര്‍മ്മാവും പോര്‍വിളി ആയി എത്തിയെങ്കിലും അര്‍ജ്ജുന ശരങ്ങല്‍ക്കു മുന്നില്‍ നിഷ്പ്രഭരായി.

ദുര്യോധനന്‍ അര്‍ജ്ജുനനുമായി ഏറ്റുമുട്ടി. ആചാര്യ ദത്തമായ പടച്ചട്ട അണിഞ്ഞ ദുര്യോധനന്‍ ഏറെ കരുത്തനായി കാണപ്പെട്ടു. ഗാണ്ടീവാസ്ത്രങ്ങളെ തടുത്തു നിര്‍ത്താന്‍ ആ പടച്ചട്ടയ്ക്കു കഴിഞ്ഞു. ദുര്യോധനാസ്ത്രങ്ങള്‍ അര്‍ജ്ജുനനെയും കൃഷ്ണനെയും പരുക്കേല്പ്പിച്ചു. കൃഷ്ണന്‍ പറഞ്ഞു. " ദുര്യോധനനില്‍ പുതിയതായി ഏതോ ശക്തി കടന്നു കൂടിയിരിക്കുന്നു. അയാളുടെ അഭ്യാസ പ്രകടനത്തില്‍ മുന്‍പെങ്ങുമില്ലാത്ത കരുത്തു ഞാന്‍ കാണുന്നു. അതു കണ്ടെത്താന്‍ ശ്രമിക്കൂ പാര്‍ത്ഥാ! " അര്‍ജ്ജുനന്‍ അടുത്ത നിമിഷം ദുര്യോധനന്‍ അണിഞ്ഞിരുന്ന പടച്ചട്ടയുടെ മഹത്വം തിരിച്ചറിഞ്ഞു. അദ്ദേഹം ആ പടച്ചട്ട കീറി മുറിക്കാന്‍ കഴിവുള്ള 'മാനവാസ്ത്രം' അഭി മന്ത്രണം ചെയ്ത് ദുര്യോധനനു നേരേ പ്രയോഗിച്ചു. ലക്‌ഷ്യം കണ്ടെത്തും മുമ്പ് അശ്വര്‍ത്ഥമാവ് ആ അസ്ത്രം തന്റെ പ്രയോഗ വൈദഗ്ധ്യം കൊണ്ടു മുറിച്ചു കളഞ്ഞു. ആവര്‍ത്തനം ദൂഷ്യ ഫലം ഉളവാക്കുന്ന ആ മന്ത്രം വീണ്ടും അഭിമന്ത്രിക്കാന്‍ അര്‍ജ്ജുനന്‍ ശ്രമിച്ചില്ല. അര്‍ജ്ജുനന്‍ കൃഷ്ണനോടു പറഞ്ഞു. " ഏറെ വിശിഷ്ടമായ ഈ പടച്ചട്ട ഒരു സ്ത്രീ ധരിക്കും പോലെയാണു ദുര്യോധനന്‍ അണിഞ്ഞിരിക്കുന്നത്‌. ആചാര്യന്‍ നല്‍കി, ശ്രേഷ്ഠമെന്ന വിശേഷണത്തോടെ ഞാനതണിഞ്ഞു അത്രമാത്രം! കുങ്കുമത്തിന്റെ ഗന്ധമറിയാതെ അതു ചുമക്കുന്ന ഗദ്ദഭം പോലെ..!" അര്‍ജ്ജുനന്‍ ചിരിച്ചു കൊണ്ടു ദുര്യോധനന്റെ പടച്ചട്ട അണിയാത്ത ശരിര ഭാഗങ്ങളിലേക്ക് തുടരെ തുടരെ അസ്ത്രങ്ങള്‍ അയച്ചു. കൈവെള്ള പോലും അര്‍ജ്ജുനാ അസ്ത്രങ്ങളാല്‍ മൂടപെട്ട ദുര്യോധനന്‍ കഠിന വേദനയോടെ യുദ്ധ ഭൂമി വിട്ടോടി. അര്‍ജ്ജുനന്‍ സൂചിമുഖവ്യൂഹത്തിലേയ്ക്കു കടന്നു. 

സൂര്യാസ്തമയത്തിനു ഇനി ഏതാനും നാഴികകള്‍ മാത്രം! ജയദ്രഥന്‍ ഇപ്പോഴും ലകഷ്യ സ്ഥാനത്തുനിന്നു അല്പം അകലെയാണ്.‌ അങ്ങോട്ടുള്ള മാര്‍ഗം കൗരവ മഹാരഥന്മാരാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അവര്‍ ഒരു കോട്ട ജയദ്രധനു ചുറ്റും സൃഷ്ടിച്ചിരിക്കുന്നു. കൃഷ്ണന്‍ ആകെ ദുര്‍ഘടാവസ്ഥയിലായി. അദ്ദേഹം അര്‍ജ്ജുനനോടു പറഞ്ഞു. ''അര്‍ജ്ജുനാ! താങ്കള്‍ ഗാണ്ടീവത്തിന്റെ ഞാണൊലി ആവുന്നതും ദൂരത്തില്‍ കേള്‍പ്പിക്കുക! ഞാന്‍ പാഞ്ചജന്യ ധ്വനി ഉറക്കെ വര്‍ഷിക്കാം. ഈ രണ്ടു ശബ്ദവും ഒന്നിച്ചു കേള്‍ക്കുമ്പോള്‍ കൗരവരില്‍ ഒരു ഭയം പ്രകടമാകും. പാണ്ഡവരില്‍ അത്യുത്സാഹവും. ഈ രണ്ടു ശബ്ദവും ആകാശം കീറിമുറിച്ചു. കൃഷ്ണന്റെ മുഖം പൊടിപടലം കൊണ്ടു മൂടി. അര്‍ജ്‌ജുനന്‍ വളരെ അടുത്തെത്തിയെന്ന ബോധം കൗരവരില്‍ ഉണ്ടായി. അവര്‍ ഭുരിശ്രവസ്സ്, ശലന്‍, രാധേയന്‍, കൃപര്, അശ്വത്ഥമാവ് ഇവര്‍ ഒത്തുചേര്‍ന്ന് അര്‍ജ്ജുന മുന്നേറ്റം തടുത്തു. ഈ മഹാരഥന്മാരോട് ചേര്‍ന്നു കര്‍ണ പുത്രനായ വൃഷസേനനും അര്‍ജ്ജുനനെ പ്രതിരോധിച്ചു. അര്‍ജ്ജുനന്റെ ഗാണ്ടീവം വിശ്രമമില്ലാതെ ശരങ്ങള്‍ പൊഴിച്ചു. ശത്രുക്കളെ പീഡിപ്പിച്ചു. യുദ്ധം നീളുന്നതിനിടയില്‍ സൂര്യന്‍ അപ്രത്യഷ്യമായ് തുടങ്ങി.

യുദ്ധ ഭൂമിയില്‍ മറ്റൊരിടത്ത് പാണ്ഡവ സൈന്യം ദ്രോണരോടു യുദ്ധം ചെയ്തു കൊണ്ടിരുന്നു. യുധിഷ്ഠിരനോട് ശക്തമായ ഏറ്റുമുട്ടല്‍ നടത്തിയ ദ്രോണര്‍ക്ക് പലപ്പോഴും പരാജയം നേരിടേണ്ടി വന്നു. യുധിഷ്ഠിരന്റെ കരുത്തു ദ്രോണരെ കവച്ചു വെച്ചു. ഇന്ദ്രന്റെ വജ്രായുധം പോലെ ഒരു 'ശക്തി' യുധിഷ്ഠിരന്‍ ദ്രോണര്‍ക്കു മേല്‍ പ്രയോഗിച്ചു. അതിന്റെ കണ്ണഞ്ച്പ്പിക്കുന്ന പ്രകാശത്തിലും, വേഗതയിലും ദ്രോണര്‍ വധിക്കപ്പെട്ടതായി ഏവരും കണക്കുകൂട്ടി. എന്നാല്‍ ദ്രോണര്‍ 'ബ്രഹ്മാസ്ത്രം' കൊണ്ടു 'ശക്തിയെ' തടുത്തു. ദ്രോണര്‍ യുധിഷ്ഠിരനെ ലക്ഷ്യമാക്കി പ്രയോഗിച്ച ഗദ മറ്റൊരു ഗദയാല്‍ യുധിഷ്ഠിരന്‍ തടുത്തു. രണ്ടു ഗദയും തമ്മില്‍ ഏറ്റുമുട്ടി യുദ്ധരംഗത്തു തീപ്പൊരി വര്‍ഷിച്ചു. ശക്തി ആര്‍ജിച്ച ദ്രോണര്‍ അസ്ത്ര വര്‍ഷം തന്നെ നടത്തി. യുധിഷ്ഠിരന്റെ കൊടി മുറിച്ചു, കുതിരകളെ കൊന്നു, രഥം നശിപ്പിക്കുന്നതിനു മുന്പായി യുധിഷ്ഠിരന്‍ അതില്‍നിന്നു ചാടിയിറങ്ങി നിരായുധനായി നിന്ന അദ്ദേഹത്തിന് നേരെ ദ്രോണര്‍ 'സമ്മൊഹനാ അസ്ത്രം' പ്രയോഗിച്ചു. യുധിഷ്ഠിരനും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്ന സൈന്യവും ബോധരഹിതരായി. അവസരം തന്ത്ര പുര്‍വ്വം മുതലെടുക്കാനായി ദ്രോണര്‍ ഞൊടിയിടയില്‍ രഥത്തില്‍ നിന്നും ചാടി. അദ്ദേഹം യുധിഷ്ഠിരന്റെ സമീപത്തേയ്ക്കു നീങ്ങി. ബുദ്ധിമാനും തന്ത്ര ശാലിയുമായ സാത്യകി നിമിഷ വേഗത്തില്‍ പാഞ്ഞെത്തി, യുധിഷ്ഠിരനെ തന്റെ രഥത്തില്‍ കയറ്റി അകലേയ്ക്കു പാഞ്ഞു.

മൂന്നാമത്തെ പ്രാവശ്യവും യുധിഷ്ഠിരനെ പിടിക്കാനുള്ള ദ്രോണരുടെ തന്ത്രം പാളി. ആദ്യത്തെ തവണ അര്‍ജ്ജുനന്‍ പാഞ്ഞെത്തി ജേഷ്ടനെ രക്ഷിച്ചു, രണ്ടാമത് യുധിഷ്ഠിരന്‍ സ്വരക്ഷ മുന്‍നിര്‍ത്തി, പിടികൊടുക്കാതെ യുദ്ധ രംഗത്തു നിന്നും പലായനം ചെയ്തു. ദുര്യോധനനെ സന്തോഷിപ്പിക്കാനും വാക്കുപാലിക്കാനും കഴിയാത്ത 'ഇച്ഛാഭംഗം' ദ്രോണരെ ഏറെ അസ്വസ്ഥനാക്കി. വീണ്ടും സങ്കുലമായി തീര്‍ന്ന യുദ്ധത്തില്‍ കേകയ രാജാവായ ബ്രുഹത്ക്ഷത്രന്‍ ക്ഷേമധൂര്‍ത്തിയെ കൊന്നു. ത്രിഗര്‍ത്തന്മാരില്‍ ഒരാളായ വിരാധന്വാന്‍, പാണ്ഡവസൈന്യത്തിനു ഏറെ നാശം വരുത്തി. അദ്ദേഹം ചേദി രാജാവായ ധൃഷ്ടകേതുവുമായി ഏറ്റുമുട്ടി. വാശിയേറിയ ദ്വന്ദ്വ യുദ്ധത്തിനൊടുവില്‍ വിരാധന്വന്‍ കൊല്ലപ്പെട്ടു. നകുലസഹദേവ്ന്മാരും, സാത്യകിയും, ദ്രോണരോടും, ശലനോടും ഏറ്റുമുട്ടി. ഒടുവില്‍ ശലന്‍ സഹദേവ പുത്രനാല്‍ വധിയ്ക്കപ്പെട്ടു. അലംബുഷനും ഘടോല്‍ക്കചനും തമ്മിലുണ്ടായ മായാപ്രയോഗങ്ങള്‍ കാണികളുടെ കൗതുകവും ശ്രദ്ധയും പിടിച്ചുപറ്റി. ഏറെ കരുത്തനായ അലംബുഷന്‍ പാണ്ഡവ സൈന്യത്തെ ശക്തമായ രീതിയില്‍ പീഡിപ്പിച്ചു എന്നാല്‍ ഭീമ പുത്രന്‍ തന്റെ അജയ്യ ശക്തി ഉള്‍ക്കൊണ്ട് അലംബുഷനെ പൊക്കിയെടുത്തു മേല്‍പ്പോട്ടെറിഞ്ഞു. ആ 'ബകന്റെ' സുഹൃത്ത്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ഏതാനും കഷണങ്ങളായി നിലം പതിച്ചു. ഭീമന്‍ സന്തോഷത്താല്‍ മതിമറന്നു. പുത്രനെ വാരിയെടുത് ആശ്ലേഷിച്ചു. കൗരവ സഖ്യത്തിനു ഇതൊരു തിരിച്ചടിയായി. ഈ ആഘോഷത്തിനിടയിലാണ് കൃഷ്ണന്റെ പാഞ്ചജന്യ ധ്വനി കേട്ടത്. ബഹളത്തിനിടയില്‍ ഗാണ്ടീവതിന്റെ ഞാണൊലി അവരുടെ കാതുകളില്‍ എത്തിയില്ല. അര്‍ജ്ജുന സഹായത്തിന് ഒരാള്‍ കൂടി വേണമെന്ന മുന്നറിയിപ്പാണ് കൃഷ്ണന്‍ നല്കിയതെന്നു യുധിഷ്ഠിരന്‍ തെറ്റിദ്ധരിച്ചു. 'തന്റെ സഹോദരന് എന്തോ ആപത്തു പിണഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് സഹായം എത്തിക്കാനാണ് കൃഷ്ണന്‍ അഭ്യര്‍ത്ഥിക്കുന്നത്.' യുധിഷ്ഠിരന്‍ ആകെ ധര്‍മ സങ്കടത്തിലായി. അദ്ദേഹം സാത്യകി യെ സമീപിച്ചു, "സാത്യകി! നമ്മുടെ അര്‍ജ്ജുനന്‍ ഏതോ ആപത്തില്‍ പെട്ടിരിക്കുന്നതെന്നാണ് കൃഷ്ണന്‍ പാഞ്ചജന്യ ധ്വനിയിലൂടെ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് സഹായം എത്തിക്കേണ്ടത്‌ ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുന്നു.

അതിനു താങ്കളോളം യോഗ്യനായി ഞാന്‍ ആരെയും കാണുന്നില്ല. അങ്ങ് അര്‍ജ്ജുനന് ഏറെ പ്രിയനാണ്. യുദ്ധത്തില്‍ കൃഷ്ണതുല്യനായി ഞാന്‍ കാണുന്നത് അങ്ങയെ മാത്രമാണ്. എന്റെ അപേക്ഷ മാനിച്ചു അങ്ങ് അര്‍ജ്ജുന രക്ഷക്ക് പുറപ്പെടണം." സാത്യകി ആകെ ചിന്താക്കുഴ്പ്പതിലായി, "അര്‍ജ്ജുനന്‍ വിശ്വാസപൂര്‍വം തന്നെ എല്പ്പിച്ച 'യുധിഷ്ഠിരന്‍ ' അദ്ദേഹത്തെ വിട്ടുപോകുക അസാദ്ധ്യം തന്നെ. താന്‍ പോയിക്കഴിഞ്ഞു ദ്രോണര്‍ എന്തെങ്കിലും സാഹസം കാട്ടിയാല്‍ യുധിഷ്ഠിരന്‍ പിടിക്കപ്പടും. ഈ സാധു അതിനെപറ്റി ചിന്തിക്കുന്നേയില്ല. ആചാര്യന്‍ ആകെ ഭയക്കുന്നത് തന്റെ യുദ്ധ കുശലതയാണ്. എന്നാല്‍ എന്റെ ഗുരുവിനെ തുണയ്ക്കണ്ടതും എനിക്ക് ഒഴിവാക്കാനാവില്ല." വിഷണ്ണ്ന്നായ സാത്യകി അറിയിച്ചു, "അങ്ങ് ദുഖി:ക്കേണ്ട ഒരാവശ്യവും ഇപ്പോള്‍ ഇല്ല. ഞാനിവിടം വിട്ടുപോകുന്നത് അങ്ങേക്ക് ആപത്തു വരുത്തും. എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കു ഗുരുവിനെ അഭിമുഖികരിക്കാന്‍ പോലും ബുദ്ധിമുട്ടാകും.." 

സാത്യകി യുടെ സംശയം അസ്ഥാനത് ആണന്നു യുധിഷ്ഠിരന്‍ സമര്‍ച്ചു. "സാത്യകി! ഇപ്പോള്‍ നമുക്കെല്ലാം വിലപ്പെട്ടത്‌ അര്‍ജ്ജുനന്റെ ശപഥവും, അദ്ദേഹത്തിന്റെ ജീവനുമാണ്. അങ്ങു പൊയ്ക്കൊള്ളു, ധൃഷ്ടദൃമ്നനും , ഭീമനും എന്റെ രക്ഷക്ക് ഉണ്ടാകും, എല്ലാറ്റിനും ഉപരിയായി നമ്മുടെ പ്രഭുവും ! "

സാത്യകി ഏറെ വിനയാന്വിതനായി, "ഞാന്‍ അങ്ങയുടെ വാക്കുകള്‍ മാനിക്കാം. എന്റെ കുതിരകളുടെ ക്ഷീണം തീര്‍ത്തു ഞാനുടന്‍ പോകാം. അങ്ങു സ്വരക്ഷ നോക്കുമെന്ന് എനിക്കു വാക്ക് തരണം. അല്പം മുന്പുതന്നെ നിമിഷങ്ങളുടെ ഇടവേളയിലാണ് ഞാന്‍ അങ്ങയുടെ വിലപെട്ട ജീവന്‍ രക്ഷിച്ചത്‌." യുധിഷ്ഠിരന്‍ ഉറപ്പു നല്കി. 

സാത്യകി കുതിരകളെ തേരില്‍ നിന്ന് അഴിച്ചുവിട്ടു, അതിനു തീറ്റയും ജലവും നല്കി. സ്വയം സ്നാനം ചെയ്തു, വീര്യം കിട്ടാനായി കാട്ടു തേന്‍ പാനം ചെയ്തു. പുതുപുഷ്പങ്ങള്‍ കൊണ്ടുള്ള ഹാരം ധരിച്ചു. ദാരുക സഹോദരനായിരുന്നു സാത്യകിയുടെ സാരഥി. അയാള്‍ കുതിരകളെ രഥത്തില്‍ പൂട്ടി. ആവശ്യമായ ആയുധങ്ങള്‍ രഥത്തില്‍ നിറച്ചു. സാത്യകി യുധിഷ്ഠിര സമീപം ചെന്ന് അദ്ദേഹ ത്തിന്റെ പാദ പാംസുക്കള്‍ സ്വന്തം ശിരസ്സില്‍ ചൂടി, അനുഗ്രഹം തേടി. യുധിഷ്ഠിരന്‍ അദ്ധേഹത്തെ ആശ്ലേഷിച്ചു.

കൗരവ സൈന്യത്തിന് നേരേ നീങ്ങിയ സാത്യകി യെ അനുഗമിച്ച ഭീമനോട് അദ്ദേഹം പറഞ്ഞു, "ഭീമാ! ജേഷ്ടനെ പ്രത്യേകം ശ്രദ്ധിക്കണം, ദ്രോണര്‍ ഏറെ തന്ത്ര ശാലിയാണ്." ആ സുഹുത്തുക്കള്‍ പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞു. ധീരനായ സാത്യകി അതിവേഗം വ്യൂഹത്തിലേക്ക് കടന്നു. ദ്രോണര്‍ സാത്യകിയെ തടുത്തുക്കൊണ്ട് മുന്നിലെത്തി.

തുല്യശക്തരായ അവര്‍ തമ്മിലുള്ള പോരാട്ടം ഒരേസമയം ഭയാനകവും ഗംഭിരവുമയിരുന്നു. സമയം ഏറെ കടന്നുപോയിട്ടും രണ്ടുപേരും തമ്മില്‍ ശക്തമായ രീതിയില്‍ പോരു ചെയ്തു കൊണ്ടേയിരുന്നു. ഇടയ്ക്ക് ദ്രോണര്‍ പറഞ്ഞു, "സാത്യകി ! താങ്കളുടെ ഗുരുവായ അര്‍ജ്ജുനന്‍ ഒരു ഭീരുവാണ്. അയാള്‍ എന്നോടു യുദ്ധം ചെയ്യാതെ ചരിച്ചു കൊണ്ടു എന്നെ പ്രദിക്ഷണം ചെയ്തു മുന്നോട്ടു പോയി. ആ ഭീരുത്വം താങ്കള്‍ കാണിക്കില്ലന്നു എനിക്കു ഉറപ്പുണ്ട്."

സാത്യകിയുടെ പ്രതികരണം മറിച്ചായിരുന്നു. ''ഗുരോ! അങ്ങ് എന്റെ ഗുരുവിന്റെ ആചാര്യനാണ്. ആചാര്യ പാദം പ്രണമിക്കുന്നതു ഉചിതമായ ശിഷ്യ ധര്‍മ്മമാണ് അദ്ദേഹം അങ്ങിനെ ചെയ്തത് ഭീരുത്വമായി ഞാന്‍ കാണുന്നില്ല." സംസാരത്തിനിടയില്‍, നിമിഷ നേരം കൊണ്ട് സാത്യകിയുടെ രഥം ദ്രോണരെ പ്രദിഷിണം ചെയ്തു വളരെ വേഗം മുന്നോട്ടു നീങ്ങി. ദ്രോണര്‍ പിന്നാലെ പാഞ്ഞെത്തി. എന്നാല്‍ സാത്യകിയുടെ വേഗത്തെ കൈവെക്കനായില്ല. സാത്യകി പോരിനായി വന്ന ബാഹ്ലീക സൈന്യത്തെ ഒഴിവാക്കി രാധേയ സൈന്യവുമായി ഏറ്റുമുട്ടി. ക്രുതവര്‍മ്മാവും സാത്യകിക്ക് വെല്ലുവിളിയുമായെത്തി. സഹോദരന്മാരും, പരസ്പരം ശത്രു പക്ഷക്കാരും ആയിരുന്ന അവര്‍ തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു, ക്രുതവര്‍മ്മാവിന്റെ അസ്ത്രങ്ങള്‍ സാത്യകിയെ ഏറെ പീഡിപ്പിച്ചു. ഒട്ടും കൂസാതെ ആ യുവകേസരി ക്രുതവര്‍മ്മാവിന്റെ കൊടി മുറിച്ചു, തെരാളിയെ കൊന്നു. ഒന്നു പതറിയ കൃതവര്‍മ്മാവ്‌ വീണ്ടും പോരിനു തയ്യാറെടുക്കുന്നതിനിടയില്‍ സാത്യകി ഗുരുവിനെ തേടി മുന്നോട്ടു പാഞ്ഞു.

സാത്യകിയോടു പരാജിതനാകേണ്ടി വന്ന ക്രുതവര്‍മ്മാവ് വര്‍ധിച്ച ശൌര്യത്തോടെ പോര്‍ക്കളത്തിന്റെ മറ്റൊരു ഭാഗത്ത്‌ നിന്ന ഭീമനോട് എതിര്‍ത്തു. ഭീമ സഹായത്തിനു എത്തിയ ധൃഷ്ടദൃമ്നനെയും ക്രുതവര്‍മ്മാവ് തന്റെ അസ്ത്രങ്ങള്‍ കൊണ്ടു പരുക്കെല്പ്പിച്ചു . ധൃഷ്ടദൃമ്നന്റെ സാരഥിയെ കൊന്നു. അദ്ദേഹത്തിന്റെ ശൌര്യത്തെ നേരിടാനാകാതെ പാണ്ഡവര്‍ പിന്തിരിഞ്ഞു. ക്രുതവര്‍മ്മാവ് സാത്യകി പോയ വഴി തേടി പോര്‍ക്കളത്തില്‍ രഥവുമായി അലഞ്ഞു. കടന്നുപോയ വഴികളിലെല്ലാം നാശം വിതറിയ സാത്യകിയെ വെല്ലു വിളിച്ചുകൊണ്ട് ജലന്ധനും അദ്ധേഹത്തിന്റെ ഗജ സൈന്യവും എത്തി. കൃഷ്ണ സഹോദരന്‍ ഒട്ടും കുസിയില്ല. പോരാട്ടത്തിനൊടുവില്‍ ഗജങ്ങള്‍ വളരെവേഗം യുദ്ധ ഭൂമിയില്‍ മരിച്ചു വീണു. ഘോരമായ മൂന്ന് ശരങ്ങള്‍ തുടരെ തുടരെ അയച്ച് സാത്യകി ജലന്ധന്റെ കൈകളും ശിരസ്സും വേര്‍പെടുത്തി. ദ്രോണര്‍ വീണ്ടും സാത്യകി യ്ക്കു നേരെ പാഞ്ഞെത്തി. യുദ്ധം സങ്കുലമായി. സാത്യകി അസ്ത്രത്താല്‍ ദ്രോണരുടെ കൊടി മുറിച്ചു, അശ്വങ്ങളെ പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ അശ്വങ്ങള്‍ ദ്രോണരേയും വലിച്ചു കൊണ്ട് യുദ്ധ ഭൂമിയുടെ മറ്റൊരു വശത്തേക്ക് പലായനം ചെയ്തു. ഈ ഘട്ടത്തില്‍ ക്രുതവര്‍മ്മാവ് മടങ്ങിയെത്തി സാത്യകിയുമായി യുദ്ധം ചെയ്തു. പോരാട്ടം ശക്തമായി. ക്രുതവര്‍മ്മാവ് സാത്യകിയുടെ സാരഥിയെ പരുക്കേല്‍പ്പിച്ചു. അയാള്‍ ബോധരഹിതനായപ്പോള്‍, സാത്യകി കടിഞ്ഞാണ്‍ കയ്യിലേന്തി ഒറ്റ കൈകൊണ്ടു യുദ്ധം ചെയ്തു. സാത്യകിയുടെ അസ്ത്രങ്ങള്‍ ക്രുതവര്‍മ്മാവിന്റെ പടച്ചട്ട തുളച്ചുകയറി. ക്രുതവര്‍മ്മാവ് ബോധരഹിതനായി വീണു. സാത്യകി ഞൊടിയിടയില്‍ കൗരവ വ്യുഹത്തിനുള്ളിലേക്ക് പാഞ്ഞു. അദ്ദേഹത്തിന്റെ ഉജ്വല കാന്തി മദ്ധ്യാഹ്ന സൂര്യനെ കവച്ചു വയ്ക്കും വിധം ഭാസ്വരവും, കാന്തി ദീപ്തവുമായിരുന്നു. മറ്റൊരു കൃഷ്ണനെ പോലെ സാത്യകി തിളങ്ങി. ശക്തമായ സൈന്യവുമായി പ്രതിരോധം സൃഷ്ടിച്ച ദുര്യോധനനെ സാത്യകി തന്റെ അസ്ത്ര വൈധഗ്ദ്യത്താല്‍ പരാജയപ്പെടുത്തി വീണ്ടും മുന്നോട്ടു കുതിച്ചു. പ്രതിരോധം സൃഷ്ടിച്ച് എത്തിയ കലിംഗനമാരെയും നിഷാദന്‍മ്മാരെയും കാംബോജന്മ്മാരെയും മാഗധന്മ്മാരെയും സാത്യകി തന്റെ വര്‍ധിച്ച വീര്യത്താല്‍ കാലപുരിക്കയച്ചു. ഈ സമയം അര്‍ജ്ജുനന്‍ ജയദ്രഥന്റെ അംഗ രക്ഷകരുമായി യുദ്ധം ചെയ്തു കൊണ്ടിരുന്നു. മഞ്ഞു പോലുള്ള കുതിരപ്പുറത്തു ശത്രു നിരയിലൂടെ അതിവേഗം പാഞ്ഞു കൊണ്ടിരുന്ന സാത്യകി അര്‍ജജുനന്‍ തന്നെ എന്ന ബോധം പലരിലും ഉളവാക്കി. യവനന്‍മ്മാര്‍ സൃഷ്ടിച്ച പ്രതിരോധവും സാത്യകി തകര്‍ത്തു മുന്നോട്ടു കുതിച്ചു. വീണ്ടും ദുര്യോധനനും സൈന്യവും സാത്യകി യെ നേരിട്ടു. സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ സാത്യകി തന്റെ സാരഥിയോടു പറഞ്ഞു. "ഞാന്‍ കൃഷ്ണ സഹോദരനും, അര്‍ജ്ജുന ശിഷ്യനുമാണ്. എന്നോടു എതിരിടുന്ന ഈ ദുര്യോധനന്‍ പാപിയാണ്. ഇയാളെയും സംഘത്തെയും ഞാന്‍ ശക്തികൊണ്ടു തോല്പ്പിക്കും." സാത്യകിയുടെ വീര്യത്തെ തടുക്കാന്‍ ദുര്യോധനന്റെ സൈനികര്‍ക്ക് ആയില്ല. അവര്‍ ഓരോരുത്തരായി മരിച്ചുവീണു. ഉഗ്രമായ ഒരു അസ്ത്രം കൊണ്ടു സാത്യകി ദുര്യോധനന്റെ കുതിരകളെ മുറിവേല്പ്പിച്ചു. സാരഥി യെ വീഴ്ത്തി. കുതിരകള്‍ വേദന സഹിക്കാനാകാതെ രാജാവിനെയും വലിച്ചുകൊണ്ടു പോര്‍ക്കളത്തില്‍ പാഞ്ഞു നടന്നു. വീരനായ സാത്യകി തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടര്‍ന്നു.

സാത്യകിയുടെ പ്രയാണം ഏതു വിധേനയും തടയണമെന്നു ദുര്യോധനനും അദ്ധേഹത്തിന്റെ സഹോദരനായ ദുശ്ശാസനനും നിശ്ചയിച്ചുറച്ചു. അര്‍ജ്ജുനന്‍ നശിപ്പിച്ചതിലും ഏറെ കൗരവ സൈന്യത്തെ സാത്യകി കൊന്നൊടിക്കിയിരിക്കുന്നു. കല്ല്‌ കൊണ്ടുള്ള അഭ്യാസത്തില്‍ കരുത്തരായ ഒരു സംഘം സൈനികരെ ദുര്യോധനന്‍ സാത്യകിയെ പ്രതിരോധിക്കാന്‍ അയച്ചു. അവര്‍ കല്ലുകള്‍ സാത്യകിയുടെ മേല്‍ പേമാരി കണക്കെ വര്‍ഷിച്ചു. കരുത്തനും, തേജസ്സിയുമായ സാത്യകി ആ കല്ലുകളെല്ലാം തന്നെ തന്റെ ആസ്ത്ര പ്രയോഗ മികവില്‍ ചിന്നഭിന്നമ്മാക്കി. ആ പോരാളികള്‍ എല്ലാം സാത്യകി യുടെ വര്‍ധിച്ച വീര്യ ബലത്തില്‍ കൊല്ലപ്പെട്ടു. ഈ ഭയങ്കരമായ ബഹളം ശ്രദ്ധിച്ചു കൊണ്ടിരുന്ന ദ്രോണര്‍ സാരഥി യോടു പറഞ്ഞു, "സാത്യകി ഇന്നു അര്‍ജ്ജുനനെക്കാള്‍ ശക്തനായി കാണപ്പെടുന്നു. നമ്മുടെ സൈന്യത്തെ രക്ഷിക്കാന്‍ താങ്കള്‍ എന്നെ എത്രയും വേഗം സാത്യകിയുടെ സമീപം എത്തിക്കുക." സാരഥി ദ്രൊണരൊടു ഉണര്‍ത്തിച്ചു. 'ആചാര്യാ! താങ്കളുടെ ആഗ്രഹം അനുചിതം തന്നെ. പക്ഷെ, ഈ മരിച്ചുവീണ യോദ്ധാക്കളുടെ ശരീരത്തിലൂടെ തേരോടിക്കുക അത്ര എളുപ്പമല്ല. മാത്രവുമല്ല, സാത്യകി വളരെ ദൂരത്തെത്തിയിരിക്കുന്നു. നമ്മുടെ ശോഷിച്ചു വരുന്ന സേനയ്ക്കു കരുത്തു പകരാന്‍ അങ്ങിവിടെ തന്നെ വ്യുഹം കാത്തു നില്ക്കുന്നതാണ് ഉചിതം എന്നാണ് എന്റെ എളിയ അഭിപ്രായം.' ദ്രോണര്‍ക്കും അതു ശരിതന്നെയെന്ന് തോന്നി. രാജാവിന്റെ അല്പമാത്രമായ സേനയുമായി ദുശ്ശാസനന്‍ ദ്രോണരുടെ മുന്പിലേക്കു വന്നു. ദ്രോണര്‍ ചോദിച്ചു, 'എന്തുപറ്റി യുവരാജാവേ! ജയദ്രഥനെ സംരക്ഷിക്കേണ്ട ഈ സന്ദര്‍ഭത്തില്‍ താങ്കള്‍ അവിടം വീട്ടു പോന്നത് ഒട്ടും ശരിയായില്ല. ഹസ്തിനപുര സദസ്സിലിരുന്നു വീമ്പിളക്കിയിരുന്ന അങ്ങയ്ക്കിപ്പോള്‍ സാത്യകി യെ നേരിടാന്‍ ഭയമാണോ? നിങ്ങള്‍ ആയിരം അസ്ത്രങ്ങള്‍ അയച്ചാല്‍ പോലും ആ വീരനെ ഒന്നും ചെയ്യാനാവില്ല. അങ്ങനെയുള്ള ആളെയാണോ കല്ലെറിഞ്ഞു വകവരുത്താന്‍ നോക്കിയത്? നിങ്ങളുടെ അഹന്തയും, ഗര്‍വ്വും എവിടെ പോയി? അങ്ങും രാജാവും എപ്പോഴും യുദ്ധം ചെയ്യാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത്‌ എന്തിന്? നിങ്ങള്‍ക്ക് യുദ്ധം ചെയ്തു കൂടെ? യുദ്ധ രംഗത്തുനിന്ന് പിന്‍മാറി നടക്കുന്ന അങ്ങ് ഒരു ഭീരു ആകുന്നത്‌ നാണക്കേടല്ലേ? പോയി യുദ്ധം ചെയ്യുക. ഒന്നുകൂടി ഓര്‍ക്കുക, ദുശ്ശാസനാ! ഇതു ചൂതാടിയ ഹസ്തിനപുരം കൊട്ടാരമല്ല! ധീരന്മാര്‍ ഏറ്റുമുട്ടുന്ന പടക്കളമാണ്. സാത്യകി യെ നേരിടാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെ ഭീമാഅര്‍ജ്ജുനന്മാരെ നേരിടും? ശ്രേഷ്ഠയായ പാണ്ഡവ പത്നിയെ രാജസഭയിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നപ്പോള്‍ കാട്ടിയ ശൌര്യം ഇപ്പോളെവിടെ പോയൊളിച്ചു? ദുര്യോധനനെ കൊണ്ട് ദുഷ്പ്രവര്‍ത്തികള്‍ ചെയ്യിച്ചതില്‍ അങ്ങും പിണിയാള്‍ ആണ്. അന്ന് നിങ്ങള്‍ പാണ്ഡവര്‍ക്കുനേരെ പ്രയോഗിച്ച 'പകിട ' ശരരൂപത്തില്‍ നിങ്ങളുടെ നേരെ പാഞ്ഞടുക്കുന്നു. ഓടി ഒളിക്കാന്‍ ഇനി പഴുതുകളില്ല. അധികം താമസിയാതെ നിങ്ങള്‍ പാണ്ഡവരാല്‍ വധിക്കപെടും. ഇത് വിധിയുടെ തീരുമാനമാണ്. മരണ വക്രത്തില്‍നിന്നും രക്ഷപെടാന്‍ വേണ്ടിയെങ്കിലും നിങ്ങള്‍ ഇനിയെങ്കിലും ഒരു പാണ്ഡവ മൈത്രിക്കു തയ്യാറാകൂ! മറിച്ചാണ് തീരുമാനം എങ്കില്‍ മടങ്ങിപ്പോയി യുദ്ധം ചെയ്യൂ! ലോകം അങ്ങയെ ഭീരുവെന്നു മുദ്ര കുത്താതിരിക്കട്ടെ. സൈനികര്‍ക്ക് വീര്യം നല്കേണ്ട സമയത്ത് അങ്ങ് തീര്ച്ചയായും പോര്‍ക്കളത്തില്‍ ഉണ്ടാകണം. അതാണ് വീരോജിതമായ രാജധര്‍മ്മം.

ലജ്ജിതനായ ദുശ്ശാസനന്‍ മടങ്ങിപ്പോയി. സാത്യകിയോടു പൊരുതാന്‍ തുടങ്ങി. വളരെ വേഗം വീല്ലും സാരഥിയും നഷ്ടപ്പെട്ട ദുശ്ശാസനന്‍ സാത്യകിയുടെ ദയക്ക് പാത്രമായി. ഭീമ ശപഥം ഓര്‍ത്ത സാത്യകി ദുശ്ശാസനനു 'പ്രാണഭിക്ഷ' നല്കി. ദ്രോണര്‍ വീണ്ടും പാണ്ഡവര്‍ക്കു നേരെ ആക്രമണം നടത്തി.

ഒരു ഘട്ടത്തില്‍ ശക്തനായ ധൃഷ്ടദൃമ്നന്‍ തന്റെ സഹോദരങ്ങള്‍ വധിക്കപെട്ട കോപത്തില്‍ ദ്രോണരെ ബോധാരഹിതനാക്കി. വാളോങ്ങി ദ്രോണരുടെ രഥത്തിലേക്ക് ചാടിക്കയറി. പെട്ടന്നു ബോധം വീണ്ടെടുത്ത ദ്രോണര്‍ ധൃഷ്ടദൃമ്നനോട് ശക്തമായി ഏറ്റുമുട്ടി. ഇത്തവണ ധൃഷ്ടദൃമ്ണന്‍ പരാജയം ഏറ്റുവാങ്ങി പിന്തിരിഞ്ഞു. മടങ്ങിവന്ന ദ്രോണര്‍ കേകയ സഹോദരനായ ബ്രുഹത്ഷ്ത്രനെ യുദ്ധത്തില്‍ വധിച്ചു. ശിശുപാല പുത്രനായ ദൃഷ്ടകേതുവും ദ്രോണര്‍രോട് ഏറ്റുമുട്ടി മൃത്യുവരിച്ചു. പ്രതികാര ദാഹിയായ ദ്രോണര്‍ ജരാസന്ധ പുത്രനേയും ധൃഷ്ടദൃമ്ന പുത്രനായ ക്ഷത്രധര്‍മനെയും യുദ്ധത്തില്‍ വധിച്ചു.

ഈ യുദ്ധ ബഹളത്തിനിടയിലും യുധിഷ്ഠിരന്റെ ശ്രദ്ധ 'ഗാണ്ഡിവ ധ്വനി' കേള്‍ക്കുന്നുണ്ടോ എന്നായിരുന്നു. അര്‍ജ്ജുന രക്ഷക്ക് അയച്ച സാത്യകിയുടെ വിവരവും ഇല്ല. സ്വതവേ ദുര്‍ബ്ബല ചിത്തനായ അദ്ദേഹം ആകെ വിവശനായി. താന്‍ പറഞ്ഞത്‌ കൊണ്ട് മാത്രമാണ് സാത്യകി ദ്രോണ വ്യൂഹത്തിലേക്ക് പോയത്. ഞാന്‍ മൂലം അദ്ദേഹത്തിന് വല്ല ആപത്തും സംഭവിച്ചുവോ? യുധിഷ്ഠിരന്‍ ഭീമന്റെ സമീപം എത്തി. "ഭീമാ ! അര്‍ജ്ജുനന്റെ വിവരം തിരക്കാനയച്ച സാത്യകിയുടെ വാര്‍ത്ത അറിയാതെ ഞാന്‍ ഉത്കണ്ടാകുലനാണ്. അങ്ങക്ക്‌ മാത്രമേ ഈ വിഷമ സന്ധിയില്‍ നിന്ന് എന്നെ രക്ഷിക്കാനാകൂ."

ഭീമന്‍ ചിരിച്ചു. "എന്റെ ജേഷ്ഠ! അര്‍ജ്ജുനനെ പറ്റി അങ്ങെന്തിനു ഉത്കണ്ടാകുലനാകുന്നു? നാളെ രാജാവാകേണ്ട അങ്ങക്ക്‌ ഈ തളര്‍ച്ച ഒട്ടും ഭൂഷ്ണമല്ല! " യുധിഷ്ഠിരന്റെ മുഖത്തെ വിഷമാവസ്ഥ വായിച്ചറിഞ്ഞ ഭീമന്‍ പറഞ്ഞു, "അങ്ങയുടെ ആഗ്രഹം പോലെ ഞാന്‍ കൗരവ വ്യുഹതിലേക്ക് പോകാം. സാത്യകിയെയോ, കൃഷ്ണാ അര്‍ജ്ജുനന്മ്മാരെയോ കണ്ടെത്തിയാല്‍ ഞാന്‍ 'സിംഹ ഗര്‍ജ്ജനം' മുഴക്കി അങ്ങയുടെ ഹൃദയം തണുപ്പിക്കാം. അനാവശ്യമായ ചിന്ത മനസ്സില്‍ നിന്നു തൂത്തെറിയൂജേഷ്ഠ !

ഈ ഭീമനുള്ളപ്പോള്‍ അങ്ങ് ദു:ഖിക്കാനിടവരില്ല." ഭീമന്‍ ധൃഷ്ടദൃമ്നനു സമീപം ചെന്നു. "ഞാന്‍ ജേഷ്ടന്റെ ആഞ്ജ പ്രകാരം അര്‍ജ്ജുനനെ തിരക്കി പോകുകയാണ്. അങ്ങ് അദ്ദേഹത്തിന് വേണ്ട സംരക്ഷണം നല്കണം.

ദ്രോണര്‍ ഏതു നിമിഷവും ചാടി വീഴും." ധൃഷ്ടദൃമ്നന്‍ സമാധാനിപ്പിച്ചു, "പൊയ്ക്കോളു ഭീമാ! യുധിഷ്ഠിരനെ ഞാന്‍ കാത്തുകൊള്ളം. എന്നെ കൊല്ലാതെ ദ്രൊണര്‍ക്കു യുധിഷ്ഠിരനെ പിടിക്കാനാവില്ല. എന്നാല്‍ ദ്രൊണര്‍ക്കു എന്നെ കൊല്ലാന്‍ സാദ്ധ്യമല്ല.. ഞാന്‍ തന്നെ ദ്രോണവധം ലക്ഷ്യമാക്കി ജനിച്ചവനാണ്."

ഭീമന്‍ സൈന്യ നിരയിലേക്ക് നീങ്ങുന്നത് കണ്ട ദ്രോണര്‍ പദ്മവ്യൂഹത്തിനു കാവടത്തില്‍ നില്പ്പായി. ദുശ്ശാസനനും സഹോദരന്മാരും ചേര്‍ന്ന ഒരു സംഘം ഭീമനെ തടുത്തു. അവരെ കണ്ടപ്പോള്‍ ഭീമന് അത്യുല്‍സാഹമായി. ദുശ്ശാസനന്‍ ശക്തിയേറിയ ഒരു കുന്തം ഭീമനു നേരേ എറിഞ്ഞു. ഭീമന്‍ ആ കുന്തം മുറിച്ചു ശത്രു നിരയിലേക്ക് പാഞ്ഞുകയറി. എഴു ധാര്‍ത്തരാഷ്ട്രന്മാരെ കൊന്നു കൊല വിളിച്ചു.

ഇപ്പോള്‍ മുപ്പത്തി ഒന്ന് ദുര്യോധന സഹോദരങ്ങള്‍ ഭീമനാല്‍ വധിക്കപ്പെട്ടു കഴിഞ്ഞു. വീണ്ടും മൂന്ന് പേരെ കൂടി ഭീമന്‍ വധിച്ചു. ഇപ്പോള്‍ ആകെ മുപ്പത്തി നാലുപേര്‍. ഈ അവസരം തനിക്കുണ്ടാക്കി തന്ന യുധിഷ്ഠിരനോട് ഭീമനു അളവറ്റ ആദരവു തോന്നി. തടുക്കാനെത്തിയ ശേഷിച്ച ധാര്‍ത്തരാഷ്ട്രര്‍ ജീവനും കൊണ്ടോടി. ഭീമന്‍ മുന്നോട്ടു കടന്നു. ദ്രോണര്‍ അസ്ത്രങ്ങള്‍ അയച്ചു ഭീമനെ പീഡിപ്പിച്ചു. അദ്ദേഹം പറഞ്ഞു, "അര്‍ജ്ജുനനും, സാത്യകിയും എന്നോട് യുദ്ധം ചെയ്യാതെ എന്നെ കബളിപ്പിച്ചു പ്രദിക്ഷിണം വെച്ചു മുന്നോട്ടു പോയി. താങ്കളെ ഞാന്‍ വ്യുഹത്തിലേക്ക് കടത്തിവിടില്ല. അല്ലയങ്കില്‍ യുദ്ധത്തില്‍ എന്നെ തോല്പിച്ചു മുന്നേറി കൊള്ളൂ. "ഭീമന്‍ പുച്ഛസ്വരത്തില്‍ ദ്രോണരൊടു പറഞ്ഞു, ''ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്ന വില്ലാളികളില്‍ ശ്രേഷ്ടനാണ് എന്റെ അനിയന്‍ അര്‍ജ്ജുനന്‍! അങ്ങു പറയുന്നു, അര്‍ജ്ജുനന്‍ അങ്ങയെ ഭയപ്പെട്ടു പിന്മാറി പോയെന്നു, ഒരിക്കലുമല്ല! അയാളുടെ മനസ്സില്‍ തന്റെ പുത്രന്റെ കൊലക്കു കൂട്ടു നിന്നതു ആചാര്യനാണെന്നറിഞ്ഞിട്ടു പോലും, അങ്ങയോടുള്ള ആദരവിന് കുറവുവന്നിട്ടില്ല. അര്‍ജ്ജുനന് ഇന്നും അങ്ങ് ആദരണീയനായ ഗുരുവാണ്. എന്നാല്‍ അങ്ങ് ചെയ്തതോ? ആ സത്ഗുണ സമ്പന്നനായ ശിഷ്യന്റെ അരുമ പുത്രന്റെ കൊലക്ക് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. എന്നാല്‍ ഞാന്‍ അര്‍ജ്ജുനനല്ല. ഭീമനാണ് ! എന്റെ മനസ്സില്‍ അങ്ങിപ്പോള്‍ ഗുരുവല്ല. വഞ്ചകനായ ശത്രുപക്ഷ സേനാനായകന്‍ മാത്രമാണ്. ഒരിക്കല്‍ അങ്ങക്ക്‌ ഞാന്‍ എന്റെ മനസ്സില്‍ ഗുരുസ്ഥാനം കല്പിച്ചിരുന്നു. എന്നാല്‍ എപ്പോള്‍ അങ്ങ് എന്റെ ജേഷ്ഠനെ പിടിച്ചുകെട്ടി 'ദുര്യോധന സവിധം' എത്തിക്കാമെന്നു വാക്കു നല്കിയോ, അന്നുമുതല്‍ അങ്ങെനിക്കു ഗുരുവല്ല! ദുര്യോധനനുവേണ്ടി എന്തു ചതിയും ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്ന സൈന്യാധിപന്‍ മാത്രം! അങ്ങ് ഞങ്ങളുടെ ശുഭകാംഷിയെയല്ല, ശത്രു മാത്രമാണ്. "ഭീമന്‍ രഥത്തില്‍ നിന്നും ചാടിയിറങ്ങി ഗദയുമോങ്ങി, ദ്രോണരുടെ നേരെ അടുത്തു. ദ്രോണര്‍ പ്രാണ രക്ഷാര്‍ത്ഥം രഥത്തില്‍ നിന്നും ചാടി. ഭീമന്‍ ദ്രോണരുടെ രഥത്തെയും സാരഥിയേയും തിരിച്ചറിയാനാവാത്ത വിധം പൊടിയാക്കി. കുതിരകളെ കൊന്നു. ഭീമന്‍ തന്റെ ജൈത്ര യാത്ര തുടര്‍ന്നു. ഭീമനു കടന്നു പോകാനുള്ള വഴി സാത്യകിയാല്‍ സുഗമമാക്കപെട്ടിരുന്നു. അല്പം കൂടി മുന്നോട്ടു ചെന്നപ്പോള്‍ യുദ്ധം ചെയ്തു കൊണ്ടിരുന്ന സാത്യകിയേയും ഏറെ അകലെയല്ലാതെ അര്‍ജ്ജുനനേയും ഭീമന്‍ കണ്ടു. 

യുധിഷ്ഠിരനെ ആശ്വസിപ്പിക്കും വിധം ഭീമന്‍ 'വര്‍ഷ ഗര്‍ജ്ജനം' മുഴക്കി. ഭീമന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി. ഭീമ ശബ്ദം കേട്ട കൃഷ്നാര്‍ജ്ജുനന്മ്മാരിലും അതിരറ്റ ആനന്ദം പ്രകടമായി. കൃഷ്ണാര്‍ജ്ജുനന്‍മ്മാര്‍ പ്രതികാഹളം മുഴക്കി, ഭീമനെ ഉണര്‍ത്തി. യുധിഷ്ഠിരന്‍ ഈ മൂന്നു ശബ്ദങ്ങളും കേട്ടു.

"എന്റെ ഭീമനോളം എനിക്കുവേണ്ടി ജീവന്‍ കളയുന്നവരായി മറ്റാരുമില്ല. കൃഷ്നാര്‍ജ്ജുനന്മാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല." കൗരവസേനയില്‍ ആകെ ഭീതി പടര്‍ന്നു. ഇതാ ഇവിടെ ഈ പാണ്ഡവ ത്രയങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു കൊണ്ടിരിക്കുന്നു. രാധേയന്‍ ഭീമനെ തടുത്തു കൊണ്ട് യുദ്ധം ചെയ്തു. രാധേയന്റെ മൂര്‍ച്ചയേറിയ അസ്ത്രങ്ങള്‍ ഭീമന്‍ തുട കൊണ്ടു തടുത്തു. തിരിച്ച് അസ്ത്രങ്ങള്‍ എയ്തു രാധേയനെ മുറിപ്പെടുത്തി. ഭീമന്റെ ഗദാ യുദ്ധവും ഗുസ്തിയും എടുത്തു പറയത്തക്ക വിധം കേള്‍വി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ അസ്ത്ര പരിഞ്ഞ്യാനത്തെ പറ്റി പലര്‍ക്കും ശങ്കയുണ്ടായിരുന്നു. താന്‍ നല്ലൊരു അസ്ത്ര അഭ്യാസി കൂടിയാണന്നു ഭീമന്‍ തെളിയിച്ചു. അദ്ദേഹം രാധേയന്റെ വില്ലു മുറിച്ചു. എന്നാല്‍ രാധേയന്‍ ആ സമയമെല്ലാം തന്റെ പൂര്‍ണ്ണത ഇല്ലാത്ത കരുത്തനായ സഹോദരനെ സ്നേഹത്തോടെ കടാക്ഷിച്ചു കൊണ്ടിരുന്നു. "എന്റെ കുഞ്ഞേ നിന്റെ മൂത്ത സഹോദരനോടാണ് നീ മര്യാദ ഇല്ലാത്ത രീതിയില്‍ പയറ്റുന്നത്. നിന്നോട് എനിക്കു അതിരറ്റ വാത്സല്യവും, നിന്റെ ശ്ലാഘനീയമായ സഹോദര സ്നേഹത്തില്‍ ഏറെ മമതയുമുണ്ട്. മനസ്സില്‍ പ്രകടമാകുന്ന വികാരം പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ വേദിയല്ല യുദ്ധ രംഗം. ഇവിടെ നമ്മള്‍ തികച്ചും ശത്രുക്കള്‍." രാധേയന്റെ വികാരങ്ങളെ പറ്റി അജ്ഞാതനായിരുന്ന ഭീമന്‍, അസ്ത്രങ്ങള്‍ അയച്ച് അദ്ദേഹത്തിന്റെ രഥം പൊടിപെടുത്തി. ദുര്യോധനന്‍ രാധേയന് വേണ്ടി മറ്റൊരു രഥവുമായി ദുശ്ശളനെ അയച്ചു. ഭീമന്‍ വരുത്തി കൊണ്ടിരുന്ന നാശം ദുര്യോധനന് താങ്ങാന്‍ കഴിഞ്ഞില്ല. അദേഹം ദ്രോണരുടെ അടുത്തെത്തി. "ആചാര്യാ! ഇതെങ്ങനെ സംഭവിച്ചു? വ്യൂഹത്തിലേക്ക് ആര്‍ക്കും കടക്കനാവില്ലന്നു അങ്ങു വീമ്പിളക്കിയില്ലേ? ഇപ്പോള്‍ അങ്ങയുടെ മുന്നിലൂടെ മൂന്നുപേര്‍ കടന്നു പോയിട്ടും അങ്ങക്കെന്തങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? അങ്ങ് ജയദ്രഥനെ രക്ഷിക്കുമെന്ന് ഉറപ്പു പറഞ്ഞില്ലേ! ജയദ്രഥനെ കൊല്ലാന്‍ അര്‍ജ്ജുനന്‍ അയാളുടെ സമീപം എത്തിക്കഴിഞ്ഞു. ഉടനടി എന്തങ്കിലും ചെയ്തെ പറ്റു! " കുറ്റ പെടുത്തലുകള്‍ കേട്ട ദ്രോണര്‍ കോപാകുലനായി. "രാജാവേ! അങ്ങക്ക്‌ വേണ്ടി ഞാനെന്റെ കഴിവിന്റെ പരമാവധി യുദ്ധം ചെയ്യുന്നുണ്ട്. മൂന്ന് പേര്‍ കടന്നു പോയെങ്കില്‍ അത് ക്ഷമിക്കാവുന്ന ഒരു പിഴവു മാത്രമാണ്. ശക്തമായ പാണ്ഡവ സൈനത്തെ ഞാനൊരു കോട്ട പോലെ തടുത്തു നിറുത്തുകയാണ്. "

ദുര്യോധനന്‍ ഒരു പരുങ്ങലോടെ ആവര്‍ത്തിച്ചു. "ആചാര്യാ! നമുക്ക് ജയദ്രധന്റെ രക്ഷക്ക് ഉടനടി എന്തങ്കിലും ചെയ്തെ പറ്റു. അങ്ങ് അലംഭാവം നടിക്കരുത്." ദ്രോണരുടെ കോപം ശമിപ്പിക്കാന്‍ ദുര്യോധനനായില്ല. "സ്യാലനെ രക്ഷിക്കേണ്ട ചുമതല രാജാവായ അങ്ങേയ്ക്കുമുണ്ട്. പോരങ്കില്‍ രാധേയനും, ആശ്വധാമാവും, കൃപരും മറ്റും അവിടെയില്ലേ? രാധേയന്‍ വിചാരിച്ചാല്‍ എന്തും നേടാന്‍ കഴിയുമെന്നും അങ്ങു വീമ്പിളക്കിയിട്ടില്ലേ? ഇപ്പോഴെന്താ അയാളുടെ കഴിവില്‍ മതിപ്പില്ലാതായോ?

ഇങ്ങനെയെല്ലാം വന്നു ഭവിക്കുമെന്നു ഞാനുള്‍പ്പടെയുള്ളവര്‍ എത്ര മുന്നറിയിപ്പ് നല്കി. എന്തങ്കിലും ചെവിക്കൊണ്ടോ? ശ്രേഷ്ഠയായ പാഞ്ചാലിയുടെ കണ്ണിരിന്റെ വില അങ്ങുള്‍പ്പടെ ഉള്ളവര്‍ ഏറെ താമസിയാതെ തിരിച്ചറിയും. ഈ ധര്‍മ്മ യുദ്ധത്തില്‍ ശകുനിയുടെ പകിടക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പോകു! പോയി സ്യാലനെ രക്ഷിക്കു! ഞാന്‍ ഇവിടെ നിന്ന് വ്യുഹം ശക്തമായി കാത്തുസംരക്ഷിക്കാം." 

അവസരം കിട്ടും പോഴെല്ലാം തന്റെ നിസ്സഹായതെയെ കുത്തി നോവിക്കുന്ന അചാര്യനോട്, ദുര്യൊധനനു വെറുപ്പ്‌ തോന്നിയെങ്കിലും അതു പ്രകടിപ്പിക്കാതെ അദ്ദേഹം പിന്തിരിഞ്ഞു. നന്ദിയില്ലാത്ത രാജാവിന്റെ കീഴില്‍ യുദ്ധം ചെയ്യുന്നത് ദ്രൊണര്‍ക്കും അസഹ്യമായി തോന്നി തുടങ്ങി. തുടക്കത്തിലേ ഐക്യബോധം ഏറെക്കുറെ അസ്തമിച്ച മട്ടായി. എന്നിട്ടും പിന്തിരിയാനാവാത്ത ഘടകം അവരെ കൂട്ടിവിളക്കി കൊണ്ടിരുന്നു. മടങ്ങിവന്ന ദുര്യോധനന്‍ അര്‍ജ്ജുന രഥം കാത്തിരുന്ന യുധാമന്യുവിനെയും, ഉത്തമോജസ്സിനെയും ഏറെ പീഡിപ്പിച്ചു. പക്ഷെ തുല്യശക്തരായ അവരെ അദ്ദേഹത്തിന് തോല്പിക്കാനായില്ല. അര്‍ജ്ജുന സവിധതിലെക്കുള്ള ഭീമന്റെ പ്രയാണം തടഞ്ഞു രാധേയന്‍ വീണ്ടും പോരിനു വിളിച്ചു.

ഈ സമയമെല്ലാം രാധേയെന്റെ മുഖത്ത്, ഭീമനെ അപമാനിക്കും വിധം പുച്ഛം നിറഞ്ഞിരുന്നു, രാധേയന്‍ ഭീമന്റെ പടച്ചട്ട മുറിച്ചു. ഭീമന്‍ ക്രുദ്ധനായി രാധേയന്റെ വില്ല് മുറിച്ചു, രഥം തകര്‍ത്തു, അദ്ദേഹം മറ്റൊരു രഥത്തില്‍ കയറിവന്നു വെല്ലുവിളിച്ചു. രാധേയനാല്‍ ഭീമന്‍ വധിക്കപ്പെടുമെന്ന് തന്നെ കൗരവാദികല്‍ തീര്‍ച്ചയാക്കി. തുടരെ തുടരെ അസ്ത്രങ്ങള്‍ അയച്ചു രാധേയന്‍ ഭീമനെ ഏറെ മുറിപ്പെടുത്തി. ഭീമനും നല്ല രീതിയില്‍ എതിര്‍ത്തു നിന്നു. ദുര്യോധനന്‍ തന്റെ സഹോദരനായ ദുര്‍ജ്ജയനെ രാധേയന്റെ രക്ഷക്ക് അയച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭീമ ഹസ്തങ്ങളാല്‍ കൊല്ലപ്പെട്ടു. 

ഇതോടെ മുപ്പതിയാറു പേര്‍ - ഭീമന്‍ അലമുറയിട്ടു. രാധേയന്റെ മനസ്സ് ഏറെ വ്രുണപ്പെട്ടു. രാധേയന് ഭീമനെന്ന സഹോദരനോട് തോന്നിയ സ്നേഹം നഷ്ടമായി. അദ്ദേഹം സംഹാര രുദ്രനായി. എന്നാല്‍ ഭീമനും അതി ശക്തനായിരുന്നു. അദ്ദേഹം വീണ്ടും രാധേയന്റെ രഥം തകര്‍ത്തു. വീണ്ടും ദുര്യോധനന്‍ രഥവുമായി ദുര്‍മ്മുഖനെ പറഞ്ഞയച്ചു. ഭീമ ശരങ്ങളാല്‍ ദുര്‍മ്മുഖന്‍ ഏറെ വൈകാതെ മരണപ്പെട്ടു. ഇതു കണ്ട രാധേയന്റെ കണ്ണുകളില്‍ ഇരുട്ടു കയറി. തല ചുറ്റുന്നതായി അനുഭവപ്പെട്ട അദ്ദേഹം യുദ്ധ രംഗത്ത് നിന്നു പിന്‍വാങ്ങി. രാധേയന്‍ പിന്‍വാങ്ങിയപ്പോള്‍ ദുര്യോധനന്റെ അഞ്ചു സഹോദരന്മ്മാര്‍ ഭീമനു നേരേ പാഞ്ഞുചെന്നു. ഭീമന്റെ ക്രോധത്തിന് മുന്‍പില്‍ ആ ധാര്‍ത്തരാഷ്ട്രര്‍ അധികം വൈകാതെ മൃത്യുലോകം പൂകി. ഈ ക്രൂരതയ്ക്ക് നേരെ തിരിച്ചടിക്കാനുള്ള കരുത്തുമായി രാധേയന്‍ വീണ്ടും വന്നു. ഭീമനും രാധേയനും തമ്മില്‍ ശക്തമായി പൊരുതി. വീണ്ടും ഭീമാസ്ത്രങ്ങളേറ്റു രാധേയെന്റെ രഥം നഷ്ടപ്പെട്ടു . രാജാവിന്റെ രാധേയ സ്നേഹം മുന്‍ച്ചിന്തകളില്ലാതെ തന്റെ ഏതാനും സഹോദരന്മാരെ കൂടി രാധേയെന്റെ സഹായത്തിനയച്ചു. രാധേയന്‍ ഭീമന്റെ പടച്ചട്ട മുറിച്ചു. കോപിഷ്ടനായ ഭീമന്‍ മുന്നിലെത്തിയ ധാര്‍ത്തരാഷ്ട്രന്മാരെ എല്ലാം വധിച്ചു. ഇതോടെ നാല്പത്തി ഒന്‍പതു പേര് ഭീമ ഹസ്തങ്ങളാല്‍ മരണം വരിച്ചു. ഒരു നിമിഷം ഈ ഘോരമായ കാഴ്ച കണ്ട് രാധേയെന്റെ പ്രജ്ഞ കൈവിട്ടെങ്കിലും അദ്ദേഹം, നിമിഷാര്‍ധത്തില്‍ അതു വീണ്ടെടുത് ഭീമനുമായി പൊരുതി. ഭീമന്റെ ശക്തമായ യുദ്ധ പ്രകടനം കണ്ട കൃഷ്ണന്‍, അര്‍ജ്ജുനന്‍, സാത്യകി ഇവരുടെ മനസ്സു നിറഞ്ഞു. വീണ്ടും ഭീമന് ജയിക്കാനവസരം രാധേയന്‍ സൃഷ്ടിച്ചു. അപ്പോഴും മുന്‍ വിധിയില്ലാതെ രാധേയന് സഹായവുമായി ഭീമനു മുന്നിലേക്കയച്ചു. മനസാക്ഷി നഷ്ടപെട്ട ആ മാരുത പുത്രന്‍ തന്റെ ശക്തി പ്രകടനത്താല്‍ ആ എഴുപേരെയും വധിച്ചു. അവരില്‍ ഒരാള്‍ 'വികര്‍ണ്ണന്‍' ആയിരുന്നു. ഭീമന്റെ മനസ്സു മന്ത്രിച്ചു. "നീ ഒരാള്‍ മാത്രമേ ഞങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നുള്ളൂ. നിന്റെ നന്മയ്ക്കും, സ്നേഹത്തിനും മുന്‍പില്‍ ഈ ഭീമന്‍ നമിക്കുന്നു. എന്തുചെയ്യാം, എനിക്കെന്റെ ശപഥം പാലിച്ചല്ലേ പറ്റു. നിന്നെ ഒഴിവാക്കാന്‍ എനിക്കു കഴിയാതെ പോയി! ക്ഷമിക്കു സഹോദരാ!"

ഇപ്പോള്‍ ഏതാണ്ട് പകുതിയിലേറെ ധാര്‍ത്തരാഷ്ട്രര്‍ ഭീമനാല്‍ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രാധേയന്‍ വീണ്ടും ഭീമനോട് പൊരുതി. അദ്ദേഹം ഭീമന്റെ വില്ലും കുതിരകളുടെ കടിഞ്ഞാണും മുറിച്ചു. സാരഥിയെ പരുക്കേല്‍പ്പിച്ചു. ഭീമൻ എറിഞ്ഞ ചാട്ടുളി രാധേയന്‍ മുറിച്ചു. ഭീമന്‍ തന്റെ വാളെടുത് രാധേയന്റെ നേരെ എറിഞ്ഞു. അതും മുറിക്കപ്പെട്ടു. ഭീമനിപ്പോള്‍ രഥം ഇല്ല, വില്ലില്ല, മറ്റായുധങ്ങള്‍ ഒന്നുമില്ല. തികച്ചും ഭീമന്‍ രാധേയന്റെ കരുണൈക്കു പാത്രമായി. എങ്കിലും ഭീമന്‍ തന്റെ കരുത്തു ഉപയോഗിച്ച് ചത്തു കിടന്ന ആനകളുടെ കൊമ്പുരി രാധേയന് നേരേ തുടരെ തുടരെ എറിഞ്ഞു. ഒന്നും രാധേയാസ്ത്രത്തിനു മുന്നില്‍ ഫലവത്തായില്ല. ധീരത കൈവിടാതെ ഭീമന്‍ മുറിഞ്ഞുകിടന്ന രഥത്തിന്റെ കഷ്ണങ്ങള്‍ കൊണ്ടു പ്രതിരോധം സൃഷ്ടിച്ചു. രാധേയന് എപ്പോള്‍ വേണമെങ്കിലും ഭീമനെ കൊല്ലമെന്ന അവസ്ഥയിലെത്തി. സ്വാത്വികനായ രാധേയന്‍ തന്റെ മാതാവിന് നല്കിയ 'വാക്ക്' ഒരു നിമിഷം ഓര്‍ത്തു. ആ വാക്ക് പാലിക്കപെടുക തന്നെ വേണം! ഇവന്‍ എന്റെ ദയക്ക് അര്‍ഹനായ പാണ്ഡവന്‍ തന്നെ ! ഇവനോട് ഈ ജേഷ്ഠന് ഒരു വിരോധവും ഇല്ല ! എന്നാല്‍, ഇത്രയും ക്രൂരമായ സംഹാരം നടത്തിയ ഇവനെ നിന്ദിക്കാതെ വിടുന്നത് എന്റെ സുഹൃത്തിനോട്‌ ഞാന്‍ ചെയ്യുന്ന അവഹേളനമായിരിക്കും. അതൊരിക്കലും ഈ രാധേയന്‍ ചെയ്യില്ല. അദ്ദേഹം ഭീമന്റെ വളരെ അടുത്തുചെന്നു അസ്ത്രആഗ്രം കൊണ്ടു ഭീമനെ തൊട്ടു. "നീ അശിക്ഷിതനായ അഭ്യാസിയാണ്. നിനക്ക് യോജിച്ചത് വിരാട രാജധാനിയിലെ പാചകപ്പുര തന്നെ. എന്നെപ്പോലുള്ള വീരന്‍മാരോട് ജയിക്കാമെന്ന മോഹം വേണ്ട. നീ എപ്പോഴും യുധിഷ്ഠിരന്റെ വാത്സല്യം നിറഞ്ഞ അരുമ സഹോദരന്‍ തന്നെ! പൊയ്ക്കൊള്ളു, കുഞ്ഞേ ! ഞാന്‍ നിനക്ക് പ്രാണഭിക്ഷ തരുന്നു !! "
കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു," നോക്കു ! കൗന്തേയാ !! രാധേയന്‍ അങ്ങയുടെ സഹോദരനെ ക്രൂരമായി തേജോവധം ചെയ്യന്നു. നമുക്കു ഉടന്‍ ഭീമന്റെ രക്ഷക്ക് എത്തണം. " അര്‍ജ്ജുനന്‍ പഞ്ഞെത്തി രാധേയനെ പീഡിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ രാധേയന്‍ തന്റെ മനോവ്യാപാരം മറ്റുള്ളവരില്‍ നിന്നു മറച്ചുകൊണ്ട്‌ യുദ്ധ രംഗത്ത് നിന്നു പിന്മാറി.. ചെയ്തു പോയ തെറ്റില്‍ അദ്ദേഹം തീര്‍ത്തും വേദനിച്ചിരുന്നു. ദുര്യോധനനു വേണ്ടി താന്‍ തന്റെ കൂടപിറപ്പിനെ ക്രൂരമായി അവഹേളിച്ചിരിക്കുന്നു." 
ഈ സമയം സാത്യകി മുന്‍നിരയിലെത്തി, കൗരവ സൈന്യത്തെ നശിപ്പിച്ച ശേഷം അര്‍ജ്ജുനനരികിലേക്കു പാഞ്ഞുകൊണ്ടിരുന്നു. ദുശ്ശാസനന്റെ നേത്രുത്വത്തില്‍ ശക്തമായ ഒരു സം ഘം സാത്യകിയെ തടുത്ത് പോര്‍ വിളിച്ചു. കൃഷ്ണ ബന്ധുവും പരാക്രമശാലിയുമായ സാത്യകി യുടെ യുദ്ധം കാണാന്‍ തന്നേ കാണികളില്‍ കൗതുകം ജനിച്ചു. രഥത്തില്‍ നൃത്തം ചെയ്യുന്ന വിധത്തില്‍ അദ്ദേഹം മിന്നല്‍പിണര്‍ വേഗത്തില്‍ നാലുദിക്കിലേക്കും അസ്ത്രം തൊടുത്തു വിടുന്ന കാഴ്ച്ച ഏവരിലും കൗതുകമുണര്‍ത്തി. സാത്യകി ബലവാന്‍! സാത്യകി സമര്‍ത്ഥനായ അഭ്യാസി!! ഏവരും ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു അദ്ധേഹത്തില്‍ വീര്യം ഉണര്‍ത്തി. എതിരാളികളെ മുറിച്ചു കടന്ന് സാത്യകി അര്‍ജ്ജുന സമീപം എത്തി. കൃഷ്ണനാണ് സാത്യകിയെ ആദ്യം കണ്ടത്. അദ്ദേഹം അര്‍ജ്ജുനനോടു പറഞ്ഞു, "നോക്കൂ ! സാത്യകി ഈ സൈന്യനിര മുഴുവന്‍ കടത്തി വെട്ടി അങ്ങയുടെ രക്ഷക്ക് എത്തിയിരിക്കുന്നു"
സാത്യകി യുടെ വരവ് അര്‍ജ്ജുനനില്‍ ഭയം ജനിപ്പിച്ചു. "കൃഷ്ണാ! സാത്യകിയുടെ അഭാവത്തില്‍ എന്റെ ജേഷ്ഠന്‍ സുരക്ഷിതനല്ല. ദ്രോണര്‍ അദേഹത്തെ കീഴ്പ്പെടുത്തുമോ എന്ന് ഞാന്‍ ശങ്കിക്കുന്നു."
കൃഷ്ണന്‍ ചിരിച്ചു, "യുധിഷ്ഠിരന്‍ സ്വതവേ ദുര്‍ബല മനസ്കനാണ്. തന്നേക്കാള്‍ സഹോദരങ്ങളെ സ്നേഹിക്കുന്ന ഒരു സാധു! അദ്ദേഹം താങ്കളുടെ വിവരം അറിയാന്‍ വേണ്ടി സാത്യകിയെ പറഞ്ഞയച്ചതായിരിക്കും എന്നു ഞാന്‍ സംശയിക്കുന്നു." " കൃഷ്ണാ! എന്റെ ഇപ്പോഴുത്തെ ആശങ്ക പരിഹരിക്കാനുള്ള ദൗത്യം ഞാന്‍ അങ്ങയെ എല്‍പ്പിക്കുന്നു"
സംസരവേഗത്തില്‍ കൃഷ്നാര്‍ജുനന്മ്മാര്‍ ജയദ്രഥ സമീപത്തേക്ക് കുതിച്ചുകൊണ്ടിരുന്നു. സാത്യകിയെ പ്രതിരോധിച്ചു കൊണ്ടു ഭുരിശ്രവസ്സു അദ്ദേഹവുമായി ഒരു ദ്വന്ദ യുദ്ധത്തിനു ഒരുമ്പെട്ടു. സാത്യകിയുടെ നില വളരെ പരിതാപകരമായിരുന്നു. ഒരു വലിയ ശത്രു നിരയെ തന്നെ തകര്താണ് അദ്ദേഹം അര്‍ജ്ജുന സവിധം എത്തിച്ചേര്‍ന്നത്. വീണ്ടും ഒരു ദ്വന്ദ്വ യുദ്ധം നേരിടാന്‍ വേണ്ടുമുള്ള കരുത്ത് ആ യുവകേസരിക്ക് ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു. അര്‍ജ്ജുനന് അതു മനസ്സിലായി. തന്റെ ശിഷ്യനെ സഹായിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും, ജയദ്രഥ വധത്തിനു പ്രതിബന്ധമായി ഭവിക്കാവുന്ന സൂര്യാസ്തമയതെ അദ്ദേഹത്തിന് അവഗണിക്കാനായില്ല. തന്റെ ശപഥം പാലിക്കപ്പെടണം! പുത്ര വധത്തിനു പകരം വീട്ടണം! സാത്യകിയെക്കാള്‍ പ്രായമേറുമെങ്കിലും ഭുരിശ്രവസ്സും ശക്തനായ യോധാവയിരുന്നു."താങ്കളോട് നേരിട്ടൊരു യുദ്ധം ഞാന്‍ വളരെ കാലമായി ആഗ്രഹിക്കുന്നു. നമ്മുടെ കുടുംബക്കാര്‍ തമ്മിലുള്ള പഴയ വൈരത്തിന്റെ കടം എനിക്ക് വീട്ടണം" ഭുരിശ്രവസ്സ് സാത്യകി യെ പോരിനു വിളിക്കുന്നത്‌ അര്‍ജ്ജുനന്‍ ശ്രദ്ധിച്ചു. "കൃഷ്ണാ! സാത്യകിയും അദ്ദേഹത്തിന്റെ കുതിരകളും ഏറെ തളര്‍ന്നിരിക്കുന്നു. ഈ നിലയില്‍ ഭുരിശ്രവസ്സിനെ പോലെ ഒരു യോധാവിനോട് പൊരുതാന്‍ അദ്ദേഹത്തിന് കാഴിയുമോ എന്നു ഞാന്‍ ശങ്കിക്കുന്നു. പാവം! സാത്യകി! നമ്മോടുള്ള സ്നേഹം കൊണ്ട് എന്തുമാത്രം ത്യാഗം ചെയ്യുന്നു.
അദ്ദേഹത്തിന് ആപത്തുണ്ടാകാതെ എനിക്ക് രക്ഷിക്കണം." ഭുരിശ്രവസ്സു സാത്യകിയുടെ രഥത്തിനു മുന്നിലെത്തി. "നമ്മുടെ തലമുറക്കാര്‍ തമ്മിലുള്ള വൈരത്തിന് പകരം വീട്ടാനായി എനിക്ക് താങ്കളോട് യുദ്ധം ചെയ്യണം. ആ കടം ഇന്നു വീട്ടിയെ പറ്റു."
" ശരത്ക്കാല മേഘം പോലെ ഗര്‍ജ്ജിക്കാതെ ധീരന്‍ എങ്കില്‍ എന്നോടു യുദ്ധത്തിന് ഒരുങ്ങു. ഈ സാത്യകിയുടെ ശക്തി തെളിയിച്ചു കാണിക്കാം." സാത്യകി അസ്ത്രം തൊടുത്തു നില്പ്പായി. 
ഭുരിശ്രവസ്സിന്റെയും, സാത്യകിയുടെയും കുടുംബക്കാര്‍ തമ്മിലുള്ള വൈരത്തിന് കാരണം, ഏറെക്കുറെ പ്രസിദ്ധമായ പലരും മറന്നു തുടങ്ങിയ രഹസ്യം ആയിരുന്നു. ശുരസേനന്റെ സഹോദരനായ "ശിനി" സ്വസഹോദരന്റെ പുത്രനായ "വസുദേവര്‍ക്കുവേണ്ടി" ദേവകിയെ ബലാല്‍ക്കാരമായി സ്വയംവര സദസ്സില്നിന്നും എടുത്തുകൊണ്ടു പുറപ്പെട്ടു.. അവിടെ കൂടിയിരുന്നവരില്‍, കുരുവംശാധിപനായ ബാഹ്ലീകപുത്രന്‍ സോമദത്തനു ഈ പ്രവര്‍ത്തി നിന്ദ്യവും അപലപനീയവും ആയി തോന്നി. അദ്ദേഹം ശിനിയെ യുദ്ധത്തിനു വെല്ലുവിളിച്ചു ശിനി സോമദത്തനെ തോല്പിച്ചു, വിജയാഹ്ലാദത്താള്‍ അദ്ദേഹത്തിന്റെ മുടി കടന്നുപിടിച്ചു വലിച്ചു താഴ്ത്തിയിട്ടു നെഞ്ചില്‍ ആഞ്ഞു ചവിട്ടി, സോമദത്തന്റെ പുത്രന്മാരായിരുന്നു ഭുരിശ്രവസ്സും, ശലനും. ശിനിയുടെ പൌത്രന്‍ ആയിരുന്നു സാത്യകി. അതുമൂലം സാത്യകി കൃഷ്ണന്റെ ചെറിയച്ഛന്റെ പൌത്രനും. ഈ പൂര്‍വ വൈരാഗ്യമാണ് അവര്‍ സൂചിപ്പിച്ചത്‌.
ഏറെ ക്ഷീണിച്ചിരുന്ന സാത്യകിയെ കീഴ്പെടുത്താന്‍ ഭുരിശ്രവസ്സിനു അധികം യുദ്ധം ചെയ്യേണ്ടി വന്നില്ല. അസ്ത്ര പീഡിതനായി സാത്യകി ബോധമറ്റു നിലംപതിച്ചു. അദ്ദേഹത്തിന് രഥം, സാരഥി കുതിരകല്‍ ഇവ നഷ്ടപ്പെട്ടു. സ്മര്‍ത്ഥമായി പൊരുതിയെങ്കിലും ഭുരിശ്രവസ്സിന്റെ ശക്തമായ താഡനമാണു സാത്യകി യെ ബോധരഹിതനാക്കിയത്. കൃഷ്നാര്‍ജ്ജുനന്മ്മാര്‍ നോക്കിനില്കെ ഭുരിശ്രവസ്സു ബോധാഹീനനായ സാത്യകിയുടെ മുടി പിടിച്ചു വലിച്ചു നെഞ്ചത്ത്‌ ആഞ്ഞുചവട്ടി. അടുത്ത നിമിഷം കോപാന്ധനായ ഭുരിശ്രവസ്സു സാത്യകിയെ വധിക്കാനായി വാളോങ്ങി. ആ വാള്‍ സാത്യകിയുടെ ദേഹത്ത് വീഴും മുന്‍പ് അര്‍ജ്ജുനാസ്ത്രം ഭുരിശ്രവസ്സിന്റെ വാളോങ്ങിയ കയ്യ് ഛെദിച്ചു. വേദനയോടെ തിരിഞ്ഞു നോക്കിയ ഭുരിശ്രവസ്സു അലറിവിളിച്ചു. "അര്‍ജ്ജുനാ! ഏറ്റവും നിന്ദ്യമായ പ്രവര്‍ത്തിയാണ് താങ്കളിപ്പോള്‍ ചെയ്തതു. ഇങ്ങനെ ചെയ്യാന്‍ ഒരു കുരുകുല സന്തതിക്കെ കഴിയു! താങ്കള്ക്ക് ഇതിനു പ്രേരണ നല്കിയത് കൃഷ്ണനായിരിക്കും. സ്വന്തം കുലത്തെ രക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണല്ലൊ?"
അര്‍ജ്ജുനന്‍ പ്രതികരിച്ചു. " താങ്കള്‍ ശപഥം നിറവേറ്റുവോളം ഞാന്‍ താങ്കള്‍ക്കെതിരെ അനങ്ങിയില്ല. പക്ഷേ ബോധരഹിതനായ എന്റെ ശിഷ്യനെ ആരും കൊല ചെയ്യുന്നത് ഞാന്‍ കണ്ടുനില്ക്കുമെന്നു കരുതിയെങ്കില്‍ താങ്കള്‍ക്ക് തെറ്റി. എനിക്കുവേണ്ടി ജീവന്‍ പണയം വെച്ച സാത്യകിയെ എന്തു വില നല്കിയും ഞാന്‍ രക്ഷിക്കും." "ഒന്നുകൂടി ഞാന്‍ അങ്ങയോടു ചോദിക്കട്ടെ, അങ്ങ് നീതി ധര്‍മ്മങ്ങളെ പറ്റി ഏറെ ബോധാമുള്ളവനല്ലേ ? ഇന്നലെ എന്റെ പുത്രന്‍ അഭിമന്യു നിങ്ങളാല്‍ ക്രൂരമായി വധിക്കപെട്ടപ്പോള്‍ താങ്കളിലെ നീതിബോധം മരവിച്ചു പോയോ? താങ്കള്‍ കൂടി കുട്ടുനിന്നതല്ലാതെ ആ ബാലന്റെ രക്ഷക്കുവേണ്ടി ഒരു ചെറു വിരല്‍ പോലും അനക്കിയില്ല! നീതി ശാസ്ത്രത്തെ ആവശ്യാനുസരണം വളച്ചൊടിക്കാന്‍ താങ്കള്‍ക്കാരും അധികാരം തന്നിട്ടില്ല!" എതിര്‍ത്തൊന്നും ഉരിയാടാതെ തല കുമ്പിട്ടുനിന്ന ഭുരിശ്രവസ്സില്‍ അര്‍ജുനന് അനുകമ്പ തോന്നി. "പ്രഭോ ! ഈ വിധം പ്രവര്‍ത്തിക്കേണ്ടി വന്നത് എന്റെ ഗതികേടായി ഞാന്‍ കാണുന്നു. ഇതില്‍ അര്‍ജ്ജുനന്‍ അഭിമാനിക്കില്ല. ഇതിനെല്ലാം കാരണക്കാരനായ ദുര്യോധനനെ ഞാന്‍ വീണ്ടും വീണ്ടും വെറുക്കുന്നു."
അര്‍ജ്ജുനന്റെ വാക്കുകള്‍ അംഗീകരിക്കും മട്ടില്‍ ഭുരിശ്രവസ്സു കയ്യുയര്‍ത്തി. ജീവനിലുള്ള ആഗ്രഹം ആ നിമിഷം ആ മഹാനില്‍ അസ്തമിച്ചു. മൃത്യു ഏറ്റുവാങ്ങാനായി അദ്ദേഹം 'കുശപ്പുല്ല്' വിരിച്ചു അതില്‍ ധ്യാനനിമഗ്നനായി ഇരുന്നു. ഈ സമയം ബോധം വീണ്ടെടുത്ത സാത്യകി വാളോങ്ങി ഭുരിശ്രവസ്സിനോടടുത്തു. തടുക്കാനിടം നല്കാതെ അദ്ദേഹം ഭുരിശ്രവസ്സിന്റെ തല അരിഞ്ഞുവീഴ്ത്തി. ഇഹലോക ചിന്തവിട്ട ഭുരിശ്രവസ്സിനെ കൊല്ലുക വഴി സാത്യകിയുടെ നിഷ്കളങ്ക ജീവിതം കളങ്കപ്പെട്ടു. എന്നാല്‍ ഇതൊരു നിര്‍ഭാഗ്യ സംഭവമായി സാത്യകിക്കു തോന്നിയില്ല. വിമര്ശനങ്ങളെ സാത്യകി ഭയന്നില്ല. അതിന്റേതായ ന്യായീകരണങ്ങള്‍ അദ്ദേഹത്തിനും ഉണ്ടായിരുന്നു. തന്നെ അപമാനിക്കുന്നവരെ കൊലപെടുത്തുമെന്ന ശപഥം സാത്യകി പാലിച്ചിരിക്കുന്നു. ചുറ്റും അമ്പരപ്പോടെ നോക്കിനിന്നവരോട് ആ വീരന്‍ പറഞ്ഞു, "മറ്റുള്ളവരെ ധര്‍മ്മം പഠിപ്പിക്കുക എളുപ്പമാണ്. എന്നാല്‍ സ്വന്തം സ്ഥിതി വരുമ്പോള്‍, അന്യായത്തിനു അതിന്റേതായ ന്യായീകരണം കണ്ടെത്തും. ഇന്നലെ അഭിമന്യു വധിക്കപ്പെട്ടത് എങ്ങനെയാണ്?" നിങ്ങള്‍ ഓരോരുത്തരായി വരൂ! ഞാന്‍ നിങ്ങളെയെല്ലാം ഒറ്റയ്ക്ക് നേരിടാം! ആ ബാലന്റെ രോദനം കേട്ട് ആരുടേയും മനസ്സ്ലിഞ്ഞില്ല. മത്സരിക്കുകയല്ലായിരുന്നോ ആറു മഹാരഥന്മ്മാര്‍!! ആ കുഞ്ഞ് വീണപ്പോള്‍ ആ അന്യായതിനെതിരെ കൗരവ പക്ഷത്തുള്ള ആരും ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. മറിച്ച് ആ ക്രൂര നേട്ടത്തില്‍ ആര്‍ത്തട്ടഹസിച്ചു."
യുദ്ധഗതി കാണാന്‍ ആകാശത്ത് കൂടിയിരുന്ന ദേവന്മ്മാര്‍ പറഞ്ഞു,"സാത്യകിയില്‍ ഒരു കുറ്റവുമില്ല. ഇങ്ങനെയെല്ലാം സംഭവിക്കണമെന്നതു മുന്‍ വിധിയാണ്. ഭുരിശ്രവസ്സ് സാത്യകിയാല്‍ വധിക്കപ്പെടണമെന്നുള്ളത് വിധിയാല്‍ പ്രേരിതമാണ്. " അര്‍ജ്ജുനന് ഉള്ളിന്റ്റ് ഉള്ളില്‍ ആ കൊല അംഗീകരിക്കാനായില്ല, എങ്കിലും ദേവകളുടെ നിര്‍ണ്ണയം അദ്ദേഹവും അംഗീകരിച്ചു.
"കൃഷ്ണാ! അസ്തമയം അടുത്തിരിക്കുന്നു. നമുക്ക് ലക്‌ഷ്യം നേടിയേ തീരൂ! ജയദ്രഥന്‍ ഇന്നു തന്നെ വധിക്കപ്പെടണം!" കൗരവ യോദ്ധാക്കളുടെ ഇടയില്‍ ജയദ്രഥന്‍ സുരക്ഷിതനായി നില്ക്കുന്ന സ്ഥലത്തേക്ക് കൃഷ്ണന്‍ തേര്‍ തെളിച്ചു. ദുര്യോധനന്‍, രാധേയന്‍, കൃപര്‍, അശ്വന്ഥ മാവ്, വൃഷസേനന്‍ മുതലായ മഹാരഥരെല്ലാം ജയദ്രഥനു ചുറ്റുമുണ്ട്. ജയദ്രഥനും അര്‍ജ്ജുനനുമായി ഒരു ദ്വന്ദ്വ യുദ്ധം നടക്കാത്ത വിധം അവര്‍ അയാളെ സംരക്ഷിച്ചു കൊണ്ടിരുന്നു. സാത്യകി അര്‍ജ്ജുന രക്ഷക്ക് എത്തുന്നത്‌ ഒഴിവാക്കാന്‍ രാധേയന്‍ സാത്യകിയുമായി യുദ്ധത്തിനോരുമ്പെട്ടു.
" കൃഷ്ണാ! ഒരുപക്ഷെ സാത്യകിയുടെ കൈകൊണ്ടു രാധേയന്റെ മരണം ഉറപ്പാകും. അപ്പോള്‍പിന്നെ എന്റെ മനസ്സിന്റെ കെട്ടടങ്ങാത്ത പക ഞാന്‍ ആരോടുതീര്‍ക്കും!" കൃഷ്ണന്‍ പറഞ്ഞു, "പകയെപറ്റി ചിന്തിക്കേണ്ട സമയമല്ല, ശപഥം പാലിക്കാനുള്ള തന്ത്രം ആലോചിച്ചു പ്രവര്‍ത്തിക്കുക," രഥം ഇല്ലാതെ യുദ്ധം ചെയ്യേണ്ട ഗതികേടിലായി സാത്യകി. കൃഷ്ണന്‍ 'ഋഷഭ ധ്വനി' പുറപ്പെടുവിച്ചു. ദാരുകന്‍ തേരുമായി മിന്നല്‍ വേഗത്തിലെത്തി. സാത്യകി ആ തേരില്‍ കയറി രാധേയനുമായി യുദ്ധത്തിനു തയ്യാറായി. സാത്യകിയുടെ യുദ്ധ കുശലതയില്‍ മനം കുളിര്‍ന്ന അശ്വത്ഥമാവും കൃപരും ഏകസ്വരത്തില്‍ പ്രസ്താവിച്ചു. "സാത്യകി കൃഷ്ണാര്‍ജ്ജുനന്മ്മാരെ പോലെ സമര്‍ത്ഥനാണ്.. നല്ല മെയ്യ്‌ വഴക്കം. കൗതുകകരമായ അഭ്യാസ പ്രകടനം." സാത്യകി വളരെ വേഗം രാധേയന്റെ തേരും കുതിരകളും നശിപ്പിച്ചു. കണ്ടുനിന്ന ദുര്യോധനനിലെ മിത്ര സ്നേഹം വളര്‍ന്നു. അദ്ദേഹം തന്റെ തേരും സഹായത്തിനായി ദുശ്ശാസനന്‍ ഉള്‍പടെയുള്ള തന്റെ സഹോദരങ്ങളെയും അയച്ചു. സാത്യകിയുടെ യുദ്ധ കുശലതക്കുമുന്നില്‍ എല്ലാവരും അധികം വൈകാതെ കീഴ്ടക്കപ്പെട്ടു. ദുശ്ശാസനനും, സഹോദരങ്ങള്‍ക്കും ഭീമ ശപഥം പാലിക്കപ്പെടാനായി സാത്യകി പ്രണഭിക്ഷ നല്കി. സ്വന്തം സഹോദരങ്ങളെ കൂടി മിത്രത്തിനുവേണ്ടി ബലികൊടുക്കാന്‍ ദുര്യോധനന്‍ എപ്പോഴും ഒരുക്കമായിരുന്നു. ദുര്യോധനന്റെ 'രാധേയമൈത്രി' ആരുടേയും ഹൃദയം കുളിര്‍പ്പിക്കുന്ന ശ്ലാക്ഘനീയ ബന്ധമായിരുന്നു. ചിലപ്പോയെങ്കിലും ഏവരും ശങ്കിക്കും." ദുര്യോധനനോളം രാധേയന്‍ അദ്ധേഹത്തെ സ്നേഹിച്ചിരുന്നോ എന്ന്!" ഒരു പക്ഷെ, രാധേയനില്‍ സ്വാത്വികാംശം കൂടുതലായിരുന്നതിനാല്‍ സ്നേഹം പലപ്പോഴും പ്രകടനത്തേക്കാള്‍ വലുതായിരുന്നിരിക്കാം!

അര്‍ജ്ജുനന്‍ രാധേയനെ വെല്ലുവിളിച്ചു, "രാധേയാ! താങ്കള്‍ ഞാന്‍ ഇല്ലാതിരുന്ന സമയം എന്റെ പുത്രനെ കൊല്ലാന്‍ ചതിപണി ചെയ്തില്ലേ? ഞാനിപ്പോള്‍ അങ്ങയുടെ മുന്‍പ്പില്‍ വെച്ച് അങ്ങയുടെ പുത്രന്‍ വൃഷസേനനെ കൊന്നു പകരം വീട്ടുന്നു. "അര്‍ജ്ജുനാസ്ത്രങ്ങള്‍ രാധേയ പുത്രനെ ക്രൂരമായി മുറിപ്പെടുത്തി. 

സൂര്യന്‍ ഏതാണ്ട് അസ്തമിച്ച മട്ടായി. കൗരവ പക്ഷത്ത് ആശ്വാസനിശ്വാസങ്ങള്‍ ഉതിര്‍ന്നു തുടങ്ങി. അര്‍ജ്ജുനന്‍ അതിനു മൂന്പോരിക്കലും ചെയ്യാത്ത രീതിയില്‍ യുദ്ധം ചെയ്തു. അദ്ദേഹം കനത്ത രീതിയില്‍ കൗരവ മഹാരാധന്മ്മാരെ പീഡിപ്പിചുകൊണ്ടിരുന്നു. അര്‍ജ്ജുനന്‍ ജയദ്രഥന്റെ അടുത്തു പാഞ്ഞെത്തി, അസ്ത്ര പ്രയോഗം തുടങ്ങി. എന്നാല്‍ കൗരവ മഹാരധന്മ്മാര്‍ അതിനെ ശക്തമായി പ്രതിരോധിച്ചു കൊണ്ടിരുന്നു. അര്‍ജ്ജുന ശപഥം പാലിക്കപെടാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി! അതുവരെ ജയദ്രഥനെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍, അര്‍ജ്ജുനന്‍ തീയില്‍ ചാടി മരിക്കും. പിന്നീട് യുദ്ധം ഉണ്ടാവില്ല. ദുര്യോധനന്‍ തന്നെ എന്നുമെന്നും ലോകാധിപതി! ചിന്തയുടെ ചൂട് അവരിലെ കര്‍മ്മകുശലതയെ കുറച്ചൊന്നുമല്ല ഉന്‍മാദരാക്കിയത്.

സൂര്യാസ്തമയത്തിനു മുന്പ് ഈ പ്രതിരോധങ്ങളെയെല്ലാം തരണം ചെയ്തു ജയദ്രഥനെ വധിക്കാനാവില്ലന്നു കൃഷ്ണനും ബോദ്ധ്യമായി. അദ്ദേഹം അര്‍ജ്ജുനനോട് പറഞ്ഞു. "അര്‍ജ്ജുനാ! ഞാന്‍ എന്റെ 'യോഗശക്തി' പ്രയോഗിക്കുകയാണ്. ഞാന്‍ പറയുന്നതുപോലെ ചോദ്യങ്ങളില്ലാതെ നീ എന്നെ അനുസരിക്കുക. നിന്റെ ശപഥം ഈ കൃഷ്ണന്‍ നിറവേറ്റി തന്നിരിക്കും. ഞാന്‍ 'പ്രക്ഷേപിക്കൂ!' എന്ന് കല്പിക്കുമ്പോള്‍ നീ 'പാശുപതാസ്ത്രം' തൊടുക്കുക. എന്റെ നിര്‍ദേശം മാത്രം അനുസരിക്കുക." ഭഗവാന്റെ 'സുദര്‍ശന' ചക്രത്താല്‍ സൂര്യബിംബം മൂടപെട്ടു. ഇരുട്ടു പരന്നു. ഹര്‍ഷോന്മത്തരായ കൗരവാദികളില്‍ നിശ്വാസം ഉണര്‍ന്നു. എല്ലാവരും മറഞ്ഞ സൂര്യബിംബം നോക്കിനില്പ്പായി. സന്തോഷതിമിര്‍പ്പില്‍ സംരക്ഷണത്തില്‍ നിന്ന ജയദ്രഥന്‍ തലപൊന്തിച്ചു. സംശയ നിവര്‍ത്തിക്കായി സുര്യനെ വീണ്ടും വീണ്ടും തല ഉയര്‍ത്തി നോക്കി. കൃഷ്ണന്‍ അതു കണ്ടു. അദ്ദേഹം നിര്‍ദേശിച്ചു, "അതാ! ജയദ്രഥന്‍! അര്‍ജ്ജുനാ പ്രക്ഷേപിച്ചാലും!" അര്‍ജ്ജുനന്‍ കൃഷ്ണ നിര്‍ദേശം പാലിച്ചു. നിമിഷത്തിനുള്ളില്‍ പാശുപതാസ്ത്രം ജയദ്രഥന്റെ ശിരസ്സ്‌ ഉടലില്‍ നിന്നും വേര്‍പെടുത്തി. കൃഷ്ണന്റെ അടുത്ത നിര്‍ദ്ദേശം "ആ ശിരസ്സ്‌ താഴെ വീഴ്ത്താതെ അസ്ത്രത്തില്‍ തന്നെ നിര്‍ത്തി നീ ഞാന്‍ നിര്‍ദേശിക്കുന്ന മാര്‍ഗ്ഗത്തിലൂടെ ചലിപ്പിച്ച് അദ്ദേഹത്തിന്റെ അച്ഛന്റെ മടിയില്‍ വിക്ഷേപിക്കുക" സ്യമന്ത പഞ്ചകതിനടുത്തു സന്ധ്യവന്ദനാദികളില്‍ മുഴുകിയിരുന്ന ജയദ്രഥന്റെ അച്ഛന്റെ മടിയില്‍ പുത്രന്റെ ശിരസ്സ്‌ വീഴ്തപ്പെട്ടു. പ്രാര്‍ത്ഥനക്കുശേഷം എഴുന്നേറ്റ അദ്ദേഹത്തിന്റെ മടിയില്നിന്നും പുത്രന്റെ ശിരസ്സ്‌ ഉരുണ്ടു നിലത്തു വീണു.. ആ നിമിഷം ആ പിതാവിന്റെ ശിരസ്സ്‌ ആയിരം കഷ്ണങ്ങളായി ചിന്നിച്ചിതറി. ഘോര തപസ്സിലൂടെ ദുഷ്ടപുത്ര സംരക്ഷണം ഉറപ്പാക്കിയ പിതാവിനു കിട്ടേണ്ടതായ ഉചിത ശിക്ഷ തന്നെ കാലം നടപ്പാക്കി. ഭഗവാന്‍ തന്റെ ചക്രായുധം പിന്‍വലിച്ചു. അസ്തമയ സൂര്യന്‍ ശക്തമായ പ്രഭ ഭൂമിയില്‍ വാരിവിതറി, എനിക്കിനിയും സമയം ബാക്കി എന്ന് വിളിച്ചറിയിക്കും മട്ടില്‍. ജയദ്രഥന്‍ മരണപെട്ട വസ്തുത കൗരവര്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി. ഏറെ സംരക്ഷണം നല്കിയെങ്കിലും ജീവന്‍ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്കായില്ല. അതിനുള്ള തന്ത്രം ഭഗവാന്റെ കൈകളില്‍ മാത്രം! മായാമോഹിതരായ കൗരവര്ക്ക് അത് മനസ്സിലാക്കാനായില്ല. ദുഃഖം മുഴുവന്‍ ദുര്യോധനനില്‍ ദ്രോണരോടുള്ള പകയായി ജ്വലിച്ചു. 

അര്‍ജ്ജുനന്‍ പാശുപതാസ്ത്രം മടക്കാനായി അഭിമന്ത്രണം ചെയ്തു. സുഖശീതളവും സ്വഞ്ചവുമായ ഒരു കുളിര്‍കാറ്റു അന്തരീക്ഷത്തില്‍ നിറഞ്ഞു. തലേ രാത്രിയില്‍ താന്‍ രുദ്രസൂക്തം ചൊല്ലിയുണര്‍ത്തിയ ആ ശങ്കര ദത്തമായ അസ്ത്രം ഇതാ അര്‍ജ്ജുനന്റെ തുണീരത്തില്‍ മടങ്ങിയെത്തിയിരിക്കുന്നു, കടന്നുവന്ന വഴികളില്‍ എല്ലാം മന്ദാനിലന്‍ വീശിച്ചുകൊണ്ട്, കൃഷ്ണന്‍ താന്‍ ചെയ്ത പ്രവര്‍ത്തിയുടെ ഫലത്തെക്കാള്‍ നേട്ടമായി കണ്ടതു അര്‍ജ്ജുനനെ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യമാണ്. അദ്ദേഹം രഥത്തില്‍ നിന്നു ചാടിയിറങ്ങി പാര്‍ത്ഥനെ ആലിംഗനം ചെയ്തു. ഭീമന്റെ അട്ടഹാസം ദിഗന്തങ്ങള്‍ കുലുക്കി. ജയദ്രഥ വധം നടപ്പായി എന്നു യുധിഷ്ഠിരന്‍ തീര്‍ച്ചയാക്കി. പാഞ്ചജന്യതിന്റെയും, ദേവദത്തത്തിന്റെയും ശംഖൊലി ആകാശം മുഖരിതമാക്കി. അര്‍ജ്ജുനന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കൃഷ്ണപാദങ്ങള്‍ പ്രണമിച്ചു. " എന്റെ പ്രഭോ! അങ്ങെന്റെ ശപഥം സാര്‍ത്ഥകമാക്കി. അങ്ങയുടെ മാര്‍ഗനിര്‍ദേശം യുധിഷ്ഠിരനെ ലോകൈകനാധനാക്കുമെന്നു ഉറപ്പായി. പ്രഭോ! ഇതെന്റെ വിജയമല്ല, എല്ലാം അങ്ങയുടെ കൃപ മാത്രം!"

അവര്‍ യുധിഷ്ഠിര സവിധത്തില്‍ എത്തി. അര്‍ജ്ജുനനെയും കൃഷ്ണനെയും കണ്ടപ്പോള്‍ യുധിഷ്ഠിരന്‍ രഥത്തില്‍ നിന്നു ചാടിയിറങ്ങി അവരെ ആലിംഗനം ചെയ്തു. അടുത്തക്ഷണം യുധിഷ്ഠിരന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകയായി, തൊഴുകൈയ്യോടെ അദ്ദേഹം കൃഷ്ണനോട് പറഞ്ഞു, "മഹാപ്രഭോ! അങ്ങയുടെ കൃപയാല്‍ അര്‍ജ്ജുനന്‍ ജയദ്രഥനെ വധിച്ചിരിക്കുന്നു. ഈ ദാസന്റെ പ്രണാമം സ്വീകരിച്ചാലും പ്രഭോ!" നമസ്കരിക്കാന്‍ കുനിഞ്ഞ യുധിഷ്ഠിരന്റെ കൈപിടിച്ചുകൊണ്ട്‌ ഭഗവാന്‍ പറഞ്ഞു, "ഇന്നലെ അങ്ങയുടെ മനസ്സില്‍ ജ്വലിച്ച കോപമാണ് ഇന്നീ വധം സാധിതമാക്കിയത്. ഒരു സ്വാത്വികന്റെ നിസ്സഹായതയില്‍ നിന്നുടലെടുത്ത താപത്തിന് എന്തിനേയും ഇല്ലാതാക്കാന്‍ കരുത്തുണ്ട്. അതുകൊണ്ട് മാത്രമാണ് ജയദ്രഥന്‍ കൊല്ലപ്പെട്ടത്." സ്വാത്വികരെ കായികബലം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പോലും, ഭഗവാന്റെ വാക്കുകള്‍ സത്യമായി ഭവിക്കുന്നു.. മനുഷ്യന് ശ്രമിക്കാനെ അവകാശമുള്ളൂ, ഫലം ദൈവനിശ്ചയം!

No comments:

Post a Comment