Sunday, July 12, 2015

ശ്രീവിഷ്ണുസഹസ്രനാമ മാഹാത്മ്യം

ശ്രീവിഷ്ണുസഹസ്രനാമം

നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലുംമത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ്അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു:“കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം സ്തുവന്തഃ കം കമര്‍ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭം കോ ധര്‍മഃ സര്‍വധര്‍മാണാം ഭവതഃ പരമോ മതഃ കിം ജപന്മുച്യതേ ജന്തുര്‍ജന്മസംസാരബന്ധനാത് “(ലോകത്തില്‍ ഏകനായ ദേവന്‍ ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അര്‍ച്ചിച്ചാലാണ് മനുഷ്യര്‍ സദ്ഗതി നേടുക? എല്ലാ ധര്‍മ്മങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്‍മ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന്‍ ജന്മസംസാരബന്ധനത്തില്‍നിന്ന് മുക്തി നേടുക?)ഈ ചോദ്യങ്ങള്‍ക്കുത്തരമായി “ജഗത്പ്രഭുവും, അനന്തനും, ദേവദേവനുമായ വിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനുംപ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും അര്‍ച്ചിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മമെന്നും, ഭക്തിപൂര്‍വ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അര്‍ച്ചിക്കുന്ന മനുഷ്യര്‍ ജന്മമരണരൂപമായ സംസാരത്തില്‍നിന്നു മുക്തരായി സദ്ഗതി നേടുന്നു” എന്നും ഭീഷ്മര്‍ ഉത്തരം നല്കി. തദനന്തരം ഭീഷ്മര്‍ യുധിഷ്ഠിരന് ഉപദേശിച്ചതാണ് ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം.വിഷ്ണുസഹസ്രനാമത്തിന് രചിക്കപ്പെട്ട ഭാഷ്യങ്ങളില്‍ ഏറ്റവും പ്രാചീനമായത് ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യമാണ്. ഗുരുവായ ശ്രീ ഗോവിന്ദപാദര്‍ ആജ്ഞാപിച്ചതനുസരിച്ച്ശ്രീശങ്കരാചാര്യര്‍ രചിച്ചതാണ് ഈ ഭാഷ്യമെന്നും, ഇതാണ് അദ്ദേഹത്തിന്റെ ഭാഷ്യങ്ങളില്‍ പ്രഥമമായതെന്നും പറയപ്പെടുന്നു. ശ്രീശങ്കരാചാര്യര്‍ക്കുശേഷം മാധ്വാചാര്യര്‍, പരാശരഭട്ടര്‍, തുടങ്ങിയ നാല്പതിലധികം ആചാര്യന്മാര്‍ വിഷ്ണുസഹസ്രനാമത്തിന് ഭാഷ്യം രചിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും ശ്രീശങ്കരാചാര്യവിരചിതമായ ഭാഷ്യം തന്നെ ഏറ്റവുമധികം ജനപ്രിയമായി നിലകൊള്ളുന്നു

No comments:

Post a Comment