Saturday, July 11, 2015

ലക്ഷ്മീപൂജ

ലക്ഷ്മീപൂജ

ലക്ഷ്മീപൂജ
മഹാലക്ഷ്മിയെ ആരാധിക്കുന്ന വ്രതമാണ് ലക്ഷ്മീപൂജ. ഓരോ മാസവും അവസാനത്തെ വെള്ളിയാഴ്ച തോറും അനുഷ്ഠിക്കുന്ന വ്രതമാണിത്. രാവിലെ കുളിച്ചു ശുഭവസ്ത്രം ധരിച്ച് ആദ്യം ഗണപതിയെ വണങ്ങണം. ശേഷം മഹാലക്ഷ്മിയുടെ ചിത്രത്തില്‍ മുല്ല, പിച്ചി, എന്നീ പൂക്കളാലുള്ള മാലകൊണ്ട് അലങ്കരിക്കണം. നാളികേരം, പഴം, വെറ്റില, അടയ്ക്ക, കല്‍പ്പൂരം, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം എന്നിവ നിവേദ്യമായും സ്വര്‍ണ്ണനാണയങ്ങളോ, വെള്ളിനാണയങ്ങളോ, സമര്‍പ്പിച്ചും മഹാലക്ഷ്മി സ്ത്രോത്രം ജപിച്ച് മൂന്നുപ്രാവിശ്യം വണങ്ങണം. ഇരുപ്പത്തിയോന്ന് വെള്ളിയാഴ്ച ഈ വ്രതമിരുന്ന് മഹാലക്ഷ്മിയെ വണങ്ങിയാല്‍ സര്‍വ്വഐശ്വര്യങ്ങളും സിദ്ധിക്കുമെന്നാണ് വിശ്വാസം.
പാലാഴിമഥനത്തില്‍നിന്ന് ഉത്ഭവിച്ചവളും മഹാവിഷ്ണുവിന്റെ ധര്‍മ്മപത്‌നിയുമായ ലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയാകുന്നു. കാമദേവന്റെ മാതാവായും ഈ ക്ഷീരസാഗരസമുത്ഭവ അറിയപ്പെടുന്നുണ്ട്. മഹാലക്ഷ്മിക്ക് എട്ടുവിധത്തില്‍ രൂപകല്‍പന നല്‍കി ആരാധിച്ചുവരുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മി സങ്കല്‍പം. നവരാത്രിവേളയില്‍ ദുര്‍ഗ്ഗയോടൊപ്പം ലക്ഷ്മിയേയും ആരാധിക്കുന്ന പതിവുണ്ട്. ക്രിയാശക്തിയുടെ പ്രതീകമായാണ് ലക്ഷ്മീദേവിയെ കരുതുന്നത്. സൃഷ്ടിയുടെ ആരംഭകാലത്ത് പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഒരു ദേവി ഉണ്ടാവുകയും ആ ദേവിതന്നെ ലക്ഷ്മിയും രാധയുമായി മാറുകയും ലക്ഷ്മി മഹാവിഷ്ണുവിന്റെ വല്ലഭയാവുകയും ചെയ്തുവെന്നാണ് ദേവീഭാഗവതത്തില്‍ മഹാലക്ഷ്മിയുടെ ഉത്ഭവകഥ വിവരിക്കുന്നത്. പല കാലത്തായി പല അവതാരങ്ങള്‍ ലക്ഷ്മീദേവി കൈക്കൊണ്ടിട്ടുണ്ട്. ലക്ഷ്മീദേവിയെ മുഖ്യദേവതയായി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടില്‍ വിരളമാണ്. വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതുമായ രൂപസങ്കല്‍പങ്ങളാണ് പൊതുവെയുള്ളത്. കന്നിമാസത്തിലെ മകം നക്ഷത്രത്തില്‍ ഈ ഐശ്വര്യദേവതയെ പ്രത്യേകം പൂജിച്ചുവരുന്നു. ബ്രാഹ്മണ ഭവനങ്ങളിലും മറ്റും അരിമാവുകൊണ്ട് കളം വരച്ച് അതിന്‍മേല്‍ ആവണിപ്പലകയുമിട്ട് നാക്കിലയില്‍ നെല്‍ക്കതിര്‍ കുളിപ്പിച്ചുവെച്ച് താലിമാലയും ഗന്ധപുഷ്പങ്ങളും ചാര്‍ത്തി ഗൃഹനാഥന്‍ ലക്ഷ്മീപൂജ നിര്‍വ്വഹിക്കുന്നു. മറ്റു കുടുംബാംഗങ്ങളെല്ലാം ഇതില്‍ പങ്കുചേരുകയും ചെയ്യുന്നു. ചില പ്രത്യേകതരം കറികളും മറ്റും ലക്ഷ്മീപൂജയുടെ നിവേദ്യത്തിനായി അന്നേദിവസം ഒരുക്കാറുണ്ട്. ഭാദ്രമാസത്തിലെ കൃഷ്ണാഷ്ടമിദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും അതിവിശേഷമാണ്. ദീപാവലി ദിനവും ലക്ഷ്മീപ്രീതി കര്‍മ്മങ്ങള്‍ക്ക് ഉത്തമം.
ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക.
സ്തോത്രം
നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
ഫലം
മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

No comments:

Post a Comment