Monday, July 20, 2015

സരസ്വതി

സരിക്കുന്ന’ ശീലത്തോടുകുടിയതേതോ അത് സരസ്വതി . അത് മാതൃത്വത്തിന്റെ മഹനീയ സങ്കല്‍പ്പവും സര്‍വ ചരാചരങ്ങളിലും വിലയീഭൂതമായിരിക്കുന്ന ശക്തിവിശേഷവുമാണ്. മംഗളകാരിണിയും മഞ്ജുള സ്വരൂപിണിയുമായ പ്രകൃതീശ്വരി തന്നെയാണ് സരസ്വതി. വാഗ്‌ദേവതാമൂര്‍ത്തിയായി ഓരോമനുഷ്യനിലും അഭിരമിക്കുന്നതും ആ അമ്മയല്ലാതെ മറ്റൊന്നല്ല. വിത്തിലും, ചെടിയിലും, മൊട്ടിലും, പൂവിലുമെന്നല്ല സര്‍വഭൂതങ്ങളിലും അതിന്റെ പ്രഭാവം നമുക്ക് ദര്‍ശിക്കാനാവും. ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പരിവേഷംകൊണ്ടല്ല അതിനെ നാം തിരിച്ചറിയേണ്ടത്. അനുഭൂതിദായകമായ ദര്‍ശനം കൊണ്ടുമാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ശക്തിവിശേഷമാണ് ആ മാതൃഭാവം.
അജ്ഞാനത്തിന്റെ ഇരുളലകള്‍ നീക്കി വിജ്ഞാനത്തിതന്റെ നിറദീപം പകര്‍ന്നുനല്‍കിക്കൊണ്ട് വാണിമാതാവും വര്‍ണ്ണ വിഗ്രഹയുമായ ദേവി നമ്മില്‍ ആനന്ദസ്വരൂപിണിയായി അനുദിനം കുടികൊള്ളുന്നു. ഈ പ്രപഞ്ചഗേഹത്തിന്റെ താക്കോല്‍ ആ തൃക്കൈകളിലാണ്. സൂക്ഷ്മശരീരത്തിലെ മൂലാധാരത്തില്‍ മൂന്നരച്ചുറ്റായി സര്‍പ്പാകൃതിയില്‍ പരാശക്തി സാന്നിധ്യമരുളുന്നു. കുണ്ഡലിനീശക്തിയെന്നാണ് ഈശക്തിയെ യോഗശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നുത്. മൂലാധാരത്തില്‍ ബോധത്തിന്റെ ശക്തിയായും, സ്വാധിഷ്ഠാനത്തില്‍ വാസനാശക്തിയായും അനാഹതത്തില്‍ വൈകാരികശക്തിയായും വിശുദ്ധിയില്‍ ശബ്ദശക്തിയായും ആജ്ഞയില്‍ ദര്‍ശനശക്തിയായും ഈ മാതൃത്വം വര്‍ത്തിക്കുന്നു. പ്രപഞ്ചത്തിന്റെ ഓരോചലനത്തിലും ഈ ശക്തിയുടെ സാന്നിധ്യം നമുക്ക് തിരിച്ചറിയാനാകും.
കുമാരീപൂജ, ത്രിമൂര്‍ത്തീപൂജ, കല്യാണീപൂജ, രോഹിണീപൂജ, കാളികാപൂജ, ചണ്ഡികാപൂജ, ശാംഭവീപൂജ, ദുര്‍ഗ്ഗാപൂജ, സുഭദ്രാപൂജ എന്നിങ്ങനെ ഒന്‍പതുവിധത്തിലുള്ള പൂജാവിധികളാണ് നവരാത്രി കാലത്ത് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീയെ ശക്തി സ്വരൂപിണിയായി ചിത്രീകരിക്കുന്നതിനുവേണ്ടിയാണ് ഒന്‍പതുദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രം ആചരിക്കുന്നത്. പരാശക്തിയുടെ വിവിധ സങ്കല്‍പത്തിലുള്ള ഒന്‍പത് കന്യകമാരെയാണ് ഈ നാളുകളില്‍ പൂജിക്കുന്നത്. കുമാരിപൂജ എന്നാണ് പുര്‍വസൂരികള്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അമ്മയുടെ പാദസങ്കല്‍പംകൊണ്ട് ധന്യമാകാത്തതായി ഒന്നും തന്നെയില്ല

No comments:

Post a Comment