Thursday, July 16, 2015

കാളിയമര്‍ദ്ദനം

ഈ കഥയില്‍കൂടി ശ്രീമഹാഭാഗവത്തില്‍ ശ്രീകൃഷ്ണഭഗവാന്റെ ശ്രീപാദമാഹാത്മ്യത്തെ എടുത്തുകാട്ടുന്നു. ആയിരം ഫണങ്ങളുള്ള കാളിയന്‍ എന്ന ഉഗ്രവിഷമുള്ള സര്‍പ്പം അഹങ്കാരത്തിന്റെയും ദുഷ്ടതയുടേയും മൂര്‍ത്തിമത്ഭാവമാണ്‌. കാളിയന്‍ വസിക്കുന്നത്‌ സൂര്യപുത്രിയായ കാളിന്ദിയില്‍. ഈ ഘോരസര്‍പ്പത്തിന്റെ വിഷജ്വാലയേറ്റ്‌ ആ പുണ്യദേശത്തുള്ള സകല ജീവജാലങ്ങളും കത്തിച്ചാമ്പലാകുന്നു. താനും തന്റെ കുടുംബവും അവിടെ സുഖമായി വസിക്കുന്നു. ഞാന്‍, എന്റെ എനിക്ക്‌ എന്ന അലങ്കാരത്തേയും സ്വാര്‍ത്ഥതയേയുമാണ്‌ ഇവിടെ വരച്ചുകാണിക്കുന്നത്‌. എന്നാല്‍ യാതൊന്നും ബാധിക്കാതെ അമൃത്പാനം ചെയ്തിട്ടുള്ള, ഭഗവാന്റെ പാദസ്പര്‍ശത്തിന്‌ അര്‍ഹത നേടിയിട്ടുള്ള ഒരു നീലക്കടമ്പുവൃക്ഷം എന്ന പുണ്യാത്മാവ്‌ മരണഭയമില്ലാതെ അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. ദുഷ്ടസംഹാരവും ശിഷ്ടപരിപാലനവും നടത്തി ലോകത്ത്‌ ധര്‍മ്മപരിപാലനാര്‍ത്ഥം അവതാരമാര്‍ന്ന ശ്രീകൃഷ്ണപരമാത്മാവ്‌ ഈ ദുഷ്ടസര്‍പ്പത്തിന്റെ അഹങ്കാരം ഇല്ലാതാക്കുന്നതിന്‌ നിശ്ചയിക്കുന്നു.


ഭഗവാന്‍ ഈ കടമ്പുവൃക്ഷത്തില്‍ കയറി നദിയിലേക്ക്‌ എടുത്ത്‌ ചാടിയപ്പോള്‍ മഹാമേരുപര്‍വതം പതിച്ചതുപോലെ നദിയാകെ ഇളകിമറിയുന്നു. ഇതുകണ്ട്‌ കോപിഷ്ഠനായ സര്‍പ്പം അവന്റെ ആയിരം ഫണങ്ങളും വിടര്‍ത്തി ഭഗവാനെ ദംശിക്കുകയും അവിടുത്തെ ശരീരമാകെ ചുറ്റിവരിയുകയും ചെയ്തു. മഹാപാപികള്‍ക്ക്‌ ഇങ്ങനെ തന്നെയല്ലേ തോന്നുകയുള്ളൂ. കേവലം ഒരു ചെറുബാലന്‍ ഇങ്ങനെ ധൈര്യം കാണിച്ച്‌ തന്നോടടുത്തപ്പോള്‍ അതിന്റെ കാര്യമറിയാനുള്ള സദ്ബുദ്ധി ദുഷ്ടരില്‍ ഉദിക്കുകയില്ലല്ലോ. തന്റെ വാസസ്ഥാനത്ത്‌ വരാന്‍ അന്നോളം ആരും ധൈര്യപ്പെടാതിരിക്കെ ഒരു ചെറുബാലന്‍ അങ്ങനെ ചെയ്തത്‌ അവന്‌ നാണക്കേടായി. അധികരിച്ച കോപത്തോടെ അവന്‍ ഭഗവാന്റെ മര്‍മ്മങ്ങള്‍ തോറും ദംശിക്കുകയും വിഷം പുറപ്പെടുവിച്ച്‌ അവിടമാകെ വിഷമയമാക്കുകയും ചെയ്തു. ദുഷ്ടബുദ്ധികള്‍ ഇങ്ങനെതന്നെ ചെയ്യും. ഗോപാലബാലന്മാരും ഗോക്കളും ഇതുകണ്ട്‌ കണ്ണീര്‍വാര്‍ക്കാന്‍ തുടങ്ങി.
സമയം അധികരിച്ചിട്ടും തന്റെ പൊന്നുമകന്‍ തിരികെ വരാത്തതുകൊണ്ട്‌ യശോദ വല്ലാതെ ഭയാകുലയാകുന്നു. ഒരശീരികേട്ട്‌ എല്ലാവരും കൂടി ഭയന്നുവിറച്ച്‌ കാളിന്ദി നദിയുടെ തീരത്തേക്ക്‌ ഓടി എത്തി. അവിടെ കണ്ട കാഴ്ച എല്ലാവരേയും വല്ലാതെ ഭയപ്പെടുത്തുകയും യശോദാദേവി നദിയിലേക്ക്‌ എടുത്ത്‌ ചാടുവാന്‍ തുടങ്ങുകയും ചെയ്യുന്നത്‌ കണ്ടപ്പോള്‍ ബലരാമന്‍ യശോദാമ്മയെ തടഞ്ഞുനിര്‍ത്തി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അമ്മയുടെയും മറ്റുള്ളവരുടെയും ദുഃഖം തീര്‍ക്കുവാന്‍ നിശ്ചയിച്ച ഭഗവാന്‍ തന്റെ ശരീരം വലുതാക്കുന്നു. കാളിയന്‌ തന്റെ ശരീരം പൊട്ടി താന്‍ മരിച്ചുപോകുമെന്ന്‌ മനസ്സിലായപ്പോള്‍ തന്റെ ചുറ്റുകള്‍ ഭഗവാന്റെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തി. പെട്ടെന്ന്‌ ഭഗവാന്‍ ചാടി ഇറങ്ങി, പൊന്തിവന്ന അവന്റെ അഹങ്കാരത്തിന്റെ ഫണങ്ങളില്‍ മാറിമാറി ചവിട്ടിത്താഴ്ത്തുന്നു. ഓരോ ചവിട്ടുകൊള്ളുമ്പോഴും ഓരോ കുന്നുകള്‍ വന്നുവീഴുന്ന അനുഭവമാണ്‌ കളിന്ദിക്കുണ്ടായത്‌. നടരാജന്റെ നൃത്തലീലയെ അതിശയിപ്പിക്കുന്ന ഭഗവാന്റെ നൃത്തം കാണുവാന്‍ ആകാശത്ത്‌ ദേവഗണങ്ങളും നാരാദ മഹര്‍ഷിയും നിരന്നു. അവിടമാകെ വാദ്യമേളങ്ങളോടുകൂടിയ സംഗീതോത്സവമായിമാറി.


ഭഗവാന്റെ ചവിട്ടേറ്റ്‌ അവശനായ കാളിയന്റെ മദമെല്ലാം തീര്‍ന്ന്‌ ചോരഛര്‍ദ്ദിക്കുവാന്‍ തുടങ്ങി. അഹങ്കാരമെല്ലാം തീര്‍ന്നപ്പോള്‍ അവന്‌ സദ്ബുദ്ധി ഉദിച്ചു. ലോകത്ത്‌ എല്ലാ അഹങ്കാരികളും ഇങ്ങനെയാണല്ലോ. തന്റെ മസ്തകത്തില്‍ ചവിട്ടി നൃത്തം ചെയ്യുന്നത്‌ സാക്ഷാല്‍ ശ്രീനാരായണനാണെന്ന്‌ കാളിയന്‍ തിരിച്ചറിയുന്നു. അതോടെ അവന്‍ ഭഗവാനെ സ്തുതിക്കുവാനും തന്റെ ജന്മവാസനയ്ക്കടിമപ്പെട്ട്‌ ചെയ്തുപോയ അപരാധങ്ങളെല്ലാം പൊറുക്കണമേ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കാളിയന്റെ ഭാര്യമാരും അവിടെയെത്തി ഭഗവാനെ ഭക്തിപൂര്‍വം സ്തുതിക്കുകയും, ദുഷ്ടനായ ഇവന്‌ ഭഗവാന്‍ കൊടുത്ത ശിക്ഷ ഉത്തമം തന്നെയെന്ന്‌ പറയുകയും ചെയ്യുന്നു. എന്നാലും ഇവനല്ലാതെ തങ്ങള്‍ക്ക്‌ മറ്റൊരാശ്രയവുമില്ലാത്തതിനാല്‍ ഇവന്റെ ജീവന്‍ തങ്ങള്‍ക്ക്‌ തിരിച്ചുതരേണമേ എന്ന്‌ അപേക്ഷിക്കുന്നു. സകലദേവീദേവന്മാരും മഹര്‍ഷീശ്വരന്മാരും എത്ര അന്വേഷിച്ചിട്ടും കണ്ടുകിട്ടാത്ത ഭഗവാന്റെ പാദപത്മങ്ങളെക്കുറിച്ചുള്ള സ്പര്‍ശം ഈ ദുഷ്ടന്റെ ശിരസ്സില്‍ ലഭിക്കത്തക്കവണ്ണം ഏതൊരു ശുദ്ധകര്‍മ്മമാണ്‌ ഇവന്‌ ചെയ്തിട്ടുള്ളതെന്ന്‌ അവര്‍ അത്ഭുതപ്പെടുന്നു. അഹങ്കാരമെല്ലാം നീങ്ങി ഹൃദയശുദ്ധിവന്ന കാളിയന്‍ ഭഗവാന്‍ വര്‍ധിച്ചഭക്തിടെ പലതരത്തില്‍ സ്തുതിക്കുകയും തന്നെ നിഗ്രഹിക്കുകയോ, അനുഗ്രഹിക്കുകയോ ഭഗവാന്റെ ഹിതം പോലെ ചെയ്തുകൊള്ളണമേ എന്ന്‌ അപേക്ഷിക്കുകയും ചെയ്യുന്നു.

അങ്ങനെ എല്ലാവരുടേയും ഭക്തിപൂര്‍വ്വമുള്ള
പ്രാര്‍ത്ഥനകേട്ട്‌ ഭക്തവത്സലനായ ഭഗവാന്‍ അവനെ കൊല്ലുന്നില്ലെങ്കിലും അവന്‍ ബന്ധുമിത്രാദികളോടുകൂടി ആ പുണ്യനദിയില്‍ നിന്ന്‌ താമസം മാറ്റി രമണകദ്വീപിലേക്ക്‌ പൊയ്ക്കൊള്ളണമെന്ന്‌ നിര്‍ദേശിക്കുന്നു. താന്‍ മേറ്റ്വിടെ ചെന്നാലും ഗരുഢന്‍ തന്നെ കൊന്നുതിന്നുമെന്നും സൗഭരി എന്ന ഘോര തപസ്വിയുടെ ശാപത്താല്‍ ഗരുഢന്‍ ആ പ്രദേശത്തേക്കുമാത്രം വരികയില്ലെന്നും അതിനാലാണ്‌ താന്‍ അവിടെ തന്നെ താമസമാക്കിയതെന്നും ഭഗവാനോട്‌ ഉണര്‍ത്തിക്കുന്നു. ഇതുകേട്ട്‌ മന്ദസ്മേരവദനനായി ഭഗവാന്‍ അരുളിചെയ്തു – തന്റെ പാദങ്ങള്‍ കൊണ്ടണിഞ്ഞ ധന്യചിഹ്നങ്ങളോടുകൂടിയ ശിരസ്‌ കാണുമ്പോള്‍ നിന്നെയോ, നിന്റെ ബന്ധുജനങ്ങളെയോ തീണ്ടുകപോലുമില്ലെന്ന്‌. അങ്ങനെ ശിരസ്സുകാണുമാറ്‌ ശത്രുവിന്റെ മുന്‍പിലും തലകുനിക്കാന്‍ കാളിയന്‍ തയ്യാറാകുന്നു. അഹങ്കാരം നീങ്ങിയാല്‍ ആരുടെ മുന്നിലും വിനയാന്വിതനാകാന്‍ എല്ലാവര്‍ക്കും സാധിക്കും. അങ്ങനെ സന്തോഷത്തോടും സമാധാനത്തോടും കൂടി കാളിയനും കൂട്ടരും രമണകദ്വീപിലേക്ക്‌ താമസം മാറ്റി. ഭഗവാന്റെ പാദസ്പര്‍ശം ലഭിക്കാന്‍ ഏതെങ്കിലും ജന്മത്തില്‍ മഹാപുണ്യം എന്തെങ്കിലും ചെയ്തിട്ടാകണം. ശ്രീരാമാവതാരത്തില്‍ ഭഗവാന്റെ പാദസ്പര്‍ശം ശരീരത്തില്‍ ലഭിച്ച്‌ ശാപമോക്ഷം നേരിടുന്നതിന്‌ അഹല്യാദേവി എത്രയോ ദിവ്യാവതാരങ്ങള്‍ കഠിനതപസ്സ്‌ ചെയ്യേണ്ടിവന്നു. അതുപോലെ മഹാബലിയുടെ ദാനധര്‍മ്മത്തിലും സത്യസന്ധതയിലും തൃപ്തനായതുകൊണ്ടാണ്‌ വാമനാവതാരത്തില്‍ ഭഗവാന്‍ തന്റെ വിശ്വരൂപം കാണിച്ചുകൊടുത്ത്‌ ശിരസില്‍ പാദം വച്ച്‌ അനുഗ്രഹിച്ചത്‌.

No comments:

Post a Comment