Sunday, July 12, 2015

വേദവ്യാസമഹര്‍ഷി

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസമഹര്‍ഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസന്‍ എന്നാല്‍ വ്യസിയ്ക്കുനവന്‍ എന്നര്‍ത്ഥം. വേദത്തെ നാലാക്കി പകുത്തതിനാല്‍ വേദവ്യാസന്‍ എന്ന നാമം. സപ്തചിരഞ്ജീവികളില്‍ ഒരാളാണ് വേദവ്യാസന്‍ .
ജനനം
----- പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയില്‍ ജനിച്ചതാണ് കൃഷ്ണന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്‍. ഈ പേരു വരാന്‍ കാരണം ജനനം ഒരു ദ്വീപില്‍ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്‍തന്നെ വളര്‍ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.
ഐതിഹ്യം
----------- പുരാണങ്ങളില്‍ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് വേദവ്യാസന്‍. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്‍ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടന്‍ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്‍ഷങ്ങള്‍ക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള്‍ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന്‍ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്‍ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍നിന്നും ഒരു പുത്രന്‍ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകന്‍ എന്ന് നാമകരണം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം, വിവാഹിതനായ ശുകന്‍പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താല്‍ അവശനായ വ്യാസന്‍ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതന്‍ എന്ന പുത്രന്‍ പിറക്കുകയും ചെയ്തു.എന്നാല്‍ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രന്‍മാര്‍ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്‍മാരെല്ലാം മരണമടഞ്ഞു.ശപഥത്താല്‍ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന്‍ ഹസ്തിനപുരിയിലെത്തി വ്യാസനില്‍നിന്നും അംബിക, അംബാലിക എനിവര്‍ക്ക് ധൃതരാഷ്ട്രര്‍, പാണ്ഡു എന്നീ പുത്രന്‍മാര്‍ ജനിച്ചു.ഇവരില്‍നിന്ന് കൗരവരും പാണ്ഡവരും പിറന്നു.

No comments:

Post a Comment