Thursday, July 16, 2015

ആര്യ സാഹിത്യഗ്രന്ഥങ്ങള്‍

നാലുശാസ്ത്രങ്ങളുണ്ട്‌. ന്യായം,മീമാംസ,ധര്‍മ്മശാസ്ത്രം, പുരാണം.

ഏതെങ്കിലും വിഷയത്തില്‍ സംശയം വന്നാല്‍ യുക്തിയുക്തമായി ആലോചിച്ചു തീരുമാനത്തിലെത്താന്‍ പരിചയം നല്‍കുന്ന ശാസ്ത്രമാണ്‌ ന്യായശാസ്ത്രം. വേദവാക്യങ്ങളില്‍ വരാവുന്ന സംശയങ്ങള്‍ ഉന്നയിച്ച്‌ ന്യായശാസ്ത്രസഹായത്തോടുകൂടി തീരുമാനിച്ചു വെച്ചിട്ടുള്ള ശാസ്ത്രമാണ്‌ മീമാംസ. ധര്‍മ്മ മീമാംസയില്‍ യജുര്‍വ്വേദവാക്യങ്ങളുടെ അര്‍ത്ഥം നിര്‍ണ്ണയിക്കുന്നു. ബ്രഹ്മമീമാംസയില്‍ ഉപനിഷത്വാക്യങ്ങളുടെ താല്‍പര്യം നിര്‍ണ്ണയിക്കുന്നു. വേദാന്തമെന്നു പറയുന്നത്‌ ബ്രഹ്മമീമാംസയാണ്‌.

മനുസ്മൃതിയാണ്‌ ആദ്യത്തെ ധര്‍മ്മശാസ്ത്രം. വേദങ്ങളും വേദജ്ഞന്മാരായ പണ്ഡിതന്മാരുടെ വചനങ്ങളും സജ്ജനങ്ങളുടെ ആചാരങ്ങളുമാണ്‌ ധര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. പുരാണമെന്നു പറഞ്ഞാല്‍ പഴയ കഥകള്‍ എന്നര്‍ത്ഥം. ഏറ്റവും പ്രചാരത്തിലുള്ളതും 18 പുരാണങ്ങളില്‍ ശ്രേഷ്ഠമായതും ഭാഗവതപുരാണമാണ്‌. 18 ആയിരം ശ്ലോകങ്ങള്‍ അതിലുണ്ട്‌. കഥകളും കഥാവര്‍ണ്ണനകളുമാണ്‌ പുരാണത്തിലുള്ളത്‌. വിഷ്ണുപുരാണത്തില്‍ വിഷ്ണുമഹാത്മ്യം വര്‍ണ്ണിക്കുന്നു. ദേവീഭാഗവതത്തില്‍ ദേവീമാഹാത്മ്യങ്ങള്‍ വര്‍ണ്ണിക്കുന്നു. ശിവപുരാണത്തില്‍ ശിവന്റെ മാഹാത്മ്യവും.

പുരാണങ്ങള്‍ പൊതുവെ പഞ്ചലക്ഷണയുക്തമാണ്‌. സര്‍ഗ്ഗം (തത്ത്വങ്ങളും ആകാശാദി പഞ്ചഭൂതങ്ങളും), പ്രതിസര്‍ഗ്ഗം, ചരാചരങ്ങളുടെ സൃഷ്ടി, വംശം, മന്വന്തരം, വംശാനുചരിതം (രാജാക്കന്മാരുടെയും മറ്റും വംശാവലി)

സര്‍ഗ്ഗപ്രതിസര്‍ഗ്ഗശ്ച വംശൊ മന്വന്തരാണി ച
വംശാനുചരിതം ചൈവ പുരാണം പഞ്ചലക്ഷണം

ആയുര്‍വ്വേദം, ധനുര്‍വ്വേദം, ഗാന്ധര്‍വ്വേദം, നാട്യവേദം കൂടാതെ അര്‍ത്ഥശാസ്ത്രവും തച്ചുശാസ്ത്രവുമുണ്ട്‌.ഇന്ന്‌ ഭാരതീയ ജനജീവിതത്തെ നയിക്കുന്ന എല്ലാ തത്ത്വചിന്തകളും കലയും സാഹിത്യവും ഉരുത്തിരിഞ്ഞുവന്നത്‌ ഈ 18 വിദ്യകളില്‍ നിന്നാണ്‌.ബ്രഹ്മം, പത്മം, വൈഷ്ണവം, ശൈവം, ഭാഗവതം, നാരദം, മാര്‍ക്കണ്ഡേയം, ആഗ്നേയം, ഭവിഷ്യം, ബ്രഹ്മവൈവര്‍ത്തം, ലിംഗം, വരാഹം, സ്കാന്ദം, വാമനം, കൗര്‍മ്മം, മാത്സ്യം, ഗാരുഡം, ബ്രഹ്മാണ്ഡം ഇവയാണ്‌ പതിനെട്ടു പുരാണങ്ങള്‍, ഇവയിലെല്ലാം കൂടി നാലുലക്ഷം ശ്ലോകങ്ങളുണ്ട്‌.നാലു വേദങ്ങളിലും കൂടി 20500 മന്ത്രങ്ങളുണ്ട്‌. മാനവജനതയുടെ ഏറ്റവും പ്രാചീനമായ പദ്യഗദ്യ സാഹിത്യം ബി.സി. 1500നു മുന്‍പ്‌ രൂപംകൊണ്ടു. കൃതയുഗമെന്ന സത്യയുഗമാണ്‌ കാലം.

വേദം ഗ്രന്ഥരൂപത്തിലാകുന്നതിനു മുന്‍പ്‌ ചൊല്ലിക്കേട്ടും ചൊല്ലിക്കൊടുത്തും വായ്മൊഴിയായി അനേക നൂറ്റാണ്ടുകള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ വേദസൂക്തങ്ങള്‍ തലയിലേറ്റി നടന്ന ഒരു വിഭാഗമുണ്ട്‌. അവരെ പിന്നീട്‌ ബ്രാഹ്മണര്‍ എന്നു വിളിച്ചു. വേദത്തിന്‌ ബ്രഹ്മം എന്ന അര്‍ത്ഥം കൂടിയുണ്ട്‌. വേദം തലച്ചുമടായി കൊണ്ടു നടന്നവര്‍ക്ക്‌ അങ്ങനെ ബ്രാഹ്മണന്‍ എന്ന പേരു വീണുകിട്ടി. വേദത്തിന്‌ ഒരു ഹാനിയും സംഭവിച്ചുകൂടാ. സമൂഹം ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കിയും ആദരിച്ചും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. വധശിക്ഷയില്‍ നിന്നുപോലും അവരെ ഒഴിവാക്കി. അത്‌ ബ്രഹ്മഹത്യാ പാപമായി ചിത്രീകരിക്കപ്പെട്ടു. ബ്രാഹ്മണന്റെ തല പോയാല്‍ വേദത്തിനാണ്‌ ഹാനി സംഭവിക്കുന്നത്‌.

കാലംകൊണ്ട്‌ ബ്രാഹ്മണന്‍ സമൂഹത്തിന്റെ മുന്‍പന്തിയില്‍ പ്രതിഷ്ഠ നേടി. അതീന്ദ്രിയ ശക്തി ഉള്ളവരായി അംഗീകരിക്കപ്പെട്ടു. അവര്‍ക്ക്‌ കിട്ടിയ അറിവ്‌ സ്വന്തം തലമുറക്കു മാത്രം പകര്‍ന്ന്‌ കൊടുത്തു. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാരനായി. എല്ലാത്തിന്റേയും അവസാനവാക്ക്‌ അവന്റേതായി.
ചക്രവര്‍ത്തിമാരുടെ ഉപദേഷ്ടാക്കളായി. രാജാവിനും രാജ്യത്തിനും വേണ്ടി യജ്ഞങ്ങള്‍ നടത്തുക. ജനങ്ങള്‍ക്കും രാജ്യത്തിനും ഈശ്വരാനുഗ്രഹം നേടിക്കൊടുക്കുന്ന ദൈവിക പദ്ധതികളുടെ കടിഞ്ഞാണ്‍ അവന്റെ കൈയ്യിലായി. രാജാവിനെ വാഴിക്കാനും സ്ഥാനഭ്രഷ്ടനാക്കാനും അവന്‌ കെല്‍പ്പുണ്ടായി. ധര്‍മ്മശാസ്ത്രത്തിലും പുരാണങ്ങളിലും ബ്രാഹ്മണന്റെ മഹത്ത്വം വാഴ്ത്തപ്പെട്ടു.

ബ്രാഹ്മണരോളം മഹത്വമില്ലാര്‍ക്കുമേ
സാമ്യം ദ്വിജന്മാര്‍ക്കു മറ്റൊന്നുമില്ലല്ലോ? (മഹാഭാരതം)
ബുദ്ധന്‍ ഇതിനെ ചോദ്യം ചെയ്തു. ബുദ്ധന്റെ പ്രതിഷേധം ആശാന്റെ വരികളിലൂടെ കടന്നു വന്നതിങ്ങനെയാണ്‌.

“വല്ലിതന്നഗ്രത്തില്‍ നിന്നോദ്വിജന്‍
ചൊല്ലുക മേഘത്തില്‍ നിന്നോ.”
പുരാണങ്ങളുടെ എല്ലാം കര്‍ത്താവ്‌ വ്യാസനാണെന്നു പറയുന്നുണ്ടെങ്കിലും ഭവിഷ്യ മഹാപുരാണത്തിലെ അഭിപ്രായം മറിച്ചാണ്‌.

ഭവിഷ്യ മഹാപുരാണത്തില്‍ സാത്വികപുരാണങ്ങള്‍, രാജസപുരാണങ്ങള്‍, താമസപുരാണങ്ങള്‍ എന്ന്‌ പുരാണങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌.വിഷ്ണുപുരാണത്തിന്റെ കര്‍ത്താവ്‌ പരാശര മഹര്‍ഷിയും സ്കാന്ദത്തിന്റേത്‌ പരമേശ്വരനും പത്മം, ബ്രഹ്മം എന്നിവയുടേത്‌ ബ്രഹ്മാവും ഭാഗവതത്തിന്റേത്‌ ശ്രീശുകനും ഗാരുഡത്തിന്റേത്‌ മഹാവിഷ്ണുവുമാണ്‌. ഈ ആറു പുരാണങ്ങളും സാത്വികപുരാണങ്ങളാണ്‌.

മത്സ്യം, കൂര്‍മ്മം, നരസിംഹം, വാമനം, ശിവപുരാണം, വായുപുരാണം എന്നിവ വ്യാസന്റെ കൃതികളാണ്‌. ഇവ രാജസപുരാണങ്ങളാണ്‌.മാര്‍ക്കണ്ഡേയത്തിന്റെയും വരാഹത്തിന്റെയും പ്രണേതാവ്‌ മാര്‍ക്കണ്ഡേയ മഹര്‍ഷിയാണ്‌. അഗ്നിപുരാണത്തിന്റേത്‌ അംഗിരസ്സും, ലിംഗം, ബ്രഹ്മാണ്ഡം എന്നിവയുടേത്‌ തണ്ഡി മഹര്‍ഷിയും, ഭവിഷ്യത്തിന്റേത്‌ പരമേശ്വരനുമാണ്‌. ഇവിയെ താമസപുരാണങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു.ഈ 18 വിദ്യകളില്‍ നിന്നാണ്‌ ഭാരതത്തിലെ സാഹിത്യ മണ്ഡലം ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ വികസിച്ചുവന്നിട്ടുള്ളത്‌. ഈ ലേഖനത്തിലുള്ള ആശയം ഭവിഷ്യപുരാണങ്ങളില്‍ നിന്ന്‌ ഉള്‍ക്കൊണ്ടിട്ടുള്ളതാണ്‌.

No comments:

Post a Comment