Saturday, August 22, 2015

ഗ്രഹദോഷശാന്തി സുബ്രഹ്മണ്യഭജനത്തിലൂടെ


ജ്യോതിഷത്തില്‍ ഓജരാശിസ്ഥിതനായ ചൊവ്വയുടെ അധിദേവതയാണ്‌ സുബ്രഹ്മണ്യന്‍. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ നില്‍ക്കുന്ന ചൊവ്വയുടെ ദശാകാലത്ത്‌ സുബ്രഹ്മണ്യക്ഷേത്രദര്‍ശനം,ഷഷ്ഠിവ്രതാനുഷ്ഠാനം, കാവടിയെടുക്കല്‍ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ഐശ്വര്യത്തിനും ഉത്തമമാണ്‌. ജാതകന്റെ ജന്മനക്ഷത്രം, ഷഷ്ഠി, പൂയം എന്നീ ദിനങ്ങളില്‍ സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്താം. വിവാഹവുമായി ബന്ധപ്പെട്ട്‌ കുജദോഷത്തിന്‌ വലിയ പ്രാധാന്യം കല്‍പിക്കപ്പെട്ടിട്ടുണ്ടല്ലോ. കുജദോഷം മൂലം മംഗല്യതടസ്സമോ മംഗല്യദുരിതമോ അനുഭവിക്കാന്‍ വള്ളീസമേതനായ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പട്ട്‌ സര്‍പ്പിക്കുകയും മറ്റ്‌ വഴിപാടുകള്‍ കഴിക്കുകയും ചെയ്യുന്നത്‌ ദോഷശാന്തിക്ക്‌ ഫലപ്രദമാണ്‌. കുജദോഷമുള്ള വ്യക്തിയോ മാതാമോ ഇരുവരും ചേര്‍ന്നോ ഷഷ്ഠിവ്രതമനുഷ്ഠിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമം. കുജന്‍ മൂലം കുട്ടികള്‍ക്കുണ്ടാവുന്ന ഏത്‌ ദോഷങ്ങളും പരിഹരിക്കുന്നതിന്‌ മാതാവ്‌ വിധിപ്രകാരം ഷഷ്ഠിവ്രതമനുഷ്ഠിക്കുന്നത്‌ ഫലപ്രദമായിരിക്കും. കുജ ജന്യരോഗങ്ങളുടെ, പ്രത്യേകിച്ച്‌ പൈത്തികരോഗങ്ങളുടെ ശമനത്തിനും സുബ്രഹ്മണ്യഭജനവും ഷഷ്ഠിവ്രതവും അനുഷ്ഠിക്കാവുന്നതാണ്‌. രോഗശാന്തി കൈവരുന്നതില്‍ കുജദോഷശാന്തിക്ക്‌ ചൊവ്വാഴ്ച വ്രതമനുഷ്ഠിച്ചുകൊണ്ട്‌ സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്‌. വില്വം, മല്ലിക, ചെമ്പകം, ചെമ്പരത്തി, അരളി, തെച്ചി എന്നീ ആറുപുഷ്പങ്ങള്‍കൊണ്ട്‌ സുബ്രഹ്മണ്യന്‌ കുമാരസൂക്തപുഷ്പാഞ്ജലി നടത്തുന്നത്‌ ഒരു വിശിഷ്ട വഴിപാടാണ്‌.
മേടം, ചിങ്ങം രാശികള്‍ ലഗ്നമായി ജനിച്ചവരും ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ ഒന്‍പതില്‍ നില്‍ക്കുന്നവരും പതിവായി സുബ്രഹ്മണ്യനെ ഭജിക്കുന്നത്‌ ശ്രേയസ്കരമാണ്‌. കാര്‍ത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാര്‍ക്ക്‌ കുജദശ പൊതുവെ അശുഭമായിരിക്കും. ഇവര്‍ ഇക്കാലത്ത്‌ പതിവായി സുബ്രഹ്മണ്യഭജനം, ചൊവ്വാഴ്ചതോറും സുബ്രഹ്മണ്യക്ഷേത്രദര്‍ശനം എന്നിവ നടത്തേണ്ടതാണ്‌. മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വായ്ക്കായതിനാല്‍ ഈ നക്ഷത്രജാതകരും ദശാകാലപരിഗണനകളില്ലാതെ പതിവായി സുബ്രഹ്മണ്യഭജനം നടത്തുന്നത്‌ നന്നായിരിക്കും.

No comments:

Post a Comment