Thursday, August 13, 2015

ഭൃഗുമഹര്‍ഷിയും വരുണനും (ഉപനിഷത്ത്കഥകള്‍, )


വരുണന്റെ പുത്രനാണ് ഭൃഗു. മഹാജ്ഞാനിയും പണ്ഡിതശ്രേഷ്ഠനുമായ വരുണനെപ്പോലെ തന്നെ വിരക്തനും വിവേകിമായിരുന്നു മകനും.
വിദ്യയും വിനയവും കൈമുതലായുള്ള ഭൃഗു തനിക്ക് ആത്മജ്ഞാനം വേണമെന്ന് ആഗ്രഹിച്ചു. അതിന് ബ്രഹ്മവിദ്യ അഭ്യസിക്കണം. ബ്രഹ്മവിദ്യ, രഹസ്യവിദ്യയാണ്. അത് ഗുരുമുഖത്തുനിന്ന് ഉപദേശരൂപത്തില്‍ അഭ്യസിച്ചെങ്കില്‍ മാത്രമേ യഥാര്‍ത്ഥ പ്രയോജനം ലഭിക്കുകയുള്ളൂ. ഇക്കാരണങ്ങളെല്ലാം ഭൃഗുവിന് നന്നായി അറിയാം.
ഒരു ദിവസം നല്ലൊരു മുഹൂര്‍ത്തം നോക്കി ഭൃഗു സ്വപിതാവിനെ സമീപിച്ചു.
"അച്ഛാ, അവിടുത്തെ പുത്രനായ എന്നെ ശിഷ്യനായിക്കരുതിയാലും. ബ്രഹ്മവിദ്യ അഭ്യസിക്കാന്‍ എനിക്ക് വലിയ ആഗ്രഹമാണ്. ഒരുവന് അവന്റെ ആദ്യഗുരു പിതാവുതന്നെയാണല്ലോ. അവിടുന്ന് എനിക്ക് ബ്രഹ്മോപദേശം നല്‍കി അനുഗ്രഹിച്ചാലും." ഭൃഗു പിതാവിന്റെ പാദങ്ങളില്‍ വീണു നമസ്ക്കരിച്ചു.
വരുണന് സന്തോഷമായി. തന്റെ പുത്രന്‍ ശ്രേഷ്ഠമായ ബ്രഹ്മവിദ്യ നേടാന്‍ ആഗ്രഹിക്കുന്നവനാണ്. ഉത്തമം. ഈശ്വരാനുഗ്രഹം. വരുണന്‍ പുത്രനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ട് ശിരസ്സില്‍ കൈവച്ച് കണ്ണുകളടച്ചുനിന്ന് പ്രാര്‍ത്ഥിച്ചു. അല്പനേരം അങ്ങനെ പ്രാര്‍ത്ഥനാനിരതനായി നിന്നിട്ട് പുത്രന്റെ മുഖത്തേയ്ക്കു നോക്കി.
"മകനേ, നിനക്കു ജന്മം നല്കിയ ഞാന്‍ ധന്യനായി. നിന്റെ ആഗ്രഹം സാധിക്കാനിടവരട്ടെ. ബ്രഹ്മപ്രാപ്തിയാണ് ഒരു ജീവന്റെ യഥാര്‍ത്ഥ ലക്ഷ്യം. പക്ഷേ അത് അത്ര എളുപ്പത്തില്‍ സാധ്യമല്ല. കഠിനമായ പ്രയത്നം വേണം. തപസ്സും ധ്യാനവുമൊക്കെ അത്യാവശ്യമാണ്. നന്നായി നിരന്തരം പരിശ്രമിക്കുകയും വേണം. നീ കഠിനതപസ്സിന് ഒരുങ്ങിക്കഴിഞ്ഞുവെന്ന് ഞാന്‍ കരുതട്ടെ."
"തീര്‍ച്ചയായും. അച്ഛന്‍ അനുഗ്രഹിച്ചാലും. ഞാന്‍ തപസ്സിന് ഒരുങ്ങിക്കഴിഞ്ഞു. എങ്ങനെയും ബ്രഹ്മപ്രാപ്തി കൈവരിക്കുക മാത്രമാണ് ഇനി എന്റെ ഏക ലക്ഷ്യം. അതിലേയ്ക്കുള്ള മാര്‍ഗ്ഗം ഉപദേശിച്ചാലും." ഭൃഗുവിന്റെ വാക്കുകളില്‍ നിശ്ചയ ദാര്‍ഢ്യം മുറ്റിനിന്നു.
"ശരി. എങ്കില്‍ നിനക്ക് ഞാന്‍ ബ്രഹ്മപ്രാപ്തിയ്ക്കുള്ള ഉപായങ്ങള്‍ ഉപദേശിക്കാം." ആത്മസാക്ഷാത്ക്കാരത്തിന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിച്ചിട്ട് വരുണന്‍ പറഞ്ഞു: "അന്നം, പ്രാണന്‍, നേത്രം, ശാസ്ത്രം, മനസ്സ്, വാക്ക് ഇവ ബ്രഹ്മപ്രാപ്തിയ്ക്കുള്ള കവാടങ്ങളാണ്. ഏതൊന്നില്‍ നിന്നാണോ നിശ്ചമായും ഈ ജീവഭൂതങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്, ആരെ ആശ്രയിച്ചാണോ ഇവയെല്ലാം ജീവിച്ചിരിക്കുന്നത്, ഒടുവില്‍ വിനാശോന്മുഖമായി ഏതൊന്നിലാണോ വിലയം പ്രാപിക്കുന്നത് അതിനെ നീ അറിഞ്ഞാലും. അതുതന്നെയാണ് ബ്രഹ്മം."
പിതാവിന്റെ ഉപദേശം കേട്ടിട്ട് ഭൃഗു തപസ്സിനു പുറപ്പെട്ടു. ഉചിതമായ ഒരിടം കണ്ടെത്തി. അവിടെ പര്‍ണ്ണശാല നിര്‍മ്മിച്ചു. വിധിയനുസരിച്ച് കഠിനമായ തപസ്സ് ആരംഭിച്ചു. വരുണന്റെ ഉപദേശത്തില്‍ നിന്ന് അന്നമാണ് ബ്രഹ്മമെന്ന് ഭൃഗു വിചാരിച്ചു പോയി. അന്നം, പ്രാണന്‍, നേത്രം, ശ്രോത്രം, മനസ്സ്, വാക്ക് ഇവയെല്ലാം ബ്രഹ്മപ്രാപ്തിയ്ക്കുള്ള കവാടങ്ങളാണ് വരുണന്‍ പറയുകയുണ്ടായി. അതിനാല്‍ ഇതില്‍ ഏതിനെ ഉപാസിച്ചു തപസ്സു ചെയ്താലും ബ്രഹ്മത്തിലെത്താമെന്ന് ഭൃഗു തെറ്റിദ്ധരിച്ചു. ആദ്യം അന്നത്തെ ഉപാസിക്കുകയാണ് എളുപ്പമെന്നു കുരുതി തപസ്സു ചെയ്തു. ജഗത്തിന്റെ സൃഷ്ടി-സ്ഥിതി-ലയങ്ങള്‍ ഏതൊന്നു മുഖാന്തിരമാണോ സംഭവിക്കുന്നത് എന്ന വരുണന്റെ ഉപദേശവും ഭൃഗു പരിഗണിച്ചു. അങ്ങനെ തപസ്സു ചെയ്ത് അന്നമാണ് ബ്രഹ്മമെന്നറിഞ്ഞു. കാരണം അന്നത്തില്‍നിന്നാണ് സര്‍വപ്രാണികളും ഉണ്ടാകുന്നത്. ആഹാരത്തിന്റെ ശക്തി കൊണ്ട് ജീവിക്കുന്നു. പ്രണയകാലത്ത് അന്നത്തില്‍ തന്നെ ലയിക്കുകയും ചെയ്യുന്നു. ഇപ്രകാരം അറിഞ്ഞ ഭൃഗുവിന് പൂര്‍ണ്ണമായ സംതൃപ്തി ലഭിച്ചില്ല. അതിനാല്‍ അദ്ദേഹം വീണ്ടും പിതാവിനെ സമീപിച്ചിട്ട് പറഞ്ഞു:
"ഭഗവന്‍, അന്നം ബ്രഹ്മമാണെന്ന് ഞാനറിഞ്ഞു. പക്ഷേ എന്റെ അറിവ് പൂര്‍ണ്ണമല്ല. അതിനാല്‍ എനിക്ക് യഥാര്‍ത്ഥത്തിലുള്ള ബ്രഹ്മോപദേശം നല്‍കിയാലും."
അതുകേട്ട് വരുണന്‍ പറഞ്ഞു: "ബ്രഹ്മത്തെ തപസ്സു മുഖേന അറിയുവാന്‍ ആഗ്രഹിക്കുക. തപസ്സു തന്നെയാണ് ബ്രഹ്മം."
അതുകേട്ട് ഭൃഗു അവിടെനിന്ന് പോയി കഠിനമായി തപസ്സു ചെയ്തു. ഒടുവില്‍ പ്രാണന്‍ ബ്രഹ്മമാണെന്നറിഞ്ഞു. പ്രാണനില്‍നിന്നാണ് പ്രപഞ്ചത്തില്‍ പ്രാണികള്‍ ഉണ്ടാകുന്നത്. പ്രപഞ്ചത്തിലെ ജീവികള്‍ക്ക് പ്രാണന്‍ കൂടിയേ തീരു. പ്രാണനില്ലെങ്കില്‍ ജീവികള്‍ നിലനില്‍ക്കുകയില്ല. പ്രാണന്‍ വേര്‍പെട്ടാല്‍ മരിക്കും. പ്രാണനാകട്ടെ ജീവികളുടെ അന്ത്യകാലത്ത് ദേഹത്തില്‍ നിന്ന് വേറിട്ട് മുഖ്യപ്രാണനില്‍ ലയിക്കുകയും ചെയ്യുന്നു.
ഇങ്ങനെ അറിഞ്ഞതിനുശേഷം ഭൃഗു സ്വപിതാവിന്റെ അടുത്തെത്തി ഉപദേശിക്കുവാന്‍ വീണ്ടും ആവശ്യപ്പെട്ടു. തപസ്സു ചെയ്യുവാനായിരുന്നു വരുണന്‍ നിര്‍ദ്ദേശിച്ചത്. അപ്പോള്‍ ഭൃഗു മനസ്സിനെ ഉപാസിക്കാന്‍ നിശ്ചയിച്ചു. മനസ്സു മുഖേന ഭൃഗു തപസ്സു ചെയ്തു. മനസ്സാണ് ബ്രഹ്മമെന്നറിഞ്ഞു. ജീവികള്‍ ജനിക്കുന്നതും ജീവിക്കുന്നതും ഒടുവില്‍ ലയിക്കുന്നതും മനസ്സിലാണെന്ന് ഭൃഗു അറിഞ്ഞു. ഈ അറിവിനുശേഷം അദ്ദേഹം വീണ്ടും വരുണനെ സമീപിച്ചു. ബ്രഹ്മത്തെപ്പറ്റി ഉപദേശിക്കണമെന്നു തന്നെയാണ് ഇത്തവണയും ആവശ്യപ്പെട്ടത്.
"മകനേ, എനിക്ക് ഇപ്പോഴും നിന്നോട് ഉപദേശിക്കുവാനുള്ളത് നീ തപസ്സുകൊണ്ട് ബ്രഹ്മത്തെ അറിയുവാന്‍ ആഗ്രഹിക്കുക എന്നാണ് ബ്രഹ്മം. നീ തപസ്സുചെയ്യുക."
ഇതു കേട്ട് ഭൃഗു വീണ്ടും തപസ്സിനു പോയി. തപസ്സു ചെയ്തതിന്റെ ഫലമായി വിജ്ഞാനമാണ് ബ്രഹ്മമെന്നറിഞ്ഞു. പക്ഷേ ഒരു തൃപ്തി തോന്നിയില്ല. വീണ്ടും പിതാവിന്റെ അടുത്തെത്തി. ബ്രഹ്മോപദേശത്തെ തേടി. വരുണന് പറയുവാന്‍ തപസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തപസ്സു ചെയ്ത് ബ്രഹ്മത്തെ അറിയുവാന്‍ നിര്‍ദ്ദേശിച്ചു. വീണ്ടും തപസ്സു ചെയ്ത് ആനന്ദമാണ് ബ്രഹ്മമെന്ന് ഭൃഗു അറിഞ്ഞു. ആനന്ദത്തെക്കുറിച്ചുള്ള അറിവ് ഭൃഗുവിന് ഒരനുഭൂതിയായിരുന്നു. ആനന്ദം അദ്ദേഹത്തെ തൃപ്തനാക്കി. സംശയങ്ങളെല്ലാം ഭൃഗുവില്‍ നിന്നകന്നു പോയി. നിത്യവും ശാശ്വതവുമായ ആനന്ദാനുഭൂതി ബ്രഹ്മത്തിന്റെയാണ്. ഉപാധിരഹിതമായ ഉപാസനയിലൂടെ മാത്രമേ ആനന്ദാനുഭൂതി ലഭിക്കുകയുള്ളൂ. ആനന്ദത്തില്‍ നിന്നാണ് എല്ലാ പ്രാണികളും ജനിക്കുന്നത്. ഉണ്ടായവയെല്ലാം ആനന്ദത്തിലാണ് ജീവിക്കുന്നത്. പ്രയാണകാലത്ത് ആനന്ദത്തില്‍ തന്നെ വിലയം പ്രാപിക്കുകയും ചെയ്യുന്നു. അന്നം, പ്രാണന്‍, മനസ്സ്, ബുദ്ധി, ആനന്ദം എന്നീ ക്രമത്തില്‍ ഭൃഗുവിന് ആത്മാവിന്റെ സ്വരൂപത്തെ അറിയാന്‍ കഴിഞ്ഞു. സ്ഥൂലത്തില്‍ നിന്ന് സൂക്ഷത്തിലേയ്ക്കുള്ള ക്രമമായ ഉയര്‍ച്ചയാണ് ഭൃഗുവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിത്യമായ ആനന്ദാനുഭൂതിയോടുകൂടി അത് പൂര്‍ണ്ണമാകുന്നു. ആനന്ദസ്വരൂപനാണ് താനെന്ന അറിവ് ഭൃഗുവിനെ ശാന്തനാക്കി. ഭൃഗു അറിഞ്ഞതും വരുണന്‍ ഉപദേശിച്ചതും ഒന്നു തന്നെയാണ്. ആ ബ്രഹ്മവിദ്യ പരമാകാശത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതിനെ അറിയുവാന്‍ ബ്രഹ്മത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു.
അന്നത്തെ നിന്ദിക്കരുത്. ഇത് ബ്രഹ്മജ്ഞന്റെ വ്രതമാണ്. പ്രാണശക്തിയുണ്ടാകുന്നത് ഒരാള്‍ കഴിക്കുന്ന അന്നത്തില്‍ നിന്നാണ്. അതുപോലെ ശരീരം അന്നത്തിന് ആദാനവുമാണ്. പ്രാണനില്‍ ശരീരവും, ശരീരത്തില്‍ പ്രാണനും പരസ്പരപൂരകങ്ങളായിരിക്കുന്നു. പരസ്പരാശ്രിതങ്ങളായിരിക്കുന്ന ശരീരവും പ്രാണനും ഒന്നു മറ്റൊന്നിന്റെ അന്നമാണ്. അതുകൊണ്ട് ഇവ രണ്ടും അന്നത്തില്‍ പ്രതിഷ്ഠിതമാണ്.
അന്നത്തെ ഉപേക്ഷിക്കരുത്. ജലവും അന്നമാണ്. ജ്യോതിസ്സ് അന്നാദദാവാണ്. ജലവും ജ്യോതിസ്സും പരസ്പരാശ്രിതങ്ങളാണ്. അവയും പരിപൂര്‍ണ്ണമായി അന്നത്തില്‍ സ്ഥിതി ചെയ്യുന്നവയാണ്.
ജീവികളുടെ നിലനില്പിന് അന്നം അത്യാവശ്യമാണ്. അതിനാല്‍ അന്നത്തെ എല്ലാവരും വര്‍ദ്ധിക്കണം. ഇത് വ്രതമായി കരുതണം. പൃഥ്വി പൂര്‍ണ്ണമായും ജീവന് അന്നമാണ്. പൃഥ്വിയില്‍ ആകാശവും ആകാശത്തില്‍ പൃഥ്വിയും പരസ്പരാശ്രിതങ്ങളായി സ്ഥിതി ചെയ്യുന്നു. ഇവയും അന്നത്തില്‍ പ്രതിഷ്ഠിതമാണ്. ഈ വിവരങ്ങളെയെല്ലാം തപസ്സിലൂടെ അറിയുന്നവന്‍ മഹാനായി ഭവിക്കുന്നു. അവന് ധാരാളം പ്രജകളും മൃഗങ്ങളും ഉണ്ടാകുന്നു. ബ്രഹ്മതേജസ്സാല്‍ കീര്‍ത്തിമാനായിത്തീരുന്നു. വിഖ്യാതനും എല്ലാവരാലും സ്തുതിക്കപ്പെടുന്നവനുമാകുന്നു. ഇങ്ങനെയുളളവനാണ് മഹാന്‍!
അന്നത്തിന്റെ മഹത്ത്വമറിയുന്നവനാണ് മഹാന്‍. അവന്‍ സ്വവസതിയില്‍ താമസിക്കുവാന്‍ വന്നിട്ടുള്ള ആരേയും പരിത്യജിക്കരുത്. അന്നം കൊടുത്ത് അഥിതിയെ സല്‍ക്കരിക്കണം. അതിന് വേണ്ടത്ര അന്നം ശേഖരിച്ചു വയ്ക്കണം. എന്തു കൊണ്ടെന്നാല്‍ അതിഥിയോട് "ഞാന്‍ അന്നം തയ്യാറാക്കിയിട്ടുണ്ട്" എന്ന് ശ്രേഷ്ഠനായവന്‍ പറയുന്നു. അതിഥികള്‍ക്ക് ആഹാരം നല്‍കണം. ഏതു വൃത്തിയിലൂടെ അതിഥിക്ക് അന്നം നല്‍കുന്നുവോ അങ്ങനെതന്നെ അവന് അന്നം ലഭിക്കുകയും ചെയ്യുന്നു.
ഇനി ബ്രഹ്മത്തിന്റെ ഉപാസയെപ്പറ്റി വര്‍ണിക്കാം. ബ്രഹ്മം വാക്കില്‍ ക്ഷേമരൂപത്തില്‍ സ്ഥിതി ചെയ്യുന്നു. ആ രൂപത്തില്‍ അത് ഉപാസ്യമാണ്. യോഗക്ഷേമരൂപത്തില്‍ പ്രാണാപാനന്മാരിലും കര്‍മ്മരൂപത്തില്‍ കൈകളിലും ഗമനരൂപത്തില്‍ കാലുകളിലും ത്യാഗരൂപത്തില്‍ പായുവിലും ഉപാസിക്കപ്പെടുന്നതാണ്. ഈ വിധത്തിലാണ് മനുഷ്യസംബന്ധിയായ ഉപാസന. ഇതുപോലെ ഇനി ദേവന്മാരെ സംബന്ധിക്കുന്ന ഉപാസനയുമുണ്ട്.
ബ്രഹ്മം തൃപ്തിരൂപത്തില്‍ വൃഷ്ടി (മഴ)യിലും, ബലരൂപത്തില്‍ വിദ്യുത് (ഇടിമിന്നല്‍)ലും, യശോരൂപത്തില്‍ മൃഗങ്ങളിലും, ജ്യോതിരൂപത്തില്‍ നക്ഷത്രങ്ങളിലും, പുത്രാമൃതം, ആനന്ദം എന്നീ രൂപങ്ങളില്‍ ഉപസ്ഥത്തിലും സര്‍വ്വരൂപത്തില്‍ ആകാശത്തിലും സ്ഥിതിചെയ്യുന്നു. അതിനെ അങ്ങനെതന്നെ ഓരോന്നിലും ഉപാസിക്കണം. ബ്രഹ്മം സര്‍വ്വത്തിന്റേയും ആധാരമാണ്. എല്ലാം ബ്രഹ്മത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു. ബ്രഹ്മോപാസകന് ഈ വിധം തന്നെ ഭാവനയുണ്ടായിരിക്കണം.
സര്‍വ്വത്തിന്റേയും പ്രതിഷ്ഠ ബ്രഹ്മമാണെന്ന ഭാവനയില്‍ ഉപാസിക്കുന്നവന്‍ പ്രതിഷ്ഠാവാന്‍ (പ്രഖ്യാതന്‍) ആയിത്തീരും. ബ്രഹ്മം, മഹസ്സ് എന്ന പേരോടുകൂടിയ തേജസ്സ് ആണ് എന്ന ഭാവനയില്‍ ഉപാസിക്കുകയാണെങ്കില്‍ ആ ആരാധകന്‍ ഒരു മഹാനായിത്തന്നെ ഭവിക്കും. അത് മനസ്സാണെന്ന ഭാവനയില്‍ ഉപാസിച്ചാല്‍ ഉപാസകന്‍ മാനവന്‍ (മനനം ചെയ്യുന്നതില്‍ നിപുണന്‍) ആയിത്തീരും. ബ്രഹ്മത്തെ നമസ്ക്കാരപൂര്‍വ്വം "നമഃ" എന്ന ഭാവനയോടെ ആരാധിക്കുന്നവന്‍ എല്ലാ കാമ്യപദാര്‍ത്ഥങ്ങളേയും നേടും. എല്ലാം ബ്രഹ്മമാണെന്ന ഭാവേന ഉപാസിക്കുന്നവന്‍ ബ്രഹ്മനിഷ്ഠനായിത്തീരുന്നു. അത് ബ്രഹ്മത്തിന്റെ പരിമരം(ആകാശം) ആണെന്ന ഭാവേന ഉപാസിച്ചാല്‍ അവനോട് വിദ്വേഷം കാണിക്കുന്ന പ്രതിപക്ഷികള്‍ മരിച്ചു പോകുന്നു. ബ്രഹ്മോപാസകനോട് അപ്രിയം കാണിക്കരുത്. കാണിച്ചാല്‍ അത് ആര്‍ക്കായിരുന്നാലും ദോഷം വരുത്തും. ബ്രഹമനിഷ്ഠന് ദോഷം വരുത്തുന്നവര്‍ സഹോദരപുത്രന്മാര്‍ ആയിരുന്നാല്‍ക്കൂടി അവരും മരിച്ചുപോകും.
ആത്മാവിന്റെ ഈ വിധ സ്വരൂപത്തെ അറിയുന്നവന്‍ ഈ ലോകത്തില്‍ നിന്ന് നിവൃത്തനാകുന്നു. അവന്‍ ക്രമത്തില്‍ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ ആത്മഭാവങ്ങളില്‍ സംക്രമിക്കുന്നു. സമ്പൂര്‍ണ്ണഭൂവനവും നിറയുന്ന അവന്റെ ജ്യോതിസ്സ് സൂര്യനെപ്പോലെ നിത്യപ്രകാശസ്വരൂപമാകുന്നു. ഇങ്ങനെ ബ്രഹ്മവിദ്യയെ അറിഞ്ഞ് ഉപാസിക്കുന്നവന്‍‍ ആനന്ദം അനുഭവിക്കുന്നു. മഹാനും കീര്‍ത്തിമാനും പ്രകാശസ്വരൂപനുമാകുന്നു.

ഓം തത് സത്

അവലംബം - തൈത്തിരീയോപനിഷത്ത്

No comments:

Post a Comment