Thursday, August 20, 2015

വാസ്തുപുരുഷന്‍

ത്രേതായുഗത്തില്‍ സര്‍വ്വലോകവ്യാപിയായി ഒരു പ്രത്യക്ഷപ്പെട്ട മഹാഭൂതമാണ് വാസ്തുപുരുഷന്‍. പരമശിവനും അന്ധകാരന്‍ എന്ന രാക്ഷസനുമായുണ്ടായ യുദ്ധത്തിനിടെ പരമശിവന്റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്നുവീണ വിയര്‍പ്പുത്തുള്ളിയില്‍ നിന്നാണ് വാസ്തുപുരുഷന്റെ ഉത്ഭവം. മഹാപരാക്രമശാലിയായ ആ ഭൂതത്തിന്റെ അതിക്രമങ്ങളെ സഹിക്കാനാവാതെ ദേവന്മാരെല്ലാവരും ചേര്‍ന്ന് പ്രാര്‍ഥിച്ചു ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി.
ദേവന്മാരുടെ സങ്കടങ്ങള്‍ കേട്ട ബ്രഹ്മാവ്‌ അവരോട് പറഞ്ഞു. ആ ഭൂതവുമായി യുദ്ധം ചെയ്ത് ഒടുവില്‍ അതിനെ എടുത്ത് ഭൂമിയിലേക്ക്‌ എറിയുവാന്‍.
ദേവന്മാരുമായുണ്ടായ യുദ്ധത്തില്‍ തോറ്റ് ഭൂമിയില്‍ പതിച്ച വാസ്തുപുരുഷന്റെ ശിരസ്സ് ഈശ (വടക്ക് കിഴക്ക്) കോണിലും കാല്‍പ്പാദങ്ങള്‍ നിറുതി (തെക്ക് പടിഞ്ഞാറ്) കോണിലും കൈകള്‍ രണ്ടും അഗ്നികോണിലും (തെക്ക് കിഴക്ക്) ലും വായു കോണി (വടക്ക് പടിഞ്ഞാറ്) ലുമായി ഭൂമി മുഴുവനായി വ്യാപിച്ചു കിടക്കുന്ന വാസ്തുപുരുഷന്‍ പിന്നീട് ഭൂമിയിലുള്ളവരെ ശല്ല്യം ചെയ്യുവാന്‍ തുടങ്ങി. ഉടനെ ഭൂവാസികള്‍ ബ്രഹ്മാവിനെ പ്രാര്‍ഥിച്ചു. ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു. വാസ്തുപുരുഷന്റെ ശക്തിയെ ക്ഷയിപ്പിക്കാനായി അന്‍പത്തിമൂന്നുദേവന്മാരോടും ആ കൂറ്റന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുവാനായി ബ്രഹ്മദേവന്‍ ഉപദേശിച്ചു.

അതെതുടര്‍ന്ന് ശക്തി ക്ഷയിച്ച വാസ്തുപുരുഷന്‍ ബ്രഹ്മാവിനെ പ്രാര്‍ഥിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ്‌ വാസ്തുപുരുഷനെ അനുഗ്രഹിച്ച് ഇപ്രകാരം അരുളിച്ചെയ്തു. "ശിലാന്യാസം (കല്ലിടീല്‍), കട്ടളവെയ്പ്പ്, ഗൃഹപ്രവേശം ഈ മൂന്ന് അവസരങ്ങളിലും മനുഷ്യര്‍ നിന്നെ പൂജിക്കുന്നതാണ്. ഇതിനെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വാസ്തുപൂജ ചെയ്യാതെ ഗൃഹനിര്‍മ്മാണം നടത്തിയാല്‍ ആ ഗൃഹത്തില്‍ പലവിധ അനര്‍ഥങ്ങളും സംഭവിക്കുന്നതാണ്". ബ്രഹ്മദേവന്റെ ആശീര്‍വാദത്തില്‍ സംതൃപ്തനായ വാസ്തുപുരുഷന്‍ മനുഷ്യരാശിയില്‍നിന്നും പൂജകള്‍ ഏറ്റുവാങ്ങി ഭൂമിയില്‍ നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം.

No comments:

Post a Comment