Saturday, August 22, 2015

നിലവിളക്കിന്‍റെ ഐശ്വര്യ മാഹാത്മ്യം

പ്രഭാതത്തിലും സന്ധ്യനേരത്തും വീടുകളില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കുന്നത് ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്. ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് നിലവിളക്ക് എന്ന പേര് വന്നത്. ക്ഷേത്രത്തിന് വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനയ്ക്കായി സന്ധ്യാജപം വേണം. ദേവാരാധനയില്‍ അവശ്യം വേണ്ട പഞ്ചഭൂത സങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം-ചന്ദനാദികള്‍ (പൃഥ്വി) എന്നിവ വീട്ടിലെ അനുഷ്ഠാനങ്ങളില്‍ നിര്‍ബന്ധമാണ്. ഇതില്‍ പ്രധാനമായ നിലവിളക്ക് പ്രഭാത സന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതിവരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമാകയാല്‍ ഭദ്രദീപമായി. അതിനു ദിവസവും നിര്‍മ്മാല്യവും വിധിയുണ്ട്. വിളക്ക്, ശംഖ്, പൂജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താണ്ടില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിന് മുകളില്‍ പ്രതിഷ്ഠിക്കണം. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. കഴുകി മിനുക്കിയതിനുശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും നെറ്റിയിലും ആദ്യം ഭസ്മം കൊണ്ട് മൂന്നു വരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ട് ഒരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം. നിലവിളക്കിന്റെ ശിരോഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കും പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമാണ്. ശനിദോഷമകറ്റാനും പിതൃപ്രീതിക്കായി എണ്ണെണ്ണയാണുത്തമം. ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടുതിരി ധനവൃദ്ധിയും മൂന്നു തിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. രണ്ടു തിരിയിട്ടു ഒരു ജ്വാല വരത്തക്കവണ്ണം പ്രഭാതസന്ധ്യയിലും നാലു തിരിയിട്ട് രണ്ടു ജ്വാലവരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തിവരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമേ വടക്കുകിഴക്കേ മൂലയിലേക്കും ജ്വാലവരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കില്‍ നിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമത്തിന് കൊളുത്തി ഏറ്റവും അവസാനം തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പുറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം നാമം ജപിക്കുന്നതും ഉത്തമമാണ്. നിലവിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ ചെയ്യരുത്. എണ്ണ മുഴുവന്‍ പറ്റി കരിന്തിരി കത്താതെ നിലവിളക്ക് അണയ്ക്കണം. കരിന്തിരി കത്തുന്നത് ലക്ഷണക്കേടാണ്. വിളക്കണയ്ക്കാന്‍ കിണ്ടിയിലെ പുഷ്പങ്ങള്‍ ഉപയോഗിക്കാം. ഊതി അണയ്ക്കുന്നതും കൈകൊണ്ട് തട്ടി അണയ്ക്കുന്നതും നിലവിളക്കിനെ നിന്ദിക്കലാണ്. നാരായണ ജപത്തോടെ വേണം നിലവിളക്ക് അണയ്‌ക്കേണ്ടത്. സ്ത്രീകള്‍ അല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും പറയുന്നു. എല്ലാ മതക്കാരും നിലവിളക്കിന് അതിന്റേതായ പ്രധാന്യം നല്‍കുന്നുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിലും നിലവിളക്ക് കൊളുത്തുന്നുണ്ട്. അതുപോലെ ഏതു മംഗളമുഹൂര്‍ത്തത്തിലും നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. നിലവിളക്ക് എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കണം. അതുപോലെ കുടുംബിനികളെ നിലവിളക്കിനോട് ഉപമിക്കാറുണ്ട്. നിലവിളക്കിന് അഞ്ച് മുഖങ്ങള്‍ ഉണ്ട്. കുടുംബിനികള്‍ക്ക് ഉണ്ടായിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ ഇവയാണ്.സ്‌നേഹം, സമചിത്തത, സഹനശക്തി, മനോബലം, ക്ഷമ. നിലവിളക്ക് സാംസ്കാരികമായ മാനം മാത്രമല്ല അതിന് വിശ്വാസപരമായ ഒരു മാനം കൂടിയുണ്ട്. ഹിന്ദു മതസിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവന്‍) ഐക്യത്തിന്റെ പ്രതീകമാണ്. നിലവിളക്ക് കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ ഒരു മുസ്ലീംപള്ളിയാണ് ചേരമാന്‍ പള്ളി. പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്‍കുകയും ചെയ്യുന്നു. കൊടുങ്ങല്ലൂരിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. അതുപോലെ ക്രിസ്ത്യാനികളുടെ മാര്‍ഗ്ഗംകളിയില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. ക്രിസ്തുദേവന്റെ സങ്കല്പത്തില്‍ ആണിത്. വാസ്തുവിധി പ്രകാരം ഓരോ ഗൃഹത്തിലും അഭിവൃദ്ധിയും ഐശ്വര്യവും പകര്‍ന്നു നല്‍കുന്നതില്‍ ദീപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അഗ്നിയെ പ്രീതിപ്പെടുത്താനായി വീടിന്റെ തെക്കുകിഴക്കേ മൂലയില്‍ ദീപം സ്ഥാപിക്കണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. വിളക്കിന്‍റെ തിരി മേല്‍ക്കൂരയ്ക്ക് അഭിമുഖമായി എരിയണം. കുളിച്ച് ഈറന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് പതിവായി വിളക്ക് കൊളുത്തേണ്ടത്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള നാമം ചൊല്ലല്‍ നടത്തുന്നത് പണ്ടുകാലത്ത് കൂട്ടുകുടുംബങ്ങളിലെ പ്രത്യേകതയായിരുന്നു. ദീപനാളം ഈശ്വരചൈതന്യത്തിന്‍റെ പ്രതീകമാണെന്നാണ് സങ്കല്പം. എല്ലാവിധമായ മംഗളമുഹൂര്‍ത്തത്തിലും നിലവിളക്ക് കത്തിച്ചുവയ്ക്കുന്നു. നിലവിളക്കുകള്‍ കത്തിച്ചുവയ്ക്കുന്നത് ഐശ്വര്യദായകമാണ്.

No comments:

Post a Comment