Saturday, August 15, 2015

വിഷു

മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടി, വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. വറുതികളും, കൊടുതികളും ചവിട്ടിമെതിച്ച മണ്ണിലേക്കും, മനസ്സിലേക്കുമാണ് നാം മലയാളികളുടെ ആഘോഷങ്ങളെത്തുന്നത്. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായി. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു. തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു. നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ഫലമൂലാദികളും, കണികൊന്നയും കണികണ്ടുണരുന്ന നാം, മലയാളികള്‍ മനതാരില്‍ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖസുഷ്പ്തിയില്‍ ലയിക്കുന്നു. രാവിലെ കണി കണ്ടു കഴിഞ്ഞാല്‍ ഒരു വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു. കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍.

No comments:

Post a Comment