Friday, August 21, 2015

ഹൈന്ദവാചാരങ്ങളിലെ രഹസ്യമെന്ത്?

എന്താണ് ഹൈന്ദവതത്വം എന്നു ചോദിച്ചാൽ ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണങ്ങളിൽ ഏറ്റവും പ്രമുഖമാണ് ഹിന്ദുക്കൾ പൂർവ്വ ജന്മത്തിനും മരണാനന്തര ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നു എന്നുള്ളത്. ഹൈന്ദവാചാരങ്ങളുടെ കാതലായ രഹസ്യങ്ങളിൽ ഒന്ന് ഈശ്വരനും മരണവുമാണെന്ന് സാമാന്യമായി പറയാം. പൂർവ്വജന്മമുണ്ടോ? മരിച്ചുകഴിഞ്ഞാൽപ്പിന്നെ ജന്മമോ ജീവിതമോ ഉണ്ടോ? കൂലംങ്കഷമായി ചിന്തിക്കേണ്ടുന്ന വിഷയമെങ്കിൽകൂടിയും ഈ രണ്ടു വസ്തുതകളിലേക്കും വെളിച്ചം വീശുന്ന അനേകം ശാസ്ത്രങ്ങൾ ഉണ്ടെങ്കിൽക്കൂടിയും ഇന്നും ഏവർക്കും ഇവ കൌതുകമുണർത്തുന്ന വിഷയങ്ങൾ തന്നെ. ഏതായാലും മനുഷ്യനിൽ പൂർവ്വജന്മ സ്മൃതിയും കർമ്മത്തിന്റെ ഗതിയും മോക്ഷമെന്ന ഈശ്വരജ്ഞാനവും മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഹൈന്ദവാചാരങ്ങളിലെ മുഖ്യമായ രഹസ്യം.

പൂർവ്വജന്മങ്ങളെ എങ്ങനെ സ്ഥാപിക്കാം? നാം ഒരു വര വരയ്ക്കാൻ ഒരാളോട് ആവശ്യപ്പെടുന്നു. ഒരു പ്രതലത്തിൽ അയാൾ ഒരു പെൻസിൽകൊണ്ട് വരയ്ക്കുന്നു. തെളിഞ്ഞു കണ്ട ആ വരയെ നാം രേഖയെന്നു വിളിക്കുന്നു. ആ രേഖയുടെ ആദ്യാന്തങ്ങൾ തെളിഞ്ഞിട്ടുള്ളതിനാൽ ഇതിനു ഇത്ര ദൈർഘ്യം എന്നു നാം പറയുന്നു. എന്നാൽ ആ രേഖയ്ക്ക് മുമ്പ് രേഖയുണ്ടോ എന്നു ചോദിച്ചാലും, രേഖയ്ക്ക് ശേഷം രേഖ നീണ്ടിട്ടുണ്ടോ എന്നു ചോദിച്ചാലും ഇല്ലല്ലോ എന്നായിരിക്കും ഉത്തരം പറയുന്നത്. എന്നാൽ കുറച്ചുകൂടി ചിന്തിക്കാൻ ശ്രമിച്ചാൽ നമുക്ക് ഒരു കാര്യം ബോധ്യമാകും. വര വരയ്ക്കാൻ പെൻസിൽ എടുത്തപ്പോൾ മുതൽ വരച്ചുകഴിഞ്ഞ് പെൻസിൽ വെച്ച ഇടംവരെ രേഖയുണ്ടായിരുന്നു. അന്തരീക്ഷത്തിലൂടെ പെൻസിൽമുന വന്നതിനാൽ രേഖപ്പെടുത്താനായില്ല എന്നേയുള്ളു എന്നും, ഒരു പ്രതലത്തിലായപ്പോൾ മാത്രം ആ രേഖ പ്രത്യക്ഷപ്പെട്ടു എന്നും മനസ്സിലാക്കാം. ആകയാൽ പ്രതലത്തിൽ തെളിഞ്ഞു കണ്ടത് രേഖയുടെ ഒരു ഭാഗം
മാത്രമാണെന്നും, രേഖ പ്രതലത്തിനു മുമ്പും പ്രതലത്തിനു ശേഷവും അനസ്യൂതം നില നിൽക്കുന്നു എന്നും അർത്ഥമാകുന്നു.

ജന്മജന്മാന്തരങ്ങളുടെ കഥയും ഇതു തന്നെ, നാം കടന്നു വന്ന അനേകം ജന്മങ്ങൾ അന്തരീക്ഷത്തിലെ പെൻസിൽ രേഖ പോലെയാകുന്നു. മദ്ധ്യഭാഗത്ത് ഈ രേഖ നിലനിൽക്കുന്നതുപോലെ പ്രത്യക്ഷത്തിൽ ഇപ്പോൾ ഈ ശരീരം തെളിഞ്ഞു കാണുകയാണെന്ന് മാത്രം. ഈ ശരീരം നശിക്കുമ്പോൾ പിന്നേയും അടുത്ത ജന്മത്തിലേക്ക് രേഖയുടെ നീളം വർദ്ധിച്ചുകൊണ്ടേയിരിക്കും.ഓരോ ജന്മവും ആ നിമിഷം മാത്രമാണ് നാം നമ്മെക്കുറിച്ച് അറിയുന്നതും, ആയതിനാൽ അതിനു മുമ്പുള്ളവ ഓർമ്മിച്ചെടുക്കുവാൻ ബൌദ്ധിക തലമില്ലാത്തതിനാലും പൂർവ്വ പുനർജന്മങ്ങൾ നാം അറിയാതെ കിടക്കുന്നു എന്നു സാരം. അതല്ലാതെ മൂജ്ജന്മാദികൾ ഇല്ലാത്തതുകൊണ്ടല്ലെന്ന് മനസ്സിലാക്കണം.

ഈ പ്രപഞ്ചത്തിന് ആരംഭം എന്ന ഒന്ന് വ്യക്തമായി പറയാൻ സാധിക്കാത്തതിനാൽ ഇതിനെ അനാദി അഥവാ ആദിയില്ലാത്തത് എന്ന് പറയുന്നു. എന്നോ ഒരിക്കൽ ആരംഭിച്ച പ്രകാരം ഈ ജന്മവും ആരംഭിച്ചു എന്ന് വിശ്വസിക്കാം. അണുമുതൽ മനുഷ്യൻ വരെ
82 ലക്ഷം ഗർഭപാത്രങ്ങളിൽ നിന്ന് ശരീരധാരണം നടത്തി മുന്നേറുന്ന ഒരു ശ്രുംഖലയാണ് ജീവന്റെ ജനന മരണാദികൾ എന്നാണ് ഹൈന്ദവ ദർശനം. അനേകം ശരീരങ്ങൾ നാം സ്വീകരിച്ചു. ഇനിയും അനേകം ലഭിച്ചേക്കാം.

ഇങ്ങനെ പരവശവപ്പെട്ട് ജനിച്ചും മരിച്ചും കഷ്ടപ്പെടുന്ന മനുഷ്യൻ ജഗത്ത്പിതാവായ ഈശ്വരസമക്ഷം തന്റെ ശ്രദ്ധ തിരിക്കുമ്പോൾ ജ്ഞാനമുണ്ടാവുകയും, ആ ജ്ഞാന ബലത്താൽ ആസക്തികളും ആഗ്രഹങ്ങളും ഉപേക്ഷിച്ച് ശാന്തനായി മുക്തനാവുകയും വേണമെന്നാണ് ഹൈന്ദവ ദർശനങ്ങളുടെ മൂലാധാരം. ഈ സിദ്ധാന്തത്തിന്റെ വെളിച്ചത്തിലാണ് അനേകം ആചാരങ്ങൾ (സൽകർമ്മങ്ങൾ) പരലോകത്തിലെ നല്ല ഗതിക്കും, ഇഹലോകത്തിലെ സന്തോഷ സമാധാനങ്ങൾക്കുമായി ചെയ്യുവാൻ നിർദ്ദേശിച്ചിട്ടുള്ളത്.

കാലം, ദേശം, കർമ്മം, ഉപാധി എന്നീ ഇന്ദ്രിയാതീതമായ ശക്തികളാൽ ഭരിക്കപ്പെടുന്ന ജീവാത്മാവ് സത്വം, രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു ഗുണങ്ങളുടെ പ്രേരണയാൽ നല്ലതും ചീത്തയുമായ കർമ്മങ്ങൾ ചെയ്തു വലയുന്നു. നല്ല പ്രവർത്തികൾക്കാധാരമായ ഗുണം സത്വവും, തീർത്തും അധമ പ്രവർത്തികൾക്കുള്ള പ്രേരണ തമോഗുണവുമാകുന്നു. മദ്ധ്യസ്ഥമായ അനേകം കർമ്മക്കൾക്കാധാരം രജോഗുണവുമാണ്. മരണസമയത്ത് ഇതിലേതു ഭാവമാണോ നമ്മിൽ കേന്ദ്രീകരിക്കുന്നത്, അതിനനുസരിച്ചുള്ള പ്രാണഗതി നമുക്ക് സംഭവിക്കും. സത്വഗുണം വർദ്ധിച്ചിരിക്കുന്ന സമയത്ത് മരണമടയുകയാൽ പ്രാണൻ സ്വർഗ്ഗാദി ലോകങ്ങളിലേക്കും, രജോഗുണവൃദ്ധിയിൽ ഭൂലോകത്തിലേക്കും, തമോഗുണവൃദ്ധിയാൽ രാക്ഷസപ്രേതപിശാചുക്കളിലേക്കും പ്രാണൻ ശമിക്കുന്നു. ഇങ്ങനെ വീണ്ടും അനേകം ജന്മങ്ങളെപ്പേറി അലയേണ്ടി വരുന്നു. ഇതിന് പരിസമാപ്തി ഉണ്ടാകുവാനുള്ള ഏക വഴി ഈശ്വരനിൽ അഭയം തേടുകയാണ്. അജ്ഞാതനും സുസൂക്ഷ്മനും ആയ ആ മഹാശക്തിയെ വളരെ പെട്ടെന്നൊന്നും ജീവാത്മാവിന് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരികയില്ല. തന്റെ ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളും ഭാഗ്യവും കൊണ്ട് ഒരിക്കൽ വിവേക ബുദ്ധിയുള്ള മനുഷ്യൻ ഈശ്വരസാന്നിദ്ധ്യത്തെ തിരിച്ചറിയുന്നു. ആ നിമിഷം മുതൽ അയാൾ മുക്തിപഥത്തിലേക്ക് സ്വയം നിർബന്ധിക്കപ്പെട്ട് യാത്രയാകും.

ഇപ്രകാരം അനേകം മനുഷ്യ ജന്മങ്ങളിൽ അറിയാതെ അനുഷ്ഠിക്കുന്ന സൂഷ്മങ്ങളായ ആചാരങ്ങളുടെ ഓർമ്മകൾ ഒരാളെ ഒരു ജന്മം ഇവയ്ക്ക് പിന്നിൽ എന്തു കാരണമാണുള്ളതെന്ന് അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നു. ആ അന്വേഷണത്തിനു ഉത്തരം ലഭിക്കുമ്പോൾ അയാൾ ഈശ്വരനെന്ന കേന്ദ്ര വസ്തുവിലും മൃത്യു എന്ന വാസ്തവികതയിലും പ്രപഞ്ച സൃഷ്ടി എന്ന മഹാത്ഭുതത്തിലും ജീവിതമെന്ന നിസ്സാരതയിലും ചെന്നെത്തുന്നു. ഏതോ ഒരു നാളേക്കു വേണ്ടി പൂർത്തിയാകേണ്ട സൌധത്തിന് ഇന്നുതന്നെ കല്ലുപാകിത്തുടങ്ങുന്നതു പോലെയാണ് ആചരിച്ചു ശീലമായി തീർന്നിരിക്കുന്ന ഹൈന്ദവാനുഷ്ഠാനങ്ങളും, മുക്തിസൗധത്തെ പടുത്തുയർത്താനുള്ള ആധാരശിലകളായിത്തീരുന്നത്.

No comments:

Post a Comment