Wednesday, August 5, 2015

ഭഗവാനെ ദ്രോഹിച്ച നാല്‍വര്‍

ഒരിക്കല്‍ ഭഗവാന്‍ കൃഷ്ണും അര്‍ജ്ജുനനും കൂടെ സവാരിക്കിറങ്ങി. ഇരുവരും നടന്നുപോകവേ വഴിയില്‍ ഒരുവന്‍ ഉണങ്ങിയ പുല്ലുകള്‍ തിന്നുകൊണ്ടിരിക്കുന്നതു കണ്ടു. അയാളുടെ അരയില്‍ കൂര്‍ത്ത ഒരു വാളും തുങ്ങി കിടപ്പുണ്ടായിരുന്നു.

അയാളെ കണ്ട മാത്രയില്‍തന്നെ അയാളൊരു വിഷ്ണുഭക്തനാണെന്ന് അര്‍ജ്ജുനന്‍ മനസ്സിലാക്കി. വൈഷ്ണവര്‍ ഒരു ജീവികളെയും കൊല്ലുകയില്ല. മാത്രമല്ല പച്ചപുല്ലിനും ജിവനുണ്ടെന്നതു കൊണ്ടാണല്ലോ ഉണങ്ങിയ പുല്ല് ഭക്ഷിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ ഭക്തിയില്‍ ശ്രേഷ്ഠനായ ഇയാള്‍ തന്റെ അരയില്‍ കത്തിതുക്കി ഇട്ടിരുക്കുനതിന്റെ കാരണം അര്‍ജ്ജുനന എത്ര ആലോചിച്ചിട്ടും മനസിലായില്ല. അതുകൊണ്ട് ജിജ്ഞാസ പൂര്‍വ്വം ഭഗവാനോട് കാരണം തിരക്കി.

കൃഷ്ണനാകെട്ടെ "നീ തന്നെ ചോദിച്ചു മനസിലാക്കി കൊള്ളൂ" എന്ന്‍ പറഞ്ഞ് ഒഴിഞ്ഞു മാറി.

അങ്ങനെ അര്‍ജ്ജുനന്‍ ആ വൈഷ്ണവനോട് പറഞ്ഞു "അങ്ങ് ജീവനുള്ളവയെ നശിപ്പിക്കാത്ത ആളായത് കൊണ്ടാണല്ലോ ഉണക്കപ്പുല്ല് ഭക്ഷിക്കുന്നത് അങ്ങനെയുള്ള അങ്ങ്എന്തിനാണ്
അരയില്‍ വാള് തുക്കിയിട്ടിരുക്കുന്നത്"

അതിനു വൈഷ്ണവന്റെ മറുപടി ഇപ്രകാരം ആയിരുന്നു. " നാലു ക്രുരന്മാരെ ശിക്ഷിക്കാനാണ് ഞാന്‍ ഈ വാള്‍ അരയില്‍ തൂക്കിയിട്ടിരിക്കുന്നത്. അവരെ നേരില്‍ കാണുന്ന മൂഹൂര്‍ത്തം പ്രതിക്ഷിച്ചിരിക്കുകയാണ് ഞാന്‍. "

"ആ നാലു പേര്‍ആരൊക്കെയാണ്?" അര്‍ജ്ജുനന്‍ ആകാംക്ഷയോടെ ചോദിച്ചു.
"അവരില്‍ ആദ്യത്തെ ആള്‍ പാപിയായ നാരദന്‍" എന്ന്‍ വൈഷ്ണവന്‍ പറഞ്ഞപ്പോള്‍
"ആര് നാരദനോ അദ്ധേഹം എന്തു തെറ്റു ചെയ്തു" അര്‍ജ്ജുനന്‍ അമ്പരപ്പോടെ ചോദിച്ചു.
"അതോ നാരദന്റെ അഹങ്കാരം കണ്ടോ അവന്‍ കാരണം എന്റെ ഭഗവാന് ഒരു നിമിഷംപോലും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല. സദാസമയവും രാവും പകലുമില്ലാതെ ഭഗവാന്റെ അസൌകര്യത്തെപറ്റി ചിന്തിക്കാതെ പാട്ടും സംഗീതവുമായി അദ്ധേഹത്തിന്റെ ഉറക്കംകെടുത്തുന്നു. അതുകൊണ്ട് ഭഗവാന് സ്വസ്ഥതയും നഷ്ടപ്പെടുന്നു."

"രണ്ടാമത്തെ ആള്‍ ആരാണ് "...അര്‍ജ്ജുനന്‍ ചോദിച്ചു.
"ഗര്‍വ് മൂത്ത ആ ദ്രൗപതിതന്നെ അല്ലാതാരാ.."
അവള്‍ ചെയ്ത അപരാധം എന്താണ്? അല്‍പ്പം ഭയത്തോടെ അര്‍ജ്ജുനന്‍ തിരക്കി.
"അവള്‍ ചെയ്ത അക്രമം കണ്ടോ.. ഭഗവാന്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്ത് അദ്ധേഹത്തെ വിളിച്ചു അതുകൊണ്ട് അദ്ധേഹത്തിന് ദുര്‍വാസാവ്മഹര്‍ഷിയുടെ ശാപത്തില്‍ നിന്നും പാണ്ഡവരെ രക്ഷിക്കാനായി കാമ്യകവനത്തിലേക്ക്‌ ഭക്ഷണം കഴിക്കാതെ പോകേണ്ടിവന്നു. അവള്‍ ഭക്ഷിച്ച്ബാക്കി വന്ന ആഹാരം ഭഗവാന് നല്‍കുകയും ചെയ്തു. മഹാഭാരത യുദ്ധതിനിടയില്‍ ഒരു ദിവസം രാത്രിയില്‍ പാഞ്ചാലിയുടെ കൂടെ ഭീക്ഷമ പിതാമഹനെ കാണാന്‍ കൃഷ്ണന്‍ പോയപ്പോള്‍ അവളുടെ പാദുകങ്ങള്‍ ഭഗവാനെ കൊണ്ട് ചുമക്കുകയും ചെയ്തു അത്രത്തോളം അവളുടെ അഹങ്കാരം വളര്‍ന്നു...."

"ആട്ടെ മൂന്നാമത്തെയാള്‍ ആരാണ?"അര്‍ജ്ജുനന്‍ചോദിച്ചു.
" ഹൃദയമില്ലാത്ത പ്രഹ്ലാദന്‍ തന്നെ! ഒട്ടും മടി കൂടാതെ എന്റെ ഭഗവാനെ തിളയ്ക്കുന്ന എണ്ണയില്‍ ഇറങ്ങേണ്ട സ്ഥിതി ഉണ്ടാക്കിയില്ലേ? വജ്രം പോലെ കാഠിന്യമുള്ള തൂണിനെ പിളര്‍ത്തി ഭഗവാന് പുറത്തു വരേണ്ടേ അവസ്ഥ ഉണ്ടാക്കിയില്ലേ. ..? വൈഷ്ണവന്‍ രോക്ഷകുലനായി പറഞ്ഞു.

"ആട്ടെ സ്വാമി ആരാണ് നാലാമന്‍...?"അര്‍ജ്ജുനന്‍ ചോദിച്ചു.
"മഹാപാപിയായ അര്‍ജ്ജുനന്‍ തന്നെ..."
"അര്‍ജ്ജുനനോ? അവന്‍ എന്തു തെറ്റാണു ചെയ്തത് ?" വിറയാര്‍ന്ന സ്വരത്തില്‍ അര്‍ജ്ജുനന്‍ ചോദിച്ചു. "ഏറ്റവുംവലിയ കുറ്റവാളി അവനാണ് ...ആ അര്‍ജ്ജുനന്‍ അവന്‍ ചെയ്ത്‌ പാതകം എന്തന്നോ? എന്റെ ഈശ്വരാനായ ഭഗവാനെ അവന്റെ തേരാളിയാക്കി
അദ്ധേഹത്തെ തരംതാഴ്ത്തി മഹാഭാരതയുദ്ധത്തില്‍ യുദ്ധം ചെയ്തില്ലേ..?"

വൈഷ്ണവന്റെ മറുപടികള്‍ കേട്ടപ്പോള്‍ അര്‍ജ്ജുനനു ബോധോദയമുണ്ടായി. ഭഗവാനോടുള്ള വൈഷ്ണവന്റെ നിസ്വാര്‍ത്ഥമായ ഭക്തിയുടെയും പരിശുദ്ധമായ സ്നേഹത്തിന്റെയും ആഴം അര്‍ജ്ജുനനു മനസില്‍ ആയി.

ആ വൈഷ്ണവഭക്തന്റെ ഭക്തിയുടെ ആഴം മനസിലാക്കിയ അര്‍ജ്ജുനന്‍ ആ നിമിഷം തന്നെ ഭഗവത്‌ ഭക്തിയില്‍ തന്നേക്കാള്‍ ശ്രേഷ്ഠന്‍ ആരുമില്ലന്ന അഹങ്കാരം വെടിഞ്ഞു.

No comments:

Post a Comment