Thursday, August 13, 2015

ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ

വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. അവിടെയാണ് ഓണത്തിന്റെ മാഹാത്മ്യം.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.
ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്ക‍ാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.

കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.
അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം. അനന്തരം ദേവന്മാര്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ മഹാബലി ചക്രവര്‍ത്തിയെ ചെന്നുകണ്ട് പൂര്‍വ്വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന്‍ തയ്യാറായി. തുടര്‍ന്ന് ഭഗവാന്‍ ശ്രീഹരിയുടെ സഹായത്താല്‍ നടത്തിയ മഥനത്തില്‍നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന്‍ പരമശിവന്‍ ഭക്ഷിച്ചു ലോകരക്ഷചെയ്തു.

മഥനത്തില്‍നിന്ന് പിന്നീട് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശുഭ്രനിറമുള്ള ഗജാധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗരത്നത്തെ മഹാവിഷ്ണുവും സ്വീകരിച്ചു. തുടര്‍ന്ന് പാരിജാത വൃക്ഷവും അപ്സരസ്ത്രീകളും പാലാഴിയില്‍ നിന്നും പുറപ്പെട്ടു. തുടര്‍ന്ന് ഉദ്ഭവിച്ച സുന്ദരിയായ ശ്രീദേവി താമരദളമാല ചാര്‍ത്തി ആത്മാരാമാനായി വിരാജിച്ച ശ്രീമഹാവിഷ്ണുവിനെ വരിച്ചു.
സമുദ്രമഥനത്തില്‍നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര്‍ ഗ്രഹിച്ചു. തുടര്‍ന്ന് കയ്യില്‍ അമൃതകുംഭവുമായി മഹാവിഷ്ണുവിന്റെ എഅംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില്‍ നിന്നും അമൃതകുംഭം അപഹരിച്ചു അസുരന്മാര്‍ കടന്നുകളഞ്ഞു. അവര്‍ണ്ണനീയമായ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന്‍ വിഷ്ണു അമൃതകുംഭം അസുരന്മാരില്‍നിന്നും കൈക്കലാക്കി ദേവന്മാര്‍ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകള്‍ നീങ്ങി, ശക്തരായി.

പാലാഴിമഥനത്തിനു വേണ്ടുംവണ്ണം കഷ്ടതകള്‍ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാഞ്ഞതുകൊണ്ട് അസുരന്മാര്‍ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില്‍ പര്‍വ്വതങ്ങളെ സൃഷ്ടിച്ചും അഗ്നി പടര്‍ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ആ സമയത്ത് ഭഗവാന്‍ ശ്രീഹരി ദേവസേനയില്‍ പ്രവേശിച്ചപ്പോള്‍ അസുരന്മാരുടെ തന്ത്രപ്രയോഗം നിമിത്തം കാണപ്പെട്ടതായ മായാവികാരങ്ങള്‍ നിശ്ശേഷം നശിച്ചു. തദനന്തരം ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ പരവശനാക്കി.
തുടര്‍ന്ന് ശ്രീനാരദമുനിയുടെ വാക്കിനെ ബഹുമാനിച്ച് കോപമടക്കി ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര്‍ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശുക്രമഹര്‍ഷിയെ സമീപിച്ചു. ശുക്രമഹര്‍ഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല്‍ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞുവേറിട്ടു പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്രമഹര്‍ഷി സ്പര്‍ശിച്ച മാത്രയില്‍ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്‍ക്ക് ബലവും ബുദ്ധിക്ക് ഉണര്‍വ്വും സിദ്ധിച്ചു. യുദ്ധത്തില്‍ തോറ്റുപോയെങ്കിലും മഹാബലി ചക്രവര്‍ത്തി ഖേദിച്ചില്ല. കാരണം ഓരോരോ കാലങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ കാലാനുസരണം കീര്‍ത്തി, ജയം, പരാജയം, മരണം എന്നിവ സംഭവിക്കുമെന്ന് തീര്‍ച്ചയാണല്ലോ.
ചക്രവര്‍ത്തിയുടെ ശക്തി വര്‍ദ്ധിപ്പിച്ച്‌ സ്വര്‍ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത്‌ എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്‍വ്വസാമഗ്രികളും സമ്പാദിച്ചുകൊടുത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്‍ഗ്ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്‍ക്കാന്‍ ദേവന്മാര്‍ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.

അനന്തരം മഹാബലി സ്വര്‍ഗ്ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്‍ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്‍ത്തി അഭിവൃദ്ധിയോടും കീര്‍ത്തിയോടും കൂടി വിരാജിച്ചു.
ഇത്തരത്തില്‍ ദേവന്മാരുടെ ദുരവസ്ഥയില്‍ മനംനൊന്ത ദേവമാതാവായ അദിതി, കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വൃതം അനുഷ്ഠിച്ച് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ അവരോടു പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഭഗവാന്‍ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാനും വയ്യല്ലോ. അതിനാല്‍ ഭഗവാന്‍ തന്നെ അദിതിയുടെ മകനായി, ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ്‌ വാമനാവതാരം. ഭഗവാന്‍ ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്‍മ്മം ആണല്ലോ.
ഭിക്ഷ തേടുന്ന സുന്ദരനായ തേജസ്വിയായ ഒരു കൊച്ചു ബ്രാഹ്മണകുമാരനായിരുന്നു ആ വാമനരൂപം. സൂര്യതേജസ്സിനെപ്പോലും മങ്ങലേല്‍പ്പിക്കുന്നവണ്ണം ആ ബ്രഹ്മതേജസ്സ്‌ വെട്ടിത്തിളങ്ങി. ആ കുമാരന്‍ ബലിചക്രവര്‍ത്തിയുടെ യജ്ഞശാലയിലേക്ക് യാത്രയായി.
നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനഭഗവാന്‍ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ല‍ാം അവരറിയാതെതന്നെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനകുമാരന്റെ കാല്‍ കഴുകി ജലം തീര്‍ത്ഥമെന്നോളം ശിരസ്സില്‍ തളിച്ചു.

മഹാബലി ചക്രവര്‍ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്‍ക്ക് വേണ്ടതെല്ല‍ാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്‍ക്കാന്‍ തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്‍ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന്‍ കന്യകമാരെയോ എല്ലാമെല്ല‍ാം തരാന്‍ നാം ഒരുക്കമാണ്.” വാമനന്‍ പറഞ്ഞു: “സര്‍വ്വോത്തമനായ കീര്‍ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില്‍ തന്നെയാണ് അങ്ങും ജനിച്ചത്‌. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര്‍ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”

അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരുന്നത് എനിക്ക് ക്ഷീണമാണ്. അതിനാല്‍ ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”
വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.” “യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല. അര്‍ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല്‍ സംതൃപ്തി വരുന്നവന്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന്‍ ചാരിതാര്‍ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ്‌ സുഖകാരണം. അധികരിക്കുമ്പോള്‍ ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”
“എന്നാല്‍ അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞുകൊണ്ട് പറഞ്ഞു:

“ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍ , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍ , സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം.”

ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്‍മ്മിഷ്ഠനായ മഹാബലി ചക്രവര്‍ത്തി പ്രതിവചിച്ചു: “അസത്യത്തെക്കാള്‍ വലിയ അധര്‍മ്മം മറ്റൊന്നില്ല. അതിനാല്‍ അസത്യതല്‍പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന്‍ സമര്‍ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന്‍ മരണത്തെക്കാള്‍ ഭയക്കുന്നു. മരണാനന്തരം ധനാദികള്‍ വിട്ടുപിരിയണമെന്നു നിശ്ചയമാകയാല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ധനാദിസര്‍വ്വത്തെയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്‍മ്മം. സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല്‍ യശസ്സ് എന്നും നിലനില്‍ക്കും.”

ഈ വാക്കുകള്‍ കേട്ട് ക്രുദ്ധനായ ശുക്രാചാര്യന്‍ മഹാബലിയെ ശപിച്ചു. “കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ.”എന്നിട്ടും ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ച്, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.
മഹാബലി ചക്രവര്‍ത്തി ഭൂമി ദാനം ചെയ്തതോടെ വാമനഭഗവാന്‍ വിരാട് രൂപം ധരിച്ച് ഒരു കാല്‍ കൊണ്ട് ഭൂമിയും മറ്റേതുകൊണ്ടു സ്വര്‍ഗ്ഗവും വ്യാപിച്ച് സകലതും തന്റെ കാല്‍ക്കീഴിലാക്കി. ഇതുകണ്ട് ക്രുദ്ധരായി വാമനവടുവിനെ എതിര്‍ക്കാനായി തുനിഞ്ഞ അനുയായികളെ വിലക്കികൊണ്ട് മഹാബലി പറഞ്ഞു.
“ഇതിനു മുന്‍പ് യാതൊരുവന്‍ നമ്മുടെ അഭിവൃദ്ധിയ്ക്കും ദേവന്മാരുടെ ക്ഷയത്തിനും സങ്കല്‍പ്പിച്ചു, ആ ഭഗവാന്‍ തന്നെ ഇപ്പോള്‍ നമ്മുടെ ക്ഷയത്തിനും ദേവന്മാരുടെ അഭിവൃദ്ധിയ്ക്കുമായി സങ്കല്‍പ്പിച്ചിരിക്കുന്നു.ഈശ്വരസ്വരൂപമായ കാലത്തെ ജനം, സൈന്യം, മന്ത്രിമാര്‍ , ശക്തി, മന്ത്രം, ഔഷധം എന്നിവകൊണ്ടൊന്നും തടുക്കാനാവില്ല. ഇനിയും അനുകൂലകാലം വരുമ്പോള്‍ നമ്മള്‍ ദേവന്മാരെ ജയിക്കും. അതുകൊണ്ട് നമ്മുടെ അഭിവൃദ്ധിക്കാലം കാത്തിരിക്കുവിന്‍.”

കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്‍ത്തി, മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലം ചോദിച്ചു.

മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”
ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.
“ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”
തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു: “മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍ , സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”

ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”

“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരിക്കണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ല‍ാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്‍മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”

“ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”
അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”
മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.
അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു.

താന്‍ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?

ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.

ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.

അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.
കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.
മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്ത‍ാം, എല്ലാവര്‍ക്കും ശ്രേയസ് ഉണ്ടാകട്ടെ.

"ശ്രീ മഹാഭാഗവതം മൂലകൃതി - മലയാള വ്യാഖ്യാന സഹിതം", സ്വാമി തേജോമയാനന്ദ (ചിന്മയമിഷന്‍) രചിച്ച "ശ്രീമദ് ഭാഗവതപ്രവചനം" എന്നീ ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയത്.

No comments:

Post a Comment