Friday, August 21, 2015

വിവാഹം എട്ടുവിധം

വിവാഹം എട്ടുവിധത്തിലുണ്ട്‌ എന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. അവ ബ്രാഹ്‌മം, ദൈവം, ആര്‍ഷം, പ്രാജപത്യം, ഗാന്ധര്‍വ്വം, ആസുരം, രാക്ഷസം, പൈശാചം എന്നിവയാണ്‌. ആദ്യകാല വിവാഹങ്ങള്‍ ഇന്നത്തേതില്‍നിന്ന്‌ വ്യത്യസ്‌തമായിരുന്നു. അന്ന്‌ പുരുഷന്‍ സ്‌ത്രീകള്‍ക്കാണ്‌ പണം നല്‍കേണ്ടിയിരുന്നത്‌. ഈ സമ്പ്രദായമാണ്‌ 'സ്‌ത്രീധനം' എന്ന്‌ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ ഈ പദം പില്‍ക്കാലത്ത്‌ സ്‌ത്രീകള്‍ പുരുഷന്‌ നല്‍കേണ്ട പണമായി മാറി. വിവാഹം എന്നത്‌ കേവലം ഒരാണും പെണ്ണും തമ്മിലുള്ള ഒരുടമ്പടിയല്ല, മറിച്ച്‌ അത്‌ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പരസ്‌പരബന്ധം കൂടിയാണ്‌.

1) ബ്രാഹ്‌മം: പിതാവ്‌ പുത്രിയെ പ്രതിഫലം വാങ്ങാതെ ഉദകസഹിതം ബ്രഹ്‌മചാരിക്ക്‌ കൊടുക്കുന്നതിനെയാണ്‌ ബ്രാഹ്‌മം എന്ന്‌ പറയുന്നത്‌.

2) ദൈവം: പിതാവ്‌ പുത്രിയെ യാഗസമയത്തു പുരോഹിതനു നല്‍കുന്നതിനെയാണ്‌ ദൈവം എന്ന്‌ പറയുന്നത്‌.

3) ആര്‍ഷം: പുത്രിയെ നല്‍കി വരനില്‍നിന്നും പിതാവ്‌ പശുവിനെയോ, കാളയെയോ വാങ്ങിക്കുന്നതിനെ ആര്‍ഷം എന്ന്‌ പറയുന്നു.

4) പ്രാജപത്യം: പിതാവ്‌ തന്റെ പുത്രിയെ അനുഗ്രഹിച്ച്‌ വരന്‌ നല്‍കുന്നതാണ്‌ പ്രാജപത്യം.

5) ഗാന്ധര്‍വ്വം: ആരോടും ചോദിക്കാതെയോ, പറയാതെയോ കാമുകി കാമുകന്മാര്‍ നടത്തുന്ന രഹസ്യവിവാഹമാണ്‌ ഗാന്ധര്‍വ്വം.

6) ആസുരം: പുരുഷന്‍ പിതാവില്‍നിന്ന്‌ കന്യകയെ പണം അല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ നല്‍കി വിലയ്‌ക്കു വാങ്ങുന്നതിനെ ആസുരം എന്ന്‌ പറയുന്നു.

7) രാക്ഷസം: സ്‌ത്രീകളെ അവരുടെ ഇഷ്‌ടമില്ലാതെ ബലാത്‌ക്കാരമായി അപഹരിക്കുന്നതിനെ രാക്ഷസം എന്ന്‌ പറയുന്നു.

8) പൈശാചികം: സ്‌ത്രീകള്‍ ബോധമില്ലാതിരിക്കുകയോ, അല്ലെങ്കില്‍ മറ്റ്‌ അവസ്‌ഥകളില്‍ ഉഴലുകയോ, ഉറങ്ങുകയോ ചെയ്യുന്ന സമയത്ത്‌ അവളെ ബലാത്‌ക്കാരമായി ഭാര്യയാക്കുന്നതിനെ പൈശാചികം എന്ന്‌ പറയുന്നു.
ഇതില്‍ രാക്ഷസം, പൈശാചികം എന്നീ വിവാഹങ്ങള്‍ ധര്‍മ്മത്തിനും നീതിക്കും യശ്ശസിനും ആത്മാഭിമാനത്തിനും വ്യക്‌തിത്വത്തിനും നിരക്കുന്നതല്ല.

No comments:

Post a Comment