Thursday, August 13, 2015

കര്‍ക്കിടക വാവ്‌ ബലി മാഹാത്മ്യം



കാലഗണനയ്‌ക്ക് നിരവധി ഏകകങ്ങളുണ്ട്‌. അതില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ്‌ സൂര്യന്റെ അയനത്തെ അഥവാ സൂര്യന്റെ സഞ്ചാരത്തെ അടിസ്‌ഥാനമാക്കിയുള്ള രീതി. ഉത്തരായനവും ദക്ഷിണായനവും ഇപ്രകാരം ഉണ്ടായിട്ടുള്ളതാണ്‌. ആദിത്യന്‍ ഭൂമിയുടെ ഉത്തരാര്‍ദ്ധ ഭാഗത്തുകൂടി സഞ്ചരിക്കുന്ന കാലമാണ്‌ ഉത്തരായനമെന്ന ആറുമാസം. മകരം ഒന്നു മുതല്‍ മിഥുനം അവസാനം വരെയാണിത്‌. ഉത്തരായനം ദേവ ദിനമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടകത്തില്‍ ദക്ഷിണായനം ആരംഭിക്കും. ഒപ്പം ദേവരാത്രിയും. പിതൃലോകം തുറക്കുന്നത്‌ അഥവാ പിതൃലോകദിനം ആരംഭിക്കുന്നത്‌ കര്‍ക്കിടകം മുതലാണത്രേ.
ജ്യോതിഷത്തിലെ രാശിചക്രങ്ങളില്‍ മേടം തുടങ്ങി നാലാമത്തെ രാശിയാണ്‌ കര്‍ക്കിടകം. നാലാമിടം മാതാവിന്റെയും കുടുംബത്തിന്റെയും സ്‌ഥാനമാണ്‌. കര്‍ക്കിടകരാശിയുടെ അധിപനായ ചന്ദ്രനാണ്‌ മാതൃകാരകത്ത്വവും. മാതൃകാരകനായ ചന്ദ്രന്റെ ക്ഷേത്രത്തില്‍ പിതൃകാരകനായ ആദിത്യന്‍ എത്തിച്ചേര്‍ന്ന്‌ അവര്‍ യോഗം ചെയ്യുമ്പോള്‍ അമാവാസിയായി. ഈ ദിനമാണ്‌ കര്‍ക്കിടകവാവ്‌.
ഭൂമിയില്‍ ജന്മമെടുക്കുവാന്‍ ഓരോരുത്തര്‍ക്കും തേജസ്സായും പിണ്ഡമായും സഹായിച്ച നമ്മുടെ മാതാപിതാക്കളെ സ്‌മരിക്കുവാനും അവര്‍ക്കും അവരുടെ പൂര്‍വ്വികര്‍ക്കും ബലി നല്‍കി തൃപ്‌തരാക്കുവാനും അപ്രകാരം സ്വന്തം കടമ നിര്‍വ്വഹിക്കുവാനും ഇതിനെക്കാള്‍ ചേര്‍ന്ന ദിവസമില്ല. പിതൃകര്‍മ്മത്തിന്‌ പറയുന്ന പേരുതന്നെ 'ബലി'യെന്നാണ്‌. ബലിയെന്നാല്‍ ആത്മസമര്‍പ്പണം. സര്‍വ്വം അഥവാ അവനവനെത്തന്നെ സമര്‍പ്പിക്കുന്നതാണ്‌ ആത്മസമര്‍പ്പണം. ഈശ്വരന്റെ സൃഷ്‌ടിയില്‍ ഏറ്റവും മഹത്തരമായ മനുഷ്യജന്മത്തില്‍ നമ്മള്‍ ചരിക്കുന്നത്‌ ധര്‍മ്മം, സത്യം, ദയ, നീതി എന്നീ പാതകളിലൂടെയാണെന്ന്‌ തിരിച്ചറിയാനുള്ള അവസരം കൂടിയാണ്‌ പിതൃബലി. ആധുനികശാസ്‌ത്രം കണ്ടെത്തിയ സത്യമനുസരിച്ച്‌ മനുഷ്യരില്‍ ഏകദേശം നാല്‌പതു തലമുറ മുമ്പുവരെയുള്ളവരുടെ ഗുണദോഷങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുമത്രേ. അങ്ങനെ വരുമ്പോള്‍ അത്രയും തലമുറകള്‍ക്കുവേണ്ടിയുള്ള ആരാധന കൂടിയാണ്‌ പിതൃബലിയിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്‌.
സ്വപിതാവിനെ 'പുത്‌' എന്ന നരകത്തില്‍ പതിക്കാതെ ത്രാണനം ചെയ്യുന്നവനാണ്‌ പുത്രന്‍. ആണ്‍-പെണ്‍ സൃഷ്‌ടികള്‍ രണ്ടും ദൈവത്തിന്റെതായതുകൊണ്ട്‌ പുത്രനൊപ്പം പ്രാധാന്യം ഇക്കാര്യത്തില്‍ പുത്രിക്കും ഉണ്ട്‌. അതായത്‌ സ്വപിതാവിന്റെ (മാതാവിന്റെ) മോക്ഷത്തില്‍ പുത്രനുള്ളത്രയും തന്നെ ഉത്തരവാദിത്തം പുത്രിക്കുമുണ്ടെന്നുസാരം. പൗരാണിക കാലം മുതല്‍ യാഗകര്‍മ്മാദികളില്‍ നിലനിന്നിരുന്ന പുരുഷപ്രാധാന്യം പിതൃകര്‍മ്മാദികളില്‍ തുടര്‍ന്നുവന്നതാകാം പുത്രന്‌ ഇക്കാര്യത്തില്‍ മുന്‍കൈയെന്ന്‌ ചിന്തിക്കാം.
ഹൈന്ദവ വിശ്വാസമനുസരിച്ച്‌ ഓരോ അമാവാസിനാളിലും മരണമടഞ്ഞവരുടെ ആത്മാക്കള്‍ അന്നപാനാദിക്കള്‍ക്കായി സന്തതികള്‍ക്കു മുന്നിലെത്തും. ഇവരെ പിണ്ഡമൂട്ടേണ്ട കടമ സന്തതികള്‍ക്കുണ്ട്‌. അപ്രകാരം ചെയ്യാത്ത സന്തതികളെ പിതൃക്കള്‍ ശപിക്കുമെന്ന്‌ ഗരുഡപുരാണത്തില്‍ പരാമര്‍ശമുണ്ട്‌. ഓരോ അമാവാസിക്കും പിണ്ഡമൂട്ടാന്‍ കഴിയാത്തവര്‍ കര്‍ക്കിടകത്തിലെ അമാവാസിക്കു ബലിയിട്ടാല്‍ പരിഹാരമാകും. ബലിയിടാന്‍ തയ്യാറെടുക്കുന്നവര്‍ തലേന്ന്‌ വ്രതമനുഷ്‌ഠിക്കണം. ഒരിക്കലൂണേ പാടുള്ളൂ. ഉള്ളി, ഉഴുന്ന്‌, മത്സ്യം, മാംസം, മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ ഇവ വര്‍ജ്‌ജിക്കുക. ബ്രഹ്‌മചര്യം പാലിക്കണം. പകലറുക്കം വെടിയുക. ഏതെങ്കിലും തീര്‍ത്ഥഘട്ടങ്ങളിലോ, ബലി തര്‍പ്പണാദികള്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രത്തിലോ ബലിയിടാം.

പ്രധാന ബലിഘട്ടങ്ങള്‍

തിരുനെല്ലി, വര്‍ക്കല പാപനാശം, തിരുന്നാവായ, ശ്രീസുന്ദരേശക്ഷേത്രം (കണ്ണൂര്‍ ), തൃക്കുന്നപ്പുഴ (ആലപ്പുഴ ജില്ല), തിരുവില്വാമല, തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം, തിരുമൂലവാരം, ആലുവ ചേലാമറ്റം എന്നിവയാണ്‌ പ്രധാന ബലിഘട്ടങ്ങള്‍. പുരുഷന്മാര്‍ക്കൊപ്പം സ്‌ത്രീകള്‍ക്കും ബലിയിടാം. ബലിയിടുന്ന ദിവസം ബലി കഴിയുന്നതുവരെ ജലപാനം വെടിയുന്നതാണുത്തമം. എന്നാല്‍ ജീവിതശൈലീരോഗങ്ങളും മറ്റും വലയ്‌ക്കുന്നവര്‍ പാനീയ ഭക്ഷണം വെടിഞ്ഞുനില്‍ക്കുന്നത്‌ യഥാരോഗ്യസ്‌ഥിതിയനുസരിച്ചുവേണം. 2013 ആഗസ്‌റ്റ് ആറിനാണ്‌ ഇത്തവണത്തെ കര്‍ക്കിടകവാവ്‌. ഈ ദിവസം മുഴുവനും വാവുണ്ട്‌. സ്വന്തം പിതൃപരമ്പരയ്‌ക്ക് മോക്ഷം നല്‍കാന്‍; അവരുടെ ആത്മാക്കളെ തൃപ്‌തിപ്പെടുത്താന്‍ നമുക്കു ലഭിക്കുന്ന അവസരമാണ്‌ അമാവാസി. മനുഷ്യജന്മത്തില്‍ അനുഷ്‌ഠിക്കേണ്ട കര്‍മ്മങ്ങളില്‍ പ്രമുഖവും.
-

No comments:

Post a Comment