Monday, June 20, 2016

പൂന്താനദിനം

ജ്ഞാനപ്പാനയെന്ന ഭാഷാകാവ്യത്തിലൂ ടെ ആത്മീയജ്ഞാനവും മോക്ഷസാധനാമാര്‍ഗവും സാധാരണക്കാരിലേയ്ക്ക് എത്തിച്ച ഭക്തകവിയുടെ ഓര്‍മ്മദിവസം... വരേണ്യഭാഷയായി കണക്കാക്കപ്പെട്ടിരുന്ന സംസ്കൃതത്തിലല്ലാതെ ജനകീയഭാഷയായ മലയാളത്തിലും വേദപുരാണപ്രാര്‍ത്ഥനാതത്ത്വങ്ങള്‍ എഴുതിഫലിപ്പിയ്ക്കാമെന്ന് തെളിയിച്ച ഭക്തോത്തമന്‍. ഗുരുദേവന്‍ തുണചെയ്കയെന്ന സ്തുതിയോടെ ഗുരുത്വമാര്‍ന്ന്, സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിയ്ക്കുന്നതെത്ര നാണക്കേടാണെന്ന് ബോദ്ധ്യപ്പെടുത്തി, കണ്ടുകൊണ്ടിരിയ്ക്കെത്തന്നെകാണാതാവാനുള്ള സാദ്ധ്യതയുണ്ടെന്ന് ഓര്‍മ്മിപ്പിച്ച്, ജനനവേളയിലും മരണനേരത്തും ആരും നമുക്കൊപ്പമില്ലെന്നും ജീവിതം ഒരു മത്സരവേദിയാക്കരുതെന്നും ഉപദേശിച്ച്, ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരുണ്ണിയുണ്ടായി ക്കാണാനുള്ള മോഹാതിരേകം പലപ്പോഴും ഫലവത്താകില്ലെന്ന് ഉദാഹരിച്ച്, ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിയ്ക്കുമ്പോള്‍ അഗാധമായ പുത്രദുഃഖാര്‍ണ്ണവം പോലും നീന്തിക്കയറാമെന്ന് ആശ്വസിപ്പിച്ച്,മോക്ഷസിദ്ധിയ്ക്കുള്ള ഒരേയൊരു മാര്‍ഗ്ഗം കൃഷ്ണഭജനം മാത്രമാണെന്ന് പ്രമാണപ്പെടുത്തിയാണ് ജ്ഞാനപ്പാനയിലെ വരികള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.ആത്മാര്‍പ്പണത്തോടെയുള്ള ഭക്തിതുളുമ്പുന്ന വരികള്‍ അതുകൊണ്ടുതന്നെ കാലാതീതമായി ഏവര്‍ക്കും പ്രിയങ്കരമായി തുടരുന്നു. മരപ്രഭു തന്നെയാണ് അമരപ്രഭുവെന്നും, പരബ്രഹ്മദര്‍ശനം പോത്തിന്റെ രൂ പത്തിലുമാവാമെന്നും, പൂ ന്താനത്തിന്‍ ഭക്തിയെനിയ്ക്കേറെയിഷ്ടമെന്നും ഗുരുവായൂ രപ്പന്‍ തന്നെ പൂന്താനത്തിനായി സാക്ഷ്യപ്പെടുത്തിയിട്ടണ്ട്.

ആ മഹാനുഭാവന് പ്രണാമം...

കൃഷ്ണകൃഷ്ണമുകുന്ദ ജനാര്‍ദ്ദനാ... കൃഷ്ണഗോവിന്ദ നാരായണാ ഹരേ!!

No comments:

Post a Comment