Wednesday, June 15, 2016

ശനിദോഷ പരിഹാരത്തിന്‌ ശനീശ്വരഭജനം

ശനിദോഷ പരിഹാരത്തിന്‌ അത്യുത്തമമാണ്‌ ശനീശ്വര ഭജനം. ശനീശ്വരന്‍ അയ്യപ്പനാണ്‌. ദുഃഖാവസ്ഥ, വാതരോഗം, ആപത്‌ഭീതി, ഏഴരശ്ശനി, അഷ്‌ടമിശ്ശനി, കണ്ടകശ്ശനി തുടങ്ങിയ ദോഷകാലങ്ങളില്‍ ഈശവരഭജനത്തിലൂടെയും വഴിപാടുകളിലൂടെയും ഭഗവാനെ പ്രീതിപ്പെടുത്തണം. കരുണാമയനാണ്‌ ഭഗവാന്‍. നെയ്യഭിഷേകപ്രിയനാണ്‌. അതുകൊണ്ട്‌ നെയ്യഭിഷേകം നടത്തിയും നീരാജനം കത്തിച്ചുമെല്ലാം ഭഗവാന്‍െറ അനുഗ്രഹം തേടാം. ദുരിതദുഷ്‌കൃതങ്ങളെ മലയാത്രയ്‌ക്കിടയില്‍ തേങ്ങയെറിഞ്ഞ്‌ ഉടയ്‌ക്കാറുമുണ്ടല്ലോ.
സ്വയംഭൂ കലയില്‍ ബ്രഹ്മസ്വരൂപിയായ സാന്നിധ്യത്തോടെ അവതാരരൂപിയായ അയ്യപ്പന്‍ ശബരിമലയില്‍ ലയിച്ചിരിക്കുന്നു. മലയില്‍ നടത്തിയ പ്രശ്‌നചിന്തയില്‍ ഇതു വെളിവായിട്ടുണ്ട്‌. ബ്രഹ്മചര്യത്തിനു ഇവിടെ ഏറെ പ്രാധാന്യമുണ്ട്‌. വിദ്യാഭ്യാസത്തിനും അറിവിനും ദേവനെ ഭജിക്കുന്നത്‌ ഉത്തമമായിക്കണ്ടു. മാനസിക രോഗത്തിനും ഭയത്തിനും ദേവഭജനത്തിലൂടെ പരിഹാരമുണ്ടാകുമെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. ഇവിടെ വിദ്യാരംഭം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കുമെന്നും കണ്ടു. വാതരോഗശാന്തിക്ക്‌ അയ്യപ്പഭജനം ഫലപ്രദമാകും. ഇരുമുടിക്കെട്ടുമായി മലചവിട്ടിക്കയറി ക്ഷേത്രത്തിലെത്തുന്നതിന്‌ ഏറെ പ്രാധാന്യമുണ്ട്‌.
മനോ-വാക്‌ കര്‍മങ്ങളിലൂടെ ഓരോ മനുഷ്യനും ജീവിതത്തില്‍ ദുരിതങ്ങള്‍ വന്നുകൂടാം. ഇതില്‍നിന്നുള്ള മോചനത്തിന്‌ 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ഥയാത്രയും ഫലപ്രദമാണ്‌. അനുഗ്രഹകലയും അനശ്വര സാന്നിധ്യവുമുള്ള ഉഗ്രമൂര്‍ത്തിയായ സാക്ഷാല്‍ താരകബ്രഹ്മമാണ്‌ ഭഗവാന്‍. ദര്‍ശന മാത്രയില്‍ത്തന്നെ ശ്രേയസ്സും പുണ്യവും ഉണ്ടാകും. മലയാത്ര വിധിപ്രകാരം തന്നെ നടത്തണം. ബ്രഹ്മചാരിയായ ഭഗവാന്‍, യൗവനയുക്തകളായ സ്‌ത്രീകള്‍ മലയില്‍ വരുന്നത്‌ ഇഷ്‌ടപ്പെടുന്നില്ല. ഇത്തരം ആചാരങ്ങള്‍ കൃത്യമായും നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടത്‌ ദേവപ്രീതിക്ക്‌ അനിവാര്യമാണ്‌.തന്ത്രിയുടെ തപസ്സ്‌, നാമജപം-വേദജപം, നിയമം (വ്യവസ്ഥ) ഉത്സവം, അന്നദാനം എന്നിവ ക്ഷേത്രകാര്യത്തില്‍ പരമപ്രധാനമാണ്‌.

No comments:

Post a Comment