ശ്രീമദ് ഭാഗവതത്തില്‍ കൌതുകത്തോടെ, എത്ര കേട്ടാലും മതിവരാത്ത ഭാഗങ്ങള്‍ അനവധിയുണ്ട്ഏറ്റവും ഹൃദ്യമായത് കൃഷ്ണന്‌ടെ ബാലലീലകള്‍ തന്നെ തര്‍ക്കമില്ല…. അതിലൊന്നായ ഉല്ലൂഖലബന്ധനം നമുക്കൊന്ന് വിചിന്തനം ചെയ്യാം….(ശ്രീമദ് ഭാഗവതം ദശമസ്‌കന്ധം ഒമ്പതാം അധ്യായം)
Sree-Krishna-wit-Yasodhaഒരു ദിവസം യശോദ തൈരുകടഞ്ഞു വെണ്ണയുണ്ടാക്കുന്ന തിരക്കിലായിരുന്നു. അടുപ്പില്‍ പാലു തിളയ്ക്കുന്നു….
ഉണ്ണിക്കണ്ണന്റെ ബാലലീലകളെപ്പറ്റിയോര്‍ത്തു രസിച്ച് അതില്‍ ലീനയായി അവര്‍ ഇരുന്നു.
അപ്പോള്‍ മുലകുടിക്കാനായി കൃഷ്ണന്‍ അവിടെ വന്നു. കൃഷ്ണന്‍ മുലകുടിക്കുന്ന സമയത്ത് അടുപ്പില്‍ പാല്‍ തിളച്ചു തൂവാന്‍ തുടങ്ങി. ഉടനേ കണ്ണനെ നിലത്തിരുത്തി പാലു കളയാതെ സൂക്ഷിക്കാന്‍ യശോദ അടുപ്പിനടുത്തേക്കോടി….
ഹും…അമ്മക്ക് എന്നെക്കാള്‍ പ്രിയം ഒരു പാത്രം പാലിനോടോ??
ഏതൊരു കുഞ്ഞിനും തോന്നുന്ന ആ ‘അല്‍പ്പരസം’ ഇവിടെ ഉണ്ണിക്കണ്ണനും തോന്നിക്കാണും….അതല്ലേ അല്‍പബുദ്ധികളായ നമുക്ക്ചിന്തിക്കാന്‍ കഴിയൂ??
കണ്ണന്‍ ഏതായാലും പ്രതിഷേധിച്ച് തൈര് കുടം പൊട്ടിച്ച് ദേഷ്യത്തോടെ മുറി വിട്ടു പോയി.യശോദ തിരിഞ്ഞു നോക്കുമ്പോള്‍ ഉടഞ്ഞ പാത്രവും തൂവിപ്പോയ തൈരും കണ്ടു. കൃഷ്ണനെ അവിടെ കണ്ടതുമില്ല.
കണ്ണന്‍ അടുത്ത മുറിയില്‍ വെണ്ണ സൂക്ഷിച്ചു വച്ചിരിക്കുന്നിടത്തായിരുന്നു. അവിടെ ഒരു ഉരല്‍ മറിച്ചിട്ട് അതിന് മുകളില്‍ കയറി നിന്നു ഉറിയില്‍ നിന്നു് വെണ്ണയെടുത്ത് അടുത്തു നില്‍ക്കുന്ന ഒരു കുരങ്ങന് കൊടുക്കുന്നു!!
യശോദ ഒരു വടിയുമെടുത്ത് കൃഷ്ണനെ സമീപിച്ചു. വലിയ ഭയം അഭിനയിച്ചുകൊണ്ട് കണ്ണന്‍ ഉരലില്‍ നിന്നു ചാടിയിറങ്ങിയോടി. അമ്മ വടിയുമായി പിറകേയും. യശോദ ഉണ്ണികൃഷ്ണനെ പിടികൂടിയ രംഗം വര്‍ണ്ണനാതീതമായ ഭംഗിയുളളതത്രെ. യോഗിവര്യന്‍മാര്‍ക്കുകൂടി ഏകാഗ്രചിത്തത്തില്‍ കാണാന്‍ കഴിയാത്ത ദൃശ്യമത്രെ അത്.
കിട്ടാന്‍ പോകുന്ന ശിക്ഷയെ ഭയന്നിട്ടെന്നപോലെ കൃഷ്ണന്‍ ഉറക്കെ കരഞ്ഞു. കണ്ണു തിരുമ്മി നേത്രാഞ്ജനം മുഴുവന്‍ മുഖത്ത് കണ്ണീരുമായി കലങ്ങിയൊലിച്ചിറങ്ങി. യശോദ വടി വലിച്ചെറിഞ്ഞു. ഒരു മരഉരലില്‍ കൃഷ്ണനെ കെട്ടിയിടാന്‍ ഒരു കഷണം കയറന്വേഷിച്ചു കണ്ടുപിടിച്ചു. കയറിന്റെ ഒരറ്റം ഉരലിനുചുറ്റും കെട്ടി മറ്റേയറ്റം കൃഷ്ണന്റെ അരയിലും ചുറ്റാന്‍ തുടങ്ങുമ്പോള്‍ കയറിനു നീളം പോരാ. അവര്‍ കുറച്ചുകൂടി കയറെടുത്ത് വീണ്ടും കെട്ടാനൊരുങ്ങി. അപ്പോഴും നീളത്തില്‍ ഒരല്‍പ്പം കുറവ്. അങ്ങനെ പലവുരു യശോദ കയര്‍ കൊണ്ടുവന്നു. അവര്‍ അമ്പരപ്പോടെ തളര്‍ന്ന് വിസ്മയചകിതയായി നിന്നു.
കൃഷ്ണന്‍ ഇതു കണ്ട് പെട്ടെന്ന് അമ്മയ്ക്ക് സ്വയം കെട്ടാന്‍ നിന്നു കൊടുത്തു.
”സ്വമാതു സ്വിന്നഗാത്രായാ വിസ്രസ്തകബരസ്രജ
ദൃഷ്ട്വാ പരിശ്രമം കൃഷ്ണ: കൃപയാ??സീത് സ്വബന്ധനേ”
എന്ന് ശ്രീമദ് ഭാഗവതം (109/ 18)
അങ്ങനെ സ്‌നേഹപാശം കൊണ്ട് തന്നെ ബന്ധിക്കാമെന്ന് കാണിച്ചുകൊടുത്തു. സര്‍വ്വാന്തര്യാമിയും അനന്തനുമാകയാല്‍ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അപ്രാപ്യനാണല്ലോ അവിടുന്ന്. ശരീരാഭിമാനം ഉളളവര്‍ക്കാര്‍ക്കും ഭഗവാനെ പ്രാപിക്കുക സാദ്ധ്യമല്ല. അവിടുത്തെ പ്രാപിക്കാന്‍ ഹൃദയം നിറഞ്ഞ ഭഗവല്‍പ്രേമം കൊണ്ടു മാത്രമേ സാധിക്കൂ.
അങ്ങനെയുള്ള ഹൃദയം നിറഞ്ഞ ഭഗവല്‍പ്രേമം നമുക്കേവര്‍ക്കും ഉണ്ടാകട്ടെ….
(പാല്‍കുടിക്കുന്നതിന്റെ രസം മുറിഞ്ഞത് കൊണ്ട് കണ്ണന്‍ തയിര്‍കുടം കടകോല് കൊണ്ട് ഉടച്ചു എന്നാണു പട്ടേരി ശ്രീമന്നാരായണീയത്തില്‍ പറഞ്ഞിരിക്കുന്നത്.എന്നാല്‍ ഭാഗവതത്തിലാകട്ടെ അമ്മിക്കുഴ കൊണ്ട് ഉടച്ചുവെന്നും….
ഈ വരികള്‍ ഗുരുവായൂരില്‍ ഇരുന്നു പട്ടേരി രചിച്ചപ്പോള്‍ ‘ഞാന്‍ അമ്മിക്കുഴ കൊണ്ടല്ലേ കുടം ഉടച്ചത്? അന്ന് കടകോല് അവിടെ ഉണ്ടായിരുന്ന കാര്യം എനിക്കോര്‍മ ഉണ്ടായിരുന്നില്ല…’ എന്ന് അശരീരി കേട്ടതായി മഹത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്….പട്ടേരിക്ക് ഉണ്ണിക്കണ്ണനെക്കൊണ്ട് ഭാരമുള്ള അമ്മിക്കുഴ ചുമപ്പിക്കണ്ട എന്ന വാല്‍സല്ല്യമാവാം ഇങ്ങനെ ഒരു മാറ്റി എഴുത്തിനു ആധാരം)
No comments:
Post a Comment