Friday, July 1, 2016

വീരഭദ്രൻ

ഹിന്ദു വിശ്വാസപ്രകാരം, 'വീരഭദ്രൻ' ശിവന്റെ
കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം
ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്.
വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വീരഭദ്രൻ അറിയപ്പെടുന്നത്
ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും
ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന
സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്.

ആവിർഭാവം

പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസിൽ വരിച്ച്
രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു
ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു.
എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ
നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹാ യാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു.
തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ,
ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു. സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച്
കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ
ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര
രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ
ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.

No comments:

Post a Comment