കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്.
കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.
കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെയാണിന്നും.
കന്യാകുമാരിയുടെ അനുഗ്രഹം വാങ്ങിയാണ് വിവേകാനന്ദന്‍ കടലിനപ്പുറത്തുള്ള പാറമേല്‍ ധ്യാനലീനനായിരുന്ന്് ഇന്ത്യയെക്കുറിച്ച് മനനം ചെയ്തത്.
No comments:
Post a Comment