പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു. ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു. കുറെ സമയം കഴിഞ്ഞപ്പോള്‍ ദുര്‍വ്വാസാവ് മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മ്ികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല.
പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.
No comments:
Post a Comment