Tuesday, August 9, 2016

ക്ഷേത്രോപാസനയിലും ഹിന്ദു ധര്‍മ്മത്തിലും വഴിപാടുകള്‍ക്ക് പ്രസക്തിയുണ്ടോ?

ക്ഷേത്രവിശ്വാസികളെ ക്ഷേത്രത്തില്‍ നിന്ന് അകറ്റി കാലക്രമേണ ക്ഷേത്രങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുക എന്ന ദീഘകാല അജണ്ടയുടെ ഭാഗമായി ദേവസ്വം ബോര്‍ഡ് വഴിപാടുകളുടെ നിരക്കുകള്‍ ഭീകരമായി വര്‍ദ്ധിപ്പിച്ച് ഹിന്ദുക്കളെ കൊള്ളയടിച്ച് കൊണ്ടിരിക്കുകയാണല്ലോ? ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ക്ഷേത്ര വിശ്വാസികളായ ഹിന്ദുക്കള്‍ പോലും എളുപ്പത്തിലുള്ള ഉപായമായി ആവശ്യപ്പെടുന്നത് വഴിപാടുകളുടെ ബഹിഷ്കരണമാണ്.. അതിനായി അവര്‍ പറയുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്‍ വഴിപാട് കൊണ്ട്ഗുണമില്ലെന്നും അത് ഹിന്ദു ധര്മവുമായി ഒരു ബന്ധമില്ലാത്തതും ഹിന്ദുക്കളെ പറ്റിക്കാനായി ചിലര്‍ കണ്ടു പിടിച്ച തട്ടിപ്പ് മാത്രമാണെന്നുമാണ്. അതെന്തോ ആകട്ടെ, ഇത് ഞാന്‍ പണ്ടെഴുതിയ ഒരു ചെറു, അല്ല നീണ്ട കുറിപ്പാണ്. പോസ്റ്റ്‌ ആയുര്‍വേദത്തെ കുറിച്ച് ആണെങ്കിലും ചിന്തിക്കുന്നവര്‍ക്ക് അനേകം ദൃഷ്ടാന്തങ്ങള്‍ ഇതില്‍ കാണാന്‍ കഴിയും എന്നുള്ളത് കൊണ്ട് വീണ്ടും പോസ്റ്റുന്നു.
//
ആയുര്‍വേദ ചികിത്സയിലെ ഔഷധത്തെ സാമാന്യമായി രണ്ടു തരത്തില്‍ വിഭജിച്ചിരിക്കുന്നു.
ഊര്ജസ്കരമെന്നും, രോഗഗ്നമെന്നും. രസായനവും, വാജീകരണവും ആണ് ഊര്ജസ്കാരങ്ങള്‍ ആയ ഔഷധങ്ങളില്‍ പെടുന്നത്. രോഗഘ്നം രണ്ടു തരത്തില്‍ ഉണ്ട്. രോഗത്തെ ശമിപ്പിക്കുന്ന ഔഷധങ്ങളും, ശമിച്ച രോഗം വീണ്ടും വരാതെ രക്ഷിക്കുന്നതും. ഔഷധങ്ങള്‍ മറ്റൊരു തരത്തില്‍ വിഭജിച്ചിരിക്കുന്നു. ദ്രവ്യമെന്നും, അദ്രവ്യമെന്നും. ഭൌമം, ഔധ്ബിധം, ജന്ഗമം എന്നിങ്ങനെ ദ്രവ്യം മൂന്നു തരത്തിലുണ്ട്.
ദ്രവ്യം:
ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന ലോഹങ്ങളും, ധാതുക്കളും സംസ്കരിച്ചുണ്ടാക്കുന്നതാണ് ഭൌമ ഔഷധം.
ഔദ്ഭിദം എന്നത് വൃക്ഷങ്ങളുടെയും വല്ലികളുടെയും മറ്റും ഇലയും കായും, പൂവും, സമൂലവും ഔഷധമായി ഉപയോഗിക്കുന്നതാണ്.
എന്നാല്‍ ജംഗമം ജന്തുക്കളുടെ പാല്‍, തൈര്, നെയ്യ്, മാംസം, രക്തം, പിന്നെ തേന്‍ മുതലായവ ഉപോഗിച്ചുള്ള ഔഷധം ആണ്.
അദ്രവ്യം:
ഉപവാസം, കാറ്റ്, വെയില്‍, നിഴല്‍, മന്ത്രം, പ്രാര്‍ത്ഥന, സാന്ത്വനം, ഭയപ്പെടുതല്‍, ഞെട്ടിക്കല്‍, ക്ഷോഭിപ്പിക്കല്‍, സന്തോഷിപ്പിക്കല്‍, ശകാരിക്കല്‍, ഉറക്കല്‍, ഉറക്കായ്ക (പമ്പ് കടിച്ചാല്‍ ഉള്ള ഒരു ചികിത്സ രാത്രി ഉറങ്ങാതിരിക്കുക/ഉറക്കാതിരിക്കുക എന്നുള്ളതാണ്) , തലോടല്‍ മുതലായവ:
ആയുര്‍വേദ ചികിത്സയില്‍ ഉള്ള മറ്റൊരു തരത്തില്‍ ഉള്ള ഔഷധ ഭാഗം ആണ്, യുക്തിവ്യാപാശ്രയം, ദൈവ വ്യാപാശ്രയം, സത്വാവജയം എന്നിവ.
യുക്തിവ്യാപശ്രയം : ഔചിത്യത്തത്തോട് കൂടി ആഹാരങ്ങളും വിഹാരങ്ങളും ഔഷധങ്ങളും ഉപയോഗിക്കുക.
ദൈവവ്യാപശ്രയം : മന്ത്രം ജപിക്കള്‍, രത്നം ധരിക്കല്‍, വഴിപാട്‌ ചെയ്യല്‍, ഹോമം, വ്രതം, അനുഷ്ടാനം, പ്രായശ്ചിത്തം, ഉപവാസം, ഉഴിഞ്ഞു കളയല്‍, ശുഭം ആശംസിക്കല്‍ എന്നിവ.
സത്വാവജയം : ആഹിതത്തില്‍ നിന്നും അപത്യത്തില്‍ നിന്നും മനസിനെ നിയന്ത്രിക്കുകയും, ഹിതത്തില്‍ പത്യത്തിലും ഉറപ്പിച്ചു നിര്‍ത്തുകയും, ധ്യാനവും, യോഗയും, മറ്റും കൊണ്ട് മനസിനെ ധൈര്യവും വിവേകവും ഉള്ളതും ആക്കി തീര്‍ക്കുന്നതുമാണ് സത്വവാജയം (സത്വം - മനസ്, അവജയം - നിയന്ത്രണം).
ഇതില്‍ യുക്തിവ്യാപശ്രയം, സത്വാവജയം എന്നിവ മൂലമുള്ള ചികിത്സ പദ്ധതികളെയും, അത് മൂലം ഉണ്ടാകുന്ന രോഗശമനത്തെയും വിശദീകരിക്കുവാന്‍ സാധ്യമെങ്കിലും, പ്രാര്‍ത്ഥന കൊണ്ടും, ഭജന കൊണ്ടും എല്ലാം രോഗ ശമനം ഉണ്ടാക്കപ്പെടുന്ന ദൈവവ്യാപശ്രയ ചികിത്സയെ വിശദീകരിക്കുക അസാധ്യം.
വിവരിക്കുവാന്‍ കഴിയില്ല എന്നുള്ളത് കൊണ്ട് മാത്രം അനുഭവത്തെ, പ്രയോജനത്തെ, നിഷേധിക്കുവാന്‍ കഴിയുകയില്ല എന്ന് മാത്രമേ പറയുവാന്‍ സാധിക്കൂ..
ദോഷജമായ രോഗത്തില്‍ (ആഹിതങ്ങള്‍ ആയ ആഹാരവിഹാരങ്ങളുടെ ഫലം ആയുണ്ടാകുന്ന രോഗത്തില്‍) യുക്തി വ്യാപശ്രയം ചികിത്സയും, കര്മജമായ രോഗത്തില്‍ (പാപ കര്‍മത്തിന്റെ ഫലമായ രോഗത്തില്‍) ദൈവ വ്യാപാശ്രയമായ ചികിത്സയുമെന്നതാണ് വിദഗ്ദമതം.
വായു: പിത്തം കഫശ്ചോക്ത: ശാരീരോ ദോഷസംഗ്രഹ...........................ദൈവ യുക്തി വ്യാപശ്രയി: മാനസോ ജ്ഞാന വിജ്ഞാന ധൈര്യ സ്മൃതി സമാധി ഭി :
ശാരീരങ്ങള്‍ ആയ രോഗങ്ങള്‍ ഉണ്ടാകുന്നതിനു വായുവും, പിത്തവും കഫവുമാകുന്ന ദോഷങ്ങള്‍ കാരണം ആകുന്നു. മാനസങ്ങള്‍ ആയ രോഗങ്ങള്ക്കാകട്ടെ രാജസും താമസും ആണ് കാരണങ്ങള്‍ ആകുന്ന ദോഷങ്ങള്‍. ദൈവ യുക്തിവ്യാപശ്രയങ്ങള്‍ ആയ ഔഷധങ്ങള്‍ കൊണ്ട് ശാരീരങ്ങള്‍ ആയ ദോഷങ്ങള്‍ ശമിക്കുന്നു. ജ്ഞാനം, വിജ്ഞാനം, ധൈര്യം, സ്മൃതി, സമാധി എന്നിവ കൊണ്ട് മാനസങ്ങള്‍ ആയ ദോഷങ്ങളും ശമിക്കുന്നു. ദൈവ യുക്തി വ്യാപശ്രയങ്ങള്‍ എന്ന് ദൈവ പദത്തെ ആദ്യം തന്നെ പ്രയോഗിചിരിക്കുകയാല്‍, വൈദ്യനെ കണ്ടു യുക്തിവ്യാപാശ്രയമായ ഔഷധം ഉപയോഗിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ സ്വന്തം നിലയില്‍ ദൈവ വ്യാപശ്രയമായ ചികിത്സ, സല്‍ക്കര്‍മ പ്രാര്‍ത്ഥനാ ഭാജനാധി രൂപത്തില്‍ ചെയ്തു തുടങ്ങാവുന്നതാനെന്നും പറയുന്നു.
ആയുര്‍വേദ ചികിത്സയുടെ സമഗ്രത , യുക്തി വ്യാപശ്രയവും, ദൈവ വ്യാപശ്രയവും സത്വാവജയവും സമഞ്ജസമായി സമന്വയിക്കപ്പെടുമ്പോള്‍ ആണ്. ആയുര്‍വേദം ആദ്യന്തം ഈ സമഗ്രതയില്‍ ഊന്നി നില്‍ക്കുന്നു. രോഗത്തെ കുറിച്ച് മാത്രമല്ല ആരോഗ്യത്തെ കുറിച്ചും ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട് ഇതാണ്.
"യുക്തിവ്യാപശ്രയം മാത്രമോ ദൈവവ്യാപശ്രയം മാത്രമോ സത്വവാജയം മാത്രമോ കൊണ്ട് ചികിത്സ തികച്ചും വിജയിക്കുകയില്ല എന്ന് ആയുര്‍വേദം ഉറപ്പിച്ചു പറയുന്നു". ശാസ്ത്രത്തിന്റെ വാക്കുകള്‍ക്കും, വാക്യങ്ങള്‍ക്കും അപ്പുറത്ത്, വിധികള്‍ക്കും നിഷേധങ്ങള്‍ക്കും അപ്പുറത്ത് താല്പര്യത്തിനാണ്/ഫലത്തിനാണ് പ്രധാനം, താല്‍പര്യത്തില്‍ നിഷ്കര്‍ഷിക്കുന്നത് കൊണ്ടാണ്, ആയുര്‍വേദം സനാതനം ആയിരിക്കുന്നത്.
അഹിംസകസ്യ ദാന്തസ്യ ധര്മാര്‍ജിത ധനസ്യ ച
സര്‍വദാ നിയമസ്തസ്യ സദാ സാനുഗ്രഹാ: ഗ്രഹാ:
ഗ്രഹപ്പിഴ എന്ന നാടന്‍ ഭാഷയില്‍ ഉള്ള പിഴകള്‍ അകറ്റി ഗ്രഹങ്ങളെ സാനുഗ്രഹങ്ങള്‍ ആക്കുവാന്‍, ഗ്രഹങ്ങളുടെ അനുഗ്രഹം നേടുവാന്‍ ഉള്ള ചികിത്സ ആണ് ദൈവവ്യാപാശ്രയ ചികിത്സ.
ഒന്നൂടി : 46 വയസിലും അനപത്യതാ ദുഃഖം അനുഭവിച്ച രവി ശാസ്ത്രി, യുക്തിവ്യാപാശ്രയത്തോടൊപ്പം ദൈവ വ്യാപാശ്രയത്തിലും വിശ്വസിക്കുന്ന ഒരു ആയുര്‍വേദ ഭിഷഗ്വരന്റെ അടുത്തു ചെന്നതില്‍ പിന്നെ ആണ്, ആ ദുഖത്തില്‍ നിന്ന് കരകയറിയത് എന്നുള്ളത് ഇത്തരുണത്തില്‍ പ്രസ്താവ്യം. ദൈവ വ്യാപാശ്രയത്തില്‍ വിശ്വാസം ഉള്ള ഒരു ഡോക്ടറെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിയാതിരിക്കുകയും വഴിപാടുകള്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നെങ്കിലോ..... ?
(ലേഖനത്തിലെ വിവരങ്ങള്‍ക്ക് അവലംബം: കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച യശശരീനായ രാഘവന്‍ തിരുമുല്‍പ്പാടിന്റെ അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥം)

No comments:

Post a Comment