Wednesday, August 17, 2016

ഭഗവാന്റെ ഒരോ ലീലകളെ എത്രകേട്ടാലും മതിവരില്ലാ അങ്ങനെ ഒരു കഥ ഇതാ

ഒരു ദിവസം ഭഗവാന്‍ മഹാവിഷ്ണു തന്റെ പാദുകങ്ങള്‍ പള്ളിയറയില്‍ വെച്ച് ശയിക്കാന്‍ തുടങ്ങി. എന്നാല്‍, പുറത്തു നിര്‍ത്തേണ്ട”പാദുകങ്ങളെ പള്ളിയറയില്‍ വെച്ചത് ഭഗവാന്റെ കിരീടത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. കിരീടം പാദുകങ്ങളോടു പറഞ്ഞു:
എടോ, എന്റെ നിലയും വിലയും നിനക്കറിയില്ലേ? ഞാന്‍ ഭഗവാന്റെ ശിരസ്സിനെ അലങ്കരിക്കുന്നവനാണ്. ഞാനിരിക്കുന്നിടത്ത് കയറി വരാന്‍ നിനക്കെന്താണ് യോഗ്യത? ഓരോരുത്തരും ഇരിക്കേണ്ടിടത്ത് ഇരിക്കണം. വേഗം തന്നെ ഈ മുറിയില്‍ നിന്നു പുറത്തു പോകൂ.”

കിരീടത്തിന്റെ അവഹേളനം കേട്ട് പാദുകം പറഞ്ഞു: അല്ലയോ കിരീടമേ, നീ ഈ വിധം സംസാരിക്കരുത്. ഞങ്ങള്‍ ഭഗവാന്റെ പാദങ്ങള്‍ സംരക്ഷിക്കുന്നവരാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഭക്തന്മാര്‍ ഭഗവാന്റെ കീരീടം നോക്കിയല്ലല്ലോ പ്രാര്‍ത്ഥിക്കുന്നത്! പാദത്തില്‍ സാഷ്ടാംഗം നമസ്‌കരിച്ചല്ലേ സങ്കടങ്ങള്‍ പറയുന്നത്!

അങ്ങനെയുള്ള പാദങ്ങള്‍ സംരക്ഷിക്കുന്ന ഞങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്.”ഈ തര്‍ക്കത്തില്‍ ഭഗവാന്റെ ശംഖും ചക്രവും കൂട്ടു ചേര്‍ന്നു. അവരും പാദുകങ്ങളെ അധിക്ഷേപിച്ചു.

ഈ അധിക്ഷേപങ്ങളില്‍ മനംനൊന്ത് പാദുകങ്ങള്‍ ഭഗവാന്റെ സമീപം ചെന്ന് സങ്കടംപറഞ്ഞു. അവരുടെ സങ്കടമറിഞ്ഞ് ഭഗവാന്‍ പറഞ്ഞു: അല്ലയോ പാദുകങ്ങളേ, നിങ്ങള്‍ വിഷമിക്കാതിരിക്കൂ. നിങ്ങള്‍ക്കും നല്ല കാലംവരും. ഞാന്‍ ശ്രീരാമനായി ഭൂമിയില്‍ അവതാരമെടുക്കുന്ന ഒരു സമയമുണ്ടാകും.

അക്കാലത്ത് നിങ്ങളെ നിന്ദിച്ച കിരീടം പതിന്നാലു വര്‍ഷം നിങ്ങളുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കേണ്ടി വരും. കിരീടത്തിനോടു ചേര്‍ന്ന് നിങ്ങളെ അധിക്ഷേപിച്ച ശംഖും ചക്രവും നിങ്ങളെ പൂജിക്കുകയും ചെയ്യും.”‘ഭഗവാന്‍ പറഞ്ഞതുപോലെ സംഭവിച്ചു.

‘ഭൂമിയില്‍ ശ്രീരാമചന്ദ്രന്‍ അവതാരമെടുത്തു.
ഈ സമയം ഭരതനും ശത്രുഘ്‌നനുമായി അവതരിച്ചത് ശംഖും ചക്രവുമാണ്. ശ്രീരാമന്‍ പതിന്നാലു വര്‍ഷം വനവാസത്തിനായി യാത്രയായി. ഈ സമയം ശ്രീരാമസ്വാമിയുടെ പാദുകങ്ങള്‍ സിംഹാസനത്തില്‍ വെച്ചാണ് ഭരതനും ശത്രുഘ്‌നനും രാജ്യം ഭരിച്ചത്. ഈ സമയം സിംഹാസനത്തിന്റെ കീഴില്‍ ഒരു പീഠത്തിലാണ് കിരീടം വെച്ചിരുന്നത്. ശരിക്കും പാദുകങ്ങള്‍ക്ക് പാദസേവ ചെയ്യുന്നതുപോലെ.

No comments:

Post a Comment