Tuesday, August 16, 2016

വൈഷ്ണവയന്ത്രങ്ങള്‍

സന്താനഗോപാലയന്ത്രം :-
ഈ സന്താനഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, പൌത്രന്മാര്‍ മുതലായ സന്താനാഭിവൃദ്ധി ഉടനെ ഉണ്ടാകുന്നതാണ്.

ചതുരക്ഷരീഗോപാലയന്ത്രം :-
ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യവും സമ്പത്സമൃദ്ധിയും ലഭിക്കുന്നതാണ്.

അഷ്ടാക്ഷരീഗോപാലയന്ത്രം :-
ഈ യന്ത്രം വിദ്യയേയും, ധനത്തേയും, പുത്രന്മാരേയും യശസ്സിനേയും, കാന്തിയേയും - സൗന്ദര്യത്തേയും - കാണുന്നവര്‍ക്കു വശ്യത്തെയും ഉണ്ടാക്കുന്നതാകുന്നു. വിദ്വാനും ധനവാനും, നല്ല സന്താനങ്ങളുള്ളവനും, കീര്‍ത്തിമാനും, എല്ലാവര്‍ക്കും സമ്മതനുമായിത്തീരണമെന്നാഗ്രഹിക്കുന്നവര്‍ ഈ യന്ത്രം ധരിക്കേണ്ടതാണെന്ന് താല്പര്യം.

ദശാക്ഷരീഗോപാലയന്ത്രം :-
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍, മനസ്സിനും ശരീരത്തിനും സൗഖ്യം, സമ്പത്സമൃദ്ധി, വശ്യം - ഈ ഫലങ്ങളെയെല്ലാം അനുഭവിക്കണമെന്നുള്ളവര്‍ ഈ യന്ത്രം ധരിക്കേണ്ടതാകുന്നു.

അഷ്ടാദശാക്ഷരീഗോപാലയന്ത്രം :-
ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, ധനം, കീര്‍ത്തി മുതലായ മനുഷ്യര്‍ ആഗ്രഹിക്കുന്ന എല്ലാവിധ സുഖങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.

വിംശത്യക്ഷരഗോപാലയന്ത്രം :-
ഇപ്രകാരം പറയപ്പെട്ടിരുന്ന വിംശത്യക്ഷരഗോപാല യന്ത്രം വളരെ നിഷ്കര്‍ഷയോടുകൂടി സ്വകാര്യമായി (രഹസ്യമായി) വെയ്ക്കേണ്ടതും, പാത്രാപാത്രവിചാരം കൂടാതെ ചോദിച്ചവര്‍ക്കെല്ലാം പറഞ്ഞുകൊടുപ്പാന്‍ പാടില്ലാത്തതുമാകുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, ദീര്‍ഘായുസ്സ്, പുത്രന്മാര്‍, ധാന്യങ്ങള്‍, ജന്മവസ്തുക്കള്‍ മുതലായ സകല സമ്പത്തുകളും ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. എന്തിനധികം പറയുന്നു? അഭീഷ്ട വസ്തുക്കളെ മുഴുവനും പ്രദാനം ചെയ്യുന്ന കല്പകവൃക്ഷം പോലെതന്നെ ഈ യന്ത്രവും ഇച്ഛിക്കുന്ന സാധനങ്ങളെ മുഴുവന്‍ കൊടുക്കുന്നതാകുന്നു.

ഗോവര്‍ദ്ധനഗോപാലയന്ത്രം :-
ഈ യന്ത്രം നല്ല ദിവസങ്ങളില്‍ എഴുതി ശാസ്ത്രപ്രകാരം ഗൃഹത്തില്‍ സ്ഥാപിച്ചാല്‍ അവിടെ നല്ല ഭംഗിയുള്ളവയും, പാല്‍ ധാരാളമുള്ളവയും, ശീലഗുണമുള്ളവയും പലവിധത്തിലുള്ളവയുമായ അനവധി പശുക്കളും കുട്ടികളും കാളകളും പലവിധത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. അതിനു പുറമേ ധാന്യങ്ങള്‍, രത്നങ്ങള്‍, സസ്യങ്ങള്‍, ഇത്യാദികളോടുകൂടി സാക്ഷാല്‍ ശ്രീഭഗവതി അവിടെത്തന്നെ ആ വീട്ടുടമസ്ഥനെ സ്വന്തം ഭാര്യയെപ്പോലെ സ്നേഹത്തോടുകൂടി വിട്ടുപിരിയാതെ ഉപച്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ദേവകീപുത്രയന്ത്രം അഥവാ ഗോവര്‍ദ്ധനഗോപാലയന്ത്രം :-
ഈ യന്ത്രം സ്വര്‍ണ്ണം മുതലായ ലോഹത്തകിടില്‍ വിധി പ്രകാരം എഴുതി കയ്യിന്മേല്‍ ധരിക്കുന്നതായാല്‍ എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുന്നതാണ്.  പ്ലാശ്മരത്തിന്‍റെ പലകയിന്മേല്‍ ഈ യന്ത്രം എഴുതി വിധിപ്രകാരം വേണ്ടതായ സംസ്കാരങ്ങളെല്ലാം ചെയ്തു തൊഴുത്തില്‍ സ്ഥാപിക്കുന്നതായാല്‍ അവിടെ എപ്പോഴും പശുക്കള്‍ ധാരാളമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്.

രാജഗോപാലയന്ത്രം :-
ഈ രാജഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗസുഖവും സകലവിധ ഐശ്വര്യങ്ങളും മൂന്നുലോകത്തിലുള്ള സകല ജനങ്ങളെയും സ്വാധീനമാക്കത്തക്ക വശീകരണശക്തിയും ഉണ്ടാകുന്നതാണ്.

മദനഗോപാലയന്ത്രം :-
മദനഗോപാലയന്ത്രം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്ന പുരുഷന്മാര്‍ക്ക് ലോകത്തിലുള്ള സുന്ദരികളായ സകല സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും വശവര്‍ത്തികളായിത്തീരുന്നതാണ്.

സമ്മോഹന ഗോപാലയന്ത്രം :-
സമ്മോഹനം എന്ന് പേരായ ഈ ഗോപാലയന്ത്രം സകല വിധമായ ഭയത്തേയും നശിപ്പിക്കുന്നതും, സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതുമാകുന്നു.

പുരുഷസൂക്തയന്ത്രം :-
പുരുഷസൂക്തയന്ത്രം സന്താനങ്ങളേയും, ദീര്‍ഘായുസ്സിനേയും, കീര്‍ത്തിയേയും, സൗന്ദര്യത്തെയും ഉണ്ടാക്കും. സകലവിധ പാപങ്ങളേയും നശിപ്പിക്കും. ധനസമ്പത്ത് വര്‍ദ്ധിപ്പിക്കും. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിയ്ക്കുകയും ചെയ്യും.  കദളിവാഴയുടെ ഒരു നാക്കില വാട്ടി പശുവിന്‍റെ വെണ്ണ, നെയ്യ് അതില്‍ പരത്തി, ഈ പുരുഷസൂക്തയന്ത്രം അതില്‍ വരച്ച് അത് തൊട്ടുകൊണ്ട് പുരുഷസൂക്തം മൂന്നുരു ജപിച്ച്, കാലത്ത് ആറ് നാഴിക പുലരുന്നതിന് മുമ്പ് മൂന്നുമാസം തികയാത്ത ഗര്‍ഭിണി ആ വെണ്ണനെയ്യ് സേവിക്കണം. എന്നാല്‍ അവള്‍ അതിസമര്‍ത്ഥനും വിഷ്ണുഭഗവാനോട് തുല്യനുമായ പുത്രനെ പ്രസവിയ്ക്കുന്നതാണ്.  വെണ്ണനെയ്യില്‍ ഈ യന്ത്രം വരച്ച് പുരുഷസൂക്തം ജപിച്ച് സേവിച്ചാല്‍ വലിയ വിഷബാധയും, ഗംഭീരങ്ങളായ ആഭിചാരോപദ്രവങ്ങളും, ഭ്രാന്ത്, അപസ്മാരം മുതലായ വലുതായ ചിത്തരോഗങ്ങളും ശമിച്ച് സുഖം കിട്ടുന്നതായിരിക്കും.

ഗോവിന്ദയന്ത്രം :-
ഈ ഗോവിന്ദയന്ത്രം എഴുതി ദേഹത്തില്‍ ധരിയ്ക്കുന്നവര്‍ക്ക് ധര്‍മ്മം, അര്‍ത്ഥം (ധനം), കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളും സിദ്ധിയ്ക്കയും, രോഗങ്ങള്‍ ഭൂതപ്രേതാദി ബാധകള്‍ മുതലായ എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും രക്ഷകിട്ടുകയും, സര്‍വ്വവിധ സമ്പത്തുകളും ധാന്യങ്ങളും സിദ്ധിയ്ക്കുകയും, എല്ലാവിധ ദാരിദ്രങ്ങള്‍ ശമിയ്ക്കുകയും ചെയ്യുന്നതാണ്.

അഷ്ടാദശാക്ഷര വൈഷ്ണവായന്ത്രം :-
ഈ അഷ്ടാദശാക്ഷര വൈഷ്ണവയന്ത്രം ധരിയ്ക്കുന്നതായാല്‍ എല്ലാ വിധ സമ്പത്തുക്കളും വര്‍ദ്ധിയ്ക്കുന്നതാണ്.

ധന്വന്തരിയന്ത്രം :-
ഈ യന്ത്രം ധരിച്ചാലത്തെ ഫലം രോഗശമനമാകുന്നു.

വരാഹയന്ത്രം - 1  :-
ഈ വരാഹയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ധാരാളം വസ്തുവഹകളും, സ്വര്‍ണ്ണം മുതലായ രത്നങ്ങളും ധാന്യങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.

വരാഹയന്ത്രം - 2 :-
ഗോരോചനം, അകില്, അരക്ക്, കര്‍പ്പൂരം, കുങ്കുമം, ചന്ദനം ഇതുകള്‍ ചാണകവെള്ളത്തില്‍ അരച്ച് പരത്തി തകിടുപോലെ വട്ടത്തില്‍ ആക്കി ഉണക്കി അതില്‍ സ്വര്‍ണ്ണസൂചികൊണ്ട് നല്ലശുഭദിവസത്തില്‍ എഴുതി ജപം പൂജ മുതലായത് ചെയ്ത് ധരിച്ചാല്‍ എല്ലാവിധ ആഗ്രഹങ്ങളും സാധിയ്ക്കും. സ്വര്‍ണ്ണതകിടില്‍ ഈ യന്ത്രം എഴുതി ധരിച്ചാല്‍ ധനസമ്പത്തും രാജാധിപത്യവും സിദ്ധിയ്ക്കും. വെള്ളിത്തകിടില്‍ എഴുതി ധരിച്ചാല്‍ ഗ്രാമത്തിന്‍റെ ആധിപത്യം ലഭിയ്ക്കും. ചെമ്പുതകിടില്‍ ആണെങ്കില്‍ ധനവും വര്‍ദ്ധിയ്ക്കും. വിചാരിച്ച കാര്യങ്ങള്‍ സാധിയ്ക്കേണ്ടതിന്നു ഈ വരാഹയന്ത്രം പെരുമരത്തിന്‍റെ ഇലയിലും, ഭൂസ്വത്തുക്കള്‍ കിട്ടേണ്ടതിന്നു വെളുത്ത പട്ടിലും എഴുതി ധരിയ്ക്കേണ്ടതാകുന്നു. ജപം പൂജ മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് ഉപയോഗിച്ചാല്‍ മാത്രമേ ശരിയായ ഫലസിദ്ധിയുണ്ടാവുകയുള്ളൂ. ഈ വരാഹയന്ത്രം വിധിപ്രകാരം സ്വര്‍ണ്ണത്തകിടില്‍ എഴുതി സപരിവാരമായി പൂജിച്ച് ഗ്രാമാധിപതി ഗ്രാമത്തിലും (ഗ്രാമം എന്നതുകൊണ്ട്‌ ഭവനവും ഗ്രഹിക്കാം) പട്ടണാധിപതി പട്ടണത്തിലും, രാജ്യാധിപതി രാജ്യത്തിലും ശുഭദിവസം നോക്കി സ്ഥാപിക്കുക. എന്നാല്‍ അവിടെ ക്ഷുദ്രബാധകളുടെ ഉപദ്രവം, അപമൃത്യു, തസ്കരന്മാരുടെ ശല്യം, ഭൂതോപദ്രവം, സര്‍പ്പങ്ങളുടെ ബാധ, ഭയം മുതലായ യാതൊന്നും ഉണ്ടാകുന്നതല്ല. അവര്‍ക്ക് ആ പ്രദേശത്തേക്ക് ഒന്ന് എത്തിനോക്കുവാന്‍ പോലും സാധിയ്ക്കുന്നതല്ല. അത്ര ശക്തിയുള്ളതാണ് ഈ വരാഹയന്ത്രം.

നരസിംഹയന്ത്രം - 1 :-
ഈ നരസിംഹയന്ത്രം രക്ഷസുകള്‍, പിശാചുക്കള്‍, മഹാരോഗങ്ങള്‍, വിഷഭയം, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ഇവയെല്ലാം ഉന്മൂലനാശം വരുത്തുന്നതാകുന്നു.

നരസിംഹയന്ത്രം - 2 :-
ഈ നരസിംഹയന്ത്രം ധരിയ്ക്കുന്നതായാല്‍ ഭൂതബാധ, അപസ്മാരം, കഠിനങ്ങളായ രോഗങ്ങള്‍, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ആദിയായവ ഉണ്ടാവില്ലെന്ന് മാത്രമല്ല, ഉണ്ടായവ നശിച്ചുപോകുന്നതുമാണ്.

നരസിംഹയന്ത്രം - 3 :-
ഈ യന്ത്രം ധരിച്ചാല്‍ ക്ഷുദ്രാഭിചാരം, വിഷഭയം, ഗ്രഹപീഡ, രോഗങ്ങള്‍, ശത്രുഭയം എന്നതുകള്‍ നശിക്കുന്നതും സമ്പത്സമൃദ്ധിയുണ്ടാകുന്നതുമാണ്.

ഗീതാത്രിഷ്ടുപ്പുയന്ത്രം :-
ഈ ഗീതാത്രിഷ്ടുപ്പുയന്ത്രം സകലവിധമായ രക്ഷയേയും ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെയും, ദീര്‍ഘായുസ്സിനേയും ധനത്തേയും ധാന്യത്തേയും പ്രദാനം  ചെയ്യുന്നതാണ്.

ശ്രീരാമയന്ത്രം - 1 :-
ഈ രാമയന്ത്രം നല്ല ശുഭമുഹൂര്‍ത്തത്തില്‍ വിധിയാംവണ്ണം എഴുതി വള, ഏലസ്സ് മുതലായ ആഭരണങ്ങളിലാക്കി ധരിയ്ക്കുന്നവന്‍ യാതൊരു പ്രയാസവും കൂടാതെ യുദ്ധത്തില്‍ ശത്രുക്കളെ തോല്പിച്ച് വിജയിയായിത്തീരുകയും സല്‍പുത്രന്മാര്‍, ആരോഗ്യം, ഭൂസ്വത്തുക്കള്‍, നല്ലതായ ധാന്യങ്ങള്‍, ധനം, പശുക്കള്‍ എന്നതുകളോടുകൂടിയ വലുതായ സമ്പത്തിനെ സമ്പാദിക്കുകയും ചെയ്ത്, സാക്ഷാല്‍ ശ്രീരാമനെപ്പോലെ ലോകത്തില്‍ ബഹുമാന്യനായി അനേകശതവര്‍ഷം കാലം ജീവിച്ചിരിക്കുന്നതുമാകുന്നു. ഈ രാമയന്ത്രം തന്നെ ചെമ്പുതകിടില്‍ വരച്ച് ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് മുറ്റം കൃഷിസ്ഥലം മുതലായ സ്ഥലങ്ങളില്‍ സ്ഥാപിക്കുക. എന്നിട്ട് അവിടെ ശ്രീരാമചന്ദ്രനെ പരിവാരസഹിതം പൂജിച്ച് ബലി തൂവുകയും ചെയ്ക. എന്നാല്‍ അവിടെ ദിനംപ്രതി ഐശ്വര്യം വര്‍ധിച്ചുകൊണ്ടിരിക്കും.

ശ്രീരാമയന്ത്രം - 2 :-
ഈ ശ്രീരാമയന്ത്രത്തെ സ്വര്‍ണ്ണം വെള്ളി മുതലായ തകിടില്‍ വരച്ച് ജപം, ഹോമം മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് കയ്യിന്മേല്‍ കെട്ടിയാല്‍ എല്ലാ കാര്യങ്ങളിലും വിജയവും സമ്പത്സമൃദ്ധിയും, പരാക്രമവും ഉണ്ടാകും.

മഹാസുദര്‍ശനയന്ത്രം - 1 :-
ഈ മഹാസുദര്‍ശനയന്ത്രം ധരിച്ചാല്‍ ഭൂതബാധ, പ്രേതോപദ്രവം, പിശാചുക്കളില്‍നിന്നുള്ള ഭയം, ആഭിചാരദോഷങ്ങള്‍, ശത്രുക്കള്‍ എന്നിവയെല്ലാം നശിയ്ക്കും.  സകലജനങ്ങളും സ്വാധീനമാകും. ധനം, ധാന്യം, ഭൂസ്വത്തുക്കള്‍, സുന്ദരികളായ സ്ത്രീകള്‍, നല്ല യശസ്സ് മുതലായവയും ഉണ്ടാകും. എന്തിനധികം പറയുന്നു? കല്പകവൃക്ഷവും കാമധേനുവും അപേക്ഷിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളേയെല്ലാം പ്രദാനം ചെയ്യുന്ന മാതിരി ഈ മഹാസുദര്‍ശനയന്ത്രവും കൊടുക്കുന്നതാണ് - സംശയമില്ല.

സുദര്‍ശനയന്ത്രം - 2 :-
ഈ സുദര്‍ശനയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ശത്രുബാധകളും ആഭിചാരോപദ്രവങ്ങളും ഉണ്ടാകുകയില്ല. ഉണ്ടായിട്ടുള്ളത് ക്ഷണത്തില്‍ നശിയ്ക്കുകയും ചെയ്യും.

സുദര്‍ശനയന്ത്രം - 3 :-
ഈ സുദര്‍ശനയന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നതായാല്‍ ബാധോപദ്രവങ്ങള്‍ ഏല്‍ക്കാതെ നല്ല രക്ഷയുണ്ടാകുന്നതാണ്.

സുദര്‍ശനയന്ത്രം - 4 :-
ഈ സുദര്‍ശനയന്ത്രം എഴുതി ജപിച്ച് സമ്പാത സ്പര്‍ശം ചെയ്തു ധരിയ്ക്കുന്നത് ഗര്‍ഭിണികള്‍ക്ക് വിശേഷിച്ചും ഹിതകരമാണ്. ആഭിചാരം, ഗ്രഹപീഡ, ചിത്തഭ്രമം എന്നതുകളേയും ഈ യന്ത്രം നശിപ്പിയ്ക്കുന്നതാകുന്നു.

സുദര്‍ശനയന്ത്രം - 5 :-
ഈ യന്ത്രം എഴുതി ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് ധരിച്ചാല്‍ ആഭിചാരം മുതലായ ബാധോപദ്രവങ്ങളും ഗ്രഹപീഡകളും, ഉന്മാദങ്ങളും നശിക്കും. ഗര്‍ഭിണികള്‍ ഇതു ധരിയ്ക്കുന്നത് ഗര്‍ഭരക്ഷയ്ക്കും സുഖപ്രസവത്തിനും നല്ലതാകുന്നു. പശുക്കള്‍, കുതിരകള്‍, ധനം, ധാന്യങ്ങള്‍ മുതലായ സമ്പത്തുകള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.

സുദര്‍ശനയന്ത്രം - 6 :-
ഈ സുദര്‍ശനയന്ത്രം സകല ഭയത്തേയും ബാധകളേയും, അപമൃത്യുവിനേയും നശിപ്പിയ്ക്കും. രാജാക്കന്മാര്‍ക്ക് വിജയത്തേയും ഉണ്ടാക്കും.

സുദര്‍ശനയന്ത്രം - 7 :-
ഈ യന്ത്രം സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീ തകിടുകളിലോ കരിങ്കല്ലിന്മേലോ എഴുതി മന്ത്രസംഖ്യ കഴിച്ച് സ്ഥാപിക്കുക. എന്നാല്‍ അവിടെ കള്ളന്മാരുടെ ഉപദ്രവം ഗ്രഹപീഡ ശത്രുഭയം ഇവകള്‍ നശിയ്ക്കുന്നതും, സകലവിധ രക്ഷകളും ഉണ്ടാകുന്നതുമാണ്.

സുദര്‍ശനയന്ത്രം - 8                ക്ഷേത്രസൂക്തയന്ത്രം  :-
ഈ ക്ഷേത്രസൂക്തയന്ത്രം ശുഭമുഹൂര്‍ത്തത്തില്‍ സ്വര്‍ണ്ണസൂചികൊണ്ട് വിധിയാംവണ്ണം ചെമ്പ് തകിടില്‍ വരച്ച് ഭവനത്തിലോ കൃഷിസ്ഥലത്തോ നഗരത്തിലോ ഒരു ദേശത്ത്‌ തന്നെയോ സ്ഥാപിക്കുക. എന്നാല്‍ അവിടെ ദിവസം ചെല്ലുംതോറും സകലവിധ സമ്പത്തുക്കളും ക്രമേണ വര്‍ദ്ധിച്ചുവരുന്നതാണ്. ആനകള്‍, കുതിരകള്‍, പശുക്കള്‍, പോത്തുകള്‍, കാളകള്‍, ആടുകള്‍, കഴുതകള്‍ ഇത്യാദികളും, ധനം പലവിധ ധാന്യങ്ങള്‍ ഭൂസ്വത്തുക്കള്‍ പലവിധത്തിലുള്ള സസ്യങ്ങള്‍ നല്ല വസ്ത്രങ്ങള്‍ നാനാതരത്തിലുള്ള രത്നങ്ങള്‍ പല ജാതി ആഭരണങ്ങള്‍ ഇത്യാദികളുമായ വിഭവങ്ങളോടുകൂടി മഹാലക്ഷ്മി അവിടെ വന്നു പതിവ്രതയായ സ്ത്രീ ഭര്‍ത്താവിന്‍റെ അടുക്കലെന്നപോലെ എപ്പോഴും ഹിതത്തെ ചെയ്തുകൊണ്ടും സന്തോഷത്തോടുകൂടിയും രമിയ്ക്കുന്നതാണ്.
Posted by Jinesh Palakkal at 18:54 

No comments:

Post a Comment