Tuesday, August 30, 2016

ഓം എന്ന അക്ഷരം എങ്ങനെ, എന്ന്‌ ഉണ്ടായി ?

ഓം എന്ന അക്ഷരം എങ്ങനെ, എന്ന്‌ ഉണ്ടായി എന്ന്‌ വ്യക്‌തമായി പറയുവാനാകില്ല. സകല വേദങ്ങളിലും ഓം എന്ന അക്ഷരം വരുന്നുണ്ടെന്നതിനാൽ ഇതിന്‌ വേദത്തോളം, അല്ലെങ്കിൽ അതിലും കൂടുതൽ പഴക്കമുണ്ടെന്നും ഇതിന് വേദങ്ങളോളം പ്രസക്തിയുണ്ടെന്നും കരുതപ്പെടുന്നു.
അതിഗഹനമായ തത്വങ്ങളാണ്‌ ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്‌. വേദം എന്ന വാക്കിനർത്ഥം അറിവ്‌ എന്നാകുന്നു. ഇപ്പറഞ്ഞ എല്ലാ അറിവും ഓം എന്ന അക്ഷരത്തിൽ ഉൾപ്പെടുകയും ചെയ്യുന്നു. ഓം എന്ന അക്ഷരത്തിൽ നിന്നു തന്നെയാണ്‌ വേദമുണ്ടായത്‌ എന്നു പറയുന്നതിലും തെറ്റില്ല. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഹിന്ദുക്കൾ ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങയിരുക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ വ്യാപ്തിയുണ്ടു. ’അ’ ആദിമത്വത്തേയും ’ഉ’ ഉത്കർഷത്തെയും ’മ’ മിതിയേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാകണം ഓംകാരത്തെ സ്രുഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.

ഓംകാരം പുരാണങ്ങളിൽ

“അകാരോ വിഷ്ണുരുദ്ദിഷ്ട:
ഉകാരസ്തു മഹേശ്വര:
മകാരസ്തു സ്മൃതോ ബ്രഹ്മാ:
പ്രണവസ്തു ത്രയാത്മക:”

എന്ന് വായുപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ്’ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ബ്രഹ്മപ്രാപ്തിക്കും അതിലൂടെ ആത്മജ്ഞാനസിദ്ധിക്കും പ്രണവോപാസനയെക്കാൾ പ്രയോജനപ്പെടുന്ന മറ്റൊന്നുമില്ലെന്നാണ്പ്രണവോപനിഷത്തിൽ പറയുന്നത്.
ഓംകാരത്തെ അറിയുന്നവർ യോഗിയായി മാറുമെന്ന് ഗരുഡപുരാണം രേഖപ്പെടുത്തുന്നു. ‘ഓമിത്യേകക്ഷരം ബ്രഹ്മ’ എന്നും ‘ഗിരാമസ്മ്യേകമക്ഷരം’ എന്നും ഭഗവദ്ഗീതയിലുണ്ട്.

“ഓമിത്യേതദക്ഷരമിദം സർവം
തസ്യോപവ്യാഖ്യാനം
ഭൂതം ഭവദ് ഭവിഷ്യദിതി
സർവമോങ്കാര ഏവ.
യച്ചാന്യത് ത്രികാലാതീതം
തദപ്യോങ്കാര ഏവ.”

മാണ്ഠുക്യോപനിഷത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓം എന്ന നാശരഹിതമായ അക്ഷരം മാത്രമാണ് ഇഹത്തിലുള്ളതെല്ലാം. ഭൂത-വർത്തമാന-ഭാവി കാലങ്ങളിലുള്ളതെല്ലാം ആ അക്ഷരത്തിന്റെ ഉപവാഖ്യാനങ്ങൾ മാത്രമാണ്. മൂണ് കാലത്തെയും അതിക്രമിച്ചിട്ടുള്ളതും ഓംകാരമാണ്.
‘ബ്രഹ്മം താമര ഇലയിൽ പുരുഷരൂപമായ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ബ്രഹ്മാവ് ഓംകാരത്തെ സൃഷ്ടിച്ചു. ഓംകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു’ എന്നു ഗോപഥബ്രാഹ്മണംവ്യക്തമാക്കുന്നുണ്ട്.
പ്രണവമാകുന്ന വില്ലിൽ ആത്മാവാകുന്ന ശരത്തെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തിൽ എയ്യണമെന്ന് മാണ്ഠുക്യവും, പരബ്രഹ്മത്തെയോ അപരബ്രഹ്മത്തെയോ പ്രാപിക്കാനുള്ള ശ്രേഷ്ടമായ മാർഗ്ഗം ഓംകാരോപാസനയാണെന്ന് കഠോപനിഷത്തും പറയുന്നു.പ്രണവത്തിലെ അകാരം ഋഗ്വേദവും ഉകാരം യജുർവേദവും മകാരം സാമവേദവുമാണെന്ന് പരാമർശമുണ്ട്.

ഓംകാരധ്യാനം സർവ്വമന്ത്രങ്ങൾക്കും സകല വേദങ്ങൾക്കും സകല ദേവതകൾക്കും ജനനിയായ ഓംകാരത്തെ ധ്യാനിക്കുന്നത് ഏറെ പുണ്യമായി കരുതുന്നു.ഓംകാര രൂപത്തിന്റെ മുന്നിൽ വിളക്കു കത്തിച്ച് 108,1008 എന്നീ പ്രകാരം ദിനം മുടങ്ങാതെ ജപിക്കുന്നത് ഏറേ നന്നാണ്.എന്നാൽ ഗർഭിണികൾ പ്രണവം ജപിക്കുന്നത് ദോഷമായി കരതുന്നു. രക്തസംക്രമണത്തിന് വ്യതിയാനം വരുത്തുവാണുള്ള കഴിവു ഓംകാരത്തിനു ഉള്ളതു കൊണ്ടാവാം. മൂന്ന് സന്ധ്യകളിലും- ഉഷസ്സന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ - പ്രണവോപാസന ചെയ്യണമെന്നാണ് ആചാര്യപ്രോക്തം. ഉത്തരദിക്കിന് അഭിമുഖമായിട്ടായിരിക്കണം സാധകൻ ഇരിക്കേണ്ടതു. പ്രാണനെ ഉണർത്താനും ഉജ്ജീവിപ്പിക്കാനും പ്രണവോപാസനക്കൊണ്ട് സാധിക്കും. ഉറങ്ങിക്കിടക്കുന്ന കുണ്ഠലിനീശക്തിയെ ഉണർത്തി, സുഷുംനാനാഡിയിലൂടെ അതിനെ സഹസ്രാരപത്മത്തിലെത്തിച്ച്,ശിവസായൂജ്യത്തിണ്ടെ അമൃതം വർഷിക്കാനും ഓംകാരോപാസനകൊണ്ട് സാധിക്കും എന്നാണ് വിശ്വാസം

No comments:

Post a Comment