Tuesday, August 30, 2016

ഓംകാരത്തിന്റെ പൊരുള്‍

നാദവിസ്ഫോടനത്തില്‍ നിന്നാണ്‌ പ്രപഞ്ചോല്‍പ്പത്തി. ഈ പ്രപഞ്ചത്തില്‍ നിരവധി നാദസ്പന്ദനങ്ങള്‍ അനന്തമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ആ നാദസ്പന്ദനങ്ങളുടെയെല്ലാം ഉള്‍ച്ചേരലിലൂടെ സംജാതമാകുന്ന അടിസ്ഥാന പ്രപഞ്ചശബ്ദത്തെ സാധാരണ മനുഷ്യന്‌ ഗ്രഹിക്കാവതല്ല. എന്നാല്‍ അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പരമജ്ഞാനികളായ മഹര്‍ഷീശ്വരന്മാരുടെ മനസില്‍ പ്രസ്തുത പ്രപഞ്ച ശബ്ദം വെളിപ്പെട്ടിരിക്കുന്നു. അതാണ്‌ ഓംകാരം. ഓംകാരത്തില്‍ നിന്നാണ്‌ പ്രപഞ്ചസൃഷ്ടിയുണ്ടായത്‌ എന്നുപറയുന്നത്‌. ‘അ’, ‘ഉ’, ‘മ്‌’ എന്നീ ശബ്ദങ്ങളുടെ സംഘാതമാണ്‌ ഓം. ഇത്‌ ഏകവും അദ്വിതീയവുമായ പരബ്രഹ്മത്തിന്റെ പ്രതീകമാണ്‌. പ്രണവത്തിന്റെ പര്യായവുമാണത്‌. സ്തുതിക്കപ്പെടുന്നത്‌ എന്നാണ്‌ പ്രണവത്തിന്റെ അര്‍ത്ഥം. ബ്രഹ്മാവ്‌ ഓംകാരം സൃഷ്ടിച്ചുവെന്ന്‌ ഗോപഥ ബ്രാഹ്മണത്തില്‍ സൂചനയുണ്ട്‌. എന്നാല്‍ ബ്രഹ്മാവിനുപോലും ഓംകാരത്തിന്റെ പൊരുള്‍ പൂര്‍ണമായി അറിയില്ലായിരുന്നുവത്രേ. ഭൂതവും, ഭാവിയും, വര്‍ത്തമാനവുമായിട്ടുള്ളതെല്ലാം ഓംകാരമാണ്‌. മൂന്നുകാലത്തേയും അതിക്രമിച്ചിട്ടുള്ളതും ഓംകാരമാണ്‌. ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍ എന്നിവരെയും, മനുഷ്യാത്മാവിന്റെ മൂന്നവസ്ഥകളായ ജാഗ്രത്ത്‌, സ്വപ്നം, സുഷുപ്തി എന്നിവയേയും, മൂന്നുവേദങ്ങളേയും, മൂന്ന്‌ ലോകങ്ങളേയും മൂന്ന്‌ ദിവ്യഗ്നികളേയും വിഷ്ണുവിന്റെ മൂന്ന്‌ കാലടികളെയുമൊക്കെ ഓംകാരം പ്രതിനിധീകരിക്കുന്നു എന്ന്‌ വിശ്വാസമുണ്ട്‌. ജീവാത്മാക്കള്‍ക്ക്‌ പരമാത്മൈക്യം സാധിക്കുവാന്‍ സഹായിക്കുന്ന ശബ്ദപ്രതീകമാണിത്‌. ബ്രഹ്മപ്രാപ്തിക്കുള്ള വിവിധ ഉപാസനകളില്‍ പ്രണവോപാസനമാണ്‌ ഏറ്റവും മുഖ്യം

No comments:

Post a Comment