Tuesday, August 30, 2016

എന്താണ് ഭക്തി...? ആരാണ് യഥാര്‍ത്ഥ ഭക്തന്‍...?

നിത്യജീവിതത്തില്‍ നാമെല്ലാം തന്നെ സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ ''ഭക്തി''. ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്തുകയോ, നെറ്റിയില്‍ ഒരു കുറി തൊടുകയോ, ആചാരാനുഷ്ടാനങ്ങളില്‍ പങ്കെടുക്കുകയോ, സ്ഥിരമായി പ്രാര്‍ത്ഥനകള്‍ നടത്തുകയോ ചെയ്യുന്ന ആരെ കണ്ടാലും ഉടന്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാം; അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു വലിയ ഭക്തന്‍ അല്ലെങ്കില്‍ ഭക്തയാണ് എന്ന്. പക്ഷെ അങ്ങിനെ പറയുന്നത് ശരിയാണോ ? ഇത്തരം കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്ന എല്ലാവരും ഭക്തര്‍ എന്ന വിശേഷണത്തിന് സത്യത്തില്‍ യോഗ്യരാണോ ?

ഒരിക്കലും യോഗ്യരല്ല എന്നാണ് ഉത്തരം. അങ്ങിനെ കാണുന്നവരെയെല്ലാം സൂചിപ്പിക്കുവാന്‍ വളരെയധികം അര്‍ത്ഥവത്തായ വാക്ക് ഉപയോഗിക്കുന്നത് ഒരു കാരണവശാലും ശരിയല്ല. എന്തെന്നാല്‍, പുരാണങ്ങളും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളും നാം വായിക്കുകയാണെങ്കില്‍ ഈശ്വരനെ പൂജിക്കുന്നവരും പ്രത്യക്ഷപ്പെടുത്തുന്നവരുമായ നിരവധി പേരെ നമുക്ക് അറിയുവാന്‍ കഴിയും പക്ഷെ അവരെ എല്ലാവരെയും നാം ഭക്തന്‍ എന്ന് വിശേഷിപ്പിക്കാറില്ല ഉദാഹരണം: രാവണന്‍, ഹിരണ്യകശിപു, ത്രിപുരാസുരന്‍, അന്ധകാസുരന്‍, മുതലായ എല്ലാവരും സ്ഥിരമായി ഈശ്വരപൂജ നിര്‍വ്വഹിച്ചിരുന്നവരും, കഠിന തപസ്സിനാല്‍ ഭഗവാനെ പ്രത്യക്ഷപ്പെടുത്തി ഒരുപാട് വരങ്ങള്‍ നേടിയവരും ആയിരുന്നു. പക്ഷെ ഇവരെയൊന്നും നാം ഭക്ത രാവണന്‍, ഭക്ത കൈടഭന്‍, ഭക്ത വൃതന്‍ മുതലായ പേരുകളില്‍ വിശേഷിപ്പിക്കാറില്ല; അതേ സമയം ഭക്തന്‍ എന്ന പദവി നാം കൊടുക്കുന്ന ചില പുരാണ കഥാപാത്രങ്ങളും ഉണ്ട്. ഉദാഹരണം: ഭക്ത ഹനുമാന്‍, ഭക്ത പ്രഹ്ലാദന്‍, ഭക്ത കുചേലന്‍... എന്നിങ്ങനെ...!

ഇനി മുകളില്‍ പറഞ്ഞ രണ്ടു കൂട്ടരും തമ്മിലുളള വ്യത്യാസം എന്തെന്ന് ശരിക്കും പഠിച്ചാല്‍ നമുക്ക് ഭക്തി എന്തെന്ന് മനസ്സിലാക്കുവാന്‍ എളുപ്പമാണ്. എങ്ങിനെയെന്നാല്‍, വിരക്തി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ ഭക്തി ഉണ്ടാകുന്നത് എന്ന് പറയാം. പക്ഷെ എന്താണ് വിരക്തി ? ഈ ശരീരം നശ്വരമാണ് എന്നും; അതിനാല്‍ നശ്വരമായ ഈ ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ലൌകിക സുഖങ്ങളും വന്നും പോയും ഇരിക്കുന്നവയാണ് എന്നും മനസ്സിലാക്കുമ്പോള്‍ ശരീരത്തിനാല്‍ മാത്രം ലഭിക്കുന്ന സുഖം തേടി ജീവിക്കുന്ന നമ്മുടെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത് ? അതിനാല്‍ സുഖം തേടുന്നു എങ്കില്‍ നിത്യമായ ഒരു വസ്തുവില്‍ ആയിരിക്കണം. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ നമുക്ക് എന്നെന്നും ആശ്രയിക്കുവാന്‍ പാകത്തില്‍ ഒരു മാറ്റവും കൂടാതെ എന്നും ഒരുപോലെ നില നില്‍ക്കുന്ന ആ സത്യം ഏതാണ് ?

ഇങ്ങിനെ ചിന്തിക്കുന്നിടത്താണ് ഒരാളുടെ സത്യാന്വേഷണം ആരംഭിക്കുന്നത്; ഈ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ലക്ഷ്യപ്രാപ്തി ഉണ്ട് എന്ന് അതിനെ സാക്ഷാത്കരിച്ച ഗുരുവര്യന്മാര്‍ നമ്മോടു തെളിവുകള്‍ നിരത്തി പറഞ്ഞു തരുന്നു. ആ ഒരൊറ്റ സത്യത്തെ തന്നെയാണ് നാം ഈശ്വരന്‍, ശിവന്‍, പരമാത്മാവ്‌ മുതലായ വാക്കുകള്‍ കൊണ്ട് സൂചിപ്പിക്കുന്നത്. ഹരിനാമ കീര്‍ത്തനത്തില്‍ ഗുരുവര്യന്‍ എഴുത്തച്ഛന്‍ പറയന്നു ''അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണ് മനമാകുന്ന കണ്ണതിന് കണ്ണായിടുന്ന പൊരുള്‍ താനെന്നുറയ്ക്കുമളവാനന്ദമെന്തു ഹരി നാരായണായ നമ:". ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞ ഒരു വ്യക്തിയെ ജീവിതത്തിലെ ഒരു പ്രാരബ്ദങ്ങളും ഒരിക്കലും ബാധിക്കുകയില്ല. കാരണം ഈ പ്രപഞ്ചത്തിലെ നിയമം അനുസരിച്ച് തന്റെ ഇന്ദ്രിയങ്ങളും മനസ്സും പ്രവര്‍ത്തിക്കുന്നു എന്നും എല്ലാറ്റിനും സാക്ഷിയായ ആ പരമാത്മാവിനെ സക്ഷാത്കരിക്കുകയാണ് തന്റെ പരമമായ ലക്‌ഷ്യം എന്നും; ഒപ്പം ക്ഷണികവും സ്വപ്ന സദൃശവുമായ ഈ ജീവിതം ഈശ്വരാര്‍പ്പണമായി ജീവിച്ചു തീര്‍ക്കണം എന്നും അവന്‍ മനസിലാക്കുന്നു. അങ്ങിനെ മനസ്സിലാക്കി ജീവിക്കുന്ന ഒരാളാണ് യഥാര്‍ത്ഥ ഭക്തന്‍.; ഈശ്വരനോട് ആവശ്യപ്പെടുവാന്‍ അവന് ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. അവന്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും അവന്റെ എല്ലാ ആവശ്യവും ഭഗവാന്‍ തന്റെ സ്വന്തം ആവശ്യമായി കണ്ട് സാധിച്ചു കൊടുക്കുന്നു എന്നത് നമുക്ക് ഭക്തന്മാരുടെ പുരാണ കഥകള്‍ വായിച്ചാല്‍ മനസ്സിലാവുന്നതാണ്. ചില ഉദാഹരങ്ങള്‍ പറയാം:

ഈശ്വരാര്‍പ്പണമായി കര്‍മ്മം ചെയ്യുന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഭക്ത ഹനുമാന്‍. അദ്ധേഹത്തെപ്പോലെ കര്‍മ്മം അനുഷ്ടിക്കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ? എന്തെങ്കിലും ഒരു ഫലം ആഗ്രഹിച്ചുകൊണ്ടാണോ ഹനുമാന്‍ ചിന്തിക്കുവാന്‍ പോലും അസാധ്യമായ കര്‍മങ്ങള്‍ അനുഷ്ടിച്ചത് ? അപ്രകാരം തന്നെ പ്രഹ്ലാദന്‍. സ്വന്തം പിതാവ് തന്നെ വധിച്ചു കളയുവാന്‍ വേണ്ടി ചെയ്യുന്ന ദുഷ്ക്കര്മങ്ങള്‍ എന്തെന്ന് പോലും അറിയാതെ ഭഗവാനില്‍ സര്‍വ്വവും അര്‍പ്പിച്ച് എല്ലാം ഭഗവാന്റെ ലീലകള്‍ ആയി കണ്ടു കൊണ്ട് എല്ലാ ആപത്തുകളെയും നേരിടുന്നു; ഒരു തലനാരിഴയ്ക്ക് പോലും പോറല്‍ പറ്റാതെ ഭഗവാന്‍ തന്റെ ഭക്തനെ എല്ലാ ആപത്തുകളില്‍ നിന്നും മോചിപ്പിക്കുന്നു. സ്വകര്‍മ്മ ഫലമായി ലഭിച്ച ദാരിദ്ര്യം സഹിക്ക വയ്യാതെ ഭഗവാനെ കാണുവാന്‍ പുറപ്പെടുന്ന കുചേലന്‍ ആണ് അടുത്ത ഉദാഹരണം. അവിടെ ഭഗവദ് ഭക്തിയില്‍ എല്ലാം മറന്നു ഭഗവാന്റെ സ്നേഹോപചാരങ്ങള്‍ ഏറ്റു വാങ്ങി; പോയ കാര്യം പോലും മറന്നു പാവം തിരിച്ചു പോരുന്നു. പക്ഷെ അര്‍ഹിച്ചതിലും കൂടുതല്‍ നല്‍കി ഭഗവാന്‍ തന്റെ ഭക്തനെ അനുഗ്രഹിക്കുന്നു. എന്തെങ്കിലും ചോദിച്ചിട്ടാണോ ഭഗവാന്‍ മുകളില്‍ പറഞ്ഞ ഭക്തന്മാരെ അനുഗ്രഹിച്ചത് ? ഒരിക്കലുമല്ല. ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ ചെയ്യുന്നവന് ലോകത്തില്‍ മറ്റുള്ളവര്‍ അതിശയിക്കുന്ന രീതിയില്‍ കര്‍മ്മം ചെയ്യുവാനുള്ള ശക്തി നല്‍കി ഭഗവാന്‍ എന്നും തന്റെ ഭക്തന്മാരെ കാത്തു രക്ഷിക്കുന്നു.

ഭക്തി എന്താണെന്ന് മനസ്സിലായി എങ്കില്‍; സ്വയം ഭക്തന്‍ എന്ന ഒരു പദത്തിന് നാം യോഗ്യരാണോ എന്ന് സ്വയം ചിന്തിക്കുക. ലക്‌ഷ്യം സ്വര്‍ഗ്ഗപ്രാപ്തിയോ, ധനമോ, മോക്ഷമോ, എന്തുമാകട്ടെ, സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ഈശ്വരനെ വിളിക്കുന്നവന്‍ ഭക്തനല്ല മറിച്ച് ആസക്തന്‍ ആണെന്നറിയുക. ഇന്ന് ക്ഷേത്രങ്ങളില്‍ കാണുന്നവരില്‍ അധികവും ഇങ്ങനെ ആസക്തി എന്ന രോഗം മനോരോഗം ബാധിച്ചവര്‍ ആണ് എന്നതാണ് സത്യം. അതിനാല്‍ ക്ഷണികമായ ഫലങ്ങള്‍ മാത്രം നല്‍കുന്ന ആസക്തിയെ കൈവിട്ടു ഭക്തിയെ സ്വീകരിക്കുക. എലാ ഐശ്വര്യങ്ങളും തനിയെ വന്നു ചേരുന്നത് കാണാം.

ഇത് കൂടാതെ ചിലര്‍ പ്രയോഗിക്കുന്ന ഒരു വാക്കാണ്‌ ''ഈശ്വരവിശ്വാസം അഥവാ ഈശ്വരവിശ്വാസി''. അതുമായി സനാതന ധര്‍മ്മത്തിന് ഒരു ബന്ധവുമില്ല. സ്വന്തമായി ഒരു അറിവും ബുദ്ധിയും ഇല്ലാത്ത മനുഷ്യരുടെ സങ്കല്‍പ്പിക അഭയ കേന്ദ്രം മാത്രമാണ് വിശ്വാസം. ഒരു വിശ്വസി ഒരിക്കലും സത്യത്തില്‍ എത്തിച്ചേരുന്നതല്ല. കാരണം വിശ്വാസം എല്ലാം അന്ധവിശ്വാസം തന്നെയാണ്. പതിനെട്ടു പുരാണങ്ങളിലും നാല് വേദങ്ങളിലും ഇതിഹാസങ്ങളിലും ഭഗവദ് ഗീതയിലും "വിശ്വാസം'' എന്നോ "വിശ്വസിക്കണം'' എന്നോ ഒരു വാക്ക് പോലും കാണിച്ചു തരുവാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. ഹൈന്ദവ ധര്‍മ്മം അനുസരിച്ച് ഈശ്വരന്‍ വിശ്വസിക്കുവാന്‍ ഉള്ളതല്ല, നേരിട്ട് അനുഭവിച്ച് അറിയുവാന്‍ ഉള്ളതാണ്. അങ്ങിനെ അറിയുക എന്നതാണ് ഓരോ ജീവന്റെയും പരമമായ ലക്‌ഷ്യം. ആ ലക്‌ഷ്യം സാധിക്കും വരെ ജനന മരണ ചക്രങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും, അതാണ്‌ പ്രകൃതി നിയമം.

No comments:

Post a Comment