Thursday, September 8, 2016

ഗര്‍ഗ്ഗഭാഗവതസുധ – ലീലാസരോവരാദി തീര്‍ത്ഥ മാഹാത്മ്യം

ഉദാത്ത നിലയിലുള്ള ഒരാസ്വാദന പ്രഥ്വിയാണിവിടെ നടക്കേണ്ടത്. തീര്‍ത്ഥഘട്ടങ്ങളെപ്പറ്റിയുള്ള വിവരണത്തില്‍ ബാഹ്യാര്‍ത്ഥം മാത്രമാണ് എളുപ്പത്തില്‍ സ്പഷ്ടമാകുന്നത് സൂക്ഷ്മതലത്തില്‍, അതിന്, താത്വികമായ അര്‍ത്ഥമാണുള്ളത്. ദ്വാരക, മാഹാത്മ്യം, പറയുന്ന ആദ്യഭാഗത്തില്‍ തന്നെ അത് സൂചിതമായിട്ടുമുണ്ട്. ‘ത്രീഷു ലോകേഷു വിഖ്യാതാ/ ധന്യാ വൈ ദ്വാരകാപുരി’ എന്ന്, ദ്വാരക ത്രിലോകപ്രസിദ്ധിനേടാനുള്ള ഒരു കാരണം അതിലെ ശ്രേഷ്ഠതീര്‍ത്ഥങ്ങളാണ്. അക്കൂട്ടത്തില്‍ പ്രധാനം ലീലാസരോവരമാണ്. ഈ സരസ്സ്, രാജകൊട്ടാരങ്ങളോടു ചേര്‍ന്നു കാണുന്ന സാധാരണമായ ഒന്നല്ല! അതില്‍ സ്‌നാനം ചെയ്താല്‍, ‘കോടി ജന്മൈ കൃതൈ പാപൈഃ / മുച്യതേ നാfത്ര സംശയഃ’ ജന്മാന്തര പാപങ്ങള്‍പോലും നശിച്ചു പോകത്തക്കവിധം പുണ്യകരമാണത്.

ഒരാളുടെ പാപം നശിച്ചു എന്നു പറഞ്ഞാല്‍ മനസ്സുനന്നായി എന്നല്ലേ അര്‍ത്ഥം? പാപവാസന നീങ്ങി പുണ്യതലം മനസ്സിനുണ്ടായി എന്ന്? മനസ്സു തെളിഞ്ഞ് ഉദാത്തതയെ പ്രാപിക്കുന്നത് ജ്ഞാനലബ്ധിയോടെയാണ്. ലീലാസരോവരം ജ്ഞാനകുണ്ഡമാണ്. പാപം നശിച്ച് മുക്താത്മാവ് നേരേ ഗോലോകത്തു പോകുമെന്നാണ് ഫലശ്രുതി. പ്രഭാതത്തില്‍ സൂചിപ്പിച്ച തൈത്തിരീയ വാക്യം ഇവിടെ പ്രസക്തമാകുന്നു. ‘ബ്രഹ്മവിദാപ്‌നോതി പരം’ എന്നത്. ലീലാസരോവരത്തില്‍ മുങ്ങുന്ന വ്യക്തിയും മുക്തപാപനായി ഗോലോകത്തെ പ്രാപിക്കുന്നു. ജ്ഞാനാര്‍ജ്ജനത്തിലൂടെ സ്വതന്ത്രനാകുന്ന മുമുക്ഷുവിനെയാണ് ഈ കഥ വെളിവാക്കുന്നത്. ‘ദിദ്യതേ ഹൃദയഗ്രന്ഥിഃ/ ഛിദ്യന്തേ സര്‍വ്വ സംശയാഃ / ക്ഷീയന്തേ സര്‍വ്വകര്‍മ്മാണി / തസ്മിന്‍ ദൃഷ്ടേ പരാവരേ’ (മുണ്ഡ.ഉ. 2-41) ജ്ഞാന തീര്‍ത്ഥത്തില്‍ മുങ്ങി നിര്‍മ്മലനാകുന്ന വ്യക്തിപരമാത്മതത്ത്വമറിഞ്ഞ് ഹൃദയഗ്രന്ഥി പൊട്ടിത്തകര്‍ന്ന് സംശയങ്ങളെല്ലാം അസ്തമിച്ച് എല്ലാ പൂര്‍വ്വകര്‍മ്മങ്ങളും പരിത്യജിച്ച് ശുദ്ധസ്വയം ജ്യോതിസ്സായി മാറ്റുന്നു.

എല്ലാ തീര്‍ത്ഥഘട്ടങ്ങളുടേയും പൊരുളിതാണ്. പുണ്യസ്ഥാനങ്ങളിലെ തീര്‍ത്ഥഘട്ടങ്ങളാണെങ്കില്‍ പറയുന്നില്ല. ശ്രീകൃഷ്ണ ഭഗവാനും ശ്രീബലരാമനും കൂടി സംഗമിച്ചാലോ? സ്ഥലം, ജനം, സമയം എല്ലാം പവിത്രമാകുന്ന അപൂര്‍വ്വതകള്‍ ഒരുമിച്ച പുണ്യം! അങ്ങനെയുള്ളപുണ്യസ്ഥലങ്ങള്‍ ആരെയാണ് / ഏതിനെയാണ് പവിത്രമാക്കാത്തത്?

ശ്രീകൃഷ്ണ ഭഗവാന്‍, തന്റെ ആയിരത്തി ഒരുനൂറ്റിയെട്ട് ഭാര്യമാര്‍ക്കും രമ്യഹര്‍മ്യങ്ങള്‍ പണിതു. അവയ്ക്കു മുന്നില്‍ ജ്ഞാനതീര്‍ത്ഥമെന്ന്. അതിന്നു പറഞ്ഞിരിക്കുന്ന ഫലശ്രൂതി, തീര്‍ത്ഥമാഹാത്മ്യമുല്‍ഘോഷണം ചെയ്യുന്നു! ജ്ഞാനതീര്‍ത്ഥം സ്പര്‍ശിയാല്‍ മാത്രംമതി ആ പുണ്യവാന്. ‘ജ്ഞാനവൈരാഗ്യയുക്തമായ ഭക്തി ലഭിക്കുമത്രേ! അതുണ്ടായാലേ ഭക്തി പുഷ്ടിപ്പെടുകയുള്ളൂ! മഹാഭാഗവതമാഹാത്മ്യകഥയില്‍ അത്തരമൊരു സൂചനയുണ്ട്. ഭക്തിയാകുന്ന മാതാവിന്റെ ദൂര്‍ബ്ബലരും വൃദ്ധരുമായ മക്കള്‍, ജ്ഞാനവൈരാഗ്യങ്ങള്‍, അനങ്ങാന്‍പോലുമാകാതെ തളര്‍ന്നു കിടന്നതായും നാരദനിര്‍ദ്ദേശമനുസരിച്ച് സപ്താഹശ്രവണത്തിലൂടെ ശക്തി സംഭരിച്ച് ഉയിര്‍ത്തെഴുന്നേറ്റതായുമുള്ള കഥ! ആ സത്യം തന്നെയാണ്, ജ്ഞാനതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് വൈരാഗ്യസഹിത ഭക്തിലഭിക്കുമെന്നു പറഞ്ഞതിന്റേയും സാരം ജ്ഞാന തീര്‍ത്ഥത്തിന്റെ ചുറ്റും താമസിക്കുന്നവരോ? സാക്ഷാല്‍ ശ്രീകൃഷ്ണപത്‌നിമാര്‍! ഭഗവാനും ഭക്തരുമെന്നതിനു പകരമാണ് ഭഗവാനും പത്‌നിമാരും എന്ന പരാമര്‍ശം! ഭക്തന്മാരുടേയും ഭഗവാന്റേയും സാമീപ്യം വിവേകജ്ഞാനം വളര്‍ത്താതിരിക്കില്ല. ഈശ്വരന്‍, ഭക്തി, ഭക്തന്‍, ജ്ഞാനം ഈ സമാനതകള്‍ ഈശ്വര പ്രാപ്തിയുണ്ടാകുന്ന പരിവര്‍ത്തന ഘടകങ്ങളാണ്. ശ്രീകൃഷ്ണ പത്‌നിമാരുടെ ഗൃഹങ്ങള്‍ക്കു സമീപത്തില്‍ ജ്ഞാനതീര്‍ത്ഥം സ്ഥിതിചെയ്യുന്നു എന്നതിന്റെ അകപ്പൊരുള്‍ വ്യക്തമാണല്ലോ?

ഇനി കൃഷ്ണകുണ്ഡം, ബലഭദ്രതീര്‍ത്ഥം, ദാനതീര്‍ത്ഥം എന്നിവയെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ഭഗവന്മന്ദിരത്തിന്റെ മുന്നിലാണ് കൃഷ്ണകുണ്ഡം! അവിടെ സ്‌നാനം ചെയ്യുന്നവന്‍ സര്‍വ്വപാപവിമുക്തനാകും! ആ തീര്‍ത്ഥം ഭഗവത്തേജസ്സില്‍ നിന്നുല്പന്നമായതാണ്. കൃഷ്ണകുണ്ഡത്തെ ശ്രീകൃഷ്ണ ഭഗവാന്‍ സ്വയം’ എന്നുവേണം കരുതാന്‍! കൃഷ്ണകുണ്ഡസ്‌നാതന് ലബ്ധമാകുന്ന സര്‍വ്വപാപവിമുക്തി, ഭഗവദ്ദര്‍ശന സായൂജ്യമാണ്. ബലഭദ്രതീര്‍ത്ഥസ്‌നാനഫലവും അതു തന്നെ. രാമകൃഷ്ണന്മാര്‍ പരബ്രഹ്മ സ്വരൂപങ്ങള്‍! ദാനതീര്‍ത്ഥമാണ് പിന്നത്തേത്. ഈ തീര്‍ത്ഥക്കരയില്‍ വച്ച് സ്വര്‍ണ്ണം ദാനം ചെയ്യുന്നയാള്‍ക്ക് ആയിരം അശ്വമേധവും നൂറ് രാജസൂയവും നടത്തിയാലുണ്ടാകുന്നതിനേക്കാള്‍ പുണ്യം ലഭിക്കും! ആ ദാനമഹിമ കണക്കാക്കാന്‍ ചിത്രഗുപ്തനോ ബ്രഹ്മാവിനോ കഴിയുകയില്ല. ഈ അമേയമൂല്യമാര്‍ന്ന ദാനം വിദ്യാദാനമല്ലാതെ മറ്റൊന്നല്ല. അദ്ധ്യാത്മയാത്ര നടത്തി നിരന്തരയത്‌നത്തിലൂടെ ബ്രഹ്മപദപ്രാപ്തനായ ആചാര്യന്‍ ആര്‍ജ്ജിത ജ്ഞാനത്തെ ജിജ്ഞാസുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് ദാനം ചെയ്യുന്നു! തീര്‍ത്ഥാടനം എന്ന അദ്ധ്യാത്മയാത്രയുടെ സാഫല്യമാണത്! പരമഫലം.

ലീലാസരോവരം, കൃഷ്ണകുണ്ഡം, ജ്ഞാനതീര്‍ത്ഥം, ദാനതീര്‍ത്ഥം ഇവയുടെ ഫലങ്ങള്‍ ചേര്‍ത്തുവച്ച് ചിന്തിക്കാം. ലീലാസരോവര – ജ്ഞാനതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്താല്‍ ജ്ഞാനലബ്ധിയാകുന്നു ഫലം! സ്‌നാതന്‍ ശുദ്ധമാനസനായി കൃഷ്ണകുണ്ഡം, ബലഭദ്രതീര്‍ത്ഥം എന്നിവിടങ്ങളിലെത്തിച്ചേരുന്നു. മനോബുദ്ധ്യാദികള്‍ തെളിഞ്ഞ ആ പുണ്യാത്മാവ് ഭഗവദ്ദര്‍ശനം നേടുന്നു എന്നു സാരം! ജ്ഞാനലബ്ദ്ധിയാല്‍ ബ്രഹ്മത്തെ അറിഞ്ഞ് അമൃതാനന്ദമനുഭവിക്കുന്നു. അനന്തരം ആര്‍ജ്ജിതജ്ഞാനിയും തത്ത്വദര്‍ശിതനുമായ വ്യക്തി. പരമാചാര്യന്‍, ലോക സംഗ്രഹാര്‍ത്ഥം ഉത്തമശിഷ്യന്മാര്‍ക്ക് വിദ്യോപദേശം ചെയ്യുന്നു. അതിലൂടെ അമേയപുണ്യം നേടുന്നു! അതിന്റെ മഹിമയെ ആര്‍ക്കും അളക്കാനാവില്ല! പരവിദ്യ നേടാനുള്ള യത്‌നവും നേടിയ ജ്ഞാനം സമൂഹനന്മയ്ക്കായി ദാനം ചെയ്താര്‍ജ്ജിക്കുന്ന പുണ്യവുമാണ് തീര്‍ത്ഥാടനങ്ങളുടെയെല്ലാം അകപ്പൊരുള്‍!

No comments:

Post a Comment