Thursday, September 22, 2016

ശബരിമല ധര്മ്മ ശാസ്താ ക്ഷേത്രം

ലോകവീരം മഹാപൂജ്യം സർവ രക്ഷാകരം വിഭോപാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹംസ്വാമിയേ ശരണമയ്യപ്പാ..................
ഇന്ത്യയിലെ അതി പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ധർമ്മ ശാസ്താ ക്ഷേത്രം കേരളത്തിൽ പത്തനം തിട്ട ജില്ലയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ നിബിഡ വനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് മണിമല, എരുമേലി,മുക്കൂട്ടുതറ, കണ്ണമല, പമ്പ വഴി ശബരി മലയിൽ എത്തുവാൻ നൂറ് കിലോ മീറ്ററാണ് ദൂരം. ഇതിൽ എരുമേലി, മുക്കൂട്ടുതറ, കണ്ണമല, പമ്പ പാത ദൂരം കുറവുള്ളതും, ഗതാഗതം കൂടുതലുള്ളതും, അപകടങ്ങൾക്ക് സാധ്യതയുള്ളതുമായ പുതിയ പാതയാണ്. എരുമേലിയിൽ നിന്ന് വെച്ചൂച്ചിറ, അത്തിക്കയം, പെരുനാട്‌, ളാഹ വഴി പമ്പയ്ക്കുള്ള പഴയ പാത വഴി പോയാൽ ഇരുപത് കിലോ മീറ്റർ ദൂരംകൂടുതൽ താണ്ടണം. എരുമേലി ദർശനം ഒഴിവാക്കുകയാണെങ്കിൽ തെക്കൻ കേരളത്തിൽ നിന്ന് വരുന്നവർ പന്തളത്ത് നിന്ന് എണ്പത് കിലോ മീറ്റർ ദൂരം താണ്ടിയാൽ ശബരി മലയിൽ എത്തും. ഉത്തര കേരളത്തിൽ നിന്നും, തമിഴ് നാടിന്റെ വടക്ക്‌ ഭാഗത്ത് നിന്നും, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ദേശീയ പാത 47 വഴി അങ്കമാലിയിൽ വന്നു, അവിടെ നിന്ന് എം സീ റോഡ്‌ വഴി കൂത്താട്ടുകുളത്ത് എത്തി, അവിടെ നിന്ന് പാല, കഞ്ഞിരപ്പള്ളി വഴി എരുമേലിയിൽ എത്തുന്നതാണ് എളുപ്പ വഴി (അങ്കമാലിയിൽ നിന്ന് പമ്പ വരെ 160 കിലോ മീറ്റർ). കുമളിയിൽ നിന്ന് പുൽ മേട് താണ്ടി അമ്പത് കിലോ മീറ്റർ ദൂരം സഞ്ചരിച്ചും ശബരി മലയിൽ എത്താം. 2011 ജനുവരി 14ന് പുൽ മേടിൽ നിന്ന് മകര ജ്യോതി കണ്ടിറങ്ങിയ അയ്യപ്പന്മാരിൽ നൂറോളം പേർ തിക്കിലും തിരക്കിലുപ്പെട്ട് മരണമടഞ്ഞതോടെ പുൽമേട്‌ വഴി സഞ്ചാരം തൽക്കാലം നിയന്ത്രിച്ചിരിക്കുകയാണ്. പകരം പുൽ മേടിന് സമാന്തരമായുള്ള കുമളി, വണ്ടി പെരിയാർ, പരുന്തു പറ വഴി ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.ദക്ഷിണേന്ത്യയിൽതീർത്ഥാടക സന്ദർശനത്തിൽ തിരുപ്പതിയും പഴനിയും ഗുരുവായൂരും കഴിഞ്ഞ് നാലാം സ്ഥാനമാണ് ശബരി മലയ്ക്കെങ്കിലുംചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്നത് ശബരി മലയിലാണ്. മറ്റു ക്ഷേത്രങ്ങളിൽ വർഷത്തിൽ എല്ലാ ദിവസവും തീർത്ഥാടകർ എത്തുമെങ്കിൽ ശബരി മലയിൽ സാധാരണയായി തീർത്ഥാടകർ എത്തുന്നത് നവംബർ ഡിസംബർ ജനുവരി മാസങ്ങളിലായാണ്.മലയാള മാസം വൃശ്ചികം ഒന്നു മുതൽ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടർന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരി മലയിലെ തീർത്ഥാടന കാലയളവ്. ഇതിനു പുറമേ എല്ലാ മലയാള മാസങ്ങളിലേയും ആദ്യത്തെ അഞ്ചു ദിവസങ്ങളിലും സന്ദർശനം അനുവദിക്കുന്നു.ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാൽ അഞ്ചു ദിവസംനടയടച്ച ശേഷമാണ് സംക്രമ പൂജയ്ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാൽ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീർത്ഥാടകർ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാൽ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികൾ ദർശന പുണ്യം നേടാനായി ശബരി മലയിലെത്തുന്നത്. ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും 2013 - '14 കാലയളവിൽ ശബരി മലയിൽ എത്തിയിരുന്നു. ശബരി മലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനും അത് വഴി കേരള സർക്കാരിനും 2013 - '14 കാലയളവിൽ ലഭിച്ച വരുമാനം നാനൂറ് കോടിയിൽപ്പരം രൂപയാണ്. തീർത്ഥാടക പ്രവാഹത്താൽ കേരളത്തിന് മൊത്തമായി 2013 - '14 കാലയളവിൽ ലഭിച്ച വരുമാനം മൂവായിരം കോടി രൂപയിൽ അധികം വരും.കടൽ നിരപ്പിൽ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റർ ഉയരത്തിലാണ് ശബരി മല ക്ഷേത്രത്തിന്റെസ്ഥാനം. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധർമ്മ ശാസ്താ പ്രതിഷ്ഠ അതിനാൽ ഋതു മതി പ്രായ ഗണത്തിലുള്ള (പത്ത് മുതൽ അമ്പത്തഞ്ച് വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. ശബരി മലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഈ മലകളിൽ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോ ഇന്നും കാണാം. മഹിഷി വധത്തിന് ശേഷം അയ്യപ്പൻ ധ്യാനത്തിലിരുന്നത് ശബരി മലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള പതിനെട്ട് മലകളിലെ പതിനെട്ട് മല ദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പനെന്നും ഇത്സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലുള്ള പതിനെട്ട് പടികളെന്നും വിശ്വാസമുണ്ട്.ശബരി മല ഹൈന്ദവവൽക്കരിക്കപ്പെട്ട ബുദ്ധ വിഹാരമാണെന്ന് ചിലർക്ക്അഭിപ്രായമുണ്ട്.ബുദ്ധ മതം കേരളത്തിൽ പ്രചരിക്കുന്നതിനു വളരെ മുമ്പ് തന്നെ ശബരി മലയിൽ ക്ഷേത്രം ഉണ്ടായിരുന്നെന്നും ചാത്തനെന്ന ശാസ്താവ് പ്രാചീന ദ്രാവിഡ സംസ്കൃതി മുതൽ പൂജിക്കപ്പെടുന്ന ദേവതയാണന്നും അവർ മറക്കുന്നു. സ്വദേശിയവും വൈദേശികവുമായ മതങ്ങളും സംസ്ക്കാരങ്ങളുംഭാരതത്തിൽ പല കാലഘട്ടത്തിലായിഉടലെടുക്കുകയും വരികയും വളരുകയും ചെയ്തു. വൈദേശികമാണെങ്കിലും ഏറെ കുറെ സ്വദേശിവൽക്കരിക്കപ്പെട്ട ദ്രാവിഡ സംസ്ക്കാരമാണ് ദക്ഷിണേന്ത്യയിൽപ്രചരിച്ചത്. ആര്യാവർത്തം എന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്വദേശിവൽക്കരിക്കപ്പെട്ട ആര്യ സംസ്ക്കാരവും. ദ്രാവിഡരുടെ മൂല ഭാഷ തമിഴും ആര്യന്മാരുടെത് സംസ്കൃതവും. ദ്രാവിഡരുടെ മൂല ദൈവം ചാത്തൻ തന്നെ കൂട്ടിന് കാളിയും. ശബരി മല ഉൾപ്പടെ കേരളത്തിലെ കാളി കാവുകളും, ശാസ്താ ക്ഷേത്രങ്ങളും ആദി ദ്രാവിഡ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. .ആര്യന്മാർ ദ്രാവിഡരെ തോൽപ്പിച്ച കഥയാണല്ലോ രാമായണം. മാത്രമല്ല രാമൻ സീതാന്വേഷണ മാർഗ്ഗേ ദ്രാവിഡ സന്യാസിനിയായ ശബരിയെ സന്ദർശിച്ചുവെന്നും രാമായണത്തിൽ പറയുന്നു. ശേഷം ആര്യ ദ്രാവിഡ സങ്കലനം ഉണ്ടാവുകയും പിന്നെ അതിനേക്കാൾ വലിയ വിപത്തായ മതങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭാരത ദേശത്ത്‌ ഉളവായ പ്രധാന മതങ്ങളാണ് വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവരും ശിവനെ ആരാധിക്കുന്ന ശൈവരും ഗണപതി ആരാധകരായ ഗാണപത്യരും, ദേവി ആരാധകരായ ശാക്തെയരും. വൈഷ്ണവ മതത്തിന്റെ പ്രചുര പ്രചാരത്തിൽ പിടിച്ചു നില്ക്കാനാകാതെ തമ്മിൽ ഐക്യ രൂപമുണ്ടായിരുന്ന ശൈവ മതവും ശാക്തേയ മതവും ഗാണപത്യ മതവും ഒന്നായി. പിന്നീട് വൈഷ്ണവരുടേയും ശൈവരുടേയും രണ ഭൂമിയായി തീർന്നു ഇവിടം. 3500 വർഷങ്ങൾക്ക് മുമ്പ് ജൈന ബുദ്ധ മതങ്ങളുടെ വരവായി ജൈന മതം മുളയിലെ നശിച്ചു എങ്കിലും ബുദ്ധ മതം പ്രചുര പ്രചാരം നേടി ഭാരതം കടന്നു ദക്ഷിണേഷ്യ മുഴുവനും വ്യാപിച്ചു. സ്വാഭാവികമായും ബുദ്ധ മതം ദ്രാവിഡ ദേശത്തും വ്യാപിച്ചു തത്ഫലമായി ക്ഷേത്രങ്ങളും കാവുകളും ബുദ്ധ മത വിഹാരങ്ങളായി, ഉദാഹരണം കൊടുങ്ങല്ലൂർ ചേർത്തല ശബരിമല. അങ്ങിനെ ചാത്തനായ അയ്യൻ ബുദ്ധനായി. 2800 വർഷങ്ങൾക്കു മുമ്പ് കാലടി മണ്ണിൽ ജനിച്ച ആദി ശങ്കരൻ 30 വയസിനുള്ളിൽ ഭാരതം മുഴുവനും തന്റെ പ്രഭ പരത്തി ബുദ്ധ ജൈന ഭിക്ഷുക്കളെ വാദിച്ചു തോൽപ്പിച്ച് സർവജ്ഞ പീഠം കയറി ശങ്കരാചാര്യരായി. ശങ്കരൻ വൈഷ്ണവരും ശൈവരും രണ്ടല്ല ഒന്ന് തന്നെയാണെന്ന് സ്ഥാപിച്ചു (അദ്വൈതം), അങ്ങിനെ ശൈവ വൈഷ്ണവ ഐക്യമുണ്ടാക്കി.എല്ലാ വിഹാരങ്ങളും തിരിച്ചു ക്ഷേത്രങ്ങളാക്കി. ഇനിയും ഒരു കലഹം ഒഴിവാക്കാനായി ചാത്തനായ ശാസ്താവിനെ വിഷ്ണു ശിവ പുത്രനാക്കി.പാലി ഭാഷയിൽ (ബുദ്ധ മത) ശ്രേഷ്ഠൻ എന്ന അർഥം വരുന്ന അജ്ജ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ് അയ്യൻ, സംസ്കൃതത്തിൽ ആര്യനെന്ന പദവും സമാനാർത്ഥമാണ് തരുന്നത്, ഇതാണ് ദ്രാവിഡീകരിച്ച്അയ്യനും അയ്യപ്പനും ആയത്. അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളത് ആണെന്നും പറയപ്പെടുന്നു. പഞ്ച ഭൂതങ്ങളുടെ നാഥൻ എന്നർത്ഥം വരുന്ന അയ്യ് (അഞ്ച്) അപ്പനാണ് അയ്യപ്പൻ ആയതെന്നും കേൾക്കുന്നുണ്ട്.ഇനി ശാസ്താവതാരത്തെ കുറിച്ച് സാധാരണയായി കേൾക്കുന്ന ഐതീഹ്യം ചുരുക്കത്തിൽ വിവരിക്കാം. ശിവ സംഭൂതയായ മഹാ കാളി മഹിഷാസുരനെ വധിച്ചതിനു പ്രതികാരമായി സഹോദരി മഹിഷി തപസ്സ് ചെയ്തു ശിവ വിഷ്ണു സംയോജനത്തിൽ ജനിക്കുകയും മനുഷ്യ പുത്രനായി ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ തന്നെ വധിക്കുവാൻ കഴിയൂ എന്ന് വരം വാങ്ങി. മഹിഷി വര ലബ്ദിയിൽ അഹങ്കരിച്ച്‌ തൃലോകങ്ങളെ നശിപ്പിച്ചുകൊണ്ട് നടന്നു. നിവൃത്തിയില്ലാതെ വിഷ്ണു മോഹിനി വേഷം ധരിച്ചു ശിവ സംയോഗത്തിലൂടെ ശാസ്താവിന് ജന്മം നൽകി. മനുഷ്യ പുത്രനായി ജീവിക്കുവാൻ വേണ്ടി കുഞ്ഞിനെ കഴുത്തിൽ ഒരു മണിയും കെട്ടി പമ്പാ തീരത്ത് കിടത്തി. കുട്ടികളില്ലാതെവിഷമിച്ചിരുന്ന പന്തളം രാജാവ്നായാട്ടിനായി വനത്തിൽ എത്തിയപ്പോൾ പമ്പാ തീരത്ത് വച്ച് കഴുത്തിൽമണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കണ്ടെത്തി. കഴുത്തിൽ മണി ഉണ്ടായിരുന്നത് കൊണ്ട് മണികണ്ഠൻ എന്നു പേരിട്ട് കൊട്ടാരത്തിലേക്ക് കൊണ്ടു പോയി മകനായി വളർത്തി. അധികം താമസിയാതെരാജാവിന്‌ ഒരു മകൻ ജനിച്ചു. ആയോധന കലയിലും വിദ്യയിലും നിപുണനായ മണികണ്ഠനെ യുവ രാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ മന്ത്രി ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു, ഇതിനായി രാജ്ഞിയെ വശത്താക്കുകയും,അവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും കൊട്ടാര വൈദ്യൻ പുലി പാൽ മരുന്നായി നിശ്ചയിക്കുകയുംചെയ്തു. പുലിപ്പാൽ കൊണ്ടു വരാനും മഹിഷിയെയും വധിക്കാനുമായി മണികണ്ഠൻ വനത്തിൽ എത്തി. മഹിഷിയെ വധിച്ച്‌ പുലിമേലേറി, പുലിപ്പാലുമായി മണികണ്ഠൻ വിജയശ്രീലാളിതനായി മടങ്ങി എത്തി. തുടർന്ന് പന്തളം രാജാവ് ഭരണം ഏറ്റെടുക്കാൻ അഭ്യർത്ഥന നടത്തിയെങ്കിലുംഅവതാര ലക്ഷ്യം പൂർത്തിയാക്കി മണികണ്ഠൻ വനത്തിലേയ്ക്കു പോയി. ദുഖിതനായ രാജാവ്‌ വർഷത്തിൽ ഒരു തവണയെങ്കിലും തന്നെ കാണാൻ വരണമെന്ന് ആവിശ്യപ്പെട്ടു എന്നാൽ ഇനി എന്നെ കാണണം എങ്കിൽ ഞാൻ എയ്യുന്ന ശരം വീഴുന്ന സ്ഥലത്ത് വന്നാൽ മതിയെന്നായി മണികണ്ഠൻ. അമ്പ് വീണ സ്ഥലമായ ശബരി മലയിൽ രാജാവ് ക്ഷേത്രം നിർമ്മിച്ചു. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷം തോറുമുള്ള തീർത്ഥ യാത്രയും. മഹിഷിയെ കുറിച്ച് ഈ സന്ദർഭത്തിൽ എഴുതുന്നത്‌ ഉചിതമാണ്. വിന്ധ്യന്റെ താഴ്‌വരയിൽ ഗാലവനെന്ന മുനി താമസിച്ചിരുന്നു. മുനി പുത്രിയായ ലീലക്ക്‌ പ്രധാന ശിഷ്യനായ ദത്തനോട് അനുരാഗം ജനിച്ചു. ഒറ്റക്കാലില് തപസ്സ് ചെയ്തു കൊണ്ടിരുന്ന ദത്തനോട് എന്നെ പട്ട മഹഷി ആക്കാമോ എന്ന് ലീല. കോപിഷ്ടനായ ദത്തൻ നീ ഒരു മഹിഷി (എരുമ) ആയി പോകട്ടെ എന്ന് ശപിച്ചു. അങ്ങിനെ അടുത്ത ജന്മം ലീല, കരംഭാസുരന്റെ മകളായി മഹിഷീ മുഖത്തോട് ഭൂമിയില് ജനിച്ചു.അയ്യപ്പ ചരിതം കുറച്ചു കൂടി വിപുലികരിച്ചു ചില്ലറ വിത്യാസങ്ങളോടെ പറഞ്ഞു കേൾക്കുന്നത് ഇങ്ങിനെയാണ്. മഹിഷിയെ വധിക്കാൻ ഹരി ഹര സുതനായി ജനിച്ചത്‌ മണികണ്ഠനായ ധർമ്മ ശാസ്താവാണ്‌. വധം കാണാൻ ശിവൻ വന്നു നന്ദിയെ കെട്ടിയ സ്ഥലമാണ് അഴുതയ്ക്ക് അടുത്തുള്ള കാള കെട്ടി. മഹിഷി നിഗ്രഹത്തിനു ശേഷം അന്തർധാനം ചെയ്ത ശാസ്താവിനു പന്തള രാജൻ ശബരി മലയിൽ അമ്പലം പണിതു. രാജ്യത്തിനെന്തെങ്കിലും ആപത്തു വന്നാൽ അവതരിക്കാമെന്നുപന്തള രാജനു മണികണ്ഠൻ വാക്ക് കൊടുത്തിരുന്നുവത്രേ. നൂറ്റാണ്ടുകൾക്ക് ശേഷം ഉദയനനെന്ന കൊള്ളക്കാരൻ മറവ പടയുമായി വന്നു പന്തള രാജ്യം കൊള്ളയടിച്ചു പന്തള രാജകുമാരിയെ തട്ടി കൊണ്ട് പോയി. ശബരി മലയിലുംസമീപ പ്രദേശങ്ങളിലും തലപ്പാറ ഇഞ്ചപ്പാറ തുടങ്ങിയ കോട്ടകൾ കെട്ടിതന്റെ സാമ്രാജ്യമാക്കി. ശബരി മല ക്ഷേത്രം നശിപ്പിച്ച് മേൽ ശാന്തിയെ വധിച്ചു. മേൽ ശാന്തിയുടെ മകനായ ജയന്തൻ, രാജകുമാരിയും രക്ഷിച്ച് വിവാഹം കഴിച്ച് പാണ്ടി രാജനെ അഭയം പ്രാപിച്ചു. അവർക്കുണ്ടായ മകനാണ് ശാസ്താവിന്റെ അവതാരമായ അയ്യപ്പൻ. പ്രായ പൂർത്തിയായ അയ്യപ്പൻ സകല ശാസ്ത്ര പണ്ഡിതനായി പാണ്ടി രാജന്റെ സേനാധിപനായി. താമസ വിന അവതാര പൂർത്തികരണത്തിനായി പന്തളത്ത് വരികയും വാവർ, കടുത്ത, കറുപ്പൻ, കൊച്ചു തൊമ്മൻ തുടങ്ങിയ സഹായികളുമായി ചേർന്ന് ഉദയനനെയും കൂട്ടാളികളെയും വധിച്ച്‌ പന്തളം മോചിതമാക്കി. ലക്ഷ്യ പൂർത്തികരണം നേടി അയ്യപ്പൻ ശബരി മലയിലെ വിഗ്രഹത്തിൽ വിലയം പ്രാപിച്ചു. ഉദയനനെ തോൽപ്പിക്കാൻ പോയപ്പോൾ ഭക്ഷണ സാധനങ്ങളെല്ലാം ഇരു മുടി കെട്ടിയാണ് കൊണ്ടു പോയതത്രേ. ഈ ചരിതമാണ് കുറച്ചു കൂടി വിശ്വസനീയമെന്നുതോന്നുന്നു, കാരണം കുറച്ചൊക്കെ ചരിത്ര പിൻബലമുണ്ട്. അയ്യപ്പൻ എന്ന ചരിത്ര പുരുഷൻ ജീവിച്ചിരുന്നു എന്നത് അവിതർക്കമത്രെ.ശബരി മലയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനംകിളിപ്പാട്ടാണ് ആ കാലയളവിൽ തന്നെ വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള ശ്രീ ഭൂതനാഥ സർ‌വ്വസ്വമെന്ന കൃതിയും എഴുതി. ആ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നപ്രകാരം പന്തളം രാജ വംശം പാണ്ടിനാട്ടിൽ നിന്നും കുടിയേറിയത് ഏഡി 1200 നോട് അടുപ്പിച്ചാണ്. തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ (ബാബർ) പൂർ‌വികർ കുടിയേറിയത് കൃസ്താബ്ദം 1400 നോട് അടുപ്പിച്ചും. മേൽ പറഞ്ഞ വിവരങ്ങൾ ശരിയാണെങ്കിൽ ധർമ്മ ശാസ്താവതാരം നടന്നത് പാണ്ടി ദേശത്ത്‌ ആയിരിക്കാമെന്നും അന്നത്തെ പാണ്ടി രാജ വംശത്തിന്റെ ഒരു താവഴി സഹ്യനിപ്പുറം വന്നു പന്തളം രാജ്യം സ്ഥാപിച്ചു എന്നും കരുതാം. ആ കാലഘട്ടത്തിന് 400 വർഷങ്ങൾക്ക് മുമ്പാണ് മലയാളം സ്വതന്ത്ര ഭാഷയായി കേരളത്തിൽ തനതായസംസ്ക്കാരം രൂപപ്പെട്ടത്. ഭാഷ വിത്യസം ഉണ്ടങ്കിലും സഹ്യനപ്പുറമുള്ളപാണ്ടി രാജ്യത്തിന്റെയും സഹ്യനിപ്പുറമുള്ള പന്തളം രാജ്യത്തിന്റെയും പൊതു കുല ദൈവമായി ശബരി മല ശാസ്താവ്. ശേഷം അയ്യപ്പന്റെയും വാവരുടെയും കഥകൾ സത്യമാകുന്നു. സംശയം ഒന്ന് മാത്രം അയ്യപ്പൻ ബ്രാഹ്മണന് ക്ഷത്രിയ സ്ത്രീയിൽ ജനിച്ചതാണോ അതോ താഴ്ന്ന ജാതിയിലോ. മേൽ പറഞ്ഞ ഗ്രന്ഥങ്ങൾ പ്രകാരം വെള്ളാള കുല ജാതനാണ് അയ്യപ്പൻ. ഈഴവ (തീയ) ജാതിയിലാണ് പിറന്നതെന്നും ഒരു വാദമുണ്ട്. ഉദയനനെന്ന മറവപ്പട തലവനെ നേരിടാൻ പന്തളം രാജാവ് അയ്യപ്പൻ എന്ന ഈഴവ നായകനെ നിയമിച്ചതും. തണ്ണീർ മുക്കത്ത് ഈഴവ കളരി ആശാൻ ആയിരുന്ന ചീരപ്പൻ ചിറ മൂപ്പന്റെ കളരിയിൽ പഠിച്ചതും, മൂപ്പന്റെ മകൾ വിവാഹാഭ്യർഥന നടത്തിയതും നിത്യ ബ്രഹ്മചാരിയായ അയ്യപ്പൻ അത് നിഷേധിച്ചതും ശബരി മലയിൽ മാളികപ്പുറം സ്ഥാനം നൽകിയതും നാടോടി കഥകളിൽ കേൾക്കാം.അയ്യപ്പൻ ബ്രഹ്മചാരിയായിരുന്നോ എന്ന സംശയം ചിലർ ഉന്നയിക്കുന്നുണ്ട്‌. കാരണം തിരുവുള്ള കാവ്‌, മാഞ്ഞൂർ തുടങ്ങിയ കുറെ ക്ഷേത്രങ്ങളിൽ പ്രഭ എന്ന പത്നിയോടും സത്യാകനെന്ന പുത്രനോടും കൂടിയാണ്‌ ധർമ്മ ശാസ്താ പ്രതിഷ്ഠ. അച്ചൻകോവിൽ, ചോറ്റാനിക്കര തുടങ്ങിയ ചില ക്ഷേത്രങ്ങളിൽ പത്നിമാരായ പൂർണ്ണ പുഷ്ക്കല സമേതനായാണ് ശാസ്താ പ്രതിഷ്ഠ. ഇതെല്ലാം ശാസ്താവും അയ്യപ്പനും തമ്മിൽ പരസ്പരം മാറി പോകുന്നത് കൊണ്ടാവാനെ വഴിയുള്ളൂ. ശാസ്താവ് ഗ്രഹസ്ഥാശ്രമിയാണെന്നും അയ്യപ്പൻ നിത്യ ബ്രഹ്മചാരി ആണെന്നും വിശ്വസിക്കുന്നതാണ് ഉചിതം.ശാസ്താവ്, ധർമ്മ ശാസ്ത,ഹരിഹര സുതൻ, മണി കണ്ഠൻ, അയ്യനാർ, ഭൂത നാഥൻ ശബരിഗിരീശ്വരൻ തുടങ്ങിയ ഒട്ടനവധി പേരുകളിലറിയപ്പെടുന്ന അയ്യപ്പനെ കേരളത്തിൽ പല രീതിയിലാണ് ആരാധിക്കുന്നത്.കുളത്തൂപ്പുഴയിൽബാലനാണ്, അച്ഛൻ കോവിലിൽ ആണ്ടവനും, ആര്യങ്കാവിൽ അയ്യനും. ജാതി മത ഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമായ ശബരി മലയിൽ വരുന്നവരെല്ലാം അയ്യപ്പന്മാരും മാളികപ്പുറങ്ങളും. പതിനെട്ടാം പടി കയറി ചെല്ലുമ്പോൾ പ്രവേശന കവാടത്തിനു മുകളിൽ എഴുതിയിരിക്കുന്ന പോലെ തത്വമസി (അത് നീയാകുന്നു). തത് (അത്, ആ പരമ ചൈതന്യം, ഈശ്വരൻ), ത്വം (നിന്റെ ഉള്ളിൽ നീയായിരിക്കുന്നചൈതന്യം തന്നെ), അസി (ആകുന്നു).ഛന്ദോഗ്യ ഉപനിഷത്തിൽ ഉദ്ദാലകൻ മകനായ ശ്വേത കേതുവിനോട് പറഞ്ഞ വാക്കാണ് തത്വമസി. കേതുവിന് സംശയം ഞാൻ എങ്ങനെ പരമാത്മാവാകും, ഉദ്ദാലകൻ ഉടനെ മകനോട് അഗ്നി കൊണ്ട് വരുവാൻ പറഞ്ഞു. ശ്വേത കേതു ഒരുവിളക്ക് കത്തിച്ചു കൊണ്ട് വന്നു, വിളക്കല്ലാ അഗ്നി കൊണ്ടു വരു എന്നായി ഉദ്ദാലകൻ. ശ്വേത കേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട്ചെന്നു, അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്, ഉദ്ദാലകന് ദേഷ്യം വന്നു തുടങ്ങി. ശ്വേത കേതുവിന്റെ അടുത്ത വരവ് കനല്ക്കട്ടയും കൊണ്ടായിരുന്നു,അഗ്നി എവിടെ ഉദ്ദാലകൻ ഗർജ്ജിച്ചു. ശ്വേത കേതുവിനു സഹികെട്ടു, അവൻ തിരിച്ച് ചോദിച്ചു എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ. അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം. അഗ്നിക്ക് സ്ഥിതി ചെയ്യാൻ ഒരു ഉപാധി ആവശ്യമാണ്, അതു പോലെ തന്നെ പരമാത്മാവിനു വസിക്കാൻ ഉപാധിയാണ് ശരീരം, അതായത് പരമാത്മാവ് നിന്നിലുമെന്നിലും സര്വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു. അത് തന്നെയല്ലേ ശബരി മലയിലും, ദേവനും ഭക്തന്മാരും തമ്മിൽ വിത്യാസം ഇല്ല എല്ലാവരും ദൈവങ്ങൾ തന്നെ.

No comments:

Post a Comment