ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി. വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്ന് , ഗുരുവിന്റെ അടുത്തെത്തി ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ആയാള്‍ക്ക് ഈശ്വരനോട് ദേഷ്യമായി.
ദേഷ്യത്തില്‍ അവന്‍ ഗുരുവിനോട് പറഞ്ഞു: "ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ച് ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ട്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കു വേണ്ടെതെല്ലാം ലഭിക്കുമെന്ന് !!! ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിന് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതുതന്നെ തെറ്റായിപോയി."
ഗുരു കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അതിനുശേഷം ശിഷ്യനോട് ചോദിച്ചു: ’നിനക്ക് ഞാന്‍ കുറെ ഏറെ രൂപ തരാം. നിന്റെ രണ്ടു കണ്ണുകളും തരാമോ?’
ശിഷ്യന്‍ പറഞ്ഞു: 'കണ്ണു പോയാല്‍ എന്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?’
‘എങ്കില്‍ കണ്ണു വേണ്ട. നിന്റെ നാക്കു തരാമോ?’
‘നാക്കുതന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?’
‘എങ്കില്‍ നിന്റെ കൈകൾ തരാമോ? അതു പറ്റില്ലെങ്കില്‍ കാലുകള്‍ തന്നാലും മതി, ധാരാളം പണം തരാം.’
ഉടന്‍ ശിഷ്യന്റെ മറുപടി വന്നു: ’പണത്തേക്കാള്‍ വിലയുള്ളതാണ് നമുടെ ഒക്കെ ശരീരം. അതു നഷ്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ?’
ശിഷ്യന്റെ മനോഭാവമറിഞ്ഞ് ഗുരു പറഞ്ഞു: ’നിന്റെ ഈ ശരീരം എത്രയോ ലക്ഷംരൂപ വിലയുള്ളതാണ്. ഇതു നിനക്ക് ഈശ്വരന്‍ തന്നത് യാതൊരു പ്രതിഫലവും പറ്റാതെയാണെന്നോര്‍ക്കണം. എന്നിട്ടും നീ ഈശ്വരനെ കുറ്റം പറയുന്നു. ഇത്ര വില കൂടിയ ഈ ശരീരം നിനക്ക് ഈശ്വരന്‍ നല്കിയിരിക്കുന്നത് മടിപിടിച്ചിരിക്കുവാനല്ല ; ശ്രദ്ധാപൂര്‍വം കര്‍മം ചെയ്തു ജീവിക്കാനാണ്.’
ലോകത്തില്‍ പ്രയത്നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയില്ല. പ്രയത്നം ചെയ്യാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക- എന്നത് അലസതയുടെ ലക്ഷണമാണ്.
പ്രയത്നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും. എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്ന് മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും. ആ സമയത്ത് ഈശ്വരന്‍ കൊണ്ടുത്തരട്ടെ എന്നു ചിന്തിച്ച് ക്ഷമയോടെ കാത്തിരിക്കാറില്ല. പലര്‍ക്കും വിശപ്പിന്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണ്.
കര്‍മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയുംകെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുകയില്ല. നമുക്ക് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്‍കിയിരിക്കുന്നത് മടിയന്മാരായിരുന്നു ജീവിതം പാഴാക്കനല്ല. മനുഷ്യ ധര്‍മ്മമനുസരിച്ച് പ്രയത്നിക്കുവാന്‍ തയ്യാറാകണം.
ആഹാരം പാകംചെയ്യാനുള്ള അഗ്നി ഉപയോഗിച്ച് വീടുപോലും തീ കൊളുത്തുകയും ചെയ്യാം. പ്രയത്നിക്കേണ്ട സമയത്ത്, പ്രയത്നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ. യാതൊരു കര്‍മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞ് ഇരിക്കുന്നവര്‍, കിട്ടിയ വിത്ത് പെട്ടിയില്‍ വെച്ച് സൂക്ഷിക്കുന്നതുപോലെയാണ്. വിത്ത് പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. കുറച്ചു കഴിഞ്ഞാൽ അത് ഉപയോഗ ശൂന്യം ആകും
ഭൗതികജീവികള്‍ക്ക് താല്‍ക്കാലിക സുഖം മാത്രമാണ് ലക്ഷ്യം. എന്നാല്‍ വിത്തുവിതച്ച്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയാല്‍ അതു ക്കൊണ്ട് എല്ലാവര്‍ക്കും പ്രയോജനമുണ്ടാകും. വിതച്ച വിത്തില്‍നിന്നുണ്ടായ ഫലം കൊണ്ട് കുടുംബത്തിന്റെയും വിശപ്പടക്കി, വീണ്ടും വിതച്ച് നാട്ടുകാര്‍ക്ക് ആവശ്യമായത് നല്കാന്‍ അയാള്‍ക്കു കഴിയും....
No comments:
Post a Comment