Monday, October 17, 2016

വേദവ്യാസന്‍ (ശ്രീമത് ഭാഗവത മാഹാത്മ്യം)

ചൊല്ലെഴും ഗണെശനും വാണിയും മുകുന്ദനും
ചൊല്ലിന പൌരാണികാചാര്യനാം വ്യാസന്‍ താനും
വല്ലായ്മയൊഴിച്ച് ഭൂദേവ ദൈവങ്ങളും
കല്യാണം വളര്‍ത്തുവാന്‍ നാരദമുനീന്ദ്രനും
എല്ലാരുമാനുഗ്രഹിച്ചീടുവാന്‍ വന്ദിക്കുന്നേന്‍!! !
നൈമിശാരണ്യത്തില്‍ വിഷ്ണുക്ഷേത്രത്തില്‍ സനകാദികളായ മാമുനിമാര്‍ സ്വര്‍ഗ്ഗം ലഭിക്കാനായി സത്രം തുടങ്ങി. ശ്രീ വേദവ്യാസ ശിക്ഷ്യനായ സൂതന്‍ അപ്പോള്‍ അവിടെയെത്തി. ധര്‍മ്മശാസ്ത്രങ്ങള്‍ , ഇതിഹാസങ്ങള്‍ , പുരാണങ്ങള്‍ എന്നിവ സൂതന് നന്നായിട്ടറിയാം. ഏറ്റവും സാരമായുള്ളതും ബുദ്ധി തെളിയിക്കുന്നതുമായത് എന്താണോ അത് ചുരുക്കമായി പറഞ്ഞുതന്നാലും എന്ന് മുനിമാര്‍ സൂതനോട് ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ ഭഗവാന്റെ കഥകള്‍
കേള്‍ക്കാനാണ്‌ തങ്ങള്‍ക്ക് ഇഷ്ടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൂതന്‍
പ്രാര്‍ഥനയോടെ ഭാഗവതോപദേശം തുടങ്ങി.
"വന്ദിച്ചീടുന്നേനെങ്കില്‍ ശ്രീ ശുകമുനി തന്നെ
നന്ദിച്ചീടണമെന്നെക്കുറിച്ചു സദാകാലം
വേദാന്ത സാരാര്‍ഥമായധ്യാത്മ പ്രദീപമായ്
വ്യാസോക്തമായ പുരാണങ്ങളില്‍ പ്രധാനമായ്
മേവീടും ഭാഗവതം ചൊല്ലിയ മുനിവരന്‍
ശ്രീ വേദവ്യാസന്‍ താനുമാവോളം തുണയ്ക്കണേ".
ശ്രീമഹാഭാരതം രചിച്ചത് വേദവ്യാസ മഹര്‍ഷിയാണ്. അദ്ദേഹം അത് തന്റെ പുത്രനും ശിഷ്യനുമായ ശ്രീ ശുകനെ പഠിപ്പിക്കുകയും ചെയ്തു. തക്ഷകന്റെ കടിയേറ്റു മരിക്കും എന്ന ശാപം കിട്ടിയ പരീക്ഷിത്തിനു ഭാഗവത കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചത് ശ്രീ ശുകനായിരുന്നു. കേള്‍ക്കുന്നവരുടെ കൂട്ടത്തില്‍ സൂതനുമുണ്ടായിരുന്നു. അങ്ങനെയാണ് സൂതന് ഭാഗവതം പഠിക്കാന്‍ കഴിഞ്ഞത്. പരീക്ഷിത്ത്‌ രാജാവ് ഭാഗവത കഥകള്‍ കേട്ടതിനു ശേഷം തക്ഷകന്റെ കടിയേറ്റു
മരിക്കുകയും അദ്ദേഹത്തിനു പരമമായ മോക്ഷം ലഭിക്കുകയും ചെയ്തു.
പരാശര മഹര്‍ഷിയുടെയും സത്യവതി എന്ന മുക്കുവ കന്യകയുടെയും പുത്രനായി ശ്രീനാരായണ ഭഗവാന്‍ അവതരിച്ചു. പേര് കൃഷ്ണദ്വൈപായനന്‍... ആ കുട്ടിയാണ് വേദവ്യാസനായത്. വേദങ്ങള്‍ നാലായി പകുത്തത് കൊണ്ടാണ് ആ പേര് വന്നത്.
വേദങ്ങളുടെ വ്യാസമളന്നത് കൊണ്ടാണ് ആ പേര് വന്നത് എന്ന പക്ഷക്കാരുമുണ്ട്.
കുട്ടി ആയിരുന്നപ്പോള്‍ തന്നെ വ്യാസന്‍ സരസ്വതി നദീതീരത്തു 
പര്‍ണശാല കെട്ടി പ്രാര്‍ഥനാ ജീവിതം തുടങ്ങി. പ്രാര്‍ഥനയുടെ ശക്തി കൊണ്ട് ഉള്‍ക്കണ്ണ് തുറന്നു നോക്കിയപ്പോള്‍ കലിയുഗം വന്നിരിക്കുന്നു എന്നും ധര്‍മം കുറഞ്ഞു പോകുന്നുവെന്നും മനസ്സിലായി. ധര്‍മ്മത്തെ രക്ഷിക്കാനായി അദ്ദേഹം വേദത്തെ നാലായി പകുത്ത് സനകാദികളെ പഠിപ്പിച്ചു. പിന്നെ വേദത്തിന്റെ പൊരുള്‍ വെളിച്ചത്തു കൊണ്ടുവരുവാനായി പുരാണങ്ങള്‍ രചിച്ചു. എന്നിട്ടും അദ്ദേഹത്തിന് ബുദ്ധി നന്നായിട്ട് തെളിഞ്ഞിട്ടില്ല എന്നൊരു വ്യാകുലത. അപ്പോള്‍ നാരദമുനിയുടെ ദര്‍ശനം ലഭിക്കുക്കയും വ്യാസന് സന്തോഷം
തോന്നുകയും ചെയ്തു. വേണ്ടവിധം മുനീന്ദ്രനെ നമസ്കരിച്ച്
അര്‍ഘ്യപാദ്യാദികള്‍ കൊണ്ട് അര്‍ച്ചനയും പൂജയും ചെയ്തു. പിന്നീട്
വ്യാസന്‍ തന്റെ വ്യാകുലത അദ്ദേഹത്തെ അറിയിച്ചു. വേദങ്ങളും പുരാണങ്ങളും ചമച്ചെങ്കിലും ഭഗവത് കഥകള്‍ രചിച്ചിട്ടില്ലാത്തത്
കൊണ്ടാണ് വ്യാകുലത്തിനു കാരണം എന്ന് മുനീന്ദ്രന്‍ പറഞ്ഞു. സര്‍വ്വലോകേശനായ ഭഗവാന്റെ കഥകള്‍ വായിക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും എല്ലാം മോക്ഷം കിട്ടുന്ന വിധത്തില്‍ ഒരു പുരാണമായി ചമയ്ക്കാന്‍ നാരദമഹര്‍ഷി
ഉപദേശിച്ചു. അതുപ്രകാരം വ്യാസഭാഗവാന്‍ ഭാഗവതം ചമച്ചു.....

No comments:

Post a Comment