Friday, March 31, 2017

ആരായിരുന്നു കുചേലൻ ?

എല്ലും തോലുമായ ശരീരം, മുഷിഞ്ഞ് ജീര്‍ണ്ണിച്ച വേഷം, കഷണ്ടി കയറിയ തല, കൈയില്‍ തകര്‍ന്നു ദ്രവിച്ച ഓലക്കുട, കക്ഷത്തില്‍ ഒരു പൊതി, കൂനിക്കൂടിയുള്ള നടത്തം- ഇത്രയുമായാല്‍ കുചേലനായി. സ്‌കൂള്‍ യുവജനോത്സവങ്ങളിലെ പ്രച്ഛന്ന വേഷമത്സരത്തില്‍ മാത്രമല്ല, സാംസ്‌കാരിക ഘേഷയാത്രകളിലും ടിവി- സിനിമാ രംഗങ്ങളിലും എന്നുവേണ്ട, ഭാഗവത സപ്താഹ വേദികളിലും ഈ ബ്രാഹ്മണദാരിദ്ര്യത്തെ കാണാം. മലയാളിയ്ക്ക് രാമപുരത്തു വാര്യര്‍ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ഈ കുചേലനെ മാത്രമേ പരിചയമുള്ളു.
പക്ഷേ, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഒപ്പം പഠിച്ച ചങ്ങാതിയെ ഒപ്പത്തിനൊപ്പം ഗണിച്ച്, വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ മാറോടണച്ച്, തന്റെ ലക്ഷ്മീതല്‍പ്പത്തില്‍ കൂടെയിരുത്തിയ ആ സുദാമാവിനെ എത്രപേര്‍ക്കു പരിചയമുണ്ട്? കുചേലനപ്പുറം സുദാമാവിനെ കണ്ടറിയണമെങ്കില്‍ കുറച്ച് അകലെ പോകണം. അവിടെ ക്കണ്ട സുദാമാവ് വെറും ദരിദ്ര ബ്രാഹ്മണനല്ല, അതിനെല്ലാമുപരി, സാമൂഹ്യ പരിവര്‍ത്തനത്തിനു കാരണക്കാരനായ ആരാധ്യനാണ്, അതുകൊണ്ടുതന്നെയാണ് ഗുജറാത്തില്‍ സുദാമാവിന് ക്ഷേത്രമുള്ളത്, സുദാമാവിനെ ആരാധിക്കുന്നത്. കുചേലനെ സുദാമാവായി കണ്ടറിയാനും കുചേല ജീവിതത്തിന്റെ അഗാധ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാനും ഈ ഡിസംബര്‍ 23-ന് പുതിയൊരു വേദിയൊരുങ്ങുന്നു, അമ്പലപ്പുഴയില്‍.
”കണ്ടാലെത്രകഷ്ടമെത്ര-
യും മുഷിഞ്ഞ ജീര്‍ണ്ണ വസ്ത്രം
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ട്
മുണ്ടില്‍ പൊതിഞ്ഞപൊതിയും
മുഖ്യമായ പുസ്തകവും
രണ്ടുംകൂടി കക്ഷത്തിങ്ക-
ലിടുക്കിക്കൊണ്ട്..” ”
ഭാര്യയുടെ നിര്‍ബന്ധ പ്രകാരം ഭഗവാന്‍ കൃഷ്ണനെ കാണുവാന്‍ ദ്വാരകാ പുരിയിലേക്ക് പുറപ്പെട്ട സുദാമാവിന്റെ രൂപമാണ് രാമപുരത്തുവാര്യര്‍ വരച്ചിട്ടത്. സുദാമാവ് ഭഗവാന്‍ കൃഷ്ണന്റെ, സാന്ദീപനിമഹര്‍ഷിയുടെ ഗുരുകുലത്തിലെ ബാല്യകാല സഹപാഠി. വിദ്യാഭ്യാസത്തിനു ശേഷം രണ്ടുപേരും വഴിപിരിയുകയും ഭഗവാന്‍ പിന്നീട് ദ്വാരകയിലെ രാജാവും സുദാമാവ് പോര്‍ബന്തറിലെ ഏറ്റവും ദരിദ്രനായ ഗൃഹസ്ഥനുമായിത്തീര്‍ന്നു.
ദ്വാരകയിലെത്തിയ സുദാമാവിനെ ഗോപുരവാതില്‍ക്കല്‍ കണ്ടമാത്രയില്‍തന്നെ ഭഗവാന്‍ മാളികപ്പുറത്തുനിന്ന് ഇറങ്ങിവന്ന് എതിരേറ്റ് ലക്ഷ്മീമഞ്ചത്തിലിരുത്തി സര്‍വ്വോപചാരങ്ങളും നല്‍കി സ്വീകരിയ്ക്കുന്ന വൃത്താന്തവും രാമപുരത്തു വാര്യര്‍ വിവരിക്കുന്നുണ്ട്. ദ്വാരകയില്‍ രുഗ്മിണി-സത്യഭാമമാരുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങുവാന്‍ അധികാരമുള്ള ഒരേ ഒരു വ്യക്തി ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാത്രമാണെന്നിരിക്കെ, ഭഗവാന്‍ തന്നെ കുചേലനെ പരിചരിക്കുന്നതിന് രുഗ്മിണീ സത്യഭാമമാരെ നിയോഗിച്ച കാര്യവും, ഭഗവാന്‍തന്നെ സുദാമാവിന്റെ കാലുകഴുകിച്ചാദരിച്ചതും മറ്റും മറ്റും കവിതയില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇത്രയധികം ഭഗവാന് പ്രിയപ്പെട്ട ഭക്തനും പൂര്‍വ്വകാലസഹപാഠിയുമായ കുചേലന് ചരിത്രം ഇന്നും എന്തുകൊണ്ട് ഒരു തെരുവുയാചകന്റെ പരിവേഷം മാത്രം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
സുദാമാവ് വളരെ ദരിദ്രനായിരുന്നിട്ടും ആകാരഭംഗിയില്ലാതിരുന്നിട്ടും ബാല്യകാലസഖാവ് എന്ന നിലയില്‍ ഭഗവാന്‍ കുചേലന് ഹൃദ്യമായ സ്വീകരണം നല്‍കി എന്നും ഭഗവാന്റെ ഭക്തമാരോടുള്ള സമീപനം സദാ അപ്രകാരമായിരിക്കും എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ഭഗവാന്റെ മഹത്വം പ്രതിപാദിക്കുന്നതിനിടയില്‍ ചില കവികളും കഥാകാരന്മാരും പ്രഭാഷകരും സുദാമാവിന്റെ പ്രാധാന്യം കുറച്ചു കാട്ടിയില്ലേ എന്നു സംശയിക്കണം. ശ്രീ മഹാഭാഗവതത്തില്‍ സവിസ്തരം പ്രതിപാദിക്കുന്ന സുദാമാചരിതത്തിന് ഇതിനപ്പുറം താത്വികവും താന്ത്രികവുമായ വശങ്ങളിലേക്ക് കടക്കേണ്ടതുണ്ട്.
കേരളത്തിന് പുറത്ത് സുദാമ ബ്രാഹ്മണനെ ഭക്ത്യാദരപൂര്‍വ്വം കാണുന്ന ഒരു സംസ്‌കാരമാണുള്ളത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ സുദാമാവിന്റെ പ്രധാനപ്രതിഷ്ഠയോടെയുള്ള ഒരു ക്ഷേത്രമുണ്ട് എന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഗാന്ധിജിയുടെ ജന്മഗൃഹത്തിന് ഏറെ അകലെയല്ലാതെ സുദാമാവ് മദ്ധ്യത്തിലും വലതുവശത്ത് ശ്രീകൃഷ്ണപരമാത്മാവും ഇടതുവശത്ത് സുദാമാപത്‌നി സുശീലാദേവിയും ചേര്‍ന്ന് നില്‍ക്കുന്ന വിഗ്രഹങ്ങളോടെയുള്ള ഒരു പ്രൗഢഗംഭീര ക്ഷേത്രം. വെണ്ണക്കല്ലില്‍തീര്‍ത്തഗോപുരത്തോടെയുള്ള ശ്രീകോവിലിലെ സുദാമാ വിഗ്രഹം കണ്ടാല്‍, ഭഗവാന്‍ കൃഷ്ണന്‍ കൊടുംകാലുകുത്താതെ ഓടക്കുഴലില്ലാതെ നിവര്‍ന്നുനിന്നാലെപ്രകാരമോഅതുതന്നെയെന്നു തോന്നും. നീണ്ടുമെലിഞ്ഞ് ഉണങ്ങിയ, കൂനിക്കൂടിയ കഷണ്ടി മനുഷ്യനല്ല അവിടെ വിഗ്രഹിച്ചിരിക്കുന്ന സുദാമാവ്,.
ഉത്തരഭാരതത്തിലെ പല ക്ഷേത്രങ്ങളിലെയും പോലെ സാക്ഷിഗോപാലന്റെ ഒരു ഉപക്ഷേത്രവും ഇവിടെയുണ്ട്. മരണാനന്തരം ഭൂമിയിലെ ജീവിതത്തില്‍ നാം ഓരോരുത്തരും ചെയ്തിട്ടുള്ള പുണ്യപാപങ്ങളെ തുലനം ചെയ്ത് നരക ജീവിതവും സ്വര്‍ഗ്ഗപ്രവേശവും വിധിക്കുന്ന ചിത്രഗുപ്തന് നാം നടത്തിയ പുണ്യസ്ഥല സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള രേഖകള്‍ നല്‍കുന്നതിനും ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതിനുമാണ് പുണ്യധാമങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ സാക്ഷിഗോപാലനേയും നാം വണങ്ങുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
സുദാമാവ് ദരിദ്രനും ദുര്‍ബലനുമായതുകൊണ്ട് ആര്‍ക്കും അവഹേളിക്കാമെന്ന ധാരണയുള്ളതുകൊണ്ട് മാത്രമാണ് കുചേലന്‍ ഭഗവാന് കാഴ്ചവസ്തുവായി കരുതിയ അവല്‍പ്പൊതി കക്ഷത്തിലിടുക്കിയതായി പറയുന്നത്. കേരളത്തിലെവിടെയും കക്ഷത്തില്‍ വച്ച സാധനം നിവേദിക്കുന്നതിനായി ആരും നല്‍കാറില്ല, എന്നുമാത്രമല്ല. അത് അശുദ്ധമായിട്ടാണ് കണക്കാക്കുന്നതും. ഭാഗവതത്തിലൊരിടത്തും കല്ലും നെല്ലും ഉള്‍ക്കൊള്ളുന്ന അവലാണ് കുചേലന്‍ ഭഗവാന് നല്‍കുവാന്‍ കരുതിയത് എന്നും പരാമര്‍ശമുള്ളതായി കേട്ടിട്ടില്ല. ആ അവല്‍പ്പൊതിയില്‍ കല്ലും നെല്ലും ചിലര്‍ കണ്ടെത്തിയതിന്റെ പൊരുളും മനസ്സിലാകുന്നില്ല. ഇക്കാലത്ത് മലര് നിവേദ്യത്തിന്റെ കാര്യത്തില്‍ ചിലപ്പോഴത് ശരിയായിരിക്കാം. പാതിവൃത്യത്തിന്റെ കാര്യത്തിലും ഭക്തിയുടെ കാര്യത്തിലും സാവിത്രിയുടേയും ശീലാവതിയുടേയും ഗണത്തില്‍ തന്നെ പെടുത്താവുന്ന സുശീലാദേവി തീരെ അശ്രദ്ധമായിട്ടാണ് അവല്‍ പൊതി കൊടുത്തുവിട്ടതെന്ന് കരുതുന്നതും യുക്തിപ്രകാരം നോക്കിയാല്‍ കടന്ന കൈയാണ്. വ്രജഭാഷയില്‍ സുദാമാ എന്ന വാക്കിന്റെ അര്‍ത്ഥം സ്വപ്രയത്‌നംകൊണ്ട് സാമര്‍ത്ഥ്യം തെളിയിച്ച വ്യക്തി എന്നാണ്. ഭഗവാന്‍ കൃഷ്ണനോടൊപ്പം കുറച്ചുനാള്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ജീവിക്കണമെന്ന ആഗ്രഹത്തോടെ നാരദമഹര്‍ഷി സുദാമാവായി പിറന്നതാണെന്നും ഐതിഹ്യമുണ്ട്. ഇത്തരത്തിലൊരു കഥാപാത്രത്തെയാണ് നാം ‘എങ്ങനെയോ ദാരിദ്ര്യദൈന്യത്തിന്റെ മൂര്‍ത്തിയാക്കിയത്.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഉറ്റസതീര്‍ത്ഥ്യന്റെ പ്രാധാന്യം യഥാതഥമായി അടുത്ത തലമുറയില്‍പ്പെട്ടവരെയെങ്കിലും അറിയിക്കുവാന്‍ നമുക്കെന്തെങ്കിലും ചെയ്യേണ്ടതില്ലേ. ബാല്യകാലസുഹൃത്തുക്കള്‍ ജീവിതസായാഹ്നത്തില്‍ ഒത്തുചേരുന്ന ചരിത്രാതീതസംഭവം എന്ന നിലയില്‍ കുചേലദിനം സൗഹൃദദിനമായോ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമദിനമായോ ആചരിക്കുന്നതിന് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന ഏവര്‍ക്കും പ്രചോദനമരുളേണ്ടതാണെന്ന് 

No comments:

Post a Comment