Saturday, April 1, 2017

കുട്ടികള്‍ക്ക് ആദ്യമായി ചോറൂണിന് (അന്നപ്രാശം)

കുഞ്ഞിന് ആദ്യമായി അരിയാഹാരം നല്‍കുക എന്നത് തലമുറകളായി തുടര്‍ന്നുവരുന്ന ആചാരം തന്നെയാണ്. ജ്യോതിഷത്തില്‍ ഇതിന് പ്രത്യേക പ്രാധാന്യവും നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇന്ന് പല രക്ഷിതാക്കള്‍ക്കും ഇത് ഏത് മാസത്തിലാണ് നല്‍കേണ്ടത് എന്നതിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉള്ളതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും പ്രത്യേക മാസങ്ങളില്‍ മാത്രമേ ചോറൂണ് നടത്താന്‍ പാടുള്ളൂ എന്ന് ശഠിക്കുന്ന ചിലരും നമ്മുടെ ഇടയിലുണ്ട്. ആരാണ് ആദ്യം കുഞ്ഞിന് ചോറൂണ് നടത്തേണ്ടത് എന്നും ചിലര്‍ ചോദിക്കാറുണ്ട്. ഇവയെക്കുറിച്ചൊന്നും ജ്യോതിഷത്തില്‍ പ്രതിപാദിച്ച് കാണുന്നില്ല. ചില ദേശങ്ങളിലെ ആചാരം വ്യത്യസ്തമായിരിക്കാം.

ചോറൂണിന് ശുഭകരമായ കാലം:
-------------------------------------------

കുഞ്ഞ് ജനിച്ച ദിവസം ഒന്ന്‍ എന്ന രീതിയില്‍ കൂട്ടിയാല്‍ 149 ദിവസം മുതല്‍ 183 ദിവസം വരെ (അതായത് 149 ദിവസം മുതല്‍ 34 ദിവസം) വിധികാലമാകുന്നു. പിന്നെ വരുന്ന 30 ദിവസം ഒഴിവാക്കണം (അതായത് 184 മുതല്‍ 214 ദിവസം വരെ ചോറൂണ് പാടില്ല). തുടര്‍ന്ന്‍ എപ്പോള്‍ വേണമെങ്കിലും ആകാം.

6, 8 മാസങ്ങള്‍ ചോറൂണിന് ശുഭം ആകുന്നു. കുഞ്ഞിന്‍റെ ജന്മനക്ഷത്രദിവസം ചോറൂണ് നടത്തരുത്. അശ്വതി, രോഹിണി, മകയിരം, പുണര്‍തം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിലും ഇടവം, കര്‍ക്കിടകം, ചിങ്ങം, തുലാം, ധനു, മകരം, കുംഭം, ശുഭയോഗമോ ശുഭദൃഷ്ടിയോ ഉണ്ടെങ്കില്‍ മീനം രാശിയും ചോറൂണിനായി തെരഞ്ഞെടുക്കാം.

എന്നാല്‍, നമ്മള്‍ എടുക്കുന്ന മുഹൂര്‍ത്തം മിക്ക ക്ഷേത്രങ്ങളിലും പാലിക്കാന്‍ കഴിയാറില്ല. പൂജകളും ഹോമങ്ങളും കൊണ്ട് പ്രസാദിച്ചുനില്‍ക്കുന്ന ഒരു ക്ഷേത്രത്തില്‍ മറ്റ് ദോഷങ്ങള്‍ ചിന്തിക്കേണ്ടതില്ല. ആകയാല്‍ ക്ഷേത്രങ്ങളുടെ സമയക്രമം തീര്‍ച്ചയായും പാലിക്കാവുന്നതാകുന്നു.

ചോറൂണിന് ഒഴിവാക്കേണ്ടത്:
--------------------------------------

കുഞ്ഞിന്‍റെ ഏഴാം മാസം, ഹരിവാസരം (ഏകാദശിയുടെ അവസാന കാല്‍ഭാഗം, ദ്വാദശിയുടെ ആദ്യ കാല്‍ഭാഗം), മുഹൂര്‍ത്തരാശിയില്‍ സൂര്യനോ ചന്ദ്രനോ, മുഹൂര്‍ത്തരാശിയുടെ നാലിലെ വ്യാഴം, എട്ടിലെ ചൊവ്വ, ഒമ്പതിലെ ബുധനോ ചന്ദ്രനോ, പത്തില്‍ ഏതൊരു ഗ്രഹവും, മേടം, വൃശ്ചികം, ശുഭദൃഷ്ടിയോ ശുഭയോഗമോ ഇല്ലാത്ത മീനം രാശി, വിഷദ്രേക്കാണം (മേടം, കര്‍ക്കിടകം, ചിങ്ങം, കന്നി, ധനു, മകരം ഈ രാശിയുടെ ഒന്നാം ദ്രേക്കാണം, ഇടവം, മിഥുനം, തുലാം, കുംഭം, മീനം എന്നീ രാശിയുടെ രണ്ടാംദ്രേക്കാണം, വൃശ്ചികം രാശിയുടെ മൂന്നാം ദ്രേക്കാണം), കുഞ്ഞിന്‍റെ ജന്മനക്ഷത്രവും വേധനക്ഷത്രവും എന്നിവ ഒഴിവാക്കണം.

No comments:

Post a Comment