Thursday, May 25, 2017

രുഗ്മിണീസ്വയംവരം

വിദര്‍ഭ (കുണ്ധിനം) രാജ്യത്തിലെ രാജാവായ ഭീഷ്മകന് രുഗ്മി, രുഗ്മരഥന്‍ , രുഗ്മബാഹു , രുഗ്മകേശന്‍ , രുഗ്മാലി എന്നീ അഞ്ചു പുത്രന്മാരും രുഗ്മിണി എന്ന പുത്രിയും ഉണ്ടായിരുന്നു. രുഗ്മിണി അതീവ സുന്ദരിയും സത്സ്വഭാവിയും ആയിരുന്നു. ചെറുപ്പം മുതലേ ശ്രീകൃഷ്ണ ഭഗവാന്റെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞിരുന്ന രുഗ്മിണി, കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരണമെന്ന് ആഗ്രഹിച്ചിരുന്നു. വിശ്വനായകനായശ്രീകൃഷ്ണ ഭഗവാനും രുഗ്മിണിയുടെ
സൌന്ദര്യത്തെക്കുറിച്ചു കേട്ടിരുന്നു. രുഗ്മിണി തന്റെ പത്നിയാകണമെന്ന് ഭഗവാനും ആഗ്രഹിച്ചു. രുഗ്മിണി വളര്‍ന്നു യൌവനയുക്തയായി . രുഗ്മി ഒരു ദുശ്ശാട്യക്കാരനായിരുന്നു. അയാളുടെ സുഹൃത്തുക്കള്‍ സാല്വന്‍, ശിശുപാലന്‍, ജരാസന്ധന്‍, ദന്തവക്ത്രന്‍ തുടങ്ങിയവരായിരുന്നു. ഇവരൊക്കെ ശ്രീകൃഷ്ണന്റെ ശതൃക്കളുമായിരുന്നു. അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും രുഗ്മിണിയെ കൃഷ്ണന് കല്യാണം കഴിച്ചു കൊടുക്കാനാണ് താല്‍പ്പര്യം. എന്നാല്‍ രുഗ്മി തന്റെ സഹോദരിയെ ശിശുപാലന് കല്യാണം കഴിച്ചുകൊടുക്കാന്‍ താല്‍പ്പര്യപ്പെട്ടു. നിവൃത്തിയില്ലാതെ ആയപ്പോള്‍ എല്ലാവരും ആ നിര്‍ബന്ധത്തിനു വഴങ്ങി. ഇതറിഞ്ഞ രുഗ്മിണി വളരെ ദുഖിതയായി. ഒരു വിശ്വസ്ത ബ്രാഹ്മണനെ വിളിച്ച് കൃഷ്ണനെ ഈ വിവരം അറിയിക്കാന്‍ അയച്ചു.
ബ്രാഹ്മണന്‍ ദ്വാരകയിലെത്തി ദ്വാരപാലന്മാരുടെ അനുവാദം വാങ്ങി ശ്രീകൃഷ്ണന്റെ സമീപമെത്തി ഭഗവാന്‍ ആ ബ്രാഹ്മണനെ വിധിയാംവണ്ണം പൂജിച്ച് തന്റെ ചാരത്തിരുത്തി ഇഷ്ടഭോജനങ്ങള്‍ നല്‍കി. സംതൃപ്തനായ ബ്രാഹ്മണന്‍ വിവരമെല്ലാം ശ്രീകൃഷ്നോട് പറഞ്ഞു. എളുപ്പമായ ഒരു മാര്‍ഗ്ഗവും പറഞ്ഞുകൊടുത്തു. അതായത് കുലദൈവമായ ഗൌരിയെ ആരാധിക്കാനായി ക്ഷേത്രത്തിലേക്ക് വരുമ്പോള്‍, അവിടെ വച്ച് രുഗ്മിണിയെ തേരില്‍ കയറ്റി കൊണ്ടുപോയാല്‍ മതി, എന്നാണു രുഗ്മിണി പറഞ്ഞയച്ചത്. രുഗ്മിണിയുടെ സന്ദേശവാര്‍ത്ത കേട്ട് ഭഗവാന്‍ അളവറ്റു സന്തോഷിച്ചു.

ദാരുകനെ തേരാളിയാക്കി, ഭഗവാന്‍ ആ ബ്രാഹ്മണനെയും കൂട്ടി വിദര്‍ഭയിലോട്ട് അതിവേഗത്തില്‍ യാത്രതിരിച്ചു. ഇതറിഞ്ഞ ബലരാമന്‍ അനുജനെ സഹായിക്കാനായി സൈന്യസമേതം വിദര്‍ഭയിലേക്ക് പുറപ്പെട്ടു. ഭീഷ്മകന്‍ തന്റെ പുത്രിയുടെ വിവാഹാഘോഷങ്ങളെല്ലാം ഒരുക്കിയിരുന്നു. വിപ്രരെ വരുത്തി കാല്‍കഴുകിച്ചു പൂജിച്ച് ദാനധര്‍മ്മങ്ങള്‍ ചെയ്തു. ദേവപൂജകള്‍ നടത്തി. അന്തപുരസ്ത്രീകള്‍ വധുവിനെ കുളിപ്പിച്ച് നന്നായി ചമയിച്ചൊരുക്കി.
ചേദിരാജാവായ ദമഘോഷനും മകനായ ശിശുപാലനും പൂജകളും ദാനങ്ങളും നടത്തി ചതുരംഗപ്പടയോടും വാദ്യഘോഷത്തോടും കൂടി വിദര്‍ഭ രാജധാനിയിലെത്തി. ഭീഷ്മകനും രുഗ്മിയും ബന്ധുക്കളും അവരെ സ്വീകരിച്ച് സല്‍ക്കാരങ്ങള്‍ ചെയ്തു. അംഗന്‍ , കലിംഗന്‍, മാളന്‍, കേകയന്‍, വംഗന്‍, മാഗധന്‍, കോസലന്‍, സാല്വന്‍ തുടങ്ങിയ രാജാക്കന്മാരും പരിവാരങ്ങളും സന്ഹിതരായിരുന്നു. സാല്വന്‍, ജരാസന്ധന്‍, വിഡൂരഥന്‍ , ദന്തവക്ത്രന്‍ തുടങ്ങിവര്‍ക്ക് ശ്രീകൃഷ്ണന്‍ വന്നു രുഗ്മിണിയെ കൊണ്ടുപോകുമെന്ന് സംശയമുള്ളതിനാല്‍ അവരൊക്കെ വന്‍ സൈന്യസന്നാഹത്തോടെയാണ് ആഗതരായത്.
ദ്വാരകയില്‍ പറഞ്ഞുവിട്ട ബ്രാഹ്മണനെ കാണാതെ രുഗ്മിണി ആകാംഷാഭരിതയായി. അപ്പോഴുണ്ട് അവളുടെ ഇടതു കണ്ണും കവിളും തുടയും തുടിച്ചു. ഇത് നാരിമാര്‍ക്ക് ശുഭലക്ഷണമായതുകൊണ്ട് രുഗ്മിണി സന്തോഷിച്ചു. അപ്പോഴേക്കും ആ ബ്രാഹ്മണന്‍ അവിടെയെത്തി ശ്രീകൃഷ്ണനും ബലരാമനും സൈന്യ വുമെല്ലാം എത്തിയ വിവരം
രുഗ്മിണിയെ അറിയിച്ചു. അതീവ സന്തുഷ്ടയായ രുഗ്മിണി പലതരം വിലപ്പെട്ട ദ്രവ്യങ്ങള്‍ ആ ബ്രാഹ്മണന് നല്‍കി വണങ്ങി നിന്നു . ബ്രാഹ്മണന്‍ ആശീര്‍വദിച്ചിട്ട്‌ അവിടെനിന്നും യാത്രയായി.

ശ്രീകൃഷ്ണനും ബലരാമനും വന്നിട്ടുണ്ടന്നറിഞ്ഞ
ഭീഷ്മകന്‍ അവരെ സ്വീകരിച്ച് സല്ക്കാരത്തോടെ താമസിപ്പിച്ചു. സുന്ദരരൂപനായ ശ്രീകൃഷ്ണനെ കണ്ട് തങ്ങളുടെ രാജകുമാരിയും ശ്രീകൃഷ്ണനുമായുള്ള വിവാഹം നടക്കേണമേയെന്ന് എല്ലാവരും ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചു. രുഗ്മിണി തോഴിമാരോടൊപ്പം ക്ഷേത്രത്തിലെത്തി പാര്‍വതിദേവിയെ നന്നായി പൂജിച്ച് , കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരേണമേയെന്ന് മനംനൊന്ത് പ്രാര്‍ത്ഥിച്ചു.
പൂജകളെല്ലാം കഴിഞ്ഞ് തിരിച്ചുവരുന്ന രുഗ്മിണിയുടെ അതീവ സൌന്ദര്യത്തില്‍ പല രാജാക്കന്മാരും മോഹിച്ച് പ്രതിമ കണക്കെ നിന്നുപോയി. മന്ദം മന്ദം നടന്നടുക്കുന്ന ആ സ്ത്രീ രത്നത്തിന്റെ അടുത്ത് ശ്രീകൃഷ്ണന്‍ തേരുമായിചെന്ന് അവളെ ആ തേരില്‍ കയറ്റി യദുക്കളുടെ അകമ്പടിയോടെ പോവുകയും ചെയ്തു. ഭീഷ്മകനും അന്തപുരസ്ത്രീകളും ബന്ധുക്കളും വളരെയധികം സന്തോഷിച്ചു.

രാജക്കന്മാരെല്ലാം പടയോടെച്ചെന്ന് ശ്രീകൃഷ്ണനോടും
യാദവരോടും യുദ്ധം ചെയ്തുവെങ്കിലും രാജയപ്പെടുകയാണുണ്ടായത്. പക്ഷെ രുഗ്മിയാകട്ടെ, "കൃഷ്ണനെ വധിച്ച്‌ രുഗ്മിണിയെ വീണ്ടെടുത്തശേഷമേ ഇനി വിദര്‍ഭയില്‍ പ്രവേശിക്കുകയുള്ളൂ " എന്ന് പ്രതിജ്ഞചെയ്തു. രുഗ്മിയും ശ്രീകൃഷ്ണനും തമ്മില്‍ ഭയാനകമായ യുദ്ധം നടന്നു. രുഗ്മിയുടെ അസ്ത്രങ്ങളെല്ലാം കൃഷ്ണന്‍ എയ്തുമുറിച്ചു. രുഗ്മി വാള്‍ പ്രയോഗിച്ചപ്പോള്‍ കൃഷ്ണന്‍ ആ വാള്‍ എയ്തുമുറിച്ചു. അവസാനം കൃഷ്ണനും വാളെടുത്ത് രുഗ്മിയുടെ നേര്‍ക്ക്‌ പാഞ്ഞു. അപ്പോള്‍ രുഗ്മിണി, തന്റെ സഹോദരനെ കൊല്ലരുതെന്നും, അപരാധങ്ങള്‍ പൊറുത്ത് മാപ്പുകൊടുക്കണമെന്നും കേണപേക്ഷിച്ചു. തന്റെ പ്രിയതമയുടെ വാക്കുകള്‍ സ്വീകരിച്ച്, കൃഷ്ണന്‍ രുഗ്മിയെ വധിച്ചില്ല. എന്നാല്‍ അവനെ പിടിച്ചുകെട്ടി മീശയും കേശവും കരിച്ച് വിരൂപനാക്കി . രുഗ്മിയുടെ സേനയെയെല്ലാം വധിച്ച്‌ ബലരാമനും അപ്പോള്‍ അവിടെയെത്തി. രുഗ്മിയെ അഴിച്ചുവിട്ടശേഷം രുഗ്മിണിയെ ആശ്വസിപ്പിച്ചു . രുഗ്മി പ്രതിജ്ഞയനുസരിച്ച് പിന്നെ വിദര്‍ഭ രാജ്യത്ത് കയറിയിട്ടില്ല. ഭോജകുടം എന്ന ഒരു പുരം നിര്‍മ്മിച്ച്‌ അവിടെ താമസമാക്കുകയാണ് ചെയ്തത്.

ശ്രീകൃഷ്ണനും ബലരാമനും യാദവരും രുഗ്മിണിയേയും കൊണ്ട് ദ്വാരകയിലെത്തി. ദ്വാരകാവാസികള്‍ അത്യാഹ്ലാദപൂര്‍വ്വം അവരെ എതിരേറ്റു കൊണ്ടുവന്നു. പിന്നെ നല്ല മുഹൂര്‍ത്തം നോക്കി ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും സ്വയംവരം നടന്നു. അവര്‍ക്ക് പ്രദ്യുമ്നന്‍ എന്ന പേരില്‍ വിശ്രുതനായ ഒരു സല്പുത്രന്‍ ജനിച്ചു.

No comments:

Post a Comment