സ്ത്രീയും പുരുഷനുമെല്ലാം ദൈവത്തിന്റെ മക്കൾ. സ്രഷ്ടാവായ ദൈവത്തിനു മുന്നിൽ സ്ത്രീ എന്നും പുരുഷൻ എന്നുമുള്ള വ്യത്യാസം പോലുമില്ല. എല്ലാവരും ഒന്നു തന്നെ.
എന്നാൽ ചില ആചാരങ്ങളുടെ കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ട്. ചില കാര്യങ്ങൾ സ്ത്രീകൾ ചെയ്യാൻ പാടില്ല, മറ്റു ചില ആചാരങ്ങൾ പുരുഷന്മാർക്കുള്ളതല്ല എന്നൊക്കെ പഴമക്കാർ പറയാറുണ്ട്. എന്തുകൊണ്ട് ഇങ്ങനെ?
ആചാരങ്ങളിലെ സ്ത്രീ-പുരുഷ വ്യത്യാസം സ്ത്രീവിരുദ്ധമോ പുരുഷവിരുദ്ധമോ അല്ല എന്നതാണു വസ്തുത.
ഉദാഹരണത്തിന്, ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണം നടത്തുന്നതിൽ സ്ത്രീകൾക്കു വിലക്കുണ്ട്. പുരുഷന്മാർ മാത്രമേ ശയനപ്രദക്ഷിണം നടത്താൻ പാടുള്ളൂ. സ്ത്രീകൾക്കു പറഞ്ഞിരിക്കുന്നതു പദപ്രദക്ഷിണമാണ്. അതായത്, ഓരോ ചുവടും അടുത്തടുത്തുവച്ച് ഈശ്വരനെ മനസ്സിൽ പ്രാർഥിച്ചുകൊണ്ടു നടന്നുകൊണ്ടുള്ള പ്രദക്ഷിണം.
ശയനപ്രദക്ഷിണത്തിന്റെ കാര്യത്തിൽ സ്ത്രീപുരുഷന്മാർക്കിടയിൽ ഇത്തരമൊരു വ്യത്യാസം പഴമക്കാർ നിശ്ചയിച്ചത് തികച്ചും നല്ല ഉദ്ദേശ്യത്തോടെയാണെന്നു വ്യക്തം. കല്ലും മണ്ണും നിറഞ്ഞതോ കരിങ്കൽ പതിച്ചതോ ആയ ചുറ്റമ്പലമുറ്റത്ത് കിടന്ന് ഉരുണ്ടുകൊണ്ട് മൂന്നു തവണ പ്രദക്ഷിണം നടത്തുന്നതാണു ശയനപ്രദക്ഷിണം. സ്ത്രീശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്കു യോജിച്ചതല്ല ശയനപ്രദക്ഷിണം എന്നു പണ്ടുള്ളവർ മനസ്സിലാക്കി. അതുകൊണ്ടുതന്നെയാണു ശയനപ്രദക്ഷിണം സ്ത്രീകൾക്കു വിലക്കിയതും. അതേ സമയം, പ്രദക്ഷിണവഴിയിൽ ഓരോ ചുവടു വച്ചുള്ള പദപ്രദക്ഷിണം സ്ത്രീകൾക്ക് ഏറെ ഐശ്വര്യപ്രദവും ആരോഗ്യപ്രദവുമാണുതാനും.
No comments:
Post a Comment