Friday, October 20, 2017

സ്വപ്‌നഫലം

സ്വപ്‌നങ്ങള്‍ ചിലര്‍ക്ക്‌ ചിലകാലം ഒത്തിടും' എന്നാണ്‌ പ്രമാണം. വിശ്വാസവും യാഥാര്‍ത്ഥ്യവും അനുഭവവും ഒക്കെ പലപ്പോഴും പലതരത്തിലുമാകുന്നു. ആധുനികമനഃശാസ്‌ത്രം സ്വപ്‌നങ്ങളെ മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കുന്നു. സ്വപ്‌നമേത്‌ യാഥാര്‍ത്ഥ്യമേത്‌ എന്നത്‌ തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്‌. സ്വപ്‌നങ്ങള്‍ കാണാന്‍ പറഞ്ഞയാളാണ്‌ എ.പി.ജെ. അബ്‌ദുള്‍കലാം. ലക്ഷ്യത്തിലെത്താന്‍ സ്വപ്‌നം നല്ലതാണ്‌. അതുപക്ഷേ, രാത്രി കാണുന്ന സ്വപ്‌നമല്ല.നമുക്ക്‌ ഒരു വീട്‌ വേണം, അല്ലെങ്കില്‍ കാറു വാങ്ങണം എന്നിങ്ങനെയുള്ള സ്വപ്‌നമുണ്ടെങ്കില്‍ അത്‌ ഇടയ്‌ക്കിടെ മനസ്സില്‍ സങ്കല്‍പ്പിക്കുക. കൃത്യമായ ഓരോ കാലയളവ്‌ നിശ്‌ചയിച്ച്‌ എന്ന്‌ ലക്ഷ്യം കൈവരിക്കും അതിനായി എന്തൊക്കെക്കാര്യങ്ങള്‍ പടിപടിയായി ചെയ്യും എന്നൊക്കെ പദ്ധതിയിട്ട്‌ കാറില്‍ എല്ലാവരുംകൂടെ യാത്രചെയ്യുന്നത്‌ സ്വപ്‌നം കണ്ടു തുടങ്ങുക. അത്‌ നിശ്‌ചയിച്ച സമയത്തുതന്നെ സാധ്യമാകും. ഇതിനെ ക്രിയാത്മകദര്‍ശനം എന്നു വേണമെങ്കില്‍ വിളിക്കാം.മറിച്ച്‌ ഒരു രോഗം ഭേദമാകാനും ഇതേ രീതി പ്രയോഗിക്കാം. ക്യാന്‍സര്‍പോലും ഇങ്ങനെ ഭേദമായ അനുഭവങ്ങള്‍ ഉണ്ട്‌. ഒരു നിശ്‌ചിതസമയംകൊണ്ട്‌ രോഗം കുറഞ്ഞുകുറഞ്ഞു ഇല്ലാതാകുമെന്ന്‌ വിശ്വസിക്കുക. ഭക്‌തനായിരുന്ന മേല്‌പത്തൂരിന്റെ വാതരോഗം മാറിയത്‌ ഇങ്ങനെയായിരിക്കാം. നാരായണീയം വായിക്കുന്ന ഭക്‌തര്‍ക്ക്‌ രോഗം മാറുന്നതായ അനുഭവമുണ്ട്‌. പതിവായി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ അസുഖം ഇല്ലാതാകുന്നതും ഒക്കെ ഇങ്ങനെയാണ്‌.രാത്രി കാണുന്ന സ്വപ്‌നങ്ങളെ പലതരത്തില്‍ വ്യാഖ്യാനിക്കാം. മത്സ്യത്തെ കാണുന്നത്‌ ധാരാളം പണം കൈവശം വരുമെന്നും ആത്മീയമായി കൂടുതല്‍ അടുക്കുമെന്നുമൊക്കെ വ്യാഖ്യാനിക്കുന്നു. ആനയെ കാണുന്നത്‌ ഗണപതിക്കോ മറ്റോ നേര്‍ച്ചയുള്ളത്‌ ഓര്‍മ്മിപ്പിക്കാന്‍ ആണെന്നാണ്‌ കരുതുന്നതെങ്കില്‍, ശ്വാസം മുട്ടുന്നതു കൊണ്ടാകാം എന്നാണ്‌ ആധുനിക ശാസ്‌ത്രം പറയുന്നത്‌.പാമ്പിനെ സ്വപ്‌നത്തില്‍ പലരും കണ്ട്‌ ഭയപ്പെടാറുണ്ട്‌. ഇത്‌ സര്‍പ്പകോപം ആണെന്ന്‌ വ്യാഖ്യാനിക്കാറുണ്ട്‌. ശിവന്‌, സുബ്രഹ്‌മണ്യന്‌, സെന്റ്‌ ജോര്‍ജ്‌ജിന്‌ ഒക്കെ നേര്‍ച്ച നേര്‍ന്നത്‌ ഓര്‍മ്മിപ്പിക്കാനാണ്‌ എന്നും വ്യാഖ്യാനിക്കുന്നുണ്ട്‌. എന്നാല്‍ അകന്നുകഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ ആണ്‌ ഇത്‌ കൂടുതലും കാണുന്നത്‌. ആധുനിക മനഃശാസ്‌ത്രം പറയുന്നത്‌, സെക്‌സുമായി ബന്ധപ്പെട്ടാണ്‌ പാമ്പിനെ കാണുന്നത്‌ എന്നാണ്‌.പാമ്പിനെ സെക്‌സുമായി ബന്ധിപ്പിച്ചാണ്‌ ബൈബിളിലും പരാമര്‍ശിക്കുന്നത്‌. സംഭവിക്കാന്‍പോകുന്നതിന്റെ സൂചനയായും ചിലപ്പോള്‍ സ്വപ്‌നങ്ങള്‍ കാണും. ആഗ്രഹങ്ങളും ഓര്‍മ്മകളും സ്വപ്‌നമായി വരും. ഒരു രാത്രി പല സ്വപ്‌നങ്ങളും കാണുമെങ്കിലും പലതും മറന്നുപോകും. ചിലത്‌ ഓര്‍മ്മിക്കും. പുലര്‍കാലസ്വപ്‌നങ്ങള്‍ സത്യമാകും എന്നും വിശ്വാസമുണ്ട്‌. മരണം സ്വപ്‌നം കാണുന്നത്‌ നല്ലതാണ്‌. നമുക്ക്‌ പുതിയ ഒരു തുടക്കം ഉണ്ടാകുന്നു എന്നാണിതിന്റെ ഫലം. സ്വപ്‌നഫലങ്ങളില്‍ എല്ലാ മതവിഭാഗത്തിലുള്ളവരും വിശ്വസിക്കുന്നു.സ്വപ്‌നങ്ങള്‍ പല സന്ദേശങ്ങള്‍ തരുന്നു. സൂര്യനെ സ്വപ്‌നം കാണുന്നത്‌ നേട്ടമുണ്ടാകുന്നതിന്റെ സൂചനയാണ്‌. ആധുനിക രീതിയില്‍ നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ധാരണയാണ്‌ നല്‍കുന്നത്‌. സൂര്യോദയം ഉയര്‍ച്ചയും അസ്‌തമയം മറിച്ചും ആണ്‌ ഫലം നല്‍കുന്നത്‌.കുതിരയെ സ്വപ്‌നം കാണുന്നത്‌ നല്ലതാണ്‌. സഞ്ചാരവുമായി ബന്ധപ്പെട്ടും കുതിരയെപ്പോലെയുള്ള ശക്‌തിയെ സൂചിപ്പിക്കുന്നതും ആണ്‌. സിംഹവുമായി ഏറ്റുമുട്ടുന്നതും പരിക്കില്ലാതെ രക്ഷപ്പെടുന്നതും കണ്ടാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്നും കരകയറുമെന്നാണ്‌. എന്നാല്‍ എലിയെക്കാണുന്നത്‌ ഗണപതിയെ സൂചിപ്പിക്കാനുമാകാം. കുടുംബാംഗങ്ങളുമായുള്ള ഭിന്നതയെയോ, സുഹൃത്തുക്കളുമായുള്ള കലഹമോ ആകാം.സ്വപ്‌നങ്ങളെ സ്വര്‍ഗ്ഗകുമാരികളായാണ്‌ കവി വര്‍ണ്ണിച്ചിരിക്കുന്നത്‌. സ്‌ത്രീകളുമായി ലൈംഗികബന്ധം സ്വപ്‌നം കാണുന്നത്‌ യാഥാര്‍ത്ഥ്യമാണെന്നും അത്‌ ഏതോ യക്ഷിയായിരുന്നുവെന്നും പലരും ഇന്നും കരുതുന്നു. സത്യത്തില്‍ അത്‌ യക്ഷിയും പ്രേതവുമല്ല. ആരോഗ്യത്തിന്റെ സൂചനയാണത്‌.സ്വപ്‌നവ്യാഖ്യാനത്തിന്റെ ധാരാളം പുസ്‌തകങ്ങള്‍ ഇന്ന്‌ ലഭ്യമാണ്‌. ആധുനികമനഃശാസ്‌ത്രത്തിന്റെ പിതാവായ ഫ്രോയിഡിന്റെ പഠനങ്ങളും അതില്‍ ഉള്‍പ്പെടുന്നു. അറബിക്‌ സ്വപ്‌നഫലങ്ങളും പാശ്‌ചാത്യവിശ്വാസങ്ങളും ഒക്കെയുണ്ട്‌. സ്വപ്‌നങ്ങള്‍ക്കായി ഒരു ഡിക്ഷണറിയും ഉണ്ട്‌.

No comments:

Post a Comment